Posted in Notes, people, places

വിക്ടര്‍ ജോര്‍ജ്

വിക്ടര്‍ ജോര്‍ജ്

ഈ പേരുകേട്ടതെന്നാണെന്ന് ഓര്‍മയില്ല. മനോരമയുടെ താളുകളില്‍ അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളില്‍ കണ്ണുകളുടക്കിയിരുന്ന ഒരു കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു പേരാവാം. ചിലര്‍ വളരെ പെട്ടെന്ന് വളരെ ഭംഗിയായി വല്ലാത്ത തീവ്രതയില്‍ കുറെ കാര്യങ്ങള്‍ ചെയ്തുകടന്നുപോകുന്നു. വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോജേര്‍ണലിസ്റ്റ്‌ എനിക്കതുപോലെയാണ്.

മഴയുടെ സൗന്ദര്യം പൂര്‍ണ്ണമായി പകര്‍ത്താന്‍ ഒരുപക്ഷെ വിക്ടറിനുകൂടി കഴിഞ്ഞിട്ടുണ്ടാവില്ല. ഒരോ മഴയുടെ പിന്നാലെയും അല്ലെങ്കില്‍ മഴയോടോപ്പവും ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന്‍ ഒടുവിലതേ മഴയോട് അലിഞ്ഞുചേര്‍ന്നപ്പോഴാവും ഒരുപക്ഷെ പൂര്‍ണ്ണനായിട്ടുണ്ടാവുക.

2001- ജൂലൈ
പത്താംക്ലാസ്സു കഴിഞ്ഞ്.. പുതിയ സ്കൂളിലേക്ക് മാറി പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന സമയം.
പ്രണയത്തിനു മുന്‍പുള്ള ഒരുതരം സൗഹൃദമില്ലേ.. ഒരുപാടൊന്നും അറിയാത്ത ഒരാളോടുള്ള ഇഷ്ടം. ഞാനും മഴയും തമ്മില്‍ അങ്ങനെയോരിഷ്ടംകൂടി ഉണ്ടായിരുന്നില്ല. ഒരു താല്പര്യവുംതോന്നാത്ത പുത്തന്‍ യൂണിഫോം നനച്ചപ്പഴോ.. ഈര്‍പ്പം മാറാത്ത,വിറയല്‍ മാറാത്ത ശരീരത്തില്‍ ഇടയ്ക്കിടെ കുളിരുകൊരിയിട്ടപ്പോഴോ..ക്ലാസ്സ്‌ റൂം ജനാലയ്ക്കരികില്‍ ഇരിക്കവേ റബ്ബര്‍മരങ്ങള്‍ കാറ്റിലുലഞ്ഞ് മഴത്തുള്ളികള്‍ തെറിപ്പിച്ചപ്പോഴോ ഞാന്‍ മഴയെ അറിഞ്ഞില്ല, മഴയുടെ സൗന്ദര്യമോ സ്നേഹമോ പരിഭവമോ കണ്ടില്ല.

ജൂലൈ ഒന്‍പതാം തീയതി, വിക്ടറിനെ ഒപ്പം കൂട്ടി മഴ പോയപ്പോള്‍ ആദ്യം തോന്നിയത് ഒരു പതിനഞ്ചുവയസ്സുകാരിയുടെ മണ്ടത്തരമാണ്. മഴയുടെ പടമെടുക്കാനാണോ ഉരുള്‍പൊട്ടാനിടയുള്ള സ്ഥലത്തേക്ക് അയാള്‍ പോയത്!!? എന്തിന്!!?

വിക്ടറിനുശേഷം ഒരോ മണ്‍സൂണ്‍ വന്നുപോകുമ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം എഴുതിയും മായ്ചും വീണ്ടുമെഴുതിയും തൃപ്തിവരാതെയിരുന്നു.

മറുപടി തരാന്‍ വിക്ടറില്ല.
പക്ഷെ മഴയുണ്ട്.
മഴയോടൊപ്പം എവിടെയോ വിക്ടറുമുണ്ട്.

ഈ മണ്‍സൂണിലെ ആദ്യമഴ ഒരു കഥ പറഞ്ഞു..

ഒരു പെണ്‍കുട്ടി. ഏറെ ആളുകള്‍ ആരാധിക്കുന്ന, സ്നേഹിക്കുന്ന സുന്ദരിയായ ഒരോ പെണ്‍കുട്ടി. കോളേജ് വരാന്തകളിലും,നടപ്പാതകളിലും,പാടവരമ്പത്തും,കടല്‍പുറത്തും,അമ്പലമുറ്റത്തും.. അങ്ങനെ എവിടെയൊക്കെ അവള്‍ പോകുന്നുവോ എല്ലാവരും അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്നു. പക്ഷെ അവളാരേയും ശ്രദ്ധിച്ചില്ല. അഹംഭാവമോ അറിവില്ലായ്മയോകൊണ്ടല്ല. തിരിച്ചു ശ്രദ്ധിക്കാനും ചിരിക്കാനും സംസാരിക്കാനും തോന്നിയ ഒരാളെ അവള്‍ കണ്ടില്ല..അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞില്ല.

ഒരിക്കല്‍ എവിടെയോവച്ച് ഒരാലവളെത്തന്നെ നോക്കിനില്‍ക്കുന്നതുകണ്ടു. അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരിക്കലും മായാത്ത നിഷ്കളങ്കതയും വിരലുകള്‍ക്കിടയില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന ഒരു മാന്ത്രികദണ്ഡും ആരെയും നിസ്സഹായനാക്കുന്ന നേര്‍ത്ത ഒരു ചിരിയുമുണ്ടായിരുന്നു. പിന്നീട്പലയിടങ്ങളില്‍വച്ച് പലതവണ അവര്‍ പരസ്പരം കണ്ടു.
വര്‍ഷങ്ങള്‍ കടന്നുപോയി..
ഇതിനിടെ അവര്‍ സംസാരിച്ചു.. സുഹൃത്തുക്കളായി..
അവളുടെ എല്ലാ ഭാവചലനങ്ങളും അറിയുന്ന ഏറ്റവുമടുത്ത സുഹൃത്ത്‌.

ഇടയ്ക്കിടെയുള്ള മാത്രമുള്ള കണ്ടുമുട്ടലുകള്‍ക്കും കാത്തിരിപ്പിനുമൊക്കെ വിരാമമിട്ടുകൊണ്ട്.. ഒരു ദിവസം തന്നോടൊപ്പം പോരാന്‍ അയാളോടവള്‍ പറഞ്ഞു.സ്വന്തം ലോകത്തേക്ക്.. ഏറ്റവും മനോഹരമായ സൗഹൃദത്തിന്‍റെ.. ഒരുപക്ഷെ പ്രണയത്തിന്‍റെ ലോകത്തേക്ക്.

വീടിനുപിന്നിലെ കുളത്തിന്‍റെ പടവുകളില്‍..പതിഞ്ഞതാളത്തില്‍ കഥപറഞ്ഞുനിര്‍ത്തിയപ്പോള്‍ മഴയോടൊപ്പം ഞാനും കണ്ടു, അതേ ചിരിയോടെ അങ്ങുദൂരെ നടന്നകലുന്ന ഒരാളെ. . വിക്ടറിനെ.

പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്.. മഴയോടലിഞ്ഞു ചേര്‍ന്ന, മഴയുടെ സ്വന്തം കൂട്ടുകാരന്.