ഇന്നലെ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു. ഈയിടെയായി ലേശം കൂടെ ഉറങ്ങാറില്ല. ഉറക്കം നടിച്ചു കിടക്കും. കാലത്ത് നാലോ അഞ്ചോ മണിയാവുമ്പോള്‍ ഒന്ന് കണ്ണടയ്ക്കും. ക്ഷീണം കൊണ്ട്. ഉടനെതന്നെ മുറ തെറ്റിക്കാതെ കയറി വരും സ്വപ്നങ്ങള്‍.
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം ഉണ്ണിയേട്ടന്‍ തന്നെ. ഇടയ്ക്ക് അമ്മയെയും മൂത്ത അമ്മാവനെയും ഒക്കെ കണ്ടിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ അവര്‍ രണ്ടുപേരും ഉണ്ണിയേട്ടനും മാത്രേ എനിക്കുള്ളൂ. അമ്മ വളര്‍ത്തി, അമ്മാവന്‍ വിവാഹം ചെയ്തയച്ചു. കടമകള്‍ തീര്‍ത്ത്, അവര്‍ പോയി.
നമ്മുടെ കല്യാണം ഓര്‍ക്കുന്നുണ്ടോ..
അന്ന് ഞാനുടുത്തിരുന്ന മുണ്ടും നേര്യതും ചുവന്ന ജാക്കറ്റും ഇന്നും എന്‍റെ അലമാരയിലുണ്ട്. ചെറുതായി കരിമ്പനടിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ ഇടയ്ക്ക് അതെടുത്തുടുക്കും. വിവാഹത്തിന് രണ്ടുദിവസം മുന്‍പ് അമ്മാവന്‍ എന്നെയും അമ്മയെയും കൊണ്ടുപോയി തട്ടാന്‍റെ വീട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണങ്ങള്‍.. വെള്ളക്കല്ലില്‍ പണിത ചുട്ടിയും ചെയിനും, നീണ്ട മാലയിലെ വലിയ ഗുരുവായൂരപ്പന്‍റെ ലോക്കറ്റും വളകളും ജിമുക്കിയും..
കല്യാണപ്പിറ്റെന്ന്‍ രാവിലെ എടുത്തു കൊണ്ട് വന്ന ചായയുടെ അതേ ചൂടിലും മധുരത്തിലും സ്നേഹബഹുമാനങ്ങളിലും എന്‍റെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പോയി. ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയായും ആരോഗ്യത്തോടെയും ജീവിച്ചുവന്നു. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാതെ ഇരുന്നാല്‍ എനിക്ക് വലിയ സമാധാനമാണ്. ഇരുണ്ട് മെലിഞ്ഞ കഴുത്തും മുഖത്തെ കറുത്ത പാടുകളും ശോഷിച്ച കൈകളും, പിന്നെ കുഴിഞ്ഞ കണ്ണുകളും. ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ ഇതിലും സുന്ദരിയായിരുന്നു. ഒരു കടും നിറത്തിലുള്ള കോട്ടന്‍ സാരിയില്‍, പുട്ടപ്പ് ചെയ്തു വച്ച തഴച്ചുനിന്നിരുന്ന മുടിയില്‍, ഗോപിപ്പൊട്ടില്‍.. എനിക്ക് ഇതിലും ഭംഗിയുണ്ടായിരുന്നു.
പക്ഷെ ഉണ്ണിയേട്ടന്‍..
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇന്നും ഫ്രെയിം ചെയ്തുവച്ച ആ ഫോട്ടോ ഒരുപക്ഷെ ഉണ്ടായേക്കും. ആരും നോക്കി നിന്ന് പോകുന്ന ആള്‍രൂപം. എന്‍റെ കൂട്ടുകാരികള്‍ക്ക് അദ്ഭുതം തന്നെയായിരുന്നു നമ്മുടെ വിവാഹം. കൂട്ടത്തില്‍ ഏറ്റവും മുഖശ്രീയുള്ള ലക്ഷ്മിക്കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ആകുലതയോടെ അടിച്ചുവാരാന്‍ നിന്നിരുന്ന നാരായണിയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്..
പക്ഷേ എനിക്ക് ജീവനാണ് ഉണ്ണിയേട്ടനെ. ഒരു വീട്ടില്‍ ഒരു മുറിയില്‍ ഒരു കിടക്കയില്‍ ഒരിഞ്ചകലത്തില്‍ എന്‍റെ ജീവന്‍ മുഴുവന്‍ തുടിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടിയാണ്.
എന്‍റെയൊ മറ്റാരുടെയുമോ വസ്ത്രങ്ങളുടെയൊപ്പം ഉണ്ണിയേട്ടന്‍റെ തുണികള്‍ നനയ്ക്കാറില്ല. ഓരോ ഷര്‍ട്ടിന്‍റെയും കോളറുകള്‍, ബട്ടണുകള്‍ എല്ലാം സൂക്ഷിച്ചു തന്നെ കഴുകിയിടും. ഓരോ ദിവസവും പോകുമ്പോള്‍ കൃത്യമായി അലമാരയില്‍ നിന്നെടുക്കുന്ന കര്‍ചീഫുവരെ ഞാന്‍ സ്നേഹത്തോടെ തേച്ചുമടക്കിവയ്ക്കുന്നതാണ്. അവിയലും സാമ്പാറും കാളനുമൊക്കെ മടുപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ടീവിയില്‍ കാണുന്ന പാചകപരിപാടികളിലെ വിഭവങ്ങള്‍ കുറിച്ചെടുത്ത് അത് രണ്ടുമൂന്നു തവണയെങ്കിലും സുഹൃത്തുക്കള്‍ക്ക് പാചകം ചെയ്തുകൊടുത്തു ഉറപ്പുവരുത്തിയതിനു ശേഷമേ ഞാന്‍ ഉണ്ണിയേട്ടന് വേണ്ടി തയ്യാറാക്കിയിട്ടുള്ളൂ. അങ്ങെന്‍റെ ഏറ്റവും വിലപ്പെട്ട ആളാണ്.. അതേ കാരണത്താല്‍ പഠനശേഷം ഒരു ജോലിയും കണ്ടുപിടിക്കാതെ വീടും അടുക്കളയും അങ്ങേയും നോക്കി ജീവിച്ചു.
ഒഴിവാക്കാനാവാത്ത ചില കല്യാണങ്ങള്‍ക്കല്ലാതെ നമ്മള്‍ എവിടെയും ഒരുമിച്ചു പോവാറില്ല. ഏട്ടന്‍റെ അമ്മയുണ്ടായിരുന്നപ്പോള്‍ രണ്ടു തവണ നിര്‍ബന്ധിച്ചു സിനിമാകൊട്ടകയിലേക്കയച്ചിട്ടുണ്ട്. ബന്ധുക്കള്‍ അവധിക്കാലത്ത് വരുമ്പോള്‍ എല്ലാവരെയും കൂട്ടി പുറത്തേക്കു പോകുമ്പോള്‍ എന്നോട് ഒരിക്കല്‍പ്പോലും ചോദിച്ചില്ല.. വീട്ടുകാരിക്ക് വീടുതന്നെ പ്രപഞ്ചം.
വെള്ളിയാഴ്ചകള്‍..
നമ്മളുടെ ജീവിതത്തില്‍ ഏറ്റവും വിചിത്രമായത് വെള്ളിയാഴ്ചകളല്ലേ..
അന്നത്തെ ദിവസം രാത്രിയില്‍ ഓഫീസില്‍നിന്നും വരുന്ന അങ്ങേയ്ക്ക് ഒരാഴ്ചത്തെ ക്ഷീണവും ദേഷ്യവും എല്ലാമെല്ലാം തീര്‍ക്കാന്‍, ഒരിഞ്ചകലത്തില്‍, സൗന്ദര്യമോ സ്നേഹമോ ഒട്ടും തോന്നിപ്പിക്കാത്ത എന്‍റെയീ ഇരുണ്ടു ക്ഷീണിച്ച ശരീരം കാത്തുകിടന്നിരുന്നതായി അങ്ങേയ്ക്കറിയുമോ.. തലേദിവസം വരെ പുസ്തകങ്ങളിലും കണക്കുബുക്കുകളിലും രാത്രികള്‍ ചിലവഴിക്കുന്ന അങ്ങ്, ഒരു പകല്‍ വ്യത്യാസത്തില്‍ ഒരിക്കല്‍ കൂടി പതിവ് തെറ്റിക്കാതെ, ചിരിയോ ഒരു വാക്കോ.. ഒന്നുമില്ലാതെ ഈ ശരീരത്തെ വലിച്ചടുപ്പിക്കുമായിരുന്നു.
എന്‍റെ കഴുത്തില്‍ മുറുക്കെപിടിക്കുമ്പോള്‍ വേദനിച്ചിരുന്നു, എന്‍റെ കാലുകള്‍ പിറ്റേ ദിവസം വീങ്ങിനിന്നിരുന്നു. രക്തം കട്ടപിടിച്ചു, അങ്ങിങ്ങായി നീലിച്ചു കിടന്നിരുന്നു. എനിക്ക് കിട്ടുന്നത് ഈ നിമിഷങ്ങളാണ്. പേടിച്ചെങ്കിലും ഞാന്‍ ഏറെ പ്രണയിച്ചിരുന്ന എന്‍റെ വെള്ളിയാഴ്ചകള്‍.
എന്നെപ്പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ദൈവം യജമാനനെ മാത്രം നല്‍കും.. കുഞ്ഞുങ്ങളെ കൊടുക്കില്ല.
പക്ഷേ എനിക്ക് സങ്കടമില്ല ഏട്ടാ. കാരണം എനിക്ക് ഉണ്ണിയേട്ടന്‍ മതി. ഇത്രനാളും എന്നെ നോക്കിയല്ലോ. വസ്ത്രങ്ങള്‍, വീട്, ആഹാരം.. ആഭരണങ്ങള്‍.. എല്ലാം തന്നുവല്ലോ..
ഏട്ടന്‍റെയൊപ്പം ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന വലിയ വട്ടപ്പൊട്ട് തൊട്ട, ഒരു സ്ത്രീ ഒരു ദിവസം എന്നെ കാണാന്‍ ഇവിടെ വന്നിരുന്നു. ഈ ഒരു ദിവസം നാലുവര്‍ഷങ്ങള്‍ക്കു മുന്നേയാണ്. കറുത്ത ഫ്രെയിം കണ്ണടയും സില്‍ക്ക് സാരിയും സുഗന്ധലേപനവും ഒക്കെയായി വളരെ വേഗത്തില്‍ വീട്ടിലേക്കു കയറി വന്ന ആ സ്ത്രീ അവരുടെ അനിയത്തിക്കുവേണ്ടിയാണ് സംസാരിച്ചത്.
ഈ വീടിന്‍റെ പുറമേ എനിക്ക് മനസിലാവാത്ത എത്രയോ കാര്യങ്ങള്‍ ഉണ്ടെന്ന് അന്ന് മനസിലായി. എന്‍റെ വെള്ളിയാഴ്ചകള്‍ മറ്റേതോ സ്ത്രീയുടെ ദാനമായിരുന്നുവത്രേ.
അടുത്ത ആഴ്ചയും അതിനു പിന്നാലെ വന്ന ഓരോ ദിവസങ്ങളും.. ഞാന്‍ അവരുടെ അനിയത്തിയെപ്പറ്റി മാത്രം ചിന്തിച്ചു. അവരില്‍ എന്‍റെ ഉണ്ണിയേട്ടന് ജനിച്ചേക്കാവുന്ന കുഞ്ഞിനെപ്പറ്റി ഓര്‍ത്തു. പക്ഷെ എനിക്ക് തിരിച്ചു പോകാന്‍ ഒരു വീടില്ല. പ്രതീക്ഷ വളര്‍ത്താന്‍ ഒരു കുട്ടിയില്ല. ഗതികേടുകള്‍ക്ക് മീതേനിന്ന് ഞാന്‍ കണ്ണടച്ചു.
എവിടെനിന്നോടിയൊളിക്കുന്നോ അവിടേയ്ക്കുതന്നെ ഒളിഞ്ഞുംപാത്തും ചിന്തകള്‍ ചെല്ലും. എത്രമാത്രം തിരക്കുഭാവിച്ചാലും ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നുപിടിക്കും. ഞാനിപ്പോള്‍ ഉറങ്ങാന്‍ ഭയക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ മയങ്ങിപ്പോവും.. പിന്നീട് സ്വപ്നങ്ങള്‍. അതിലൊന്നിലും ഞാനില്ല. പക്ഷെ വെള്ളിയാഴ്ച ഒഴികെ ആറുദിവസങ്ങള്‍ കൃത്യമായിട്ടു തെളിഞ്ഞു വരും. അതിലൊന്നിലും എന്‍റെ വീടില്ല, പക്ഷെ ഞാന്‍ കാണാത്ത മറ്റൊരു വീടും മുറികളും.
എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ണിയേട്ടന്‍ നിറയെ ചിരിക്കുന്നു.
അമ്മയെയും അമ്മാവനെയും ഒന്ന് കണ്ടാല്‍ ചിലപ്പോള്‍ എനിക്ക് ആശ്വാസമായേനെ. അവര്‍ ചിലപ്പോള്‍ എന്നോട് പറയുമായിരിക്കും, ഇതൊക്കെ എന്‍റെ തോന്നലാണ് എന്ന്. അല്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ പറഞ്ഞേക്കാം, ഇതൊക്കെ സാധാരണമാണ് കണ്ടില്ലെന്നുനടിക്കാന്‍. ഇനി ഞാന്‍ കരഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ എന്നെ അവരോടൊപ്പം വീട്ടിലേക്കു കൊണ്ടുപോകും. കുറെ ദിവസം വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങ് വരും. അപ്പോള്‍ ഞാന്‍ എന്‍റെ വിഷമങ്ങള്‍ പറയും. എല്ലാം സാധാരണ പോലെയാവും.
ഇന്നലെ അവര്‍ വന്നിരുന്നു. ഇന്നിനി സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കുന്നില്ല. എന്നെ തിരികെ വിളിക്കാന്‍ അങ്ങ് വരും എന്ന പ്രതീക്ഷയോടെ..
ശ്രീദേവി.
വെള്ളിയാഴ്ച രാത്രി ഉണ്ണികൃഷ്ണന്‍ വീടിന്‍റെ ഗേറ്റ് തുറന്നു വന്നു. അതേസമയം അലമാരയുടെ ഉള്ളില്‍ അയാള്‍ വിവാഹ ദിവസം ധരിച്ചിരുന്ന, കറുത്ത കുത്തുപാടുകള്‍ വീണ ചന്ദനനിറത്തിലുള്ള ഷര്‍ട്ടും മുണ്ടും, രണ്ടു പഴയ സിനിമാ ടിക്കറ്റുകളും കോട്ടന്‍ സാരികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു.
മുപ്പതാണ്ടുകള്‍ക്കുമുന്‍പ്.. മഞ്ഞും മണ്ണും മാനവും ഏറെ തെളിഞ്ഞുകാണുന്ന ഒരു നാട്ടില്‍.
ഒരു ദിവസം വൈകുന്നേരം.
കണക്കുപുസ്തകത്തില്‍ കുത്തിക്കുറിച്ചുകൊണ്ട് സലിം. പലചരക്കുകടയില്‍ കുറച്ചുപേര്‍ അതുമിതും പറഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. സലിമിന്‍റെ ശ്രദ്ധ അങ്ങുദൂരെ റോഡിന്‍റെ വളവിലാണ്. വാച്ചിലെ വിറയ്ക്കുന്ന സൂചികളും കണ്ണുകളിലെ തിടുക്കവും ഇടയ്ക്കിടെ കൂട്ടിമുട്ടുന്നുണ്ട്.പത്തുമിനിട്ട് കഴിഞ്ഞ് കാഹളം മുഴക്കിക്കൊണ്ട് ഒരു ബസു പ്രത്യക്ഷപ്പെട്ടു. അയാള്‍ ധൃതിയില്‍ എഴുന്നേറ്റു പുറത്തിറങ്ങി.
ഇമചിമ്മാതെ ഒറ്റനോട്ടത്തില്‍ അയാള്‍ മനസിലാക്കി.. അവളില്ല. പകരം തന്നെ നിസംഗതയോടെ നോക്കിയ ഒന്നുരണ്ടു മുഖങ്ങള്‍ അയാളെ തെല്ലൊന്നു പരിഭ്രമിപ്പിച്ചു.
”മുരളി.. നീയൊന്നു കടയിലിരിക്ക്.. ഞാനിപ്പോ വരാം” അയാള്‍ റോഡുമുറിച്ചുനടന്നു.
അവള്‍ എല്ലാദിവസവും പോകുന്ന വഴിയേ.. കോടമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും അയാള്‍ വേഗത്തില്‍ നടന്നു. വാപ്പ ആശുപത്രിയില്‍ കിടന്ന ഒരാഴ്ച അയാള്‍ ഈ വഴി വന്നതേയില്ല. പോസ്റ്റ് ഓഫീസും കുരിശുപള്ളിയും കഴിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ.. കുത്തനെയുള്ള കയറ്റം. ഇരുവശത്തും കാട്ടുപൂക്കള്‍ തണുത്തു വിറങ്ങലിച്ചുനിന്നു. രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞതോടെ സലിം കിതച്ചുതുടങ്ങി. അവളുടെ വീടിനു രണ്ടു തൊടികള്‍ക്കിപ്പുറം സലിമിന്‍റെ വാപ്പായ്ക്ക് കുറച്ചു കാപ്പിതോട്ടമുണ്ട്. കയ്യാലയിടുക്കില്‍ ഒരു ചെറിയ പുളിമരത്തോടുചേര്‍ന്ന് രണ്ടു ചെറിയ വെട്ടുകല്ലുകള്‍ മാറ്റിനോക്കി.
രാധയുടെ കത്ത്
”ഇലയനക്കങ്ങളില്‍ പേടിച്ച ഒരു കാലമുണ്ടായിരുന്നു സലിം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പക്ഷെ ഇരുട്ടിനും കാപ്പിതോട്ടത്തിലെ തണുപ്പിനും പിന്നെ നിങ്ങള്‍ക്കും ഒരേ തോന്നലാണ്. എനിക്കിന്ന് ഭയമില്ല. ഭയം മാറിയപ്പോള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങി. എട്ടനോടൊപ്പം ഡല്‍ഹിക്ക് പോകണം. അവിടെ നിന്ന് പഠിക്കണം. എന്‍റെ അമ്മ കിടന്ന കട്ടില്‍.. ആ മുറിയില്‍ താമസിക്കണം. ഇവിടെ എന്നെ പിടിച്ചു നിര്‍ത്തുന്നത് നിങ്ങളോടുള്ള ഭ്രാന്തന്‍ സ്നേഹമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നും എന്നെപ്പോലെ ഒരുവളില്ല. ഇനിയൊരിക്കല്‍ സലിമിനെ കണ്ടാല്‍ വീണ്ടുമതേ അവസ്ഥയിലാവും ഞാന്‍. നിങ്ങള്‍ അകലെനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ ഞാനെന്‍റെ പലായനം നടപ്പിലാക്കട്ടെ..
ഉപേക്ഷിച്ചുപോകുന്നത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലോകമാണ്. അവിടെ നിങ്ങളുടെ ശാന്തമായ ചിരിയും കണ്ണുകളിലെ പ്രകാശവും ശ്വാസത്തിലെ കിതപ്പും ഒക്കെയുണ്ട്. തമ്മില്‍ പറഞ്ഞതൊക്കെയും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെപ്പോലെ ചിതറിത്തെറിച്ച് പോകട്ടെ. അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം ചേര്‍ത്തുതലോടിയത് നിങ്ങളാണ്. ഇനിവരാന്‍ പോകുന്ന ദുരന്തങ്ങളൊന്നും ഞാനിന്നീ ചെയ്യുന്ന ഹത്യയ്ക്കൊപ്പമാവില്ല.
എനിക്ക് പോയേ തീരൂ..
അമ്മയുടെ താലി ഒരിക്കല്‍ നിങ്ങള്‍ എന്‍റെ കഴുത്തിലിട്ടുതന്നു. അതഴിക്കുന്നില്ല.
സലിം,
തിരികെയെഴുതേണ്ട.. തേടിവരികയും വേണ്ട.
ഇതെന്‍റെ ശരിയാണ്. എന്‍റെ പ്രണയവും.”
***
വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലെ അപാര്‍ട്ട്‌മെന്റില്‍, എണ്ണമയം പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതുണ്ട് പത്രക്കടലാസില്‍ പ്രൊഫസര്‍ രാധാലക്ഷ്മിയുടെ സിദ്ധാന്തങ്ങള്‍ വിറകൊണ്ടുവീണു. ജെ എന്‍ യുവിന്‍റെ ക്ലാസ് മുറികളില്‍ നിന്ന് കിട്ടാത്തത്.. ഡോക്ടറേറ്റ് പദവിക്കും നൂറുകണക്കിന് ശിഷ്യസമ്പത്തിനും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്തത്.. പ്രീഡിഗ്രി പരീക്ഷയെഴുതാതെ വാപ്പയുടെ പലചരക്കുകട നോക്കിനടത്താന്‍ പോയ,താനെഴുതിയ കവിതകളെ അദ്ഭുതത്തോടെ കേട്ടിരുന്ന, നീണ്ടുമെലിഞ്ഞ് ശാന്തനായ സലിമിനു കഴിഞ്ഞു.
ഇടുക്കി: കുട്ടിക്കാനം കല്ലേപ്പുറത്തു കാവനാലില്‍ സലിം മുഹമ്മദ്(52) അന്തരിച്ചു. ഭാര്യ: രാധാലക്ഷ്മി മകന്‍: ആലം
മൂന്നുമാസം പഴകിയ വാര്‍ത്തയ്ക്ക് മുകളിലായി സലിമിന്‍റെ പഴയ ഒരു ഫോട്ടോ..
***
കോടമഞ്ഞ് മൂടിനിന്ന ഒരു വൈകുന്നേരം.
ആലം അവരുടെ മുന്നില്‍ അയാള്‍ക്കറിയാവുന്നതൊക്കെ പറഞ്ഞു വിതുമ്പി.
”പത്തുവയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പാ എന്നോട് രണ്ടു വര്‍ഷം മുന്നേയാണ് എല്ലാം പറഞ്ഞത്. അമ്മയുണ്ട്.. പക്ഷെ അന്വേഷിച്ചു പോവരുത്. ഇവിടെ വന്നാല്‍ മാത്രം തരാന്‍ ഒരു കത്തും ഏല്‍പ്പിച്ചിരുന്നു. ചിലപ്പോള്‍.. ഇതു തരാന്‍ വേണ്ടി മാത്രമാവും എന്നെ…”
സലിമിന്‍റെ കത്ത്
”ഞാനിട്ടുതന്ന താലി ഇപ്പോഴും രാധയുടെ കഴുത്തിലുണ്ടെങ്കില്‍.. മറ്റൊരു കുടുംബമില്ലെങ്കില്‍..
ഒരു ദിവസം എന്‍റെ വീട്ടില്‍ കഴിയണം. എന്‍റെ കബറിടത്തില്‍ ഒരുപിടി കാപ്പിപ്പൂക്കള്‍ വിതറണം. എന്നിട്ട് പോകുന്നതിനുമുന്‍പ് എന്തെങ്കിലും എഴുതിവയ്ക്കുക.. അതേയിടത്തില്‍.. പുളിമരത്തിനോട് ചേര്‍ന്ന്.
രാധാ.. ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും.”
***
കാപ്പിത്തോട്ടത്തിലെ ഇരുട്ടും..തണുപ്പും..അയാളുടെ കണ്ണുകളിലെ വേദനയും രാധയെ വന്നുമൂടി.