തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.
ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്‍റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.
അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്‍റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന്‍ അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്‍റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത് ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന്‍ വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്‍.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.
പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.
ഈയിടെയായി കുനിഞ്ഞുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന്‍ വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.
ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്‍റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.
വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.
എന്തിന് പരിഭവം തോന്നണം..!
പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ് ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന് പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.
“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”
“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”
“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”
“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”
“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.
“എന്നതാടാ..”
ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്‍റെ മുകളില്‍ പോയിരുന്നു.
“എന്നെക്കൊണ്ടിങ്ങനെ ആരാന്‍റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ് അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”
ജോസിന്‍റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.
“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന്‍ ലണ്ടന് പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്‍. അതുകൊണ്ട് അവളും വന്നില്ല..”
മകന്‍ പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്‍ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.
കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്‍റ്സും ഷര്‍ട്ടും. അതിന്‍റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള്‍ നിന്നു.
“അമ്മച്ചി പേരു മറന്നു കാണും. ഏയ്‌ജല്‍.”
“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”
“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”
ഏയ്‌ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.
“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”
എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.
“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”
ജോസു പോയതും ഏയ്‌ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്‍പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.
ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.
“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്‍റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”
ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്.
ഏയ്‌ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.
അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.
“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്‍ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”
മാലാഖകൊച്ചു ചിരിച്ചു.
“നോ നോ.. ഐ ആം ഫൈന്‍. ഞാന്‍ കുറച്ചേ കഴിക്കു.”
ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.
പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള്‍ വീടെത്തി.
ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്‌ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക് വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട് രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന്‍ മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.
അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്‍റെ മുഖം.. ചിലപ്പോള്‍ അവന്‍ കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.
***
പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.
“എയ്ജല്‍..”
വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.
രണ്ടുപേരും വിളികേള്‍ക്കുന്നില്ല.
മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.
“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.
വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്‍നിന്നും മകളുടെ പ്രതിഷേധത്തിന്‍റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.
ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.
കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്‍റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്‍റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.
***
മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.
കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് അവരുടെ മുത്തശ്ശിയുടെ കൈയില്‍നിന്നും കിട്ടിയതാണ് ക്ലാവ് പിടിച്ചതെങ്കിലും, മനോഹരമായ കൊത്തുപണികളും മൂന്നറകളുമുള്ള, താഴ്ത്തിക്കെട്ടിയ ഉമ്മറക്കോലായിലും അകത്തെ ചായ്പ്പിലുമൊക്കെ വര്‍ഷങ്ങളായി ഇടംപിടിച്ചിരിക്കുന്ന വെറ്റിലച്ചെല്ലം. നുറുക്കിയ പാക്കിന്‍ കഷണങ്ങളും കുഞ്ഞു പ്ലാസ്ടിക് ടിന്നിലെ വാസനയുള്ള ഇളം റോസ്നിറത്തിലുള്ള ചുണ്ണാമ്പും ഒരുകെട്ട് വെറ്റിലയും എപ്പോഴും അതിലിടംപിടിച്ചിരുന്നു. അവരുടെ ചെറിയ ദേഷ്യങ്ങളും, പരിഭവങ്ങളും,സങ്കടങ്ങളും ഈശാപോശകളുമൊക്കെ കാലങ്ങളായിങ്ങനെ മുറുക്കിത്തീര്‍ത്തു വന്നു.
അവരുടെ മൂത്ത പുത്രി വസുധ കൊട്ടാരക്കരയില്‍ ഭര്‍ത്താവും കുട്ടികളുമായി ജീവിക്കുന്നു. ഇളയമകന്‍ രാമകൃഷ്ണന്‍ കൂടെയുണ്ട്. അയാള്‍ അവിടുത്തെ പോസ്റ്റുമാനാണ്. അകന്ന ബന്ധത്തിലെ ശ്രീദേവിയെ കെട്ടി അതില്‍ ഒരു കുട്ടിയുമുണ്ട്. തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു രണ്ടുമുറി വീട് കുറേശ്ശെയായി കെട്ടിപ്പൊക്കുന്നുണ്ട് രാമകൃഷ്ണന്‍. അതില്‍ ലവലേശം തൃപ്തിയില്ലായെങ്കിലും എല്ലാ ദിവസവും തനിക്കാവുന്ന രീതിയില്‍ എന്തെങ്കിലും ചെറിയപണികള്‍, അതിനി രണ്ടിഷ്ടിക കൂട്ടിവയ്ക്കുന്നതാണെങ്കില്‍ പോലും, കുഞ്ഞുലക്ഷ്മിയമ്മ ചെയ്തുകൊടുക്കാറുണ്ട്. മിക്കപ്പോഴും ഒരു മേസ്തിരിയും ഒരു തച്ചും മാത്രമേ പണിക്കുണ്ടാവാറുള്ളൂ. പണിക്കൂലി ലാഭിക്കാന്‍ വേണ്ടി ഒക്കുമ്പോഴൊക്കെ രാമകൃഷ്ണന്‍ കൈലിയുമുടുത്തിറങ്ങും. പച്ചപരിഷ്കാരിയും ആഡംബരപ്രിയയുമായ ശ്രീദേവിയെ കുറേക്കാലം പുറകെനടന്നു സ്വന്തമാക്കിയതിന്റെ പേരിലാണ് അമ്മയും മകനും ആദ്യമായി വഴക്കിട്ടത്. കോളേജില്‍ പോയി പഠിച്ചതിന്റെ ഹുങ്കും ആ പ്രദേശത്ത് ചുരിദാറും മിഡിയും ഒക്കെ ആദ്യമായി ഇട്ടു വിലസിയെന്നെ ക്രെഡിറ്റും ശ്രീദേവിയെ കുഞ്ഞുലക്ഷ്മിയമ്മയില്‍ നിന്നും കുറേക്കൂടി അകറ്റി നിര്‍ത്തി.
ആരോടും അഭിപ്രായം ചോദിക്കാതെ മകന് ശ്രീദേവിയിട്ട തരുണ്‍ രാമകൃഷ്ണന്‍ എന്ന പേര് കുഞ്ഞുലക്ഷ്മിയമ്മ ഇതേവരെ ഉച്ചരിക്കുന്നത് ആരും കേട്ടിട്ടില്ല. പകരം കൊച്ചുരാമാ എന്ന് ഉറക്കെ നീട്ടിവിളിച്ചും ആരെങ്കിലും വരുമ്പോള്‍ കുറച്ചുകൂടി സ്നേഹത്തില്‍ അതാവര്‍ത്തിച്ചും അവര്‍ മരുമകളോട് മധുരപ്രതികാരം വീട്ടി. കൊച്ചുരാമന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയ വര്‍ഷമാണ് ഓടിട്ട തറവാടിന്റെ ഒരു വശം ചെറുതായൊന്നുതാഴേക്ക് ഇടിഞ്ഞത്. മുകളിലത്തെ കയ്യാലയോട് ചേര്‍ന്ന് നിന്നിരുന്ന കൂറ്റന്‍പ്ലാവിന്‍റെ ഒരു ശിഖരം തുലാമാസത്തിലെ ഒരു പേമാരിയില്‍ ഒടിഞ്ഞു വീടിനുമേല്‍ വീണു. പഴയ ഓടും വീഴാറായി നിന്ന ഉത്തരവും നനഞ്ഞുകുതിര്‍ന്ന ഭിത്തിയും അപ്പോഴേ താഴോട്ട് താണുപോയി. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി പഴയവീടിനെ നന്നാക്കുന്നതിനു പകരം അടുത്തയാഴ്ച തന്നെ കപ്പയും ചേമ്പും തഴച്ചുനിന്നിരുന്ന മുന്‍വശത്തെ നിരപ്പായ കൊച്ചുപറമ്പില്‍ പുതിയവീടിനു രാമകൃഷ്ണന്‍ തറക്കല്ലിട്ടു. കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും പണയംവച്ചതും ചിട്ടിപ്പണവും ഒക്കെക്കൂട്ടിയിട്ടും തറകെട്ടലോടെ വീടുപണി മന്ദഗതിയിലായി. മാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നും പകുതിമുക്കാലുമെടുത്ത് സിമന്റും കട്ടകളും വാങ്ങി പണിക്കാരെ കുറച്ച് സ്വന്തം അധ്വാനം കൂട്ടിയ രാമകൃഷ്ണന്‍ മാസങ്ങള്‍ക്കുള്ളില്‍ ക്ഷീണിച്ച് കോലംതിരിഞ്ഞു.
ഒരു ദിവസം മുറുക്കിക്കൊണ്ടിരുന്ന കുഞ്ഞുലക്ഷ്മിയമ്മയുടെ അടുത്തേക്ക് കൊട്ടാരക്കരയില്‍നിന്നും വസുധയും കുട്ടികളും വന്നു. അവരുടെ ചിരികളികള്‍ക്കിടയിലും മകളുടെ മുഖത്തെ ദൈന്യഭാവം കുഞ്ഞുലക്ഷ്മിയമ്മ ശ്രദ്ധിച്ചു. അത്താഴം കഴിഞ്ഞ് അമ്മയുടെ കാലില്‍ കുഴമ്പുതേച്ചുകൊണ്ടിരിക്കെ വസുധ കാര്യം പറഞ്ഞു. ഭര്‍ത്താവ് പ്രഭാകരന്‍റെ അനിയത്തിയുടെ കല്യാണമാണ്. വസുധയ്ക്ക് സ്ത്രീധനമായി പത്തു പവന്‍റെ ഉരുപ്പടി മാത്രമേ കൊടുത്തിരുന്നുള്ളൂ. അന്ന് പറഞ്ഞുവച്ച അമ്പതിനായിരം രൂപ കൊടുക്കാന്‍ കുഞ്ഞുലക്ഷ്മിയമ്മയ്ക്കോ രാമകൃഷ്ണനോ ഇതേവരെ കഴിഞ്ഞിട്ടില്ല. അമ്പലത്തില്‍ വച്ച് ചെറിയൊരു ചടങ്ങായിരുന്നു അത്. അനിയത്തിയുടെ കല്യാണം നടത്താന്‍ ഓടിനടന്നു കടം വാങ്ങുമ്പോഴും പ്രഭാകരന്‍ വസുധയോട് മുഖം കറുത്ത് പെരുമാറിയില്ല. മനസ്സിലുള്ള വിഷമം മുഴുവന്‍ അമ്മയോട് പറഞ്ഞു വസുധ കരഞ്ഞു. പിറ്റേദിവസം അവര്‍ പോകാനിറങ്ങവേ കുഞ്ഞുലക്ഷ്മിയമ്മ ഒരു തൂവാലയില്‍ രണ്ടു നേര്‍ത്ത സ്വര്‍ണ്ണവളകളും ഗുരുവായൂരപ്പനെ കൊത്തിവച്ച ഒരു ലോക്കറ്റും പൊതിഞ്ഞുകെട്ടി മകളെ ഏല്‍പ്പിച്ചു. തല്‍ക്കാലത്തേക്ക് അത് വിറ്റ് പ്രഭാകരനെ സഹായിക്കാന് കാതില്‍ പറയുകയും ചെയ്തു.
അമ്മയുടെ കൈയിലെ വളകള്‍ അപ്രത്യക്ഷമായത് ശ്രീദേവി കൃത്യമായി രാമകൃഷ്ണന്‍റെ ശ്രദ്ധയില്‍ പെടുത്തി. വീടുപണി പലതവണ നിന്നുപോയിട്ടും ഇങ്ങനെയൊരു സഹായം എന്തേ ചെയ്തില്ല എന്ന ചോദ്യത്തിന് മുന്നില്‍ ചെല്ലവും കുഞ്ഞുലക്ഷ്മിയമ്മയും നിശബ്ദരായിരുന്നു. മകന്‍ മുറുമുറുപ്പോടെ എഴുന്നേറ്റുപോയതും വൃത്തിയുള്ള ഒരു വെറ്റിലയുടെ നാക്ക്നുള്ളി നെറ്റിയുടെ വശത്തുചേര്‍ത്തുവച്ച് കുഞ്ഞുലക്ഷ്മിയമ്മ അപ്പോഴുണ്ടായിരുന്ന ചെറിയ കുറ്റബോധത്തെ ചവച്ചുതുപ്പി.
പിറ്റേദിവസം മുതല്‍ ശ്രീദേവി ഇടയ്ക്കും മുറയ്ക്കും വളകളെയും പക്ഷാഭേദത്തെയും പറ്റി ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. സഹിക്കവയ്യാതെവന്നപ്പോള്‍ ചെല്ലവുമെടുത്ത് കുഞ്ഞുലക്ഷ്മിയമ്മ അയല്‍വക്കത്തെ വീട്ടില്‍ പോയിരുന്നു. രാമകൃഷ്ണന്‍ പോസ്ടാഫീസില്‍ നിന്നും വരുന്ന വഴി ജോര്‍ജിന്റെ വീട്ടുപടിക്കല്‍ കട്ടന്‍കാപ്പിയും കുടിച്ച് ദയനീയഭാവത്തോടെയിരിക്കുന്ന അമ്മയെ കണ്ടു.
തിരിച്ചു വീട്ടില്‍ കയറി വന്നതും തിണ്ണനിരങ്ങി നടക്കാന്‍ നാണമില്ലേ എന്നുചോദിച്ച് രാമകൃഷ്ണന്‍ ഒച്ചപ്പാടുണ്ടാക്കി. ഒന്നുമറിഞ്ഞ മട്ടുഭാവിക്കാതെ ശ്രീദേവി രണ്ടുപേര്‍ക്കുമായി കാപ്പിയെടുത്തു തിണ്ണയില്‍ വെച്ചു. കുഞ്ഞുലക്ഷ്മിയമ്മ അന്ന് അത്താഴം കഴിച്ചില്ല. കോളാമ്പിയില്‍ കടുത്തുചുവന്ന വെറ്റിലനീര് പലതവണ വീണു.
വീടിന്‍റെ തേപ്പുതീരാറായി. ഒരുമാസം കഴിഞ്ഞ് ശ്രീദേവിയുടെ മൂത്ത ആങ്ങള ബോംബെയില്‍ നിന്ന് വന്നതും ഒരു കെട്ടുനോട്ടുകള് രാമകൃഷ്ണന്‍റെ കൈയില്‍ കൊടുത്തു. ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലായെങ്കിലും സഹോദരസ്നേഹം മാനിച്ച് അതുവാങ്ങി ശ്രീദേവിയുടെ കൈയില്‍ ഏല്‍പ്പിച്ചു. അടുത്തയാഴ്ച തന്നെ പെയിന്റടി തുടങ്ങാമെന്ന് അവര്‍ തീരുമാനിച്ചു. അന്ന് പതിവില്ലാതെ ശ്രീദേവി പുതിയവീടിന്റെ മുറ്റത്തും മുറികളിലുമോക്കെയായി കുറേനേരം ചിലവിട്ടു.
രണ്ടുദിവസം കഴിഞ്ഞതും നാലഞ്ചുപേര്‍ വന്ന് പറമ്പില്‍ നിന്ന രണ്ടു തേക്കും പൂവരശും വെട്ടിയിറക്കി. കുഞ്ഞുലക്ഷ്മിയമ്മ ചോദിച്ചപ്പോള്‍ കട്ടിലും കസേരകളും ഊണുമേശയുമൊക്കെ പണിയാന്‍ വേണ്ടിയാണെന്ന് അവിടെ നിന്ന ആശാരിപ്പയ്യന്‍ പറഞ്ഞു. ഉടനെതന്നെ വഴക്കിനോ ചോദ്യംചെയ്യലിനോ നില്‍ക്കാതെ, ചെല്ലവുമെടുത്ത് ചായ്പ്പിന്റെ ഇരുട്ടിലേക്ക് കുഞ്ഞുലക്ഷ്മിയമ്മ കയറിപ്പോയി. രാമകൃഷ്ണനും ശ്രീദേവിയും തിരക്കിട്ട് വീടിന്‍റെ പണികളില്‍ മുഴുകി. പണിക്കാര്‍ക്ക് കട്ടനിട്ടുകൊടുക്കാനും അവിടമൊക്കെ തൂത്തുവൃത്തിയാക്കാനും അമ്മയെ വിലക്കി ശ്രീദേവി കാര്യങ്ങള്‍ ഏറ്റെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വെള്ളപൂശി വീട് സുന്ദരമായി. ജനാലകളും വാതിലുകളും തിളങ്ങി.. ശ്രീദേവിയുടെ മാതാപിതാക്കള്‍ വീട് കാണാനെത്തി. അവര്‍ക്ക് മുന്നില്‍ ചെല്ലവും മടിയില്‍വച്ച് ഇടയ്ക്കിടെ പാസാക്കുന്ന ചിരിയുമായി കുഞ്ഞുലക്ഷ്മിയമ്മ.
രാമകൃഷ്ണന്‍ കണിയാനെക്കണ്ട് പാലുകാച്ചലിനു തീയതികുറിപ്പിച്ചു. വാര്‍ണ്ണീഷുപൂശിയ കട്ടിലുകളും മേശയും കസേരകളും പുതിയ വീട്ടിനുള്ളില്‍ ഇടംപിടിച്ചു. വസുധയും പിള്ളേരും പ്രഭാകരനും തലേന്ന് തന്നെ വീട്ടിലെത്തി. പുത്തന്‍സാരിക്കുള്ള ബ്ലൌസു തുന്നിയത് വാങ്ങാന്‍ ശ്രീദേവി പോയ നേരത്ത് മകന്‍റെ വീടുകാണാന്‍ കുഞ്ഞുലക്ഷ്മിയമ്മയിറങ്ങി. അടുത്ത വീട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കാന്‍ രാമകൃഷ്ണന്‍ പോയിരിക്കുകയാണ്. പിറ്റേദിവസം രാവിലെ ഒന്‍പതുമണിക്കാണ് മുഹൂര്‍ത്തം. വീടിന്‍റെ മുറ്റത്ത് ചെന്നതും പടുതയിട്ട ഭാഗത്ത് കിടക്കുന്ന കയറിന്‍റെ തുണ്ടുകളും മറ്റും പെറുക്കിയെടുത്ത് ഒന്നുകൂടി മുറ്റമൊക്കെ അടിച്ചുവാരി ചൂലുകൊണ്ടുപോയി പിന്‍വശത്ത് വച്ചിട്ട് കൈയും കാലും മുഖവും കഴുകി മുന്‍വശത്തെ ചെറിയ തിണ്ണയിലേക്ക് കയറി. മുണ്ടിന്‍റെ ഒരുപാളി മടക്കി കുത്തിയത് വിടുവിച്ച് താഴോട്ടിട്ട് അമ്പലത്തിലേക്കെന്നപോലെ തേക്കില്‍തടിയില്‍ ഭംഗിയായി പണിത വാതില്‍ തുറന്നു. ഈശ്വരനെ വിളിച്ച് കുഞ്ഞുലക്ഷ്മിയമ്മ അകത്തേക്ക് കയറി.
സ്വീകരണമുറിയില്‍ വലിയ സോഫാസെറ്റിയും മേശയും അതിനോട് ചേര്‍ന്ന് ഭിത്തിയില്‍ പിടിപ്പിച്ചിരിക്കുന്ന ഗ്ലാസിട്ട അലമാരയും. അപ്പുറത്ത് വീട്ടില്‍ വച്ചിരുന്ന കുറെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ ഇങ്ങോട്ടെക്ക് കൊണ്ടുവന്നിരുന്നു. രാമകൃഷ്ണന്റെയും ശ്രീദേവിയുടെയും കല്യാണഫോട്ടോയും, അതിനപ്പുറം ശ്രീദേവിയുടെ അച്ഛനമ്മമാരുടെ ഒരു ഫോട്ടോയും. ഇതുവരെ കാണാത്ത ഒന്ന്. അതുകണ്ടതും കുഞ്ഞുലക്ഷ്മിയമ്മയുടെ കണ്ണുകള്‍ ആ വീട്ടിലെ ചുമരുകളിലാകെ ഓടിനടന്നു. ഇനിയിപ്പോള്‍ മകന്‍ മറന്നതാണോ.. തന്‍റെയും രാമകൃഷ്ണന്‍റെ അച്ഛന്റെയും ചെറുപ്പത്തിലെടുത്ത ഒരു ഫോട്ടോയെ ഉള്ളൂ.. വസുധ ജനിക്കുന്നതിനും മുന്നേയുള്ളത്. പെട്ടിയിലെവിടോ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതെടുത്തുകൊടുക്കണം. വാതിലടച്ചു കുഞ്ഞുലക്ഷ്മിയമ്മ വീട്ടിലേക്കു വന്നു.
രാത്രി ഇത്തിരി വൈകിയാണ് രാമകൃഷ്ണന്‍ വന്നത്. ഉമ്മറത്ത് ഫോട്ടോയും പിടിച്ചു കുഞ്ഞുലക്ഷ്മിയമ്മ ഇരുപ്പുണ്ടായിരുന്നു. ഉടുപ്പുമാറി അത്താഴവും കഴിച്ച് എന്തൊക്കെയോ സാധനങ്ങളുമായി മുറ്റത്തേക്കിറങ്ങിയ മകനെ വിളിച്ച് ഫോട്ടോ കാണിച്ചുകൊടുത്തു ചിരിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചിതലെടുത്ത ഇതൊന്നും അങ്ങോട്ടേക്ക് വേണ്ടായെന്നു പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നുപോയി. പ്രതീക്ഷിക്കാതെ വന്ന മറുപടി ആരെങ്കിലും കേട്ടോ എന്ന് ചുറ്റിനും നോക്കിയപ്പോള്‍ ചെറിയ ചിരിയോടെ അകത്തേക്ക് തിരിഞ്ഞുപോയ ശ്രീദേവിയെയാണ് കണ്ടത്.
വെറ്റിലചെല്ലം എവിടേ..? കുഞ്ഞിരാമാ.. ഇടറിയ ശബ്ദത്തില്‍ പഴയ ഫോട്ടോയുമായി അവര്‍ ചായ്പ്പിലേക്ക് പോയി.
നേരം വെളുത്തു.. ശ്രീദേവി നേരത്തേ എഴുന്നേറ്റു. മകനെ കുളിപ്പിച്ച് നിര്‍ത്തി.. കാപ്പിയും ചെറിയ തോതില്‍ പ്രാതലുമൊക്കെ അവിടെത്തന്നെ തയ്യാറാക്കുന്നുണ്ട്. അടുക്കി വച്ചിരിക്കുന്ന കസേരകളും മറ്റും മുറ്റത്ത് നിരത്തണം. പ്രഭാകരനും മക്കളും അവര്‍ക്കൊപ്പം രാമകൃഷ്ണനും പുതിയ വീട്ടിലേക്കു ചെന്നു. ഒരുകസേരയെടുത്തു തിണ്ണയില്‍ ഇടാനൊരുങ്ങിയതും എന്തോകണ്ട് ദേഷ്യത്തില്‍ കസേര ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് രാമകൃഷ്ണന്‍ തറവാട്ടിലേക്ക് പാഞ്ഞു.
വീടിനു മുന്നില്‍ നിന്ന് അമ്മേയെന്ന് ഉച്ചത്തില്‍ വിളിച്ചു. അമ്മയൊഴികെ എല്ലാവരും പുറത്തേക്കിറങ്ങി വന്നു. അയാള്‍ കലിമൂത്ത് അകത്തേക്ക്കയറി. ചായ്പ്പിന്റെയുള്ളില്‍ ചെല്ലവുമെടുത്തു വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുലക്ഷ്മിയമ്മ ഒരു ഭാവവ്യത്യാസവുമില്ലാതെ മകനെ നോക്കി.
രാമകൃഷ്ണന്‍ അടുത്തേക്ക് ചെന്ന് അമ്മയുടെ മടിയില്‍ ഇരിക്കുന്ന ചെല്ലമെടുത്ത് പുറത്തേക്കോടി. നടവാതില്‍ക്കല്‍ ഇറങ്ങി തിരിഞ്ഞുനിന്ന് കല്ലുകൊണ്ട് കെട്ടിയ പടികളിലേക്ക് സര്‍വ്വശക്തിയുമെടുത്ത് കൈയിലുള്ള വെറ്റിലചെല്ലം എറിഞ്ഞു. ശബ്ദം കേട്ട് ശ്രീദേവിയും വസുധയും അന്ധാളിച്ചുനിന്നു. കുഞ്ഞിരാമന്‍ പേടിച്ചു കരയാനും തുടങ്ങി. തന്‍റെ വീടിന്‍റെ പടിചവിട്ടരുതെന്നോ മറ്റോ പുലമ്പിക്കൊണ്ട് അയാള്‍ പോയി. ശ്രീദേവി പിന്നാലെയും.
ഇന്നേരം പഴയ ഫോട്ടോ ഒന്നുകൂടി തുടച്ചു വൃത്തിയാക്കി പെട്ടിയിലടച്ചു കുഞ്ഞുലക്ഷ്മിയമ്മ പുറത്തു വന്നു. മുറ്റത്ത് രണ്ടായി പിളര്‍ന്നു ചളുങ്ങിക്കിടക്കുന്ന ചെല്ലമെടുത്ത് അകത്തേക്കുപോയി.
ആളുകള്‍ വരുന്നതിനു മുന്നേ പുതിയ വീടിന്‍റെ മുന്‍വശത്തെ വെളുവെളുത്ത ഭിത്തിയില്‍ നിന്നും വെറ്റിലക്കറ മാറ്റാന്‍ രാമകൃഷ്ണനും ഭാര്യയ്ക്കും പന്ത്രണ്ടുകുടം വെള്ളം കോരേണ്ടിവന്നു.