Posted in Malayalam Stories, people, Short Stories

ഇമ്മിണി ബല്യ പ്രാണന്‍

നേരം പരപരാന്ന് വെളുത്തുവരുന്നു.. ചാണകം മെഴുകിയ ചായ്പ്പിന്റെ ഒരു മൂലയില്‍, കീറിപ്പറിഞ്ഞ ഒരു കരിമ്പടത്തിനടിയിയില്‍ നിന്നും ഒരു കുഞ്ഞു പാദം പുറത്തേക്ക് വന്നു. ചെറിയ ഞരങ്ങലോടെ,അതിനേക്കാള്‍ പതുക്കെ അതേ കുഞ്ഞു വിരലുകള്‍ അകത്തേക്ക് വലിഞ്ഞു. കുറേക്കഴിഞ്ഞ് അടുത്തുള്ള ഏതോ അമ്പലത്തില്‍ പാട്ടുണര്‍ന്നു. സുപ്രഭാതം.കറുത്ത കരിമ്പടത്തിന്‍റെ ചൂടുപറ്റിക്കിടന്നിരുന്ന കുഞ്ഞു മിഴികള്‍ മെല്ലെ തുറന്നു. ഓട്ടകള്‍ക്കിടയിലൂടെ മുന്നില്‍ കാണുന്ന പാടത്തിനു മുകളില്‍ മഞ്ഞുകെട്ടിക്കിടന്നു.
കുളിര്കോരിയിട്ടു.. കണ്ണടച്ചു ദേഹം ചുരുട്ടിയൊതുക്കി.. മിന്നല് പോലെ ഒരു വേദന.

”അമ്മേ…!!!”

തണുപ്പ് കുറഞ്ഞു.. അമ്മ വന്നില്ലെങ്കിലും മുടങ്ങാതെ വരുന്ന ചൂര്യന്‍ വന്നു.. കരിമ്പടം പതിയെ കൈകൊണ്ടുമാറ്റിയിടണം, പക്ഷെ പറ്റില്ല. കുഞ്ഞിക്കണ്ണുകള്‍ ആരെയോ നോക്കി കരിമ്പടത്തിനുള്ളില്‍ കിടന്നു. എന്നും ഇതേ സമയത്ത് മുറ്റത്തൂടെ ക്ടാവിനെയും കൊണ്ട് പോകുന്ന അപ്പൂപ്പന്‍.. വെള്ളക്കൊക്കുകള്‍ അത്രയും വന്നു പോയിട്ടും ഇതേ വരെ വന്നിട്ടില്ല. കണ്ണുകള്‍ രണ്ടും അതേ കോണിലേക്ക് ഉറപ്പിച്ചുനിര്‍ത്തി.

അകത്ത് എന്തോ താഴെ വീണു. കുഞ്ഞിക്കണ്ണുകള്‍ക്ക് സര്‍വ്വപ്രതീക്ഷയും നഷ്ടപ്പെട്ടപോലെ. ഓലകൊണ്ടുള്ള വാതില്‍ മാറ്റി ഒരു രൂപം പുറത്തിറങ്ങി. ബീഡിയും വലിച്ചു കാര്‍ക്കിച്ചുതുപ്പി അയാള്‍ കൊച്ചുതൂണില്‍ ചാരി നിന്നു.

ഒന്ന് പോയിരുന്നെങ്കില്‍..
ഇല്ല.. പകരം അതേ കാലുകള്‍ നടന്നടുത്തു വന്നു.
ശ്വാസം അടക്കിപ്പിടിച്ച്..
”ബ്ഫൂ.. നാശം.. നാറീട്ട് വയ്യ.!!”
പിന്നെയൊരു നിമിഷം.. കരിമ്പടം പറിച്ചെടുത്തുമാറ്റി ഒരേറ് കൊടുത്തു അയാള്‍. തിരിഞ്ഞുകൂടെ നോക്കാതെ ലുങ്കി മടക്കിക്കുത്തി ഇറങ്ങി.

കുഞ്ഞിക്കണ്ണുകള്‍.

ഞാന്‍ പെണ്‍കുട്ടിയാണ്.. ദേഹം നിറയെ കരപ്പന്‍. അങ്ങിങ്ങായി എല്ലായിടവും പൊട്ടിയൊലിക്കുന്നു. ഓര്‍മ്മയുള്ളപ്പോള്‍ മുതല്‍ ഞാനീ ചായ്പ്പിന്റെ മൂലയിലാണ്. അസുഖം മാറി കുറെ നാള്‍ മുന്‍പ് മുറ്റത്തു കളിച്ചിട്ടുണ്ട്. പിന്നേം കിടപ്പിലായി. ആദ്യമൊക്കെ അമ്മ കഷായം കൊണ്ട്ക്കൊടുത്തിരുന്നു. ഇപ്പൊ ആരെയും കാണാറില്ല. ഒരീസം അപ്പൂപ്പന്‍ പറഞ്ഞിരുന്നു.. അമ്മ ഒരു കുഞ്ഞനിയനേം കൊണ്ട് വരുംന്ന്. ചിലപ്പോ എന്‍റെ ദീനം കാരണം ഇങ്ങു വരാത്തതാവോ.. അറിയില്ലാ..

ഇപ്പൊ സംസാരിക്കാനോ കരയാനോ പറ്റില്ല.. വേദന. വിശപ്പുണ്ടാരുന്നു.. അപ്പൊ കരയുവാരുന്നു.. പിന്നെ പിന്നെ.. വേദന കൂടി. കരച്ചില്‍ കുറഞ്ഞു. കുഞ്ഞിക്കണ്ണുകള്‍ മാത്രം നടക്കും.. മുന്നിലുള്ള പാടത്തും.. ആകാശത്തും.. രാത്രി വരെ. മൂന്നു ദിവസം മുന്നേ ക്ടാവിനെ കെട്ടാന്‍ കൊണ്ടോന്നപ്പോ ചൂടുവെള്ളത്തില്‍ തുണിമുക്കി അപ്പൂപ്പന്‍ ദേഹം തുടച്ചുതന്നു. ശബ്ദമില്ലാതെ കരഞ്ഞു..

ഏറ്റവും പേടി എന്നെത്തിന്നാന്‍ വരുന്ന ഉറുമ്പുകളെയാ. ആദ്യമൊക്കെ നീക്കിനീക്കി വിടുമാരുന്നു. ഇപ്പൊ തോന്നാറില്ല. ഉറുമ്പുകള്‍ക്ക് എന്നെ വേണം.. തേടി വരും.. മുടങ്ങാതെ. എന്റെ ദേഹത്തെ പൊറ്റനൊക്കെ പറുക്കിയെടുത്ത് വരിവരിയായി പോയ്ക്കോളും . ഒരിക്കല്‍ കണ്‍പോളകളിലൂടെ ഉറുമ്പുകള്‍ കയറി.. എന്തോ പോലെ. തലകുലുക്കിയിട്ടും താഴെ പോണില്ല. കടിച്ചു.. ശ്വാസംമുട്ടി അലറി. അവറ്റകള്‍ പോയില്ല. പിടിച്ചുതൂങ്ങിക്കിടന്നു. അന്നുമുതല്‍ എനിക്ക് വേദനയില്ല. ഉറുമ്പുകള്‍ക്കും പ്രാണന്‍ ഉണ്ടെന്നാ അപ്പൂപ്പന്‍ പറയുന്നേ. എന്നെപ്പോലെ അവറ്റകള്‍ക്കും വേദനയുണ്ട്. വിശപ്പുണ്ട്.Image

രണ്ടു ദിവസമായി കണ്ണുതുറക്കാന്‍ വയ്യ. പേടിയുണ്ട്.. കാരണം നാളെ മുതല്‍ എനിക്കൊന്നും കാണാന്‍ പറ്റില്ല. ഉറുമ്പുകളെയും. എന്റെത് ഇമ്മിണി ബല്യ പ്രാണന്‍ ആയകൊണ്ടാണ് ഇത്ര നാളും ഞാന്‍ കണ്ണുതുറന്നിരുന്നത്.

കുഞ്ഞിക്കണ്ണുകള്‍ മെല്ലെയടഞ്ഞു.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

21 thoughts on “ഇമ്മിണി ബല്യ പ്രാണന്‍

 1. Wow!! Fantastically written, Kavitha. യാഥാര്‍ത്ഥ്യം എന്നത് ഒരുപക്ഷേ പലര്‍ക്കും കാഠിന്യം നിറഞ്ഞതായിരിക്കാം. എന്ത് തന്നെ ആയാലും ജീവിതം എന്ന് പറയുന്നത് അത്തരം യാതാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്നതല്ലേ? വളരെ നന്നായിട്ടുണ്ട്. ശുഭദിനം. 🙂

  രാഹുല്‍

 2. ഈ പോസ്റ്റ്‌നു നേരിട്ടുള്ള ഒരു അഭിപ്രായം അല്ലാന്നു അറിയാം. ക്ഷമിക്കു ചേച്ചി 🙂 ഇന്നാണ് ഞാൻ YouTube-il സുര്യ ടി വി ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ഓണം പരിപാടി കണ്ടത്. ചേച്ചി ക്ഷീണിച്ചോ?

 3. ഈ പോസ്റ്റ്‌നു നേരിട്ടുള്ള ഒരു അഭിപ്രായം അല്ലാന്നു അറിയാം. ക്ഷമിക്കു ചേച്ചി 🙂 ഇന്നാണ് ഞാൻ YouTube il സുര്യ ടി വി ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ഓണം പരിപാടി കണ്ടത്. ചേച്ചി ക്ഷീണിച്ചോ?

 4. കഥ വായിച്ചു കൊണ്ടിരിക്കേ കണ്ണുകൾ നിറഞ്ഞോ എന്ന് ഒരു സംശയം, അല്ല, നിറഞ്ഞിട്ടുണ്ട്‌.. കഥയെന്നും പറയാൻ പറ്റില്ല.. പലരും പലയിടങ്ങളിലായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ.. എഴുതുമ്പോൾ മനസ്സ് പിടഞ്ഞിരുന്നോ? വായിക്കുമ്പോൾ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..

 5. ഇത് വായിച്ചപ്പോൾ ശരിക്കും ചങ്കിനകത്ത്‌ തടസ്സം അനുഭവിച്ചു. ജീവിതത്തിൻറെ വളരെ ദയനീയമായ മുഖം വാക്കുകളിലൂടെ മനസ്സിലെത്തിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ
  സ്നേഹപൂർവ്വം…….
  വെൻസൂര്യൻ
  http://www.vensuryanblogspot.com

 6. ചേച്ചി ഇന്നാ ഈ കുറിപ്പ് വായിക്കുന്നേ ശെരിക്കും പച്ചയായ യാഥാർഥ്യംഎത്രയോ കുട്ടികൾ ഇതനുഭവിക്കുന്നുണ്ടാകും

Leave a Reply to kavitha nair Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s