Posted in Malayalam Stories, people, places, Scribblings, Short Stories, writer

വിഭൂതി

images (3)

സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .

ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .

എന്തിന് പുറത്തേക്കു വന്നു ?

ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?

ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?

ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .

***

അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .

ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .

എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി

വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .

ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .

പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..

അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .

വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .

ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .

വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !

ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .

ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോൾ വല്യച്ഛൻ ലോട്ടറിയടിച്ച സന്തോഷത്തിലാണ് എന്നെംകൊണ്ട് ദീപാരാധന തൊഴാൻ കൊണ്ടുപോയത് .

പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .

അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .

“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”

“എന്താ വല്യച്ഛാ ..”

“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”

“വരാല്ലോ , എന്തേ.. ?”

“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”

“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”

ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .

എനിക്കു ചിരിയൊതുക്കാൻ പറ്റിയില്ല .

“വല്യച്ഛൻ ഇത്രെം ഒരുങ്ങിക്കാണുന്നത് ഞാനിതാദ്യമായിട്ടാണല്ലോ”

“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”

“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”

ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .

സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .

“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”

***

ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..

***

രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .

ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .

പോർട്ടിക്കൊവിൽ വെള്ളവിരിപ്പിൽ ഉറങ്ങിക്കിടക്കുന്ന വല്യച്ഛന് ഒരു മാറ്റവുമില്ല . ശാന്തമായി .. ചെറുചിരിയോടെ.. തനിയേ ..

അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .

ഞാൻ വീടിനുള്ളിലേക്ക് നടന്നു .

എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .

“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”

“അങ്ങേർക്ക് ഒരു മകളില്ലെ ..”

“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”

“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”

പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .

വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .

ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..

മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .

ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .

അവിടുന്നനങ്ങാൻ തോന്നുന്നില്ല .

അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .

“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”

കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .

ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .

“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .

ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .

“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”

അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .

കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .

അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .

Author:

Actor:Author:Blogger:TelevisionHost:Woman. ❤

39 thoughts on “വിഭൂതി

  1. ബന്ധങ്ങളുടെയും ഗ്രാമത്തിന്റെയും അവിടുത്തെ നന്മയുടെയും സ്നേഹത്തിന്റെയും ചിത്രം വരച്ചപോലെ ഉണ്ട്…… 👌👌👌👌👌👌

  2. വിഭൂതിയുടെ ചൂടും തണുപ്പും ഉടലാഴങ്ങളിൽ ഒരുമിച്ച് അറിയുന്ന ചില നേരങ്ങളെ ഇവിടെ കണ്ടു… ❤❤❤

  3. It was nostalgic upto it’s core. After 10th std, SSLC, i had a desire in my mind to read novels & biographies which are nostalgic in nature thereby reviving that feeling in me. But it didn’t happened (due to various reasons). When i read your “Vibhuti” it initiates that feeling in me which i sought 23 years back. I read almost every thing you wrote which i came across, but this is the most touching one (according to me). I will be happy if you reply back through email..

  4. പകരം വെക്കാനില്ലാത്ത സ്നേഹ ബന്ധങ്ങള്‍….

    നല്ല എഴുത്ത്👌👌

  5. Chechi nose ring ishtayi. Puthiya kadha vaayichu. Ishtangal koodi varunnu chechiyod… Malayalathil kavithakal vaayikan agraham und chechi. God bless you dear

    1. മലയാളത്തിൽ കവിതകൾ എഴുതുന്നത് വളരെ കുറവാണ്‌ .. ശ്രമിക്കാം കേട്ടോ .. 🙏

  6. Ineem enthokeyo nadannitund muzhumipikaadhe paranjhu nirtjiya pole und ….
    god bless you… valyachante muriyil njhanum irikunna oru feel …..😊🙏🏻

  7. 💞 നന്നായിട്ടുണ്ട്,

    ഒരു ബന്ധം ഓര്‍മ ആകാൻ വല്യ സമയം വേണ്ട എന്ന് പറയാതെ പറഞ്ഞു എന്റെ സഹോദരന്റെ വേര്‍പാട്.

    ചില ബന്ധങ്ങൾ അങ്ങനെയാണ്…
    മഴ പോലെ ആദ്യം ആർത്തലച്ച്
    പെയ്തിറങ്ങും…

    മനസ്സിൽ പുതുനാമ്പുകൾ വിതറും
    പിന്നെ പതിയെ അത്
    പെയ്തൊഴിഞ്ഞു പോകും
    ഒരുപാട് ഓർമ്മകൾ നൽകി…

  8. വായിച്ചപ്പോൾ എനിക്ക് എന്റെ അമ്മമ്മേ ഓർമ്മവന്നു . വിഭൂതിയുടെ മണമുള്ള ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി

  9. ഒരു നിമിഷം ആ വല്യച്ഛന്റെ മുറിയിൽ എന്ന പോൽ ….വിഭൂതിയുടെ മണം വായുവിൽ പടരുന്ന പോൽ. ആയുർവേദ ഡോക്ടറായിരുന്ന എന്റെ വല്യച്ചനെ ഓർത്തുപോയ്

  10. വളരെ യാദ്രിശ്ചികമായാണ് ഈ പേജിൽ എത്തിയത്.
    നല്ലെഴുത്ത്…!!! കൂടുതൽ എഴുതുക… ആശംസകൾ നേരുന്നു .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s