Posted in Malayalam Stories, nostalgia, people, places, romance

ആരംഭം

തിരശീല വീഴാത്ത നാടകത്തിൽ ഇത്തിരി ധൃതിയോടെ സംഭാഷണങ്ങൾ പറഞ്ഞും ആവശ്യമില്ലാത്ത ശരീരഭാഷയിൽ മൈക്കിനോട് ചേർന്ന് നിന്ന് ഉടുപ്പിന്റെയറ്റത്ത് വിരലുകൊണ്ട് ചുറ്റിയും ദിവസങ്ങൾ പോയി. ക്ലാസിൽ കൂടെയുള്ളവർ പറയുന്നതൊന്നും ഇപ്പോൾ ലവലേശം മനസിലാവാറില്ല. രണ്ടുനാളായി വിശപ്പും ദാഹവും കൂടുതൽ. വാരിവാരികഴിക്കുമ്പോൾ കണ്ണുകൾ പിന്നെയും മേശമേൽ പരതും. അങ്ങനെയിരിക്കെ പെട്ടെന്നൊരാഗ്രഹം. അടുത്തുള്ള ഒരു പാർക്കിൽ പോയിരിക്കണം. അറിയാത്ത ആളുകളെ കുറേനേരം നോക്കിയിക്കണം. ഉടനെതന്നെ കുറച്ചു പൈസയും ഭേദപ്പെട്ട വസ്ത്രധാരണവുമൊക്കെയായി വീട്ടിൽ നിന്നിറങ്ങി. അമ്മയോട് ഒന്നും പറഞ്ഞില്ല. പബ്ലിക് ലൈബ്രറിയിലേക്ക് പോയി എന്നു കരുതിക്കോളും. അതിനിപ്പോൾ തിരിച്ചു ചെല്ലും എന്ന ഉറപ്പിൽ ആരാണ് വീട്ടിൽനിന്നിറങ്ങുക !

പാർക്കിൽ നിറയെ ആളുകൾ വേണം. വൈകുന്നേരമാവുമ്പോൾ അടുത്തുള്ള ഓഫീസുകളിൽ നിന്നും കോളേജിൽ നിന്നുമൊക്കെ ആളുകൾ അവിടെ വന്നിരിക്കുമായിരിക്കും. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോൾ ഒരു ബെഞ്ചു കൂടെ ഒഴിവുണ്ടായിരുന്നില്ല. അത്ര തിരക്ക് ! പാർക്കിൽ വന്നിരിക്കുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗം കമിതാക്കൾ ആണല്ലോ. പക്ഷെ ഈയിടെയായി മറ്റുപല പുതിയ ഇനങ്ങളും കണ്ണിൽപ്പെടാറുണ്ട്. തൂലികാസുഹൃത്തിനെപ്പോലെ ഉദ്യാനസൗഹൃദം.. അപരിചിതർ
ആറേക്കറിൽ കണ്ടുമുട്ടുന്നു. വലിയ വൃക്ഷങ്ങൾക്കു കീഴെ അതിലും പഴയ കഥകൾ പങ്കുവെച്ചു പൂക്കൾക്കും നീരുറവകൾക്കും ഉദ്യാനപാലകർക്കും മാത്രം പരിചിതമായിത്തീരുന്ന അപൂർവ്വബന്ധങ്ങൾ.
ഇന്ന് ഞാൻ തയ്യാറെടുപ്പോടെ പോകുന്നതുപോലെ നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റില്ല. എനിക്ക് പുതിയ കഥകൾ കേൾക്കണം, മടുപ്പിക്കുന്ന തമാശകൾക്കിടയിൽ കണ്ണിന്റെ കോണിൽ തളംകെട്ടിക്കിടക്കുന്ന വേദനയും പിടച്ചിലും കാണണം. പശ്ചാത്തലങ്ങൾ മാറ്റി മാറ്റി പഴയ ഫോട്ടോഗ്രാഫർമാർ നവദമ്പതികളുടെ ചിത്രങ്ങൾ എടുക്കുന്നതുപോലെ ഒരുതരം അറിഞ്ഞുകൊണ്ടുള്ള മൂർഖസ്വർഗം. അതാണ്‌ പാർക്ക് !
എന്റെ കൈയിൽ ഇന്ന് കാഫ്കയോ മാർഖേസോ ഒന്നുമില്ല. പാർക്കിനിരുവശത്തും പലഹാരങ്ങൾ വിൽക്കുന്ന കടകളുണ്ട്. കടുപ്പത്തിൽ ഒരു ചായയും അതിന്റെ കെട്ടുമാറുമ്പോൾ അപ്പുറത്തൂന്ന് രണ്ടുമൂന്നു ജിലേബിയും ലഡുവും കഴിക്കണം.

ഗേറ്റുകടന്ന് ചെന്നപ്പോൾ തലകുമ്പിട്ടിരിക്കുന്ന ഒരാളെയാണ് ആദ്യം കണ്ടത്. ചുറ്റിനും സിമന്റു ബെഞ്ചുകളിൽ ഇന്നലെ പെയ്ത മഴയുടെ ഈർപ്പം കാണാം. പൂന്തോട്ടം ജീവനക്കാർ അങ്ങിങ്ങായി തണലിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. ഞാൻ പതുക്കെ വലത്തോട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. രണ്ടു തവണ പാർക്ക് വലം വച്ചു. കമിതാക്കൾ തന്നെയാണ് കൂടുതൽ. അവരെ കാണുമ്പോൾ സ്വന്തം കോളേജ് ജീവിതം എന്റെ മുന്നിൽ വന്നു നിന്ന് കൊഞ്ഞനം കുത്തും. പഴയ പുസ്തകങ്ങളുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകൾ, ആരും എടുത്തു വായിക്കാത്ത കടലാസ് കെട്ടുകളുടെ ഇടയിലെ പൂപ്പലും പൊടിയും, അടിച്ചുവാരാതെ കിടക്കുന്ന വരാന്തയിൽ ഇടവേളകളിൽ വന്നുപതിക്കുന്ന മഞ്ഞപ്പൂക്കൾ. ഇതിനപ്പുറം പറയാനുണ്ട് എങ്കിൽ അത് കുറെ കവിതകളും നാടകങ്ങളുമാണ്. പാഠപുസ്തകങ്ങളിൽ മനസ്സ് മടുക്കുമ്പോൾ കൈവെള്ളയിൽ ഇക്കിളി കൂട്ടാനും നിമിഷങ്ങൾ നീണ്ട ചുംബനങ്ങൾക്കും ആലിംഗനങ്ങൾക്കും കോളേജിലെ ഇരുണ്ടയിടങ്ങൾ കൈനീട്ടി വിളിച്ചതുമില്ല.

അപ്പോൾ ഇടയ്ക്കുള്ള ഈ സത്യാന്വേഷണം ആണു നല്ലത്. നടന്നു മടുത്തു തുടങ്ങിയടത്ത് വന്നുനിന്നു.
ആദ്യമേ കണ്ട മനുഷ്യൻ തലകുമ്പിട്ട് അവിടെത്തന്നെ ഇരുപ്പുണ്ട്.
ഞാൻ തൊട്ടടുത്ത ബെഞ്ചിലും.

ശരി. ഇന്നിനി ഇങ്ങേരു തന്നെ കഥാപാത്രം ഒന്നുകിൽ ഓടിച്ചു വിടും അല്ലേൽ പുറകെ കൂടും. എന്തേലും ഒന്നു നടക്കും. നരച്ചു തുടങ്ങിയ മുടികണ്ട് വിളിച്ചു..

“അങ്കിൾ.. “

അയാൾ മുഖമുയർത്തി നോക്കിയില്ല. ഒന്നുരണ്ടു തവണ കൂടി വിളിച്ചുനോക്കി. കണ്ണടച്ച് രണ്ടു കൈകളും ബെഞ്ചിലമർത്തി തോളിൽ നിന്നും തല കീഴ്പ്പോട്ട് തൂക്കിയിട്ടിരിക്കുന്നു ! അരികിൽ ഏതോ സഹകരണ ബാങ്കിന്റെ പേരുള്ള ബാഗ്. ഞാൻ നോക്കിയിരുന്നു, തേച്ചുവെടിപ്പാക്കിയ ഷർട്ടിലും വെള്ളി നിറമുള്ള വാച്ചിലുമൊക്കെ സാധാരണജീവിതമിങ്ങനെ അയാളെ പൊതിഞ്ഞു ചുറ്റിക്കിടക്കുന്നത്. കുറെക്കഴിഞ്ഞു സൂര്യൻ മുഖത്തേക്കു വീണതും എന്റെ ഇടതു വശത്തേക്കു അപ്പുറത്തെ ശരീരം ചരിഞ്ഞു. മടിയിലിരുന്ന ബാഗ് താഴോട്ട്. നേരെപിടിച്ചിരുത്തിയതും അയാൾ കണ്ണ്തുറന്നു. തലചുറ്റിയതാണോ എന്നു ചോദിച്ചു. മറുപടിയില്ല. വെള്ളം കൊടുത്തപ്പോൾ അതു വാങ്ങിക്കുടിച്ചു.

സമയം നോക്കി പതുക്കെ എഴുന്നേറ്റു ഗേറ്റിലേക്ക് നടന്നു തുടങ്ങി. അയാളെ കണ്ടിട്ടാവണം പുറത്തുനിന്നൊരാൾ ഓടിവന്ന് കൂട്ടികൊണ്ട് നീങ്ങി. താഴെവീണുകിടന്ന ബാഗ് ഞാനപ്പോഴാണ് ശ്രദ്ധിച്ചതു. അതുമെടുത്ത് പുറത്തേക്കോടി.

ആ മനുഷ്യൻ ഓട്ടോയിൽ കയറി പുറത്തേക്കു നോക്കിയിരിക്കുന്നുണ്ട്, കൂടെയുള്ള ആൾ ഡ്രൈവറോട് എന്തോ പറയുന്നുമുണ്ട്.

“അങ്കിൾ.. ഇതാ ബാഗ്. അവിടെ വീണുകിടക്കുവാരുന്നു.. ” ബാഗ് നീട്ടി ഞാൻ പറഞ്ഞു.

“അതിങ്ങു തന്നേക്കു..”

മൂക്കിനോട് ചേർന്ന് ഒരു മറുക്. അതാണ്‌ ആദ്യം കണ്ണിലുടക്കിയത്.

“എന്റെ അച്ഛനാണ്. താങ്ക്സ്.. ” അയാൾ തിരിഞ്ഞു നടന്നു. അവിടെ വച്ചിരുന്ന ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ഓട്ടോറിക്ഷക്കരികിലെത്തി.

ഞാൻ പാർക്കിലേക്ക് പോകാമെന്നു കരുതി.

“ഇയാൾ ഡി ത്രീയിൽ അല്ലെ.. ” ബൈക്കിൽ നിന്നും ചോദ്യം.

എനിക്കാദ്യം മനസിലായില്ല.

“ഞാൻ പിജി ഫൈനൽ ഇയർ ആണ്. “

“എന്നെ എങ്ങനെ.. ഞാൻ കണ്ടിട്ടില്ലല്ലോ ” അങ്ങനെ ചോദിക്കണ്ടാരുന്നുവെന്ന് അപ്പോൾതന്നെ തോന്നി. പിജി ക്ലാസ്സുകൾ അപ്പുറത്തെ കെട്ടിടത്തിലാണ്.

“ഞാൻ ജനറൽ ലൈബ്രറിയിൽ കണ്ടിട്ടുണ്ട്.. അവിടുത്തെ രജിസ്റ്ററിൽ ആകെ ഒരു പേരല്ലേയുള്ളൂ. ഒരു ദിവസം അവിടൊക്കെ ഇയാൾ അടിച്ചുവാരി എന്നൊക്കെ ലൈബ്രറിയിൽ നിൽക്കുന്ന മാത്യുച്ചായൻ പറഞ്ഞിരുന്നു. ” അയാൾ ചിരിച്ചുകൊണ്ട് ഹെൽമെറ്റ് വെച്ചു.

അഭിമാനമാണോ നാണക്കേടാണോ..എനിക്കറിയില്ല.

“പേര്.. ?” ചോദിച്ചപ്പോഴേക്കും ബൈക്ക് മുന്നോട്ടു പോയിരുന്നു.

രജിസ്റ്റർ പറഞ്ഞുതന്നു. അയാളുടെ കൈപ്പടയിൽ..

ഹരി. എന്റെ ലൈബ്രറിയിൽ അത്ര നാളും വായിച്ച പുസ്തകങ്ങൾകിടയിൽ എനിക്കു ചുറ്റിനും എവിടെയോ ഇരുന്നയാൾ. ഭാഷയും സാഹിത്യവും പഠിക്കുന്നയാൾ അവിടെ നിന്നും എടുത്തുകൊണ്ട് പോയതൊക്കെയും ചരിത്രവും പൊതുവിജ്ഞാനസംബന്ധിയായ പുസ്തകങ്ങൾ. എല്ലാ ആഴ്ചയും രണ്ടു ദിവസം അയാൾ വരും. എന്റെ സ്ഥിരം കോണിൽ നിന്നും ഒരുപാടകലെ ഭിത്തിയ്ക്കഭിമുഖമായി ഒരു മണിക്കൂർ. ഒരിക്കൽ രജിസ്റ്ററിൽ എന്റെ എൻട്രി കണ്ടിട്ട് ചുറ്റിനും നോക്കുന്നതും കണ്ടു ഞാൻ എമിലി ബ്രോന്റെയുടെ താളുകളിൽ ഒളിഞ്ഞുമാറി.

അടുത്ത രണ്ടാഴ്ച ഹരിയെ കണ്ടില്ല. ഒരുമാസമായി ആദ്യത്തെ പിരീഡ് മാത്രം കട്ട് ചെയ്യുന്നതെന്താ എന്നു ചോദിക്കാൻ പോയട്രി പഠിപ്പിക്കുന്ന ലീന മിസ്സ്‌ വിളിപ്പിച്ചു. ആദ്യമായി മൂന്നു വർഷങ്ങൾക്കിടയിൽ സ്റ്റാഫ് റൂമിൽ നിന്നു വിയർത്തു. കരച്ചിൽ വന്നു. പുറത്തുവന്നതും മനസ്സിൽ ദേഷ്യം എല്ലാത്തിനോടും. ഒരാഴ്ച ക്ലാസ്സിൽ മാത്രം വന്നിരുന്നു. വീട്ടിൽ മുറിക്കകത്ത് അടച്ചുപൂട്ടി മിണ്ടാതെ കുറെ ദിവസം. പതുക്കെ എല്ലാം പഴയപടി. ക്ലാസ് കഴിഞ്ഞു സ്ഥിരം സമയത്തു പഴയ പുസ്തകം കൊടുക്കാൻ ലൈബ്രറിയിൽ കയറി. രജിസ്റ്റർ മനഃപൂർവം മറിച്ച് നോക്കിയില്ല. അവിടെയിരുന്നു വായിക്കാനുള്ള മനസ്സു മടുത്തപോലെ,സൈൻ ചെയ്തു പുറത്തേക്കുവന്നു.

“എടോ.. ” തൂണിനോട് ചാരി ഹരി നിൽക്കുന്നു.

ഒരു മാസം ? അല്ല.. അതിൽക്കൂടുതൽ. എനിക്ക് ദേഷ്യവും സങ്കടവും.

“ക്ലാസ്സിൽ വരുന്നില്ലേ.. “
“ഉവ്വ് “. ഞാൻ തലതാഴ്ത്തി.
“ഇവിടെ കണ്ടതേയില്ല..കുറെ നാളായിട്ട്. “
ഞാനൊന്നും പറഞ്ഞില്ല.

ഹരി അടുത്ത് വരുന്നൂ എന്ന് തോന്നിയതും ഞാൻ മുന്നോട്ടു നീങ്ങി. എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അയാൾ ഗോവണിക്കു കീഴെക്കു കൊണ്ടുപോയി. ഞാൻ എതിർത്തില്ല.. ഇരുണ്ടയിടം. എനിക്ക് ഏറ്റവും പേടിയുള്ളയിടം. അവിടെ ഭിത്തിയിൽ ചേർത്തുനിർത്തി കൈയെടുത്തുമാറ്റി. പിന്നോട്ട് രണ്ടുപടി മാറിനിന്നു.

മുകളിലെ ജനാലയിൽ നിന്നുമുള്ള സായാഹ്നസൂര്യൻ. അയാൾ എന്നെത്തന്നെ നോക്കുന്നു.

“അച്ഛനു വയ്യ. അമ്മ പോയതിൽ പിന്നെ ആരോടും മിണ്ടാറില്ല. അവർ രണ്ടാളും ഒരുപാട് സമയം ആ പാർക്കിലും അടുത്ത അമ്പലങ്ങളിലും പോയിരിക്കാറുണ്ടായിരുന്നു. അച്ഛൻ… പലപ്പോഴും ഓർക്കാറില്ല അമ്മയില്ലാ എന്ന്. അന്ന് കൊണ്ടുത്തന്ന ബാഗിൽ അമ്മയുടെ താലിയും ആഭരണങ്ങളുമൊക്കെയുണ്ട്. അതുമായി പറയാതെ ചിലപ്പോൾ ഇറങ്ങിപ്പോകും വീട്ടീന്ന്. കൂടെ ചെന്നാൽ ഇഷ്ടമല്ല. ഞങ്ങൾക്ക് വീട്ടിൽ വേറെ ആരുമില്ല. ലൈബ്രറി രജിസ്റ്ററിലെ ഇയാൾടെ സമയം മാറിയത്കൊണ്ടല്ല.. കുറെക്കാലമായി കാണുന്നു സന്തോഷത്തോടെ പുസ്തകങ്ങൾ വായിച്ച് ഒറ്റക്കിരിക്കുന്നത്. പെട്ടെന്ന് മാറിയപ്പോൾ എന്തോപോലെ. “

“ഇത് പറയാനാണോ ഈ കോളേജിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലത്തു കൊണ്ടുവന്നു നിർത്തിയത്.. ?” എനിക്കു വേറെയൊന്നും നാവിൽ വന്നില്ല.

“ഇവിടെയെന്താ കുഴപ്പം.. ?”

“കുഴപ്പം ഒന്നൂല്ല. ജെയ്ൻ ഓസ്ടിൻ റൊമാൻസ് ഒക്കെ ഫ്രീ ആയി കാണാം.”

ഹരി ചിരിച്ചു. എന്നിട്ട് അടുത്ത് വന്നു.
“ഞാൻ ഒരു ജെയ്ൻ ഓസ്ടിൻ ഹീറോ അല്ല.”

“അപ്പോൾ ശരിക്കും പേടിക്കണം. അല്ലെ “

“കുറച്ച്.. “

അങ്ങനെ, ഞാൻ വായിച്ച കഥകളിലും മനോഹരമായ ഒന്ന്.. ഞാനേറ്റവും ഭയപ്പെട്ടിരുന്ന ഒരിടത്തുവച്ച് തുടങ്ങി.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

5 thoughts on “ആരംഭം

  1. നല്ല എഴുത്ത്, ഇഷ്ടം ചേച്ചി
    തുടരുക, ഭാവുകങ്ങള്‍ നേരുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s