Posted in Novella

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 3

“I have a room booked from today onwards”

“Your good name mam”? റിസെപ്ഷനിസ്റ് പുഞ്ചിരിയോടെ ചോദിച്ചു.

“അശ്വതി ആർ മേനോൻ”

“Alright mam, for four nights right? Please fill this up, room is ready for you”

“താങ്ക്സ്”.

മുറിയിലെത്തി പെട്ടിയും ഹാൻഡ്ബാഗും മേശമേൽ വച്ച് , കൈയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് റൂംബോയ്ക്കു കൊടുത്തു വിട്ടു. ഒരു മുപ്പതുകാരിയുടെ ബ്രീഫ്കേസ് എന്ന് തോന്നില്ല, മറിച്ച് ഏതോ തീർത്ഥാടനത്തിനിറങ്ങിയ ആളുടെ സാമഗ്രികളേപ്പോലെയേ തോന്നുള്ളൂ. പക്ഷെ എത്തിയിരിക്കുന്ന സ്ഥലം ഗോവയാണ്. ഒരു ഡെസ്റ്റിനേഷൻ കല്യാണം, കൂടെ ജോലി ചെയ്യുന്ന രണ്ടു പേരുടെ. അഞ്ചു കൊല്ലമായുള്ള ഓഫിസ് സൗഹൃദം. അവരുടെ പ്രണയത്തിന്റെ ആദ്യകാല സാക്ഷി. അതുകൊണ്ടുതന്നെ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. ബോംബെയിൽ നിന്ന് ഇടയ്ക്കിടെ ഓഫീസ് പാർട്ടികൾക്ക് വന്നിട്ടുള്ള സ്ഥലമായതുകൊണ്ട് അപരിചിതത്വം തീരെയില്ല. പല ബീച്ചുകളും, ഹോട്ടലുകളും പരിചിതം. അവർ താമസിക്കുന്ന നക്ഷത്രഹോട്ടലിൽ റൂം വേണ്ടായെന്നു പറഞ്ഞു കുറച്ചിപ്പുറം ചെറിയ ഒരു ബുട്ടീക് ഹോട്ടലിൽ താമസിക്കാം എന്ന് കരുതി. രണ്ടു പുസ്തകങ്ങളും നാലു ജോഡി ഡ്രെസ്സും അടിവസ്ത്രങ്ങളും നൈറ്റ് ഗൗണും. കൂടെ ജോലി ചെയ്യുന്ന പലരും എത്തുമെന്നുള്ളത് കൊണ്ട് വിവാഹചടങ്ങുകൾ ഏറെക്കുറെ ഓഫീസ് പാർട്ടികൾ പോലെയാവാനും സാധ്യതയുണ്ട്.

മൂന്നോ നാലോ ചടങ്ങുകളുടെ കാർഡുകൾ ഫോണിലും ബാഗിലുമുണ്ട്. ഓരോന്നിനും ഓരോ കളർ വേഷം വേണമത്രേ.

ആവണിയും അജിത്തും. ഏറെക്കുറെ ഒരേപോലെയുള്ള രണ്ടുപേർ. ഇഷ്ടങ്ങളും അനിഷ്ടങ്ങളും.. എന്തിന് കാണാൻ തന്നെ രൂപസാദൃശ്യമുള്ള വരനും വധുവും. ഇന്ന് വൈകുന്നേരം അവരുടെ ഹോട്ടൽ ലോണിൽ വച്ച് ബാച്ലർ പാർട്ടി. നാളെ മൈലാഞ്ചി , പിറ്റേന്ന് കല്യാണം അതു കഴിഞ്ഞ് ഒരു ദിവസം പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടും, സുഹൃത്തുക്കളുടെ കൂടെ ഒരു ഡിന്നറും. ആവണിക്ക് ഇത് വര്ഷങ്ങളുടെ പ്ലാനിംഗാണ്‌. അവരുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുക ശീലമായിപ്പോയി. സിനിമകളും ഗെറ്റവേകളും ഷോപ്പിംഗ് സ്പോട്ടുകളുമൊക്കെ അവരാണ് തെരഞ്ഞെടുക്കുക. കൂടെപ്പോയാൽ മാത്രം മതി.. ഇനിയങ്ങോട്ട് കണ്ടറിയണം. നാലു ജോഡി ഡ്രെസ്സുകളും പുറത്തെടുത്തു വച്ച് , നീളൻ ജനാലയ്ക്കു പുറത്തേക്കു നോക്കി. കുറച്ചുദൂരെ കടൽ ഉച്ചവെയിൽതട്ടിത്തിളങ്ങികിടക്കുന്നു. ആദ്യമായി ആ കടൽ കണ്ടതും ഇതുപോലൊരു നട്ടുച്ച നേരത്താരുന്നു.

തൂവെള്ള ഷിഫോൺ സാരിയിൽ തിളങ്ങുന്ന കല്ലുകൾ! ചില നേരങ്ങളിൽ ഇടുന്ന ഉടുപ്പുകളും മനസ്സും തമ്മിൽ ഒരു ചേർച്ചയും കാണില്ല. ചെറിയൊരു പൊട്ടും തൊട്ടു മുടി ചീകിയൊതുക്കി ഞാൻ കണ്ണാടിക്കു മുന്നിൽ നിന്നു. അച്ഛനും അമ്മയും ഇന്നലെയും വിളിച്ചു.. അമ്മാളു ന്യൂസിലാൻഡിൽ പഠിക്കുന്നു.. പലപ്പോഴും സംസാരിക്കുമ്പോൾ അങ്ങോട്ടേക്ക് ഒരു ജോലി ശരിപ്പെടുത്തി ചെല്ലാൻ അവളു പറയും.

പക്ഷേ..

ചില തീരുമാനങ്ങൾ.

ഒരു ടാക്സിയിൽ ചെന്നിറങ്ങുമ്പോൾ വളരെ ശാന്തമായി തോന്നിയ അന്തരീക്ഷം പാർട്ടി നടക്കുന്ന സ്ഥലമെത്തിയപ്പോൾ പാടേ മാറി. റീമിക്സ് പാട്ടുകളും ആളുകളും.. പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക്. സന്ധ്യ കഴിഞ്ഞതേയുള്ളൂ. അവിടെത്തന്നെയുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് എല്ലാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. തോരണങ്ങളും തൂക്കുവിളക്കുകളുമൊക്കെയായി ഭംഗിയാക്കിയിരിക്കുന്നു അവിടമൊക്കെ. അജിത്തും കുറെ കൂട്ടുകാരും കഴിഞ്ഞ മാസം തായ്ലാൻഡിൽ പോയി ഒരു ബാച്ലർ പാർട്ടി ആഘോഷിച്ചതാണ്. ഇതിപ്പോൾ ഇങ്ങനൊരു പാർട്ടിയിലും അതേ ആളുകളൊക്കെ ബഹളം വയ്ക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ജോൺ, കഴിഞ്ഞ വർഷം പുതുവർഷദിനത്തിൽ എന്റെ കൈയിൽ നിന്ന് ഒരടി ചോദിച്ചു വാങ്ങിയിട്ടുമുണ്ട്.

പരിചിതരാണ് ഏറെക്കുറെ എല്ലാവരും. അവരുടെ അടുത്ത കുടുംബക്കാരെ നിശ്ചയദിവസം കണ്ടിരുന്നു. ആവണിയുടെ അമ്മ അടുത്തേക്കോടി വന്നു.

“എന്റെ മോളെ എന്തിനാ വേറെ ഹോട്ടലിൽ പോയി താമസിക്കുന്നെ. മോളുണ്ടാരുന്നെങ്കിൽ ഇന്നു രാവിലെ മുതൽ അവളും ഞാനും തമ്മിലുള്ള പത്തു വഴക്കെങ്കിലും ഒഴിവാകുമാരുന്നു” രോഹിണിയാന്റി പതുങ്ങി ചിരിച്ചു.

“ആ ഹോട്ടൽ പരിചയമുള്ളതാ ആന്റി. പിന്നെ ഇത്തവണയെങ്കിലും അവളെ കസിൻസിന് വിട്ടുകൊടുക്കണ്ടേ. ഞാനിങ്ങനെ ചുറ്റിപ്പറ്റി നിന്നാൽ അവളെന്നോടെ എല്ലാം പറയൂ. മറ്റുള്ളവർക്ക് പരിഭവമാകും.”

ആവണിയും അജിത്തും ദൂരെ മാറി നിന്ന് വർത്തമാനം പറയുന്നു.

“ആന്റി ഞാനെന്നാ അവരുടെ അടുത്തോട്ട് ചെല്ലട്ടെ..”

“ചെല്ല് ..ചെല്ല് ..”

ഒരു പത്തന്പതു ചിരികൾ കടന്ന് അവരുടെ അടുത്തെത്തി. ആവണിയുടെ മുഖം കടന്നൽ കുത്തിയത് പോലെ. അജിത്ത് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു.

“അച്ചു (അവളെന്നെ അങ്ങനെയാ വിളിക്കുന്നെ) നാളെ കഴിഞ്ഞു ഇയാളെ ഞാൻ കെട്ടുവല്ലേ. റെഡിയായി ഞാൻ വന്ന് കേറിയതും he commented on my hairstyle. എനിക്ക് ചേരുന്നില്ലത്രേ. ഓരോ ഇവെന്റിന്റേയും കമ്പ്ലീറ്റ് ലൂക്സ് ഞാൻ അയച്ചു കൊടുത്തതല്ലേ. Then why this drama now!? Ask him.”

ഞാൻ അജിത്തിനെ നോക്കി.

“സോറി..!! ഞാനൊരു നൂറു തവണ പറഞ്ഞു അശ്വതി. ഇപ്പോഴും അതിൽ തന്നെ പിടിച്ചുനിൽക്കുവാ. ശ്ശെടാ !”

” ഈ ഹെയർസ്റ്റൈലിന് ഒരു കുഴപ്പവും ഇല്ല. Looks very pretty on you. പിന്നെ.. ഈ നാലു ദിവസങ്ങൾ പിന്നെ കിട്ടില്ല കേട്ടോ. അതുകൊണ്ട് നിസ്സാര കാര്യങ്ങൾക്കു വഴക്കിടാതെ സന്തോഷമായിട്ടു നിൽക്കൂ.”

രണ്ടു പേരും പരസ്പരം നോക്കി. ആരോ ഒരാൾ ചിരിച്ചു. തീർന്നു പിണക്കം.

ഞാനൊരു കോണിൽ സ്ഥാനം പിടിച്ചു. ഈ പാർട്ടി പാതിരാ വരെ പോകും. അതിനു മുൻപ് എനിക്ക് തിരിച്ചു പോണം. ഡ്രൈവറെ പത്തു മിനിറ്റു മുൻപേ വിളിച്ചാൽ ‌മതിയെന്നാ പറഞ്ഞത്. കുറേ നേരം ഓഫീസ് സുഹൃത്തുക്കളോട് വർത്തമാനം പറഞ്ഞിരുന്നു. പാട്ടുകൾക്ക് വേഗവും താളവും കൂടിക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് അന്ന് അടി വാങ്ങിയ ജോൺ മദ്യത്തിന്റെ ആലസ്യവുമായി വീണ്ടും വന്നു. ആരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റി കൊണ്ടുപോയി.

ചുറ്റിനും ചിരികളും ബഹളങ്ങളും. ഒന്നിനും വ്യക്തതയില്ല. പക്ഷെ എല്ലാവരും ഹാപ്പിയാണ്! സ്വന്തം ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾ മറന്ന്, കുറച്ചു നേരം. കാറ്റിലകപ്പെട്ട മരങ്ങൾ പോലെ. ആടിയാടി.

ഡിജെ ഡാൻസ് പാർട്ടി തുടങ്ങിയതും പകുതി ആളുകൾ കഴിച്ചതും കുടിച്ചതുമൊക്കെ മേശമേൽ വച്ച് ആ ഭാഗത്തേക്കു പോയിത്തുടങ്ങി . എത്തി നോക്കിയപ്പോൾ കുറെ ക്യാമറകൾക്ക് നടുവിൽ ആവണിയും അജിത്തും, അവർക്കു ചുറ്റിനും കുറെയാളുകൾ ചടുലമായി നൃത്തം കളിക്കുന്നു. ഏതോ സിനിമ അവാർഡ് ചടങ്ങിനെ ഓർമിപ്പിക്കുന്നു. ഞാൻ പതുക്കെയാ പരിസരം വിട്ടു പുറത്തേക്കു നടന്നു.

“മോളെ..” ആവണിയുടെ അമ്മയാണ്.

“ബാത്‌റൂമിൽ പോണോ. അതോ ഡ്രസ്സ് ശരിയാക്കാനും വല്ലതും..”

“അതേ ആന്റി”. രക്ഷപെടാൻ അതേ നിവൃത്തിയുള്ളൂ.

“എന്നാൽ മോള് ഈ റൂം കീ കൊണ്ടു പോകൂ. അവിടെ ഇപ്പൊ ആരുമില്ല. എന്റെ പൊന്നാങ്ങള കല്യാണത്തിന്റെ അന്നു രാവിലെയേ എത്തൂ. റൂം ഇന്ന് മുതലുണ്ട്. തിരിച്ചു വരുമ്പോ റിസപ്ഷനിൽ ഏല്പിച്ചെര് കേട്ടോ.” ഹാൻഡ്ബാഗിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി ആന്റി പറഞ്ഞു.

ഞാനതും വാങ്ങി തിരിഞ്ഞു നടന്നു.

പുറകിൽ നിന്നും ആന്റി വിളിച്ചു പറയുന്നു. ” കടലു കാണാം. പ്രൈവറ്റ് ബീച്ചാണ്. മോൾക്ക് പറ്റിയ റൂമാണ് സത്യത്തിൽ.”

ആഹാ. ഇന്ന് വന്നിട്ട് കടൽക്കരയിൽ പോയിട്ടില്ല. എന്നാൽപ്പിന്നെ പാതിരാക്കടൽ കാണാം, മനസ്സു പറഞ്ഞു.

ചെറിയ ഒരു കോട്ടജ് ആണ്. കുറെയെണ്ണം അടുത്തടുത്തുണ്ട്. ഞാൻ റൂം തുറന്നില്ല. പാർട്ടി നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരമുണ്ട് ഇങ്ങോട്ടേക്കു. ഏറ്റവും മുന്നിൽ വലത്തേയറ്റത്ത്. ചെരുപ്പൂരി വരാന്തയിൽ വച്ച് ഞാൻ പുത്തേയ്ക്കിറങ്ങി.

പൂഴിമണ്ണ്.

നിലാവുണ്ട്. കടൽ മുന്നിൽ കടുംനീലക്കറുപ്പിൽ പടർന്നു കിടക്കുന്നു.

അടുത്ത് ചെല്ലുംതോറും അകന്നു പോകുന്ന കടൽ. പിന്നെയും കൈനീട്ടി വിളിക്കുന്ന കടൽ. അവിടെ താമസിക്കുന്ന കുറച്ചു വിദേശികൾ അവിടവിടെയായി ഇരിക്കുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു. രണ്ടുപേർ ദൂരെനിന്നും കടലോരത്തുകൂടെ നടന്നു വരുന്നു.

നനവില്ലാത്തയിടം നോക്കി ഞാനിരുന്നു. എത്ര നേരം വേണമെങ്കിലും, പുലരും വരെ ഇവിടിരിക്കാം. പക്ഷെ വേണ്ട. സ്വന്തം റൂമിൽ പോയി കിടന്നാലേ ഉറക്കം വരൂ.

റിസപ്ഷനിൽ കീ കൊടുത്തിട്ടു ഞാൻ ഡ്രൈവറെ വിളിച്ചു. ഇനി പാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്കില്ല. ഞാൻ ലോബ്ബിയിൽ ഒരിടത്തിരുന്നു. നിശബ്ദത ഭേദിച്ച് കുറേയാളുകൾ കടന്നുപോയി. കൂടെ അജിത്തിനെയും കണ്ടു. അയാളുടെ ബന്ധുക്കളാവും.

അവരെ ലിഫ്റ്റിൽ കയറ്റി വിട്ടിട്ടു അയാൾ തിരിച്ചു വന്നു.

“അച്ചൂ.. (കള്ളകത്തു ചെന്നാൽ മാത്രം അജിത്ത് അങ്ങനെയാ വിളിക്കുക) “

ഞാൻ നോക്കി

“എന്റെ കസിൻ ഉണ്ണീടെ ഒരു ഫ്രണ്ട് ഇയാളെവിടെന്ന് ചോദിച്ചു പാർട്ടിയിൽ. തന്റെ കൂടെ പഠിച്ചതാണെന്ന്.”

“ആണോ പെണ്ണോ”

“Seriously?” അജിത് ചിരിച്ചു.

“It does matter at this hour. Can’t deal anymore Johns tonight”.

“അതു ശരിയാ. താനെന്നാ വിട്ടോ. ആരേലും കൂടെ പറഞ്ഞു വിടണോ ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യാൻ”

“വേണ്ടെടോ . എനിക്ക് പരിചയമുള്ള ആളാ ഡ്രൈവർ. You go, enjoy the party.”

“goodnight then.”

“Goodnight”

അജിത് ആടിയാടി നടന്നു.

ഡ്രൈവർ വിളിച്ചു. തിരിച്ചു ഹോട്ടൽ എത്തുന്നത് വരെ അയാൾ കുടുബവിശേഷങ്ങൾ പറഞ്ഞു. മകളുടെ കല്യാണവും ജോലിക്കാര്യവും ഒക്കെ. അയാളുടെ പേര് റൂമി എന്നാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. കൂടെയൊരാളേപ്പോലെ നിൽക്കുന്ന മനുഷ്യൻ. ഗോവൻ ചരിത്രം അരച്ച്കലക്കി കുടിച്ച ആൾ. കിഷോർ കുമാർ പാട്ടുകൾ പാടുന്ന പഴഞ്ചൻ റൊമാന്റിക് . നാലു ദിവസം കഴിയുമ്പോൾ എയർപോർട്ടിൽ വച്ച് കൈയിൽ നോട്ടുകൾ മടക്കിയേൽപ്പിക്കുമ്പോൾ അതിലേക്കു നോക്കാതെ, കണ്ണു നിറഞ്ഞു നിൽക്കുന്ന പാവം റുമി.

ഹോട്ടലിൽ ചെന്നു കീ വാങ്ങുമ്പോൾ ഫോൺ റിങ്ങ് കേട്ടു. പേഴ്സിൽ നിന്നെടുത്തു നോക്കുമ്പോൾ അറിയാത്ത നമ്പർ. ആദ്യം എടുത്തില്ല. ജോൺ ആവും, വേറെ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുന്നതാവും.

പിന്നെയും റിങ്ങടിക്കുന്നു.

“ഹലോ”

“അശ്വതി?” ജോണിന്റെ ശബ്ദമല്ല.

“Yes. Who is this?”

“Hai..”

“Hmm?”

“I said hai..”

“Ok. Who is this” എനിക്ക് ദേഷ്യം വന്നു തുടങ്ങി.

“Then you have to turn and see.” ചെവിയോട് ചേർന്ന് ആരോ വന്നു പറഞ്ഞു. മറ്റൊരു ശരീരത്തിന്റെ ഇളം ചൂട് തട്ടിയതും ദേഷ്യത്തോടെ ഞാൻ തിരിഞ്ഞുനോക്കി.

ഒരു ചുവട് പുറകോട്ടു മാറേണ്ടി വന്നു.

ഓഫ് വൈറ്റ് ലിനൻ ഷർട്ടും ട്രൗസേഴ്സും. താടി, നീണ്ടചുരുണ്ട മുടി. ആറടിപ്പൊക്കം. കണ്ണുകൾ അതേപോലെ. സുതാര്യം.

“റോയ്”

ദൂരെയപ്പോഴും കടൽ കൈനീട്ടി വിളിക്കുന്നു.

Posted in Malayalam Stories, Novella

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 2

ഒരുപക്ഷേ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമായത് ഉപപാഠപുസ്തകത്തിലെ കഥകൾ പഠിച്ചുതുടങ്ങിയപ്പോളാണ്. ബഷീറും പൊറ്റെക്കാടും എം ടിയും ടി പദ്മനാഭനുമൊക്കെ എന്റെയാ മലയോരഗ്രാമത്തിൽനിന്നും ഇടയ്ക്കിടെ വിദൂരദേശങ്ങളിലേക്കു വിളക്കുതിരിച്ചു.

സ്റ്റാഫ് റൂം.

പത്തടിപ്പൊക്കമെങ്കിലും കാണും അതിന്റെ വാതിലിന് . ഏതോ ബ്രിട്ടീഷ് സായിപ്പ് പണികഴിപ്പിച്ച കെട്ടിടമാണത്രെ. പിന്നീട് സ്കൂളിന് വേണ്ടി കെട്ടിടവും ആ പരിസരം മുഴുവനും വിട്ടുകൊടുത്തു. പിൽക്കാലത്തു പല മാനേജുമെന്റുകൾ വന്നു, പിരിവ്, വികസനം, വിസ്തൃതമാക്കൽ ഒക്കെ നടന്നു. വെള്ളയും ചാരനിറവും പൂശിയ ഭിത്തികൾ, കടും ചാരനിറത്തിലുള്ള ജനാലകളും വാതിലുകളും, വലിയ കരിങ്കൽപാളികൾ ചേർത്തുണ്ടാക്കിയ ചുറ്റുമതിൽ, രണ്ടു വലിയ മൈതാനങ്ങൾ, അങ്ങിനെ ഒരു ചെറിയ കുന്നിൻമടിത്തട്ടിൽ ഏഴെട്ടേക്കറിൽ പടർന്നുകിടക്കുന്ന സ്‌കൂൾ. അവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒത്തിരിയിടങ്ങളുണ്ട്. അതിൽ പക്ഷെ ഈ സ്റ്റാഫ് റൂം പെടില്ല !

ക്ലാസ് ലീഡർ ഓരോ മാസവും മാറും. എന്റെ ഭരണകാലം കഴിഞ്ഞു. അതോടൊപ്പം ഓണപ്പരീക്ഷാസമയവും വന്നു. ടൂഷൻ മാസ്റ്ററിൽ വിശ്വാസമർപ്പിച്ച എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും അതിരാവിലെ വിളിച്ചുണർത്തി. ഞാൻ ഉറക്കം തൂങ്ങിയിരിക്കുമ്പോൾ കാപ്പിയും ചായയും ഒക്കെ തിളച്ചപടിയാ കൊണ്ടു മേശമേൽ വെച്ച്, ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ ഇടയ്ക്കിടെ എത്തിനോക്കും.

ഇത്രയുംനാൾ ഇല്ലാതിരുന്ന ശീലങ്ങൾക്കു തുടക്കമായി. നാട്ടിലുള്ള മറ്റു പത്താംക്‌ളാസ്സ് വിദ്യാർത്ഥികളുമായുള്ള ബാലിശതാരതമ്യം ചെയ്യൽ, ഉണ്ടായിരുന്ന ഈശ്വരഭക്തിയുടെ മുകളിൽ വ്യർത്ഥമായ വഴിപാടുകൾകൊണ്ടുള്ള പ്രസാദം ചാർത്തൽ, മാസികകൾ വായിച്ചും കൂട്ടുകാരികൾ പകുത്തുകൊടുത്തും കിട്ടുന്ന അമ്മയുടെ മുറിവിജ്ഞാനം എന്റെമേൽ പരീക്ഷിക്കൽ, ഇതൊക്കെ മുറപ്പടിയാ ദിവസേന നടന്നുകൊണ്ടിരുന്നു.

പരീക്ഷ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ പോലും സ്‌കൂളിൽ ചില വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസ്സ്, ഒപ്പത്തിനൊപ്പം ടൂഷൻ സാറിന്റെ ഓട്ടം. എല്ലാം കൊണ്ടും മനസ്സുമടുത്ത നാളുകൾ.

അന്നൊരു ദിവസം രാവിലെ തന്നെ ടൂഷന് പോയി. വൈകുന്നേരം അടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം പ്രമാണിച്ചു കുടുംബസമേതം ദീപാരാധന തൊഴലുണ്ട്‌. രാവിലെ ഏഴു മുതൽ ഒൻപതുമണി വരെയാണ് ടൂഷൻ ക്ലാസ്. ഫിസിക്സിന് പകരം കണക്കുപുസ്തകവും ബുക്കും കൊണ്ടുപോയതുകൊണ്ട് രണ്ടു മണിക്കൂർ ദിവാസ്വപ്നം കണ്ടിരുന്നു.

തിരിച്ചു വന്നത് നടന്നാണ്, കുരിശുപള്ളി വഴി. രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ഈ പോക്ക്. ഇതിനിടയിൽ മറ്റു രണ്ടു പേർ, വട്ടയപ്പംകാരി ജാസ്മിൻ പിന്നെ റോയ്, രണ്ടാളുമായി ഞാൻ അത്യാവശ്യം കൂട്ടായിരുന്നു. ജാസ്മിൻ ടൂഷൻ നിർത്തി. സ്വത്തുതർക്കം കാരണം കുടുംബവീട്ടിലോട്ടുള്ള അവളുടെ ശനി ഞായർ പോക്കും നിന്നു. പല ദിവസങ്ങളിലും പലഹാരങ്ങളുടെ പാത്രവുമായി ജാസ്മിൻ എന്റെ ക്‌ളാസ് വരാന്തയിൽ വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ശല്യമായി തോന്നിയെങ്കിലും പിന്നീട് മനസിലായി അതിനു സത്യത്തിൽ ആരും കൂട്ടില്ലായെന്ന്.

” അശ്വതീ… അശ്വതീ…!”

റോയ് ഓടിവരുന്നു, കൈയിൽ രണ്ടു പൊതികൾ.

“രാവിലെയാരുന്നോ ക്‌ളാസ്സ് ?” അണച്ചുകൊണ്ട് ചോദിച്ചു.

ഞാൻ മൂളി.. “എന്തു വാങ്ങാൻ പോയതാ?”

“ഗോതമ്പും പയറും..” ചാക്കുനൂലുകൊണ്ടു വട്ടംചുറ്റിക്കെട്ടിയ പൊതികൾ ഒന്നുകൂടി പിരിച്ചു ഭദ്രമാക്കി അവൻ കൂടെ നടന്നു.

“വീട്ടിൽ അപ്പൂപ്പനും പിന്നെ ആരൊക്കെയാ ഉള്ളത്?”

“അപ്പാപ്പനും ഞാനും മാത്രവേ ഒള്ളു”

എനിക്ക് നാവിൽ രണ്ടുമൂന്നു ചോദ്യങ്ങൾ ഒരുമിച്ചു വന്നു. ജാസ്മിൻ ആരുന്നേൽ എല്ലാംകൂടി അപ്പോത്തന്നെ ചോദിച്ചേനെ, ബാക്കിയുള്ളവർ എവിടെ.. എന്താ നിങ്ങൾ രണ്ടാളും മാത്രം തനിച്ച്‌ എന്നൊക്കെ ..

എന്റെ മൗനത്തിലും റോയ് ചിലപ്പോ അതൊക്കെ കേട്ടുകാണും .

“എനിക്ക് കൊച്ചിലേ അപ്പനില്ലാരുന്നു. അപ്പൻ മമ്മിയേമെന്നേം അപ്പാപ്പന്റെ അടുത്തതാക്കി പോയതാ. മമ്മി ഞാൻ ആറിൽ പഠിക്കുമ്പോ മരിച്ചു”

അന്നുവരെ ആരും അത്രയും വലിയ കാര്യങ്ങൾ എന്നോട് മാത്രമായി പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനോർത്തു. റോയ് രണ്ടുമൂന്നു ചുവടുകൾ മുന്നിലാണ് നടക്കുന്നത്. ലുങ്കിയും പഴയ ഒരു യൂണിഫോം ഷർട്ടും ആണ് വേഷം . താഴോട്ടുനോക്കിയും ഇടയ്ക്കിടെ വഴിയിലെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും അലസമായ നടത്തം.

“അപ്പാപ്പന് എന്താ ജോലി”?

“കവലയിൽ ഒരു കടയുണ്ടാരുന്നു. ഇപ്പൊ അതു പൂട്ടിയിരിക്കുവാ. അപ്പാപ്പൻ പുറകിലത്തെ പറമ്പിൽ പണിയെടുക്കും. കൊറച്ചുനാളായി അതിനും വയ്യ.”

റോയ് എന്നെ നോക്കി. സ്‌കൂൾ ഗ്രൗണ്ടിലും വരാന്തകളിലും ചോറ്റുപാത്രം കഴുകാൻ നേരത്തും കാണുമ്പോൾ ഉള്ള നോട്ടമല്ല. ചിരിയോ മറ്റു പ്രകടനങ്ങളോ ഇല്ലാതെ, ശൂന്യത നിറഞ്ഞ നോട്ടം. പിൽക്കാലത്തു പലതവണ പലരിലും തിരഞ്ഞത് സുതാര്യമായ സമാനമായ നോട്ടങ്ങളാണ്.

“കപ്പ പറിച്ചു വച്ചിട്ടുണ്ട്.”

“ഏഹ് ..” വേറെന്തോ ഓർത്തുനടക്കുവാരുന്നു ഞാൻ.

“ഞങ്ങളുടെ പറമ്പിലെ കപ്പയും കിഴങ്ങുമൊക്കെ ഇന്നെലെ പറിച്ചാരുന്നു. ഒരു പെട്ടിയോട്ടോ വന്നാ എടുത്തോണ്ട് പോയെ. ഞങ്ങൾക്കുള്ളത് ഉണക്കിയും അല്ലാതേം വെച്ചിട്ടുണ്ട് ..” റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആഹാരത്തെ കുറിച്ച് പറയുമ്പോഴുള്ള തെളിച്ചം !

“അപ്പൂപ്പനാണോ അപ്പോ വീട്ടിൽ വെച്ചുണ്ടാക്കുന്നെ?”

“അപ്പാപ്പന് കിളക്കാനും വളമിടാനുമേ അറിയത്തൊള്ളൂ, ചോറും കറിയും ഞാനാ ഉണ്ടാക്കുന്നെ.”

“സത്യം?” എനിക്ക് വിശ്വാസം വരുന്നില്ല.

“ആന്നു!! അശ്വതിക്ക് എന്നതൊക്കെ ഉണ്ടാക്കാനറിയാം. പറഞ്ഞെ..” റോയ് വഴിയുടെ നടുക്ക്നിന്ന് തിരിഞ്ഞെന്നെ നോക്കി.

“പറ..”

എന്റെ മുഖത്ത് മുട്ടൻ അക്ഷരങ്ങളിൽ എഴുതിവന്നു “ഞാൻ അടുക്കളയിൽ കേറുന്നത് കട്ടുതിന്നാൻ മാത്രമാണ് !”

റോയ് പൊട്ടിച്ചിരിച്ചു.

മുന്നിൽ കയറ്റം.. ഇരുട്ട്..

“ഞാൻ കഞ്ഞിയും പയറുമാ ആദ്യം ഉണ്ടാക്കിയെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോ . മമ്മി പോയിക്കഴിഞ്ഞ് ഒരു ചിന്നമ്മചേട്ടത്തി വരുവാരുന്നു,ഞങ്ങളെ സഹായിക്കാൻ. അകന്നബന്ധുവാ. പിന്നെ അവരെ മക്കൾ എങ്ങോട്ടോ കൊണ്ടുപോയി. ചിന്നമ്മയാ എന്നെ ചോറും കറിയും വെക്കാൻ പഠിപ്പിച്ചെ.”

“എന്തൊക്കെയുണ്ടാക്കും?” എനിക്ക് കൗതുകമായി.

“എന്നാ കിട്ടിയാലും അതീന്ന് കഴിക്കാൻ പറ്റിയ എന്നതേലുമുണ്ടാക്കും. സ്‌കൂളിൽ കൊണ്ടുപോകാൻ ചോറിന്റെ കൂടെ കപ്പയും തേങ്ങായുള്ളപ്പോ ചമ്മന്തി, പറമ്പിന്നുള്ള കപ്പളങ്ങ തോരൻ,കടച്ചക്ക കൊണ്ട് കൊറേ കറികൾ അറിയാം. പുഴുക്ക് വെക്കും ചെലപ്പോ. മാസത്തിൽ രണ്ടു തവണ അപ്പാപ്പൻ മീൻ മേടിക്കും. അല്ലെങ്കിൽ ഉണക്കമീൻ വറക്കും.”

“ശ്ശൊ എനിക്കിതൊന്നും അറിയത്തില്ലല്ലോ ഉണ്ടാക്കാൻ!”

“അതിനിപ്പോ എന്താ.. അമ്മയില്ലേ വീട്ടിൽ.”

റോയ് പറഞ്ഞതേ ഞാൻ കേട്ടൊള്ളൂ. ഇരുണ്ട വഴിയിൽ മുഖം കണ്ടില്ല. ഞാൻ ഉണ്ടെന്നു മൂളി.

“ഞാൻ എന്നാവെച്ചാലും എന്റെ മമ്മിയുണ്ടാക്കുന്ന അതേ രുചിയാന്നാ അപ്പാപ്പൻ പറയുന്നെ.”

“ആണോ, എന്നാൽ ഒരു ദിവസം എനിക്ക് എന്തെങ്കിലും വെച്ചു വിളമ്പു കേട്ടോ, കൊള്ളാവോന്നു നോക്കട്ടേ..” ഞാൻ കളിപറഞ്ഞു.

“അതിനെന്താ. ഒരു ദിവസം ചോറ്റുപാത്രം എടുക്കണ്ടാ. ഒരു പൊതി കൂടുതൽ ഞാൻ എടുത്തോളാം. മതിയോ.”

“അയ്യോ അതൊന്നും വേണ്ട. ഇതിലേ ടൂഷൻ കഴിഞ്ഞു പോകുമ്പോ എന്നതേലും കൊണ്ടുത്തന്നാ മതി.”

“അങ്ങനെയങ്കിയങ്ങനെ..”

“റോയ് ..”

“എന്തോ..”

“തന്റെ മമ്മി എങ്ങനെയാ.. മരിച്ചേ ..” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.

റോയ് മിണ്ടിയില്ല.

“സോറി കേട്ടോ, അറിയാതെ ചോദിച്ചു പോയതാ.”

കയറ്റം കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ കിതച്ചു നിന്നു. റോയ് അപ്പോഴും എന്തോ ഓർത്തു മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഇനി ചിലപ്പോ അവനെന്നോട് ഒരിക്കലും മിണ്ടില്ലേ എന്ന് തോന്നി. വീടടുത്തിയപ്പോഴാണ് റോയ് എന്നെ തിരിഞ്ഞു നോക്കിയത്. പൊതി രണ്ടും വരാന്തയിൽ കൊണ്ടു വെച്ചിട്ട് അയാൾ തിരിച്ചു വന്നു. എനിക്കെന്തോ മുഖത്ത് നോക്കി സംസാരിക്കാൻ മടി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“മമ്മിയെങ്ങനെയാ പോയതെന്ന് എന്റെ കൂട്ടുകാരൊന്നും ചോദിച്ചിട്ടില്ല. അതാ ഞാൻ .. ഇവിടെ അടുത്തൊള്ളവർക്കെല്ലാർക്കും അറിയാം.”

“സോറി. പറയണ്ട റോയ് .. അബദ്ധത്തിൽ ചോദിച്ചു പോയതാ”

“ഏയ് എനിക്ക് പറയാൻ മടിയൊന്നുമില്ല. അപ്പൻ ഞങ്ങളെ ഇട്ടേച്ചു പോയത് മുതൽ മമ്മിക്ക് മാനസികരോഗം ഉണ്ടാരുന്നു. ഇവിടുന്നു അപ്പാപ്പൻ മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുവാരുന്നു. എല്ലാം മാറി മമ്മി സുഖപ്പെട്ടു വന്നതാരുന്നു. എന്നേം കൊണ്ട് പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. പെരുന്നാളിന്റന്നു പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റടുത്തുള്ള വീട്ടുകാരെ പള്ളിമുറ്റത്തു വെച്ചു കണ്ടു സംസാരിച്ചാരുന്നു. അങ്ങനാ അപ്പാപ്പൻ പറയുന്നേ. പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത്, മമ്മിയേ മുകളിൽ നിന്ന് കുറേ പേരൊക്കെ ചേർന്ന് അഴിച്ചെടുക്കുന്നത് കണ്ടാ. മമ്മി.. അങ്ങനെ.. അങ്ങനെയാ പോയത്.”

റോയ് ഒരു തവണ കൂടി എന്റെ കണ്ണിൽ നിന്ന് നോട്ടമെടുത്തില്ല. പക്ഷെ എന്നെ അയാള് കണ്ടതുമില്ല. അപ്പോഴേക്കും വരാന്തയിൽ നിന്ന് അപ്പാപ്പന്റെ വിളി വന്നു.

“ഞാനെന്നാ പോട്ടെ റോയ്. സ്‌കൂളിൽ വെച്ചു കാണാം.”

റോയ് തലയാട്ടി.

ഒരുതരത്തിൽ അവിടുന്ന്, അയാളുടെ മുന്നിൽ നിന്ന് ഓടി രക്ഷപെടുവാരുന്നു. എന്നെക്കാൾ ഒരുപാട് പ്രായം തോന്നി അന്ന് റോയിക്ക്. പതിനഞ്ചുകാരന്റെ മുഖമോ വാക്കുകളോ നോട്ടങ്ങളോ ഒന്നുമില്ല. അമ്മ വാങ്ങിത്തരുന്ന പുതിയ ഉടുപ്പുകളും അച്ഛൻ കൊണ്ടുപോയി കാണിക്കുന്ന സിനിമകളും കൂട്ടുകാരികളുടെ പരദൂഷണം പറച്ചിലും അനിയത്തിയുടെ അടിപിടികളും മാത്രമാരുന്നു എന്റെ വല്യ ചിന്തകൾ. പിന്നെ ഒരു പത്താംക്‌ളാസ് പരീക്ഷയും. വേദനയും നെഞ്ചുപിടയുന്ന വാർത്തകളും ഒന്നും എന്നെ തൊട്ടിട്ടില്ല. അന്നുവരെ.

ദീപാരാധന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളെയും കൊണ്ട് ചിന്തിക്കടയിൽ കയറി. അനിയത്തി എന്തൊക്കെയോ വാരിക്കൂട്ടുന്നുണ്ട്. ഒക്കെയും നാളെമുതൽ വീടിന്റെ ഓരോ കോണിൽ ചിതറിക്കിടക്കും.

അമ്മ എന്നോട് വളകളും മാലകളും നോക്കാൻ പറഞ്ഞു. അനിയത്തിക്ക് തലയിൽ വയ്ക്കാനുള്ള ബാൻഡും പ്ലാസ്റ്റിക് ബൊമ്മയുമൊക്കെ എടുക്കുന്നുണ്ട്.

അമ്മയ്ക്ക് പകരം റോയിയുടെ മമ്മി, അനിയത്തിക്ക് പകരം കൊച്ചു റോയ്. പള്ളിമുറ്റം .. ചിന്തിക്കട ..

ഒരു നിമിഷം ഞാൻ കണ്ണിറുക്കിത്തുറന്നു.

Posted in Malayalam Stories, Novella, romance, writer

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 1

റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.

ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.

പത്താം ക്ലാസ്സ് കാലം.

ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്‌സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.

രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.

“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”

“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.

“കൊച്ചിന്റെ ബസ് സ്‌റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “

“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”

“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.

“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു

“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”

“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ്‌ കാണിച്ചു തന്നു .

“ഈ വഴിയോ?! “

“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള് കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.

“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്‌കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”

“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”

എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.

“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.

“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.

“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.

ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!

ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .

പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.

“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു

“ഒത്തിരി വൈകി.”

“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.

“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.

അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്‌കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..

ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.

“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”

“ഇല്ല.”

“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”

“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.

“കുരിശു പള്ളി വഴിയാന്നോ.”

“അതേ”

“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”

“ശരി”.

പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.

ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.

ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.

ഒറ്റയോട്ടം.

എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.

എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്‌കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്‌കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ്‌ അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.

ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.

സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.

വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.

അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.

പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.

മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.

റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.

റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.

“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.

രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.

“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.

“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.

പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.

ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.

കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.

തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.

ചിരി. ഞാനുറങ്ങി.

(തുടരും ..)