റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.
ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.
പത്താം ക്ലാസ്സ് കാലം.
ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്‌സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.
രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.
“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”
“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.
“കൊച്ചിന്റെ ബസ് സ്‌റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “
“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”
“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.
“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു
“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”
“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ് കാണിച്ചു തന്നു .
“ഈ വഴിയോ?! “
“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള് കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.
“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്‌കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”
“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”
എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.
“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.
“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.
“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.
ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!
ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .
പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.
“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു
“ഒത്തിരി വൈകി.”
“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.
“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്‌കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..
ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.
“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”
“ഇല്ല.”
“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”
“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.
“കുരിശു പള്ളി വഴിയാന്നോ.”
“അതേ”
“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”
“ശരി”.
പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.
ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.
ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.
ഒറ്റയോട്ടം.
എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.
എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്‌കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്‌കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ് അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.
ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.
സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.
വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.
അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.
പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.
മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.
റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.
റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.
“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.
രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.
“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.
“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.
പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.
ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.
കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.
തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.