Posted in Notes, romance, Scribblings, writer

തീവണ്ടി

ചൂളമടിച്ചകലുന്ന തീവണ്ടി പോലെയാണ് ചിലർ . യാത്രക്കാരിൽ ഒരാളെപ്പോലും കേൾക്കാതെ നീണ്ടുകിടക്കുന്ന പാതയിലൂടെ ഒരു പോക്ക് ! ചിന്താഭാരവും ആൾഭാരവും പിന്നെയുള്ള പെട്ടികളും സാമഗ്രികളും പേറി ഇടയ്ക്കിടെ മാത്രം നിർത്തിയോടുന്ന പരുക്കൻ വണ്ടി.

അങ്ങനെയൊരു തീവണ്ടിയാത്ര ഓർമ്മ വരുന്നു . നിങ്ങളെ മറന്നു കഴിഞ്ഞിരുന്നു ആ കാലത്ത് . അമ്മൂമ്മ പറഞ്ഞുതന്ന ഗന്ധർവ്വൻ കഥകൾ പോലെ , ത്രിസന്ധ്യയും തണുത്ത കാറ്റും ഇളകിയാടുന്ന മരങ്ങളും മാത്രം ഇടയ്ക്കിടെ മുഖം വരയ്ക്കാതെ, തൊട്ടുതലോടാതെ എന്റെ ചുറ്റിനും നിങ്ങളുടെ ശ്വാസം നിറച്ചുകൊണ്ടിരുന്നു. പഴയ പുസ്തകങ്ങളിൽ നിങ്ങളുടെ മുഖമില്ല പക്ഷെ താളുകൾ മറിക്കുമ്പോൾ അതേ പരുക്കൻ മുടിത്തുമ്പുകളിൽ തൊടുന്നപോലെ . രാത്രിമുഴുവൻ ഉറങ്ങാതെ, ഉദയം കണ്ടുകണ്ണടച്ചപ്പോഴൊന്നും കൂടെ നിങ്ങളില്ല. പക്ഷെ എന്റെ പിന്കഴുത്തിലെ ചെറുരോമങ്ങൾക്കും കാക്കപുള്ളികൾക്കും വരെ ഒരുപക്ഷെ ഒരായിരം തവണ ഞാനറിയാതെ ചുംബനങ്ങൾ കിട്ടിയിട്ടുണ്ടാവും .

കാഴ്ചകളിലും കിനാവുകളിലും ഒന്നും നിങ്ങളില്ല. മറന്നുപോയിരുന്നല്ലോ അല്ലേ !

ഒന്നിൽ നിന്ന് അടുത്തതിലേക്ക് വഴുതിവീഴുമ്പോൾ ഒരു വിളിപ്പാടകലെ ഞാനും നിങ്ങളുമുണ്ടായിരുന്നു . ഒടുവിൽ ഒരീസം ഞാൻ അമ്മയെ കാണാൻ പോയി . വീട്ടിലേക്കുള്ള തീവണ്ടി പ്രത്യേകതരമൊന്നാണ് . അമ്മയും അച്ഛനും അവരുടെ സങ്കടങ്ങളും , ഇടയ്ക്കിടെ ഭൂഗർഭപാതകളും ഇരുട്ടും . അന്ന് തിരികെയുള്ള യാത്രയിൽ ഇരുളിലെടുത്ത തീരുമാനമാണ് ഇന്നീ എഴുത്തുവരെ എത്തിനിൽക്കുന്നത് .

അന്നാണ് ഒരുപാട്‌ നാളുകൾക്കു ശേഷം നിങ്ങളെ കണ്ടത് . തീവണ്ടി പതുക്കെയോടികൊണ്ടിരിക്കെ ഞാൻ ജനാലവഴി എത്തിനോക്കി . മുകളിലുള്ള പാലത്തിൽനിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളചാറ്റലിൽ ഞാൻ കണ്ണയ്ക്കുമ്പോൾ എതിരെ നിങ്ങളിരിപ്പുണ്ടായിരുന്നു എന്തോ ചോദിയ്ക്കാനും പറയാനും വേണ്ടി ..

പകൽസൂര്യനു കീഴേയ്ക്ക് തീവണ്ടിയിറങ്ങിയപ്പോൾ ചുറ്റിനും തീരുമാനങ്ങൾ . ചിരികൾ .

ഒപ്പം അതായെന്റെയുള്ളിൽ മറന്നുവെന്നു കരുതിയതൊക്കെയും കാഴ്ചശീവേലിക്കു തയ്യാറായിനിൽക്കുന്നു!

Posted in Notes, Scribblings, writer

അയലത്തെ സുന്ദരി – പെണ്ണെന്ന ഉൾക്കടൽ

2017 മാർച്ച് മാസം പന്ത്രണ്ടാം തീയതിയാണ് കെ കെ രാജീവ് എന്ന പ്രിയപ്പെട്ട സംവിധായകൻ “അയലത്തെ സുന്ദരി ” യുടെ കഥ പറഞ്ഞുതന്നത് . സമയമെടുത്ത് ഒരു ഫോൺ കോളിൽ കാവ്യലക്ഷ്മിയുടെ ജീവിതത്തിന്റെ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ 60 ശതമാനത്തോളം അദ്ദേഹം വിവരിച്ചു . തുടക്കം മുതൽ കഥ കേൾക്കുന്നതിനോടൊപ്പം സമാന്തരമായി മറ്റുചില കാര്യങ്ങൾ മനസിലൂടെ പോവുന്നുണ്ടായിരുന്നു .

‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പദ്മരാജൻ സർ എഴുതിയ നോവലിന്റെ ടെലിവിഷൻ ദൃശ്യാവിഷ്‌കാരം അമൃത ചാനലിന് വേണ്ടി ചെയ്തപ്പോൾ..സംവിധാനം രാജീവ് സർ ആയിരുന്നു. പക്ഷെ തിരക്കഥ സംഭാഷണമൊക്കെ പദ്മരാജൻ സർന്റെ മകൻ അനന്തപദ്മനാഭൻ ചേട്ടനും . അശ്വതി എന്ന കഥാപാത്രം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ് . പദ്മരാജൻ സ്ത്രീ സൃഷ്ടികളിൽ ഒന്നിൽ എന്നെ കാണാൻ കഴിഞ്ഞു എന്നതു തന്നെ വലിയ ഭാഗ്യവും .

രണ്ടാമതൊരു പ്രൊജക്റ്റ് ചെയ്യാൻ വിളിക്കുന്നുവെങ്കിൽ സ്വാഭാവികമായും അശ്വതിയോട് തോന്നിയതിനൊപ്പമെങ്കിലും അടുപ്പം എനിക്ക് തോന്നണം. രാജീവ് സർന്റെ പല പരമ്പരകളും പുനഃസംപ്രേക്ഷണം വഴിയാണ് കണ്ടിട്ടുള്ളത് . ഏറെക്കുറെ കണ്ടതെല്ലാം ഇപ്പോഴും മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ മൂന്നിലും ശ്രീവിദ്യ എന്ന അഭിനേത്രിയുടെ സാന്നിധ്യമുണ്ട് . അയലത്തെ സുന്ദരിയുടെ കഥ കേൾക്കുമ്പോഴും വിദ്യാമ്മ ചെയ്ത കുറെ രംഗങ്ങളാണ് മനസിലൂടെ പോയത് . പിന്നീട് ഷൂട്ടിങ്‌ തുടങ്ങിയപ്പോഴും പല ദിവസങ്ങളിലും എന്റെ മുന്നിൽ ചെറിയ ചിരിയോടെ താക്കീതോടെ ഞാൻ ചെറുതിലെ കണ്ട അവരുടെ പല രംഗങ്ങളും നിന്നു .

രാജീവ് സർ അദ്ദേഹത്തിന്റെ ആദ്യ പരമ്പര മുതൽ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ നടീനടന്മാരോടൊപ്പമാണ് പ്രവർത്തിച്ചിട്ടുള്ളത് . തിലകൻ സർ മുതൽ ഇങ്ങോട്ട് . ഇന്നും അവരുടെയൊക്കെ കുറവ് ഒരുപാടറിയുന്ന ഒരാൾകൂടിയാണ് അദ്ദേഹം . അങ്ങനെയുള്ള ഒരാളുടെ നാവിൽനിന്ന് എന്നെങ്കിലും നന്നായി അഭിനയിച്ചു എന്ന് കേൾക്കാൻ പറ്റുമോ എന്ന് ശങ്കിച്ചു തന്നെയാണ് ലൊക്കേഷനിൽ എത്തിയത് .

കാവ്യലക്ഷ്മി-

കഥ കേട്ടുതീർന്ന നിമിഷം മുതൽ ഇതെഴുതുന്നത് വരേയും.. കാവ്യ എന്ന സ്ത്രീ എനിക്കൊരു മനോഹരമായ കടംകഥയാണ് . ഞാൻ ഇന്നേവരെ ഉത്തരം കണ്ടുപിടിക്കാൻ തുനിഞ്ഞിട്ടില്ല . പക്ഷെ കുരുക്കുകൾ ഓരോന്നായി അയച്ചും മുറുക്കിയും ശ്വാസം മുട്ടിയും നിലയില്ലാക്കയത്തിൽ മുങ്ങിത്താണും പ്രണയച്ചുഴിയിൽ നിസ്സഹായയായി ജീവിതം ഹോമിച്ച കാവ്യ . നിശബ്ദത തെറ്റായി മാറിയപ്പോഴും വിവാഹത്തിലും കുടുംബത്തിലും വിശ്വസിച്ച സ്ത്രീ . കുടുംബം തകരും എന്ന് വന്നപ്പോൾ ഒരിക്കൽ മനസ്സു പകുത്തു കൊടുത്തവനെ ഇല്ലാതാക്കാൻ വരെ തുനിഞ്ഞവൾ. ഒടുവിൽ പ്രണയമില്ലാത്ത ബഹുമാനമില്ലാത്ത വൈവാഹികജീവിതത്തിന് അടിവരയിട്ടുകൊണ്ട് തോറ്റുപിൻവാങ്ങി മറഞ്ഞവൾ .ചെയ്ത ഒരേയൊരു തെറ്റ് ഒരാളെ പ്രണയിച്ചതാണ് .. അയാളെ ചെറുത്തുനിൽക്കാതിരുന്നതും. മറ്റൊരാളുടെ ഭാര്യയായ അന്നുമുതൽ ഭർത്താവിനെ മാത്രം മുന്നിൽ കണ്ടു ജീവിച്ചിട്ടും 17 വർഷങ്ങൾ അയാളുടെതല്ലാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി .. പിന്നീട് അതേ മനുഷ്യന്റെയും സ്വന്തം മക്കളുടെയും ചോദ്യങ്ങൾക്കു മുന്നിൽ ഉരുകിതീർന്ന കാവ്യ.

അതായത് തെറ്റുകൾ പറ്റിയ ജീവിതം .. ഒരിക്കൽ അബലയായിരുന്ന ഒരു പെണ്ണ് .. പക്ഷെ മക്കളിലൂടെ ജീവിക്കാൻ പഠിച്ചുതുടങ്ങി . തന്റെ തെറ്റുകൾ മക്കൾ ആവർത്തിക്കരുത് എന്നോർത്ത് അവരെ അമിതമായി നിയന്ത്രിക്കുന്ന ഒരമ്മ . ഏതു നേരവും സേതുമാധവനെന്ന ഇന്നിന്റേയും ജയറാമെന്ന ഇന്നലെയുടെയും ഇടയിൽപ്പെട്ടു ശ്വാസം മുട്ടുന്ന ജന്മം .

കഴിഞ്ഞ ഒരുവർഷം വേറെയൊരു പ്രൊജക്റ്റും ചെയ്യാതെ കാവ്യയായി മാത്രം . തിരുവനന്തപുരത്തെ സൗത്ത്പാർക്ക് എന്ന ഹോട്ടലിൽ ഞാൻ ചെക്ഇൻ ചെയ്തിട്ട് ഇതുവരെയ്ക്കും ഏകദേശം 11 മാസങ്ങൾ . ഭർത്താവും അച്ഛനും അമ്മയുമൊക്കെ അവിടേയ്ക്കു വന്നു കണ്ടുതുടങ്ങി . പതുക്കെ ഒരു ഹോട്ടൽ മുറി വീടായി മാറി. ആദ്യത്തെ മൂന്നാലുമാസങ്ങൾ പെട്ടെന്ന് പോയി. അതിനുള്ളിൽ ഒരുപാട് നല്ല രംഗങ്ങൾ . എല്ലാ ദിവസവും എപ്പിസോഡ് കഴിഞ്ഞാൽ നിരവധി മെസ്സേജുകൾ . കഴിഞ്ഞ വർഷം രണ്ടു മാസങ്ങൾ ആരോഗ്യം മോശമായി . ചികിത്സയും അതേ ഹോട്ടൽ മുറിയിൽ .

പലദിവസങ്ങളിലും ആ മുറിയും ചുറ്റുപാടും പുറത്തു നോക്കിയാൽ കാണുന്ന പള്ളിയും കുരിശും നീലാകാശവും പിന്നെ നിശബ്ദതയിൽ നിൽക്കുന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ഇന്ന് അയലത്തെ സുന്ദരി സംപ്രേക്ഷണം അവസാനിക്കുന്നു . രാജീവ് സർ ,പ്രൊഡ്യൂസർ ജയപ്രകാശ് സർ , ക്യാമറമാൻ ജോയ് ച്ചായൻ അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റസ് , കോസ്റ്റ്യൂം – മേക് അപ്പ് ഡിപ്പാർട്മെന്റ് ,ആർട് , ലൈട്സ് , പ്രോഡക്‌ഷൻ പിന്നെ പോസ്റ്റ് പ്രൊഡക്ഷൻ ടീം . എല്ലാവർക്കും സ്നേഹം ,നന്ദി . കൂടെ അഭിനയിച്ചവർ എല്ലാവർക്കും ഒരുപാട് നന്ദി .

ഉറങ്ങാതെ 24 മണിക്കൂർ ചിത്രീകരണം നടന്ന നിരവധി ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് . ലൊക്കേഷനിൽ നിന്നു ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോയി അവിടെനിന്ന് തിരിച്ചു ഷൂട്ടിങിന് പോയ ദിവസങ്ങളും . ഇത്രയധികം കഠിനാദ്ധ്വാനമാവശ്യമായി വന്ന പ്രൊജെക്ടുകൾ കുറവാണ്‌ . പക്ഷെ എല്ലാറ്റിനുമൊടുവിൽ,രാജീവ് സർ കഥ പറയാൻ വിളിച്ചപ്പോൾ ഞാൻ അകലെ നോക്കികണ്ട കാവ്യലക്ഷ്മിയുടെ ഉള്ളും ഉയിരും ഇപ്പോൾ എനിക്ക് സ്വന്തമാണ് . ഒരു ജീവിതം കഥയായി കേട്ടത് ജീവിച്ചു കഴിഞ്ഞു .

ഒരു കെ കെ രാജീവ് പരമ്പര , ഞാനെന്ന അഭിനേത്രിയിൽ ഒരുപാട് തെളിച്ചം വരുത്തി.. അതിനോടൊപ്പം കഴിഞ്ഞ വർഷം സമാന്തരമായി എന്നിലെ സ്ത്രീയും പാകപെട്ടിട്ടുണ്ട് .

അടുത്തതെന്താണ് എന്നറിയില്ല ! അതുവരെയ്ക്കും മനസ്സുനിറയുന്ന നിശബ്ദത .

Posted in Notes, Scribblings, writer

കുറിപ്പുകൾ – പതിനൊന്ന്

വൈകുന്നേരമായപ്പോൾ ഒരു തോന്നൽ , പഠിച്ചത് മുഴുവൻ മായ്ച്ചുകളഞ്ഞിട്ട് ഒന്നെന്നു തുടങ്ങിയാലോന്ന് . സാഹിത്യവും പിന്നെ അതു കഴിഞ്ഞുള്ള വ്യാപാരതന്ത്രങ്ങളുമൊന്നുമല്ല .. അതിനു മുന്നേ പഠിച്ചവ . അംഗൻവാടിയിലെ മണ്ണിൽ കുറിച്ച അക്ഷരങ്ങൾ മുതൽ..ഇന്നലെ മനഃപാഠമാക്കിയ ഉറുദു ഗസൽ വരെ . എല്ലാം. ആദ്യം മുതൽ തുടങ്ങാം, അമ്മ സമ്മതിക്കും. എന്നിട്ട് എല്ലാ പാഠങ്ങൾക്കുമിടയിൽ ഒരു നിമിഷം കൊടുക്കണം. ചിരിക്കാൻ.. കാരണം കുറെ കാലം കഴിയുമ്പോ പഠിച്ചതൊന്നും പാടിയില്ലെങ്കിലും, അതിനിടയിൽ ഇത്ര ചിരിച്ചതെന്തിനാ എന്നോർത്ത് ഒന്നൂടെ ചിരിക്കാലോ 🙂

Posted in Notes, people, places, Scribblings, Uncategorized

ആദ്യാന്തം

img_20160705_161449

പലതിനും മീതെയുള്ള പലകൂട്ടം പ്രിയങ്ങളിൽ ഒന്നാണ് പാതിരാത്തണുപ്പ് . എന്റെ ശരീരത്തിൽ തുളച്ചുകയറുന്നത് തണുപ്പോ അതോ ചുറ്റിനുമുള്ള ഇരുട്ടും നിലാവുമോ , എന്തായാലും പുലർച്ചെയെഴുന്നേൽക്കുമ്പോൾ തൊലിപ്പുറത്ത് പടർന്നുകിടക്കുന്ന രക്തത്തുടിപ്പുണ്ടാവും , ഉള്ളിൽ അവ്യക്തമായ ചിന്തകളും .

നല്ല മഴപെയ്ത ഒരു സന്ധ്യയ്ക്ക് ആദ്യമായി ഒരാളെ പരിചയപ്പെട്ടു . ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ , നിറയെ നിശബ്ദതയിൽ. നോട്ടങ്ങളിൽ നെഞ്ചിലെ നോവുമാത്രമേ കാണാൻ പറ്റിയുള്ളൂ . ചിരിയിൽ അന്നുവരെയുള്ള ഒറ്റപ്പെടലും. കൂടെയുള്ളത് മറുപാതിയെന്ന് തിരിച്ചറിയാൻ അധികനേരമെടുത്തില്ല . കഥകൾ പറഞ്ഞത് ചുറ്റിനും പെയ്തിറങ്ങിയ മഴത്തുള്ളികളാവും . കുറേനേരം കഴിഞ്ഞ് , തണുപ്പു വന്നു. ഇടതുകയ്യിലെ മോതിരവിരലിൽ തൊട്ടതും ഞാനോർത്തത് പമ്പാനദിയിൽ മുങ്ങിയതാണ് .

പന്ത്രണ്ട് വയസ്സുകാരി മലകയറുന്നതിനു മുന്നേ അച്ഛനൊപ്പം പമ്പയിലിറങ്ങി രാത്രി..

“മോളു പേടിക്കണ്ടാട്ടോ .. മൂക്കുപൊത്തിപ്പിടിച്ചോ , കണ്ണടച്ച് ദാ .. ഇങ്ങനെ ഒറ്റമുങ്ങൽ ..” അച്ഛൻ ശരണം വിളിച്ചുകൊണ്ട് അരയൊപ്പം വെള്ളത്തിൽ മുങ്ങി . ചുറ്റിനും അയ്യപ്പന്മാർ . സമയം പുലർച്ചെ ഒന്നരയായിട്ടുണ്ടാവും .

കറുത്ത പാവാടയും ജാക്കറ്റും അതിനുള്ളിലെ കൊച്ചുശരീരവും പതുക്കെ തയ്യാറെടുത്തു .

ഒഴുക്കുകുറഞ്ഞ ഭാഗത്തേയ്ക്ക് അച്ഛൻ എന്നെ മാറ്റിനിർത്തി . വഴുക്കില്ലാത്ത ഉരുളൻ കല്ലുകൾക്കിടയിൽ എന്റെ കുഞ്ഞുകാലുകൾ തടഞ്ഞുനിന്നു . നീണ്ടശ്വാസമെടുത്ത് മൂക്കുപൊത്തി , കണ്ണടച്ചു . അച്ഛന്റെ കൈ തോളത്തുണ്ടെന്നു തോന്നി . മുങ്ങാൻ തുടങ്ങി താണതും ശരണം വിളിയോർത്തു . പക്ഷെ ശരീരം കേട്ടില്ല . തല മുങ്ങുന്നതിനു തൊട്ടുമുന്നെ ഞാൻ ശരണം വിളിച്ചു . പകുതി വെള്ളത്തിനു മീതെയും ബാക്കിപകുതി വെള്ളത്തിലുമായി . ഇതിനിടയിൽ കണ്ണുതുറന്നു , മൂക്കിൽ നിന്നും കൈ മാറി .

രണ്ടുനിമിഷം ..

അയാളുടെ വിരലുകൾക്ക് പമ്പയിലെ അതേ തണുപ്പായിരുന്നു . കണ്ണടച്ചു തുറന്നതും , പാതിരാക്കാറ്റ് വന്നു . പന്ത്രണ്ട് വയസ്സുകാരി കൊണ്ട ആദ്യത്തെ പാതിരാക്കാറ്റ് .

സന്നിധാനത്തിൽ, തത്വമസിയ്ക്കുമുകളിൽ, മേഘങ്ങൾക്കിടയിൽ .. അന്നു ഞാൻ കണ്ടുമടങ്ങിയ ആരോ , ഒരു വ്യാഴവട്ടം കഴിഞ്ഞ് അതേ തണുപ്പിൽ , അതേ നേരത്ത് കണ്ടപോലെ. എനിക്കു കാണാനോ സ്വന്തമാക്കാനോ പറ്റില്ല . അതറിഞ്ഞുകൊണ്ടുതന്നെയാണ് അന്നു പുലർച്ചെ യാത്രയാക്കിയത് .

കഴിഞ്ഞ ദിവസം ഒരു പാതിരാക്കാറ്റ് പറഞ്ഞു ..

“അറുപതു കഴിയട്ടേ നിനക്ക്”

“ എന്തിനു” ഞാൻ ചോദിച്ചു .

“എന്നെ കാണാൻ വരണം”

“കാത്തിരിപ്പിനിടയിൽ ഞാൻ.. എനിക്കെന്തെങ്കിലും സംഭവിച്ചാലോ..?”

ഉത്തരം കിട്ടിയില്ല .

“പിന്നെയെനിക്ക് എന്താണു തടസ്സം അല്ലേ..” ഞാൻ ചിരിച്ചു .

കാറ്റിനും മേഘങ്ങൾക്കുമിടയിൽ ഉരുളൻ കല്ലുകൾക്കും ഒഴുക്കിന്നുമിടയിൽ , രണ്ടുനിമിഷങ്ങളുടെ കാഴ്ച്ചയാണെല്ലാം . നീയും ഞാനുമെല്ലാം..

ആദ്യാന്തം .

Posted in Notes, people, romance, Scribblings

കുറിപ്പുകൾ – പത്ത്

Women-at-Dark

ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതുപോലെ എന്റെ എറ്റവും നല്ല കഥയിൽ നീയുണ്ടാവും , കൂടുതൽ ചതിയും കുറച്ചുമാത്രം സ്നേഹവുമായി . അവിടെ ഇത്രനാളും നീയെന്നോട് പറഞ്ഞ നുണക്കഥകൾ ഒരോന്നായി മരച്ചില്ലകളിൽ തൂങ്ങിക്കിടപ്പുണ്ടാകും .

ആദ്യമൊക്കെ ഞാൻ വിശ്വസിക്കാതെ മറന്നവ.. പിന്നീട് കള്ളച്ചിരികളുടെ കോടമഞ്ഞിൽ നിന്നും പുറത്തിറങ്ങി ഞാൻ തന്നെ തിരിച്ചറിഞ്ഞവ ..

പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത് . ഇന്നു പഴയ അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ പ്രണയത്തിന്റെ പീളക്കെട്ടില്ല . ഒരോ തവണയും ഓടിയടുത്തപ്പോൾ കൂടെക്കൊണ്ടുവന്ന വിശ്വാസത്തിന്റെ ഭാരവുമില്ല .

ഇന്നു ഞാൻ മധ്യവയസ്കയാണു .

ഉണർന്നിരുന്ന രാത്രികളെ ശപിക്കാതെ , അവയിലെനിക്കു പകുത്തുകിട്ടിയ നൂറായിരം നിശ്വാസങ്ങളെ ഓർത്തുചിരിയ്ക്കുന്ന , വികലയും വിചിത്രയുമായ മധ്യവയസ്ക !

Posted in Notes

കുറിപ്പുകൾ- ഒൻപത്

നീളൻ വിരലുകൾ നൂറുനൂറു വർഷങ്ങൾ പഴയമയുള്ള കൂറ്റൻ വാതിലിൽ തടവിമാറവേ, നിശബ്ദത ഭേദിച്ച് പ്രാവുകളുടെ ഒരു കൂട്ടം ചിറകടിച്ചുകൊണ്ടു കടന്നുപോയി. പഴയ കോട്ടയുടെ ഭീമമായ നടുമുറ്റത്ത് നിന്നു നോക്കിയാൽ ചുറ്റിനും ഒരേപോലെയുള്ള നിരവധി മുറികൾ. എല്ലായിടത്തും ചുവർചിത്രങ്ങൾ. പന്ത്രണ്ട് റാണിമാരെ പാർപ്പിച്ചിരുന്ന അകത്തളങ്ങൾ. വിശേഷദിവസങ്ങളിൽ അവർ കണ്ടുമുട്ടിയിരുന്ന കല്ലുകൊണ്ടുള്ള മണ്ഡപം. എറ്റവും മുകളിലായി മഹാരാജാവിന്റെ കിടപ്പറ. അവിടെനിന്നും താഴെയുള്ള മുറികളിലേയ്ക്കു ഇറങ്ങിവരാനുള്ള പ്രത്യേക പടവുകൾ. പരിചാരകരായി ഇടനാഴികളിൽ നിൽക്കുന്ന ഭിന്നലിംഗക്കാർ , അരക്ഷിതമായ ഒരു വലിയ രാജമനസ്സിന്റെ നീണ്ട ഉദാഹരണം.

കാമാത്തിപ്പുരയുടെ സമ്മ്റുദ്ധമായ മറ്റൊരു പതിപ്പ്. 

കോട്ടവളപ്പിനപ്പുറം ഗ്രാമപ്രദേശങ്ങളിൽ അനേകം ചെറിയ ക്ഷേത്രങ്ങൾ ഈ റാണിമാർ പണികഴിപ്പിച്ചിരുന്നത്രേ.. സ്വന്തം മുറികളിൾ നിന്നും പല്ലക്കിലേറി സ്വതന്ത്രമായ വഴിയോരങ്ങളിലൂടെ കുറച്ചുസമയം യാത്ര ചെയ്യാൻ വേണ്ടി മാത്രം ഭക്തിയെ കൂട്ടുപിടിച്ചവർ.

വർണ്ണങ്ങൾ വിതറിയ പുതുവസ്ത്രങ്ങൾ അവരെ അണിയിപ്പിക്കുംനേരം നിർവ്വികാരതയൊടെ കൂട്ടിമുട്ടിയ പരിചാരകരുടെ നോട്ടങ്ങളിൽ, ശൂന്യത, ഇരുട്ട് പിന്നെ എറ്റവും മുകളിലുള്ള മുറിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറങ്ങിയെത്താവുന്ന ആർത്തിപൂണ്ട ശരീരത്തിന്റെ വിക്രിയകൾ.

തലയ്ക്കു മുകളിലൂടെ കോട്ടയെ വലംചുറ്റി ആഘോഷപൂർവ്വം പറന്നുനടക്കുന്ന പ്റാവിൻ കൂട്ടം മണ്മറഞ്ഞ ആരൊക്കെയോ ആണെന്നു തോന്നി.

Palace-of-Man-Singh-in-Amber-Palace-complex.jpg-nggid043018-ngg0dyn-720x560x100-00f0w010c010r110f110r010t010
Posted in Notes, Uncategorized

കുറിപ്പുകൾ-എട്ട്

ഒരു ബലൂണിൽ നിറയ്ക്കാനുള്ള വായുകൂടി നമ്മുടെ ശരീരത്തിനുള്ളിൽ സൂക്ഷിക്കാനാവതില്ല. ഒരു കുംബിൾ വെള്ളം ഒരു ദിവസത്തിൽ കൂടുതൽ നമ്മുടെയുള്ളിൽ നിൽക്കില്ല. ഈ ഭൂമിയിൽ ദിവസങ്ങൾ ആർക്കു കൂടുതൽ എന്ന് എനിക്കോ നിനക്കോ അറിയില്ല.ഇതു മൂന്നും , ഇതു മൂന്നും മതി ആർക്കും ആരുടെയും വായടപ്പിക്കാൻ.

കണ്ട പ്രകാശവും ഇരുട്ടും, കൊണ്ട കാറ്റും മഴയും ,കാണാത്ത പ്രണയവും , കണ്ടുമറന്ന ചിരിയും കണ്ണീരും.

ജീവിതം എനിക്കും നിനക്കും ഒരേപോലെയല്ല. കാരണം നമ്മുടെ കാഴ്ച്ചകൾ വേറെയാണ്.  മരണത്തിൽ ഞാൻ സുഖം പ്രാപിക്കുമ്പോൾ, നീ വെറുതേ ജീവിതമവസാനിപ്പിക്കുന്നു. കാരണം എന്റെ കണ്ണുകളടഞ്ഞപ്പോൾ ഞാൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നീയ്യൊ??4

Posted in Notes, Uncategorized

കുറിപ്പുകൾ – ഏഴ്

ചില മരണങ്ങൾ സ്വപ്‌നങ്ങൾ തകരുമ്പോഴാണ്..  ജീവനറ്റ സ്വപ്‌നങ്ങൾ നമ്മുടെ ശരീരത്തിൽ നിന്നും പൊന്തിപ്പറക്കും.  അങ്ങനെ നോക്കിയാൽ നീലാകാശം നിറയെ ഗതാഗതതടസ്സമാണ്. കുരുക്കിൽ കൂട്ടിമുട്ടി ഒന്ന് രണ്ടെണ്ണം കുറച്ചു മുന്നേ എന്റെ തലയ്ക്കു മുകളിൽ വീണു. ചോദിച്ചപ്പോൾ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.. മറ്റേതു അതിനെക്കാൾ വലിയ ശബ്ദത്തിൽ ചിരിച്ചു. രണ്ടു വര്ഷം മുന്നേ പടച്ചു-കൊന്നു  വിട്ടതാണ്.

ഇന്നാണ് അഭിമാനം തോന്നിയത്. ആകാശത്ത് ഒരു കൊട്ടാരം കെട്ടാനുളള ത്രാണിയുണ്ടേയ് ! ഞാൻ ഇവിടെ ദുഃഖപുത്രിയാണേലും മാനത്ത് സ്വപ്നങ്ങളുടെ രാജകുമാരിയാണ്‌ 🙂 

Posted in Notes, Uncategorized

കുറിപ്പുകള്‍-ആറ്

damsel5

പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ  ഒന്നാണ് എന്‍റെത്.

ആര്‍ക്കും പിടികൊടുക്കാതെ എനിക്ക്തന്നെ ഒരു മിഥ്യയായി അതിങ്ങനെ ജീവിച്ചുമരിക്കും. എനിക്കുമുന്നേ അതു മരിക്കുന്നുവെങ്കില്‍ അതിനു ഞാനൊരു മനോഹരമായ റീത്ത് സമര്‍പ്പിക്കും. പൂക്കളില്ലാത്ത , ഇലകളില്ലാത്ത ഒരു പ്രത്യേകതരം റീത്ത്. അതിലേയ്ക്ക് വേണ്ടതൊക്കെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കും.

എന്‍റെ പ്രണയത്തിന്‍റെ ആദ്യത്തെ കുപ്പായം, വിടര്‍ന്ന കണ്ണുകളോടെ ഞാനതില്‍ പാകിയ മുല്ലപ്പൂ ഗന്ധം, അതിരാവിലെ കിടക്കയില്‍ നിന്നും പെറുക്കിയെടുത്തിരുന്ന എന്‍റെ കൊഴിഞ്ഞ മുടിയിഴകള്‍, എന്‍റെ പ്രണയത്തിന്‍റെ മുന്‍ശുണ്ഠിയില്‍ ചിതറിവീണ കുപ്പിച്ചില്ലുകള്‍, എന്‍റെ ശരീരത്തിലെ കരിഞ്ഞ പാടുകള്‍ മാറ്റുവാന്‍ ഉപയോഗിച്ചുപോന്ന ലേപനത്തിന്‍റെ ഒന്‍പതു കാലിട്യൂബുകള്‍, എന്‍റെ പ്രണയത്തിന്‍റെ അവസാന നാളുകളിലെ നുരയും പതയും പട്ടിണിയും തൂത്തെടുത്ത തൂവാലകള്‍.. അങ്ങനെ ഈ ലോകത്തില്‍ ആരാലും സമര്‍പ്പിക്കപ്പെട്ട ഏറ്റവും മനോഹരമായ റീത്തുമായി ഞാന്‍ നില്‍ക്കും.

പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്.

Posted in Notes, Uncategorized

കുറിപ്പുകള്‍-അഞ്ച്

parched-gulch-ab0ccc74e803a404967a861160a9d9f15497c50f-s900-c85

കരിഞ്ഞു കിടക്കുന്ന തേക്കിന്‍റെ ഇലകള്‍ക്ക് മുകളില്‍ ചവിട്ടിയപ്പോള്‍ ആ പ്രദേശമാകെ ഞെട്ടിയുണര്‍ന്നപോലെയായി. ഇടയ്ക്ക് വീശിയടിക്കുന്ന ചൂടുകാട്ടില്‍ പഞ്ഞിക്കായകള്‍ തോടില്‍ നിന്നും വിണ്ടുകീറി പുറത്തേക്ക് വന്നു.  ഒരു വേനല്‍മഴയ്ക്കിടെ ജനിച്ചു വീണതുകൊണ്ടോ ഓരോ വേനലിലും ആരെയെങ്കിലുമൊക്കെ വിട്ടുപിരിയുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ വിണ്ടുകീറിയ മനസ്സുമായി ,വരണ്ട തൊലിപ്പുറത്തെ കറുത്ത പൊണ്ണന്‍ മറുകുകള്‍ക്ക് വല്ലാത്ത സ്നേഹമുള്ളതുകൊണ്ടോ..  വേനല്‍ അയാള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.

വേനല്‍..

അമ്മ വയറ്റിലെ

ചാണകം മെഴുകിയ ചായ്പ്പിലെ

സ്കൂള്‍ തിണ്ണയിലെ

ആല്‍ത്തറയിലെ- തണുപ്പ് ഇനിയില്ല

ഇനി വേനല്‍ മാത്രം.