നൂറുനൂറു വർഷങ്ങൾക്കു മുന്നൊരുദിവസം അഗസ്ത്യതടാകത്തിന്റെ കരയിൽ ആളൊന്നുമില്ലാത്ത നേരത്ത്, മലകൾ കടന്നുവരുന്ന പടിഞ്ഞാറൻ കാറ്റ്കൊണ്ട് ആദിനാഥൻ നിന്നു. ബലിഷ്ഠ്മായ കരങ്ങളിൽ കരിങ്കൽചീളുകൾ ആഴത്തിലും അല്ലാതെയും പാകിയ മുറിവുകൾ . നീട്ടിവളർത്തിയ ചുരുണ്ടമുടിയിൽ പാറപ്പൊടിയും നുറുങ്ങുകരിയിലക്കഷ്ണങ്ങളും. ഭുജത്തിലും തുടകളിലുമായി അയാൾ കൊത്തിയുണ്ടാക്കുന്ന ശിൽപ്പങ്ങളെ അനുസ്മരിപ്പിക്കുംമാറ് നിയതരൂപമുള്ള പേശികൾ.
ചാലൂക്യസാമ്മ്രാജ്യത്തിലെ പുകൾപെറ്റ വാതാപി ശിൽപ്പങ്ങളിൽ രതിയുടെ വിചിത്രകല്പനകൾ നിറയ്ക്കുന്നവൻ പക്ഷേ തനിച്ചാണ്. അതിസുന്ദരനിമിഷങ്ങൾ കൊത്തിയെടുത്ത് സൂക്ഷ്മമായി നോക്കിയതിനു ശേഷം നീട്ടിയൊരു ശ്വാസമെടുത്ത് കല്ലിലേയ്ക്കൂതും. വെളുത്ത പാറപ്പൊടിയിൽ അയാളുടെ മുഖവും ശിൽപ്പം കണക്കേ..
എല്ലാവരും പൊയ്ക്കഴിയുമ്പോൾ ഇന്നെനിക്ക് അടുത്തുപോകണം , സംസാരിക്കണം . ഞാൻ സന്ധ്യ കഴിയാൻ നോക്കി നിന്നു. പതിവുപോലെ തടാകക്കരയിൽ കാറ്റ് വീശിയടിച്ചുതുടങ്ങി.
ആദിനാഥൻ കരിമ്പടം പുതച്ചുകൊണ്ട് മലയിറങ്ങി. അടുത്തെത്തുംതോറും എന്റെ വയറ്റിൽ എന്തൊ ഒരു പ്രതിഭാസം . ആണിനെ കാണുന്നത് ആദ്യമായിട്ടല്ല.. പള്ളിക്കൂടത്തിൽ പോകാൻ തുടങ്ങിയതുമുതൽ ആണെന്ന വർഗ്ഗത്തിന് ഞാൻ ഏറേ പ്രിയങ്കരിയാണല്ലോ .. നീണ്ട മുടിയിലും ആകാരവടിവിലും കൂർത്തനോട്ടങ്ങളിലും അഭിമാനിക്കാത്ത ദിവസങ്ങളില്ല . പിന്നീടതേ കാര്യങ്ങൾ മടുപ്പായി,എങ്കിലും ധൈര്യം സംഭരിച്ച് , അയാൾക്കരികിലെയ്യ്ക്ക് നടന്നു .
ഉരുളൻ കല്ലുകൾക്ക് മീതെ തൊട്ടുപിന്നിൽ ചെന്നുനിന്നിട്ടും എന്റെ നിശ്വാസമോ സാന്നിധ്യമോ ആദിനാഥൻ അറിഞ്ഞില്ല . നന്നായി .. പതുക്കെ കുനിഞ്ഞ് ഒരു വലിയ കല്ലെടുത്ത് തടാകത്തിലെറിഞ്ഞു . ഇപ്പോൾ തിരിഞ്ഞുനോക്കുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി! ശുൺഠിപിടിച്ച് നേരേപോയി മുന്നിൽ നിന്നു ചോദിച്ചു.
“ കേൾവിക്കുറവുണ്ടല്ലേ ..”
മുഖത്ത് തെറിച്ചുവീണ ജലകണികകൾ തുടച്ചുമാറ്റിയിട്ട് ഒട്ടും ഭാവവ്യത്യാസമില്ലാതെ അയാളെന്നെ നോക്കി.
“ ഏറെ ദൂരെനിന്നു കാണാൻ വന്നതാണ് , വിരോധമില്ലെങ്കിൽ അല്പസമയം ഞാനിവിടെ കൂടെ നിന്നോട്ടേ” . മര്യാദകലർത്താൻ ഞാൻ വളരെയധികം പ്രയാസപ്പെട്ടു.
“ എനിക്ക് കേൾവിക്കുറവില്ല.. സമാനമായ അനുഭവങ്ങൾ പതിവാണു”
“ അറിയാം . പക്ഷെ ഞാൻ ഈ ദേശക്കാരിയല്ല . വേറേയൊരു കാലത്തുനിന്നും വന്നതാണുതാനും . എന്നെ പതിവുകാരേപ്പോലെ കാണരുത് . അൽപ്പം കഴിഞ്ഞ് ഞാൻ പൊയ്ക്കൊള്ളാം . പിന്നെയൊരിക്കലും വരില്ല” എന്റെ ശബ്ദമിടറി .
“ ഇപ്പൊഴെങ്ങിനെ വന്നു”
“ പിന്നീട് പറയാം”
“ എന്നിൽ നിന്ന് എന്താണറിയേണ്ടത് ..”
“ ചോദിക്കാമല്ലോ, അതിനുമുൻപ് ഈ കാറ്റുംകൊണ്ട് തടാകത്തിലേയ്ക്കു നോക്കി കുറച്ചു നേരം നമുക്കിവിടെയിരിക്കാം ?”
അനുസരണയോടെ അയാളിരുന്നു .
ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രമൊഴുകുന്ന നിശബ്ദതയിൽ, മലയിടുക്കുകൾക്കിടയിലുള്ള തടാകത്തിൽ ചന്ദ്രനുദിച്ചുനിന്നു.
“ ഇവിടെയിരിക്കുമ്പോൾ മുന്നിലുള്ള തടാകം കാണാറുണ്ടോ”
“ഇല്ല”
“ പിന്നേ?”
അയാൾ ചിരിച്ചു.
“ ആദ്യം എങ്ങിനെയിവിടെ വന്നൂ എന്നു പറയൂ ..”
“ കുറേ വർഷങ്ങളായി ഒരോ പ്രണയകാലത്തും ഞാൻ ഈ ദേശം സ്വപ്നം കാണാറുണ്ടായിരുന്നു . ഒരോതവണയും നിങ്ങളോട് അടുത്തുവരുമ്പോൾ പ്രണയമെന്നെ തട്ടിയുണർത്തും . ഒരു വിളിയ്ക്കും ഈ പാറക്കെട്ടുകൾക്കുമപ്പുറം നിങ്ങളില്ലാത്ത കാലത്ത് വേറെയൊരു മെത്തയിൽ ഞാൻ ഉണർന്നിരിയ്ക്കും . ഇത്തവണ ഭാഗ്യവശാൽ ഇതുവരെ എത്തപ്പെട്ടു . ഈ പറയുന്നതൊക്കെ മണ്ടത്തരമാണെന്നു തോന്നിയാലും സാരമില്ല . പക്ഷേ സത്യമതാണ് .”
ആദിനാഥൻ എന്നെത്തന്നെ നോക്കിയിരുന്നു .
“ എനിക്കു പേരറിയാം. ഇവിടുള്ളവരുടെ സംസാരത്തിൽനിന്ന് പലതും കേട്ടിട്ടുണ്ട് . കൊത്തിവച്ച പലരൂപങ്ങളൂം കണ്ടിട്ടുമുണ്ട് . എനിക്കു കുറച്ചുനേരം കൂടെയിരുന്നാൽ മതി . എന്തെങ്കിലുമൊക്കെ വർത്തമാനം പറയാം .”
എന്നോടയാൾ അനാഥബാല്യത്തേക്കുറിച്ചുപറഞ്ഞു . അടുത്തുള്ള ഗ്രാമത്തിലെ ശിവക്ഷേത്രത്തിനു മുന്നിൽനിന്ന് ഗുരു കണ്ടെടുത്തുവളർത്തിയതാണെന്നും ജീവിതത്തിൽ ആകെയൊരു ബന്ധം അതുമാത്രമാണെന്നും പറഞ്ഞു .”
“ സ്ത്രീകളോട് ഇത്ര അകൽച്ച എന്തുകൊണ്ടാണ് ?”
“ മുലപ്പാലിനു പകരം ജലധാര കഴിഞ്ഞുവരുന്ന തീർഥം കുടിച്ചുവളർന്നതുകൊണ്ടാവും .”
“ അപ്പോൾ കാമവേളകൾ അതിസുന്ദരമായി കൊത്തിവയ്ക്കുന്നതോ ?” എനിക്കു സംശയം തീരുന്നില്ല .
“ പഠിച്ചതു പകർത്തുന്നു”
“ പ്രണയാഭ്യർഥനകൾ നിരന്തരമായി നിരസിക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടെന്നേ ആളോൾ പറയൂ .”
“ പറഞ്ഞോട്ടേ .. തനിച്ചു ജീവിക്കുന്നതിൽ എന്താണ് തെറ്റ് ?”
ഞാൻ നിറയെ ചിരിച്ചു.
“അതെനിക്കറിയില്ല .. ഞാൻ തനിച്ചല്ലല്ലോ !”
“അതും നല്ലത് . അപ്പോൾ നിങ്ങളുടെ പുരുഷനേപ്പറ്റി പറയൂ .. കേൾക്കട്ടെ”
“എനിക്ക് ഒരുപാട് സ്നേഹബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് . കളിക്കൂട്ടുകാർ , സഹപാഠികൾ , അകന്നബന്ധുക്കൾ.. ഒന്നും അധികം നാൾ നിലനിന്നില്ല . വളർന്നപ്പോൾ എനിക്കേറ്റവും ചേരുന്ന ആൾക്കുവേണ്ടിയായി തിരച്ചിൽ . നക്ഷത്രങ്ങൾ കണ്ടുതീരുമാനിച്ച ഒരാളുമായി അധികം താമസിയാതെ എന്റെ വിവാഹം കഴിഞ്ഞു . ഞങ്ങൾ ഒരുമിച്ചുറങ്ങി . അന്നതിരാവിലെയാണ് ആദ്യമായി ഞാനീ ദേശത്ത് വന്നെത്തിയത് . എനിക്കു പരിചയമില്ലാത്ത ഭൂമിയും മനുഷ്യരും . അങ്കലാപ്പു മാറിയപ്പോഴേക്കും മനസ്സിലായി കാലമൊരുപാട് പിറകിലേയ്ക്കു വന്നെന്ന് . രാത്രിയായപ്പോൾ പങ്കപ്പെട്ട് പാറക്കൂട്ടങ്ങൾ കയറി ഒരിടത്തുവന്നപ്പോൾ നിങ്ങളേക്കണ്ടു . ദൂരെനിന്നു കുറേനേരം നോക്കിനിന്നു . ആരെയോ തേടിനടന്നു കണ്ടതുപോലെ . ഒരടി മുന്നോട്ടുവച്ചതും കരിങ്കൽചീളുകൾ വലതുപാദത്തിൽ ആഴ്ന്നുകയറി . നിയന്ത്രണം വിട്ടു ഞാൻ താഴേയ്ക്കു പതിച്ചു . നിലവിളികേട്ടതും ദുസ്വപ്നം കാണുയാണെന്നു കരുതിയ അദ്ദേഹമെന്നെ തട്ടിയുണർത്തി .”
ഇത്രനേരവും ആരൊ കബളിപ്പിക്കാൻ വന്നിരിക്കുന്നുവെന്ന് വിശ്വസിച്ചിരുന്ന ആദിനാഥന്റെ ഹ്രുദയമിടിപ്പു കൂടി. അകലെയുള്ള ക്ഷേത്രത്തിനുമുന്നിൽ ത്രിപുരവാദ്യങ്ങളോടെ പതിനെട്ടുഹസ്തങ്ങളുമായി ആനന്ദന്രുത്തം ചവിട്ടുന്ന നടരാജമൂർത്തി . രാസക്രീഡകൾ മാത്രം കൊത്തിശീലിച്ച തനിക്ക് ആദ്യമായി കിട്ടിയ വലിയ അവസരം . ഇരുവശങ്ങളിലുമായി ഗണപതിയേയും നന്ദിയേയും കൊത്തിയെടുത്ത് നടരാജമൂർത്തിയുടെ പാദങ്ങൾ മിനുക്കിയെടുക്കവെ ഒരു സ്ത്രീയുടെ അലർച്ചകേട്ടു. ഓടിയിറങ്ങി പരിസരമാകെ നോക്കി . ആരുമില്ല . തിരികെച്ചെന്നപ്പോൾ മനസ്സിലായി നിലവിളിയോടൊപ്പം മൂർത്തിയുടെ പെരുവിരലും താഴേയ്ക്ക് വീണിരുന്നുവെന്ന്.
ചുറ്റിനുമുള്ള ഇരുട്ടുമുഴുവനും കണ്ണുകളിലേയ്ക്കു വന്നുകയറി . ആദ്യമായി വന്ന കൈപ്പിഴയാണ് . അതിനു മാപ്പില്ല . ഇനിയൊട്ട് ദേവതകളെ കൊത്തിയെടുക്കാനും തന്നെ ആരുമേൽപ്പിക്കില്ല . പുലരുന്നതുവരെ തടാകക്കരയിലിരുന്നു . തിരിച്ചു മലകയറിവരുമ്പോൾ പാറക്കൂട്ടങ്ങൾക്കിടയിൽ ഉദയകിരണങ്ങൾ കണ്ണുകളിലേയ്ക്ക് പ്രതിഫലിപ്പിച്ചുകൊണ്ട് എന്തോ കിടക്കുന്നതു കണ്ടു . കറുത്തചരടിൽ കോർത്ത , പെരുവിരലിനോളം വലിപ്പമുള്ള ഒരു വെള്ളിത്താമര.
“ ഞാനീപ്പുലമ്പുന്നതു വല്ലതും കേൽക്കുന്നുണ്ടോ ?”
തടാകത്തിൽ ആഴ്ന്നിറങ്ങിയ കണ്ണുകളെ തിരികെവലിച്ചുകയറ്റിക്കൊണ്ട് ആദിനാഥൻ മൂളി .
“ പിന്നീട് വന്നപ്പോഴൊക്കെ ആളുകൾ അടുത്തുണ്ടായിരുന്നു . ദൂരെനിന്നു നോക്കിനിൽക്കും, അപ്പുറത്തുനിന്നും പുലർച്ചെ വിളി കേൾക്കും വരെ .” കഥ പറഞ്ഞുതീർന്ന ആശ്വാസമെനിക്ക് !
“ ഇനി വരില്ലാ എന്നു പറഞ്ഞതോ ?”
“ ഉം .. വരാൻ പറ്റിയെന്നു വരില്ല .”
“അതെന്തേ?”
“ഞങ്ങൾക്കൊരു കുഞ്ഞിനേ വേണം . ഞാനിങ്ങനെ ഭ്രാന്തിയേപ്പോലെ കാലങ്ങൾക്കിടയിൽ ഓടിനടന്നാലെങ്ങിനെയാ..! ഉദരത്തിലൊരാൾ വന്നുകഴിഞ്ഞാൽ എന്റെയീ മനസ്സും വിഭ്രാന്തികളും പൊയ്പ്പോയാലോ ..” പറഞ്ഞതും മാറുപൊട്ടുമാറുച്ചത്തിൽ ഞാൻ ചിരിച്ചു .
ആദിനാഥൻ എഴുന്നേറ്റു.
“ഇനി കുറച്ചു സമയമല്ലേയുള്ളൂ .. വരൂ ക്ഷേത്രം വരെ പോയ് വരാം .”
എനിക്കു സന്തോഷമായി . ആദ്യമായി ശിൽപ്പി പറഞ്ഞ കാര്യമാണ് .
എനിക്കു മുന്നേ പടികളിറങ്ങി കുറേയെത്തിയപ്പോൾ അയാൾ തിരിഞ്ഞുനോക്കി , നിലാവിന്റെ വെളിച്ചത്തിൽ അപരിചിതമായ വേഷത്തിലും അഴിച്ചിട്ട മുടിയിലും നിൽക്കുന്ന വിചിത്രരൂപത്തെ .
അഗസ്ത്യതീർഥത്തിൽ എന്റെ പാദങ്ങൾ മുങ്ങിപ്പൊങ്ങി . മിഴികളടച്ച് മുഖംകൂപ്പി നിന്നുപോയി ഞാൻ . ക്ഷേത്രത്തിലേയ്ക്കു പാറക്കെട്ടുകളും ഇടയ്ക്കിടെ പടികളും ഞങ്ങളൊരുമിച്ചു കയറി . രണ്ടുതവണ നിയന്ത്രണം തെറ്റി വഴുതിവീണ എന്നിലേയ്ക്ക് ബലിഷ്ഠ്മായ കരങ്ങൾ മടിയോടെയെങ്കിലും നീണ്ടുവന്നു .
സന്ദേഹം കലർന്ന സ്നേഹമെനിക്കു പണ്ടേയിഷ്ടമല്ല .
ക്ഷേത്രപരിസരം പണ്ടെപ്പൊഴോ കണ്ടതുപോലെയെനിക്കുതോന്നി . അങ്കണവും വരാന്തയും നടപ്പുരയും കടന്ന് ശ്രീകോവിലെത്തി . കൽവിളക്കിലെ ദീപങ്ങൾ ഇടയ്ക്കിടെ ഓടിയെത്തുന്ന കാറ്റിനോട് മല്ലിട്ടുനിന്നു . കുറേയടികൾ മുൻപിലായിനിൽക്കുന്ന ആദിനാഥൻ കരിമ്പടമഴിച്ചു മാറ്റി , ശങ്കരമൂർത്തിയ്ക്കു മുന്നിൽ തൊഴാതെ നിന്നു .
എന്റെ പാദങ്ങളിൽ തണുപ്പരിച്ചുകയറാൻ തുടങ്ങി . ശിൽപ്പി എന്നിലേയ്ക്ക് തിരിഞ്ഞുനടന്നു . അത്രയടുത്ത് നിൽക്കുന്നത് ആദ്യമായിട്ടാണ് . മുന്നോട്ടാഞ്ഞ് എന്റെ മുഖത്ത് കൈകൾചേർത്തുപിടിച്ച് കണ്ണുകളിൽ നോക്കി ഉരുവിട്ടു ..
“ നിധ്യായ മാനസദൃശാമുഹുരിന്ദുചൂഡം
മദ്ധ്യ സ്ഥിതാ രഹസി പഞ്ചഹുതാശനാനം ।
തത്താദൃശേന തപസാ ജഗദൺഡ്ഭാജാം
വിത്രാസദാത്രി പരിപാഹി സദാശിവേ!”
എന്റെ കൈകൾ അയാളുടെ കഴുത്തിലാകെ പരതി .. രുദ്രാക്ഷങ്ങൾക്കിടയിൽ എന്റെ വിരലുകളുടക്കി. ആടിയുലയുന്ന പ്രഭയിൽ അതാ കെട്ടിപ്പിണഞ്ഞുകിടക്കുന്നൂ വെള്ളിത്താമര !
“ വിശ്വാസമായല്ലോ” എന്റെ കണ്ണുകൾ നിറഞ്ഞു .
കാത്തിരിപ്പുകൾ കാലങ്ങൾ കടന്ന് കണ്ടുമുട്ടുന്നതുപോലെ എന്റെ പൊരുൾ അവിടെച്ചേർന്നു .
***
പിന്നീട് ഞാൻ ഒരിക്കൽക്കൂടി അവിടം കണ്ടു . പ്രിയപുരുഷനും പുത്രനുമൊപ്പം നൂറുനൂറു വർഷങ്ങൾ കഴിഞ്ഞ് .
അഗസ്ത്യതീർഥത്തിൽ ഇറങ്ങി മുകളിലേയ്ക്കു നോക്കിയപ്പോൾ സൂര്യനസ്തമനത്തോടടുക്കുന്നു . അദ്ദേഹത്തിന്റെയും മകന്റെയും കൈകൾ പിടിച്ച് ക്ഷേത്രത്തിലെത്തി . വാതിൽക്കൽ നടരാജമൂർത്തി – താമരയ്ക്കു മുകളിൽ ആനന്ദന്രുത്തമാടുന്നു.. അകത്തു കയറിയപ്പോൾ ശിവപാർവതീ സ്തോത്രം കേട്ടിടത്ത് അർധനാരീശ്വരൻ . യുഗങ്ങൾ പലതു പിറവികൊണ്ടെങ്കിലും എനിക്കുകാണുവാനായി നിലകൊണ്ട ശിൽപ്പങ്ങൾ ചുറ്റിനും . കൊത്തിവച്ച പരമപുരുഷന്റെ പ്രണയപാരിതോഷികം .
കവിത നായർ
22/08/2016
(This story was published in the book, an anthology, “Ente Purushan” edited by Honey Bhaskaran)