


2017 മാർച്ച് മാസം പന്ത്രണ്ടാം തീയതിയാണ് കെ കെ രാജീവ് എന്ന പ്രിയപ്പെട്ട സംവിധായകൻ “അയലത്തെ സുന്ദരി ” യുടെ കഥ പറഞ്ഞുതന്നത് . സമയമെടുത്ത് ഒരു ഫോൺ കോളിൽ കാവ്യലക്ഷ്മിയുടെ ജീവിതത്തിന്റെ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ 60 ശതമാനത്തോളം അദ്ദേഹം വിവരിച്ചു . തുടക്കം മുതൽ കഥ കേൾക്കുന്നതിനോടൊപ്പം സമാന്തരമായി മറ്റുചില കാര്യങ്ങൾ മനസിലൂടെ പോവുന്നുണ്ടായിരുന്നു .
‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പദ്മരാജൻ സർ എഴുതിയ നോവലിന്റെ ടെലിവിഷൻ ദൃശ്യാവിഷ്കാരം അമൃത ചാനലിന് വേണ്ടി ചെയ്തപ്പോൾ..സംവിധാനം രാജീവ് സർ ആയിരുന്നു. പക്ഷെ തിരക്കഥ സംഭാഷണമൊക്കെ പദ്മരാജൻ സർന്റെ മകൻ അനന്തപദ്മനാഭൻ ചേട്ടനും . അശ്വതി എന്ന കഥാപാത്രം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ് . പദ്മരാജൻ സ്ത്രീ സൃഷ്ടികളിൽ ഒന്നിൽ എന്നെ കാണാൻ കഴിഞ്ഞു എന്നതു തന്നെ വലിയ ഭാഗ്യവും .
രണ്ടാമതൊരു പ്രൊജക്റ്റ് ചെയ്യാൻ വിളിക്കുന്നുവെങ്കിൽ സ്വാഭാവികമായും അശ്വതിയോട് തോന്നിയതിനൊപ്പമെങ്കിലും അടുപ്പം എനിക്ക് തോന്നണം. രാജീവ് സർന്റെ പല പരമ്പരകളും പുനഃസംപ്രേക്ഷണം വഴിയാണ് കണ്ടിട്ടുള്ളത് . ഏറെക്കുറെ കണ്ടതെല്ലാം ഇപ്പോഴും മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ മൂന്നിലും ശ്രീവിദ്യ എന്ന അഭിനേത്രിയുടെ സാന്നിധ്യമുണ്ട് . അയലത്തെ സുന്ദരിയുടെ കഥ കേൾക്കുമ്പോഴും വിദ്യാമ്മ ചെയ്ത കുറെ രംഗങ്ങളാണ് മനസിലൂടെ പോയത് . പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോഴും പല ദിവസങ്ങളിലും എന്റെ മുന്നിൽ ചെറിയ ചിരിയോടെ താക്കീതോടെ ഞാൻ ചെറുതിലെ കണ്ട അവരുടെ പല രംഗങ്ങളും നിന്നു .
രാജീവ് സർ അദ്ദേഹത്തിന്റെ ആദ്യ പരമ്പര മുതൽ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ നടീനടന്മാരോടൊപ്പമാണ് പ്രവർത്തിച്ചിട്ടുള്ളത് . തിലകൻ സർ മുതൽ ഇങ്ങോട്ട് . ഇന്നും അവരുടെയൊക്കെ കുറവ് ഒരുപാടറിയുന്ന ഒരാൾകൂടിയാണ് അദ്ദേഹം . അങ്ങനെയുള്ള ഒരാളുടെ നാവിൽനിന്ന് എന്നെങ്കിലും നന്നായി അഭിനയിച്ചു എന്ന് കേൾക്കാൻ പറ്റുമോ എന്ന് ശങ്കിച്ചു തന്നെയാണ് ലൊക്കേഷനിൽ എത്തിയത് .
കാവ്യലക്ഷ്മി-
കഥ കേട്ടുതീർന്ന നിമിഷം മുതൽ ഇതെഴുതുന്നത് വരേയും.. കാവ്യ എന്ന സ്ത്രീ എനിക്കൊരു മനോഹരമായ കടംകഥയാണ് . ഞാൻ ഇന്നേവരെ ഉത്തരം കണ്ടുപിടിക്കാൻ തുനിഞ്ഞിട്ടില്ല . പക്ഷെ കുരുക്കുകൾ ഓരോന്നായി അയച്ചും മുറുക്കിയും ശ്വാസം മുട്ടിയും നിലയില്ലാക്കയത്തിൽ മുങ്ങിത്താണും പ്രണയച്ചുഴിയിൽ നിസ്സഹായയായി ജീവിതം ഹോമിച്ച കാവ്യ . നിശബ്ദത തെറ്റായി മാറിയപ്പോഴും വിവാഹത്തിലും കുടുംബത്തിലും വിശ്വസിച്ച സ്ത്രീ . കുടുംബം തകരും എന്ന് വന്നപ്പോൾ ഒരിക്കൽ മനസ്സു പകുത്തു കൊടുത്തവനെ ഇല്ലാതാക്കാൻ വരെ തുനിഞ്ഞവൾ. ഒടുവിൽ പ്രണയമില്ലാത്ത ബഹുമാനമില്ലാത്ത വൈവാഹികജീവിതത്തിന് അടിവരയിട്ടുകൊണ്ട് തോറ്റുപിൻവാങ്ങി മറഞ്ഞവൾ .ചെയ്ത ഒരേയൊരു തെറ്റ് ഒരാളെ പ്രണയിച്ചതാണ് .. അയാളെ ചെറുത്തുനിൽക്കാതിരുന്നതും. മറ്റൊരാളുടെ ഭാര്യയായ അന്നുമുതൽ ഭർത്താവിനെ മാത്രം മുന്നിൽ കണ്ടു ജീവിച്ചിട്ടും 17 വർഷങ്ങൾ അയാളുടെതല്ലാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി .. പിന്നീട് അതേ മനുഷ്യന്റെയും സ്വന്തം മക്കളുടെയും ചോദ്യങ്ങൾക്കു മുന്നിൽ ഉരുകിതീർന്ന കാവ്യ.
അതായത് തെറ്റുകൾ പറ്റിയ ജീവിതം .. ഒരിക്കൽ അബലയായിരുന്ന ഒരു പെണ്ണ് .. പക്ഷെ മക്കളിലൂടെ ജീവിക്കാൻ പഠിച്ചുതുടങ്ങി . തന്റെ തെറ്റുകൾ മക്കൾ ആവർത്തിക്കരുത് എന്നോർത്ത് അവരെ അമിതമായി നിയന്ത്രിക്കുന്ന ഒരമ്മ . ഏതു നേരവും സേതുമാധവനെന്ന ഇന്നിന്റേയും ജയറാമെന്ന ഇന്നലെയുടെയും ഇടയിൽപ്പെട്ടു ശ്വാസം മുട്ടുന്ന ജന്മം .
കഴിഞ്ഞ ഒരുവർഷം വേറെയൊരു പ്രൊജക്റ്റും ചെയ്യാതെ കാവ്യയായി മാത്രം . തിരുവനന്തപുരത്തെ സൗത്ത്പാർക്ക് എന്ന ഹോട്ടലിൽ ഞാൻ ചെക്ഇൻ ചെയ്തിട്ട് ഇതുവരെയ്ക്കും ഏകദേശം 11 മാസങ്ങൾ . ഭർത്താവും അച്ഛനും അമ്മയുമൊക്കെ അവിടേയ്ക്കു വന്നു കണ്ടുതുടങ്ങി . പതുക്കെ ഒരു ഹോട്ടൽ മുറി വീടായി മാറി. ആദ്യത്തെ മൂന്നാലുമാസങ്ങൾ പെട്ടെന്ന് പോയി. അതിനുള്ളിൽ ഒരുപാട് നല്ല രംഗങ്ങൾ . എല്ലാ ദിവസവും എപ്പിസോഡ് കഴിഞ്ഞാൽ നിരവധി മെസ്സേജുകൾ . കഴിഞ്ഞ വർഷം രണ്ടു മാസങ്ങൾ ആരോഗ്യം മോശമായി . ചികിത്സയും അതേ ഹോട്ടൽ മുറിയിൽ .
പലദിവസങ്ങളിലും ആ മുറിയും ചുറ്റുപാടും പുറത്തു നോക്കിയാൽ കാണുന്ന പള്ളിയും കുരിശും നീലാകാശവും പിന്നെ നിശബ്ദതയിൽ നിൽക്കുന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇന്ന് അയലത്തെ സുന്ദരി സംപ്രേക്ഷണം അവസാനിക്കുന്നു . രാജീവ് സർ ,പ്രൊഡ്യൂസർ ജയപ്രകാശ് സർ , ക്യാമറമാൻ ജോയ് ച്ചായൻ അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റസ് , കോസ്റ്റ്യൂം – മേക് അപ്പ് ഡിപ്പാർട്മെന്റ് ,ആർട് , ലൈട്സ് , പ്രോഡക്ഷൻ പിന്നെ പോസ്റ്റ് പ്രൊഡക്ഷൻ ടീം . എല്ലാവർക്കും സ്നേഹം ,നന്ദി . കൂടെ അഭിനയിച്ചവർ എല്ലാവർക്കും ഒരുപാട് നന്ദി .
ഉറങ്ങാതെ 24 മണിക്കൂർ ചിത്രീകരണം നടന്ന നിരവധി ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് . ലൊക്കേഷനിൽ നിന്നു ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോയി അവിടെനിന്ന് തിരിച്ചു ഷൂട്ടിങിന് പോയ ദിവസങ്ങളും . ഇത്രയധികം കഠിനാദ്ധ്വാനമാവശ്യമായി വന്ന പ്രൊജെക്ടുകൾ കുറവാണ് . പക്ഷെ എല്ലാറ്റിനുമൊടുവിൽ,രാജീവ് സർ കഥ പറയാൻ വിളിച്ചപ്പോൾ ഞാൻ അകലെ നോക്കികണ്ട കാവ്യലക്ഷ്മിയുടെ ഉള്ളും ഉയിരും ഇപ്പോൾ എനിക്ക് സ്വന്തമാണ് . ഒരു ജീവിതം കഥയായി കേട്ടത് ജീവിച്ചു കഴിഞ്ഞു .
ഒരു കെ കെ രാജീവ് പരമ്പര , ഞാനെന്ന അഭിനേത്രിയിൽ ഒരുപാട് തെളിച്ചം വരുത്തി.. അതിനോടൊപ്പം കഴിഞ്ഞ വർഷം സമാന്തരമായി എന്നിലെ സ്ത്രീയും പാകപെട്ടിട്ടുണ്ട് .
അടുത്തതെന്താണ് എന്നറിയില്ല ! അതുവരെയ്ക്കും മനസ്സുനിറയുന്ന നിശബ്ദത .
Hi Super..God bless you..
a very good observation,
All the very best.
Rammohan
Valare nanayitund
Wishing you the very best in your multifaceted roles, be it as a writer or as an actress…
സ്നേഹം നിറഞ്ഞ ആശംസകൾ.
മുഴുവൻ എപ്പിസോഡും കാണാൻ കഴിഞ്ഞിട്ടില്ല . മിക്കതും കാണാൻശ്രമിക്കാറുണ്ട് . കെ കെ രാജീവിന്റെ പരമ്പരകൾ ഒന്നും ഒഴിവാക്കാറില്ലായിരുന്നു .
എല്ലാ ആശംസകളും ….
Excellent Kavitha G waiting for your next…. lesham sankadam thonni aa hotel room vittu povaanallo ennorkumbo 😔😔
Hai kavitha garu How r you Buityfull Devatha
എല്ലാ വിധ ഭാവുകങ്ങളും ഞാൻ ചേച്ചിക്ക് നേരുന്നു…
Excellent acting.Each and everyone.
Excellent work.Anyhow all the best for your future endeavors.keep on smiling Always.Convey my gratitude and regards to all the co stars.Good night.
ഒരു പ്രൊജക്റ്റ്ന്റെ കൂടെ ആദ്യം മുതൽ ക്ലൈമാക്സ് വരെ യാത്ര ചെയ്ത അനുഭവം. നന്ദി.
Pathmarajan സർ ന്റെ ഇന്നലെയുടെ രണ്ടാം ഭാഗം പോലെ തോന്നി വായിച്ചപ്പോൾ…
Watched from the first episode till the last. Have never missed any of KKR’S serials. Like all other serials Ayalathe Sundari also came to it’s best. All the actors and actresses did their roles very well, though the ending felt little sad with Sethu’s death….. Hats Off to the entire team. Many heart touching scenes were there mainly the Sethu-Kavya combination scenes. Hoping to see yet another superb work of KKR at the earliest. This year’s television awards for Yadu and Kavya for sure….
As you know i am a regular viewer of your show. It was fantastic, not like the normal serial flow.. It was something different, like feeling a real life…. And you… No words.. Just fabulous! God bless you.