Posted in Malayalam Stories, people, places, Short Stories

നിശയിലെ കരിനീലനാമ്പുകള്‍

12400500864_a8609fbec1_z

വീടിന്‍റെ പടിഞ്ഞാറേ തൊടിയില്‍ ഇളകിയാടുന്ന മുരിങ്ങ കണക്കെ തനിക്ക് മുന്നില്‍നിന്നും നിസംഗതയോടെ ഗേറ്റുകടന്ന്‍ ആടിയാടി നടന്നകലുന്ന അനിയനെ നോക്കിയിട്ട് അഭിലാഷ് അയാളുടെ കിടപ്പുമുറിയിലേക്ക് പോയി. രാധിക മൂന്നുവയസ്സ് മാത്രം പ്രായമുള്ള അവരുടെ മകള്‍ക്ക് ഇംഗ്ലീഷ് നഴ്സറി പദ്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്നുണ്ടായിരുന്നു. അഭിലാഷ് കതകടച്ചതും കുട്ടി മെത്തയില്‍ എഴുന്നേറ്റ് അച്ഛനെ നോക്കി നിന്നു.

“ഉപദേശിച്ചു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അഭീ..” ഭര്‍ത്താവിന്റെ മുഖത്തെ നിസ്സഹായത മനസിലാക്കി രാധിക പറഞ്ഞു.

“അമ്മയെ ഓര്‍ത്തുമാത്രേ ഞാന്‍ വിഷമിക്കുന്നുള്ളൂ. എല്ലാം സഹിക്കുന്നത് അവരാണ്. അച്ഛനുള്ളപ്പോള്‍ അമ്മയെ കരഞ്ഞു കണ്ടിട്ടില്ല ഞാന്‍.” അഭിലാഷിന്റെ ശബ്ദമിടറി.

“ഇത്തവണയെങ്കിലും മനസമാധാനത്തോടെ തിരിച്ചുപോകാമെന്ന് കരുതിയിരുന്നു. ഇതിപ്പോ എത്രാമത്തെ ജോലിയാ ഇങ്ങനെ നശിപ്പിക്കുന്നത്. ക്ഷമയില്ല.. കൂടെ മദ്യവും മുന്‍കോപവും. അവന്‍ രക്ഷപെടില്ല രാധികാ..”

“ഒന്നുകൂടി റീഹാബിലിറ്റെഷന്‍ നോക്കിയാലോ? ആനന്ദ് കൃത്യമായി മെഡിസിന്‍ കഴിച്ചിരുന്നേല്‍ ശരിയായേനെ.”

“ഇല്ലടോ..രണ്ടു തവണ പോയിട്ട് ഒരാഴ്ച കൂടെ അവനവിടെ നിന്നിട്ടില്ല. പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞ സ്ഥിതിക്ക് ഇനിയത് വേണ്ട. ഇവിടുണ്ടെല്‍ അമ്മയ്ക്ക് സമാധാനമുണ്ടാവും, ഇടയ്ക്ക് വിഷമിച്ചാലും രാത്രി കൂട്ടുണ്ടാവും അമ്മയ്ക്ക്. എല്ലാ ദിവസവും ആധിപിടിച്ച് കഴിയുന്നതിലും ഭേദം അതാണ്‌. അവനു തോന്നുമ്പോള്‍ തോന്നുന്ന ജോലിക്ക് പോട്ടെ. വയ്യെങ്കില്‍ നശിച്ചു തുലയട്ടെ” കൈയിലിരുന്ന പത്രം മേശയിലേക്ക്‌ വച്ച് അയാള്‍ മകളെ വാരിയെടുത്തു.

“അച്ഛന്റെ കുട്ടൂസെവിടെ…” ചുമലില്‍ പറ്റിചേര്‍ന്ന് മീനുക്കുട്ടി ചിരിച്ചു

പിറ്റേ ആഴ്ച ഭാര്യയുടെ വീട്ടില്‍ നിന്നും വന്നു കയറവേ സ്വീകരണ മുറിയില്‍ അനിയനോപ്പം പുതിയൊരു മുഖം കണ്ട് അഭിലാഷ് നിന്നു.  അമ്മ വിളിച്ചു പറഞ്ഞപ്പോഴും വിശ്വസിച്ചിരുന്നില്ല.  ഏട്ടനോട് ഒന്നിവിടം വരെ വരണം, അത്യാവിശ്യമാണ് എന്നൊക്കെ കേട്ടപ്പോള്‍.. പഴയത് പോലെ കുടിച്ചു വന്ന്‌ കരഞ്ഞു കാലുപിടിക്കാനും, മാപ്പ് പറഞ്ഞ് അടുത്ത ജോലി തരപ്പെടുത്തിയെടുക്കാനുമുള്ള പദ്ധതിയെന്നേ തോന്നിയുള്ളൂ.

ഇതിപ്പോള്‍ സംഗതി വേറെയാണ്.

പോര്‍ട്ടിക്കോവില്‍ ഇരുണ്ട മുഖവും കലങ്ങിയ കണ്ണുകളുമായി അമ്മയുണ്ട്. ആനന്ദ് ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു.  തൊട്ടപ്പുറത്ത് ജീന്‍സും ടോപ്പ്‌മണിഞ്ഞു ചെമ്പന്‍ മുടിയും ചുവന്ന ചുണ്ടുകളുമായി ഒരു പെണ്‍കുട്ടിയും.

ആനന്ദ് ഏട്ടനെക്കണ്ടതും എഴുന്നേറ്റു.  അമ്മ ദയനീയമായി മൂത്ത മകനെ നോക്കി.

“ഏട്ടാ.. ഇത്.. ജെനി.” സൌമ്യമായ ചിരിയോടെ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആനന്ദ് പരിചയപ്പെടുത്തി.

എല്ലാവരും ഇരുന്നു.. അമ്മയൊഴികെ.

“മനസിലായില്ല..” അഭിലാഷ് പെണ്‍കുട്ടിയോട് ചോദിച്ചു

“അവള്‍ക്കു മലയാളം അറിയില്ല..”

“പിന്നെ..?” അഭിലാഷ് അനിയനെ രൂക്ഷമായി നോക്കി

“ഗോവക്കാരിയാണ്..  എന്റെ കൂടെ അവിടെ ഹോട്ടലില്‍ ജോലിചെയ്തിരുന്നു. ഏട്ടനേയും അമ്മയെയും പരിചയപ്പെടാന്‍ വന്നതാണ്.”

“എന്തിന്..” അഭിലാഷിന്‍റെ ശബ്ദത്തിനു ദേഷ്യമില്ല..

“ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു” ഏട്ടന്‍റെ മുഖത്ത് നോക്കാതെ ആനന്ദ് പറഞ്ഞു

അഭിലാഷ് അമ്മയെ നോക്കി..  വിങ്ങലോടെ മുണ്ടിന്‍റെ ഒരറ്റം കൊണ്ട് മൂക്ക് തുടച്ച്, തുളുമ്പുന്ന കണ്ണുകളുമായി അവര്‍ നിന്നു.

“ഒരു കുടുംബം നോക്കാനുള്ള പ്രായമൊക്കെയായി നിനക്ക്, നീ വിവാഹം കഴിക്കുന്നതിലും ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല.  പക്ഷെ എല്ലാദിവസവും മദ്യപിച്ച്, എവിടെയും സ്ഥിരതയില്ലാതെ അലഞ്ഞു നടക്കുന്ന ഒരാള്‍ക്ക്‌ നല്ല രീതിയില്‍ ജീവിക്കാന്‍ പറ്റില്ല.  ആദ്യം അടുത്ത ജോലി കണ്ടുപിടിക്ക്, എന്നിട്ട് കുറഞ്ഞത്‌ ഒരുവര്‍ഷമെങ്കിലും അവിടെ പിടിച്ചുനില്‍ക്ക്.  നമുക്കിത് പിന്നീടാലോചിക്കാം”  അഭിലാഷ് പറഞ്ഞു നിര്‍ത്തി.

“ആരുടേയും അനുവാദം ചോദിക്കാന്‍ വന്നതല്ല.. എനിക്കാരുടെയും സഹായവും അനുഗ്രഹവും വേണ്ട. ഇവളെ ഇങ്ങോടു കൊണ്ടുവന്നതാണ് തെറ്റ്.  എനിക്ക് തോന്നുമ്പോള്‍ ഞാന്‍ കെട്ടും.  ആരേ എന്ന് കരുതി അപ്പൊ ഞെട്ടണ്ട, അത്രേ ഉദ്ദേശിച്ചുള്ളൂ”

പെണ്‍കുട്ടിയുടെ കൈപിടിച്ച് ആനന്ദ് എഴുന്നേറ്റു.. പടിയിറങ്ങി പുറത്തേക്കു നടന്നു.

അമ്മയുടെ വിതുമ്പലുകള്‍ക്കിടയില്‍ മറ്റൊരു കൂടെ അറിവായി. ഇതാദ്യമായല്ല.  മറ്റൊരു പെണ്‍കുട്ടിയെ ഇതേപോലെ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം.

“അമ്മയെന്നോട് പറഞ്ഞില്ല.  കൂട്ട് നില്‍ക്കുമ്പോള്‍ ആലോചിക്കണം, വഷളാവും എന്ന്”

“ഞാന്‍ കൂട്ടുനിന്നില്ല മോനേ, നിന്നോട് പറയാനിരുന്നതാ ഞാന്‍, പക്ഷെ അതിനു മുന്നേ അവന്‍ തന്നെ അവസാനിപ്പിച്ചു ആ ബന്ധം.  ഒരിക്കല്‍ കുടിച്ചു കയറിവന്ന് കുറെ കരഞ്ഞു.  കുറെ ദിവസം ഒരേ കിടപ്പായിരുന്നു. അതില്‍പ്പിന്നെ ഞാന്‍ അതിനേക്കുറിച്ച് ചോദിച്ചിട്ടില്ല”

“ഇതും അങ്ങനെ പോയാല്‍ നന്ന്.  അല്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതം നമ്മളായി തകര്‍ത്തു എന്ന് വരും.  ഞാന്‍ കൂട്ട് നില്‍ക്കില്ല.”

അന്ന് രാത്രി അനിയനെ പ്രതീക്ഷിച്ചിരുന്നു അഭിലാഷ്. വീടിനു പുറത്തെ ചെറിയ തിണ്ണയില്‍ സിഗരറ്റും വലിച്ച് പന്ത്രണ്ടു മണി വരെ.. ഇടയ്ക്ക് ഗേറ്റ് വരെ നടന്നു ചെന്ന് നില്‍ക്കും.

അവര്‍ രണ്ടു പേരും ജനിച്ചുവളര്‍ന്ന വളര്‍ന്ന വീടാണ് അത്.  നാലു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കോളേജുവരെ പരസ്പരം കൂട്ടുകൂടി നടന്നവര്‍.  അഭിലാഷ് കുവൈത്തില്‍ ജോലിക്ക് പോയി നാലാം വര്‍ഷമായിരുന്നു അച്ഛന്റെ മരണം.  അന്ന് മുതലാണ് ആനന്ദ് വഴിമാറി നടക്കാന്‍ തുടങ്ങിയതെന്ന്‍ അമ്മ പറയാറുണ്ട്‌.  പഠനത്തിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധകുറഞ്ഞുതുടങ്ങി.  പിന്നീടെപ്പോഴോ ഒരു ദിവസം കുടിച്ചു ബോധമില്ലാതെ വീട്ടിലേക്കുകയറിവന്ന മകനെയാണ് അമ്മ കണ്ടത്. അതിനുശേഷം അങ്ങിനെയേ കണ്ടിട്ടുള്ളൂ.

അഭിലാഷ് ചിന്തയിലാഴ്ന്നു.. എന്തോ ഓര്‍ത്തു.  പിന്നെയും ഗേറ്റ് വരെ പോയി നിന്നു.

അവനൊന്നു വന്നിരുന്നെങ്കില്‍.. ഭാരിച്ച മനസ്സ് പലതവണ പറഞ്ഞു.

അനിയന്‍ അന്ന് വന്നില്ല. വളരെ വൈകി കിടന്നിട്ടും അഭിലാഷ് ഉറങ്ങിയതുമില്ല.

രാവിലെ എഴുന്നേറ്റു ഫോണില്‍ കോണ്‍ടാക്ട് ലിസ്റ്റ് എടുത്തു നോക്കുമ്പോള്‍ രാധികയും മീനുക്കുട്ടിയും ഗേറ്റുകടന്നു വരുന്നത് കണ്ടു.  അഭിലാഷ് ആരെയോ വിളിക്കാന്‍ തുടങ്ങിയിരുന്നു.

“രാവിലെതന്നെ ആരെയാ അഭീ വിളിക്കുന്നെ..”  വന്നതും രാധിക ചോദിച്ചു

“ഒരു ഫ്രെണ്ടിനെ”

മീനുക്കുട്ടിയ്ക്ക് ഒരുമ്മയും കൊടുത്ത് അഭിലാഷ് അവരെ ഉള്ളിലേയ്ക്ക് പറഞ്ഞുവിട്ടു.  എന്നിട്ട് കുളിച്ചു വന്നു പ്രാതല്‍ കഴിക്കാന്‍ കൂട്ടാക്കാതെ, ഒരാളെ കാണണം എന്ന് പറഞ്ഞു ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങി.

വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അനിയന്‍ വീട്ടിലുണ്ട്. ഉറക്കമാണ്.  അത്തവണ അവധിക്ക് വീട്ടില്‍ എത്തിയിട്ട് ആദ്യമായാണ്‌ അവന്‍റെ മുറിയില്‍ കയറുന്നത്.

ഒരുകാലത്ത് തന്നെക്കാള്‍ വൃത്തിയായി മുറി സൂക്ഷിക്കുമായിരുന്നു ആനന്ദ്. അച്ഛന്‍ പണികഴിപ്പിച്ചു കൊടുത്ത ചില്ലലമാരകളില്‍ വായിച്ച പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്നു.  മേശമേലുള്ള വിരിപ്പും അതിന്റെ ഒരു കോണില്‍ ഒരു കൊച്ചു ഗ്ലോബും.  അതവനു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്നും സമ്മാനം കിട്ടിയതാണ്.  പല മത്സരങ്ങളില്‍നിന്ന് അവന്‍ നേടിയ കൊച്ചു ട്രോഫികളും ഷീല്‍ഡുകളും അച്ഛന്റെ മുറിയില്‍.

അഭിലാഷ് വാതില്‍ തുറന്നകത്തു കയറി

ജനാലകള്‍ എല്ലാമടച്ചതുകൊണ്ട് നല്ലയിരുട്ടാണ് ഉള്ളില്‍.  പുറത്തുനിന്നും തുറക്കാവുന്ന മുറിയായത് കൊണ്ട് അമ്മ പലപ്പോഴും അവന്‍ കയറിവരുന്നത് അറിയാറില്ല.  അഭിലാഷ് മുന്നോട്ട് നടന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടു.

അനിയന്‍ ചുരുണ്ടുകൂടിക്കിടക്കുന്നു.

അയാള്‍ കട്ടിലില്‍ ചെന്നിരുന്നു.  അനിയനെ തൊട്ടു വിളിച്ചു.

“അനുക്കുട്ടാ..”

ആനന്ദ് ഉണര്‍ന്നു.. തിരിഞ്ഞു കിടന്നു.  ഏട്ടനെ കണ്ടതും എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു.  കൈകുത്തി എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന അയാളെ അഭിലാഷ് ഇരുകൈകളുംകൊണ്ട് പിടിച്ചിരുത്തി.

“എഴുന്നേറ്റു വാ.. കവല വരെ പോയിവരാം.”

“ഞാനില്ല, എനിക്കുറങ്ങണം”

“പറ്റില്ല.. എഴുന്നേല്‍ക്ക്.” അഭിലാഷ് ശഠിച്ചു

ഏട്ടന്‍റെ മുഖത്ത് നോക്കി, താല്പര്യമില്ലെങ്കിലും ആനന്ദ് വരാമെന്ന് പറഞ്ഞു.

ഇരുവരും ആനന്ദിന്‍റെ പഴയ സൈക്കിളുമായി വഴിവക്കിലൂടെ നടന്നു.. കാവിമുണ്ടും പഴയ ഷര്‍ട്ടുമിട്ടു അനുക്കുട്ടനെയും പുറകിലിരുത്തി വൈകുന്നേരങ്ങളില്‍ കവല വരെ പോകുന്ന പതിവുണ്ടായിരുന്നു ഒരിക്കല്‍. വായനശാലയില്‍ അവനെയിരുത്തി കൂട്ടുകാര്‍ക്കൊപ്പം  ഭാവിപരിപാടികള്‍ പറഞ്ഞു വീമ്പടിച്ചിരുന്ന നാളുകള്‍.  തിരികെ വരുമ്പോള്‍ വായിച്ച നോവലുകളെപ്പറ്റിയോ സ്ഥലങ്ങളെപ്പറ്റിയോ അനുക്കുട്ടന്‍ ഉച്ചത്തില്‍ വിവരിക്കും.  തീര്‍ന്നില്ലെങ്കില്‍ അന്നത്തെ ദിവസം അത്താഴം കഴിക്കുമ്പോള്‍ വരെ വിവരണം തുടരും.  ഇന്ന് സംസാരിക്കാന്‍ ഒന്നുമില്ല അവര്‍ക്കിടയില്‍. അഭിലാഷ് അനിയനെ ഇടയ്ക്കിടെ നോക്കി കൂടെ നടന്നു.

അഭിലാഷ് കൂടെയുണ്ടായിരുന്നത് കൊണ്ട് ആനന്ദ് അന്ന് മദ്യപിച്ചില്ല. അത്താഴം കഴിക്കാന്‍ എല്ലാവരും ഒരുമിച്ചിരുന്നു.  ആദ്യമൊക്കെ ഒന്നും മിണ്ടാതെയിരുന്നെങ്കിലും ആനന്ദ് മീനുക്കുട്ടിയോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും അത്താഴം കഴിച്ചു.  കൈകഴുകി മുറിയിലേക്ക് പോവാന്‍ തുടങ്ങുന്ന അവന്‍റെ മുന്നില്‍ രണ്ടുകുഞ്ഞികൈകളും നീട്ടി മീനു നിന്നു.  മുന്‍വശത്തെ മുറ്റത്ത് മീനുവിനെയും ചുമലില്‍ കിടത്തി ആനന്ദ്‌ നടന്നു..അവളുറങ്ങുന്നത് വരെ.

അവധി തീര്‍ന്നു തിരികെപോകണ്ട ദിവസമായി അഭിലാഷിന്.

അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അനിയനുണ്ടായിരുന്നില്ല വീട്ടില്‍. കാത്തുനിന്നിട്ട് കാര്യമില്ല എന്ന് അമ്മ പറഞ്ഞിട്ടും കുറേനേരം അവന്‍ വരുന്നതും നോക്കിനിന്നു.

“ഇങ്ങനെ ഇവിടെ നിന്നാല്‍ ഫ്ലൈറ്റ് പോവും അഭി.. രണ്ടു മണിക്കൂര്‍ യാത്രയുണ്ടേ, പിന്നെ ട്രാഫിക്കും” രാധികയുടെ മുഖം മാറിത്തുടങ്ങി.

***

ആനന്ദ് മുറിയുടെ വാതില്‍ തള്ളിത്തുറന്നു.  വിയര്‍പ്പിലൊട്ടിയ കൈയിലെ രോമങ്ങള്‍ക്കിടയില്‍ മണല്‍തരികള്‍.  പടിയില്‍ തട്ടി ഒന്നുകൂടെ വീഴാന്‍ തുടങ്ങി.  നേരേനിന്ന് ഇരുട്ടില്‍ സ്വിച്ച്ബോര്‍ഡ് തപ്പിത്തടഞ്ഞു.. കിട്ടാതെവന്നപ്പോള്‍ പിറുപിറുത്തുകൊണ്ട് മുന്നോട്ടുനടന്നു. ഇടതുവശത്തുകിടന്ന കട്ടിലിന്‍റെ വക്ക് അയാളുടെ മുട്ടില്‍ തട്ടി.

പിറ്റേദിവസം കണ്ണു തുറന്നപ്പോള്‍ മാറാല നീക്കിയ മച്ചും ഫാനും, പുതിയ ബെഡ്ഷീറ്റും.  മുറി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. അലമാരയില്‍ പുസ്തകങ്ങള്‍.  മേശപ്പുറത്ത് പുതിയ വിരിപ്പും അതിനു മുകളില്‍ ആ പഴയ കൊച്ചു ഗ്ലോബും.  അടുത്തേക്ക് ചെന്നപ്പോള്‍ അതിനുകീഴെ ഒരു കവര്‍.

ആനന്ദ് കവര്‍ തുറന്നു.

പുതിയ ജോലിക്കായുള്ള റെക്കമന്‍റെഷന്‍ ലെറ്റര്‍..

മറ്റൊരു കടലാസില്‍..

അനുക്കുട്ടന്,

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ഞാന്‍ കുവൈത്തില്‍ നിന്നും വന്നപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു രാത്രി നിന്നെയും കൂടെയിരുത്തി മദ്യപിച്ചു.  അന്ന് ഞാന്‍ തന്നെയാണ് നിനക്കതൊഴിച്ചു തന്നത്.  രണ്ടുവര്‍ഷം കഴിഞ്ഞ് അച്ഛന്‍ വിട്ടുപോയപ്പോള്‍ ഞാനുണ്ടായിരുന്നില്ല, അടുത്ത തവണ വന്നപ്പോള്‍ നീ ഒരുപാട് മാറിയിരുന്നു.  ശകാരിച്ചു, അച്ഛന്റെ സ്ഥാനത്തു നിന്ന്. വഴക്കുണ്ടാക്കി.. പരിഹസിച്ചു.  അതിനിടയില്‍ ഏട്ടന്‍ ചിലത് മറന്നു. നിന്‍റെ കൂടെയിരുന്ന് നിനക്ക് പറയാനുള്ളത് കേള്‍ക്കാന്‍.  നിന്നെ മനസിലാക്കി വേണ്ടത് ചെയ്തു തരാന്‍.  ഓരോ ജോലിയും ഇട്ടെറിഞ്ഞു നീയോടുമ്പോള്‍ മദ്യത്തെ പഴിച്ച്.. നിന്നെ കുറ്റപ്പെടുത്തി.. ഞാന്‍ രക്ഷപെട്ടുകൊണ്ടിരുന്നു. ഓരോ തവണ നിന്‍റെ മുന്നില്‍ നിന്ന് ഒച്ചയിടുമ്പോഴും ഒരക്ഷരം മിണ്ടാതെ നീ നിന്നു.  ഇനി വയ്യ.  ഒരുപക്ഷെ നിനക്ക് പകരം ആ വീട്ടില്‍ മദ്യത്തില്‍ മുങ്ങിക്കഴിയേണ്ടത് ഞാനാണ്.  ഒരിക്കല്‍ക്കൂടി ശ്രമിക്കുക, എന്നെ രക്ഷപെടുത്താന്‍.

ഏട്ടന്‍

***

അനുക്കുട്ടന്‍ നിറഞ്ഞുനിന്ന കണ്ണുകള്‍ തുടച്ചു.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

55 thoughts on “നിശയിലെ കരിനീലനാമ്പുകള്‍

 1. മനോഹരം….. കുറേ നാളുകള്‍ക്കു ശേഷം കവിതയുടെ മനോഹരമായ ഒരു കൃതി….അത് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം…! എഴുത്തിലെ ഈ മനോഹാരിത…അതാണ്‌ കവിതയുടെ പ്രത്യേകത. ഉള്ളടക്കം എന്തായാലും, അതിലെ കയ്യടക്കം…വാക്കുകള്‍ ചേര്‍ത്ത് വെക്കുന്നതിലെ സൂക്ഷ്മത…അതൊക്കെ എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ല….!!

  1. സന്തോഷം . ഒരു പുസ്തകത്തിന്‌ വേണ്ടി ശ്രമിക്കുന്നുണ്ട്. മണ്ടത്തരമായാലും വേണ്ടില്ല.. വെറുതേ സമയം കളയുന്നതിലും..എഴുതി പറത്തുന്നതിലും സുഖം മറ്റുള്ളവരുടെ വിമര്‍ശനത്തിനാണ്.. 🙂

 2. Nalla kadhayanu ithuvareyum madyathinu sdimayakunna avasaram enikku undayittilla nalla nalla kadhakal iniyum ezhuthikoode…..

 3. വളരെ നന്നായിരിക്കുന്നു .. നമ്മുടെ ചുറ്റിലും മിന്നിമറയുന്ന മുഖങ്ങള്‍ .. 🙂

 4. കഥയിലെ പേരുകള്ക് മാത്രം മാറ്റം …അതിലെ അനിയൻ കുട്ടൻ ആരുന്നു ഞാനും..സ്വന്തം കഥ ആരോ പറഞ്ഞു കേള്പികുന്ന പോലെയുണ്ടാരുനു

 5. മനോഹരമായ എഴുത്ത് …..മടിപിടിക്കാതെ തുടര്‍ന്നെഴുതുക . ഭാവുകങ്ങള്‍ !

 6. മനോഹരം….. നന്നായിരിക്കുന്നു . വായിക്കാന്‍ കഴിഞ്ഞതില്‍സന്തോഷം…….

 7. പ്രതീക്ഷിക്കുന്നു ഇനിയുമേറെ…
  ജീവിതമാണിത്… അനുഭവിച്ച., അല്ലെങ്കില്‍ അറിഞ്ഞ ഒരു ജീവിതം…
  കാലം പലതും കൂടെ കൊണ്ടുപോകുമ്പോള്‍.., ആ കാലത്തിനുവേണ്ടിത്തന്നെ ബാക്കിയാകുന്ന പലതും…
  നന്ദി…

 8. എഴുതുന്നതു എനിക്കൊട്ടും ഇഷ്ടമല്ലത്ത ഒരു കാര്യമായിരുന്നു…പക്ഷേ ഇൗ ഇടയായി റൂമില്‍ തനിച്ചിരിക്കുമ്പോള്‍ പഴയ കുറേ ഒര്‍മകള്‍ ഇങനെ കടന്നു വരുകയാണ് കൂടതലും മാവിലെറിഞ്ഞതും പന്തുകളിച്ചതുമെക്കെ തന്നെ ,ആദ്യമെക്കെ മടിച്ചായിരുന്നെങ്കിലും ഇപ്പോള്‍ വലിയ ഉത്സാഹമുണ്ട് എഴുതാന്‍…..ഇന്ന് ചേച്ചിടെ ഇൗ ചെറു കഥ വായിച്ചപ്പോള്‍ എഴുതാന്‍ ഇനിയും കുറച്ചു കൂടി സമയം കണ്ടെത്തണം എന്നു തോന്നിപോകുന്നു…ഇനിയും ഇതുപോലുള്ള സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു………..

 9. ” ഒരുപക്ഷെ നിനക്ക് പകരം ആ വീട്ടില്‍ മദ്യത്തില്‍ മുങ്ങിക്കഴിയേണ്ടത് ഞാനാണ്. ഒരിക്കല്‍ക്കൂടി ശ്രമിക്കുക, എന്നെ രക്ഷപെടുത്താന്‍”….അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സന്ദര്‍ഭങ്ങളില്‍….ഈ ചിന്ത എൻറെ മനസ്സിൽ ഉണ്ടായിരുന്നു…. ഇനിയും ഉണ്ടാകും…
  ആദ്യമായി ഈ ബ്ലോഗില്‍ എത്തുന്നു…എഴുത്ത് ശൈലിയായി രൂപപ്പെടുത്താതെ
  സ്വതസിദ്ധമായ സംസാര ശൈലിയില്‍ എഴുതുന്നതിനുള്ള ഒരു വായനാ സുഖം…
  വിഷയത്തിന്റെ സത്തയിലും അരുചി തോന്നിയില്ല…ആശംസകള്‍

 10. hey hey ………… wonderful …… feeling baad becoz i havn’t such a lovin bro ………:D
  keep going checheeeeeeee

 11. നന്നായി ചേച്ചി ഒരു പക്ഷെ ഇന്നത്തെ ചില സഹോദര ബന്ധങ്ങള്‍ക്ക് ഇങ്ങനെ ഒരു തിരിച്ചറിവ് ഒരു കണ്ണ് തുറക്കല്‍ എന്ന രീതിയില്‍ ആവശ്യം തന്നെ…അനിയനെ വല്ലാതെ ഓര്‍ത്തു !! വായിച്ചപ്പോ 😦

 12. chechiee i am a huge fan of u i hav seen ur movies and u r a gud actress!! 🙂 but i hav never known that u had another brighter side too though i do watch movies i am personally a bookworm 😀 it’s the first time i am writing a comment after reading a story. it was indded a gud work and we all do expect a lot from u . wish u all success maam 😀

 13. Checheeee ……… palayaavarthi vaayikkaan thonnunna oru ezhuthinte shaili……… I read this more than 10 times . …… Chechimaarund enikku ….. ennne avar snehikkunnund …. ente santhoshathil ennodukoode chirikkukayum , njaan dhukkikkumbol enikkoppam karayaathe ennne aaswasippikkukayum cheyyunnu…. enikkariyaaam sahodhara snehathinte vila ……oro thavana vaaykkumbozhum oru thulli kannu neer ariyaathe undaavunnu ….. Love you my sis’ …. including you kavitha chechieeeeee ……….

 14. Innanu njn chechiyude krithikal vaayichu thudangunnath…. Kaaranam veronnumalla… Vanithayile abhimukham vaayichathumuthal profile page check cheyyukayaayirunnu…… Vaatchathumuthal kannu nirayunnu…. thudarnnum ezhuthuka…. Orupaadu per pirakilundu …. Supportinaayi…. Ella bhaavukangalum nerunnu….. Nalla jeevithathinaai…..nalla srishtikalkkaai…. Love u….tcre

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s