അധികം അടുത്തറിയാത്ത ഒരാൾ പോവുമ്പോൾ പ്രത്യേകതരം വീർപ്പുമുട്ടലാണ് . കണ്ണുനിറയും പക്ഷേ കരയാതെ പിടിച്ചുനിർത്തും. കണ്ണീർ അളവുകോലാണോ …?
കുറേ മറന്ന കാര്യങ്ങൾ ഓർമ്മ വരും . ചിലത് ഓർത്തെടുക്കും .. അവസാനമായി എന്ന് കണ്ടു , കണ്ടപ്പോൾ നന്നായി അവരോടു സംസാരിച്ചിടുന്നോ, അവരുടെ മുഖത്തു സന്തോഷമുണ്ടായിരുന്നോ.. ചോദ്യങ്ങൾ ഇങ്ങനെ തുടർച്ചയായി പൊങ്ങിവരും .
ഇതിപ്പോൾ ചിറ്റയാണ് . ചെറുതിലേ മുതൽക്ക് ഇടയ്ക്കു മാത്രം കണ്ടിട്ടുള്ളയാൾ. വിവാഹം ചെയ്തു വീട്ടിൽ വന്നത് ഓർക്കുന്നുണ്ട്. സ്റ്റീൽ ഗ്ലാസിൽ ചായ കൊണ്ടുതരുന്നത് ഓർമ്മയുണ്ട് , പ്രതീക്ഷകൾ നിറഞ്ഞ മുഖവും നിരാശയുടെ നോട്ടങ്ങളും കണ്ടിട്ടുണ്ട് . അധികം ഒരുങ്ങികണ്ടിട്ടില്ല. ചെറുതിലെ കണ്ട ആളുകളും നോട്ടങ്ങളും അവരുടെ/അവയുടെ അർത്ഥങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് മനസിലാവുക. ചിലതു ഇപ്പോഴും ബോധത്തിന് മറുവശത്താണ്.
അവരോടൊപ്പമോ അവരുടെയോ ഒരു ചിത്രമില്ല . എന്തൊരു വിചിത്ര ബന്ധങ്ങളാണ് ! ചിരികൾ ഓർത്തെടുക്കുന്നു , അവരുടെ ചലനമുള്ള ദിനങ്ങൾ ഓർക്കുന്നു .. എല്ലാറ്റിനുമൊടുവിൽ സമാധാനത്തിനായി പ്രകൃതിയുടെ തുലാസ്സെടുക്കും . ഞാനും നമ്മളും നിങ്ങളും അവരും ഒക്കെയൊക്കെ ഒരേപോലെ . ഒറ്റക്ക് .
സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .
ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .
എന്തിന് പുറത്തേക്കു വന്നു ?
ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?
ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?
ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .
***
അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .
ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .
എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി
വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .
ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .
പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..
അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .
വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .
ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .
വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !
ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .
പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .
അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .
“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”
“എന്താ വല്യച്ഛാ ..”
“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”
“വരാല്ലോ , എന്തേ.. ?”
“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”
“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”
ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .
“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”
“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”
ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .
“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”
***
ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..
***
രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .
ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .
അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .
ഞാൻ വീടിനുള്ളിലേക്ക് നടന്നു .
എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .
“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”
“അങ്ങേർക്ക് ഒരു മകളില്ലെ ..”
“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”
“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”
പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .
വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .
ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..
മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .
ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .
അവിടുന്നനങ്ങാൻ തോന്നുന്നില്ല .
അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .
“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”
കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .
ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .
“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .
ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .
“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”
അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .
കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .
അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .