സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് .
ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല .
എന്തിന് പുറത്തേക്കു വന്നു ?
ബാൽക്കണിയിലോ താഴെ ഗാർഡനിലോ അടുക്കളയിലോ അതുമല്ലെങ്കിൽ പൂജാമുറിയിലോ തീരേണ്ട അസ്വസ്ഥത മാത്രമല്ലേയുള്ളൂ ?
ആളുകൾക്കിടയിലൂടെ മുഷിഞ്ഞ വേഷത്തിൽ , അന്യനാട്ടിൽ അലഞ്ഞുതിരിയേണ്ട കാര്യമുണ്ടോ ?
ഇന്നൊരുപക്ഷേ ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ .
***
അച്ഛന്റെ മൂത്ത സഹോദരൻ രാമകൃഷ്ണൻ ശിവഭക്തനാണ് . മുറിയിൽ നിറയെ ഓരോ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള ചെറിയ ശിവലിംഗങ്ങളും ഫോട്ടോഫ്രയിമുകളൂം രുദ്രാക്ഷമാലകളുമാണ് . ആ മുറിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ വിഭൂതിയുടെ ഗന്ധം ഒരേസമയം എന്നെ എല്ലാദിശകളിൽ നിന്നും വിളിക്കും . ജനാല തുറന്നിട്ടിരിക്കുന്ന ദിവസങ്ങളിൽ പിൻവശത്തെ തൊടിയിൽ നിന്നും നിർത്താതെയുള്ള കാറ്റും കിളികളുടെ ചിലപ്പുമുണ്ടാകും . പിന്നിലെ തൊടിയും വലിയ പറമ്പും കഴിഞ്ഞാൽ ഒരു പുഴയുണ്ട് . പണ്ടേതോ കുടുംബക്കാർ ദൂരെ ആറ്റിൽ നിന്നും ഒരു കൈവഴിയുണ്ടാക്കിയതാണ് . രണ്ട് പേമാരി കഴിഞ്ഞപ്പോഴേക്കും അതൊരു തോടായി , പിന്നെ വലിയ പുഴയായി . ഇരുവശങ്ങളിലുമുള്ള സ്ഥലം ഒരോ മഴക്കാലം കഴിയുന്തോറും പുഴയെടുത്തുകൊണ്ടിരിക്കുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ വെള്ളപ്പൊക്കസമയത്ത് എന്റെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് കുട്ടികൾ അതേ പുഴയിൽ മുങ്ങിപ്പോയിട്ടുണ്ട് . ഒരാളെ മുങ്ങിയെടുത്തത് വല്യച്ഛൻ തന്നെയാണ് .
ദൂരെ വയനാട്ടിൽ വല്യച്ഛന് കുടുംബമുണ്ട് . ഭാര്യയും ഒരു മകളും . മകളുണ്ടായി രണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ തറവാട്ടിൽ താമസിച്ചിരുന്ന ഞങ്ങളോടൊപ്പം കൂടിയതാണ് . പേരമ്മയെ ഞാൻ കണ്ടിട്ടില്ല . പക്ഷേ മകൾ ലക്ഷ്മിയോടൊപ്പം വല്യച്ഛനുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അലമാരയ്ക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ട് .
എന്നേക്കാൾ ഒരുപാട് ഭംഗിയുണ്ട് അവൾക്ക് . നിറയെ മുടിയുണ്ടെന്നും കേട്ടിട്ടുണ്ട് . ഓരോ തവണ വയനാട്ടിലേയ്ക്കു പോവുമ്പോഴും അമ്മ ടൗണിൽ പോയി അവൾക്കായി ഒരു ജോഡി ഡ്രസ്സ് എടുത്തുകൊണ്ട് വരും . പിന്നെപ്പിന്നെയത് തയ്ച്ചിടാനുള്ള തുണികളായി മാറി . പിന്നെ വർഷങ്ങൾ പോകെ ആഭരണങ്ങളൂം പുസ്തകങ്ങളും ഹാൻഡ് ബാഗുകളുമൊക്കെയായി
വല്യച്ഛൻ വയനാട്ടിൽ പോയിനിൽക്കുന്ന ദിവസങ്ങൾ വീട്ടിലെനിക്ക് വല്യതൃപ്തിയില്ലാത്തവയാണ് . എന്തിനും ഏതിനും എന്റെ കാര്യങ്ങൾ നോക്കാനും എന്റെ താളത്തിനു തുള്ളാനും എന്റെ ഭാഗം പറയാനും വല്യച്ഛൻ മാത്രമേയുള്ളൂ . സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും അപ്പുറത്തു താമസിക്കുന്ന ചിറ്റയും മക്കളും ഉമ്മറത്തുണ്ടാവും . വല്യച്ചന്റെ മുറിയുടെ സാക്ഷ തുറക്കാൻ ഇത്തിരി പാടാണ് . ആ മുറിയുടെ ഗന്ധവും , അതിനുള്ളിലെ ഇരുട്ടും വെളിച്ചവും വേറെയാണ് . പലകപാകിയ കട്ടിലിൽ പായയും അതിനു മുകളിൽ ഒരു കോസഡിയും വിരിപ്പും . വിരലിലെണ്ണാവുന്ന ഷർട്ടുകളും മുണ്ടുകളൂം രണ്ടുതോർത്തുകളും മാത്രെയുള്ളൂ അലമാരയിൽ . പഴയരണ്ട് പത്രക്കടലാസ്സുകൾക്കിടയിൽ വല്യച്ഛനും മകളുമുള്ള പഴയ ഫോട്ടൊ .
ഓരോ വർഷം കഴിയുമ്പോഴും വീട്ടിൽ പല മാറ്റങ്ങളും വന്നു . വല്യച്ഛന്റെ മുറി ഇപ്പൊഴും പഴയപോലെതന്നെ . ഒരു പുതിയ വിരിപ്പോ തലയിണയോ കർട്ടണോ കസേരയോ ഒന്നുമില്ല .
പ്രീഡിഗ്രിക്കു പഠിച്ചിരുന്ന രണ്ടു വർഷങ്ങളിലും ഞാൻ വേറേയേതോ ലോകത്തായിരുന്നു . ഒരു മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര , പുതിയ പരിസരങ്ങളും കോളേജും സഹപാഠികളും മോഡേൺ വസ്ത്രങ്ങളും പിന്നെ ഇടയ്ക്കിടെയുള്ള പ്രണയലേഖനങ്ങളും പരിഭവങ്ങളും ..
അവസാനവർഷപ്പരീക്ഷ കഴിഞ്ഞുള്ള അവധി അതിനേക്കാൾ തിരക്കുപിടിച്ചതായിരുന്നു . പൂണെയിലുള്ള കോളേജിൽ അഡ്മിഷനു ശ്രമിച്ചുകൊണ്ടിരിക്കേ കുറേനാൾ പനിപിടിച്ചു കിടന്നു . വഴിപാടുകൾ കഴിച്ചും എനിക്കുവേണ്ടി പാചകം ചെയ്തും ബാക്കിയുള്ള സമയം എന്റടുത്തുവന്നിരുന്ന് പൂണേ നഗരത്തേപ്പറ്റിയും കോളേജിനേപറ്റിയും സംസാരിച്ചും വല്യച്ഛൻ ദിവസങ്ങൾ നീക്കി . എനിക്കുള്ള പെട്ടികളും ബാഗുമൊക്കെ അടുക്കിത്തന്ന് യാത്രയാക്കാൻ ബസ്സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മനുഷ്യൻ വിതുമ്പുന്നുണ്ടായിരുന്നു . എന്റെയച്ഛനുമമ്മയും കോളേജുഹോസ്റ്റൽ വരെ വന്നിട്ട്പോലും , പോകാൻ നേരത്ത് വിഷമിച്ചതായി എനിക്കു തോന്നിയില്ല .
വീട്ടിൽ നിന്നും വന്നിരുന്ന കത്തുകളിൽ , ഇല്ലാന്റിന്റെ അവസാനതാൾ വല്യച്ഛന്റെയാണ് . സപ്താഹങ്ങളും , കഥകളിയും, കൃഷിയും , പശുവിന്റെ പേറും , ഉത്സവങ്ങളുമൊക്കെത്തന്നെ വിശേഷങ്ങൾ .
ഞാൻ അവസാനവർഷ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ലക്ഷ്മിയുടെ വിവാഹം . വയനാട്ടിൽ നിന്നുതന്നെ ചെറുക്കൻ , അധ്യാപകൻ . വിവാഹക്കുറിയടിച്ചിട്ടാണ് പേരമ്മ വല്യച്ഛനെ വിവരമറിയിച്ചത് . നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നേർപകുതി മകളുടെ പേരിലാക്കി അതിന്റെ ആധാരവും ഒരുപിടി സ്വർണ്ണാഭരണങ്ങളുമൊക്കെയായിട്ടാണ് വല്യച്ഛൻ വിവാഹത്തിനുപോയത് . കൂടെ ക്ഷണിക്കപ്പെടാതെ എന്റെ മാതാപിതാക്കളും .
വിവാഹപ്പന്തലിൽ അമ്മയ്ക്കുമാത്രം ദക്ഷിണകൊടുത്ത് ലഷ്മി അനുഗ്രഹം വാങ്ങി . കൈപിടിച്ചുകൊടുത്തത് അമ്മാവൻ . ഒന്നും പറയാതെ കൊണ്ടുവന്നതൊക്കെയും മകളുടെ കൈയ്യിലേൽപ്പിച്ച് തലയിൽതൊട്ട് അനുഗ്രഹവും കൊടുത്ത് വല്യച്ഛൻ തിരികെവന്നു . അന്നത്തെ സംഭവവികാസങ്ങളൊക്കെയും സൂക്ഷ്മമായി വിവരിച്ചുകൊണ്ട് അമ്മയുടെ കത്തുണ്ടായിരുന്നു . അതിൽ വല്യച്ഛനെഴുതിയില്ല , സ്വാഭാവികം !
ഡിഗ്രികഴിഞ്ഞ് അധികം താമസിയാതെ എനിക്കു ജോലികിട്ടി. ബോംബെയിൽ . ജോലിചെയ്യുന്നതിനൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയെടുക്കാനും ഞാൻ സമയം കണ്ടെത്തി . വീട്ടിൽ ഫോൺകണക്ഷൻ കിട്ടിയതോടെ അമ്മയുടെ എഴുത്തുകൾ നിന്നു . വല്യച്ഛൻ പക്ഷേ പതിവുപോലെ ഇല്ലാന്റിന്റെ ഒരു താളിൽ മാത്രമായി എഴുതിക്കൊണ്ടേയിരുന്നു . എന്റെ മറുപടി താമസിച്ചാലും വന്നില്ലെങ്കിലും , മാസത്തിലൊരിക്കൽ എനിക്കുവേണ്ടി പഴയ കൈപ്പടയിൽ , നാടും നാട്ടുകാരും പാടവും പശുക്കളൂം അമ്പലവും ആൽത്തറയുമെല്ലാം ബോംബെവരെയെത്തിക്കൊണ്ടിരുന്നു .
പിറ്റേ ദിവസം ഞാൻ ടൗണിൽ നിന്നും എല്ലാവർക്കും രണ്ടുജോഡി ഡ്രസ്സുവീതമെത്തുവന്നു . ആരെന്തുകൊടുത്താലും വാങ്ങാത്ത വല്യച്ഛൻ ഒരുമടിയും കൂടാതെയതുവാങ്ങി അന്നുതന്നെ തുന്നാൻ കൊണ്ടുക്കൊടുത്തു .
അവധികഴിഞ്ഞുപോകുന്നതിന്റെയന്നു രാവിലെ എന്റെയടുത്ത് വന്നിരുന്നു .
“മോളേ ഇന്നിനി സമയമുണ്ടാകുമോയെന്നറിയില്ലാ ..”
“എന്താ വല്യച്ഛാ ..”
“കവലവരേയൊന്ന് വരാമൊ വല്യച്ഛന്റെ കൂടെ ?”
“വരാല്ലോ , എന്തേ.. ?”
“പുതിയൊരു സ്റ്റുഡിയോ തുറന്നിട്ടുണ്ട് . നമ്മുക്കൊരു ഫോട്ടൊ എടുക്കണം . ഞാനും മോളും”
“ പിന്നെന്താ .. ഞാനിപ്പൊ റെഡിയായിവരാം ..”
ഞാൻ വാങ്ങിക്കൊടുത്ത പുതിയ ഷർട്ടും മുണ്ടുമുടുത്ത് എണ്ണമയമുള്ള നരകയറിയ ചുരുണ്ടമുടി നന്നായി ചീവിവച്ച് , ഇടയ്ക്കിടെമാത്രം ഉപയോഗിക്കുന്ന കണ്ണടയുംധരിച്ച് വല്യച്ഛൻ പോർട്ടിക്കൊവിൽ എന്നെയും നോക്കീരുപ്പുണ്ടായിരുന്നു .
“മോൾക്കിപ്പം എന്നെക്കാളും പൊക്കമായി . ഈ വീട്ടിൽ എറ്റവും മിടുക്കി നീയാണ് . എന്നും അങ്ങനെതന്നിരിക്കട്ടേ . പക്ഷേ വല്യച്ഛനു വയസ്സായി . ഇപ്പൊഴാന്നു വച്ചാൽ എനിക്കു നിന്നേംകൊണ്ട് സ്റ്റുഡിയോവരെ നടന്നു പോവാം , നാളെയൊരിക്കൽ അതിനുപറ്റിയില്ലെങ്കിലോ കുട്ടീ”
“ അതൊക്കെ വെറുതേ .. എറ്റവും മിടുക്കി വല്യച്ഛന്റെ മോളുതന്നെയാ . പഠിപ്പിലും സൗന്ദര്യത്തിലുമൊക്കെ ലക്ഷ്മിക്കുതന്നെയാ മാർക്കു കൂടുതൽ . എന്റെ അമ്മ വരെ അങ്ങനെയാ പറയുന്നേ.”
ഗേറ്റിലേക്കു നടക്കുമ്പോൾ വല്യച്ഛൻ പറഞ്ഞൂ .. “ ലക്ഷ്മിയേ ഞാനല്ല വളർത്തിയത് . അവളുടെ അമ്മയ്ക്ക് എനിക്കൊപ്പം പറ്റില്ലായെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ , ആറുമാസത്തിലൊരിക്കൽ എന്റെ കുഞ്ഞിനോടൊപ്പം കുറച്ചു ദിവസം . അതേ ഞാൻ ചോദിച്ചൊള്ളൂ .”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
സ്റ്റുഡിയോയിൽ ചെന്ന് ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം കൊടുക്കുന്നത് കേട്ടു .
“ഞാൻ ഈ കസേരയിൽ ഇരുന്നോളാം . മോളിവിടെ നിന്നോട്ടെ”
***
ഞാൻ കമ്പനികൾ മാറിമാറി ജോലിചെയ്തു . കൂടുതൽ ശമ്പളം , നല്ല വീടുകൾ , സമ്പാദ്യം, സുഹ്രുത്തുക്കൾ , ബന്ധങ്ങൾ ..
***
രണ്ട് വർഷം മുന്നേ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങുന്നതിന്റന്ന് രാവിലെ .. വല്യച്ഛൻ ഉറങ്ങിയെഴുന്നേറ്റില്ല .
ഡൽഹിയിൽ കോൺഫറൻസ് ഹാളിൽ നിന്നും എയർപോർട്ട് , അവിടെനിന്നും ആറേഴു മണിക്കൂർ നാട്ടിലേക്ക് .
അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട് .
ഞാൻ വീടിനുള്ളിലേക്ക് നടന്നു .
എന്റെ പിന്നാലെ ആരൊക്കെയോ പിറുപിറുക്കുന്നുണ്ട് .
“വളർത്തിവലുതാക്കിയത് രാമകൃഷ്ണദ്ദേഹമല്ലിയോ”
“അങ്ങേർക്ക് ഒരു മകളില്ലെ ..”
“ആ എന്തൊക്കെപ്പറഞ്ഞാലും സ്വന്തം അച്ഛനല്ലെ . വന്നൊന്ന്കാണേണ്ടതാണ് .”
“ശ്ശൊ ഇന്നലെ സന്ധ്യക്കുകൂടെ ഞാൻ കണ്ടതാണേ ..”
പിൻവശത്തെ വല്ല്യച്ഛന്റെ മുറിക്കുമുന്നിൽ നിൽക്കുമ്പോൾ എന്റെ ഉയരം കുറഞ്ഞുതുടങ്ങിയപോലേ .. ചെറുതിലേ ചാടിച്ചാടി കഷ്ടപ്പെട്ടാണ് സാക്ഷ നീക്കിയിരുന്നത് .
വാതിൽ തുറന്നപ്പൊഴേക്കും മരണത്തിന്റെ വീർപ്പുമുട്ടിക്കുന്ന മണം മാറിപ്പോയി .
ശിവന്റെ നടയ്ക്കൽ നിന്നെടുക്കുന്ന വിഭൂതി..
മുറിയിൽ എല്ലാം അതേപോലെ . ഒന്നു മാത്രം പുതിയത് . അന്നെടുത്ത എന്റെം വല്യച്ഛന്റെം ഫോട്ടൊ ഫ്രൈയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്നു .
ഞാൻ തളർന്നിരുന്നു . ഒരേയിരുപ്പ് . ദഹിപ്പിക്കാനെടുക്കും നേരം അമ്മ വന്നു വിളിച്ചു .
അവിടുന്നനങ്ങാൻ തോന്നുന്നില്ല .
അന്നുരാത്രി വളരെവൈകി ആളുകളൊക്കെ പോയതിനുശേഷം അമ്മ മുറിയിലേക്കു വന്നു ,കൂടെ വേറെയൊരാളും .
“മോളേ .. ഇത് .. ഇതാണ് ലക്ഷ്മി ..”
കഞ്ഞിയെടുത്തുവയ്ക്കാമെന്ന് പറഞ്ഞ് അമ്മ പോയി .
ഇരുണ്ട മഞ്ഞവെളിച്ചത്തിൽ ആദ്യമായിട്ട് എന്റെ വല്യച്ഛന്റെ മകളെക്കണ്ടൂ . നീണ്ടചുരുളന്മുടി പിന്നിയിട്ടിരിക്കുന്നു . യാത്രാക്ഷീണമുണ്ടായിരുന്നിട്ടും ആ മുഖത്തെ തേജസ്സ് വ്യക്തമായിക്കാണാം .
“അച്ഛൻ നിറയെപ്പറഞ്ഞു കേട്ടിട്ടുണ്ട് ..” ലക്ഷ്മിയെന്നോട് പറഞ്ഞു .
ഞാൻ മൂളി . പിന്നീട് കുറെ നേരം മുറിയുടെ കോണുകളിലൊക്കെ നോക്കി മിണ്ടാതിരുന്നു . കുറച്ചുകഴിഞ്ഞപ്പൊൾ ഭർത്താവായിരിക്കണം , ഒരാൾ വന്നുവിളിച്ചു . ലക്ഷ്മിചെന്നു സംസാരിച്ച് തിരികെ എന്റെയടുത്ത് വന്നു .
“ഞാനിറങ്ങട്ടേ .. വന്ന വണ്ടിയിൽത്തന്നെ തിരിച്ചുപോണം , മൂത്തയാൾക്ക് നാളെ പരീക്ഷയാണ് .”
അലമാര തുറന്ന് കടലാസ്സുഷീറ്റുകൾക്കിടയിലുള്ള പഴയ ഫോട്ടോയെടുത്ത് ഞാൻ ലക്ഷ്മിക്കു നീട്ടി .
കുട്ടിയുടുപ്പിട്ടിരിക്കുന്ന മകളും വല്യച്ഛനും .
അവരു പോകാൻ കാത്തുനിൽക്കാതെ ഞാൻ വാതിലടച്ചു കിടന്നു .
കണ്ണുകൾക്ക് ചന്ദ്രനിലെ ഗർത്തങ്ങളുടെ ആഴം.. മുടികൾ എപ്പോഴും ഏതോ പാട്ടിനൊപ്പം ആടുന്നപോലെ .. ചിരിക്കുമ്പോൾ ഒട്ടിയവയറും വരണ്ടചുണ്ടുകളും തമ്മിൽ സ്വകാര്യം പറയുമായിരിക്കും . എനിക്ക് തോന്നി നിങ്ങൾക്ക് എന്തോ മാരകമായ അസുഖമാണ് , ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ നിന്നും പോന്നതാണെന്ന് .
എന്നിട്ട് ..
കുറേ നാളുകൾ കഴിഞ്ഞു നാട്ടിലെത്തി ഏതെങ്കിലും പഴയ പത്രത്തുണ്ടിൽ ചരമകോളത്തിൽ കണ്ടേക്കും എന്നുവരെ തോന്നി.
പിന്നെ ..?
പിന്നെ.. നമ്മൾ മിണ്ടിയില്ലേ. എന്താരുന്നു കാരണം .. ആഹ് ! പുസ്തകവും പെൻസിലുമൊക്കെ എടുക്കാൻ ഞാൻ എണീറ്റു. ഉറങ്ങിയപോലെ തോന്നിയതുകൊണ്ട് ഉണർത്തണ്ടാന്നുകരുതി ഞാൻ അടുത്ത് സെർവ് ചെയ്തുകൊണ്ടിരുന്ന കാബിൻ ക്രൂ പെൺകുട്ടിയെ വിളിച്ചു . എന്റെ ഹാൻഡ്ബാഗ് കൈമാറിക്കഴിഞ്ഞ് അവളുടനെ നിങ്ങളെ സ്വാതന്ത്ര്യപൂർവ്വം തട്ടി.
ഐറീൻ..
ഓർമ്മയില്ല. വളരെ അടുത്ത സുഹൃത്താണെന്ന് തോന്നി. ജോലിയുള്ളതുകൊണ്ട് അവൾ പെട്ടെന്ന് പോയി, പിന്നെ ഇടയ്ക്കിടെ പ്രത്യേകം കോഫിയും മറ്റും കൊണ്ടുവരുന്നതും കണ്ടു. രാത്രിയിൽ പുറത്തേക്കുനോക്കാൻ ഒന്നുമില്ല , ചുറ്റിനുമുള്ളവർ സുഖമായുറങ്ങുന്നു . ഞാൻ അതുമിതും കുത്തിക്കുറിച്ചും വായിച്ചും അങ്ങനിരുന്നു. ഏറിയാൽ നാലോ അഞ്ചോ റീഡിങ് ലൈറ്റുകൾ. അരണ്ട വെളിച്ചത്തിൽ വിമാനം. അടുത്തുള്ള പഞ്ചാബികുടുംബത്തിൽ ഒരു കൈക്കുഞ്ഞുണ്ട് . അമ്മയോ അമ്മൂമ്മയോ കൈമാറിഎടുക്കുമ്പോൾ മാത്രം അതിത്തിരി തേങ്ങികരഞ്ഞു . മുപ്പത്തിയാറ് മണിക്കൂറുകൾ കഴിഞ്ഞാൽ അങ്ങോട്ടുള്ള ഒരു മാസം എന്തൊക്കെ ചെയ്യണം, എവിടൊക്കെ പോണം..ഓരോ ചോദ്യങ്ങൾക്കുള്ള മറുപടികൾ, ഒഴികഴിവുകൾ എല്ലാം മനസ്സിൽകണ്ടു.
“someone here needs a lullaby I guess” അതാണ് നിങ്ങൾ ആദ്യം എന്നോട് പറഞ്ഞത് . തിരിഞ്ഞു നോക്കിയപ്പോൾ പാതിമയക്കത്തിൽ എന്നെത്തന്നെ തുറിച്ച് നോക്കി..(ഇയാൾ ഇത്രനേരം ഉറക്കമാരുന്നോ അതോ.. )
“Coffee ?”അടുത്ത ചോദ്യം .
വേണ്ടാന്നു പറഞ്ഞു .
മലയാളിയാ പേടിക്കണ്ടാന്ന് !
അതെനിക്ക് തീരെ പിടിച്ചില്ല.
“നിങ്ങൾ ആരായാലും ഞാനെന്തിനാ പേടിക്കുന്നേ ?”
“I thought you are alone and flying for the first time.. “
“എങ്ങിനെ തോന്നി ..?”
എന്നെതന്നെ നോക്കി കൈമലർത്തി , “I just thought so.. apologies”
പിന്നിയിട്ട മുടിയും പൊട്ടും തേയ്ക്കാത്ത ചുരിദാറും എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. ഹും.. നോട്ടവും ചോദ്യങ്ങളും ആദ്യത്തേതല്ലാത്തതുകൊണ്ട് ഒന്നും തോന്നിയില്ല.
“Let me sleep .” പറ്റാവുന്നത്ര ഭവ്യതയിൽ പറഞ്ഞു ഞാൻ റീഡിങ് ലൈറ്റ് കെടുത്തി കണ്ണടച്ചു .
നിങ്ങൾ അപ്പോഴും എന്നെത്തന്നെ നോക്കിയിരുപ്പുണ്ടായിരുന്നു അല്ലേ..
അതെ.
ഉറക്കം നടിച്ച് ഞാൻ എപ്പോഴോ മയങ്ങി . പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ നിങ്ങൾ അടുത്തില്ല . ഒരു സംസാരം ഒഴിവായല്ലോ എന്നോർത്ത് ആശ്വസിച്ചു . കഴുത്ത് ചെറുതായി പിടിച്ചിട്ടുണ്ട് , ഹാൻഡ് ബാഗിൽ ചെറിയ ബോട്ടിൽ തൈലം കരുതിയിരുന്നു. അതും പിന്നെ ബാത്റൂം കിറ്റുമെടുത്ത് ഞാൻ വാഷ്‌റൂം ഭാഗത്തേക്ക് നടന്നു . അധികമാരും എഴുന്നേറ്റിട്ടില്ല . പ്രതീക്ഷിച്ചപോലെ സുഹൃത്തിനൊപ്പം കോഫി കൈയിൽ പിടിച്ചു ഒരു കോണിൽ നിങ്ങൾ നിൽപ്പുണ്ട് . മുഖത്തേക്കുനോക്കാതെ ഞാൻ ഉള്ളിൽ കയറി . നിന്നുതിരിയാനെ സ്ഥലമുള്ളൂ . പ്രാഥമികാവശ്യങ്ങൾ നടത്തി, കഴുത്തിൽ തൈലം തേച്ച് തിരുമ്മിയിട്ട് കുറച്ചു നേരം കണ്ണടച്ച് നിന്നു . കുളിക്കുന്നതിനു പകരം ബോഡിവൈപ്പുകൊണ്ട് ദേഹം മുഴുവൻ ഒരു പരിവർത്തി തുടച്ചു. തൈലത്തിന്റെയും കൂടെ നാരകത്തിന്റെ തുളച്ചുകയറുന്ന മണം കൂടിയായപ്പോൾ ഇനി അതിന്റെ മുകളിൽ പെർഫ്യൂം അടിച്ചു കുളമാക്കണ്ടാന്ന് തോന്നി . വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇതുപോലൊരു യാത്രയിൽ കൈയ്യിൽ കരുതിയതിന്റെ നാലിലൊന്നു സാമഗ്രികൾ ഇപ്പോഴില്ല . പ്രായം കൂടുമ്പോൾ ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും കുറയും മരുന്നുകളും ഓയിന്മെന്റുകളും കൂടും . എല്ലാകൂട്ടവും തിരികെ ബാഗിനുള്ളിലാക്കി ദീർഘശ്വാസത്തിൽ വാതിൽ തുറന്നു. പുറത്താരുമില്ല .കർട്ടൻ നീക്കിയതും ദൂരെ എന്റെ സീറ്റിനോട് ചേർന്ന് ഇരിക്കുന്ന ആളിനെയാണ് തിരഞ്ഞത് . നടുവിലെ നാലു സീറ്റുകളിലായി ഉറങ്ങികിടന്നിരുന്ന പഞ്ചാബികുടുംബത്തിലെ കുഞ്ഞുണർന്ന് കരയുന്നുണ്ട് . അതിനെ കൈയിൽ വാങ്ങി നിങ്ങൾ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നിൽക്കുന്നു .
ഇത്തവണയും രക്ഷപെട്ടു . എഴുന്നേൽക്കുമോ അകത്തോട്ട് കയറിയിരുന്നോട്ടെ .. എക്സ്ക്യൂസ്മീ .. ഇതൊന്നും പറയണ്ട . നേരെചെന്ന് സീറ്റിലിരുന്നു . വൈകുന്നേരം വരെ ഇനിയങ്ങോട്ട് ഒരേയിരുപ്പുതന്നെ . പഞ്ചാബിക്കുഞ്ഞു കരച്ചിൽ നിർത്തിയിരുന്നു . അതിനെയുമെടുത്ത് നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . അപ്പുറത്തിരിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ലേയെന്നറിയാൻ ഞാൻ മുന്നോട്ടാഞ്ഞു നോക്കി . അതുകണ്ടിട്ടാവണം ..
“ഞാനും ഇതിന്റെ അപ്പൂപ്പനും കൂടിയാ രാത്രി മൂന്നു തവണ ഡയപ്പർ മാറ്റിയെ . കുഞ്ഞിന്റെ അമ്മയ്ക്ക് വയ്യ.”ഞാൻ ഒന്നും മിണ്ടാതെ നേരെയിരുന്നു .
കുഞ്ഞിനെ നെഞ്ചിൽ കിടത്തി നിങ്ങൾ കണ്ണടച്ചു . വെളുവെളുത്ത കവിളുകൾക്കു മുകളിൽ രണ്ടു കുഞ്ഞികണ്ണുകൾ എന്നെ നോക്കിക്കിടന്നു. ബ്രെക്ഫാസ്റ് വന്നപ്പോഴാണ് നിങ്ങൾ ഉണർന്നത് . കുഞ്ഞിനെ കൈമാറിയിട്ട് മുഖം കഴുകി വന്നു. ഞാൻ വായനയിൽ മുഴുകി . ഇടയ്ക്കിടെ നിങ്ങൾ സീറ്റിൽ നിന്നും എഴുന്നേറ്റ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. നോട്ടങ്ങൾ കൂട്ടിമുട്ടാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . അനാവശ്യ ചോദ്യങ്ങൾ എന്തിനാന്നു കരുതി.
ഫ്രാങ്ക്ഫർട്ട് – വിമാനം വൈകുന്നേരം ആറു മണി നാൽപ്പതു മിനിറ്റിനു ലാൻഡ് ചെയ്തു . ഇനി നാളെ രാവിലെ പത്തരയ്ക്കാണ് അടുത്ത ഫ്ലൈറ്റ് . അതുവരെ എയർപോർട്ട് അല്ലെങ്കിൽ എയർലൈൻ അറേഞ്ച് ചെയ്ത ഹോട്ടൽ . രാത്രിയായതുകൊണ്ട് പുറത്ത് കറങ്ങാൻ പോവുന്നില്ല. അല്ലെങ്കിൽത്തന്നെ എന്റെ കൈയിൽ അവിടുത്തേക്കുള്ള വിസയില്ല. ജർമൻ മ്യുസിയവും നദിക്കരയും തെരുവുകളും ബാറുകളുമെല്ലാം പതുക്കെയുറങ്ങിത്തുടങ്ങും . കുറച്ചു ഷോപ്പിംഗ് ചെയ്യാം എന്നിട്ട് പോയിക്കിടന്നുറങ്ങാം . സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുന്നേ തീരുമാനിച്ചു.
ധൃതിയിൽ എല്ലാമെടുത്തു എങ്ങനെയെങ്കിലും നിങ്ങളിൽ നിന്ന് പത്തടി മാറി നടന്നാൽ മതിയെന്നേ ഉണ്ടാരുന്നുള്ളൂ . തിരിഞ്ഞുനോക്കാതെ വേഗത്തിൽ മുന്നോട്ട് നീങ്ങി . തിക്കിത്തിരക്കി പുറത്തിറങ്ങി. ഗേറ്റുകൾ കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ എയർപോർട്ടിന്റെ ബൃഹത്തായ ആകാരം മുന്നിൽ . കണ്ണാടിഭിത്തികൾ ചുറ്റിനും . തിരക്കിട്ട ചലനങ്ങൾ എങ്ങും . വിമാനത്തിൽ കണ്ട ആരുംതന്നെ ഇപ്പോൾ ചുറ്റിനുമില്ല. അടയാളങ്ങൾ നോക്കി ഷോപ്പിംഗ് സെന്റർ ലാക്കാക്കി നടന്നു. അതുമിതും വാങ്ങിക്കൂട്ടി. ഇടയ്ക്ക് കഴിക്കാൻ ഒരു കഫെയിൽ കയറിയിരുന്നു . പുസ്തകമെടുക്കാൻ ഹാൻഡ്ബാഗിന്റെ പുറത്തെ കള്ളിയിൽ കൈയിട്ടു . അവിടെയില്ല . രണ്ടുബാഗും നോക്കി .. ബോർഡിങ് പാസും അതിനുള്ളിൽത്തന്നെയാണ് . ഒരുനിമിഷം എന്തോ പോലെ. ഇനിയിപ്പോ എയർലൈൻസ് ഓഫീസിൽ പോകണമോ അതോ ഗേറ്റ് ഒഫീഷ്യൽസ് രണ്ടാമത് പാസ് റീ ഇഷ്യൂ ചെയ്യുമോ ! പുസ്തകം പോയത് പോട്ടെ . ഓർഡർ ചെയ്തത് ഒരുവിധത്തിൽ കഴിച്ച് തീർത്ത് അവിടുന്നിറങ്ങി നടന്നു . മുകളിലും വശങ്ങളിലും നിരവധി നിർദേശങ്ങൾ . ചിലതിൽ ഇംഗ്ലീഷ് ഇല്ല . രാത്രിമുഴുവൻ സമയമുണ്ടെങ്കിലും മനസ്സ് വെറുതെ പരിഭ്രമിച്ചു .
“ഹലോ മാഡം”ഇതിനിടയിൽ ഇതിന്റെ കുറവേ ഉണ്ടാരുന്നുള്ളൂ . നിങ്ങളെ കണ്ടതും ഉള്ള സമാധാനം കൂടെ പോയി.
“ഞാനൊന്നു പുറത്തു പോകുവാ. പക്ഷെ സെക്യൂരിറ്റി ചെക് ചെയ്യണം. തിരിച്ചുവരുമ്പോൾ പിന്നേം അതേ ഫോർമാലിറ്റി.. വേറെ കുറെ ആളുകളും ഉണ്ട് . വരുന്നോ ?”
“ഇല്ല!”
“ഹോട്ടൽ?”
ഞാൻ തലയാട്ടി.
“ഓക്കേ എന്നാൽ see you tomorrow . ആഹ് ഞാൻ മറന്നു എന്തിനാ തേടിപ്പിടിച്ചു വന്നെന്ന്.” ബാക്പാക്കിന്റെ ഒരു കള്ളി തുറന്ന് എന്റെ പുസ്തകമെടുത്തുനീട്ടി.
“ഇയാൾ സീറ്റിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടപ്പോൾ തോന്നി ഇവിടെയടുത്തുള്ള ഓപ്പറ ഹൌസിൽ അവസാനത്തെ ഷോയ്ക്ക് ലേറ്റ് ആവുംന്ന് . വിളിച്ചിട്ടു നിൽക്കണ്ടേ ! ഈ ബുക്ക് സീറ്റിനു കീഴെ കിടന്നതാ. ദാ ..”
നിങ്ങളെ കൃത്യമായി മുഖത്തോട് മുഖം അപ്പോഴാണ് കണ്ടത് . ആ ചിരിയിൽ പരിഹാസവും കളിയാക്കലും തമാശയുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയും ഈ പകലുമൊക്കെ ഞാൻ അടുക്കിയെടുത്ത നിങ്ങളോടുള്ള അനാവശ്യമായ ഇഷ്ടക്കേടും അലോരസങ്ങളും, പൊതുവെ ആളുകളോട് എനിക്കുള്ള മുൻധാരണകളുമെല്ലാം ഒന്നുകൂടി ഉടഞ്ഞുവീണു. എത്ര അനുഭവിച്ചാലും പഠിക്കില്ല ഞാൻ .
“sorry ഞാൻ ശ്രദ്ധിച്ചില്ല ..”
“its okay. So you have a great night ahead. Sleep well”
“എത്ര മണിക്കാണ് എല്ലാരും രാവിലെ എത്തുക..”
“Around 9 I guess. ലഗ്ഗേജ് വീണ്ടും ചെക്ക് ചെയ്യണം എങ്കിൽ നേരത്തെ അറിയിക്കണം എന്ന് തോന്നുന്നു . ഇതേ ടെർമിനൽ ആണ്. ഗേറ്റ് നമ്പർ 22”
“Okay .. thanks” എനിക്കിനി ഇൻഫർമേഷനു വേണ്ടി എവിടേം പോവണ്ടല്ലോന്ന് മനസ്സിൽ പറഞ്ഞു.
ഞാൻ എയർപോർട്ടാകെ നടന്ന് കണ്ടു . ഓരോ ഷോപ്പിലും കയറിയിറങ്ങി സമയം കളഞ്ഞു .കാലുകഴയ്ക്കുമ്പോൾ എവിടെങ്കിലും ഇരുന്ന് കാപ്പികുടിക്കും , ചുറ്റിനുമുള്ള നൂറുകണക്കിനാളുകളെ നോക്കും. പലരാജ്യങ്ങളിൽ നിന്നുള്ളവർ . ഇതിനിടയിൽ ശ്രദ്ധയോടെ ബോർഡിങ് പാസ്സെടുത്ത്‍ പാസ്പോർട് ഹോൾഡറിൽ വെച്ചു . വെളുപ്പിനെ മൂന്നുമണിയായപ്പോഴേക്കും ക്ഷീണിച്ചു . ഇനിയിപ്പോൾ ഹോട്ടലിലേക്കില്ല . യാത്രതിരിക്കേണ്ട ഗേറ്റ് പരിസരത്തു പോയിരിക്കാമെന്നു കരുതി . അവിടെയും നിറയെ ആളുകൾ . ചിലർ സിനിമ കാണുന്നു . ചിലർ ഇരുന്നുറങ്ങുന്നു . രണ്ടുബാഗുകളും ചേർത്തുവച്ച് ഞാൻ ഒരിടത്തിരുന്നു. മുന്നിൽ ദൂരെയായി റൺവേ കാണാം . പത്തുമുപ്പത് വിമാനങ്ങൾ വരിവരിയായി കിടക്കുന്നു. നാസിസാമ്രാജ്യത്തിന്റെ പ്രൗഡിയും, വായിച്ചതും പഠിച്ചതുമായ ചരിത്രവും, ഒരിക്കൽ തകർന്നടിഞ്ഞ മണ്ണും പ്രകൃതിയും, ഇപ്പോഴുള്ള പടുകൂറ്റൻ കെട്ടിടങ്ങളും.. എല്ലാമാലോചിച്ചു ഞാൻ കണ്ണടച്ചു..
കണ്ണുതുറന്നപ്പോൾ ഇരുട്ടും വെളിച്ചവും ഒരുമിച്ചു കയറി. ഉദയസൂര്യൻ ഒളിച്ചുകളിക്കുന്നു . കണ്ണടച്ച് പിന്നെ തുറന്നപ്പോൾ ആരോ ഒരാൾ കണ്ണാടിഭിത്തിയിൽ നിന്നും നടന്ന് അടുത്ത് വന്നിരുന്നു . ഞാൻ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചാരിക്കിടന്നിരുന്ന രണ്ടുബാഗുകളും താഴെവീണു . നിങ്ങൾ അതുരണ്ടുമെടുത്ത് മുകളിൽ വച്ചു.
“good morning”
ഞാൻ ചിരിച്ചു.
“രാത്രി റൂമിൽ പോയില്ലേ?”
“ഇല്ല . ഇതിനുള്ളിൽ നടന്ന് സമയം കളഞ്ഞു”
നിങ്ങൾ എവിടൊക്കെ പോയി.. എന്തൊക്കെ കണ്ടു .. ഓപെറ ഹൌസിൽ പോയോ .. അറിയണം എന്നുണ്ടായിരുന്നു എങ്കിലും ഞാനതൊന്നും ചോദിച്ചില്ല . പകരം.. ഫ്രഷ് ആയിവരാം എന്നു പറഞ്ഞു.
വാഷ്റൂമിൽ ഇത്തവണ സമയമെടുത്തു. ശരീരവും സമയവും തമ്മിൽ തെറ്റി . വസ്ത്രം മാറി ദേഹം വൃത്തിയാക്കി , മുഖം വെടിപ്പാക്കി . ഉറക്കക്ഷീണമെല്ലാം മാറ്റി തിരികെവന്നു. പഞ്ചാബി കുടുംബമടക്കം ഇന്നലെ വിമാനത്തിലുണ്ടായിരുന്ന പലരും ഗേറ്റുപരിസരത്ത് എത്തിത്തുടങ്ങി. നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു .
“Hey you look different. ആളാകെ മാറിയല്ലോ”
“You also ” ഞാനും പറഞ്ഞു.
“അതുപിന്നെ ക്രൂവിലുണ്ടായിരുന്ന എന്റെ ഫ്രെണ്ടില്ലേ. അവളു പറഞ്ഞു ഞാൻ വൃത്തിക്കല്ല നടക്കുന്നതെന്ന് . രാത്രി പുറത്തിറങ്ങി കറക്കത്തിനിടെ മുടി വെട്ടി ..ഷേവ് ചെയ്തു “
“എന്താല്ലേ ! മുടിവെട്ടാൻ വേണ്ടി വിസ..സെക്യൂരിറ്റി ചെക്കിങ് ..ലോങ്ങ് ക്യൂ ..” എനിക്ക് ചിരി വന്നു .
നിങ്ങൾ ചിരിച്ചുകൊണ്ട് ചോദിച്ചു “വിശക്കുന്നുണ്ടോ”
എനിക്ക് വിശപ്പുണ്ടായിരുന്നില്ല . എന്നിട്ടും കഴിക്കാമെന്നു പറഞ്ഞു. ഭക്ഷണത്തിനിടെ എപ്പോഴോ ഞാൻ സംസാരിച്ചു തുടങ്ങി.
“ഞാൻ പലപ്പോഴും മോശമായി പെരുമാറിയതുപോലെ തോന്നുന്നു . അധികമാരോടും അങ്ങനെ പെട്ടെന്ന് സംസാരിക്കാറില്ല .. പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുമ്പോൾ . ഒന്നും തോന്നരുത് “
“ഏയ് അതിനെന്താ .. പലരും പല രീതിയല്ലേ . എനിക്ക് മനസിലാവും”
“നിങ്ങൾ എന്തു ചെയ്യുന്നു ?”
“I live in LA. അവിടെ ഒരു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.”
“മുംബൈയിലാണോ ഫാമിലി?”
“അതേ .. അച്ഛനും അനിയനും . ഞാൻ വന്നും പോയുമിരിക്കും ” നിങ്ങൾ മറുപടികളെല്ലാം കണ്ണിൽ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു.
അടുത്ത ഒരു മണിക്കൂറിൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചോദ്യങ്ങളും വലിയ ഉത്തരങ്ങളും ശ്രദ്ധയോടെ കേട്ടും പറഞ്ഞുമിരുന്നു . അടുത്ത യാത്രയിൽ സീറ്റുകൾ അടുത്തായിരുന്നില്ല . പക്ഷെ ഇടയ്ക്കിടെ നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . സംസാരം തുടർന്നു . എയർപോർട്ടിൽ പുറത്തിറങ്ങുന്നത് വരെ നിങ്ങൾ കൂടെ നടന്നു . ലഗ്ഗേജ് എടുക്കാൻ സഹായിച്ചു.
സന്ധ്യയും വേണുവേട്ടനും അനന്തുവും റിസീവ് ചെയ്യാൻ വന്നിരുന്നു . അഞ്ചുവർഷങ്ങൾക്ക് മുന്നേ അനന്തുവിന്റെ രണ്ടാം പിറന്നാളിന് കണ്ടതാണ് . പൊക്കം വച്ചിരിക്കുന്നു കുട്ടിക്ക് . ഇടയ്ക്കിടെ വീഡിയോ കോളും വർത്തമാനവുമുള്ളതുകൊണ്ട് അവൻ ചിരിച്ചടുത്ത് വന്നു.
യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ നിങ്ങൾ നിറഞ്ഞു ചിരിച്ചിരുന്നു . കോൺടാക്ട് ചെയ്യാൻ രണ്ടുപേരും നമ്പറോ അഡ്രസോ തിരക്കിയില്ല . ഒരു ബാക്പാക്കും ചെറിയ ഒരു ട്രോളിയുമായി നിങ്ങൾ നടന്നു പോകുന്നത് കാറിന്റെ പിന്സീറ്റിലിരുന്ന് ഞാൻ കണ്ടു.
സന്ധ്യയുടെ പുതിയ വീട്ടിലേക്കാണ് ചെന്നത് . അവളയച്ചുതന്ന ചിത്രങ്ങളേക്കാൾ ഭംഗി നേരിട്ടുണ്ട്. വലിയ പൂന്തോട്ടവും സ്വിമ്മിങ് പൂളുമൊക്കെയായി നിറയെ പച്ചപ്പിൽ ഉയർന്നുനിൽക്കുന്ന ഇരുനിലവീട് . അനന്തു കൂടെ വന്ന് മുകളിലെ എനിക്കായുള്ള മുറി കാട്ടിത്തന്നു . തൂവെള്ള പൂശിയ ചുമരുകളിൽ രവിവർമ്മ ചിത്രങ്ങൾ . സന്ധ്യയിലെ വിദേശമലയാളിയുടെ കാട്ടിക്കൂട്ടലുകൾ നിറയെയുണ്ട് ചുറ്റിനും.
കുളിച്ചുവന്ന് പെട്ടിയിലെ തുണികളും മറ്റുമെടുത്ത് അലമാരയിൽ വയ്ക്കാൻ തുടങ്ങി . അനന്തു ചായയുമായി വന്നു, കൂടെ സന്ധ്യയും . കഴിക്കാനുള്ള എന്തൊക്കെയോ ട്രേയിലുണ്ട്.
“അയ്യോടാ .. ചിറ്റ താഴോട്ട് വരുമാരുന്നല്ലോ പൊന്നേ”
“അവനിങ്ങനെ ഇതാദ്യമാ . ഒരു മാസം ഞാൻ രക്ഷപെട്ടു . നിന്റെ കൂടെ കൂടിക്കോളും”
“സന്തോഷമേയുള്ളൂ ” അവന്റെ കുറ്റിമുടിയിൽ തലോടി ഞാനിരുന്നു.
അവർക്കുവേണ്ടി കൊണ്ടുവന്നതെല്ലാം പ്രത്യേകം എടുത്തു കൈമാറി. മോനുള്ള ഉടുപ്പുകൾ, അവൾക്കുള്ള സാരികൾ, വേണുവേട്ടനുള്ള പലഹാരങ്ങളും ഉപ്പേരികളും മറ്റും.
മേശമേലിരിക്കുന്ന പുസ്തകമെടുത്ത് മറിച്ചുനോക്കി സന്ധ്യ പറഞ്ഞു “യാത്രയിൽ വായിക്കാൻ ഇതൊക്കെയേയുള്ളൂ ഇപ്പോഴും?”
ഞാൻ ചിരിച്ചു.
“വരയും തുടങ്ങിയോ.. നല്ല അസ്സൽ സെല്ഫ് പോർട്രൈറ് !” വിടർന്ന കണ്ണുകളോടെ സന്ധ്യ ചോദിച്ചു.
“ഇല്ല. എന്തേ” എനിക്കൊന്നും മനസിലായില്ല.
ദാ നോക്കെന്നും പറഞ്ഞ് അവളാ പുസ്തകം എന്റെ മടിയിലേക്കിട്ടുതന്നു.
മഴ തോരാത്ത രാത്രിയില്‍ അമ്മയെ സ്വപ്നം കണ്ട് അരണ്ട വെളിച്ചത്തിലൊളിച്ചിരുന്ന പാതിരാത്തണുപ്പിലേയ്ക്കും, ആ പഴകിയ വീടിന്‍റെ തുരുമ്പുപിടിച്ച ജനാലയില്‍നിന്നും സദാ പുറത്തുവന്നുകൊണ്ടിരിക്കുന്ന, അധികമാര്‍ക്കും കുറേനേരം സഹിക്കാനാവാത്ത പ്രത്യേകഗന്ധത്തിലേയ്ക്കും അയാള്‍ കണ്ണു തുറന്നു. വളരെവേഗം വന്ന കാറ്റില്‍ ഒരു കൈക്കുമ്പിള്‍ വെള്ളം അയാളുടെ മുഖത്തും കഴുത്തിലുമായി കുടഞ്ഞുവീഴ്ത്തിയിട്ട് മഴ അടുത്ത ജനാല വഴി വേറെയെങ്ങോ പോയി.
തലയണയുടെ കീഴില്‍ നിന്നും സിഗരറ്റും ലൈറ്ററും തപ്പിയെടുത്ത് എഴുന്നേറ്റു.
നശിച്ച മഴ !
കര്‍ക്കിടകം..
മഴയൊന്നു പതുങ്ങിയപ്പോള്‍ താഴെനിന്ന് തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്ക് ഉറക്കവുമില്ലേ !! പിറുപിറുത്തുകൊണ്ട് അയാള്‍ അടുക്കള ഭാഗത്തേക്ക് നീങ്ങി. ഉറങ്ങുന്നതിനു മുന്നേ കുടിച്ചിട്ട് ബാക്കി വന്ന കട്ടന്‍കാപ്പി ഗ്യാസ്സടുപ്പിനു മുകളില്‍ വച്ചു ചൂടാക്കി. അയാള്‍ ആ പഴയ വീടിന്‍റെ മുകളിലത്തെ നിലയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ താഴെ രണ്ടു വീട്ടുകാര്‍ വന്നു പോയി. അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി നോക്കിയിരുന്ന രണ്ടു പേര്‍ താമസത്തിനു വരുമെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞിരുന്നു. ഇപ്പറഞ്ഞ ഉടമസ്ഥന്‍, മാത്യു ജോസഫ് കൈതേനിയില്‍ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുടുംബസമേതം ജീവിക്കുന്നു എന്നാണ് അറിവ്. ആ മനുഷ്യനെ ഇതേവരെ നേരിട്ട് കണ്ടിട്ടില്ല. മാസാമാസം രണ്ടാം തീയതി ബാങ്കില്‍ വാടക എത്തിയില്ലെങ്കില്‍ വിളി വരും. ഇത്തവണ വിളിച്ചപ്പോള്‍ മുകളിലത്തെ നില പെയിന്ട് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. ഉടനെതന്നെ അങ്ങേരു അടവ് മാറ്റി. മൂന്നു മാസം കഴിഞ്ഞാല്‍ വീട് മുഴുവന്‍ ചായം പൂശാനാണത്രേ പരിപാടി !
മുകളില്‍ ഒരു കിടപ്പുറിയും ഒരു ഹാളും പിന്നെ അയാള്‍ അടുക്കളയാക്കി മാറ്റിയ മറ്റൊരു ചെറിയ മുറിയും മാത്രേ ഉള്ളൂ. വിശാലമായ കുളിമുറിയില്‍ പഴയ മൊസൈക്കും ചുവരുകളില്‍ മഞ്ഞയും വെള്ളയും പൂശി വേര്‍തിരിച്ചിരിക്കുന്നു. എല്ലാ ദിവസവും അവിടേക്ക് കയറുമ്പോള്‍ വല്ലാത്ത തണുപ്പാണ്. കുളിക്കുമ്പോള്‍ അയാള്‍ക്ക് മൈതാനത്ത് നില്‍ക്കുന്ന പോലെയാണ് തോന്നുക. എത്ര വൃത്തിയാക്കിയാലും പോകാത്ത പൊടിയും പഴയ മണവും ഒക്കെയുണ്ടെങ്കിലും അയാള്‍ അവിടവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേയ്ക്ക് അഞ്ചു മിനുട്ട് നടക്കാനേയുള്ളൂ, പക്ഷെ അയല്‍ക്കാരില്ല. മുന്‍വശത്ത് പൂട്ടിപ്പോയ ഒരു കമ്പനി കെട്ടിടവും പിറകില്‍ ഒരു അഴുക്കുചാലിനോട് ചേര്‍ന്ന് കുറെ സ്ഥലവും കിടപ്പുണ്ട്. ഇതേ വരിയില്‍ നില്‍ക്കുന്ന മറ്റു മൂന്നു വീടുകള്‍ ഇപ്പൊ ചെറിയ ഓഫീസുകളായി വര്‍ത്തിക്കുന്നു.
അടുത്തു തന്നെയുള്ള പ്രൈവറ്റ് ആര്‍ട്സ് കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനയില്‍നിന്നും, രാഷ്ട്രീയവും സിനിമയും പിന്നെ കുടുംബപുരാണവും ഉള്‍പ്പെട്ട സ്റ്റാഫ് റൂമിലെ ചര്‍ച്ചകളില്‍ നിന്നും അയാള്‍ ദിവസേന ഓടിയൊളിക്കുന്നത് ഇവിടേക്കാണ്. വൈകുന്നേരങ്ങളില്‍ തിരികെവന്ന് സ്കൂട്ടറില്‍ നിന്നിറങ്ങി ഗേറ്റുതുറക്കുമ്പോള്‍ മുകളിലത്തെ ഹാളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നിര്‍മ്മിച്ച ടെറസ്സില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ബോഗേന്‍വില്ല അയാളെ നോക്കി ചിരിക്കും. ഒരുപക്ഷെ ആ വീട്ടില്‍ ഏറ്റവും സുന്ദരമായി അയാള്‍ക്ക് തോന്നുന്നത് ആ പൂക്കളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള, ഭീമന്‍ വേരുകളുള്ള അതിന്റെ തണലില്‍ ഭിത്തിയോട് ചേര്‍ത്താണ് അയാള്‍ സ്കൂട്ടര്‍ വയ്ക്കുന്നത്.
നാളെ മുതല്‍ ഇനിയിപ്പോള്‍ ഗേറ്റു പൂട്ടിയിട്ടു പോവണ്ട ആവശ്യമില്ല.. ആഴ്ചതോറും തൂത്തു വരാന്‍ വരുന്ന സ്ത്രീയ്ക്ക് ഒരു പണിയും കൂടെ കിട്ടും. മൂന്നു മാസം കഴിയുമ്പോള്‍ ആ വീടിന്‍റെ നിറവും മാറും.. അയാള്‍ ഹാളിലിരുന്നു മനസ്സില്‍ കണ്ടു. ഉടമസ്ഥന്‍ അറുപിശുക്കനായതുകൊണ്ട് വെള്ളപൂശി നിര്‍ത്താനും മതി. ഇനി അയാള്‍ പൈസ തന്നില്ലെങ്കിലും കുളിമുറിയില്‍ തനിക്കിഷ്ടമുള്ള നിറം മതി. അയാള്‍ തീരുമാനിച്ചു.
താഴെ നിന്നുമുള്ള ശബ്ദങ്ങള്‍ നിന്നു. രാവിലെ കോളേജിലേയ്ക്ക് ഇറങ്ങുമ്പോള്‍ അവര്‍ അവിടുണ്ടെങ്കില്‍ പരിചയപ്പെടാം. അയാള്‍ കിടന്നു.
രാവിലെ ആരെയും കണ്ടില്ല.. പക്ഷെ മുറ്റം നന്നായി തൂത്തു വൃത്തിയാക്കിയിരിക്കുന്നു.
സന്ധ്യയോടെ കോളേജ് വിട്ടെത്തി. മഴ ചെറുതായി ചാറാന്‍ തുടങ്ങിയിരിക്കുന്നു. ഗേറ്റ് തള്ളിത്തുറന്ന് ഹെല്‍മെറ്റഴിച്ച് പതുക്കെ സ്കൂട്ടര്‍ മുന്നോട്ടെടുത്തു. ബോഗേന്‍വില്ലയുടെ ചുവട്ടില്‍ ചിത്രങ്ങളിലൊക്കെ കാണുംവിധം മനോഹരിയായ ഒരു സ്ത്രീ വായനയില്‍ മുഴുകിയിരിക്കുന്നു.
താമസക്കാരായി പ്രതീക്ഷിച്ചത് രണ്ടു ചെറുപ്പക്കാരെയാണ്. ചിലപ്പോള്‍ കൂടുതല്‍ വാടകയ്ക്ക് ഈ കുടുംബത്തെ കിട്ടിക്കാണും. അയാള്‍ സ്കൂട്ടെറില്‍ നിന്നിറങ്ങി.
“നമസ്കാരം”
ഒരു ചെറിയ കാറ്റു വീശി. അവര്‍ തിരിഞ്ഞു നോക്കിയപാടെ നീണ്ട മുടിയിഴകള്‍ രണ്ടു വശങ്ങളിലേയ്ക്കും മാറി, ആ മുഖം നന്നായി കാണാനായി.
ആദ്യമേ കണ്ണില്‍ പെട്ടത് വലിയ കറുത്ത പൊട്ടും അതിനു മേലെയുള്ള ഭസ്മക്കുറിയുമാണ്. സിന്ദൂരരേഖയില്‍ രാസ്നാദിചൂര്‍ണ്ണവും കുങ്കുമവും കൂടിക്കലര്‍ന്നുകിടക്കുന്നു. കണ്മഷി പടര്‍ന്ന കണ്‍തടങ്ങളില്‍ നനുത്ത എണ്ണമയം. മുഖത്ത് പക്ഷെ സന്യാസിനിയുടെ നിര്‍വ്വികാരത.
“ആരാ” ശബ്ദമിടറിക്കൊണ്ട് അവര്‍ ചോദിച്ചു.
“എന്റെ പേര് മനു.. മുകളിലത്തെ നിലയില്‍ ഞാനാണ് താമസിക്കുന്നത്”
“അദ്ദേഹം വരാറായി, ചെല്ലട്ടേ..” സൗമ്യമായ ചിരിയില്‍ അവര്‍ വീടിനുള്ളിലേയ്ക്ക് നടന്നു.
ആ സ്ത്രീയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ അഭിപ്രായം പെട്ടെന്ന് തന്നെ മാറി. ഒന്നുകില്‍ വീടിനു മുകളില്‍ ഒരാളു താമസിക്കുന്നു എന്നതില്‍ അത്ര താല്പര്യമില്ല. അല്ലെങ്കില്‍ ഭര്‍ത്താവ് വന്നുകയറുമ്പോള്‍ അന്യപുരുഷനുമായി സംസാരിച്ചുനില്‍ക്കണ്ട എന്ന് കരുതിയിട്ടാവാനും മതി. എന്തുതന്നെയാണെങ്കിലും സ്വതവേ ഇത്തിരി ആത്മാഭിമാനം കൂടുതലുള്ളതിനാല്‍ ഇനിയങ്ങോട്ട് ഒരു സംഭാഷണത്തിനും മുന്‍കൈയെടുക്കാതിരിക്കാനുള്ള തീരുമാനവുമെടുത്ത് അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറി. എന്തോ ഓര്‍ത്തു തിരിച്ചുവന്ന് ബൊഗെന്‍വില്ലയുടെ ചുവട്ടില്‍ നിന്നും സ്കൂട്ടര്‍ തള്ളിനീക്കി സ്റ്റെയര്‍കേസിന് കീഴിലായി കൊണ്ടുവച്ചു.
അടുത്ത ദിവസം അയാള്‍ മുറ്റത്തുകൂടെ സ്കൂട്ടെറുമെടുത്തു വേഗം സ്ഥലം വിട്ടു. ഗേറ്റു തുറന്നുകിടന്നിരുന്നു, അയാള്‍ അതൊട്ടടയ്ക്കാനും പോയില്ല. ഒഴിവുള്ള പിരീഡുകളില്‍ ഒന്നുരണ്ടു തവണ വളരെ വ്യക്തമായിത്തന്നെ ആ സ്ത്രീയുടെ മുഖം അയാളോര്‍ത്തു. ബൊഗേന്‍വില്ലയുടെ ചുവട്ടില്‍ ഇളം നിറമുള്ള ഖാദിസാരിയില്‍.. ഭസ്മക്കുറിയില്‍.. അവരുടെ കഴുത്തില്‍ നേര്‍ത്ത ഒരു കരിമണിമാല ഉണ്ടായിരുന്നോ.. കൈയില്‍ വളകള്‍ കണ്ടില്ലല്ലോ. അസാധാരണത്വം നിറഞ്ഞ ആ രൂപത്തില്‍ നിന്നും തനിക്കുച്ചുറ്റിനും ഇരിക്കുന്ന അധ്യാപികമാരുടെ ആടയാഭരണങ്ങളിലേയ്ക്ക് അയാളുടെ കണ്ണുകള്‍ പരതിമാറി.
അന്നുവൈകുന്നേരവും അവരെ കണ്ടില്ല. സന്ധ്യാനേരത്ത് ഹാളിനു പുറത്ത് ടെറസ്സില്‍ ഒരു കാപ്പിയും പുസ്തകവുമായി നിന്നു.. ഒരു മണിക്കൂറോളം ഏതോ ഒരു താളില്‍ കണ്ണുറപ്പിച്ച് ബൊഗെന്‍വില്ലയുടെ തഴച്ചുപടര്‍ന്നുപിടിച്ച ശിഖരങ്ങള്‍ക്കിടയിലൂടെ കാണാന്‍ പറ്റുന്ന, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മുറ്റത്തേയ്ക്ക് ഒരിക്കലെങ്കിലും അവരിറങ്ങി വന്നാലോ എന്നാലോചിച്ച്. അത്താഴമുണ്ടാക്കിയിട്ടില്ല, മനു അകത്തേയ്ക്ക് കയറി. സാധാരണ ഗോതമ്പോ മൈദയോ കൊണ്ടുള്ള രണ്ടു മൂന്ന്‍ ദോശയാണ് പതിവ്.. മുളക് ചമ്മന്തിയും. ചരുവത്തിലേയ്ക്ക് ഒരു കപ്പ് പൊടി പകര്‍ന്നതും മുന്‍വശത്തെ വാതിലില്‍ ആരോ തട്ടിവിളിക്കുന്നത് കേട്ടു.
കതക് തുറന്നതും അയാളുടെ ഹൃദയമിടിപ്പ് കൂടി..
“താഴെ ഉച്ച മുതല്‍ കറന്റില്ല.. കുറച്ചു മുന്നേ നോക്കിയപ്പോള്‍ ഇവിടെ ലൈറ്റിട്ടിരിക്കുന്നത് കണ്ടു. മെയിന്‍സ്വിച്ച് താഴയല്ലേ.. ഒന്ന് വന്നു നോക്കാമോ..” അവര്‍ മടിയോടെ പറഞ്ഞു തീര്‍ത്തു.
“അതിനെന്താ.. ഇപ്പോള്തന്നെ വരാം..”
വാതില്‍ ചാരി മനു അവരുടെ പിന്നാലെ പടികളിറങ്ങി.
മുടി വൃത്തിയായി മെടഞ്ഞിട്ടിരിക്കുന്നു. കറുപ്പില്‍ ചാരനിറത്തിലുള്ള പുള്ളികളുള്ള ഉടഞ്ഞ സാരി. ഇരുമ്പുതകിടില്‍ പൊതിഞ്ഞ കൈവരിയില്‍ അവരുടെ കൈ വളരെ മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. അതെ.. വളകളില്ല. നീണ്ട വിരലുകളില്‍ ചായം പൂശിയിട്ടുമില്ല. പടികള്‍ കഴിയുന്നതിനു മുന്നേ അവര്‍ തിരിഞ്ഞു നോക്കി, മനുവിനെയല്ല.. അയാളുടെ പ്രിയപ്പെട്ട ബോഗേന്‍വില്ലയെ..
ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു..
വരാന്തയില്‍ നിന്നും വാതില്‍ തുറന്ന് അവര്‍ അകത്തുകയറി. അയാള്‍ ആദ്യമായിട്ടാണ് താഴത്തെ വീടിനുള്ളിലേയ്ക്ക് കയറുന്നത്.. എങ്ങോട്ട് നീങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ ഒരു ടോര്‍ച്ചുമായി വന്നു.
“വരൂ..” വെളിച്ചം കാണിച്ചുകൊടുത്ത് അവര്‍ മുന്നേ നടന്നു.
കിഴക്ക് ഭാഗത്തുള്ള, ഒരു കൊച്ചുമുറിയില്‍ നിലയലമാരയ്ക്ക് വലതുവശത്തായി മാറാല പറ്റിച്ചേര്‍ന്നുകിടക്കുന്ന പഴയ ഇളംപച്ച മെയിന്‍സ്വിച്ച് ബോക്സ്. മുണ്ട് മടക്കിക്കുത്തി അയാള്‍ ബോക്സ് തുറന്നു.. തനിക്ക് പുറകില്‍ നില്‍ക്കുന്ന ആളിന്‍റെ നിശ്വാസം മനുവിന് നന്നായി കേള്‍ക്കാം. ഫ്യുസുകള്‍ ഓരോന്നായി ഇളക്കിയെടുത്ത് ടോര്‍ച്ചിന്റെ വെട്ടത്തിലേയ്ക്ക് പിടിച്ച് നോക്കി.. ചിലതിനകത്ത് പ്രാണികള്‍ കൂടുകൂട്ടിയിരിക്കുന്നു.
“മുകളില്‍ വേറെ ലൈനാണോ കൊടുത്തിരിക്കുന്നത്?” നിശബ്ദദ ഭേദിച്ചുകൊണ്ട് അവര്‍ ചോദിച്ചു
“ഉച്ചയ്ക്ക് മിക്സി ഉപയോഗിക്കാന്‍ തുടങ്ങിയതും കറന്റ് പോയി..”
“നോക്കാം..”
അയഞ്ഞു കിടക്കുന്ന എല്ലാ കോപ്പര്‍ നാടകളും കൃത്യമായി ഇറുക്കിക്കെട്ടി അയാള്‍ ബോക്സ് അടച്ചുപൂട്ടി. പുറത്തെ ഹാന്‍ഡില്‍ ശക്തിയില്‍ താഴോട്ടുവലിച്ച് ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ വെട്ടം വീണു.
“താങ്ക്സ്..”
ആ മുറിയുടെ ഒരു കോണില്‍ നില്‍ക്കുന്ന അവരുടെ മുഖത്ത് മഞ്ഞ വെളിച്ചം പകര്‍ന്ന എന്തോ ഒരു പ്രത്യേകതയില്‍ അയാള്‍ ഒരുനിമിഷം പെട്ടുപോയി.
“സോറി.. എനിക്ക് നിങ്ങള്‍ രണ്ടുപേരുടെയും പേരറിയില്ല”
“ഉമ.. അദ്ദേഹത്തിന്‍റെ പേര് അലക്സ്”
“പ്രണയവിവാഹം..” മനു ചിരിച്ചുകൊണ്ട് ചോദിച്ചു.
“എത്ര പെട്ടെന്ന് കണ്ടുപിടിക്കാം അല്ലേ..” മനുവിന്റെ ചിരി മെല്ലെ മാഞ്ഞു.
“ഉമയെ കണ്ടാല്‍ പെട്ടെന്ന് മനസിലാകും”
“അറിയാം”
“അലക്സ് എന്തു ചെയ്യുന്നു..”
“ബിസിനസ്..”
“എവിടെ..”
“സിറ്റിയില്‍ ഒരു ഷോപ്പിംഗ് കോംപ്ലെക്സ് പണിതീരുന്നു.. അവിടെ അലക്സിനു ഒരു ട്രാവല്‍ ഏജന്സിയുമുണ്ട്.”
“ആഹാ..”
“ഉമയുടെ നാട്..?”
“തൃശൂര്‍”
“ഞാന്‍ പാലക്കാട്..”
നിന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല എന്നാ ബോധം വന്നതോടെ അയാള്‍ ചെറുതായൊന്നു പരുങ്ങി.
“ഞാനെന്നാ..”
“ഉം..” പെട്ടെന്ന് അയാളുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ അവര്‍ ശ്രദ്ധിച്ചു.
“കുടിക്കാന്‍ എന്തെങ്കിലും ? ചായ..? ഇരിക്കൂ.. ഞാനിപ്പൊ വരാം” അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഉമ അടുക്കളയിലേയ്ക്ക് പോയി.
മനു വരാന്തയില്‍ ഇറങ്ങിയിരുന്നു.
പ്രണയവിവാഹം കഴിഞ്ഞിട്ടും നിറപ്പകര്‍ച്ചയില്ലാത്ത ഒരു സ്ത്രീ.. ചിലപ്പോള്‍ തനിയെ തിരക്കുപിടിച്ച ഈ പുതിയ ജീവിതം അവര്‍ പ്രതീക്ഷിച്ചുകാണില്ല.
“ഞങ്ങള്‍ കുറച്ചു മാസങ്ങള്‍ മാത്രമേ ഇവിടെ കാണുള്ളൂ.”
“അതെന്തേ..”
“പുതിയ ഫ്ലാറ്റു ബുക്ക് ചെയ്തിട്ടുണ്ട്.. ആറു മാസം കൂടിയെടുക്കുമത്രേ. അതുവരെ ഇവിടെ.” ഉമ എന്തോ ആലോചിച്ചു നിന്നു.
“നല്ലതല്ലേ.. അല്ലെങ്കില്‍ തന്നെ നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് ഇവിടെ പറ്റിയെന്നു വരില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന എന്നെപ്പോലെയുള്ള ചില മനോരോഗികള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരും. അതും ഉറപ്പില്ല.”
ഉമ ചിരിച്ചെന്നു വരുത്തി.
“എനിക്ക് വീട് ഒരുപാടിഷ്ടായീട്ടോ.. പ്രത്യേകിച്ച് മുകളിലത്തെ ഭാഗം.”
“ആഹാ.. പക്ഷേ മുകളില്‍ ഇത്ര സൗകര്യമില്ല കേട്ടോ..”
“പുറത്തേക്കുള്ള വരാന്ത എത്ര ഭംഗിയാണ്.. നല്ല തണുപ്പും തണലുമില്ലേ അവിടെ..”
ചായ കുടിച്ചു.. ഇഞ്ചിചതച്ചിട്ട് മധുരം പാകത്തിനിട്ട, കടുപ്പമുള്ള ചായ. അമ്മയെ ഓര്‍ത്തു.
തിരിച്ചു പടികള്‍ കയറുമ്പോള്‍.. ഉമ അകത്തുകയറി വാതില്‍ കുറ്റിയിടുന്നത് തുറന്നുകിടന്നിരുന്ന ജനാലയ്ക്കിടയിലൂടെ അയാള്‍ കണ്ടു. ചായക്കപ്പില്‍ ഇനിയും ചൂട് ബാക്കിയുണ്ടോ.. അയാളുടെ കാഴ്ച്ചക്കപ്പുറത്തേക്ക് ഒരു കുസൃതിച്ചിന്ത പോയി.. ഒരുപക്ഷേ അവരുടെ ചൂടുകയറിയ വലതുകൈപത്തി കരിമണിമാലയൊട്ടിക്കിടക്കുന്ന കഴുത്തില്‍ ഒരു നിമിഷം ചേര്‍ത്തുവച്ചിട്ടുണ്ടാവാം.
മനുവിന്‍റെ മടുപ്പിക്കുന്ന ദോശയും മുളക് ചമ്മന്തിയും അന്ന് കൂടുതല്‍ രുചിയുള്ളതായി. ഒരു വര്‍ഷമായി താഴെയുള്ള മുറികളെപ്പറ്റി അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തിട്ടില്ല. ഇപ്പോള്‍ അയാള്‍ക്ക് ചുറ്റിനും താഴത്തെ മുറികളാണ്. തന്നെപ്പോലെ നിശബ്ദദയില്‍ ജീവിക്കുന്ന ഒരാള്‍ അവിടെ. വെറുതേ ഓര്‍ക്കാന്‍ .. ഒരു കൂട്ടുപോലെ.
രാത്രിയില്‍ എപ്പോഴോ ഒരു കാര്‍ വന്നു പാര്‍ക്കുചെയ്യുന്നത് അയാള്‍ കേട്ടു. കുറച്ചുകഴിഞ്ഞ് വാക്കുതര്‍ക്കവും വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദവും മറ്റും..
നിറങ്ങളില്ലാത്ത കുരുക്കില്‍പ്പെട്ട ഒരു പെണ്‍ജീവിതം മനുവിന്‍റെ ഉറക്കംകെടുത്തി.
ഓരോ ദിവസവും രാവിലെയും വൈകിട്ടും അവര്‍ തമ്മില്‍ കാണും.. ആദ്യമൊക്കെ യാദൃശ്ചികമായി.. പിന്നീട് അറിഞ്ഞും അറിയാതെയും.. രണ്ടോ മൂന്നോ നിമിഷങ്ങള്‍ എങ്കിലും, ഏറ്റവുമടുത്ത് ഉമയെ കാണുന്ന ദിവസം അയാളില്‍ ഉടനീളം പുഞ്ചിരി സമ്മാനിക്കും. രാത്രിയില്‍ താഴെ നിന്ന് കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ അയാള്‍ക്ക് പ്രത്യേകതരത്തിലുള്ള ഒരു സന്തോഷം കൊടുത്തുതുടങ്ങി. നിറങ്ങളില്ലാത്ത ആ സ്ത്രീയ്ക്ക് ചുറ്റിനും കടുംനിറത്തില്‍ മനോഹരമായ കടലാസ്സുപൂക്കള്‍ അടര്‍ന്നുവീണുകഴിഞ്ഞു, അനുമതിയില്ലാതെ.
ഒരു വൈകുന്നേരം അവരെ കണ്ടില്ല.. അന്നുരാത്രി താഴെ വെട്ടവും കണ്ടില്ല. അവര്‍ എവിടെയ്ക്കോ പോയിരിക്കുന്നു. അത്താഴം കഴിക്കാതെ ധാരാളമായി പുകവലിച്ചുകൊണ്ടിരുന്നു മനു.. അസ്വസ്ഥനായി.. ഉമയെ അടുത്ത രണ്ടുദിവസങ്ങളില്‍ അയാളുടെ കണ്ണുകള്‍ തേടിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ മുറ്റത്തിറങ്ങി ഉലാത്തിയും, രാത്രികളില്‍ ഉറങ്ങാതെ വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദത്തിനായും അയാള്‍ കാത്തിരുന്നു.
അവരോടുള്ള ദേഷ്യവും സങ്കടവും ക്ലാസ്സില്‍ തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെ അയാള്‍ തീര്‍ത്തു. താനൊരു വിഡ്ഢിയാണെന്ന് സ്വയം പറഞ്ഞു ധരിപ്പിച്ചു. അല്ലെങ്കില്‍ത്തന്നെ വിവാഹിതയായ ആ സ്ത്രീയില്‍ എന്തു പ്രതീക്ഷിച്ചാണ് ഇത്രയും സമയം കളയുന്നത്! ഈ പാഴ്ചിന്തകള്‍ തന്നെപ്പോലെ കുടുംബത്തില്‍പിറന്ന ഒരാണിനു ചേര്‍ന്നതല്ല. ആ സ്ത്രീയെ ഇനി കാണേണ്ടതില്ല.. അവരറിയാതെ അവരെ നോക്കേണ്ടതില്ല.. അവരുടെ വസ്ത്രവും മുഖഭാവവും തന്‍റെ ഒരു ദിവസത്തെ ബാധിക്കാനേ പാടില്ല !
അന്ന് രാത്രി അയാളില്‍ പതിവില്ലാതെ ഒരൂര്‍ജ്ജം കാണപ്പെട്ടു. അത്താഴം നേരത്തെ കഴിച്ചു കിടക്കണം. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ താഴെ ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം. മനു ജോലി തുടര്‍ന്നു. പത്തുമിനുട്ട് കഴിഞ്ഞ് വാതിലില്‍ ആരോ തട്ടി. പുറത്ത് മഴ പെയ്യുന്നതുകൊണ്ട് വളരെ താമസിച്ചാണ് മനു അതുകേട്ടത്.
ഉമ !
വാതില്‍ തുറന്നതും അയാളെ നോക്കാതെ അവര്‍ അകത്തേയ്ക്കുകയറി. മനു അതിശയത്തോടെ അവരെ നോക്കിനിന്നു. ഉമ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു. ആ മുറിയിലെ അരണ്ടവെളിച്ചത്തില്‍ മനു എന്തുചെയ്യണമെന്നറിയാതെ നിന്നു.
“എന്തുപറ്റി”
കേട്ടതും ഉമ തിരിച്ചുവന്ന് വാതിലടച്ചു. എന്നിട്ട് തിരിഞ്ഞുനിന്നു മനുവിനോട് ചോദിച്ചു..
“കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം തരുമോ”
മനു വേഗം പോയി വെള്ളവുമായി വന്നു.
“ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..”
“ഏയ് ഇല്ലാ… പറയൂ എന്ത് പറ്റി, രണ്ടുദിവസമായി ഉമയെ കണ്ടില്ലാ..” അയാള്‍ അവരില്‍നിന്നും നോട്ടം മാറ്റി.
“ഞാന്‍ താഴെത്തന്നെ ഉണ്ടായിരുന്നു.. ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയി.”
“ഓഹ്..ഞാന്‍ വിചാരിച്ചൂ..”
“പറയാതെ എങ്ങോ പോയീന്ന്.. അല്ലേ..”
തമ്മില്‍ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
“അലക്സ്?”
“അറിയില്ലാ..”
“മനസിലായില്ല..” മനു ചോദിച്ചു.
“എനിക്കും ഒന്നും മനസിലായില്ല മനൂ.. രണ്ടു ദിവസമായി വന്നിട്ടില്ല. ഒരു രാത്രി എന്നോട് വഴക്കിട്ടു പോയതാണ്. എന്നോട് തിരികെ വീട്ടിലേയ്ക്ക് പോയ്ക്കോളാന്‍ പറഞ്ഞു.”
ഉമ അയാളുടെ അടുത്തേയ്ക്ക് വന്നു..
“എത്ര കനിവോടെയാണ് നിങ്ങള്‍ എന്നെ നോക്കുന്നത്.. കള്ളിയെപ്പോലെ രണ്ടു ദിവസം ഇതേ നോട്ടങ്ങളില്‍നിന്നും ഒളിച്ചിരുന്നു ഞാന്‍. വന്നു പറയണം എന്ന് തോന്നി. മനൂ, ഞാനൊരു പരാജയമാണ്. ഒരിക്കല്‍ ചെയ്ത തെറ്റില്‍ ജീവപര്യന്തം ശിക്ഷ വാങ്ങുന്നവള്‍. ഈ ജയില്‍വാസം എന്നെയും കൊണ്ടേ പോകൂ. പരോളിലിറങ്ങി ദിവസങ്ങളുടെ മാത്രം സന്തോഷം എനിക്ക് വേണ്ട. ഇനി മറിച്ചു തോന്നുന്ന പക്ഷം ഞാന്‍ ഈ വീടും കടലാസ്സുപൂക്കളും പിന്നെ അതിനു ചുവട്ടില്‍ സ്കൂട്ടര്‍ പൂട്ടിവയ്ക്കുന്ന ഈ ആളിനെയും തേടി വരാം.”
ഉമ തിരികെ നടന്നു.. വാതില്‍ തുറന്ന് പടികളിറങ്ങി.. വളകളില്ലാത്ത വലതുകൈ ഇരുമ്പു റെയിലില്‍ പിടിച്ചു താഴോട്ട്..
മനു നിശ്ചലനായി നിന്നു. തിരികെ വിളിക്കാന്‍ തോന്നിയില്ല.. അവകാശവുമില്ല. ഒരുപക്ഷെ ആ സ്ത്രീയോട് അയാള്‍ക്ക് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയത് അപ്പോഴാണ്.
അലക്സും ഉമയും മാസങ്ങള്‍ക്ക് ശേഷം വീടുമാറി. നഗരമധ്യത്തില്‍ ഏതോ ഒരു ഫ്ലാറ്റുസമുച്ചയത്തിന്‍റെ ഒരു കോണില്‍ പുസ്തകവും പിടിച്ചിരിക്കുന്ന ഉമയെപ്പറ്റി മനു ഓര്‍ക്കാറില്ല. അതേസമയം ഓരോദിവസവും കോളജുവിട്ടു വന്നുകയറുമ്പോള്‍.. ബോഗേന്‍വില്ലയ്ക്കു കീഴെ അയാള്‍ ഒരുനിമിഷം തന്‍റെയാ പ്രിയപ്പെട്ട സ്ത്രീയെ സങ്കല്‍പ്പിക്കും.
നിറങ്ങളില്ലാത്ത ഖാദിസാരിയില്‍.. കറുത്ത വട്ടപ്പൊട്ടില്‍.. ഭസ്മക്കുറിയില്‍.
തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.
ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്‍റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.
അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്‍റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന്‍ അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്‍റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത് ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന്‍ വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്‍.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.
പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.
ഈയിടെയായി കുനിഞ്ഞുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന്‍ വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.
ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്‍റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.
വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.
എന്തിന് പരിഭവം തോന്നണം..!
പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ് ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന് പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.
“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”
“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”
“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”
“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”
“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.
“എന്നതാടാ..”
ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്‍റെ മുകളില്‍ പോയിരുന്നു.
“എന്നെക്കൊണ്ടിങ്ങനെ ആരാന്‍റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ് അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”
ജോസിന്‍റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.
“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന്‍ ലണ്ടന് പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്‍. അതുകൊണ്ട് അവളും വന്നില്ല..”
മകന്‍ പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്‍ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.
കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്‍റ്സും ഷര്‍ട്ടും. അതിന്‍റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള്‍ നിന്നു.
“അമ്മച്ചി പേരു മറന്നു കാണും. ഏയ്‌ജല്‍.”
“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”
“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”
ഏയ്‌ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.
“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”
എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.
“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”
ജോസു പോയതും ഏയ്‌ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്‍പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.
ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.
“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്‍റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”
ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്.
ഏയ്‌ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.
അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.
“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്‍ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”
മാലാഖകൊച്ചു ചിരിച്ചു.
“നോ നോ.. ഐ ആം ഫൈന്‍. ഞാന്‍ കുറച്ചേ കഴിക്കു.”
ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.
പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള്‍ വീടെത്തി.
ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്‌ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക് വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട് രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന്‍ മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.
അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്‍റെ മുഖം.. ചിലപ്പോള്‍ അവന്‍ കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.
***
പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.
“എയ്ജല്‍..”
വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.
രണ്ടുപേരും വിളികേള്‍ക്കുന്നില്ല.
മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.
“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.
വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്‍നിന്നും മകളുടെ പ്രതിഷേധത്തിന്‍റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.
ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.
കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്‍റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്‍റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.
***
മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.
ഇന്നലെ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു. ഈയിടെയായി ലേശം കൂടെ ഉറങ്ങാറില്ല. ഉറക്കം നടിച്ചു കിടക്കും. കാലത്ത് നാലോ അഞ്ചോ മണിയാവുമ്പോള്‍ ഒന്ന് കണ്ണടയ്ക്കും. ക്ഷീണം കൊണ്ട്. ഉടനെതന്നെ മുറ തെറ്റിക്കാതെ കയറി വരും സ്വപ്നങ്ങള്‍.
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം ഉണ്ണിയേട്ടന്‍ തന്നെ. ഇടയ്ക്ക് അമ്മയെയും മൂത്ത അമ്മാവനെയും ഒക്കെ കണ്ടിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ അവര്‍ രണ്ടുപേരും ഉണ്ണിയേട്ടനും മാത്രേ എനിക്കുള്ളൂ. അമ്മ വളര്‍ത്തി, അമ്മാവന്‍ വിവാഹം ചെയ്തയച്ചു. കടമകള്‍ തീര്‍ത്ത്, അവര്‍ പോയി.
നമ്മുടെ കല്യാണം ഓര്‍ക്കുന്നുണ്ടോ..
അന്ന് ഞാനുടുത്തിരുന്ന മുണ്ടും നേര്യതും ചുവന്ന ജാക്കറ്റും ഇന്നും എന്‍റെ അലമാരയിലുണ്ട്. ചെറുതായി കരിമ്പനടിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ ഇടയ്ക്ക് അതെടുത്തുടുക്കും. വിവാഹത്തിന് രണ്ടുദിവസം മുന്‍പ് അമ്മാവന്‍ എന്നെയും അമ്മയെയും കൊണ്ടുപോയി തട്ടാന്‍റെ വീട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണങ്ങള്‍.. വെള്ളക്കല്ലില്‍ പണിത ചുട്ടിയും ചെയിനും, നീണ്ട മാലയിലെ വലിയ ഗുരുവായൂരപ്പന്‍റെ ലോക്കറ്റും വളകളും ജിമുക്കിയും..
കല്യാണപ്പിറ്റെന്ന്‍ രാവിലെ എടുത്തു കൊണ്ട് വന്ന ചായയുടെ അതേ ചൂടിലും മധുരത്തിലും സ്നേഹബഹുമാനങ്ങളിലും എന്‍റെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പോയി. ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയായും ആരോഗ്യത്തോടെയും ജീവിച്ചുവന്നു. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാതെ ഇരുന്നാല്‍ എനിക്ക് വലിയ സമാധാനമാണ്. ഇരുണ്ട് മെലിഞ്ഞ കഴുത്തും മുഖത്തെ കറുത്ത പാടുകളും ശോഷിച്ച കൈകളും, പിന്നെ കുഴിഞ്ഞ കണ്ണുകളും. ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ ഇതിലും സുന്ദരിയായിരുന്നു. ഒരു കടും നിറത്തിലുള്ള കോട്ടന്‍ സാരിയില്‍, പുട്ടപ്പ് ചെയ്തു വച്ച തഴച്ചുനിന്നിരുന്ന മുടിയില്‍, ഗോപിപ്പൊട്ടില്‍.. എനിക്ക് ഇതിലും ഭംഗിയുണ്ടായിരുന്നു.
പക്ഷെ ഉണ്ണിയേട്ടന്‍..
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇന്നും ഫ്രെയിം ചെയ്തുവച്ച ആ ഫോട്ടോ ഒരുപക്ഷെ ഉണ്ടായേക്കും. ആരും നോക്കി നിന്ന് പോകുന്ന ആള്‍രൂപം. എന്‍റെ കൂട്ടുകാരികള്‍ക്ക് അദ്ഭുതം തന്നെയായിരുന്നു നമ്മുടെ വിവാഹം. കൂട്ടത്തില്‍ ഏറ്റവും മുഖശ്രീയുള്ള ലക്ഷ്മിക്കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ആകുലതയോടെ അടിച്ചുവാരാന്‍ നിന്നിരുന്ന നാരായണിയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്..
പക്ഷേ എനിക്ക് ജീവനാണ് ഉണ്ണിയേട്ടനെ. ഒരു വീട്ടില്‍ ഒരു മുറിയില്‍ ഒരു കിടക്കയില്‍ ഒരിഞ്ചകലത്തില്‍ എന്‍റെ ജീവന്‍ മുഴുവന്‍ തുടിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടിയാണ്.
എന്‍റെയൊ മറ്റാരുടെയുമോ വസ്ത്രങ്ങളുടെയൊപ്പം ഉണ്ണിയേട്ടന്‍റെ തുണികള്‍ നനയ്ക്കാറില്ല. ഓരോ ഷര്‍ട്ടിന്‍റെയും കോളറുകള്‍, ബട്ടണുകള്‍ എല്ലാം സൂക്ഷിച്ചു തന്നെ കഴുകിയിടും. ഓരോ ദിവസവും പോകുമ്പോള്‍ കൃത്യമായി അലമാരയില്‍ നിന്നെടുക്കുന്ന കര്‍ചീഫുവരെ ഞാന്‍ സ്നേഹത്തോടെ തേച്ചുമടക്കിവയ്ക്കുന്നതാണ്. അവിയലും സാമ്പാറും കാളനുമൊക്കെ മടുപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ടീവിയില്‍ കാണുന്ന പാചകപരിപാടികളിലെ വിഭവങ്ങള്‍ കുറിച്ചെടുത്ത് അത് രണ്ടുമൂന്നു തവണയെങ്കിലും സുഹൃത്തുക്കള്‍ക്ക് പാചകം ചെയ്തുകൊടുത്തു ഉറപ്പുവരുത്തിയതിനു ശേഷമേ ഞാന്‍ ഉണ്ണിയേട്ടന് വേണ്ടി തയ്യാറാക്കിയിട്ടുള്ളൂ. അങ്ങെന്‍റെ ഏറ്റവും വിലപ്പെട്ട ആളാണ്.. അതേ കാരണത്താല്‍ പഠനശേഷം ഒരു ജോലിയും കണ്ടുപിടിക്കാതെ വീടും അടുക്കളയും അങ്ങേയും നോക്കി ജീവിച്ചു.
ഒഴിവാക്കാനാവാത്ത ചില കല്യാണങ്ങള്‍ക്കല്ലാതെ നമ്മള്‍ എവിടെയും ഒരുമിച്ചു പോവാറില്ല. ഏട്ടന്‍റെ അമ്മയുണ്ടായിരുന്നപ്പോള്‍ രണ്ടു തവണ നിര്‍ബന്ധിച്ചു സിനിമാകൊട്ടകയിലേക്കയച്ചിട്ടുണ്ട്. ബന്ധുക്കള്‍ അവധിക്കാലത്ത് വരുമ്പോള്‍ എല്ലാവരെയും കൂട്ടി പുറത്തേക്കു പോകുമ്പോള്‍ എന്നോട് ഒരിക്കല്‍പ്പോലും ചോദിച്ചില്ല.. വീട്ടുകാരിക്ക് വീടുതന്നെ പ്രപഞ്ചം.
വെള്ളിയാഴ്ചകള്‍..
നമ്മളുടെ ജീവിതത്തില്‍ ഏറ്റവും വിചിത്രമായത് വെള്ളിയാഴ്ചകളല്ലേ..
അന്നത്തെ ദിവസം രാത്രിയില്‍ ഓഫീസില്‍നിന്നും വരുന്ന അങ്ങേയ്ക്ക് ഒരാഴ്ചത്തെ ക്ഷീണവും ദേഷ്യവും എല്ലാമെല്ലാം തീര്‍ക്കാന്‍, ഒരിഞ്ചകലത്തില്‍, സൗന്ദര്യമോ സ്നേഹമോ ഒട്ടും തോന്നിപ്പിക്കാത്ത എന്‍റെയീ ഇരുണ്ടു ക്ഷീണിച്ച ശരീരം കാത്തുകിടന്നിരുന്നതായി അങ്ങേയ്ക്കറിയുമോ.. തലേദിവസം വരെ പുസ്തകങ്ങളിലും കണക്കുബുക്കുകളിലും രാത്രികള്‍ ചിലവഴിക്കുന്ന അങ്ങ്, ഒരു പകല്‍ വ്യത്യാസത്തില്‍ ഒരിക്കല്‍ കൂടി പതിവ് തെറ്റിക്കാതെ, ചിരിയോ ഒരു വാക്കോ.. ഒന്നുമില്ലാതെ ഈ ശരീരത്തെ വലിച്ചടുപ്പിക്കുമായിരുന്നു.
എന്‍റെ കഴുത്തില്‍ മുറുക്കെപിടിക്കുമ്പോള്‍ വേദനിച്ചിരുന്നു, എന്‍റെ കാലുകള്‍ പിറ്റേ ദിവസം വീങ്ങിനിന്നിരുന്നു. രക്തം കട്ടപിടിച്ചു, അങ്ങിങ്ങായി നീലിച്ചു കിടന്നിരുന്നു. എനിക്ക് കിട്ടുന്നത് ഈ നിമിഷങ്ങളാണ്. പേടിച്ചെങ്കിലും ഞാന്‍ ഏറെ പ്രണയിച്ചിരുന്ന എന്‍റെ വെള്ളിയാഴ്ചകള്‍.
എന്നെപ്പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ദൈവം യജമാനനെ മാത്രം നല്‍കും.. കുഞ്ഞുങ്ങളെ കൊടുക്കില്ല.
പക്ഷേ എനിക്ക് സങ്കടമില്ല ഏട്ടാ. കാരണം എനിക്ക് ഉണ്ണിയേട്ടന്‍ മതി. ഇത്രനാളും എന്നെ നോക്കിയല്ലോ. വസ്ത്രങ്ങള്‍, വീട്, ആഹാരം.. ആഭരണങ്ങള്‍.. എല്ലാം തന്നുവല്ലോ..
ഏട്ടന്‍റെയൊപ്പം ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന വലിയ വട്ടപ്പൊട്ട് തൊട്ട, ഒരു സ്ത്രീ ഒരു ദിവസം എന്നെ കാണാന്‍ ഇവിടെ വന്നിരുന്നു. ഈ ഒരു ദിവസം നാലുവര്‍ഷങ്ങള്‍ക്കു മുന്നേയാണ്. കറുത്ത ഫ്രെയിം കണ്ണടയും സില്‍ക്ക് സാരിയും സുഗന്ധലേപനവും ഒക്കെയായി വളരെ വേഗത്തില്‍ വീട്ടിലേക്കു കയറി വന്ന ആ സ്ത്രീ അവരുടെ അനിയത്തിക്കുവേണ്ടിയാണ് സംസാരിച്ചത്.
ഈ വീടിന്‍റെ പുറമേ എനിക്ക് മനസിലാവാത്ത എത്രയോ കാര്യങ്ങള്‍ ഉണ്ടെന്ന് അന്ന് മനസിലായി. എന്‍റെ വെള്ളിയാഴ്ചകള്‍ മറ്റേതോ സ്ത്രീയുടെ ദാനമായിരുന്നുവത്രേ.
അടുത്ത ആഴ്ചയും അതിനു പിന്നാലെ വന്ന ഓരോ ദിവസങ്ങളും.. ഞാന്‍ അവരുടെ അനിയത്തിയെപ്പറ്റി മാത്രം ചിന്തിച്ചു. അവരില്‍ എന്‍റെ ഉണ്ണിയേട്ടന് ജനിച്ചേക്കാവുന്ന കുഞ്ഞിനെപ്പറ്റി ഓര്‍ത്തു. പക്ഷെ എനിക്ക് തിരിച്ചു പോകാന്‍ ഒരു വീടില്ല. പ്രതീക്ഷ വളര്‍ത്താന്‍ ഒരു കുട്ടിയില്ല. ഗതികേടുകള്‍ക്ക് മീതേനിന്ന് ഞാന്‍ കണ്ണടച്ചു.
എവിടെനിന്നോടിയൊളിക്കുന്നോ അവിടേയ്ക്കുതന്നെ ഒളിഞ്ഞുംപാത്തും ചിന്തകള്‍ ചെല്ലും. എത്രമാത്രം തിരക്കുഭാവിച്ചാലും ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നുപിടിക്കും. ഞാനിപ്പോള്‍ ഉറങ്ങാന്‍ ഭയക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ മയങ്ങിപ്പോവും.. പിന്നീട് സ്വപ്നങ്ങള്‍. അതിലൊന്നിലും ഞാനില്ല. പക്ഷെ വെള്ളിയാഴ്ച ഒഴികെ ആറുദിവസങ്ങള്‍ കൃത്യമായിട്ടു തെളിഞ്ഞു വരും. അതിലൊന്നിലും എന്‍റെ വീടില്ല, പക്ഷെ ഞാന്‍ കാണാത്ത മറ്റൊരു വീടും മുറികളും.
എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ണിയേട്ടന്‍ നിറയെ ചിരിക്കുന്നു.
അമ്മയെയും അമ്മാവനെയും ഒന്ന് കണ്ടാല്‍ ചിലപ്പോള്‍ എനിക്ക് ആശ്വാസമായേനെ. അവര്‍ ചിലപ്പോള്‍ എന്നോട് പറയുമായിരിക്കും, ഇതൊക്കെ എന്‍റെ തോന്നലാണ് എന്ന്. അല്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ പറഞ്ഞേക്കാം, ഇതൊക്കെ സാധാരണമാണ് കണ്ടില്ലെന്നുനടിക്കാന്‍. ഇനി ഞാന്‍ കരഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ എന്നെ അവരോടൊപ്പം വീട്ടിലേക്കു കൊണ്ടുപോകും. കുറെ ദിവസം വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങ് വരും. അപ്പോള്‍ ഞാന്‍ എന്‍റെ വിഷമങ്ങള്‍ പറയും. എല്ലാം സാധാരണ പോലെയാവും.
ഇന്നലെ അവര്‍ വന്നിരുന്നു. ഇന്നിനി സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കുന്നില്ല. എന്നെ തിരികെ വിളിക്കാന്‍ അങ്ങ് വരും എന്ന പ്രതീക്ഷയോടെ..
ശ്രീദേവി.
വെള്ളിയാഴ്ച രാത്രി ഉണ്ണികൃഷ്ണന്‍ വീടിന്‍റെ ഗേറ്റ് തുറന്നു വന്നു. അതേസമയം അലമാരയുടെ ഉള്ളില്‍ അയാള്‍ വിവാഹ ദിവസം ധരിച്ചിരുന്ന, കറുത്ത കുത്തുപാടുകള്‍ വീണ ചന്ദനനിറത്തിലുള്ള ഷര്‍ട്ടും മുണ്ടും, രണ്ടു പഴയ സിനിമാ ടിക്കറ്റുകളും കോട്ടന്‍ സാരികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു.
നിമിഷ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടണത്തിന്‍റെ ഒത്ത നടുവില്‍ കലക്ടറെറ്റിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അവളുടെ കുടുംബം താമസം മാറിയെത്തിയത്. അച്ഛന്‍ അവിടെയൊരു പൊതുമേഖലാ സ്ഥാപനത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരുന്നു. ആ പട്ടണത്തില്‍ ആദ്യമായി പൊങ്ങിവന്ന ഫ്ലാറ്റ് സമുച്ചയം അതായിരുന്നു. തൊണ്ണൂറ്റിമൂന്നില്‍ പണികഴിപ്പിക്കപ്പെട്ട നാലു നിലകള്‍ മാത്രമുള്ള ആ കെട്ടിടത്തില്‍ ഇന്നത്തെപ്പോലെ ലിഫ്റ്റോ, മുന്നില്‍ പൂന്തോട്ടമോ, വിശാലമായ കാര്‍ പാര്‍ക്കിങ്ങോ കുട്ടികള്‍ക്കായി കളിസ്ഥലമോ ഒന്നുമുണ്ടായിരുന്നില്ല. ഇളം മഞ്ഞ മൊസൈക് പതിച്ച തറകള്‍ അന്നൊക്കെ ആഡംബരത്തിന്റെ ചിഹ്നമായിരുന്നു. രണ്ടു ബ്ലോക്കുകളിലായി മുപ്പത്തിരണ്ടു കുടുംബങ്ങള്‍. നിമിഷയ്ക്കും ചേട്ടന്‍ നിര്‍മ്മലിനും അടുത്തുള്ള പോലിസ് ഗ്രൗണ്ടില്‍ കളിക്കാന്‍ നിറയെ കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാരും ദിവസവും രാവിലെ പല നിറത്തിലുള്ള യൂണിഫോമുകളില്‍ ഓട്ടോകളിലും സ്കൂള്‍ ബസുകളിലുമൊക്കെയായി പരസ്പരം യാത്രപറഞ്ഞു യാത്രയായി.
നാലാം നിലയിലുള്ള 16/B ഫ്ലാറ്റില്‍ ഇന്ന് നിമിഷയുടെയും നിര്‍മ്മലിന്റെയും അമ്മ മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലുകാച്ചിത്തുടങ്ങിയ അതേ അടുക്കളയില്‍ അവരിന്നും പാചകം ചെയ്യുന്നു. ഇളം മഞ്ഞ മൊസൈക്കിന് മങ്ങലേറ്റിട്ടുണ്ട്, ഭിത്തികളിലെ ചായം മാറി. കൊച്ചുബാല്‍ക്കണിയില്‍ നിമിഷയുടെ അച്ഛന്റെ ചാരുകസേരയും കുറച്ചു ചെടികളും മാത്രം. അവരുടെ വൈകുന്നേരങ്ങള്‍ അവിടെയാണ്. വര്‍ഷങ്ങളായി. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും നിമിഷയ്ക്ക് തോന്നും അമ്മയ്ക്കപ്പുറത്തു അച്ഛനും നില്‍ക്കുന്നുണ്ടെന്ന്.
പൂനെയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ജോലി കിട്ടിയപ്പോള്‍ മുതല്‍ അവള്‍ അമ്മയെ നിര്‍ബന്ധിക്കുന്നതാണ് കൂടെ വരാന്‍. ചേട്ടന്‍ ലണ്ടന്‍ സ്വപ്നങ്ങളുമായി പറന്നിട്ടും ഒറ്റപ്പെടലിന്‍റെ ഒരു ലാഞ്ചന പോലും അമ്മയുടെ മുഖത്തു കണ്ടിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ.. വിധവാപെന്‍ഷന്‍ കൈപ്പറ്റി.. എന്നത്തേയും പോലെ ചിലവുകള്‍ ചുരുക്കി അവരിന്നും ജീവിച്ചുപോകുന്നു. അച്ഛന്റെ തറവാട് ഭാഗം ചെയ്തപ്പോള്‍ മുത്തശ്ശിയെയും അച്ഛനെയും അടക്കം ചെയ്ത പറമ്പു മാത്രം ചോദിച്ചുവാങ്ങിയിട്ടു. തറവാടും ബാക്കിയുള്ള സ്ഥലവും വിറ്റുകിട്ടിയത് മറ്റുള്ളവര്‍ ഭാഗിച്ചെടുത്തു.
ഓരോ തവണ അമ്മയെ കാണാന്‍ ചെല്ലുമ്പോഴും ഒരേ നാടകം കളിക്കുന്ന പോലെയാണ് അവള്‍ക്കു തോന്നുക. വെള്ളിയാഴ്ച വൈകുന്നേരം ടാക്സിയില്‍ ചെന്നിറങ്ങുന്നത് മുതല്‍ അങ്ങോട്ടേയ്ക്കെല്ലാം. ഒരിക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിക്കയറിയിരുന്ന പടികള്‍ ഇന്ന് മടുപ്പിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരാള്‍പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ബെല്ലമര്‍ത്താന്‍ ചാടി നോക്കുമായിരുന്നു. ഇന്ന് കിതച്ചുകൊണ്ട് വാതില്‍ക്കലേക്ക് നടന്നുചെല്ലുമ്പോള്‍ വര്‍ഷങ്ങളുടെ കറ കൊണ്ട് മങ്ങിനില്‍ക്കുന്ന സ്വിച്ചാണ് കാണുക.
മാറാത്തത്, മങ്ങാത്തത്.. വാതില്‍ തുറക്കുമ്പോഴുള്ള അമ്മയുടെ ചിരിയാണ്.
എയര്‍കണ്ടീഷനില്‍ ജീവിച്ചും ജോലിചെയ്തും അവിടെയെത്തുമ്പോള്‍ വിയര്‍പ്പു തുടയ്ക്കാനേ നേരമുള്ളൂ. വീട്ടില്‍ കയറുമ്പോഴേ എല്ലാ മുറികളിലും ചെന്ന് ഫാനിടും. എന്നിട്ട് ഫ്രിഡ്ജ് തുറക്കും, കെല്‍വിനേറ്റര്‍, അത്ഭുതം തോന്നില്ലേ..
പണ്ട് ഫ്ലാറ്റു വാങ്ങി അവിടെ താമസിച്ചിരുന്ന ഒരു കുടുംബവും ഇന്നവിടില്ല. ഭൂരിപക്ഷം ഫ്ലാറ്റുകളില്‍ വാടകക്കാരാണ്. തൊട്ടപ്പുറത്തുള്ള ഒരു വീട്ടുകാരെ നിമിഷയ്ക്കറിയാം.. ഏഴെട്ടു വര്‍ഷമായി അവര്‍ അവിടെയാണ്. വാടക കൊടുത്തുകൊടുത്തു ഒരുദിവസം അവരത് വിലയ്ക്കുവാങ്ങി. ലാന്‍ഡ്‌ഫോണ്‍ കേടാവുകയോ മറ്റോ ചെയ്‌താല്‍ അവിടെയുള്ള ബീനയുടെ ഫോണിലേക്ക് വിളിക്കും. അവിടുത്തെ കുട്ടികള്‍ അമ്മയുമായി കൂട്ടാണ്. അവരെ നാമം ചൊല്ലാന്‍ പഠിപ്പിക്കുക, ഗീത വായിച്ചു കൊടുക്കുക.. ഇതൊക്കെയാണ് സന്ധ്യാസമയത്ത് വീട്ടിലെ പരിപാടികള്‍. നിമിഷ വീട്ടില്‍ ചെല്ലുമ്പോഴും ഒന്നിനും മാറ്റമില്ല.
“എന്നെക്കാള്‍ അമ്മയ്ക്ക് ആ പിള്ളേരാണോ വലുത്.. അല്ലാ.. വിളക്കും കത്തിച്ചു നോക്കിയിരിപ്പാണല്ലോ..”
അമ്മ ചിരിക്കും.
പിറ്റേ ദിവസം രാവിലെ അമ്മയും മകളും അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകും. തിരിച്ചുവരും വഴി ചേട്ടന്‍റെ വിശേഷങ്ങള്‍ കൈമാറലാവും പതിവ്. വിവാഹം കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിക്കാറില്ല, കാരണം ഇഷ്ടപുരുഷനെക്കുറിച്ച് നിമിഷ സൂചിപ്പിച്ചിട്ടുണ്ട്. അയാളും പൂനെയില്‍ തന്നെയാണ്. സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കും പിന്നീടു തിരിച്ചും യാത്ര ചെയ്യുന്നവര്‍. അയാളുടെ പേര്‍ പലപ്പോഴും അമ്മ മറക്കും. ഒരിക്കല്‍ ദേഷ്യം വന്ന് അവള്‍ തന്നെ ഒരു പേനയെടുത്ത് കതകിനു മുകളില്‍ ഒട്ടിച്ചിരുന്ന താജ്മഹലിന്‍റെ പോസ്റ്ററിന്മേല്‍ എഴുതിവച്ചു.
നിമിഷയുള്ള ഞായറാഴ്ചകളില്‍ അമ്മ അടുത്തുള്ള ചന്തയില്‍ പോയി കപ്പയും മീനും വാങ്ങി വരും. അന്ന് വൈകുന്നേരം പോകാന്‍ വേണ്ടി അവളിറങ്ങുമ്പോള്‍ ഒരു പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ പലഹാരങ്ങള്‍ കൊടുത്തുവിടും. ഇലയടയോ..ഉണ്ണിയപ്പമോ ഉപ്പേരിയോ ഒക്കെ.
താഴെ വരെ അമ്മ കൂടെവരും. കണ്ണുനിറഞ്ഞു പക്ഷെ ചിരിച്ചു യാത്രയാക്കും മകളെ.
അമ്മയ്ക്കും എയര്‍പോര്‍ട്ടില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന കാമുകനും ചിലപ്പോള്‍ ഒരേ മുഖമാണെന്ന് തോന്നും. ഒന്നിനെയും തളച്ചിടാതെ എന്നാല്‍ സ്നേഹത്തില്‍ എവിടെയോ പിടിച്ചുനിര്‍ത്തുന്ന രണ്ടുപേര്‍.
വിമാനത്തില്‍ ഇരുന്ന് അടുത്ത വരവിനെക്കുറിച്ച് ആലോചിക്കും, രണ്ടു മാസങ്ങള്‍ കഴിഞ്ഞ്.. ചിലപ്പോള്‍ അതിലും നീളും. കുറേക്കാലം കഴിയുമ്പോള്‍ അമ്മയ്ക്ക് വയ്യാതെയാവും. അടുത്തുള്ള ബീനയും കുടുംബവും ഫ്ലാറ്റുവിറ്റ് മറ്റെവിടേയ്ക്കെങ്കിലും മാറാം. അമ്മയുടെ ക്ഷീണിച്ച കാലുകള്‍ കൊണ്ട് നാലു നിലകള്‍ കയറാന്‍ പറ്റാതെവരും.
അപ്പോള്‍?
ഈ ചോദ്യത്തിലാണ് നാടകം അവസാനിക്കുക. തണുത്ത ഒരു കവിള്‍ വെള്ളത്തോടൊപ്പം 16/B തല്‍ക്കാലം അവളുടെ ഉള്ളിലൂടെ എവിടെയോ പോയ്‌മറയും.
എഴുത്തുകാരന്. ഒരു തലമുറയുടെ ചിന്തകളെ ഇളക്കിമറിച്ച നിരീശ്വരവാദിയും പ്രാസംഗികനും !
അമ്മയുടെ നോട്ടത്തില്‍ തെമ്മാടി.. അയല്‍പക്കത്തെ ആളുകള്‍ക്ക് കള്ളുകുടിയനും വഴക്കാളിയും..
ഷാപ്പില്‍ പോയിരിക്കാത്ത ദിവസങ്ങളില്‍ നാല് കട്ടന്‍കാപ്പിയും പന്ത്രണ്ടു ബീഡിയും പഴങ്കഞ്ഞിയും ചിലപ്പോള്‍ രണ്ടു ദോശയും. വിചിത്ര കഥകള്‍ പൊട്ടിവിടരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഇത്രയുമാണ് ഒരു ദിവസം ചെല്ലുന്നത്. പശുവിനു പുല്ലുകൊടുക്കുന്നതുപോലെ അദ്ദേഹത്തിന്റെ അമ്മ ബീടിയൊഴികെ ബാക്കിയെല്ലാം കൊടുത്തുപോന്നു. പശുവെന്നു പറയുമ്പോള്‍.. പശുത്തൊഴുത്തും ഉള്‍പ്പെടും. നീണ്ടുനിവര്‍ന്നു കിടക്കുന്ന ഓടിട്ട പഴയ വീട്ടില്‍ ഏറ്റവും വൃത്തിഹീനമായിക്കിടക്കുന്ന അദ്ദേഹത്തിന്റെ മുറി. തൊഴുത്തെത്ര ഭേദമെന്നു തോന്നും. രണ്ടുമേശകളുണ്ട് അവിടെ. ഒന്നിന്‍റെ മേല്‍ അദ്ദേഹം രചിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും കിടക്കുന്നു. കസേരയിട്ടിട്ടുള്ള മേശമേല്‍ കടലാസ്സുകളുടെ മേല്‍വിരിപ്പുണ്ട്, അതിനും മേലെ എഴുതിയതും എഴുതാത്തതുമായ ഒരു കേട്ട് വേറെ കടലാസുകള്‍. മുറിയുടെ ഒത്ത നടുവില്‍ ഒരു കൊച്ചുകട്ടില്‍. ഇത്ര വലിയ വീട്ടില്‍ അത്യാവശ്യം നല്ല നീളമുള്ള എഴുത്തുകാരന്‍ ഇത്ര ചെറിയ കട്ടിലില്‍ കിടന്നുറങ്ങും. എന്താ കഥ അല്ലേ..!
ഇന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് നല്ല വിശപ്പ്. ചുറ്റിനുമുള്ളതെല്ലാം തിന്നു തീര്‍ക്കാനുള്ള വിശപ്പ്.. സാധാരണ എഴുന്നേറ്റതും മുറ്റത്തുകൂടെ കുറെ നേരം ബീഡിയും വലിച്ചുകൊണ്ട് ഉലാത്തും. ആദ്യത്തെ കട്ടനുമായി അമ്മയെത്തും. ഇന്നുപക്ഷേ പതിവിലും നേരത്തെയാണ് എഴുന്നേറ്റത്. എന്തായാലും ഇന്ന് പ്രാതല്‍ കഴിച്ചുകളയാം. അദ്ദേഹം തീരുമാനിച്ചു.
എഴുത്തുകാരന് അടുക്കളയില്‍ കയറി. കട്ടന്‍കാപ്പിയിട്ടു.. പഴങ്കഞ്ഞി ഒരു കലത്തിലിരുന്നത് കൈകൊണ്ടു കോരിക്കുടിച്ചു. കൈകഴുകി കാപ്പിയുമായി മുറ്റത്തേക്കിറങ്ങി. വിശപ്പ് മാറുന്നില്ല. വയറ്റില്‍ ഇനി വല്ല പുഴുവുമുണ്ടോ.. നടപ്പിന്റെ വേഗം കൂടി. അദ്ദേഹത്തിന് ഒരുതരം വിമ്മിട്ടമനുഭവപ്പെട്ടു. തനിക്കെന്തോ പറ്റിയിട്ടുണ്ട്. ഒന്നുകില്‍ കരള് പണിനിര്‍ത്തിക്കാണും.. അല്ലെങ്കില്‍ വയറ്റിലെന്തോ മാരകമായ അസുഖം പിടിപെട്ടിട്ടുണ്ട്. എന്തുതന്നെയായാലും അധികം നാള്‍ ഇനി ജീവിക്കാന്‍ വകുപ്പില്ലാ.
ഭവാനിയമ്മ ചിരിച്ചുംകൊണ്ട് ഉമിക്കരിയെടുക്കാന്‍ പോയി.
വയസ്സിത്തള്ള ഈയിടെയായി തക്കം കിട്ടുമ്പോഴൊക്കെ തന്നെ കളിയാക്കാറുണ്ട്. ഇവര്‍ക്ക് ഇത്രനാളായിട്ടും ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നവുമില്ലല്ലോ.. എഴുത്തുകാരന്‍ ആലോചിച്ചു. മറ്റു മക്കളുടെ കൂടെപ്പോയിത്താമസിച്ചാല്‍ മൂന്നി ന്റന്നു തിരിച്ചു കയറിവരും. താന്‍ അവിവാഹിതനായതുകൊണ്ട് ഇവിടെ എന്തിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇനി ചൊറിയാന്‍ വന്നാല്‍ തള്ളയ്ക്കു നല്ലത് കേള്‍ക്കേണ്ടി വരും.
വിശപ്പ്…. !!! നാശം. ചായക്കട വരെ പോയി വരാം.
ചെന്നപ്പോള്‍ ഗോപി കട തുറന്നതേയുള്ളൂ..
“എന്താണ് മാഷേ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്..”
“വെറുതേ.. നടക്കാനിറങ്ങിയതായിരുന്നു.”
“കട്ടനെടുക്കട്ടേ..”
“ആയിക്കോട്ടേ.. എന്താ കഴിക്കാന്‍..ഗോപി?”
“ഒന്നുമായില്ല. ദോശ ചുടണം.. എഴുമണിയാവാതെ ആരും കഴിക്കാന്‍ വരില്ല. ഞാന്‍ കാപ്പിയെടുക്കാം”
എഴുത്തുകാരന്റെ വയറ്റില്‍ ഉച്ചത്തില്‍ മൂളല്‍.. അത് പുറത്തുകേള്‍ക്കാതിരിക്കാന്‍ അനാവശ്യമായി ഒന്ന് ചുമയ്ക്കുകയും ചെയ്തു. അലമാരയില്‍ തലേന്നത്തെ ബോണ്ടയും വടയും പലഹാരങ്ങളും.
“ഗോപി ഒരു ബോണ്ടയിങ്ങെടുക്ക്..”
“അയ്യോ അത് രണ്ടു ദിവസം മുന്നത്തെയാണല്ലോ.. ഇന്നലെ ബാക്കി വന്നതേയില്ല..” കാപ്പി കൊടുത്തുകൊണ്ട് അയാള്‍ പറഞ്ഞു.
“വേറെ ആരേലുമാ ചോദിച്ചിരുന്നേല്‍ ഞാനിപ്പൊത്തന്നെ എടുത്തുകൊടുത്തേനെ.. മാഷിന്‍റെ വയറു കേടാക്കാന്‍ എനിക്ക് വയ്യായെ. എത്ര വലിയ അവാര്‍ഡുകള്‍ വാങ്ങണ്ട ആളാ..” ബഹുമാനപുരസ്സരം എഴുത്തുകാരനെ നോക്കി ഗോപി ചിരിച്ചു.
കാപ്പിയുടെ പൈസ കൊടുത്ത് അവിടുന്നിറങ്ങി. തിരിച്ചു വീട്ടില്‍ പോയാല്‍ തള്ള വല്ലതും ഉണ്ടാക്കിയിട്ടുണ്ടാവുമോ.. വേറെ വഴിയില്ല. എഴുത്തുകാരന്‍ തിരിച്ചു വീട്ടിലേക്ക് നടന്നു.
ഭവാനിയമ്മ മുറ്റമൊക്കെ തൂത്തുകൂട്ടിവച്ചത് ഒരു കയ്യിലും ചൂലിലുമായി കൂട്ടിപ്പിടിച്ചുകൊണ്ട് താഴത്തെ തൊടിയില്‍ കിടക്കുന്ന കൂമ്പാരത്തിനുമേല്‍ ഇട്ടു.
എഴുത്തുകാരന്‍ കയറിച്ചെന്നതും ചോദിച്ചു..
“പറമ്പിലെ പണിയൊക്കെ കഴിഞ്ഞെങ്കില്‍ എന്തെങ്കിലും കഴിക്കാന്‍ കിട്ടുവോ ഇവിടെ..?”
“എന്തുവാ..?” മനസിലാകാത്തവണ്ണം ഭവാനിയമ്മ ചോദിച്ചു.
“തള്ളേ വല്ലതും തിന്നാന്‍ കിട്ടുവോന്ന്..”
“അതിനു നീ ഉണ്ടാരുന്ന പഴങ്കഞ്ഞി മൊത്തോം കുടിച്ചല്ലോ.. രണ്ടുദിവസം മുന്നേ അരി വെള്ളത്തിലിടട്ടെയെന്നു ചോദിച്ചപ്പോ എങ്ങോട്ടോ പോകുവാണ്, ഒരാഴ്ച ഇവിടേക്കാണില്ല എന്നൊക്കെ പറഞ്ഞു. ഒരു വഹ കഴിക്കാത്തവന്‍ പരപരാന്നു ഒരൂസം വെളുക്കുമ്പോ വയസ്സായ എന്നോട് ചോദിയ്ക്കാന്‍ വന്നിരിക്കുന്നു. ഇവിടെ ഒന്നുമിരുപ്പില്ല. ഉച്ചയ്ക്ക് വേണേല്‍ പുഴുക്ക് വച്ച് തരാം.”
എഴുത്തുകാരന്‍റെ തല കറങ്ങി. തള്ള പട്ടിണിക്കിട്ട് കൊല്ലാന്‍ പോകുവാണോ.. വയറ്റില്‍ കൈവച്ച് പുരസ്കാരങ്ങളുടെ പ്രിയതോഴന്‍ സ്വന്തം തൊഴുത്തിലേക്ക് പോയി.
ഉച്ചയ്ക്ക് പുഴുക്കും തയ്യാറാക്കി ഭവാനിയമ്മ മകന്‍റെ മുറിക്കു പുറത്തു നിന്ന്‍ വിളിച്ചു.
എഴുത്തുകാരന്‍ അനങ്ങിയില്ല.. പക്ഷേ മേശമേല്‍ പുതിയ കഥ അടര്‍ന്നു കിടക്കുന്നുണ്ട്.
മരവിച്ച കൈവിരലുകളില്‍ തലോടി എന്നെത്തന്നെ നോക്കി അയാളിരുന്നു. ഒരു ചായ കൊടുക്കാന്‍ പോലും ഇവിടെ ഒന്നുമിരുപ്പില്ല. അമ്മ പോയതോടെ വീട് വൃത്തിയാക്കിവയ്ക്കാറുമില്ല. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറ് അയല്‍വക്കത്തെ വീടുകളില്‍ ഇന്നത്തെയ്ക്കുള്ള വക നല്കിയിട്ടുണ്ടാവണം. എന്താണ് ചെയ്യുക! ഇറങ്ങിപ്പോവാന്‍ എങ്ങനെ പറയും.. നാല്‍പ്പത്താറു കഴിഞ്ഞവള്‍ എങ്കിലും ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, വീടിനകത്തെ പട്ടിണി പുറത്തറിയില്ല.. അമ്മയുള്ളപ്പോള്‍ പേടി തോന്നിയിട്ടില്ല, പുരുഷനോടും പട്ടിണിയോടും.
പറയാനൊന്നുമില്ലാതെ പങ്കപ്പെട്ടു പരിഭ്രമിച്ച്..
‘’ഇതുവഴി എങ്ങോട്ടെങ്കിലും..’’?
ചിരിച്ചു.. അതേ ചിരി.. ചെറിയ പുച്ഛമുണ്ടോ അതില്‍..
‘’ഈ വഴി പോയിട്ട്.. ഈ സംസ്ഥാനത്തില്‍ എനിക്കാരുമില്ല..’’
പിന്നെ?
‘’അന്വേഷിച്ചു വന്നതാ നിന്നെ’’
എന്തിന്!
‘’എനിക്കറിയില്ല.. ഒരു സുപ്രഭാതത്തില്‍ തോന്നി കാണണം എന്ന്.. പലരോടും ചോദിച്ചു. ഒരാഴ്ച മുന്‍പ് ഇവിടെയാണെന്ന് കേട്ടു.”
എല്ലാവരും എന്നെ സ്നേഹിച്ചിട്ടേയുള്ളൂ. ബാല്യകൌമാരങ്ങള്‍ തുടിച്ചുനില്‍ക്കുന്നു ഓര്‍മകളില്‍. എന്തിനുവേണ്ടി എന്ന് തോന്നുവെന്നോണം ഒരു നിമിഷം മുതല്‍ മാറിത്തുടങ്ങി.. മനസ്സ്. എടുത്ത തീരുമാനങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് മനസിലാവുന്നതിലും അപ്പുറം. പ്രണയമോ രതിയോ കീഴടക്കാത്ത പെണ്ണ്. പട്ടിണികിടക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോള്‍ നിറയുന്ന മനസ്സ്. പ്രണയാഭ്യര്‍ത്ഥനകള്‍ക്ക് മേലെ പ്രസാദകുങ്കുമം ചാര്‍ത്തിയ കുറേ വര്‍ഷങ്ങള്‍.
മാറ്റങ്ങളില്ലേ ഈ മനുഷ്യന്!? മറവിയില്ലേ..
തേടിപ്പിടിച്ചുവരാന്‍ എന്തിരിക്കുന്നു..
ഇവിടുള്ളത് പരാജയമാണ്, നിന്ദകള്‍ ആവര്‍ത്തിച്ചു ജീവിച്ച ഒരഹങ്കാരിയുടെ അവസാനനാളുകളാണ്. കണ്ടുരസിക്കാനോ അതോ ഭിക്ഷതന്ന് പകരം വീട്ടാനോ.. ശ്വാസം മുട്ടുന്നുവല്ലോ ഈശ്വരാ..
“ഇവിടെ തനിച്ച്..”
അതെ..
“അമ്മ..”
മൂന്ന് മാസമായി..
“തിരിച്ചു പോവുന്നില്ലേ”
എങ്ങോട്ട്..
“നാട്ടിലേക്ക്..”
ഇല്ല..
ഒളിച്ചു കഴിയുകയല്ല.. എനിക്ക് ചുറ്റിനും ബന്ധങ്ങളില്ല.. പക്ഷെ കുറേപേര്‍ക്ക് മുന്നില്‍ കഥകള്‍ മെനയാന്‍വേണ്ടി നിന്നുകൊടുക്കാന്‍ വയ്യ. എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ പണ്ടുകേട്ടിരുന്ന പ്രാവുകളുടെ കുറുകലിനും ഇന്ന് കേള്‍ക്കേണ്ടി വരുന്ന അടക്കം പറച്ചിലുകള്‍ക്കും അന്തരമുണ്ട്. തേക്കിന്‍കാടിനുള്ളില്‍നിന്നും നൈമിഷികസുഖങ്ങള്‍ വീരാളിപ്പട്ടുപോലെ ചാര്‍ത്തി ഇറങ്ങിവന്നു മാസങ്ങള്‍ക്കുശേഷം പലവഴിയേ പോയ നാട്ടിലെ പ്രമുഖ സ്ത്രീപുരുഷന്മാരൊക്കെ ഇന്നെന്നെ ഒരുനോക്കു കണ്ടാല്‍ മുഖം തിരിക്കും.
ഞാന്‍ ചെയ്തതെന്താണ്!
കളിക്കൂട്ടുകാരെ നേടിയില്ല.. ആ സമയം തനിയേ തുമ്പിക്കും കണ്ണീര്‍ത്തുള്ളിച്ചെടിക്കും അമ്മൂമ്മയുടെ കുരുമുളക് കൃഷിക്കും കൂടെ നിന്നു. സുമുഖനായ ചെറിയതിരുമേനിയെ കാണാനോ പരീക്ഷാദിവസങ്ങളില്‍ അര്‍ച്ചന നടത്താനോ പോയില്ല.. നടയടച്ചു കിടക്കുമ്പോള്‍ ശ്രീകോവിലിന് മുന്നില്‍ പോയിരുന്നു. അകത്തിരിക്കുന്ന മൂര്‍ത്തിയോ അടിച്ചുവാരുന്ന വാരസ്യാരോ വൃദ്ധനായ വല്യതിരുമേനിയോ ഇറക്കിവിട്ടില്ല. പകരം എല്ലാദിവസവും ഓരോ ശംഖുപുഷ്പം ചന്ദനത്തോടൊപ്പം എനിക്കുവേണ്ടി മാറ്റിവച്ചു. പത്താംതരത്തില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ മാറിവന്ന പുതിയ പാട്ടുകാരന്‍ സഹപാഠിയോട് തോന്നിയ ഇഷ്ടം അവന്‍റെ ഇക്കിളിപ്പെടുത്തിയ ആദ്യ സ്പര്‍ശനത്തില്‍ തീര്‍ന്നു.
എന്നെ തൊടാന്‍ പാടില്ല.. സമ്മതിക്കില്ല. ആദ്യ തെറ്റ്.
കോളേജ്ദിനങ്ങള്‍ ഒരുപടി മുകളിലായിരുന്നു.. സത്യമില്ലാത്ത, ലജ്ജയില്ലാത്ത കുറച്ചധികം നിമിഷങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നു. ഓടിയൊളിച്ചത് ലൈബ്രറിയില്‍. പുസ്തകങ്ങള്‍ക്കുള്ളില്‍ മുഖമൊളിപ്പിച്ചു. നാണിപ്പിക്കുംവിധം നോക്കുന്ന, അവസരം കിട്ടിയാല്‍ നഷ്ടപ്പെട്ടതെന്തോ തേടുംവിധം കൈവിരലുകള്‍ പായിക്കുന്ന കാമുകനെ കണ്ടുപിടിച്ചില്ല. ആ സമയത്ത് നൂറുകഥകള്‍ വായിച്ചു.
ആരും തൊട്ടില്ലാ.. രാമനെ കണ്ടില്ലാ.. അടഞ്ഞുകിടന്നു. നാല്പത്തിയാറു വര്‍ഷങ്ങള്‍.
യാത്രകള്‍ മാത്രമായി ജീവിതം. വീട്ടില്‍ ചോദ്യങ്ങള്‍ കെട്ടടങ്ങി. ഒന്നുകില്‍ പാഴ്ജന്മം.. അല്ലെങ്കില്‍ പിഴച്ചസ്ത്രീ. കഥകളില്‍ നിറയെ കൃഷ്ണന്മാര്‍.. ആരോഗ്യമുണ്ടായിരുന്ന സമയത്ത് അമ്മയുടെ വിവരണങ്ങളിലൂടെ പലതും കേട്ടു. പല കഥകളിലും ഒരു പൊതുവായ കാര്യം കണ്ടുപിടിച്ചു. ഞാനെവിടെയും സന്തോഷവതിയല്ല. ഓട്ടമാണ്.. ഒന്നില്‍ നിന്നും അടുത്തതിലേക്ക്. യാത്രകള്‍ അതിനുവേണ്ടിയാണ്. ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും കൂടെവന്നു താമസിച്ചപ്പോള്‍ അമ്മയുടെ കലിയടങ്ങി. മനസിലാക്കിയില്ലെങ്കിലും കുറ്റപ്പെടുത്തലുകള്‍ കുറഞ്ഞു. എല്ലാം കഴിഞ്ഞു പോവും മുന്നേ , ഒരുദിവസം സ്നേഹത്തില്‍ കൈതലോടി പറഞ്ഞു.
“ഒരു ജീവിതം തീരുമ്പോള്‍ കണക്കുകൊടുക്കാന്‍ മുതലാളിമാരില്ല, വേണ്ടെന്നു വെച്ചതൊക്കെയും നിന്‍റെ മാത്രം തീരുമാനങ്ങളായിരുന്നു. നഷ്ടബോധമില്ലെങ്കില്‍ നീ ശരിയാണ് കുട്ടീ.. സങ്കടപ്പെടാതെ ഇരിക്കണം. ധൈര്യത്തോടെ..”
അമ്മ പോയിട്ട് മൂന്നു മാസങ്ങളായി. കുറച്ചുനാള്‍ ജോലി ചെയ്തു സമ്പാദിച്ച പണത്തില്‍ ഈ ജന്മം കഴിഞ്ഞു കൂടാനുള്ളതുണ്ടാവുമോ. ഒരു ദിനം കുഴഞ്ഞു താഴെ വീണു പിടയുമ്പോള്‍ ചുറ്റിനും ജീവനില്ലാത്ത ഭിത്തികള്‍ മാത്രമേ ഉണ്ടാവൂ. ഫ്രെയ്മുകളില്‍ നിന്നും അച്ഛനും അമ്മയും ഇറങ്ങി വരില്ല. പലയാത്രകളില്‍ നിന്നും വാങ്ങിവന്ന സുവനീറുകള്‍ എന്നെത്തന്നെ നോക്കിയിരിക്കും. മരണം സങ്കല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെയെല്ലാം എളുപ്പമാണ്. എല്ലാത്തിനോടും പരിഹാസം കലര്‍ന്ന നോട്ടം. ചുറ്റിനും കാണുന്ന ജീവിതങ്ങള്‍ ചോദ്യം ചെയ്യില്ല.. പകരം അവര്‍ കേള്‍ക്കാതെ ഞാന്‍ എപ്പോഴും കളിയാക്കും.. ചെറിയ വാശിയോടെ.. ചിലദിവസങ്ങളില്‍ എന്നെപ്പറ്റി പടര്‍ന്നുപിടിച്ച കഥകള്‍ ഓര്‍ത്തെടുക്കും. അതില്‍ ഏറ്റവും സുന്ദരമായ ദിവസങ്ങളെ.. ആളുകളെ.. അവരില്‍ എനിക്കുണ്ടായ കുഞ്ഞുങ്ങളെ .. മനസ്സ് കൈവിട്ടുപോയ ദിവസങ്ങളില്‍ അവരില്‍ പലരും എന്നെ സന്ദര്‍ശിച്ചു.. എനിക്കൊപ്പം ചായ കുടിച്ചു.. എന്‍റെകൂടെയുറങ്ങി.
വല്ലാതെ ദാഹിക്കുന്നുവല്ലോ.. എത്ര മണിയായിക്കാണും.. ജനാലവിരിപ്പ് മാറ്റിനോക്കണം. അമ്മയുടെ കോടി പുതച്ചാണ് ഇപ്പോള്‍ ഉറങ്ങുന്നത്. കൊടുംതണുപ്പിലും അത് മതി. ഇരുണ്ട മുറിയില്‍ ആകെയൊരു തടിക്കട്ടിലും മേശയും ഒരു കൊച്ചലമാരയും മാത്രേ ഉള്ളു. കാലു നിലത്തുകുത്തിയപ്പോള്‍ ശരീരമാസകലം എന്തോ ഒന്ന് .. ഇടിമിന്നല്‍ പോലെ.. മേശമേല്‍ കൈകുത്തി. അടുത്ത നിമിഷം അമ്പലപ്രാവിന്റെ തൂവല്‍കണക്കെ താഴോട്ട്. ബോധം പോയിട്ടില്ലാ.. എനിക്ക് മച്ചും.. ഫാനും അടുത്ത വാതിലും ഒക്കെ കാണാം. എഴുന്നേല്‍ക്കാന്‍ വയ്യ. അത്രേ ഉള്ളൂ. കുറേനേരമായി അതേ കിടപ്പ്. എനിക്കിപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരാഴ്ചമുന്നേ മാറിയുടുത്ത ഈ സാരിയും വെള്ളം തൊടാത്ത തലയോട്ടിക്ക് മേല്‍ ചെളിയും താരനും ചേക്കേറി ഭാരം കൂടിയ എന്‍റെയീ ശരീരവും.. ഒക്കെ കാണാം. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. എപ്പോഴാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.. ഓര്‍മയില്ല. പേടിയും ധൈര്യവും ഒരേപോലെ അടുത്തേക്ക് വന്നു. എഴുന്നേറ്റാല്‍ രണ്ടാണ് വഴി. സര്‍വ്വശക്തിയും സംഭരിച്ച് ഒരുവിധത്തില്‍ എഴുന്നേറ്റുനിന്ന്. അടുക്കളയില്‍ ചെന്നുനിന്നു. ഒന്നുമിരിപ്പില്ല എന്നറിയാം, വിശപ്പുമില്ല. പക്ഷെ ദാഹമുണ്ട്. ഒരു പാത്രം വെള്ളം മടമടാന്ന് കുടിച്ചു.
സ്വയം വെറുപ്പ് തോന്നിയ ആദ്യ നിമിഷമായിരുന്നു അത്.
തെറ്റുകള്‍ എല്ലാം ശരിയെന്നും.. ചെയ്ത ശരികളെല്ലാം തെറ്റെന്നും തോന്നി. മഠയി!! നിനക്കിത്ര അഹങ്കാരമായിരുന്നോ..
എനിക്ക് കുളിക്കണം .. അടഞ്ഞുകിടക്കുന്ന ഏതെങ്കിലും അമ്പലത്തില്‍ പോയിരിക്കണം… കൈവിട്ടുപോയ ശീലങ്ങളും കൊച്ചുസുഖങ്ങളും തിരികെകൊണ്ടുവരണം. ഞാനും ശരിയാണ്. ജീവിച്ചുതീര്‍ക്കണം എന്‍റെ ശരികളെ. തനിയെ.. അമ്മയുടെ അലമാരയില്‍നിന്നും കിട്ടിയ പഴയ ഒരുകെട്ടു ഇഞ്ജയും വെളിച്ചെണ്ണയുമായി കുളിമുറിയില്‍ കയറി. കുളിച്ചുവന്ന് കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് ശോഷിച്ച കഴുത്തിലും മാറിടത്തിലും പ്രിയപ്പെട്ട വാസനാലേപമിട്ടു. മുണ്ടും നേര്യതും ചുറ്റി. സുന്ദരിയല്ലേ.. അതേ. ജീവനില്ലെങ്കിലും..
വീടിന്‍റെ താക്കോല്‍ തപ്പിയിട്ടു കിട്ടുന്നില്ല.. എവിടാണ് വെച്ചുമറന്നത് ആവോ. ഗേറ്റിനുമുന്നില്‍ ഏതോ വണ്ടി വന്നുനിന്നു ഹോണടിക്കുന്നു.. സന്ദര്‍ശകരില്ലാത്ത ആ വീടിന്‍റെ പടിക്കല്‍ ആറടിപ്പൊക്കമുള്ള സുമുഖനായ ഒരാള്‍ വന്നു നിന്നു. വാതില്‍ തുറന്നതും ഞാന്‍ പത്താം തരത്തിലെത്തി. ഒരു വൈകുന്നേരം സ്കൂളില്‍ നിന്നും വരുന്ന വഴി പ്രിയപാട്ടുകാരന്‍ പയ്യന്‍ കൂടെനടന്നു. ഇഷ്ടം പതുക്കെയറിയിച്ചു. നെഞ്ചിടിപ്പ്കൂടി ചിരിച്ചു വേഗം നടന്നപ്പോള്‍ വരെ.. അതുവരെ ഞാന്‍ മറ്റേതു പെണ്ണിനെയും പോലെയായിരുന്നില്ലേ. ആളൊഴിഞ്ഞ വളവില്‍ വച്ച് ഒരുനാള്‍ അനുവാദം കൂടാതെ വലിച്ചടുപ്പിക്കുന്നത് വരെ.. അതെ മുഖത്തെ എല്ലാ ദിവസവും ഒരുപാട് സ്നേഹത്തോടെ ഓര്‍ത്തിരുന്നിട്ടില്ലേ..
മുന്നില്‍ വന്നു നില്‍ക്കുന്നത് അവന്‍ തന്നെയല്ലേ.. പേരു ചോദിച്ചു. അവന്‍ തന്നെ. എന്തിന് വന്നു.. അറിയില്ല. വാതിലടക്കാന്‍ പിന്നോട്ട് മാറി. വെറുപ്പും സങ്കടവും കലര്‍ന്നു കണ്ണിലിരുട്ടുകയറി. വേച്ചുവീഴാന്‍ തുടങ്ങിയ എന്റെ കൈയില്‍ കടന്നു പിടിച്ചു അകത്തേക്ക്പിടിച്ചിരുത്തി. പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും തന്നെയോര്‍ത്തിരുന്നുവത്രേ !!
തേടിപ്പിടിച്ചു വന്നിരിക്കുന്നു.. എന്തിന് വേണ്ടി എന്നറിയില്ല..
കുറേനേരം കൂടെയിരുന്നു.. എന്‍റെ വെറുപ്പെല്ലാം എവിടെയോ പോയി.. പുറത്തുനിന്നും ആഹാരം വാങ്ങി വന്നു. കൂടെയിരുന്നു കഴിച്ചു. കഥകള്‍ പറഞ്ഞു. സ്നേഹത്തോടെ എന്നെ തലോടിയുറക്കി. എഴുന്നേറ്റപ്പോള്‍ ചായ തന്നു, വീണ്ടും വരാമെന്ന് പറഞ്ഞു എഴുന്നേറ്റു.
ഒന്നും തിരിച്ചുപറയാന്‍ തോന്നിയില്ല.
യാത്രയയപ്പ്..
ഇന്നേരം തൊട്ടടുത്ത വീട്ടിലെ സുന്ദരിയായ കുട്ടി സ്കൂള്‍ വിട്ടുവന്നു വീട്ടിലേക്കു കയറുമ്പോള്‍.. ഈ കാഴ്ച കാണുമാറായി. കാറോ സുമുഖനായ പാട്ടുകാരനോ അവിടില്ലെന്നുമാത്രം..
എയര്‍ടിക്കെറ്റിന്‍റെ കോപിയെടുത്ത് ഒരു കവറിലാക്കി മേശയിലിട്ട് ഒരു നിമിഷം അപര്‍ണ്ണ കണ്ണടച്ചു. കഴുത്തുവരെ കൃത്യമായി വെട്ടിനിര്‍ത്തിയിരിക്കുന്ന ചുരുണ്ടമുടിയില്‍ കൈവിരലുകള്‍കൊണ്ട് ചീവി, കൈത്തണ്ടയില്‍ എപ്പോഴും ചുറ്റിയിടുന്ന കറുത്ത ഇലാസ്റ്റിക് തുണിയെടുത്ത് കെട്ടിയിട്ടു. ബ്ലാക്ക്‌ബെറിയില്‍ നിരന്തരമായി ചുവന്ന പൊട്ടുപ്രകാശം മിന്നിക്കൊണ്ടേയിരുന്നു.
ഇന്ന് സമയം എത്രവേഗമാണ് പോവുന്നതെന്ന്‍ അവളാശ്ചര്യപ്പെട്ടു. ജോലിചെയ്തിരുന്ന ഹോസ്പിറ്റലില്‍ ഒന്ന് ചെന്ന് എല്ലാവരെയും കണ്ട് യാത്രപറയണം. എലിസബത്തിന്‍റെ കുറെ വസ്ത്രങ്ങള്‍ അവിടെക്കിടക്കുന്നത് തിരികെകൊടുക്കണം. ഡോക്ടര്‍ ജോനാതന് കൊടുത്ത അഡ്വാന്‍സ് വാങ്ങണം. നാലുമണിക്ക് കാറുനോക്കാന്‍ ആളുവരും. അപ്പോഴേക്കും എല്ലാ പേപ്പറുകളും റെഡിയാക്കി വയ്ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ബാക്കി.. ആദ്യം ഏതു ചെയ്തു തുടങ്ങണം എന്നു ചിന്തിച്ച് അപര്‍ണ്ണ എഴുന്നേറ്റു. യോഗര്‍ട്ടിന്‍റെ ഒരു ടിന്‍ പൊട്ടിച്ചു കഴിച്ചുകൊണ്ട് അലസയായി കുറച്ചുനേരം അവിടിവിടെയായി ചെന്നുനിന്നു. കഷ്ടിച്ച് ഒരാഴ്ച്ച കൂടി ഇവിടെ..
ശബ്ദകോലാഹലങ്ങളില്‍നിന്നും മൈലുകള്‍ ദൂരെ പട്ടണത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലത്തിനരികിലുള്ള മനോഹരമായ കൊളോണിയല്‍ സൗധം. മൂന്നു വര്‍ഷത്തെ കൃത്യനിഷ്ഠയ്ക്കും സൗഹൃദത്തിനും മേല്‍ ഹോസ്പിറ്റല്‍ ചീഫ് സര്‍ജന് ജൊനാതന്‍ പീറ്റര്‍ തുഛമായ വാടകയ്ക്ക് തന്ന അദ്ദേഹത്തിന്റെ ഫാംഹൌസ്. വര്‍ഷത്തിലൊരിക്കല്‍ അവധിക്കാലത്ത് അദ്ദേഹം കുടുംബസമേതം വരുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന ആരുടെയെങ്കിലും കൂടെ അപര്‍ണ്ണ താമസം മാറിയിരുന്നു. രണ്ടു വര്‍ഷത്തെ എം.ബി.എ പഠനവും അതിനുശേഷം കിട്ടിയ ആദ്യ ജോലിയും ഈ വീടും നല്ല ഓര്‍മ്മകളാണ്.
ദീര്‍ഘനിശ്വാസത്തിനൊടുവില്‍ കാറിന്റെ കീയെടുത്ത് വീടും ലോക്ക് ചെയ്തു അപര്‍ണ്ണയിറങ്ങി. വയലുകള്‍ക്ക് നടുവേ കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മനോഹരമായ പാതയിലൂടെ വണ്ടിയോടിച്ചുപോവുമ്പോള്‍ ഇത്രനാളും കാണാത്ത സൗന്ദര്യം എല്ലാറ്റിനുമുണ്ടെന്നു തോന്നി.
ചെറിയൊരു പട്ടണമാണ്. ഇന്ത്യാക്കാര്‍ വളരെ കുറവ്. രാത്രികാലങ്ങളില്‍ കഫെകളിലും ബാറുകളിലും ഉത്സവപ്രതീതിയാണ്. യൂണിവേഴ്സിറ്റി കാമ്പസ്സില്‍ നിന്നും ഇവിടേക്കുള്ള മാറ്റം ആദ്യമൊക്കെ മടുപ്പിച്ചിരുന്നു. പതിയെ ഹോസ്പിറ്റലും സ്റ്റാഫും വീടുമൊക്കെ പ്രിയപ്പെട്ടതായി. കഫെ നോയറും, കൌണ്ടി വിക്കെല്ലോയുമൊക്കെ. .
ജനിച്ചത് ദുബായില്‍, പഠിച്ചത് ഊട്ടിയില്‍,ഇപ്പോള്‍ ഇവിടെ .. ഏതു ദേശക്കാരിയെന്നു അവള്‍ തന്നെ പലപ്പോഴും സംശയിക്കാറുണ്ട്. ഒരു സംസ്കാരവും കൂടുതലായി സ്വാധീനിച്ചിട്ടില്ല. ഒന്നിനെയും അമിതമായി സ്നേഹിച്ചിട്ടില്ല. എവിടെയും ചേര്‍ന്ന് പോകുന്ന ജീവിതം. മാതാപിതാക്കള്‍ കൂടെ നിര്‍ത്തി വളര്‍ത്തിയില്ല. ബോര്‍ഡിംഗ്സ്കൂളില്‍നിന്നും അവധിക്കാലത്ത് ലോകം ചുറ്റാനോ അല്ലെങ്കില്‍ ആഢംഭരഫ്ലാറ്റിലെ കോക്ക്‌ടെയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കണ്ണുംനട്ടിരിക്കാനോ മാത്രം കൂടെകൊണ്ടുപോയി. പടുത്തുയര്‍ത്തിയ സാമ്രാജ്യം കാക്കാന്‍ ഇപ്പോള്‍ വളര്‍ത്തുപട്ടിയെ തിരികെവിളിക്കുന്ന കണക്കു ഫോണ്‍ വിളികളും അന്വേഷണങ്ങളും.. അങ്ങോട്ട് സ്നേഹമുണ്ടായിട്ടല്ല, ഇവിടെയിനി ഒറ്റയ്ക്ക് എത്രനാളെന്നുകരുതിയിട്ടാണ്.
ഹോസ്പിറ്റല്‍ എത്തിയതും ഫോണ്‍ വീണ്ടും വൈബ്രേറ്റുചെയ്തു. എടുത്തപ്പോള്‍. ഡോക്ടറിന്റെ മെസ്സേജ്. പണം അവളുടെ മേശമേല്‍ വച്ചിട്ടുണ്ട്. പിന്നെ.. അദ്ദേഹത്തിന്റെ മകന്‍ കെവിന്‍ സന്ധ്യയോടെ വീട്ടിലെത്തുമത്രേ. ഒന്നും മനസിലാവാതെ പകുതികാര്യങ്ങള്‍ നാളേയ്ക്കു മാറ്റിവച്ച് തിരികെ ഡ്രൈവ് ചെയ്തു. ഔട്ട്‌ഹൌസിന്റെയും, വെയര്‍ഹൌസിന്റെയും താക്കോലുകള്‍ വീടിന്‍റെയുള്ളിലാണ്. ആരെങ്കിലും അവിടെക്കായിട്ടു വന്നാല്‍ അപര്‍ണ്ണയാണ് അതെടുത്തു കൊടുക്കുക. ഇതിപ്പോള്‍ മകനാണ്. ഇനി ചിലപ്പോള്‍ അയാള്‍ ആവശ്യപ്പെട്ടാല്‍ ഇന്ന് രാത്രി വൃത്തിയാക്കാത്ത ഔട്ട്‌ഹൌസില്‍ കിടന്നുറങ്ങേണ്ടിവരുമോ. അപര്‍ണ്ണ നെടുവീര്‍പ്പോടെ വേഗത്തില്‍ കാറോടിച്ചു.
ഗാരേജില്‍ വണ്ടി നിര്‍ത്തിയിറങ്ങി നാലുപാടും നോക്കി. ആരും വന്നിട്ടില്ല. അപര്‍ണ്ണ വീട്ടില്‍ കയറി താക്കോലുകള്‍ കൃത്യമായി എടുത്തു മേശമേല്‍ വച്ചു. എന്നിട്ട് റഫ്രിജറേറ്ററില്‍ നിന്നും ഐസ്ടീ എടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്നൊഴിച്ചു. കുടിച്ചു ക്ഷീണം മാറ്റിയിട്ടു വേണം ഔട്ട്‌ഹൌസ് വൃത്തിയാക്കാന്‍. എന്നുവച്ചാല്‍ അവിടെത്തന്നെ ഇന്ന് കിടന്നുറങ്ങാം എന്ന് ഏകദേശധാരണയായി. തന്‍റെ വീടല്ല. ഉടമസ്ഥന്റെ മകന്‍ വരുമ്പോള്‍ നാലഞ്ചു മുറികളുള്ള ഈ വലിയ കെട്ടിടത്തില്‍ മഹാറാണികണക്കെ കിടന്നുറങ്ങാന്‍ ഒരിക്കലും തന്നെക്കൊണ്ട് പറ്റില്ല. അപ്പോള്‍ ചൂലെടുക്കുക തന്നെ!
ചായ കുടിച്ച് പണിയായുധങ്ങളുമായി അപര്‍ണ്ണ ഔട്ട്‌ഹൌസിലേക്ക് നടന്നു.ഗാര്‍ഡനിങ്ങിനായി ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഡോക്ടര്‍. എപ്പോള്‍ വന്ന് പണികള്‍ തീര്‍ത്ത് പോകുന്നുവെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. അയാളോട് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഈ ജോലി കൂടി ചെയ്തേനേല്ലോ. അകത്തുകാണാന്‍ പോകുന്ന പൊടിയും മാറാലയും ക്ഷുദ്രജീവികളെയും മനസ്സില്‍ വിചാരിച്ച് ഉടുപ്പിന്‍റെ പോക്കെറ്റില്‍ നിന്നും താക്കോലെടുത്തു. വാതിലിന്‍റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ പൂട്ടില്ല.. വലിയ ഒറ്റപ്പാളി കതക് ലേശം തുറന്നുകിടപ്പുമുണ്ട്. ഫോണെടുത്ത് ഡോക്ടറെ വിളിക്കണോ പോലിസിനെ വിളിക്കണോ.. രണ്ടായാലും ഒരുമണിക്കൂറിനുള്ളില്‍ ആരും വരില്ല. ധൈര്യപൂര്‍വം അകത്തുകയറി നോക്കിയാലോ.. അടുത്തുതന്നെ ചാരിവച്ചിരുന്ന കമ്പിയെടുത്ത് അപര്‍ണ്ണ പതുക്കെ ഉള്ളിലേക്ക് കടന്നു. ചെറിയൊരു ഹാള്‍ , അതിനോട് ചേര്‍ന്ന് രണ്ടു മുറി, പുറകില്‍ ഒരു വരാന്ത. ഒരു ക്രിസ്തുമസ് കാലത്ത് ഇത് തുറന്നു കണ്ടിട്ടുണ്ട്. രണ്ടു മുറികളില്‍ ഒന്ന് തുറന്നു കിടക്കുന്നു, പുറകുവശത്തെ വാതിലും. മുറിയോടടുത്തുചെന്നപ്പോഴേ ഒരാള്‍ അകത്തെ കൊച്ചുകട്ടിലില്‍ പുതച്ചുമൂടി കിടക്കുന്നതായി കണ്ടു. കമ്പി താഴ്ത്തിയെങ്കിലും താഴെ വച്ചില്ല.
അടുത്തുചെന്ന് ഒരൂഹം വച്ചു വിളിച്ചു
“കെവിന്‍..?”
കക്ഷി നല്ല ഉറക്കമാണ്.
അടുത്തവിളിക്ക് മുന്നേ അയാള്‍ കണ്ണുതുറന്നു.
ഇരുനിറം, നീണ്ടമുഖം.. കശ്മീരില്‍ നിന്നുമുള്ള പഴയ കോളേജ് സുഹൃത്തിന്‍റെ കണക്ക് അലസമായി കിടക്കുന്ന മുടിയും കുറ്റിത്താടിയും. കട്ടിയുള്ള കടുംപച്ചകള്ളിഷര്‍ട്ട് ബലിഷ്ടമായ ശരീരത്തില്‍ ഇറുകിക്കിടന്നു.
അപര്‍ണ്ണയെ കണ്ടതും ചുറ്റിനും നോക്കി പുതപ്പുമാറ്റിയിട്ട് അയാള്‍ എഴുന്നേറ്റു.
“ഹേയ്” അയാള്‍ കണ്ണൊന്നുകൂടി ചിമ്മിച്ച് അപര്‍ണ്ണയെ നോക്കി ചിരിച്ചു.
“ഹലോ” എന്നിട്ട് സംശയപൂര്‍വ്വം ചോദിച്ചു.. “കെവിന്‍?”
വലതുകൈ മുന്നോട്ട് നീട്ടി മുഴുവന്‍ പേരും പറഞ്ഞ് സൌമ്യനായ അയാള്‍ മുന്നോട്ടേക്കാഞ്ഞു. ഇപ്പോഴും മുറുകെപ്പിടിച്ചിരിക്കുന്ന കമ്പി താഴെ വച്ച് അപര്‍ണ്ണ കൈകൊടുത്തു. ചൂട് കോഫി കപ്പില്‍ പിടിച്ചതുപോലെ.. അപര്‍ണ്ണ കൈവിടുവിച്ച് പെട്ടെന്ന് ചോദിച്ചു.
“ഓഹ്.. ഓ മൈ ഗോഡ്, യു ഹാവ് ഫിവേര്‍..!”
പനിയുടെ ആലസ്യം പുറത്തുകാട്ടാതെ അയാള്‍ സാരമില്ല,ശരിയാകും എന്ന് പറഞ്ഞു. അവിടം വൃത്തിയാക്കണോ അതോ തിരികെപ്പോണോ എന്നാലോചിച്ച് നിന്നപ്പോള്‍ കെവിന്‍ തന്നെ അങ്ങോട്ട് പറഞ്ഞു..
“ഡോന്‍ വൊറി മിസ്സ് , ഐ ലൈക് ഇറ്റ് ഹിയര്‍, യു പ്ലീസ് ഗോ എഹെഡ്..”
ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു. അയാള്‍ പിന്നാലെ വന്നില്ല. വാതില്‍ ചാരി വീട്ടിലേക്ക് വരുംവഴി ദൂരെനിന്നു ഒരു കാറുവരുന്നത് കണ്ട് അപര്‍ണ്ണ നിന്നു.
രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സാബ് കാബ്രിയൊലെറ്റ്, എത്രവില കിട്ടിയാലും ഇത് കൊടുത്തിട്ടേ പോകാന്‍ പറ്റുകയുള്ളൂ. വന്ന രണ്ടുപേര്‍ക്കും വണ്ടി ഇഷ്ടപ്പെട്ടു. പേപ്പറുകള്‍ കാണിച്ചുകൊടുത്തു, മുഴുവന്‍ തുകയും തന്ന് അടുത്ത ആഴ്ച കൊണ്ടുപൊയ്ക്കോളാം എന്ന് പറഞ്ഞ് അവര്‍ പോയി. ഒരുനിമിഷം ഇളംനീലകളറുള്ള പ്രിയസഹചാരിയെ നോക്കി അവള്‍ സങ്കടപ്പെട്ടു.
ചുറ്റിനും തണുത്ത സായന്തനം വന്നുവീഴാന്‍ തുടങ്ങി.
അവിടെ താമസം തുടങ്ങിയത് മുതല്‍ ചില ബാര്‍ബിക്യു പാര്‍ട്ടികളും ക്രിസ്തുമസ് ആഘോഷങ്ങളുമല്ലാതെ ആ വീട്ടില്‍ അധികമാരെയും വിളിച്ചു സല്‍ക്കരിച്ചിട്ടില്ല. ഗോവക്കാരി എലിസബത്തും പഞ്ജാബിക്കാരന്‍ സുഖ്ബിറുമല്ലാതെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വന്നു താമസിച്ചിട്ടുമില്ല. സാധാരണ ദിവസങ്ങളില്‍ ഡിന്നര്‍ എന്നത് പേരിനു മാത്രമേ ഉണ്ടാവൂ. എന്തെങ്കിലും സാലഡും ഇത്തിരി വൈനും. അതല്ലെങ്കില്‍ ബ്രഡും മുട്ടയും. ഇന്നുപക്ഷേ പനിയുള്ള ഒരാള്‍ അപ്പുറത്തുള്ള സ്ഥിതിക്ക് എന്തെങ്കിലും ചൂടായി പാകംചെയ്തുകൊടുത്താലെന്താന്ന്‍ അപര്‍ണ്ണ ചിന്തിച്ചു. താമസംവിനാ അകത്തുചെന്നു സൂപ്പിനായുള്ള ഒരുക്കം തുടങ്ങി.
ഏഴുമണിയോടെ കുളിച്ചു റെഡിയായി ഊണുമേശമേലുള്ള വിരിപ്പും മാറ്റി പാത്രങ്ങള്‍ എല്ലാം തുടച്ചുവച്ചതിനു ശേഷം, കെവിനെ വിളിക്കാനായി പുറത്തേക്കുവന്നു. വെളുത്ത ഫ്രോക്കില്‍ പതിവിലും ഊര്‍ജ്ജസ്വലയായി അവള്‍ നടന്നു. ചെന്ന് നോക്കിയപ്പോള്‍ അയാള്‍ അവിടില്ല. പറഞ്ഞിട്ട് പോകണ്ട കാര്യമില്ലെങ്കിലും അപര്‍ണ്ണയ്ക്ക് അയാളങ്ങനെ അപ്രത്യക്ഷനായത് അത്രയ്ക്കിഷ്ടപ്പെട്ടില്ല. കാത്തുനില്‍ക്കാതെ അപ്പോള്‍ത്തന്നെ വീട്ടിനുള്ളിലേക്ക് കയറി. വലിയ പെട്ടി നിറയെ മടക്കിവച്ച തുണികള്‍ അടച്ചുപൂട്ടിവച്ച് ഒരു കപ്പ് കാപ്പിയുമായി അപര്‍ണ്ണ അടുക്കളവാതില്‍ക്കല്‍ നിന്നു.
ഇടയ്ക്ക് കണ്ണുകള്‍ പുറത്തേക്ക് പായുന്നുണ്ടായിരുന്നു. പതിനൊന്നു മണിവരെ അതുമിതും ചെയ്തുകൊണ്ട് സമയം കളഞ്ഞു. ക്ഷമ നശിച്ചുവെന്ന് തോന്നിയപ്പോള്‍ മേശപ്പുറത്തിരുന്നതൊക്കെയും എടുത്തു ഫ്രിഡ്ജില്‍ വെച്ചിട്ട് മുകളിലുള്ള അവളുടെ മുറിയില്‍ പോയിക്കിടന്നു. കണ്ണടച്ചിട്ടും കാതുകള്‍ ഉറങ്ങിയില്ല. എന്തോവീഴുന്ന ശബ്ദം കേട്ടതും ധൃതിയില്‍ എഴുന്നേറ്റ് ജനാലയിലൂടെ താഴേക്കു നോക്കി. വേച്ചുവേച്ചു മുറിക്കുള്ളിലേക്ക് കെവിന്‍ നടന്നുകയറുന്നു. അടുത്തുള്ള ബാറിലേക്ക് നടക്കണമെങ്കില്‍ തന്നെ അരമണിക്കൂറോളം വേണം. ഈ പനിയും വെച്ച്.. ഇനി മുഴുക്കുടിയന്‍ തന്നെയാണോ ഇയാള്‍. ഡോക്ടറുടെ സംഭാഷണങ്ങളില്‍ ഒന്നും ഇങ്ങനെ ഒരാളെപ്പറ്റി അപര്‍ണ്ണ കേട്ടിട്ടില്ല. അവധിക്കാലത്ത് അവിടെ വന്നുതാമസിക്കാറുള്ളത് ഡോക്ടറുടെ ഭാര്യയും മൂന്ന് കുട്ടികളുമാണ്. ഇയാള്‍ക്കൊരു ഇരുപത്തിഎട്ട് വയസ്സെങ്കിലും കാണും. ദൂരെ പഠിക്കുന്ന ഒരു മകനുണ്ടെന്നു കുറെനാള്‍ മുന്നെ എലിസബത്ത് പറഞ്ഞിരുന്നതായും അപര്‍ണ്ണയ്ക്ക് തോന്നി. ആരായാലെന്താ തനിക്ക്.. വന്നുകയറിയല്ലോ. നാളെയിനി ആഹാരം ഉണ്ടാക്കി വച്ച് കാത്തിരിക്കാന്‍ പദ്ധതിയിടണ്ടന്നു സ്വയം താക്കീത് കൊടുത്തു അപര്‍ണ്ണ ഉറങ്ങി.
മനോഹരമായ കീബോര്‍ഡ് സംഗീതം കേട്ടാണ് പിറ്റേദിവസം അവള്‍ ഉണര്‍ന്നത്. താഴെയെത്തി കതകുതുറന്നു വെളിയില്‍ ഇറങ്ങിയതും കൂടുതല്‍ വ്യക്തമായത് കേള്‍ക്കാന്‍ തുടങ്ങി. ഔട്ട്‌ഹൌസിലേക്ക് നടന്നു. കതക് തുറന്നു തന്നെ കിടക്കുന്നു. ഹാളിന്‍റെ ഒരു കോണിലിരുന്ന്‍ കെവിന്‍ കണ്ണടച്ചു മൃദുവായി ചിരിച്ചുകൊണ്ട് കീബോര്‍ഡ് വായിക്കുന്നു. കൊച്ചുകുട്ടിയുടെ സന്തോഷം.. ഇടയ്ക്ക് ചെറുതായൊന്നു തെറ്റുമ്പോള്‍ വായിച്ചതു തന്നെ വീണ്ടും ആവര്‍ത്തിച്ചു വായിച്ചുകൊണ്ടേയിരുന്നു. കുറെ നേരം കഴിഞ്ഞ് മനോഹരമായിത്തന്നെ കൈവിരലുകള്‍ പതുക്കെ ഓടിക്കളിച്ചുനിന്നു. തിരിഞ്ഞതും അപര്‍ണ്ണയെക്കണ്ട് കെവിന്‍ ആശ്ചര്യപ്പെട്ടു.
“ഓഹ്.. ഗുഡ് മോര്‍ണിംഗ് മിസ്സ്!! സോറി.. ഡിഡ് ഐ വെയ്ക് യു അപ്..?”
അപര്‍ണ്ണ ആ ചോദ്യം പ്രതീക്ഷിച്ചില്ലായെങ്കിലും, ഉള്ളിലെ സന്തോഷം പകുതി മാത്രം പുറമേ കാണിച്ച് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇതേവരെ ആ വീടിനുള്‍വശം കാണാത്ത ഒരാളെപ്പോലെ ചുറ്റിനും നോക്കി ചിരിച്ചു കൊണ്ട് കെവിന്‍ അപര്‍ണ്ണയ്ക്കൊപ്പം അകത്തേക്ക് കയറി. അതിഥിയെപ്പോലെ പെരുമാറുകയും പരുങ്ങിനില്‍ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അപര്‍ണ്ണ തിരക്കി. മടികൂടാതെ കെവിന്‍ പറഞ്ഞു.. ഡോക്ടറുടെ ആദ്യഭാര്യയിലുള്ള ഏകസന്താനമാണ് അയാള്‍. ചെറുതിലെ അച്ഛനും അമ്മയും പിരിഞ്ഞു.. രണ്ടുപേരും വേറെ വിവാഹം കഴിച്ചു രണ്ടുനാടുകളിലായി ജീവിക്കുന്നു. കെവിന്‍ സംഗീതവും ഗവേഷണവും വര്‍ഷങ്ങള്‍ തോറുമുള്ള ചെറുസന്ദര്‍ശനങ്ങളുമായി അവര്‍ക്കിടയില്‍ ഇങ്ങനെ. ഈ വീട്ടില്‍ വരുമ്പോഴെക്കെയും ഔട്ട്‌ഹൌസില്‍ തന്നെയാണ് ഉറങ്ങുക.
അപര്‍ണ്ണ കേട്ടിരുന്നു. ഇതിനിടയില്‍ അയാള്‍ തന്നെയാണ് കോഫി തയ്യാറാക്കിയത് എന്ന കാര്യം രണ്ടുപേരിലും ചിരിയുണര്‍ത്തി. ആവിപറക്കുന്ന കപ്പുകള്‍ക്കിരുവശവുമിരുന്ന് അവര്‍ കുറെ നേരം സംസാരിച്ചു. അടുത്തയാഴ്ച ഇതേ സമയം അവളുടെ പൊടിപോലും അവിടുണ്ടാവില്ല എന്നതടക്കം. ഇറങ്ങുമ്പോള്‍ അന്ന് വൈകുന്നേരം അയാള്‍ അപര്‍ണ്ണയെ ഡിന്നറിന് ക്ഷണിച്ചു. ഒന്ന് മടിച്ചെങ്കിലും അപര്‍ണ്ണ വരാമെന്ന് പറഞ്ഞു. അയാള്‍ പ്രശ്നക്കാരനല്ല . പിന്നെ പോകുന്നത് അവളുടെ കാറില്‍.. അവള്‍ക്കറിയാവുന്ന റെസ്റ്റോറന്റിലേക്ക്.
അന്നുപകല്‍ അയാളെ പുറത്തെങ്ങും കണ്ടില്ല.. അപര്‍ണ്ണ പായ്ക്കിങ്ങും മറ്റു ചെറിയ പരിപാടികളുമായി നേരം കളഞ്ഞു. ആറുമണിയോടെ മുന്‍വശത്തെ വാതിലില്‍ കെവിന്‍ വന്നു തട്ടിവിളിച്ചപ്പോള്‍ അപര്‍ണ്ണ വേഗം ചെന്നു വാതില്‍ തുറന്നു.
“ആഹ്.. ദെയര്‍ യു ആര്‍ !! സോ.. ഷാല്‍ വി..?” കറുത്ത ഷര്‍ട്ടും ജീന്‍സും , കുളിച്ചു ചീകിവച്ച മുടിയും.. കെവിന്‍റെ മുഖത്ത് പനിയുടെ ലഷണമേയില്ല.
“ലെറ്റ്‌സ് ഗോ കെവിന്‍” അപര്‍ണ്ണ ഉത്സാഹത്തോടെ പറഞ്ഞു.
കെവിനാണ് വണ്ടിയോടിച്ചത്. ഇരുണ്ട് ശാന്തമായ റോഡിലൂടെ അധികമൊന്നും സംസാരിക്കാതെ അവര്‍ റെസ്റ്റോറന്റിലെത്തി. അപര്‍ണ്ണ വിചാരിച്ച സ്ഥലമല്ലെങ്കിലും പരിചിതമായ ഇടം തന്നെ.
തിരക്കൊഴിഞ്ഞ സ്ഥലം നോക്കി അവര്‍ ഇരുന്നു. കഴിഞ്ഞ രാത്രി മദ്യപിച്ചു വന്നയാള്‍ അവള്‍ക്കൊപ്പം ഒരു ഗ്ലാസ് റെഡ് വൈന്‍ മാത്രം കുടിച്ചു. കോപ്പെര്‍ റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കളെ കണ്ട് കെവിന്‍ നിന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് ശേഷം അവര്‍ ഡ്രിങ്ക്സ് കഴിക്കാന്‍ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു. അപര്‍ണ്ണ വിനയപൂര്‍വ്വം കാത്തുനില്‍ക്കാം പോയിവരൂ എന്ന് പറഞ്ഞ് കെവിനെ അവരോടൊപ്പം അയച്ചു.
തിരികെ ഡ്രൈവ് ചെയ്തത് അവളായിരുന്നു. തണുത്ത കാറ്റുകൊണ്ട് കെവിന്‍ പുറത്തേക്കുനോക്കിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങാന്‍ അയാളെ സഹായിക്കേണ്ടി വന്നു അപര്‍ണ്ണയ്ക്ക്. മുഖം കീഴ്പോട്ടു തൂക്കി ഇരുകൈകളും ജീന്‍സിന്‍റെ പോക്കറ്റുകളില്‍ താഴ്ത്തിയിട്ട് നില്‍ക്കുന്ന അയാളുടെ മുന്നില്‍ ഔട്ട്‌ഹൌസിന്‍റെ വാതില്‍ തുറന്നുകൊടുത്തിട്ട് അവള്‍ തിരിഞ്ഞതും കെവിന്‍ വിളിച്ചു..
“മിസ്സ്”
അപര്‍ണ്ണ അയാളെ നോക്കി, ക്ഷമ പറച്ചിലാവും. വൈകിയതിന്.. മദ്യപിച്ചു കൂടെ വന്നതിന്..
“യു ആര്‍ ബ്യൂട്ടിഫുള്‍..”
അപര്‍ണ്ണയുടെ ഉള്ളില്‍ സന്തോഷം തോന്നി. പതിവുപോലെ മുഖത്ത് വന്നില്ലെങ്കിലും അന്ന് വസ്ത്രമഴിക്കുന്നതിന് മുന്നേ കണ്ണാടിക്കുമുന്നില്‍ അധികനേരം നിന്നെന്നുമാത്രം. കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍ രണ്ടു സ്നേഹബന്ധങ്ങള്‍ അവള്‍ക്കുണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി കാലഘട്ടത്തില്‍ ഒരു സഹപാഠി. പിന്നീട് ഇപ്പോള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ മുന്‍പേ ജോലിചെയ്തിരുന്ന ഒരാളും. ആരും ഏറെകാലം കൂടെയുണ്ടായില്ലാ. പരാതിയും പരിഭവങ്ങളും കണ്ണീരും ഒന്നും തന്നെയില്ലാതെ മാസങ്ങള്‍ക്കുള്ളില്‍ ഇരുബന്ധങ്ങളും തീര്‍ന്നു.
പതുപതുത്ത കിടക്കമേല്‍ അണ്ണാന്‍കുഞ്ഞിനേപ്പോലെ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ കെവിനെപ്പറ്റി അപര്‍ണ്ണ ചിന്തിച്ചു. അച്ഛന്റെയും അമ്മയുടെയും ഇടയില്‍ അന്യനേപ്പോലെ പെരുമാറുന്ന അയാളില്‍, വേദനയും ഒറ്റപ്പെടലും സംഗീതവും യാത്രകളുമൊക്കെ സമ്മാനിച്ച ഒരു പ്രത്യേകസൗന്ദര്യമുണ്ട്. പൈന്‍മരച്ചുവട്ടിലോ തടാകക്കരയിലോ തിരക്കുള്ള റെസ്റ്റോറന്റിലോ.. എവിടെയാണെങ്കിലും അയാള്‍ക്ക് മുന്നില്‍ ഒന്നും മിണ്ടാതെ മണിക്കൂറുകളോളം തനിക്കിരിക്കാന്‍ പറ്റുമെന്നും തോന്നി. അവിടെയിനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ. ഒരു നിമിഷം ദുബായിലെ ഫ്ലാറ്റും എയര്‍കണ്ടീഷന്‍ റൂമും ബഹളങ്ങളും പാര്‍ട്ടിയും പിന്നെ..
അപര്‍ണ്ണ എഴുന്നേറ്റിരുന്നു. ദേഷ്യം കൊണ്ട് മുഖമാകെ കൈവിരലുകള്‍കൊണ്ടമര്‍ത്തി. ഉറങ്ങിയില്ലാ.. നേരം വെളുത്ത്തുടങ്ങിയപ്പോഴേ താഴെ നിന്ന് സംഗീതം.. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ജനാലയ്ക്കരികില്‍ വന്നു നിന്ന്. ഒന്നും കേള്‍ക്കാനില്ല. താഴേക്കു ചെന്ന് കെറ്റില്‍ ഓണ്‍ ചെയ്തു.. മുട്ടറ്റം ഇറക്കമുള്ള വെളുത്ത സാടെന്‍ നൈറ്റ്ഗൌണിനു മുകളില്‍ ഓവര്‍കോട്ടിട്ട് കെറ്റിലില്‍ നിന്നും രണ്ടു കപ്പില്‍ കാപ്പി നിറച്ചു അപര്‍ണ്ണ പുറത്തേക്കിറങ്ങി.
പുറകുവശത്തെ വരാന്തയില്‍ പ്ലാന്‍റെഷനിലേക്ക് കണ്ണും നട്ടിരിക്കുന്ന കെവിനെ കണ്ടു.. കോഫി കൊടുത്ത് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
“ഹേയ്..”
അയാള്‍ നോക്കിയതും അപര്‍ണ്ണ ചെറുതായൊന്നു പരുങ്ങി.. കണ്ണുകള്‍ ദൂരേയ്ക്ക്.. കെവിന്‍ അടുത്തേക്ക് വന്നു. ശരിയാവില്ല.. അയാളെ നോക്കാതെ മുഖം താഴ്ത്തി അപര്‍ണ്ണ അകത്തേക്ക് കയറി. തിരിച്ചു വീട്ടിലേക്കു പോകണം. ഇപ്പോള്‍ അങ്ങോട്ടേക്ക് ചെന്നതുതന്നെ എന്തോപോലെ തോന്നിയവള്‍ക്ക്. കാലുകള്‍ക്ക് വിറയല്‍ വന്നപ്പോലെ.. നടക്കാനുള്ള ധൃതി വേഗതയില്‍ കാണപ്പെട്ടില്ല. കൈയിലിരുന്ന കപ്പില്‍ നിന്നും ചൂടുള്ള കോഫി താഴേക്ക് തുളുമ്പി. കീബോര്‍ഡിനരികില്‍ കിടന്ന മേശമേല്‍ അപര്‍ണ്ണ കോഫികപ്പ് വെച്ചു. പുറകില്‍ അവളെത്തന്നെ നോക്കി അയാള്‍ നില്‍പ്പുണ്ടാവും. അപര്‍ണ്ണ അവിടെ നിന്നു വിയര്‍ത്തു.
കെവിന്‍ അടുത്ത് വന്നു. അവളുടെ മുന്നില്‍.. ഒരു നിമിഷം പോലും വേണ്ടിവന്നില്ല. അയാളുടെ കൈകള്‍ അപര്ന്നയുടെ മുടിയിഴകളിലും പിന്കഴുത്തിലും ഓടിക്കളിച്ചു. കീബോര്‍ഡിലെന്നപോലെ.. ഇറുകെപ്പിടിച്ചു ചുംബിച്ചുനില്‍ക്കുമ്പോള്‍ അണ്ണാന്‍കുഞ്ഞ് കണ്ണടച്ചു.. മൂന്നുവര്‍ഷത്തോളം അവളുടെ കണ്ണില്പെടാത്ത മാറാലയും തണുപ്പും നിറഞ്ഞ ഒരു മുറിയില്‍ പകല്‍ മുഴുവന്‍ പ്രണയം പങ്കുവച്ച് അവളും കെവിനും കഴിഞ്ഞു. സംഗീതവും ചെറിയ ചിരികളും നിറയെ ചുംബനങ്ങളുമായി.. സന്ധ്യക്ക് മുന്നേ അയാളുടെ ചൂടുപറ്റി അപര്‍ണ്ണയുറങ്ങി.. രാത്രിയില്‍ എപ്പോഴോ കണ്ണുതുറന്നുനോക്കിയപ്പോള്‍ തൊട്ടടുത്ത് കെവിനില്ല. തലേനാള്‍ രാത്രിയിലിട്ട തിളക്കമുള്ള ഗൌണില്‍ അനിര്‍വച്ചനീയപ്രണയത്തിന്‍റെ ചുളിവുകള്‍ വന്നിരിക്കുന്നു. മഞ്ഞുത്തുള്ളികള്‍ വീണു നനഞ്ഞ പുല്‍ത്തകിടിയിലൂടെ നഗ്നപാദയായ് അപര്‍ണ്ണ നടന്നു.
സങ്കടവും ദേഷ്യവും കുറ്റബോധവുമൊക്കെ പിടികൂടുന്നതിന് മുന്‍പേ ഡ്രോയറില്‍ നിന്ന് ഉറക്കഗുളികയെടുത്തു കഴിച്ച് പുതപ്പിനുള്ളിലേക്ക് അഭയം പ്രാപിച്ചു. രണ്ടു ദിവസം വീടടച്ചു ഉള്ളില്‍തന്നെ കഴിഞ്ഞു.. അയാള്‍ വന്നുവോ.. അറിയില്ല. അവള്‍ക്കറിയണ്ടാ. അടുത്ത ദിവസം കാറു കൊണ്ടുപോകാന്‍ ആളുകള്‍ വന്നു. കീ കൈമാറിയപ്പോള്‍ അപര്‍ണ്ണയുടെ കണ്ണുനിറഞ്ഞു. അവര്‍ തന്ന പണം മേശമേല്‍ വച്ച് പതിവിലും വ്യഗ്രതയോടെ പെട്ടികള്‍ എല്ലാം റെഡിയാക്കി വച്ചു. നാളെ പറന്നകലുമ്പോള്‍ ഒന്നും തിരികെ വിളിക്കരുത്.
വൈകുന്നേരം എലിസബത്തും ചില ഹോസ്പിറ്റല്‍ സ്റ്റാഫും അപര്‍ണ്ണയെ സന്ദര്‍ശിച്ചു. ചെറിയ ഗിഫ്റ്റുകളും ആശംസകളും ഒക്കെയായി. അടുക്കളയില്‍ അവര്‍ക്കായി എന്തൊക്കെയോ പാകംചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചില്ലുഗ്ലാസിലൂടെ ഔട്ട്‌ഹൗസിന് മുന്നില്‍ അവളെത്തന്നെ നോക്കി നില്‍ക്കുന്ന കെവിനെ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കളുടെ ഒത്തനടുവിലേക്ക് അയാളില്‍ നിന്നും ഓടിയൊളിച്ചു. ഈ രാത്രി കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. പങ്കുവയ്ക്കാന്‍ ആരെയും വേണ്ടാ.
പിറ്റേദിവസം രാവിലെ എയര്‍പോര്‍ട്ടിലേക്കുള്ള ടാക്സി വന്നു. പെട്ടികള്‍ ഓരോന്നായി എടുത്തുവയ്ക്കുമ്പോള്‍ കെവിന്‍ സഹായിക്കാനെത്തി.
“ദാറ്റ്‌സ് ഓക്കേ.. ഐ കാന്‍ മാനേജ് ദിസ്”
ഒഴിവാക്കാന്‍ നോക്കിയെങ്കിലും, അത് കേട്ട ഭാവം പോലും നടിക്കാതെ കെവിന്‍ എല്ലാ പെട്ടികളും ഭദ്രമായി ഡിക്കിയില്‍ വച്ചടച്ചു.
“ഷാള്‍ ഐ ഡ്രോപ്പ് യു .. മിസ്സ്..?” വിഷാദ മുഖത്തോടെ അയാള്‍ ചോദിച്ചു.
“നോ..!!”
അവള്‍ യാത്ര പറയാതെ വണ്ടിയില്‍ കയറിയിരുന്നു. മുന്നോട്ട് നീങ്ങിയ കാര്‍ റോഡിലേക്ക് കയറും മുന്നേ നിന്നു. അപര്‍ണ്ണ തിരികെ ഓടിവന്നു. കിതച്ചുകൊണ്ട് അയാളുടെ മുഖത്തേക്കുനോക്കി.. ദേഷ്യമില്ല.. അയാളെ ആദ്യം കണ്ടത് പോലെ..
“ഐ ഡോന്നോ വാട്ട് ടു സെയ്.. ഐ ആം.. “ അയാളെ പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ അപര്‍ണ്ണ ഇറുകെചുംബിച്ചു.
“സെയ് ദിസ്..” എന്നിട്ട് അയാളുടെ ഇരുകൈകളും അവളുടെ നിറുകമേല്‍ വച്ചിട്ട് അപര്‍ണ്ണ ചിരിയോടെ പറഞ്ഞു..
“ദീര്‍ഘസുമംഗലീ ഭവ: !!”
മനസിലാവാതെ കെവിന്‍ നിന്നു…
തിരികെ നടക്കുമ്പോള്‍ നിലയ്ക്കാത്ത സംഗീതത്തിന്റെ കുരുന്നുകോര്‍ഡുകള്‍ അവളുടെയുള്ളില്‍.. ഒരേ താളത്തില്‍ മിടിച്ചു.