Posted in Malayalam Stories, people, places, Short Stories, writer

ഭിക്ഷാടനം

BeFunky_null_12.jpg

എഴുത്തുകാരന്‍. ഒരു തലമുറയുടെ ചിന്തകളെ ഇളക്കിമറിച്ച നിരീശ്വരവാദിയും പ്രാസംഗികനും !

അമ്മയുടെ നോട്ടത്തില്‍ തെമ്മാടി.. അയല്‍പക്കത്തെ ആളുകള്‍ക്ക് കള്ളുകുടിയനും വഴക്കാളിയും..

ഷാപ്പില്‍ പോയിരിക്കാത്ത ദിവസങ്ങളില്‍ നാല് കട്ടന്‍കാപ്പിയും പന്ത്രണ്ടു ബീഡിയും പഴങ്കഞ്ഞിയും ചിലപ്പോള്‍ രണ്ടു ദോശയും. വിചിത്ര കഥകള്‍ പൊട്ടിവിടരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഇത്രയുമാണ് ഒരു ദിവസം ചെല്ലുന്നത്. പശുവിനു പുല്ലുകൊടുക്കുന്നതുപോലെ അദ്ദേഹത്തിന്റെ അമ്മ ബീടിയൊഴികെ ബാക്കിയെല്ലാം കൊടുത്തുപോന്നു. പശുവെന്നു പറയുമ്പോള്‍.. പശുത്തൊഴുത്തും ഉള്‍പ്പെടും. നീണ്ടുനിവര്‍ന്നു കിടക്കുന്ന ഓടിട്ട പഴയ വീട്ടില്‍ ഏറ്റവും വൃത്തിഹീനമായിക്കിടക്കുന്ന അദ്ദേഹത്തിന്റെ മുറി. തൊഴുത്തെത്ര ഭേദമെന്നു തോന്നും. രണ്ടുമേശകളുണ്ട് അവിടെ. ഒന്നിന്‍റെ മേല്‍ അദ്ദേഹം രചിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും കിടക്കുന്നു. കസേരയിട്ടിട്ടുള്ള മേശമേല്‍ കടലാസ്സുകളുടെ മേല്‍വിരിപ്പുണ്ട്, അതിനും മേലെ എഴുതിയതും എഴുതാത്തതുമായ ഒരു കേട്ട് വേറെ കടലാസുകള്‍. മുറിയുടെ ഒത്ത നടുവില്‍ ഒരു കൊച്ചുകട്ടില്‍. ഇത്ര വലിയ വീട്ടില്‍ അത്യാവശ്യം നല്ല നീളമുള്ള എഴുത്തുകാരന്‍ ഇത്ര ചെറിയ കട്ടിലില്‍ കിടന്നുറങ്ങും. എന്താ കഥ അല്ലേ..!

ഇന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് നല്ല വിശപ്പ്‌. ചുറ്റിനുമുള്ളതെല്ലാം തിന്നു തീര്‍ക്കാനുള്ള വിശപ്പ്‌.. സാധാരണ എഴുന്നേറ്റതും മുറ്റത്തുകൂടെ കുറെ നേരം ബീഡിയും വലിച്ചുകൊണ്ട് ഉലാത്തും. ആദ്യത്തെ കട്ടനുമായി അമ്മയെത്തും. ഇന്നുപക്ഷേ പതിവിലും നേരത്തെയാണ് എഴുന്നേറ്റത്. എന്തായാലും ഇന്ന് പ്രാതല്‍ കഴിച്ചുകളയാം. അദ്ദേഹം തീരുമാനിച്ചു.

“അമ്മേ..”

“ഭവാനിയമ്മേ..”

മുറിക്കു പുറത്തുനിന്നും എത്തിനോക്കി.. ഉറക്കമാണ്. അതെങ്ങനാ വെട്ടം വീണിട്ടില്ല.

എഴുത്തുകാരന്‍ അടുക്കളയില്‍ കയറി. കട്ടന്‍കാപ്പിയിട്ടു.. പഴങ്കഞ്ഞി ഒരു കലത്തിലിരുന്നത് കൈകൊണ്ടു കോരിക്കുടിച്ചു. കൈകഴുകി കാപ്പിയുമായി മുറ്റത്തേക്കിറങ്ങി. വിശപ്പ്‌ മാറുന്നില്ല. വയറ്റില്‍ ഇനി വല്ല പുഴുവുമുണ്ടോ.. നടപ്പിന്റെ വേഗം കൂടി. അദ്ദേഹത്തിന് ഒരുതരം വിമ്മിട്ടമനുഭവപ്പെട്ടു. തനിക്കെന്തോ പറ്റിയിട്ടുണ്ട്. ഒന്നുകില്‍ കരള് പണിനിര്‍ത്തിക്കാണും.. അല്ലെങ്കില്‍ വയറ്റിലെന്തോ മാരകമായ അസുഖം പിടിപെട്ടിട്ടുണ്ട്. എന്തുതന്നെയായാലും അധികം നാള്‍ ഇനി ജീവിക്കാന്‍ വകുപ്പില്ലാ.

അന്നേരം ഭവാനിയമ്മ പുറത്തേക്കുവന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും കൂനുവന്ന ശരീരവുമായി തന്നെത്തന്നെ നോക്കിനില്‍ക്കുന്ന അമ്മയെക്കണ്ട് എഴുത്തുകാരന് കലി വന്നു.

“എന്താടാ.. ഇത്ര നേരത്തേ എണീറ്റേ..”

“ഓ.. ഒന്നുമില്ല..”

“നിന്‍റെ നടപ്പും മട്ടും കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ…”

“ഒന്ന് പോ തള്ളേ…” എഴുത്തുകാരന്‍ നടപ്പു തുടര്‍ന്നു.

ഭവാനിയമ്മ ചിരിച്ചുംകൊണ്ട് ഉമിക്കരിയെടുക്കാന്‍ പോയി.

വയസ്സിത്തള്ള ഈയിടെയായി തക്കം കിട്ടുമ്പോഴൊക്കെ തന്നെ കളിയാക്കാറുണ്ട്. ഇവര്‍ക്ക് ഇത്രനാളായിട്ടും ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നവുമില്ലല്ലോ.. എഴുത്തുകാരന്‍ ആലോചിച്ചു. മറ്റു മക്കളുടെ കൂടെപ്പോയിത്താമസിച്ചാല്‍ മൂന്നി ന്റന്നു  തിരിച്ചു കയറിവരും. താന്‍ അവിവാഹിതനായതുകൊണ്ട് ഇവിടെ എന്തിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇനി ചൊറിയാന്‍ വന്നാല്‍ തള്ളയ്ക്കു നല്ലത് കേള്‍ക്കേണ്ടി വരും.

വിശപ്പ്‌…. !!! നാശം. ചായക്കട വരെ പോയി വരാം.

ചെന്നപ്പോള്‍ ഗോപി കട തുറന്നതേയുള്ളൂ..

“എന്താണ് മാഷേ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്..”

“വെറുതേ.. നടക്കാനിറങ്ങിയതായിരുന്നു.”

“കട്ടനെടുക്കട്ടേ..”

“ആയിക്കോട്ടേ.. എന്താ കഴിക്കാന്‍..ഗോപി?”

“ഒന്നുമായില്ല. ദോശ ചുടണം.. എഴുമണിയാവാതെ ആരും കഴിക്കാന്‍ വരില്ല. ഞാന്‍ കാപ്പിയെടുക്കാം”

എഴുത്തുകാരന്റെ വയറ്റില്‍ ഉച്ചത്തില്‍ മൂളല്‍.. അത് പുറത്തുകേള്‍ക്കാതിരിക്കാന്‍ അനാവശ്യമായി ഒന്ന് ചുമയ്ക്കുകയും ചെയ്തു. അലമാരയില്‍ തലേന്നത്തെ ബോണ്ടയും വടയും പലഹാരങ്ങളും.

“ഗോപി ഒരു ബോണ്ടയിങ്ങെടുക്ക്..”

“അയ്യോ അത് രണ്ടു ദിവസം മുന്നത്തെയാണല്ലോ.. ഇന്നലെ ബാക്കി വന്നതേയില്ല..” കാപ്പി കൊടുത്തുകൊണ്ട് അയാള്‍ പറഞ്ഞു.

“വേറെ ആരേലുമാ ചോദിച്ചിരുന്നേല്‍ ഞാനിപ്പൊത്തന്നെ എടുത്തുകൊടുത്തേനെ.. മാഷിന്‍റെ വയറു കേടാക്കാന്‍ എനിക്ക് വയ്യായെ. എത്ര വലിയ അവാര്‍ഡുകള്‍ വാങ്ങണ്ട ആളാ..”  ബഹുമാനപുരസ്സരം എഴുത്തുകാരനെ നോക്കി ഗോപി ചിരിച്ചു.

കാപ്പിയുടെ പൈസ കൊടുത്ത് അവിടുന്നിറങ്ങി. തിരിച്ചു വീട്ടില്‍ പോയാല്‍ തള്ള വല്ലതും ഉണ്ടാക്കിയിട്ടുണ്ടാവുമോ..  വേറെ വഴിയില്ല. എഴുത്തുകാരന്‍ തിരിച്ചു വീട്ടിലേക്ക് നടന്നു.

ഭവാനിയമ്മ മുറ്റമൊക്കെ തൂത്തുകൂട്ടിവച്ചത് ഒരു കയ്യിലും ചൂലിലുമായി കൂട്ടിപ്പിടിച്ചുകൊണ്ട്‌ താഴത്തെ തൊടിയില്‍ കിടക്കുന്ന കൂമ്പാരത്തിനുമേല്‍ ഇട്ടു.

എഴുത്തുകാരന്‍ കയറിച്ചെന്നതും ചോദിച്ചു..

“പറമ്പിലെ പണിയൊക്കെ കഴിഞ്ഞെങ്കില്‍ എന്തെങ്കിലും കഴിക്കാന്‍ കിട്ടുവോ ഇവിടെ..?”

“എന്തുവാ..?” മനസിലാകാത്തവണ്ണം ഭവാനിയമ്മ ചോദിച്ചു.

“തള്ളേ വല്ലതും തിന്നാന്‍ കിട്ടുവോന്ന്..”

“അതിനു നീ ഉണ്ടാരുന്ന പഴങ്കഞ്ഞി മൊത്തോം കുടിച്ചല്ലോ.. രണ്ടുദിവസം മുന്നേ അരി വെള്ളത്തിലിടട്ടെയെന്നു ചോദിച്ചപ്പോ എങ്ങോട്ടോ പോകുവാണ്, ഒരാഴ്ച ഇവിടേക്കാണില്ല എന്നൊക്കെ പറഞ്ഞു.  ഒരു വഹ കഴിക്കാത്തവന്‍ പരപരാന്നു ഒരൂസം വെളുക്കുമ്പോ വയസ്സായ എന്നോട് ചോദിയ്ക്കാന്‍ വന്നിരിക്കുന്നു.  ഇവിടെ ഒന്നുമിരുപ്പില്ല.  ഉച്ചയ്ക്ക് വേണേല്‍ പുഴുക്ക് വച്ച് തരാം.”

എഴുത്തുകാരന്‍റെ തല കറങ്ങി.  
തള്ള പട്ടിണിക്കിട്ട്‌ കൊല്ലാന്‍ പോകുവാണോ.. വയറ്റില്‍ കൈവച്ച് പുരസ്കാരങ്ങളുടെ പ്രിയതോഴന്‍ സ്വന്തം തൊഴുത്തിലേക്ക്‌ പോയി.

ഉച്ചയ്ക്ക് പുഴുക്കും തയ്യാറാക്കി ഭവാനിയമ്മ മകന്‍റെ മുറിക്കു പുറത്തു നിന്ന്‍ വിളിച്ചു.

എഴുത്തുകാരന്‍ അനങ്ങിയില്ല..  പക്ഷേ മേശമേല്‍ പുതിയ കഥ അടര്‍ന്നു കിടക്കുന്നുണ്ട്.

“ഭിക്ഷാടനം”

Author:

Actor:Author:Blogger:TelevisionHost:Woman. ❤

24 thoughts on “ഭിക്ഷാടനം

 1. ഒന്നും മാറാതെ മാറാല പിടിച്ചു കിടക്കുന്ന എഴുത്തുകാരന്റെ ജീവിതം. ഭിക്ഷാടനം തന്നെ യോഗം!
  എവിടെയോ കൊണ്ടു.
  Loved it ❤ ചേച്ചി 🙂

 2. വയറ്റില്‍ കൈവച്ച് പുരസ്കാരങ്ങളുടെ പ്രിയതോഴന്‍ സ്വന്തം തൊഴുത്തിലേക്ക്‌ പോയി.

  kalakki…

 3. “പറമ്പിലെ പണിയൊക്കെ കഴിഞ്ഞെങ്കില്‍ എന്തെങ്കിലും കഴിക്കാന്‍ കിട്ടുവോ ഇവിടെ..?”

  “എന്തുവാ..?” മനസിലാകാത്തവണ്ണം ഭവാനിയമ്മ ചോദിച്ചു.

  “തള്ളേ വല്ലതും തിന്നാന്‍ കിട്ടുവോന്ന്..”
  പച്ചയായ മനുഷ്യരുടെ ജീവിത രേന്ഗങ്ങള്‍.. ചേച്ചി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s