
“I have a room booked from today onwards”
“Your good name mam”? റിസെപ്ഷനിസ്റ് പുഞ്ചിരിയോടെ ചോദിച്ചു.
“അശ്വതി ആർ മേനോൻ”
“Alright mam, for four nights right? Please fill this up, room is ready for you”
“താങ്ക്സ്”.
മുറിയിലെത്തി പെട്ടിയും ഹാൻഡ്ബാഗും മേശമേൽ വച്ച് , കൈയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് റൂംബോയ്ക്കു കൊടുത്തു വിട്ടു. ഒരു മുപ്പതുകാരിയുടെ ബ്രീഫ്കേസ് എന്ന് തോന്നില്ല, മറിച്ച് ഏതോ തീർത്ഥാടനത്തിനിറങ്ങിയ ആളുടെ സാമഗ്രികളേപ്പോലെയേ തോന്നുള്ളൂ. പക്ഷെ എത്തിയിരിക്കുന്ന സ്ഥലം ഗോവയാണ്. ഒരു ഡെസ്റ്റിനേഷൻ കല്യാണം, കൂടെ ജോലി ചെയ്യുന്ന രണ്ടു പേരുടെ. അഞ്ചു കൊല്ലമായുള്ള ഓഫിസ് സൗഹൃദം. അവരുടെ പ്രണയത്തിന്റെ ആദ്യകാല സാക്ഷി. അതുകൊണ്ടുതന്നെ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. ബോംബെയിൽ നിന്ന് ഇടയ്ക്കിടെ ഓഫീസ് പാർട്ടികൾക്ക് വന്നിട്ടുള്ള സ്ഥലമായതുകൊണ്ട് അപരിചിതത്വം തീരെയില്ല. പല ബീച്ചുകളും, ഹോട്ടലുകളും പരിചിതം. അവർ താമസിക്കുന്ന നക്ഷത്രഹോട്ടലിൽ റൂം വേണ്ടായെന്നു പറഞ്ഞു കുറച്ചിപ്പുറം ചെറിയ ഒരു ബുട്ടീക് ഹോട്ടലിൽ താമസിക്കാം എന്ന് കരുതി. രണ്ടു പുസ്തകങ്ങളും നാലു ജോഡി ഡ്രെസ്സും അടിവസ്ത്രങ്ങളും നൈറ്റ് ഗൗണും. കൂടെ ജോലി ചെയ്യുന്ന പലരും എത്തുമെന്നുള്ളത് കൊണ്ട് വിവാഹചടങ്ങുകൾ ഏറെക്കുറെ ഓഫീസ് പാർട്ടികൾ പോലെയാവാനും സാധ്യതയുണ്ട്.
മൂന്നോ നാലോ ചടങ്ങുകളുടെ കാർഡുകൾ ഫോണിലും ബാഗിലുമുണ്ട്. ഓരോന്നിനും ഓരോ കളർ വേഷം വേണമത്രേ.
ആവണിയും അജിത്തും. ഏറെക്കുറെ ഒരേപോലെയുള്ള രണ്ടുപേർ. ഇഷ്ടങ്ങളും അനിഷ്ടങ്ങളും.. എന്തിന് കാണാൻ തന്നെ രൂപസാദൃശ്യമുള്ള വരനും വധുവും. ഇന്ന് വൈകുന്നേരം അവരുടെ ഹോട്ടൽ ലോണിൽ വച്ച് ബാച്ലർ പാർട്ടി. നാളെ മൈലാഞ്ചി , പിറ്റേന്ന് കല്യാണം അതു കഴിഞ്ഞ് ഒരു ദിവസം പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടും, സുഹൃത്തുക്കളുടെ കൂടെ ഒരു ഡിന്നറും. ആവണിക്ക് ഇത് വര്ഷങ്ങളുടെ പ്ലാനിംഗാണ്. അവരുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുക ശീലമായിപ്പോയി. സിനിമകളും ഗെറ്റവേകളും ഷോപ്പിംഗ് സ്പോട്ടുകളുമൊക്കെ അവരാണ് തെരഞ്ഞെടുക്കുക. കൂടെപ്പോയാൽ മാത്രം മതി.. ഇനിയങ്ങോട്ട് കണ്ടറിയണം. നാലു ജോഡി ഡ്രെസ്സുകളും പുറത്തെടുത്തു വച്ച് , നീളൻ ജനാലയ്ക്കു പുറത്തേക്കു നോക്കി. കുറച്ചുദൂരെ കടൽ ഉച്ചവെയിൽതട്ടിത്തിളങ്ങികിടക്കുന്നു. ആദ്യമായി ആ കടൽ കണ്ടതും ഇതുപോലൊരു നട്ടുച്ച നേരത്താരുന്നു.
തൂവെള്ള ഷിഫോൺ സാരിയിൽ തിളങ്ങുന്ന കല്ലുകൾ! ചില നേരങ്ങളിൽ ഇടുന്ന ഉടുപ്പുകളും മനസ്സും തമ്മിൽ ഒരു ചേർച്ചയും കാണില്ല. ചെറിയൊരു പൊട്ടും തൊട്ടു മുടി ചീകിയൊതുക്കി ഞാൻ കണ്ണാടിക്കു മുന്നിൽ നിന്നു. അച്ഛനും അമ്മയും ഇന്നലെയും വിളിച്ചു.. അമ്മാളു ന്യൂസിലാൻഡിൽ പഠിക്കുന്നു.. പലപ്പോഴും സംസാരിക്കുമ്പോൾ അങ്ങോട്ടേക്ക് ഒരു ജോലി ശരിപ്പെടുത്തി ചെല്ലാൻ അവളു പറയും.
പക്ഷേ..
ചില തീരുമാനങ്ങൾ.
ഒരു ടാക്സിയിൽ ചെന്നിറങ്ങുമ്പോൾ വളരെ ശാന്തമായി തോന്നിയ അന്തരീക്ഷം പാർട്ടി നടക്കുന്ന സ്ഥലമെത്തിയപ്പോൾ പാടേ മാറി. റീമിക്സ് പാട്ടുകളും ആളുകളും.. പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക്. സന്ധ്യ കഴിഞ്ഞതേയുള്ളൂ. അവിടെത്തന്നെയുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് എല്ലാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. തോരണങ്ങളും തൂക്കുവിളക്കുകളുമൊക്കെയായി ഭംഗിയാക്കിയിരിക്കുന്നു അവിടമൊക്കെ. അജിത്തും കുറെ കൂട്ടുകാരും കഴിഞ്ഞ മാസം തായ്ലാൻഡിൽ പോയി ഒരു ബാച്ലർ പാർട്ടി ആഘോഷിച്ചതാണ്. ഇതിപ്പോൾ ഇങ്ങനൊരു പാർട്ടിയിലും അതേ ആളുകളൊക്കെ ബഹളം വയ്ക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ജോൺ, കഴിഞ്ഞ വർഷം പുതുവർഷദിനത്തിൽ എന്റെ കൈയിൽ നിന്ന് ഒരടി ചോദിച്ചു വാങ്ങിയിട്ടുമുണ്ട്.
പരിചിതരാണ് ഏറെക്കുറെ എല്ലാവരും. അവരുടെ അടുത്ത കുടുംബക്കാരെ നിശ്ചയദിവസം കണ്ടിരുന്നു. ആവണിയുടെ അമ്മ അടുത്തേക്കോടി വന്നു.
“എന്റെ മോളെ എന്തിനാ വേറെ ഹോട്ടലിൽ പോയി താമസിക്കുന്നെ. മോളുണ്ടാരുന്നെങ്കിൽ ഇന്നു രാവിലെ മുതൽ അവളും ഞാനും തമ്മിലുള്ള പത്തു വഴക്കെങ്കിലും ഒഴിവാകുമാരുന്നു” രോഹിണിയാന്റി പതുങ്ങി ചിരിച്ചു.
“ആ ഹോട്ടൽ പരിചയമുള്ളതാ ആന്റി. പിന്നെ ഇത്തവണയെങ്കിലും അവളെ കസിൻസിന് വിട്ടുകൊടുക്കണ്ടേ. ഞാനിങ്ങനെ ചുറ്റിപ്പറ്റി നിന്നാൽ അവളെന്നോടെ എല്ലാം പറയൂ. മറ്റുള്ളവർക്ക് പരിഭവമാകും.”
ആവണിയും അജിത്തും ദൂരെ മാറി നിന്ന് വർത്തമാനം പറയുന്നു.
“ആന്റി ഞാനെന്നാ അവരുടെ അടുത്തോട്ട് ചെല്ലട്ടെ..”
“ചെല്ല് ..ചെല്ല് ..”
ഒരു പത്തന്പതു ചിരികൾ കടന്ന് അവരുടെ അടുത്തെത്തി. ആവണിയുടെ മുഖം കടന്നൽ കുത്തിയത് പോലെ. അജിത്ത് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു.
“അച്ചു (അവളെന്നെ അങ്ങനെയാ വിളിക്കുന്നെ) നാളെ കഴിഞ്ഞു ഇയാളെ ഞാൻ കെട്ടുവല്ലേ. റെഡിയായി ഞാൻ വന്ന് കേറിയതും he commented on my hairstyle. എനിക്ക് ചേരുന്നില്ലത്രേ. ഓരോ ഇവെന്റിന്റേയും കമ്പ്ലീറ്റ് ലൂക്സ് ഞാൻ അയച്ചു കൊടുത്തതല്ലേ. Then why this drama now!? Ask him.”
ഞാൻ അജിത്തിനെ നോക്കി.
“സോറി..!! ഞാനൊരു നൂറു തവണ പറഞ്ഞു അശ്വതി. ഇപ്പോഴും അതിൽ തന്നെ പിടിച്ചുനിൽക്കുവാ. ശ്ശെടാ !”
” ഈ ഹെയർസ്റ്റൈലിന് ഒരു കുഴപ്പവും ഇല്ല. Looks very pretty on you. പിന്നെ.. ഈ നാലു ദിവസങ്ങൾ പിന്നെ കിട്ടില്ല കേട്ടോ. അതുകൊണ്ട് നിസ്സാര കാര്യങ്ങൾക്കു വഴക്കിടാതെ സന്തോഷമായിട്ടു നിൽക്കൂ.”
രണ്ടു പേരും പരസ്പരം നോക്കി. ആരോ ഒരാൾ ചിരിച്ചു. തീർന്നു പിണക്കം.
ഞാനൊരു കോണിൽ സ്ഥാനം പിടിച്ചു. ഈ പാർട്ടി പാതിരാ വരെ പോകും. അതിനു മുൻപ് എനിക്ക് തിരിച്ചു പോണം. ഡ്രൈവറെ പത്തു മിനിറ്റു മുൻപേ വിളിച്ചാൽ മതിയെന്നാ പറഞ്ഞത്. കുറേ നേരം ഓഫീസ് സുഹൃത്തുക്കളോട് വർത്തമാനം പറഞ്ഞിരുന്നു. പാട്ടുകൾക്ക് വേഗവും താളവും കൂടിക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് അന്ന് അടി വാങ്ങിയ ജോൺ മദ്യത്തിന്റെ ആലസ്യവുമായി വീണ്ടും വന്നു. ആരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റി കൊണ്ടുപോയി.
ചുറ്റിനും ചിരികളും ബഹളങ്ങളും. ഒന്നിനും വ്യക്തതയില്ല. പക്ഷെ എല്ലാവരും ഹാപ്പിയാണ്! സ്വന്തം ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾ മറന്ന്, കുറച്ചു നേരം. കാറ്റിലകപ്പെട്ട മരങ്ങൾ പോലെ. ആടിയാടി.
ഡിജെ ഡാൻസ് പാർട്ടി തുടങ്ങിയതും പകുതി ആളുകൾ കഴിച്ചതും കുടിച്ചതുമൊക്കെ മേശമേൽ വച്ച് ആ ഭാഗത്തേക്കു പോയിത്തുടങ്ങി . എത്തി നോക്കിയപ്പോൾ കുറെ ക്യാമറകൾക്ക് നടുവിൽ ആവണിയും അജിത്തും, അവർക്കു ചുറ്റിനും കുറെയാളുകൾ ചടുലമായി നൃത്തം കളിക്കുന്നു. ഏതോ സിനിമ അവാർഡ് ചടങ്ങിനെ ഓർമിപ്പിക്കുന്നു. ഞാൻ പതുക്കെയാ പരിസരം വിട്ടു പുറത്തേക്കു നടന്നു.
“മോളെ..” ആവണിയുടെ അമ്മയാണ്.
“ബാത്‌റൂമിൽ പോണോ. അതോ ഡ്രസ്സ് ശരിയാക്കാനും വല്ലതും..”
“അതേ ആന്റി”. രക്ഷപെടാൻ അതേ നിവൃത്തിയുള്ളൂ.
“എന്നാൽ മോള് ഈ റൂം കീ കൊണ്ടു പോകൂ. അവിടെ ഇപ്പൊ ആരുമില്ല. എന്റെ പൊന്നാങ്ങള കല്യാണത്തിന്റെ അന്നു രാവിലെയേ എത്തൂ. റൂം ഇന്ന് മുതലുണ്ട്. തിരിച്ചു വരുമ്പോ റിസപ്ഷനിൽ ഏല്പിച്ചെര് കേട്ടോ.” ഹാൻഡ്ബാഗിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി ആന്റി പറഞ്ഞു.
ഞാനതും വാങ്ങി തിരിഞ്ഞു നടന്നു.
പുറകിൽ നിന്നും ആന്റി വിളിച്ചു പറയുന്നു. ” കടലു കാണാം. പ്രൈവറ്റ് ബീച്ചാണ്. മോൾക്ക് പറ്റിയ റൂമാണ് സത്യത്തിൽ.”
ആഹാ. ഇന്ന് വന്നിട്ട് കടൽക്കരയിൽ പോയിട്ടില്ല. എന്നാൽപ്പിന്നെ പാതിരാക്കടൽ കാണാം, മനസ്സു പറഞ്ഞു.
ചെറിയ ഒരു കോട്ടജ് ആണ്. കുറെയെണ്ണം അടുത്തടുത്തുണ്ട്. ഞാൻ റൂം തുറന്നില്ല. പാർട്ടി നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരമുണ്ട് ഇങ്ങോട്ടേക്കു. ഏറ്റവും മുന്നിൽ വലത്തേയറ്റത്ത്. ചെരുപ്പൂരി വരാന്തയിൽ വച്ച് ഞാൻ പുത്തേയ്ക്കിറങ്ങി.
പൂഴിമണ്ണ്.
നിലാവുണ്ട്. കടൽ മുന്നിൽ കടുംനീലക്കറുപ്പിൽ പടർന്നു കിടക്കുന്നു.
അടുത്ത് ചെല്ലുംതോറും അകന്നു പോകുന്ന കടൽ. പിന്നെയും കൈനീട്ടി വിളിക്കുന്ന കടൽ. അവിടെ താമസിക്കുന്ന കുറച്ചു വിദേശികൾ അവിടവിടെയായി ഇരിക്കുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു. രണ്ടുപേർ ദൂരെനിന്നും കടലോരത്തുകൂടെ നടന്നു വരുന്നു.
നനവില്ലാത്തയിടം നോക്കി ഞാനിരുന്നു. എത്ര നേരം വേണമെങ്കിലും, പുലരും വരെ ഇവിടിരിക്കാം. പക്ഷെ വേണ്ട. സ്വന്തം റൂമിൽ പോയി കിടന്നാലേ ഉറക്കം വരൂ.
റിസപ്ഷനിൽ കീ കൊടുത്തിട്ടു ഞാൻ ഡ്രൈവറെ വിളിച്ചു. ഇനി പാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്കില്ല. ഞാൻ ലോബ്ബിയിൽ ഒരിടത്തിരുന്നു. നിശബ്ദത ഭേദിച്ച് കുറേയാളുകൾ കടന്നുപോയി. കൂടെ അജിത്തിനെയും കണ്ടു. അയാളുടെ ബന്ധുക്കളാവും.
അവരെ ലിഫ്റ്റിൽ കയറ്റി വിട്ടിട്ടു അയാൾ തിരിച്ചു വന്നു.
“അച്ചൂ.. (കള്ളകത്തു ചെന്നാൽ മാത്രം അജിത്ത് അങ്ങനെയാ വിളിക്കുക) “
ഞാൻ നോക്കി
“എന്റെ കസിൻ ഉണ്ണീടെ ഒരു ഫ്രണ്ട് ഇയാളെവിടെന്ന് ചോദിച്ചു പാർട്ടിയിൽ. തന്റെ കൂടെ പഠിച്ചതാണെന്ന്.”
“ആണോ പെണ്ണോ”
“Seriously?” അജിത് ചിരിച്ചു.
“It does matter at this hour. Can’t deal anymore Johns tonight”.
“അതു ശരിയാ. താനെന്നാ വിട്ടോ. ആരേലും കൂടെ പറഞ്ഞു വിടണോ ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യാൻ”
“വേണ്ടെടോ . എനിക്ക് പരിചയമുള്ള ആളാ ഡ്രൈവർ. You go, enjoy the party.”
“goodnight then.”
“Goodnight”
അജിത് ആടിയാടി നടന്നു.
ഡ്രൈവർ വിളിച്ചു. തിരിച്ചു ഹോട്ടൽ എത്തുന്നത് വരെ അയാൾ കുടുബവിശേഷങ്ങൾ പറഞ്ഞു. മകളുടെ കല്യാണവും ജോലിക്കാര്യവും ഒക്കെ. അയാളുടെ പേര് റൂമി എന്നാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. കൂടെയൊരാളേപ്പോലെ നിൽക്കുന്ന മനുഷ്യൻ. ഗോവൻ ചരിത്രം അരച്ച്കലക്കി കുടിച്ച ആൾ. കിഷോർ കുമാർ പാട്ടുകൾ പാടുന്ന പഴഞ്ചൻ റൊമാന്റിക് . നാലു ദിവസം കഴിയുമ്പോൾ എയർപോർട്ടിൽ വച്ച് കൈയിൽ നോട്ടുകൾ മടക്കിയേൽപ്പിക്കുമ്പോൾ അതിലേക്കു നോക്കാതെ, കണ്ണു നിറഞ്ഞു നിൽക്കുന്ന പാവം റുമി.
ഹോട്ടലിൽ ചെന്നു കീ വാങ്ങുമ്പോൾ ഫോൺ റിങ്ങ് കേട്ടു. പേഴ്സിൽ നിന്നെടുത്തു നോക്കുമ്പോൾ അറിയാത്ത നമ്പർ. ആദ്യം എടുത്തില്ല. ജോൺ ആവും, വേറെ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുന്നതാവും.
പിന്നെയും റിങ്ങടിക്കുന്നു.
“ഹലോ”
“അശ്വതി?” ജോണിന്റെ ശബ്ദമല്ല.
“Yes. Who is this?”
“Hai..”
“Hmm?”
“I said hai..”
“Ok. Who is this” എനിക്ക് ദേഷ്യം വന്നു തുടങ്ങി.
“Then you have to turn and see.” ചെവിയോട് ചേർന്ന് ആരോ വന്നു പറഞ്ഞു. മറ്റൊരു ശരീരത്തിന്റെ ഇളം ചൂട് തട്ടിയതും ദേഷ്യത്തോടെ ഞാൻ തിരിഞ്ഞുനോക്കി.
ഒരു ചുവട് പുറകോട്ടു മാറേണ്ടി വന്നു.
ഓഫ് വൈറ്റ് ലിനൻ ഷർട്ടും ട്രൗസേഴ്സും. താടി, നീണ്ടചുരുണ്ട മുടി. ആറടിപ്പൊക്കം. കണ്ണുകൾ അതേപോലെ. സുതാര്യം.
“റോയ്”
ദൂരെയപ്പോഴും കടൽ കൈനീട്ടി വിളിക്കുന്നു.
😁😁❤️
Waiting for next part!
Thanks Abhin:) next week hopefully!
Wow I can’t believe u replied ❤️❤️
വായനകള്‍ക്കിടയില്‍ ചില വാക്കുകളോ വാചകങ്ങളോ കണ്ണിലുടക്കും, അത് വീണ്ടും വായിക്കാന്‍ തോന്നും. “ഒരു പത്തന്പതു ചിരികൾ കടന്ന് അവരുടെ അടുത്തെത്തി”. ഇതായിരുന്നു അത്……നന്നായിട്ടുണ്ട്…waiting for Roy…..
Thank you 🙏
നന്നായിട്ടുണ്ട് മാം. നല്ല ഒഴുക്കുണ്ട്. കഥാഗതിയിൽ കല്ലുകടിയില്ല. ഭാഷാശുദ്ധിയും നിരീക്ഷണ ബോധവുമുണ്ട്. പക്ഷേ, ഇടക്കിടെ വരുന്ന ഈ ഇംഗ്ലീഷ് മാറ്റിയാൽ നല്ലതാണ്. ഇംഗ്ലീഷ് സംഭാഷണങ്ങൾ മംഗ്ലീഷ് ആക്കി എഴുതാം. മലയാള നോവെല്ല ആയതുകൊണ്ട് തന്നെ അത്തരത്തിലുള്ള അക്ഷരങ്ങളാണ് നല്ലത്. എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ.
സന്തോഷം . പണ്ട് അങ്ങനെയാണ് എഴുതിയിരുന്നത്. മാറ്റിയെഴുതി നോക്കിയതാണ്. പഴയതു തുടരാം. 🙏
Wonderful writing!!! Loved this❤️❤️❤️
Thank you 🙏
Language tricked me. 😔😔 donno it.