
ഒരുപക്ഷേ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമായത് ഉപപാഠപുസ്തകത്തിലെ കഥകൾ പഠിച്ചുതുടങ്ങിയപ്പോളാണ്. ബഷീറും പൊറ്റെക്കാടും എം ടിയും ടി പദ്മനാഭനുമൊക്കെ എന്റെയാ മലയോരഗ്രാമത്തിൽനിന്നും ഇടയ്ക്കിടെ വിദൂരദേശങ്ങളിലേക്കു വിളക്കുതിരിച്ചു.
സ്റ്റാഫ് റൂം.
പത്തടിപ്പൊക്കമെങ്കിലും കാണും അതിന്റെ വാതിലിന് . ഏതോ ബ്രിട്ടീഷ് സായിപ്പ് പണികഴിപ്പിച്ച കെട്ടിടമാണത്രെ. പിന്നീട് സ്കൂളിന് വേണ്ടി കെട്ടിടവും ആ പരിസരം മുഴുവനും വിട്ടുകൊടുത്തു. പിൽക്കാലത്തു പല മാനേജുമെന്റുകൾ വന്നു, പിരിവ്, വികസനം, വിസ്തൃതമാക്കൽ ഒക്കെ നടന്നു. വെള്ളയും ചാരനിറവും പൂശിയ ഭിത്തികൾ, കടും ചാരനിറത്തിലുള്ള ജനാലകളും വാതിലുകളും, വലിയ കരിങ്കൽപാളികൾ ചേർത്തുണ്ടാക്കിയ ചുറ്റുമതിൽ, രണ്ടു വലിയ മൈതാനങ്ങൾ, അങ്ങിനെ ഒരു ചെറിയ കുന്നിൻമടിത്തട്ടിൽ ഏഴെട്ടേക്കറിൽ പടർന്നുകിടക്കുന്ന സ്‌കൂൾ. അവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒത്തിരിയിടങ്ങളുണ്ട്. അതിൽ പക്ഷെ ഈ സ്റ്റാഫ് റൂം പെടില്ല !
ക്ലാസ് ലീഡർ ഓരോ മാസവും മാറും. എന്റെ ഭരണകാലം കഴിഞ്ഞു. അതോടൊപ്പം ഓണപ്പരീക്ഷാസമയവും വന്നു. ടൂഷൻ മാസ്റ്ററിൽ വിശ്വാസമർപ്പിച്ച എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും അതിരാവിലെ വിളിച്ചുണർത്തി. ഞാൻ ഉറക്കം തൂങ്ങിയിരിക്കുമ്പോൾ കാപ്പിയും ചായയും ഒക്കെ തിളച്ചപടിയാ കൊണ്ടു മേശമേൽ വെച്ച്, ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ ഇടയ്ക്കിടെ എത്തിനോക്കും.
ഇത്രയുംനാൾ ഇല്ലാതിരുന്ന ശീലങ്ങൾക്കു തുടക്കമായി. നാട്ടിലുള്ള മറ്റു പത്താംക്‌ളാസ്സ് വിദ്യാർത്ഥികളുമായുള്ള ബാലിശതാരതമ്യം ചെയ്യൽ, ഉണ്ടായിരുന്ന ഈശ്വരഭക്തിയുടെ മുകളിൽ വ്യർത്ഥമായ വഴിപാടുകൾകൊണ്ടുള്ള പ്രസാദം ചാർത്തൽ, മാസികകൾ വായിച്ചും കൂട്ടുകാരികൾ പകുത്തുകൊടുത്തും കിട്ടുന്ന അമ്മയുടെ മുറിവിജ്ഞാനം എന്റെമേൽ പരീക്ഷിക്കൽ, ഇതൊക്കെ മുറപ്പടിയാ ദിവസേന നടന്നുകൊണ്ടിരുന്നു.
പരീക്ഷ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ പോലും സ്‌കൂളിൽ ചില വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസ്സ്, ഒപ്പത്തിനൊപ്പം ടൂഷൻ സാറിന്റെ ഓട്ടം. എല്ലാം കൊണ്ടും മനസ്സുമടുത്ത നാളുകൾ.
അന്നൊരു ദിവസം രാവിലെ തന്നെ ടൂഷന് പോയി. വൈകുന്നേരം അടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം പ്രമാണിച്ചു കുടുംബസമേതം ദീപാരാധന തൊഴലുണ്ട്. രാവിലെ ഏഴു മുതൽ ഒൻപതുമണി വരെയാണ് ടൂഷൻ ക്ലാസ്. ഫിസിക്സിന് പകരം കണക്കുപുസ്തകവും ബുക്കും കൊണ്ടുപോയതുകൊണ്ട് രണ്ടു മണിക്കൂർ ദിവാസ്വപ്നം കണ്ടിരുന്നു.
തിരിച്ചു വന്നത് നടന്നാണ്, കുരിശുപള്ളി വഴി. രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ഈ പോക്ക്. ഇതിനിടയിൽ മറ്റു രണ്ടു പേർ, വട്ടയപ്പംകാരി ജാസ്മിൻ പിന്നെ റോയ്, രണ്ടാളുമായി ഞാൻ അത്യാവശ്യം കൂട്ടായിരുന്നു. ജാസ്മിൻ ടൂഷൻ നിർത്തി. സ്വത്തുതർക്കം കാരണം കുടുംബവീട്ടിലോട്ടുള്ള അവളുടെ ശനി ഞായർ പോക്കും നിന്നു. പല ദിവസങ്ങളിലും പലഹാരങ്ങളുടെ പാത്രവുമായി ജാസ്മിൻ എന്റെ ക്‌ളാസ് വരാന്തയിൽ വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ശല്യമായി തോന്നിയെങ്കിലും പിന്നീട് മനസിലായി അതിനു സത്യത്തിൽ ആരും കൂട്ടില്ലായെന്ന്.
” അശ്വതീ… അശ്വതീ…!”
റോയ് ഓടിവരുന്നു, കൈയിൽ രണ്ടു പൊതികൾ.
“രാവിലെയാരുന്നോ ക്‌ളാസ്സ് ?” അണച്ചുകൊണ്ട് ചോദിച്ചു.
ഞാൻ മൂളി.. “എന്തു വാങ്ങാൻ പോയതാ?”
“ഗോതമ്പും പയറും..” ചാക്കുനൂലുകൊണ്ടു വട്ടംചുറ്റിക്കെട്ടിയ പൊതികൾ ഒന്നുകൂടി പിരിച്ചു ഭദ്രമാക്കി അവൻ കൂടെ നടന്നു.
“വീട്ടിൽ അപ്പൂപ്പനും പിന്നെ ആരൊക്കെയാ ഉള്ളത്?”
“അപ്പാപ്പനും ഞാനും മാത്രവേ ഒള്ളു”
എനിക്ക് നാവിൽ രണ്ടുമൂന്നു ചോദ്യങ്ങൾ ഒരുമിച്ചു വന്നു. ജാസ്മിൻ ആരുന്നേൽ എല്ലാംകൂടി അപ്പോത്തന്നെ ചോദിച്ചേനെ, ബാക്കിയുള്ളവർ എവിടെ.. എന്താ നിങ്ങൾ രണ്ടാളും മാത്രം തനിച്ച് എന്നൊക്കെ ..
എന്റെ മൗനത്തിലും റോയ് ചിലപ്പോ അതൊക്കെ കേട്ടുകാണും .
“എനിക്ക് കൊച്ചിലേ അപ്പനില്ലാരുന്നു. അപ്പൻ മമ്മിയേമെന്നേം അപ്പാപ്പന്റെ അടുത്തതാക്കി പോയതാ. മമ്മി ഞാൻ ആറിൽ പഠിക്കുമ്പോ മരിച്ചു”
അന്നുവരെ ആരും അത്രയും വലിയ കാര്യങ്ങൾ എന്നോട് മാത്രമായി പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനോർത്തു. റോയ് രണ്ടുമൂന്നു ചുവടുകൾ മുന്നിലാണ് നടക്കുന്നത്. ലുങ്കിയും പഴയ ഒരു യൂണിഫോം ഷർട്ടും ആണ് വേഷം . താഴോട്ടുനോക്കിയും ഇടയ്ക്കിടെ വഴിയിലെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും അലസമായ നടത്തം.
“അപ്പാപ്പന് എന്താ ജോലി”?
“കവലയിൽ ഒരു കടയുണ്ടാരുന്നു. ഇപ്പൊ അതു പൂട്ടിയിരിക്കുവാ. അപ്പാപ്പൻ പുറകിലത്തെ പറമ്പിൽ പണിയെടുക്കും. കൊറച്ചുനാളായി അതിനും വയ്യ.”
റോയ് എന്നെ നോക്കി. സ്‌കൂൾ ഗ്രൗണ്ടിലും വരാന്തകളിലും ചോറ്റുപാത്രം കഴുകാൻ നേരത്തും കാണുമ്പോൾ ഉള്ള നോട്ടമല്ല. ചിരിയോ മറ്റു പ്രകടനങ്ങളോ ഇല്ലാതെ, ശൂന്യത നിറഞ്ഞ നോട്ടം. പിൽക്കാലത്തു പലതവണ പലരിലും തിരഞ്ഞത് സുതാര്യമായ സമാനമായ നോട്ടങ്ങളാണ്.
“കപ്പ പറിച്ചു വച്ചിട്ടുണ്ട്.”
“ഏഹ് ..” വേറെന്തോ ഓർത്തുനടക്കുവാരുന്നു ഞാൻ.
“ഞങ്ങളുടെ പറമ്പിലെ കപ്പയും കിഴങ്ങുമൊക്കെ ഇന്നെലെ പറിച്ചാരുന്നു. ഒരു പെട്ടിയോട്ടോ വന്നാ എടുത്തോണ്ട് പോയെ. ഞങ്ങൾക്കുള്ളത് ഉണക്കിയും അല്ലാതേം വെച്ചിട്ടുണ്ട് ..” റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആഹാരത്തെ കുറിച്ച് പറയുമ്പോഴുള്ള തെളിച്ചം !
“അപ്പൂപ്പനാണോ അപ്പോ വീട്ടിൽ വെച്ചുണ്ടാക്കുന്നെ?”
“അപ്പാപ്പന് കിളക്കാനും വളമിടാനുമേ അറിയത്തൊള്ളൂ, ചോറും കറിയും ഞാനാ ഉണ്ടാക്കുന്നെ.”
“സത്യം?” എനിക്ക് വിശ്വാസം വരുന്നില്ല.
“ആന്നു!! അശ്വതിക്ക് എന്നതൊക്കെ ഉണ്ടാക്കാനറിയാം. പറഞ്ഞെ..” റോയ് വഴിയുടെ നടുക്ക്നിന്ന് തിരിഞ്ഞെന്നെ നോക്കി.
“പറ..”
എന്റെ മുഖത്ത് മുട്ടൻ അക്ഷരങ്ങളിൽ എഴുതിവന്നു “ഞാൻ അടുക്കളയിൽ കേറുന്നത് കട്ടുതിന്നാൻ മാത്രമാണ് !”
റോയ് പൊട്ടിച്ചിരിച്ചു.
മുന്നിൽ കയറ്റം.. ഇരുട്ട്..
“ഞാൻ കഞ്ഞിയും പയറുമാ ആദ്യം ഉണ്ടാക്കിയെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോ . മമ്മി പോയിക്കഴിഞ്ഞ് ഒരു ചിന്നമ്മചേട്ടത്തി വരുവാരുന്നു,ഞങ്ങളെ സഹായിക്കാൻ. അകന്നബന്ധുവാ. പിന്നെ അവരെ മക്കൾ എങ്ങോട്ടോ കൊണ്ടുപോയി. ചിന്നമ്മയാ എന്നെ ചോറും കറിയും വെക്കാൻ പഠിപ്പിച്ചെ.”
“എന്തൊക്കെയുണ്ടാക്കും?” എനിക്ക് കൗതുകമായി.
“എന്നാ കിട്ടിയാലും അതീന്ന് കഴിക്കാൻ പറ്റിയ എന്നതേലുമുണ്ടാക്കും. സ്‌കൂളിൽ കൊണ്ടുപോകാൻ ചോറിന്റെ കൂടെ കപ്പയും തേങ്ങായുള്ളപ്പോ ചമ്മന്തി, പറമ്പിന്നുള്ള കപ്പളങ്ങ തോരൻ,കടച്ചക്ക കൊണ്ട് കൊറേ കറികൾ അറിയാം. പുഴുക്ക് വെക്കും ചെലപ്പോ. മാസത്തിൽ രണ്ടു തവണ അപ്പാപ്പൻ മീൻ മേടിക്കും. അല്ലെങ്കിൽ ഉണക്കമീൻ വറക്കും.”
“ശ്ശൊ എനിക്കിതൊന്നും അറിയത്തില്ലല്ലോ ഉണ്ടാക്കാൻ!”
“അതിനിപ്പോ എന്താ.. അമ്മയില്ലേ വീട്ടിൽ.”
റോയ് പറഞ്ഞതേ ഞാൻ കേട്ടൊള്ളൂ. ഇരുണ്ട വഴിയിൽ മുഖം കണ്ടില്ല. ഞാൻ ഉണ്ടെന്നു മൂളി.
“ഞാൻ എന്നാവെച്ചാലും എന്റെ മമ്മിയുണ്ടാക്കുന്ന അതേ രുചിയാന്നാ അപ്പാപ്പൻ പറയുന്നെ.”
“ആണോ, എന്നാൽ ഒരു ദിവസം എനിക്ക് എന്തെങ്കിലും വെച്ചു വിളമ്പു കേട്ടോ, കൊള്ളാവോന്നു നോക്കട്ടേ..” ഞാൻ കളിപറഞ്ഞു.
“അതിനെന്താ. ഒരു ദിവസം ചോറ്റുപാത്രം എടുക്കണ്ടാ. ഒരു പൊതി കൂടുതൽ ഞാൻ എടുത്തോളാം. മതിയോ.”
“അയ്യോ അതൊന്നും വേണ്ട. ഇതിലേ ടൂഷൻ കഴിഞ്ഞു പോകുമ്പോ എന്നതേലും കൊണ്ടുത്തന്നാ മതി.”
“അങ്ങനെയങ്കിയങ്ങനെ..”
“റോയ് ..”
“എന്തോ..”
“തന്റെ മമ്മി എങ്ങനെയാ.. മരിച്ചേ ..” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.
റോയ് മിണ്ടിയില്ല.
“സോറി കേട്ടോ, അറിയാതെ ചോദിച്ചു പോയതാ.”
കയറ്റം കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ കിതച്ചു നിന്നു. റോയ് അപ്പോഴും എന്തോ ഓർത്തു മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഇനി ചിലപ്പോ അവനെന്നോട് ഒരിക്കലും മിണ്ടില്ലേ എന്ന് തോന്നി. വീടടുത്തിയപ്പോഴാണ് റോയ് എന്നെ തിരിഞ്ഞു നോക്കിയത്. പൊതി രണ്ടും വരാന്തയിൽ കൊണ്ടു വെച്ചിട്ട് അയാൾ തിരിച്ചു വന്നു. എനിക്കെന്തോ മുഖത്ത് നോക്കി സംസാരിക്കാൻ മടി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
“മമ്മിയെങ്ങനെയാ പോയതെന്ന് എന്റെ കൂട്ടുകാരൊന്നും ചോദിച്ചിട്ടില്ല. അതാ ഞാൻ .. ഇവിടെ അടുത്തൊള്ളവർക്കെല്ലാർക്കും അറിയാം.”
“സോറി. പറയണ്ട റോയ് .. അബദ്ധത്തിൽ ചോദിച്ചു പോയതാ”
“ഏയ് എനിക്ക് പറയാൻ മടിയൊന്നുമില്ല. അപ്പൻ ഞങ്ങളെ ഇട്ടേച്ചു പോയത് മുതൽ മമ്മിക്ക് മാനസികരോഗം ഉണ്ടാരുന്നു. ഇവിടുന്നു അപ്പാപ്പൻ മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുവാരുന്നു. എല്ലാം മാറി മമ്മി സുഖപ്പെട്ടു വന്നതാരുന്നു. എന്നേം കൊണ്ട് പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. പെരുന്നാളിന്റന്നു പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റടുത്തുള്ള വീട്ടുകാരെ പള്ളിമുറ്റത്തു വെച്ചു കണ്ടു സംസാരിച്ചാരുന്നു. അങ്ങനാ അപ്പാപ്പൻ പറയുന്നേ. പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത്, മമ്മിയേ മുകളിൽ നിന്ന് കുറേ പേരൊക്കെ ചേർന്ന് അഴിച്ചെടുക്കുന്നത് കണ്ടാ. മമ്മി.. അങ്ങനെ.. അങ്ങനെയാ പോയത്.”
റോയ് ഒരു തവണ കൂടി എന്റെ കണ്ണിൽ നിന്ന് നോട്ടമെടുത്തില്ല. പക്ഷെ എന്നെ അയാള് കണ്ടതുമില്ല. അപ്പോഴേക്കും വരാന്തയിൽ നിന്ന് അപ്പാപ്പന്റെ വിളി വന്നു.
“ഞാനെന്നാ പോട്ടെ റോയ്. സ്‌കൂളിൽ വെച്ചു കാണാം.”
റോയ് തലയാട്ടി.
ഒരുതരത്തിൽ അവിടുന്ന്, അയാളുടെ മുന്നിൽ നിന്ന് ഓടി രക്ഷപെടുവാരുന്നു. എന്നെക്കാൾ ഒരുപാട് പ്രായം തോന്നി അന്ന് റോയിക്ക്. പതിനഞ്ചുകാരന്റെ മുഖമോ വാക്കുകളോ നോട്ടങ്ങളോ ഒന്നുമില്ല. അമ്മ വാങ്ങിത്തരുന്ന പുതിയ ഉടുപ്പുകളും അച്ഛൻ കൊണ്ടുപോയി കാണിക്കുന്ന സിനിമകളും കൂട്ടുകാരികളുടെ പരദൂഷണം പറച്ചിലും അനിയത്തിയുടെ അടിപിടികളും മാത്രമാരുന്നു എന്റെ വല്യ ചിന്തകൾ. പിന്നെ ഒരു പത്താംക്‌ളാസ് പരീക്ഷയും. വേദനയും നെഞ്ചുപിടയുന്ന വാർത്തകളും ഒന്നും എന്നെ തൊട്ടിട്ടില്ല. അന്നുവരെ.
ദീപാരാധന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളെയും കൊണ്ട് ചിന്തിക്കടയിൽ കയറി. അനിയത്തി എന്തൊക്കെയോ വാരിക്കൂട്ടുന്നുണ്ട്. ഒക്കെയും നാളെമുതൽ വീടിന്റെ ഓരോ കോണിൽ ചിതറിക്കിടക്കും.
അമ്മ എന്നോട് വളകളും മാലകളും നോക്കാൻ പറഞ്ഞു. അനിയത്തിക്ക് തലയിൽ വയ്ക്കാനുള്ള ബാൻഡും പ്ലാസ്റ്റിക് ബൊമ്മയുമൊക്കെ എടുക്കുന്നുണ്ട്.
അമ്മയ്ക്ക് പകരം റോയിയുടെ മമ്മി, അനിയത്തിക്ക് പകരം കൊച്ചു റോയ്. പള്ളിമുറ്റം .. ചിന്തിക്കട ..
ഒരു നിമിഷം ഞാൻ കണ്ണിറുക്കിത്തുറന്നു.