
റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു ദൂരം മാറിയാണ് അയാൾ ജോലി ചെയ്യുന്ന സ്ഥലം . ഒരു കൊച്ചു പ്രസാധക കമ്പനി . അധ്യാപന നാളുകൾ മടുത്തപ്പോൾ തുടങ്ങിയത് . ജീവിതം വേറൊരു പട്ടണത്തിലേക്ക് മാറിയപ്പോഴും നാലു നിലകളുള്ള ആ പഴയ കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ മൂന്നു മുറികളിലായി അയാളും അഞ്ചു ജീവനക്കാരും ഒട്ടുമിക്ക ദിവസങ്ങളിലും കണ്ടുമുട്ടുന്നു . സ്ഥിരമായുള്ള കുറെ വാരികകളും സെൽഫ് പബ്ലിഷ് പുസ്തകങ്ങളും , കോളജ് , യൂണിവേഴ്സിറ്റി അച്ചടിജോലികളും ഒഴിച്ചാൽ വലിയ തിരക്കില്ലാത്ത ഇടം.
അയാളുടെ മുറിയിൽ നീണ്ടയൊരു മേശയും നാലു കസേരകളും ഒരു കോണിൽ മടക്കി വയ്ക്കാവുന്ന ഒരു കൊച്ചു കട്ടിലും ഒരു അഞ്ചടി വരുന്ന തടിയലമാരയും പിന്നെ അവിടെയാകെ നിറഞ്ഞു നിൽക്കുന്ന പ്രത്യേക ഗന്ധവുമുണ്ട് . മേശമേൽ എഡിസൺ ബൾബിട്ട പഴയ റീഡിങ് ലാമ്പ് , അടുക്കി വെച്ച പുസ്തകങ്ങൾ , ഭിത്തികളിൽ നാലഞ്ചു കൊല്ലം മുൻപടിച്ച ചാരനിറം. ജനാലകൾക്ക് പിന്നിലെ പൂക്കൾ തുന്നിച്ചേർത്ത കർട്ടൻ. അയാളുടെ പട്ടണത്തിലെ നിറങ്ങൾ നിറഞ്ഞ വീട്ടിൽ നിന്നും തികച്ചും മാറി നിൽക്കുന്ന അന്തരീക്ഷം .
വന്നപാടെ അയാൾ ഒരു മടിയും കൂടാതെ പ്രൂഫ് റീഡിങ്ങിനും എഡിറ്റിംഗിനുമായിരുന്നു. അൻപത്തിരണ്ടു വയസ്സ് പ്രായം. കള്ളി ഷർട്ടും പാന്റ്സും കറുത്ത ഫ്രെയിമുള്ള കണ്ണടയും അയാൾക്ക് കൂടുതൽ പ്രായം തോന്നിപ്പിക്കുന്നു. കടലാസ്സു കെട്ടിൽ നിന്നും ആദ്യ ഡ്രാഫ്റ്റെടുത്തു വായന തുടങ്ങിയപ്പോഴേക്കും ജോസഫ് വന്നു വാതിലിൽ കൊട്ടി .
“സാർ ഒരാൾ കാണാൻ വന്നിരിക്കുന്നു “
“ഇത്ര രാവിലെയോ, അകത്തേക്ക് വരാൻ പറയൂ..” അയാൾ വായന തുടർന്നു.
നിമിഷങ്ങൾക്ക് ശേഷം വന്നയാൾ വാതിലിൽ മുട്ടി.
“നമസ്കാരം” പുറകിൽ നിന്നുള്ള വെയിലിൽ അയാളുടെ ശരീരം അവ്യക്തമായി കാണപ്പെട്ടു .
നടന്നകത്തു കയറി വന്നതും അയാൾ ചിരിച്ചു . മെലിഞ്ഞ ശരീരം, ഇൻസേർട്ട് ചെയ്ത ഫുൾ സ്ലീവ് ഷർട്ട്, ക്ഷീണിച്ച കണ്ണുകൾ .
“എന്റെ പേര് ശ്യാം.”
“നമസ്കാരം , ഇരിക്കൂ ശ്യാം“
അയാൾ കസേര നീക്കിയിട്ട് ഇരിക്കുംനേരം മുറിയാകെ കണ്ണോടിച്ചു .
“എവിടുന്നാണ് വരുന്നത് , എന്താ വേണ്ടേ ..”
“ഞാൻ വന്നത് .. ” അയാൾ വാക്കുകൾ തിരഞ്ഞു .
“എത്ര നാളായി ഈ പബ്ലിഷിംഗ് ഒക്കെ ..?”
“പത്ത് പതിനഞ്ചു വർഷങ്ങളായി. ഞാനിവിടെ അടുത്തൊരു കോളേജിൽ അധ്യാപകനായിരുന്നു. ആ സമയത്തു തുടങ്ങിയതാ .”
ശ്യാം അയാളെത്തന്നെ നോക്കിയിരുന്നു .
” എന്താ ആവശ്യം എന്ന് പറഞ്ഞില്ല ..”
“പറയാം , എന്റെ വീട്ടിൽ ഇതുപോലൊരു മുറിയുണ്ട് . തടിയലമാരയും പഴയ ഫർണീച്ചറുകളുമൊക്കെയായി . മേശമേൽ ഇതുപോലെയൊരു ബ്രാസ് ലാമ്പും, പുസ്തകങ്ങളും.. ചായം പോലും ഇതു തന്നെ.”
“ശ്യാം എഴുതുമോ ..”
“ഇല്ല ഞാനൊരു ബാങ്കിലാ ജോലി ചെയ്യുന്നെ. കുറച്ചു നാളായി ലീവിലാ. നാലു മണിക്കെത്തുന്ന അമൃത എക്സ്പ്രെസ്സിലാ വന്നത് . അടുത്തൊരു ലോഡ്ജിൽ മുറിയെടുത്തു.”
“ആഹാ എന്താ ഇയാളുടെ നാട്ടിൽ അച്ചടി സ്ഥാപനങ്ങളില്ലേ ..” ചിരിയിൽ അൽപ്പം സംശയം കലർത്തിയുള്ള ചോദ്യം .
“ധാരാളം ! ഞാൻ വന്നത് താങ്കളെ കാണാനാണ്. “
“നമ്മൾ തമ്മിൽ പരിചയം .. എനിക്കോർമ്മ കിട്ടുന്നില്ല . കൂടെ പഠിച്ചവരേയും പിന്നീട് പഠിപ്പിച്ചവരെയും വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ എനിക്ക് മനസിലാവാറില്ല..” ശ്യാമിനെ ഓർത്തെടുക്കാൻ ശ്രമിക്കവേ അയാൾ പറഞ്ഞു
“കോളജിൽ കുറച്ചു നാൾ കൂടെ ഫാക്കൽറ്റിയിലുണ്ടായിരുന്ന ഇന്ദുവിനെ ഓർമ്മയുണ്ടോ..”
ശ്യാമിന്റെ മുന്നിൽ ഇമചിമ്മാതെ അയാളിരുന്നു .
“എന്തൊരു ചോദ്യമാണല്ലേ .. “
മറുപടിയില്ല .
“കുറേ നാളായി കിടപ്പിലാരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് അവൾ പോയി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. മക്കൾ തിരിച്ചു പോയി .. കഴിഞ്ഞ ആഴ്ച അവളുടെ തുണികളൊക്കെ എടുത്തു വയ്ക്കുമ്പോൾ വർഷങ്ങളായി ബോധപൂർവ്വം മാറ്റിവച്ച ചിലതോർത്തു. അവളുടെ പുസ്തകങ്ങൾ വയ്ക്കുന്ന മുറിയിൽ നിന്നും ഇവിടുത്തെ അഡ്രസ്സും അയയ്ക്കാതെ വെച്ചിരുന്ന രണ്ടു പഴയ കത്തുകളും കിട്ടി . ഇരുപത്തിനാലു കൊല്ലങ്ങൾ കൂടെ ജീവിച്ചയാളെ മനസ്സിലാക്കാൻ അവൾ നിങ്ങൾക്കെഴുതിയ പത്തു വരികൾക്ക് സാധിച്ചു . വന്നു കാണാം എന്ന് കരുതി , അവൾ പോയി എന്നുള്ളത് കണ്ടു പറയണം എന്നു തോന്നി.”
ആ മുറി നിറയെ നിശബ്ദത വന്നു മൂടി . മേശക്കിരുപുറവും ഒരു സ്ത്രീയുടെ രണ്ടു പ്രണയങ്ങളിരുന്നു . അവളുടെ പകുത്ത ചിന്തകളും പറയാത്ത വാക്കുകളും കൊണ്ട് അവിടമാകെ നിറഞ്ഞു . തുലാസിൽ കയറാതെ , കണ്ണുനിറഞ്ഞു രണ്ടു പേർ .
ശ്യാം ഒരു തുണി സഞ്ചിയിൽനിന്നും ഒരു സാരിയും കത്തുകളും എടുത്തു മേശമേൽ വച്ചു.
“ഏറ്റവും സന്തോഷമുള്ള അവളെ ഞാൻ ഈ സാരിയിലേ കണ്ടിട്ടുള്ളൂ. അവസാനം ആശുപത്രിയിലേക്ക് പോകുമ്പോഴും നിർബന്ധം പിടിച്ചു പറഞ്ഞു , ഇതുടുപ്പിക്കാൻ. ആ വീട്ടിൽ ഇനിയുമിത് കിടന്നു ശ്വാസം മുട്ടാൻ പാടില്ല.”
ഇന്ദുവിനെ അവസാനം കണ്ടതോർത്തു അയാൾ. അവളുടെ പിറന്നാളിന് .. പിരിഞ്ഞ നാളില് . അന്ന് പോകുന്നതിനു മുൻപ് അടുത്തൊരു തുണിക്കടയിൽ പോയി എടുത്തു കൊടുത്തതാണ് . ട്രെയിനിൽ കയറ്റി യാത്ര പറഞ്ഞപ്പോൾ അന്ന് തോന്നിയ വേദന നൂറിരട്ടിയായി തിരികെ വരുന്നപോലെ അയാൾക്ക് തോന്നി .
ശ്യാം എഴുന്നേറ്റു. എന്നിട്ട് പേഴ്സിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി .
“എന്നെങ്കിലും വിളിക്കാനോ കാണാനോ തോന്നിയാൽ ..”
” Shyam , I am sorry for your loss” മറുപടി പെട്ടെന്നായിരുന്നു .
“അതു ഞാനല്ലേ പറയേണ്ടത്…” അയാൾ മെല്ലെ നടന്നകന്നു .
മടക്കി വച്ചിരുന്ന മങ്ങിയ ചുവപ്പു സാരിയിൽ അത്രയും തന്നെ പഴയ ലാമ്പിൽ നിന്നും ഇളം ചൂടുള്ള വെളിച്ചം വീണു. ആരോ തിരികെ വന്നത് പോലെ ..