അച്ഛന്റെ ജോലിയില്‍ ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റങ്ങളില്‍ ഒന്ന്. അമ്മയും ഞാനും അനിയനും പിന്നെ കുറെ കാര്‍ഡുബോര്‍ഡ് പെട്ടികളും. ഒരാഴ്ച മുന്നേ അമ്മ പരാതിയും പരിഭവങ്ങളും തുടങ്ങി. അച്ഛന് നിസ്സഹായനായി നോക്കിനില്ക്കും. അമ്മ മടുക്കുമ്പോള്‍ എല്ലാം നിര്‍ത്തി പാക്കിംഗ് തുടര്‍ന്നോളും. എനിക്ക് പക്ഷെ സങ്കടമാണ്. എനിക്കെവിടെയും കൂട്ടുകാരില്ല. അനിയന് നാല് വയസ്സിനിളയതാണ്. എപ്പോഴും അമ്മയോട് വഴക്കിട്ടു കരഞ്ഞ് നിലവിളിക്കും.
ഒരു കാറും പുറകെയൊരു മിനി ലോറിയും. ഞങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള യാത്രകള്‍ പതിവാണ്. ഇത്തവണയും ഒരു വീടിന്റെ മുന്നില്‍ ചെന്നിറങ്ങിയിട്ട് അച്ഛന് എന്നോട് ചോദിച്ചു.
“എങ്ങനെയുണ്ട് മോളേ നമ്മളുടെ പുതിയ വീട്?”
അമ്മയുടെ കളിയാക്കല്‍ പുറകെ വരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു..
“എനിക്കിഷ്ടായി അച്ഛാ.. പഴയ വീടിനേക്കാള്‍ നല്ലതാ”
എപ്പോഴും അച്ഛനെയും അമ്മയെയും ഇങ്ങനെ ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നതില്‍ ഞാന്‍ സ്വയമേ അഭിമാനിക്കാറുണ്ട്.
അടുത്ത ദിവസം. പുതിയ സ്കൂള്‍. ..
ഇത്തവണ ഒരു വലിയ ആശ്വാസം അമ്മയ്ക്കാണ്. സ്കൂള്‍ അടുത്താണ്. എങ്കിലും ഓട്ടോറിക്ഷ ഏര്‍പ്പാടാക്കണം എന്നാണ് വാശി. അച്ഛന് ഒരു ബജാജ് ചേതക് സ്കൂട്ടര്‍ ഉണ്ട്. അതിലായിരുന്നു പഴയ സ്കൂളിലേക്ക് പോയിരുന്നത്. എന്തു രസമാണെന്നോ.. പുറകിലിരുന്ന് അച്ഛന്റെ ഷര്‍ട്ടില്‍ ഇറുകെപ്പിടിചിരിക്കും. സ്പീട്കൂടുമ്പോള്‍ കണ്ണടച്ച് ചിരിക്കും. അനിയന് മുന്പില് നില്ക്കുന്നുണ്ടാവും. ഭാവം കണ്ടാല്‍ തോന്നും അവനാണ് സ്കൂട്ടര്‍ ഓടിക്കുന്നതെന്ന്. വല്യമ്മ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ മഞ്ഞ ഫ്രെയിമുള്ള ഒരു കുട്ടി കൂളിംഗ്ഗ്ലാസ് അവനു കൊടുത്തു. അത് കിട്ടിയതില്പിന്നെ ആശാന് സ്കൂളില്‍ പോവാന്‍ വല്യ ആത്മാര്‍ത്ഥതയാണ്.
ഇത്തവണ ഞങ്ങള്‍ക്ക് ഓട്ടോറിക്ഷ!
ഹും.. സാരമില്ല. മഞ്ഞ കൂളിംഗ് ഗ്ലാസ് ഓട്ടോയിലും വയ്ക്കാല്ലോ. അവനു വലിയ നിരാശയൊന്നും കണ്ടില്ല. എനിക്ക് പക്ഷെ പുതിയ സ്കൂള്‍ എന്നും ഒരു പേടിസ്വപ്നമാണ്.ഒപ്പം പഠിക്കുന്നവരുടെ.. ”എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ” എന്നമട്ടിലുള്ള മുഖഭാവം. പോരാത്തതിന് ഇടയ്ക്ക് ചെന്നു ചേരുന്നതുകൊണ്ട് ക്ലാസ്സില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥലമാവും എനിക്ക് കിട്ടുക.
അങ്ങനെ ഇത്തവണയും ഞങ്ങള്‍ എത്തി.
അച്ഛന്റെ കൂടെ ആദ്യദിവസം ചെന്നിറങ്ങുക ഹിന്ദി സിനിമയിലെ നായകന്മാരെ പോലെയാണ്. കാലെടുത്തു വയ്ക്കുന്നത് മുതല്‍ സംഭവബഹുലമാണ് ദിവസങ്ങള്‍.
ഇനി എന്‍ട്രി.
ആദ്യം വണ്ടിയില്‍ ഇരുന്നുതന്നെ പുറത്തേക്കു നോക്കും.
”ആഹാ.. വലിയ സ്കൂള്‍ ആണല്ലോ!”.. മനസ്സില്‍ പറയും.
പിന്നെ അടുത്തിരിക്കുന്ന അനിയനെ നോക്കും. അവന് മിക്കവാറും വാ തുറന്ന്, ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കിയിരിപ്പുണ്ടാവും. അവന്റെ കുഞ്ഞുവായടപ്പിച്ച് ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങും.
slow motion:)!
ആദ്യം എന്റെ നീലക്കളര്‍ കാലന്‍കുട നിലത്ത് കുത്തിനിര്‍ത്തും. പിന്നെ എന്റെ പുതിയ പച്ചക്കളര്‍ ഷൂസിട്ട കാല്. അങ്ങനെ ഞാന്‍ പുറത്തു വരും. അനിയന് അവിടെത്തന്നെ ഇരിക്കും. അച്ഛന് അവന്റെ മഞ്ഞ കൂളിംഗ്ഗ്ലാസൂരി കൈയില്‍ കൊടുത്തു അവനെ പുറത്തിറക്കും.
കുഴപ്പമില്ല.
അല്ല!! കുഴപ്പമുണ്ട്.. ഞാന്‍ യുണിഫോം അല്ല ഇട്ടിരിക്കുന്നത്. അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ, നല്ല തിളങ്ങുന്ന ചുവപ്പ് ഫ്രോക്ക്. ഷൂസിന്റെ നിറത്തിനു ചേര്‍ന്ന മുത്തുമാലയും കമ്മലും.
ശ്ശൊ.. ഈ അമ്മേടെ ഒരു കാര്യം!!
മുഖത്തേക്കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യ. വാലിട്ടു കണ്ണെഴുതി വട്ടപ്പോട്ടും തൊടീച്ചെ വിടൂ.
ശ്ശൊ അമ്മേനെക്കൊണ്ട് തോറ്റു!!
ഹെട്മിസ്ട്രെസ്സിന്റെ റൂമില്‍ രണ്ടു ടീച്ചേഴ്സ് വന്നു, ഞങ്ങളെ കൊണ്ടുപോകാന്‍. ജയില്‍പ്പുള്ളികളെപ്പോലെയാണ് ഞങ്ങള്‍ ക്ലാസ്സിലേക്ക് പോവുക. ടീച്ചര്‍ ആദ്യം കൊണ്ടുപോയി ഫസ്റ്റ്ബെഞ്ചില്‍ ഇരുത്തും. അപ്പൊത്തന്നെ അവിടിരിക്കുന്ന കുട്ടി യുദ്ധം പ്രഖ്യാപിക്കും. ടീച്ചര്‍ പോയ ഉടനേ പറയും..
”ഇതെന്റെ സീറ്റാ”.
ഹും.. ഞാന്‍ പതിയെ അവിടെ എഴുന്നേറ്റു നില്ക്കും. എന്നിട്ട് ക്ലാസ്റൂം മൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്യും. ബെഞ്ചുകളിലേക്കല്ല നോക്കുന്നത്. അതിന്റെ മേലിരിക്കുന്ന രാജാക്കന്മാരുടെയും റാണിമാരുടെയും മുഖങ്ങളിലേക്ക്. ഏതെങ്കിലും ഒരാള്‍ ഇത്തിരി കനിവോടെ നോക്കിയാല്‍ ഒന്ന് വട്ടം കറങ്ങി അവസാനം അവിടെ പോയിരിക്കും.അതാണ് എന്റെയൊരു സ്ഥിരം രീതി.ഇത്തവണ പക്ഷെ അങ്ങനെയൊരു മുഖവും കണ്ടില്ല.
അല്ലെങ്കില്‍ത്തന്നെ ഈ ചുവന്ന ഉടുപ്പിട്ട് വന്നാലേ ഇങ്ങനെയാ!! ഒന്നും ശരിയാവത്തില്ല..!!
പക്ഷേ ലാസ്റ്റ്ബെഞ്ച് അങ്ങേയറ്റം ഒഴിഞ്ഞു കിടക്കുന്നു.
ഹോ!! രക്ഷപെട്ടു!
അങ്ങനെ ഫസ്റ്റ് പിരീഡ് തുടങ്ങി. ടീച്ചര്‍ എന്നെ എല്ലാവര്ക്കും പരിചയപ്പെടുത്തി.
”എന്റെ പേര് കവിത.എസ്,നായര്‍”.. എന്ന് തുടങ്ങി..ഞാനൊരു കിടിലന്‍ രണ്ടു മിനിറ്റ് പ്രസംഗം നടത്തി. എന്നിട്ട് നേരെ പോയി എന്റെ സീറ്റിലിരുന്നു. ഇടയ്ക്കിടെ ഞാന്‍ അനിയനെപ്പറ്റി ആലോചിച്ചു. ഈശ്വരാ അവന്റെ കൂളിംഗ് ഗ്ലാസ് ആരേലും തൊട്ടാല്‍ ആ കുട്ടീടെ കാര്യം എന്താവുമോ എന്തോ..!!
കുറേനേരം കഴിഞ്ഞു .. പുറത്തുനിന്ന് പെട്ടെന്നൊരു വിളി ..
”ടീച്ചര്‍..”
കറുത്തിരുണ്ട് മെലിഞ്ഞ ഒരു പെണ്‍കുട്ടി.. നെറ്റിയിലും കഴുത്തിലും വിയര്‍പ്പുതുള്ളികള്‍..
”ആഹാ ഇന്നെന്താ ഇത്ര നേരത്തേ..?” ടീച്ചര്‍ ചോദിച്ചു.
അവള് ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. .ബെല്ലടിക്കുന്നത് വരെ.
ടീച്ചര്‍ പോയതിനു ശേഷം ധൃതിയില്‍ അകത്തുകയറി.. നേരെ എന്റെ അടുത്തുവന്നു നിന്നു.
”സീറ്റ് പോയി..”!! ഞാന്‍ മനസ്സിലോര്‍ത്തു.
ഞാന്‍ മുന്പിലിരിക്കുന്ന പുസ്തകങ്ങള്‍ പെറുക്കിയെടുക്കുന്നതിന് മുന്‍പേ അവള് ബെഞ്ചിന്റെ ഒരു വശം കൈകൊണ്ടു തൂത്തുവൃത്തിയാക്കി അവിടെ ഇരുന്നു. എന്നിട്ട് എന്നെ നോക്കി മൃദുവായി ചിരിച്ചു. അതുവരെ ആരും ചിരിക്കാത്തതുകൊണ്ടാവും എനിക്കു വലിയ സന്തോഷം തോന്നി.. ചിരിയുടെ കൂടെ കുട്ടീടെ പേരെന്താ എന്നുകൂടെ ഞാനങ്ങു ചോദിച്ചു.
”മണിക്കുട്ടി..”
എന്റെ പേരിപ്പം ചോദിക്കുമായിരിക്കും എന്ന മട്ടില്‍ ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. മണിക്കുട്ടി ബാഗ് തുറന്നു. ആഹാ എന്താ നല്ല മണം.. ബാഗിനു പുറത്തെ കള്ളിയില്‍ നിന്നും നാലഞ്ചു കുഞ്ഞുപൂക്കളെടുത്തു ഡസ്കിന്റെ പുറത്തുവച്ചു.
ഈ പൂ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ… ചോദിച്ചുകളയാം..
”ഇതേതാ ഈ പൂവ്?”
”ഇലഞ്ഞി… സ്കൂളിന്റെ മുന്പില് നില്ക്കുന്ന വല്യ മരമില്ലേ.. അതിന്റെ ചോട്ടീന്നാ..”. അവള് പറഞ്ഞു.
ഇനിയുള്ള കഥയില്‍ മണിക്കുട്ടിയും അവള് അന്നുനീക്കിവച്ച ഇലഞ്ഞിപ്പൂക്കളും മാത്രേ ഉള്ളൂ. രണ്ടു വര്‍ഷം നീണ്ട സൗഹൃദം. അവളുടെ അമ്മ ഇടയ്ക്കിടെ വയ്യാതെ ആശുപത്രിയിലാവും. അച്ഛന് ദൂരെയെവിടെയോ ജോലിക്ക് പോയിരിക്കുവാണ്. അമ്മയുടെ വീട്ടില്‍ നിന്നാണ് മണിക്കുട്ടി സ്കൂളില്‍ വരുന്നത്. ഒത്തിരി സങ്കടങ്ങള്‍ ഉണ്ടായിട്ടും മണിക്കുട്ടി നിറയെ ചിരിക്കുമായിരുന്നു. പതിയെപ്പതിയെ അവളുടെ ചിരി മാഞ്ഞു. പിന്നീട് കുറെ നാള് സ്കൂളില്‍ വന്നില്ല. പിന്നെ ഞാനവളെ കണ്ടത് പരീക്ഷയെഴുതാന്‍ വന്നപ്പോഴാണ്. ഞാനൊന്നും ചോദിച്ചില്ല. ക്ലാസ്സില്‍ എല്ലാവരും പറഞ്ഞു അവളുടെ അമ്മ മരിച്ചു പോയെന്ന്.
വലിയ അവധിക്ക് സ്കൂള്‍ അടച്ച ദിവസം അച്ഛന്റെ വീട്ടിലേക്കു പോകുവാണെന്നു മണിക്കുട്ടി എന്നോട് പറഞ്ഞു. സ്കൂള്‍ തുറന്ന ദിവസം ഞാന്‍ അവളെ നോക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൂടെ ഉണ്ടായിരുന്ന കുറെ കൂട്ടുകാരോക്കെ ഈ വര്‍ഷവും ഒരേ ക്ലാസ്സിലുണ്ട്. ഇന്റര്‍വെല്‍ സമയത്ത് എല്ലാ ഡിവിഷനിലും പോയി നോക്കി. മണിക്കുട്ടിയില്ല. ഉച്ചയ്ക്ക് സ്റ്റാഫ് റൂമിന്റെ മുന്നില്‍ വട്ടം തിരിഞ്ഞുനില്‍ക്കുന്ന എന്നെക്കണ്ട് ഗ്രേസി ടീച്ചര്‍ അകത്തേക്ക് വിളിപ്പിച്ചു.
”എന്താ കവിതക്കുട്ടി..” ടീച്ചര്‍ സ്നേഹത്തോടെ ചോദിച്ചു.
”ടീച്ചര്‍.. മണിക്കുട്ടി ഏതു ക്ലാസ്സിലാ..”
എന്നെ ചേര്‍ത്തുപിടിച്ച് ഗ്രേസി ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു.. മണിക്കുട്ടി വേറെ സ്കൂളിലേക്ക് പോയത്രേ. അച്ഛന്റെ നാട്ടില്‍.
ഞാന്‍ തിരികെ ക്ലാസ്സില്‍ വന്നിരുന്നു. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്.. കളിയും ചിരിയുമാണ്. എനിക്കു വിശക്കുന്നില്ല. ഇത്തവണ ഞാന്‍ ഫസ്റ്റ് ബെഞ്ചിലാണ്. അന്നുരാവിലെ നേരത്തെതന്നെ വന്ന് എനിക്കും മണിക്കുട്ടിക്കും സീറ്റുപിടിചിട്ടിരുന്നു ഞാന്‍. എന്റെ കണ്ണുകള്‍ പതിയെ നിറഞ്ഞു വന്നു. സങ്കടവും ദേഷ്യവും നിറഞ്ഞൊഴുകി.
പിറ്റേ ദിവസം രാവിലെ സ്കൂള്‍ ഗേറ്റ് കടന്നപ്പോള്‍ ഒരു നിമിഷം നിന്നിട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്റെ കുഞ്ഞുമനസ്സില്‍ വലിയ ആശ്വാസം!
ബെല്ലടിച്ചു. ക്ലാസ്സുതുടങ്ങിയപ്പോള്‍ ഞാനെന്റെ ബാഗ് തുറന്നു. ഒരുപിടി ഇലഞ്ഞിപ്പൂക്കള്‍ എന്നെ നോക്കി ചിരിച്ചു.
hi kavitha, after a long time… good one as usual.. 🙂
and did u meet her after that..?
thanks..:) i wish i cud meet her..
mmmm
കവിതേ, സത്യം പറയാമല്ലോ ഇന്നലെ ഞാന്‍ മനസ്സില്‍ കരുതിയാതെ ഉള്ളു കുറച്ചേറെ നാളായല്ലോ ബ്ലോഗില്‍ കണ്ടിട്ടെന്നു.പക്ഷെ എന്ത് ചെയ്യാം,പണ്ട് ഞാന്‍ പറഞ്ഞത് വീണ്ടും പറയുകയാ…..
ബ്ലോഗിന്റെ കാര്യം ചോദിക്കാന്‍ ഞാന്‍ കവിതയുടെ ഫ്രണ്ട് അല്ലല്ലോ 😦
പിന്നെ,ഇത് ഒത്തിരി നന്നായിരിക്കുന്നു. ഇലഞ്ഞി അത്തര്‍ പോലെ നല്ല സുഗന്ധമുള്ള ഒന്ന്. വാചകങ്ങള്‍ക്ക് ഓരോഴുക്കുണ്ട്… നല്ല വായനാനുഭവം.
തുടര്‍ന്നും എഴുതുക.എല്ലാ ഭാവുകങ്ങളും.
സന്തോഷം:)
Hi Kavith nair nice Work Keep Writing Thank you
thanks..
Nalla ormakal….
may the godbless u to meet manikutty
🙂
Well Kavitha. it is a nice one. All of us having some kind of face in our past. Now we are seeking that face in every crowed. Unfortunately we cannot recognizance that face.
After reading this blog got a nice feeling. Your god will help you to meet that girl.
thanks fr the visit and wishes:)
Good read kavitha 🙂
ഇത് സുപ്പര്‍ ……..! ഒരു പാട് ഇഷ്ട്ടപെട്ടു ….. ! നന്ദി 🙂
You are welcome! Thanks fr the time!
thank u:)
🙂
മണികുട്ടി വെല്ലാതെ അങ്ങ് വേദനിപിച്ചു
ഇനിയും കണ്ടു മുട്ടട്ടെ ആ ബാല്യകാല സഖിയെ