എയര്ടിക്കെറ്റിന്റെ കോപിയെടുത്ത് ഒരു കവറിലാക്കി മേശയിലിട്ട് ഒരു നിമിഷം അപര്‍ണ്ണ കണ്ണടച്ചു. കഴുത്തുവരെ കൃത്യമായി വെട്ടിനിര്‍ത്തിയിരിക്കുന്ന ചുരുണ്ടമുടിയില്‍ കൈവിരലുകള്‍കൊണ്ട് ചീവി, കൈത്തണ്ടയില്‍ എപ്പോഴും ചുറ്റിയിടുന്ന കറുത്ത ഇലാസ്റ്റിക് തുണിയെടുത്ത് കെട്ടിയിട്ടു. ബ്ലാക്ക്ബെറിയില്‍ നിരന്തരമായി ചുവന്ന പൊട്ടുപ്രകാശം മിന്നിക്കൊണ്ടേയിരുന്നു.
ഇന്ന് സമയം എത്രവേഗമാണ് പോവുന്നതെന്ന് അവളാശ്ചര്യപ്പെട്ടു. ജോലിചെയ്തിരുന്ന ഹോസ്പിറ്റലില്‍ ഒന്ന് ചെന്ന് എല്ലാവരെയും കണ്ട് യാത്രപറയണം. എലിസബത്തിന്റെ കുറെ വസ്ത്രങ്ങള്‍ അവിടെക്കിടക്കുന്നത് തിരികെകൊടുക്കണം. ഡോക്ടര്‍ ജോനാതന് കൊടുത്ത അഡ്വാന്‍സ് വാങ്ങണം. നാലുമണിക്ക് കാറുനോക്കാന് ആളുവരും. അപ്പോഴേക്കും എല്ലാ പേപ്പറുകളും റെഡിയാക്കി വയ്ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ബാക്കി.. ആദ്യം ഏതു ചെയ്തു തുടങ്ങണം എന്നു ചിന്തിച്ച് അപര്‍ണ്ണ എഴുന്നേറ്റു. യോഗര്‍ട്ടിന്റെ ഒരു ടിന് പൊട്ടിച്ചു കഴിച്ചുകൊണ്ട് അലസയായി കുറച്ചുനേരം അവിടിവിടെയായി ചെന്നുനിന്നു. കഷ്ടിച്ച് ഒരാഴ്ച്ച കൂടി ഇവിടെ..
ശബ്ദകോലാഹലങ്ങളില്‍നിന്നും മൈലുകള്‍ ദൂരെ പട്ടണത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലത്തിനരികിലുള്ള മനോഹരമായ കൊളോണിയല്‍ സൗധം. മൂന്നു വര്‍ഷത്തെ കൃത്യനിഷ്ഠയ്ക്കും സൗഹൃദത്തിനും മേല്‍ ഹോസ്പിറ്റല്‍ ചീഫ് സര്ജന് ജൊനാതന്‍ പീറ്റര്‍ തുഛമായ വാടകയ്ക്ക് തന്ന അദ്ദേഹത്തിന്റെ ഫാംഹൌസ്. വര്‍ഷത്തിലൊരിക്കല്‍ അവധിക്കാലത്ത് അദ്ദേഹം കുടുംബസമേതം വരുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന ആരുടെയെങ്കിലും കൂടെ അപര്‍ണ്ണ താമസം മാറിയിരുന്നു. രണ്ടു വര്‍ഷത്തെ എം.ബി.എ പഠനവും അതിനുശേഷം കിട്ടിയ ആദ്യ ജോലിയും ഈ വീടും നല്ല ഓര്‍മ്മകളാണ്.
ദീര്‍ഘനിശ്വാസത്തിനൊടുവില്‍ കാറിന്റെ കീയെടുത്ത് വീടും ലോക്ക് ചെയ്തു അപര്ണ്ണയിറങ്ങി. വയലുകള്‍ക്ക് നടുവേ കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മനോഹരമായ പാതയിലൂടെ വണ്ടിയോടിച്ചുപോവുമ്പോള് ഇത്രനാളും കാണാത്ത സൗന്ദര്യം എല്ലാറ്റിനുമുണ്ടെന്നു തോന്നി.
ചെറിയൊരു പട്ടണമാണ്. ഇന്ത്യാക്കാര്‍ വളരെ കുറവ്. രാത്രികാലങ്ങളില്‍ കഫെകളിലും ബാറുകളിലും ഉത്സവപ്രതീതിയാണ്. യൂണിവേഴ്സിറ്റി കാമ്പസ്സില്‍ നിന്നും ഇവിടേക്കുള്ള മാറ്റം ആദ്യമൊക്കെ മടുപ്പിച്ചിരുന്നു. പതിയെ ഹോസ്പിറ്റലും സ്റ്റാഫും വീടുമൊക്കെ പ്രിയപ്പെട്ടതായി. കഫെ നോയറും, കൌണ്ടി വിക്കെല്ലോയുമൊക്കെ. .
ജനിച്ചത് ദുബായില്‍, പഠിച്ചത് ഊട്ടിയില്‍,ഇപ്പോള്‍ ഇവിടെ .. ഏതു ദേശക്കാരിയെന്നു അവള് തന്നെ പലപ്പോഴും സംശയിക്കാറുണ്ട്. ഒരു സംസ്കാരവും കൂടുതലായി സ്വാധീനിച്ചിട്ടില്ല. ഒന്നിനെയും അമിതമായി സ്നേഹിച്ചിട്ടില്ല. എവിടെയും ചേര്‍ന്ന് പോകുന്ന ജീവിതം. മാതാപിതാക്കള്‍ കൂടെ നിര്‍ത്തി വളര്‍ത്തിയില്ല. ബോര്ഡിംഗ്സ്കൂളില്നിന്നും അവധിക്കാലത്ത് ലോകം ചുറ്റാനോ അല്ലെങ്കില്‍ ആഢംഭരഫ്ലാറ്റിലെ കോക്ക്ടെയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കണ്ണുംനട്ടിരിക്കാനോ മാത്രം കൂടെകൊണ്ടുപോയി. പടുത്തുയര്‍ത്തിയ സാമ്രാജ്യം കാക്കാന്‍ ഇപ്പോള്‍ വളര്‍ത്തുപട്ടിയെ തിരികെവിളിക്കുന്ന കണക്കു ഫോണ്‍ വിളികളും അന്വേഷണങ്ങളും.. അങ്ങോട്ട് സ്നേഹമുണ്ടായിട്ടല്ല, ഇവിടെയിനി ഒറ്റയ്ക്ക് എത്രനാളെന്നുകരുതിയിട്ടാണ്.
ഹോസ്പിറ്റല്‍ എത്തിയതും ഫോണ്‍ വീണ്ടും വൈബ്രേറ്റുചെയ്തു. എടുത്തപ്പോള്‍. ഡോക്ടറിന്റെ മെസ്സേജ്. പണം അവളുടെ മേശമേല്‍ വച്ചിട്ടുണ്ട്. പിന്നെ.. അദ്ദേഹത്തിന്റെ മകന് കെവിന് സന്ധ്യയോടെ വീട്ടിലെത്തുമത്രേ. ഒന്നും മനസിലാവാതെ പകുതികാര്യങ്ങള്‍ നാളേയ്ക്കു മാറ്റിവച്ച് തിരികെ ഡ്രൈവ് ചെയ്തു. ഔട്ട്ഹൌസിന്റെയും, വെയര്ഹൌസിന്റെയും താക്കോലുകള്‍ വീടിന്റെയുള്ളിലാണ്. ആരെങ്കിലും അവിടെക്കായിട്ടു വന്നാല്‍ അപര്‍ണ്ണയാണ് അതെടുത്തു കൊടുക്കുക. ഇതിപ്പോള്‍ മകനാണ്. ഇനി ചിലപ്പോള്‍ അയാള്‍ ആവശ്യപ്പെട്ടാല്‍ ഇന്ന് രാത്രി വൃത്തിയാക്കാത്ത ഔട്ട്ഹൌസില്‍ കിടന്നുറങ്ങേണ്ടിവരുമോ. അപര്‍ണ്ണ നെടുവീര്‍പ്പോടെ വേഗത്തില്‍ കാറോടിച്ചു.
ഗാരേജില്‍ വണ്ടി നിര്‍ത്തിയിറങ്ങി നാലുപാടും നോക്കി. ആരും വന്നിട്ടില്ല. അപര്‍ണ്ണ വീട്ടില്‍ കയറി താക്കോലുകള്‍ കൃത്യമായി എടുത്തു മേശമേല്‍ വച്ചു. എന്നിട്ട് റഫ്രിജറേറ്ററില്‍ നിന്നും ഐസ്ടീ എടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്നൊഴിച്ചു. കുടിച്ചു ക്ഷീണം മാറ്റിയിട്ടു വേണം ഔട്ട്ഹൌസ് വൃത്തിയാക്കാന്‍. എന്നുവച്ചാല്‍ അവിടെത്തന്നെ ഇന്ന് കിടന്നുറങ്ങാം എന്ന് ഏകദേശധാരണയായി. തന്റെ വീടല്ല. ഉടമസ്ഥന്റെ മകന് വരുമ്പോള്‍ നാലഞ്ചു മുറികളുള്ള ഈ വലിയ കെട്ടിടത്തില്‍ മഹാറാണികണക്കെ കിടന്നുറങ്ങാന്‍ ഒരിക്കലും തന്നെക്കൊണ്ട് പറ്റില്ല. അപ്പോള്‍ ചൂലെടുക്കുക തന്നെ!
ചായ കുടിച്ച് പണിയായുധങ്ങളുമായി അപര്‍ണ്ണ ഔട്ട്ഹൌസിലേക്ക് നടന്നു.ഗാര്‍ഡനിങ്ങിനായി ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഡോക്ടര്‍. എപ്പോള്‍ വന്ന് പണികള്‍ തീര്‍ത്ത് പോകുന്നുവെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. അയാളോട് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഈ ജോലി കൂടി ചെയ്തേനേല്ലോ. അകത്തുകാണാന് പോകുന്ന പൊടിയും മാറാലയും ക്ഷുദ്രജീവികളെയും മനസ്സില്‍ വിചാരിച്ച് ഉടുപ്പിന്റെ പോക്കെറ്റില്‍ നിന്നും താക്കോലെടുത്തു. വാതിലിന്റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ പൂട്ടില്ല.. വലിയ ഒറ്റപ്പാളി കതക് ലേശം തുറന്നുകിടപ്പുമുണ്ട്. ഫോണെടുത്ത് ഡോക്ടറെ വിളിക്കണോ പോലിസിനെ വിളിക്കണോ.. രണ്ടായാലും ഒരുമണിക്കൂറിനുള്ളില്‍ ആരും വരില്ല. ധൈര്യപൂര്‍വം അകത്തുകയറി നോക്കിയാലോ.. അടുത്തുതന്നെ ചാരിവച്ചിരുന്ന കമ്പിയെടുത്ത് അപര്‍ണ്ണ പതുക്കെ ഉള്ളിലേക്ക് കടന്നു. ചെറിയൊരു ഹാള്‍ , അതിനോട് ചേര്‍ന്ന് രണ്ടു മുറി, പുറകില്‍ ഒരു വരാന്ത. ഒരു ക്രിസ്തുമസ് കാലത്ത് ഇത് തുറന്നു കണ്ടിട്ടുണ്ട്. രണ്ടു മുറികളില്‍ ഒന്ന് തുറന്നു കിടക്കുന്നു, പുറകുവശത്തെ വാതിലും. മുറിയോടടുത്തുചെന്നപ്പോഴേ ഒരാള്‍ അകത്തെ കൊച്ചുകട്ടിലില്‍ പുതച്ചുമൂടി കിടക്കുന്നതായി കണ്ടു. കമ്പി താഴ്ത്തിയെങ്കിലും താഴെ വച്ചില്ല.
അടുത്തുചെന്ന് ഒരൂഹം വച്ചു വിളിച്ചു
“കെവിന്..?”
കക്ഷി നല്ല ഉറക്കമാണ്.
അടുത്തവിളിക്ക് മുന്നേ അയാള്‍ കണ്ണുതുറന്നു.
ഇരുനിറം, നീണ്ടമുഖം.. കശ്മീരില്‍ നിന്നുമുള്ള പഴയ കോളേജ് സുഹൃത്തിന്റെ കണക്ക് അലസമായി കിടക്കുന്ന മുടിയും കുറ്റിത്താടിയും. കട്ടിയുള്ള കടുംപച്ചകള്ളിഷര്ട്ട് ബലിഷ്ടമായ ശരീരത്തില്‍ ഇറുകിക്കിടന്നു.
അപര്‍ണ്ണയെ കണ്ടതും ചുറ്റിനും നോക്കി പുതപ്പുമാറ്റിയിട്ട് അയാള്‍ എഴുന്നേറ്റു.
“ഹേയ്” അയാള്‍ കണ്ണൊന്നുകൂടി ചിമ്മിച്ച് അപര്‍ണ്ണയെ നോക്കി ചിരിച്ചു.
“ഹലോ” എന്നിട്ട് സംശയപൂര്‍വ്വം ചോദിച്ചു.. “കെവിന്?”
വലതുകൈ മുന്നോട്ട് നീട്ടി മുഴുവന്‍ പേരും പറഞ്ഞ് സൌമ്യനായ അയാള്‍ മുന്നോട്ടേക്കാഞ്ഞു. ഇപ്പോഴും മുറുകെപ്പിടിച്ചിരിക്കുന്ന കമ്പി താഴെ വച്ച് അപര്‍ണ്ണ കൈകൊടുത്തു. ചൂട് കോഫി കപ്പില്‍ പിടിച്ചതുപോലെ.. അപര്‍ണ്ണ കൈവിടുവിച്ച് പെട്ടെന്ന് ചോദിച്ചു.
“ഓഹ്.. ഓ മൈ ഗോഡ്, യു ഹാവ് ഫിവേര്..!”
പനിയുടെ ആലസ്യം പുറത്തുകാട്ടാതെ അയാള്‍ സാരമില്ല,ശരിയാകും എന്ന് പറഞ്ഞു. അവിടം വൃത്തിയാക്കണോ അതോ തിരികെപ്പോണോ എന്നാലോചിച്ച് നിന്നപ്പോള്‍ കെവിന് തന്നെ അങ്ങോട്ട് പറഞ്ഞു..
“ഡോന് വൊറി മിസ്സ് , ഐ ലൈക് ഇറ്റ് ഹിയര്‍, യു പ്ലീസ് ഗോ എഹെഡ്..”
ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു. അയാള്‍ പിന്നാലെ വന്നില്ല. വാതില്‍ ചാരി വീട്ടിലേക്ക് വരുംവഴി ദൂരെനിന്നു ഒരു കാറുവരുന്നത് കണ്ട് അപര്‍ണ്ണ നിന്നു.
രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സാബ് കാബ്രിയൊലെറ്റ്, എത്രവില കിട്ടിയാലും ഇത് കൊടുത്തിട്ടേ പോകാന്‍ പറ്റുകയുള്ളൂ. വന്ന രണ്ടുപേര്‍ക്കും വണ്ടി ഇഷ്ടപ്പെട്ടു. പേപ്പറുകള്‍ കാണിച്ചുകൊടുത്തു, മുഴുവന്‍ തുകയും തന്ന് അടുത്ത ആഴ്ച കൊണ്ടുപൊയ്ക്കോളാം എന്ന് പറഞ്ഞ് അവര്‍ പോയി. ഒരുനിമിഷം ഇളംനീലകളറുള്ള പ്രിയസഹചാരിയെ നോക്കി അവള് സങ്കടപ്പെട്ടു.
ചുറ്റിനും തണുത്ത സായന്തനം വന്നുവീഴാന്‍ തുടങ്ങി.
അവിടെ താമസം തുടങ്ങിയത് മുതല്‍ ചില ബാര്‍ബിക്യു പാര്‍ട്ടികളും ക്രിസ്തുമസ് ആഘോഷങ്ങളുമല്ലാതെ ആ വീട്ടില്‍ അധികമാരെയും വിളിച്ചു സല്‍ക്കരിച്ചിട്ടില്ല. ഗോവക്കാരി എലിസബത്തും പഞ്ജാബിക്കാരന് സുഖ്ബിറുമല്ലാതെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വന്നു താമസിച്ചിട്ടുമില്ല. സാധാരണ ദിവസങ്ങളില്‍ ഡിന്നര്‍ എന്നത് പേരിനു മാത്രമേ ഉണ്ടാവൂ. എന്തെങ്കിലും സാലഡും ഇത്തിരി വൈനും. അതല്ലെങ്കില്‍ ബ്രഡും മുട്ടയും. ഇന്നുപക്ഷേ പനിയുള്ള ഒരാള്‍ അപ്പുറത്തുള്ള സ്ഥിതിക്ക് എന്തെങ്കിലും ചൂടായി പാകംചെയ്തുകൊടുത്താലെന്താന്ന് അപര്‍ണ്ണ ചിന്തിച്ചു. താമസംവിനാ അകത്തുചെന്നു സൂപ്പിനായുള്ള ഒരുക്കം തുടങ്ങി.
ഏഴുമണിയോടെ കുളിച്ചു റെഡിയായി ഊണുമേശമേലുള്ള വിരിപ്പും മാറ്റി പാത്രങ്ങള്‍ എല്ലാം തുടച്ചുവച്ചതിനു ശേഷം, കെവിനെ വിളിക്കാനായി പുറത്തേക്കുവന്നു. വെളുത്ത ഫ്രോക്കില്‍ പതിവിലും ഊര്‍ജ്ജസ്വലയായി അവള് നടന്നു. ചെന്ന് നോക്കിയപ്പോള്‍ അയാള്‍ അവിടില്ല. പറഞ്ഞിട്ട് പോകണ്ട കാര്യമില്ലെങ്കിലും അപര്‍ണ്ണയ്ക്ക് അയാളങ്ങനെ അപ്രത്യക്ഷനായത് അത്രയ്ക്കിഷ്ടപ്പെട്ടില്ല. കാത്തുനില്‍ക്കാതെ അപ്പോള്‍ത്തന്നെ വീട്ടിനുള്ളിലേക്ക് കയറി. വലിയ പെട്ടി നിറയെ മടക്കിവച്ച തുണികള്‍ അടച്ചുപൂട്ടിവച്ച് ഒരു കപ്പ് കാപ്പിയുമായി അപര്‍ണ്ണ അടുക്കളവാതില്ക്കല് നിന്നു.
ഇടയ്ക്ക് കണ്ണുകള്‍ പുറത്തേക്ക് പായുന്നുണ്ടായിരുന്നു. പതിനൊന്നു മണിവരെ അതുമിതും ചെയ്തുകൊണ്ട് സമയം കളഞ്ഞു. ക്ഷമ നശിച്ചുവെന്ന് തോന്നിയപ്പോള്‍ മേശപ്പുറത്തിരുന്നതൊക്കെയും എടുത്തു ഫ്രിഡ്ജില്‍ വെച്ചിട്ട് മുകളിലുള്ള അവളുടെ മുറിയില്‍ പോയിക്കിടന്നു. കണ്ണടച്ചിട്ടും കാതുകള്‍ ഉറങ്ങിയില്ല. എന്തോവീഴുന്ന ശബ്ദം കേട്ടതും ധൃതിയില്‍ എഴുന്നേറ്റ് ജനാലയിലൂടെ താഴേക്കു നോക്കി. വേച്ചുവേച്ചു മുറിക്കുള്ളിലേക്ക് കെവിന് നടന്നുകയറുന്നു. അടുത്തുള്ള ബാറിലേക്ക് നടക്കണമെങ്കില്‍ തന്നെ അരമണിക്കൂറോളം വേണം. ഈ പനിയും വെച്ച്.. ഇനി മുഴുക്കുടിയന് തന്നെയാണോ ഇയാള്‍. ഡോക്ടറുടെ സംഭാഷണങ്ങളില്‍ ഒന്നും ഇങ്ങനെ ഒരാളെപ്പറ്റി അപര്‍ണ്ണ കേട്ടിട്ടില്ല. അവധിക്കാലത്ത് അവിടെ വന്നുതാമസിക്കാറുള്ളത് ഡോക്ടറുടെ ഭാര്യയും മൂന്ന് കുട്ടികളുമാണ്. ഇയാള്‍ക്കൊരു ഇരുപത്തിഎട്ട് വയസ്സെങ്കിലും കാണും. ദൂരെ പഠിക്കുന്ന ഒരു മകനുണ്ടെന്നു കുറെനാള്‍ മുന്നെ എലിസബത്ത് പറഞ്ഞിരുന്നതായും അപര്‍ണ്ണയ്ക്ക് തോന്നി. ആരായാലെന്താ തനിക്ക്.. വന്നുകയറിയല്ലോ. നാളെയിനി ആഹാരം ഉണ്ടാക്കി വച്ച് കാത്തിരിക്കാന്‍ പദ്ധതിയിടണ്ടന്നു സ്വയം താക്കീത് കൊടുത്തു അപര്‍ണ്ണ ഉറങ്ങി.
മനോഹരമായ കീബോര്‍ഡ് സംഗീതം കേട്ടാണ് പിറ്റേദിവസം അവള് ഉണര്‍ന്നത്. താഴെയെത്തി കതകുതുറന്നു വെളിയില്‍ ഇറങ്ങിയതും കൂടുതല്‍ വ്യക്തമായത് കേള്‍ക്കാന്‍ തുടങ്ങി. ഔട്ട്ഹൌസിലേക്ക് നടന്നു. കതക് തുറന്നു തന്നെ കിടക്കുന്നു. ഹാളിന്റെ ഒരു കോണിലിരുന്ന് കെവിന് കണ്ണടച്ചു മൃദുവായി ചിരിച്ചുകൊണ്ട് കീബോര്‍ഡ് വായിക്കുന്നു. കൊച്ചുകുട്ടിയുടെ സന്തോഷം.. ഇടയ്ക്ക് ചെറുതായൊന്നു തെറ്റുമ്പോള്‍ വായിച്ചതു തന്നെ വീണ്ടും ആവര്‍ത്തിച്ചു വായിച്ചുകൊണ്ടേയിരുന്നു. കുറെ നേരം കഴിഞ്ഞ് മനോഹരമായിത്തന്നെ കൈവിരലുകള്‍ പതുക്കെ ഓടിക്കളിച്ചുനിന്നു. തിരിഞ്ഞതും അപര്ണ്ണയെക്കണ്ട് കെവിന് ആശ്ചര്യപ്പെട്ടു.
“ഓഹ്.. ഗുഡ് മോര്‍ണിംഗ് മിസ്സ്!! സോറി.. ഡിഡ് ഐ വെയ്ക് യു അപ്..?”
ചിരിയോടെ അപര്‍ണ്ണ പറഞ്ഞു, “യെസ് കെവിന്, യെസ് യു ഡിഡ്, ബട്ട് ഇറ്റ് വാസ് ബ്യൂട്ടിഫുള്‍..”
“ആഹാ !! കാന്‍ ഐ ഗെറ്റ് എ കോഫി ദെന്‍ മിസ്സ് ?”
അപര്‍ണ്ണ ആ ചോദ്യം പ്രതീക്ഷിച്ചില്ലായെങ്കിലും, ഉള്ളിലെ സന്തോഷം പകുതി മാത്രം പുറമേ കാണിച്ച് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇതേവരെ ആ വീടിനുള്‍വശം കാണാത്ത ഒരാളെപ്പോലെ ചുറ്റിനും നോക്കി ചിരിച്ചു കൊണ്ട് കെവിന് അപര്‍ണ്ണയ്ക്കൊപ്പം അകത്തേക്ക് കയറി. അതിഥിയെപ്പോലെ പെരുമാറുകയും പരുങ്ങിനില്ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അപര്‍ണ്ണ തിരക്കി. മടികൂടാതെ കെവിന് പറഞ്ഞു.. ഡോക്ടറുടെ ആദ്യഭാര്യയിലുള്ള ഏകസന്താനമാണ് അയാള്‍. ചെറുതിലെ അച്ഛനും അമ്മയും പിരിഞ്ഞു.. രണ്ടുപേരും വേറെ വിവാഹം കഴിച്ചു രണ്ടുനാടുകളിലായി ജീവിക്കുന്നു. കെവിന് സംഗീതവും ഗവേഷണവും വര്‍ഷങ്ങള്‍ തോറുമുള്ള ചെറുസന്ദര്ശനങ്ങളുമായി അവര്‍ക്കിടയില്‍ ഇങ്ങനെ. ഈ വീട്ടില്‍ വരുമ്പോഴെക്കെയും ഔട്ട്ഹൌസില്‍ തന്നെയാണ് ഉറങ്ങുക.
അപര്‍ണ്ണ കേട്ടിരുന്നു. ഇതിനിടയില്‍ അയാള്‍ തന്നെയാണ് കോഫി തയ്യാറാക്കിയത് എന്ന കാര്യം രണ്ടുപേരിലും ചിരിയുണര്‍ത്തി. ആവിപറക്കുന്ന കപ്പുകള്ക്കിരുവശവുമിരുന്ന് അവര്‍ കുറെ നേരം സംസാരിച്ചു. അടുത്തയാഴ്ച ഇതേ സമയം അവളുടെ പൊടിപോലും അവിടുണ്ടാവില്ല എന്നതടക്കം. ഇറങ്ങുമ്പോള്‍ അന്ന് വൈകുന്നേരം അയാള്‍ അപര്‍ണ്ണയെ ഡിന്നറിന് ക്ഷണിച്ചു. ഒന്ന് മടിച്ചെങ്കിലും അപര്‍ണ്ണ വരാമെന്ന് പറഞ്ഞു. അയാള്‍ പ്രശ്നക്കാരനല്ല . പിന്നെ പോകുന്നത് അവളുടെ കാറില്‍.. അവള്‍ക്കറിയാവുന്ന റെസ്റ്റോറന്റിലേക്ക്.
അന്നുപകല്‍ അയാളെ പുറത്തെങ്ങും കണ്ടില്ല.. അപര്‍ണ്ണ പായ്ക്കിങ്ങും മറ്റു ചെറിയ പരിപാടികളുമായി നേരം കളഞ്ഞു. ആറുമണിയോടെ മുന്‍വശത്തെ വാതിലില്‍ കെവിന് വന്നു തട്ടിവിളിച്ചപ്പോള്‍ അപര്‍ണ്ണ വേഗം ചെന്നു വാതില്‍ തുറന്നു.
“ആഹ്.. ദെയര്‍ യു ആര് !! സോ.. ഷാല്‍ വി..?” കറുത്ത ഷര്‍ട്ടും ജീന്‍സും , കുളിച്ചു ചീകിവച്ച മുടിയും.. കെവിന്റെ മുഖത്ത് പനിയുടെ ലഷണമേയില്ല.
“ലെറ്റ്സ് ഗോ കെവിന്” അപര്‍ണ്ണ ഉത്സാഹത്തോടെ പറഞ്ഞു.
കെവിനാണ് വണ്ടിയോടിച്ചത്. ഇരുണ്ട് ശാന്തമായ റോഡിലൂടെ അധികമൊന്നും സംസാരിക്കാതെ അവര്‍ റെസ്റ്റോറന്റിലെത്തി. അപര്‍ണ്ണ വിചാരിച്ച സ്ഥലമല്ലെങ്കിലും പരിചിതമായ ഇടം തന്നെ.
തിരക്കൊഴിഞ്ഞ സ്ഥലം നോക്കി അവര്‍ ഇരുന്നു. കഴിഞ്ഞ രാത്രി മദ്യപിച്ചു വന്നയാള്‍ അവള്‍ക്കൊപ്പം ഒരു ഗ്ലാസ് റെഡ് വൈന്‍ മാത്രം കുടിച്ചു. കോപ്പെര്‍ റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കളെ കണ്ട് കെവിന് നിന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് ശേഷം അവര്‍ ഡ്രിങ്ക്സ് കഴിക്കാന്‍ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു. അപര്‍ണ്ണ വിനയപൂര്‍വ്വം കാത്തുനില്ക്കാം പോയിവരൂ എന്ന് പറഞ്ഞ് കെവിനെ അവരോടൊപ്പം അയച്ചു.
തിരികെ ഡ്രൈവ് ചെയ്തത് അവളായിരുന്നു. തണുത്ത കാറ്റുകൊണ്ട് കെവിന് പുറത്തേക്കുനോക്കിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങാന്‍ അയാളെ സഹായിക്കേണ്ടി വന്നു അപര്‍ണ്ണയ്ക്ക്. മുഖം കീഴ്പോട്ടു തൂക്കി ഇരുകൈകളും ജീന്‍സിന്റെ പോക്കറ്റുകളില്‍ താഴ്ത്തിയിട്ട് നില്ക്കുന്ന അയാളുടെ മുന്നില്‍ ഔട്ട്ഹൌസിന്റെ വാതില്‍ തുറന്നുകൊടുത്തിട്ട് അവള് തിരിഞ്ഞതും കെവിന് വിളിച്ചു..
“മിസ്സ്”
അപര്‍ണ്ണ അയാളെ നോക്കി, ക്ഷമ പറച്ചിലാവും. വൈകിയതിന്.. മദ്യപിച്ചു കൂടെ വന്നതിന്..
“യു ആര് ബ്യൂട്ടിഫുള്‍..”
അപര്‍ണ്ണയുടെ ഉള്ളില്‍ സന്തോഷം തോന്നി. പതിവുപോലെ മുഖത്ത് വന്നില്ലെങ്കിലും അന്ന് വസ്ത്രമഴിക്കുന്നതിന് മുന്നേ കണ്ണാടിക്കുമുന്നില്‍ അധികനേരം നിന്നെന്നുമാത്രം. കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍ രണ്ടു സ്നേഹബന്ധങ്ങള്‍ അവള്‍ക്കുണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി കാലഘട്ടത്തില്‍ ഒരു സഹപാഠി. പിന്നീട് ഇപ്പോള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ മുന്‍പേ ജോലിചെയ്തിരുന്ന ഒരാളും. ആരും ഏറെകാലം കൂടെയുണ്ടായില്ലാ. പരാതിയും പരിഭവങ്ങളും കണ്ണീരും ഒന്നും തന്നെയില്ലാതെ മാസങ്ങള്‍ക്കുള്ളില്‍ ഇരുബന്ധങ്ങളും തീര്‍ന്നു.
പതുപതുത്ത കിടക്കമേല്‍ അണ്ണാന്കുഞ്ഞിനേപ്പോലെ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ കെവിനെപ്പറ്റി അപര്‍ണ്ണ ചിന്തിച്ചു. അച്ഛന്റെയും അമ്മയുടെയും ഇടയില്‍ അന്യനേപ്പോലെ പെരുമാറുന്ന അയാളില്‍, വേദനയും ഒറ്റപ്പെടലും സംഗീതവും യാത്രകളുമൊക്കെ സമ്മാനിച്ച ഒരു പ്രത്യേകസൗന്ദര്യമുണ്ട്. പൈന്മരച്ചുവട്ടിലോ തടാകക്കരയിലോ തിരക്കുള്ള റെസ്റ്റോറന്റിലോ.. എവിടെയാണെങ്കിലും അയാള്‍ക്ക് മുന്നില്‍ ഒന്നും മിണ്ടാതെ മണിക്കൂറുകളോളം തനിക്കിരിക്കാന്‍ പറ്റുമെന്നും തോന്നി. അവിടെയിനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ. ഒരു നിമിഷം ദുബായിലെ ഫ്ലാറ്റും എയര്‍കണ്ടീഷന്‍ റൂമും ബഹളങ്ങളും പാര്‍ട്ടിയും പിന്നെ..
അപര്‍ണ്ണ എഴുന്നേറ്റിരുന്നു. ദേഷ്യം കൊണ്ട് മുഖമാകെ കൈവിരലുകള്‍കൊണ്ടമര്‍ത്തി. ഉറങ്ങിയില്ലാ.. നേരം വെളുത്ത്തുടങ്ങിയപ്പോഴേ താഴെ നിന്ന് സംഗീതം.. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ജനാലയ്ക്കരികില്‍ വന്നു നിന്ന്. ഒന്നും കേള്‍ക്കാനില്ല. താഴേക്കു ചെന്ന് കെറ്റില്‍ ഓണ്‍ ചെയ്തു.. മുട്ടറ്റം ഇറക്കമുള്ള വെളുത്ത സാടെന് നൈറ്റ്ഗൌണിനു മുകളില്‍ ഓവര്‍കോട്ടിട്ട് കെറ്റിലില്‍ നിന്നും രണ്ടു കപ്പില്‍ കാപ്പി നിറച്ചു അപര്‍ണ്ണ പുറത്തേക്കിറങ്ങി.
പുറകുവശത്തെ വരാന്തയില്‍ പ്ലാന്റെഷനിലേക്ക് കണ്ണും നട്ടിരിക്കുന്ന കെവിനെ കണ്ടു.. കോഫി കൊടുത്ത് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
“ഹേയ്..”
അയാള്‍ നോക്കിയതും അപര്‍ണ്ണ ചെറുതായൊന്നു പരുങ്ങി.. കണ്ണുകള്‍ ദൂരേയ്ക്ക്.. കെവിന് അടുത്തേക്ക് വന്നു. ശരിയാവില്ല.. അയാളെ നോക്കാതെ മുഖം താഴ്ത്തി അപര്‍ണ്ണ അകത്തേക്ക് കയറി. തിരിച്ചു വീട്ടിലേക്കു പോകണം. ഇപ്പോള്‍ അങ്ങോട്ടേക്ക് ചെന്നതുതന്നെ എന്തോപോലെ തോന്നിയവള്‍ക്ക്. കാലുകള്‍ക്ക് വിറയല്‍ വന്നപ്പോലെ.. നടക്കാനുള്ള ധൃതി വേഗതയില്‍ കാണപ്പെട്ടില്ല. കൈയിലിരുന്ന കപ്പില്‍ നിന്നും ചൂടുള്ള കോഫി താഴേക്ക് തുളുമ്പി. കീബോര്‍ഡിനരികില്‍ കിടന്ന മേശമേല്‍ അപര്‍ണ്ണ കോഫികപ്പ് വെച്ചു. പുറകില്‍ അവളെത്തന്നെ നോക്കി അയാള്‍ നില്‍പ്പുണ്ടാവും. അപര്‍ണ്ണ അവിടെ നിന്നു വിയര്‍ത്തു.
കെവിന് അടുത്ത് വന്നു. അവളുടെ മുന്നില്‍.. ഒരു നിമിഷം പോലും വേണ്ടിവന്നില്ല. അയാളുടെ കൈകള്‍ അപര്ന്നയുടെ മുടിയിഴകളിലും പിന്കഴുത്തിലും ഓടിക്കളിച്ചു. കീബോര്ഡിലെന്നപോലെ.. ഇറുകെപ്പിടിച്ചു ചുംബിച്ചുനില്‍ക്കുമ്പോള്‍ അണ്ണാന്‍കുഞ്ഞ് കണ്ണടച്ചു.. മൂന്നുവര്‍ഷത്തോളം അവളുടെ കണ്ണില്പെടാത്ത മാറാലയും തണുപ്പും നിറഞ്ഞ ഒരു മുറിയില്‍ പകല്‍ മുഴുവന്‍ പ്രണയം പങ്കുവച്ച് അവളും കെവിനും കഴിഞ്ഞു. സംഗീതവും ചെറിയ ചിരികളും നിറയെ ചുംബനങ്ങളുമായി.. സന്ധ്യക്ക് മുന്നേ അയാളുടെ ചൂടുപറ്റി അപര്ണ്ണയുറങ്ങി.. രാത്രിയില്‍ എപ്പോഴോ കണ്ണുതുറന്നുനോക്കിയപ്പോള്‍ തൊട്ടടുത്ത് കെവിനില്ല. തലേനാള്‍ രാത്രിയിലിട്ട തിളക്കമുള്ള ഗൌണില് അനിര്വച്ചനീയപ്രണയത്തിന്റെ ചുളിവുകള്‍ വന്നിരിക്കുന്നു. മഞ്ഞുത്തുള്ളികള്‍ വീണു നനഞ്ഞ പുല്‍ത്തകിടിയിലൂടെ നഗ്നപാദയായ് അപര്‍ണ്ണ നടന്നു.
സങ്കടവും ദേഷ്യവും കുറ്റബോധവുമൊക്കെ പിടികൂടുന്നതിന് മുന്‍പേ ഡ്രോയറില്‍ നിന്ന് ഉറക്കഗുളികയെടുത്തു കഴിച്ച് പുതപ്പിനുള്ളിലേക്ക് അഭയം പ്രാപിച്ചു. രണ്ടു ദിവസം വീടടച്ചു ഉള്ളില്‍തന്നെ കഴിഞ്ഞു.. അയാള്‍ വന്നുവോ.. അറിയില്ല. അവള്ക്കറിയണ്ടാ. അടുത്ത ദിവസം കാറു കൊണ്ടുപോകാന്‍ ആളുകള്‍ വന്നു. കീ കൈമാറിയപ്പോള്‍ അപര്‍ണ്ണയുടെ കണ്ണുനിറഞ്ഞു. അവര്‍ തന്ന പണം മേശമേല്‍ വച്ച് പതിവിലും വ്യഗ്രതയോടെ പെട്ടികള്‍ എല്ലാം റെഡിയാക്കി വച്ചു. നാളെ പറന്നകലുമ്പോള്‍ ഒന്നും തിരികെ വിളിക്കരുത്.
വൈകുന്നേരം എലിസബത്തും ചില ഹോസ്പിറ്റല്‍ സ്റ്റാഫും അപര്‍ണ്ണയെ സന്ദര്‍ശിച്ചു. ചെറിയ ഗിഫ്റ്റുകളും ആശംസകളും ഒക്കെയായി. അടുക്കളയില്‍ അവര്‍ക്കായി എന്തൊക്കെയോ പാകംചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചില്ലുഗ്ലാസിലൂടെ ഔട്ട്ഹൗസിന് മുന്നില്‍ അവളെത്തന്നെ നോക്കി നില്ക്കുന്ന കെവിനെ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കളുടെ ഒത്തനടുവിലേക്ക് അയാളില്‍ നിന്നും ഓടിയൊളിച്ചു. ഈ രാത്രി കഴിഞ്ഞ എട്ടുവര്ഷങ്ങള്ക്കുവേണ്ടിയുള്ളതാണ്. പങ്കുവയ്ക്കാന്‍ ആരെയും വേണ്ടാ.
പിറ്റേദിവസം രാവിലെ എയര്‍പോര്‍ട്ടിലേക്കുള്ള ടാക്സി വന്നു. പെട്ടികള്‍ ഓരോന്നായി എടുത്തുവയ്ക്കുമ്പോള്‍ കെവിന് സഹായിക്കാനെത്തി.
“ദാറ്റ്സ് ഓക്കേ.. ഐ കാന്‍ മാനേജ് ദിസ്”
ഒഴിവാക്കാന്‍ നോക്കിയെങ്കിലും, അത് കേട്ട ഭാവം പോലും നടിക്കാതെ കെവിന് എല്ലാ പെട്ടികളും ഭദ്രമായി ഡിക്കിയില്‍ വച്ചടച്ചു.
“ഷാള്‍ ഐ ഡ്രോപ്പ് യു .. മിസ്സ്..?” വിഷാദ മുഖത്തോടെ അയാള്‍ ചോദിച്ചു.
“നോ..!!”
അവള് യാത്ര പറയാതെ വണ്ടിയില്‍ കയറിയിരുന്നു. മുന്നോട്ട് നീങ്ങിയ കാര്‍ റോഡിലേക്ക് കയറും മുന്നേ നിന്നു. അപര്‍ണ്ണ തിരികെ ഓടിവന്നു. കിതച്ചുകൊണ്ട് അയാളുടെ മുഖത്തേക്കുനോക്കി.. ദേഷ്യമില്ല.. അയാളെ ആദ്യം കണ്ടത് പോലെ..
“ഐ ഡോന്നോ വാട്ട് ടു സെയ്.. ഐ ആം.. “ അയാളെ പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ അപര്‍ണ്ണ ഇറുകെചുംബിച്ചു.
“സെയ് ദിസ്..” എന്നിട്ട് അയാളുടെ ഇരുകൈകളും അവളുടെ നിറുകമേല്‍ വച്ചിട്ട് അപര്‍ണ്ണ ചിരിയോടെ പറഞ്ഞു..
“ദീര്‍ഘസുമംഗലീ ഭവ: !!”
മനസിലാവാതെ കെവിന് നിന്നു…
തിരികെ നടക്കുമ്പോള്‍ നിലയ്ക്കാത്ത സംഗീതത്തിന്റെ കുരുന്നുകോര്ഡുകള് അവളുടെയുള്ളില്‍.. ഒരേ താളത്തില്‍ മിടിച്ചു.