Posted in Malayalam Stories, people, places, romance, Short Stories

ബോഗേന്‍വില്ല

6891267-free-bougainvillea-wallpaper

മഴ തോരാത്ത രാത്രിയില്‍ അമ്മയെ സ്വപ്നം കണ്ട് അരണ്ട വെളിച്ചത്തിലൊളിച്ചിരുന്ന പാതിരാത്തണുപ്പിലേയ്ക്കും, ആ പഴകിയ വീടിന്‍റെ  തുരുമ്പുപിടിച്ച ജനാലയില്‍നിന്നും സദാ പുറത്തുവന്നുകൊണ്ടിരിക്കുന്ന, അധികമാര്‍ക്കും കുറേനേരം സഹിക്കാനാവാത്ത പ്രത്യേകഗന്ധത്തിലേയ്ക്കും അയാള്‍ കണ്ണു തുറന്നു. വളരെവേഗം വന്ന കാറ്റില്‍ ഒരു കൈക്കുമ്പിള്‍ വെള്ളം അയാളുടെ മുഖത്തും കഴുത്തിലുമായി കുടഞ്ഞുവീഴ്ത്തിയിട്ട് മഴ അടുത്ത ജനാല വഴി വേറെയെങ്ങോ പോയി.

തലയണയുടെ കീഴില്‍ നിന്നും സിഗരറ്റും ലൈറ്ററും തപ്പിയെടുത്ത് എഴുന്നേറ്റു.

നശിച്ച മഴ !

കര്‍ക്കിടകം..

മഴയൊന്നു പതുങ്ങിയപ്പോള്‍ താഴെനിന്ന് തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്ക് ഉറക്കവുമില്ലേ !! പിറുപിറുത്തുകൊണ്ട്‌ അയാള്‍ അടുക്കള ഭാഗത്തേക്ക് നീങ്ങി. ഉറങ്ങുന്നതിനു മുന്നേ കുടിച്ചിട്ട് ബാക്കി വന്ന കട്ടന്‍കാപ്പി ഗ്യാസ്സടുപ്പിനു മുകളില്‍ വച്ചു ചൂടാക്കി. അയാള്‍ ആ പഴയ വീടിന്‍റെ മുകളിലത്തെ നിലയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ താഴെ രണ്ടു വീട്ടുകാര്‍ വന്നു പോയി. അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി നോക്കിയിരുന്ന രണ്ടു പേര്‍ താമസത്തിനു വരുമെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞിരുന്നു. ഇപ്പറഞ്ഞ ഉടമസ്ഥന്‍, മാത്യു ജോസഫ്‌ കൈതേനിയില്‍ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുടുംബസമേതം ജീവിക്കുന്നു എന്നാണ് അറിവ്. ആ മനുഷ്യനെ ഇതേവരെ നേരിട്ട് കണ്ടിട്ടില്ല. മാസാമാസം രണ്ടാം തീയതി ബാങ്കില്‍ വാടക എത്തിയില്ലെങ്കില്‍ വിളി വരും. ഇത്തവണ വിളിച്ചപ്പോള്‍ മുകളിലത്തെ നില പെയിന്ട് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. ഉടനെതന്നെ അങ്ങേരു അടവ് മാറ്റി. മൂന്നു മാസം കഴിഞ്ഞാല്‍ വീട് മുഴുവന്‍ ചായം പൂശാനാണത്രേ പരിപാടി !

മുകളില്‍ ഒരു കിടപ്പുറിയും ഒരു  ഹാളും പിന്നെ അയാള്‍ അടുക്കളയാക്കി മാറ്റിയ മറ്റൊരു ചെറിയ മുറിയും മാത്രേ ഉള്ളൂ. വിശാലമായ കുളിമുറിയില്‍ പഴയ മൊസൈക്കും ചുവരുകളില്‍ മഞ്ഞയും വെള്ളയും പൂശി വേര്‍തിരിച്ചിരിക്കുന്നു. എല്ലാ ദിവസവും അവിടേക്ക് കയറുമ്പോള്‍ വല്ലാത്ത തണുപ്പാണ്. കുളിക്കുമ്പോള്‍ അയാള്‍ക്ക് മൈതാനത്ത് നില്‍ക്കുന്ന പോലെയാണ് തോന്നുക. എത്ര വൃത്തിയാക്കിയാലും പോകാത്ത പൊടിയും പഴയ മണവും ഒക്കെയുണ്ടെങ്കിലും അയാള്‍ അവിടവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേയ്ക്ക് അഞ്ചു മിനുട്ട് നടക്കാനേയുള്ളൂ, പക്ഷെ അയല്‍ക്കാരില്ല. മുന്‍വശത്ത്‌ പൂട്ടിപ്പോയ ഒരു കമ്പനി കെട്ടിടവും പിറകില്‍ ഒരു അഴുക്കുചാലിനോട് ചേര്‍ന്ന് കുറെ സ്ഥലവും കിടപ്പുണ്ട്. ഇതേ വരിയില്‍ നില്‍ക്കുന്ന മറ്റു മൂന്നു വീടുകള്‍ ഇപ്പൊ ചെറിയ ഓഫീസുകളായി വര്‍ത്തിക്കുന്നു.

അടുത്തു തന്നെയുള്ള പ്രൈവറ്റ്‌ ആര്‍ട്സ് കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനയില്‍നിന്നും, രാഷ്ട്രീയവും സിനിമയും പിന്നെ കുടുംബപുരാണവും ഉള്‍പ്പെട്ട സ്റ്റാഫ് റൂമിലെ ചര്‍ച്ചകളില്‍ നിന്നും അയാള്‍ ദിവസേന ഓടിയൊളിക്കുന്നത് ഇവിടേക്കാണ്. വൈകുന്നേരങ്ങളില്‍ തിരികെവന്ന്‌ സ്കൂട്ടറില്‍ നിന്നിറങ്ങി ഗേറ്റുതുറക്കുമ്പോള്‍ മുകളിലത്തെ ഹാളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നിര്‍മ്മിച്ച ടെറസ്സില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ബോഗേന്‍വില്ല അയാളെ നോക്കി ചിരിക്കും. ഒരുപക്ഷെ ആ വീട്ടില്‍ ഏറ്റവും സുന്ദരമായി അയാള്‍ക്ക്‌ തോന്നുന്നത് ആ പൂക്കളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള, ഭീമന്‍ വേരുകളുള്ള അതിന്റെ തണലില്‍ ഭിത്തിയോട് ചേര്‍ത്താണ് അയാള്‍ സ്കൂട്ടര്‍ വയ്ക്കുന്നത്.

നാളെ മുതല്‍ ഇനിയിപ്പോള്‍ ഗേറ്റു പൂട്ടിയിട്ടു പോവണ്ട ആവശ്യമില്ല.. ആഴ്ചതോറും തൂത്തു വരാന്‍ വരുന്ന സ്ത്രീയ്ക്ക് ഒരു പണിയും കൂടെ കിട്ടും. മൂന്നു മാസം കഴിയുമ്പോള്‍ ആ വീടിന്‍റെ നിറവും മാറും.. അയാള്‍ ഹാളിലിരുന്നു മനസ്സില്‍ കണ്ടു. ഉടമസ്ഥന്‍ അറുപിശുക്കനായതുകൊണ്ട് വെള്ളപൂശി നിര്‍ത്താനും മതി. ഇനി അയാള്‍ പൈസ തന്നില്ലെങ്കിലും കുളിമുറിയില്‍ തനിക്കിഷ്ടമുള്ള നിറം മതി. അയാള്‍ തീരുമാനിച്ചു.

താഴെ നിന്നുമുള്ള ശബ്ദങ്ങള്‍ നിന്നു. രാവിലെ കോളേജിലേയ്ക്ക് ഇറങ്ങുമ്പോള്‍ അവര്‍ അവിടുണ്ടെങ്കില്‍ പരിചയപ്പെടാം. അയാള്‍ കിടന്നു.

രാവിലെ ആരെയും കണ്ടില്ല.. പക്ഷെ മുറ്റം നന്നായി തൂത്തു വൃത്തിയാക്കിയിരിക്കുന്നു.

സന്ധ്യയോടെ കോളേജ് വിട്ടെത്തി. മഴ ചെറുതായി ചാറാന്‍ തുടങ്ങിയിരിക്കുന്നു. ഗേറ്റ് തള്ളിത്തുറന്ന് ഹെല്‍മെറ്റഴിച്ച് പതുക്കെ സ്കൂട്ടര്‍ മുന്നോട്ടെടുത്തു. ബോഗേന്‍വില്ലയുടെ ചുവട്ടില്‍ ചിത്രങ്ങളിലൊക്കെ കാണുംവിധം മനോഹരിയായ  ഒരു സ്ത്രീ വായനയില്‍ മുഴുകിയിരിക്കുന്നു.

താമസക്കാരായി പ്രതീക്ഷിച്ചത് രണ്ടു ചെറുപ്പക്കാരെയാണ്. ചിലപ്പോള്‍ കൂടുതല്‍ വാടകയ്ക്ക് ഈ കുടുംബത്തെ കിട്ടിക്കാണും. അയാള്‍ സ്കൂട്ടെറില്‍ നിന്നിറങ്ങി.

“നമസ്കാരം”

ഒരു ചെറിയ കാറ്റു വീശി. അവര്‍ തിരിഞ്ഞു നോക്കിയപാടെ നീണ്ട മുടിയിഴകള്‍ രണ്ടു വശങ്ങളിലേയ്ക്കും മാറി, ആ മുഖം നന്നായി കാണാനായി.

ആദ്യമേ കണ്ണില്‍ പെട്ടത് വലിയ കറുത്ത പൊട്ടും അതിനു മേലെയുള്ള ഭസ്മക്കുറിയുമാണ്‌. സിന്ദൂരരേഖയില്‍ രാസ്നാദിചൂര്‍ണ്ണവും കുങ്കുമവും കൂടിക്കലര്‍ന്നുകിടക്കുന്നു. കണ്മഷി പടര്‍ന്ന കണ്‍തടങ്ങളില്‍ നനുത്ത എണ്ണമയം. മുഖത്ത് പക്ഷെ സന്യാസിനിയുടെ നിര്‍വ്വികാരത.

“ആരാ” ശബ്ദമിടറിക്കൊണ്ട് അവര്‍ ചോദിച്ചു.

“എന്റെ പേര് മനു.. മുകളിലത്തെ നിലയില്‍ ഞാനാണ് താമസിക്കുന്നത്”

പശപറ്റാത്ത ഖാദി സാരി തട്ടിക്കുടഞ്ഞ് അവരെഴുന്നേറ്റു.

“അദ്ദേഹം വരാറായി, ചെല്ലട്ടേ..” സൗമ്യമായ ചിരിയില്‍ അവര്‍ വീടിനുള്ളിലേയ്ക്ക് നടന്നു.

ആ സ്ത്രീയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ അഭിപ്രായം പെട്ടെന്ന് തന്നെ മാറി. ഒന്നുകില്‍ വീടിനു മുകളില്‍ ഒരാളു താമസിക്കുന്നു എന്നതില്‍ അത്ര താല്പര്യമില്ല. അല്ലെങ്കില്‍  ഭര്‍ത്താവ് വന്നുകയറുമ്പോള്‍ അന്യപുരുഷനുമായി സംസാരിച്ചുനില്‍ക്കണ്ട എന്ന് കരുതിയിട്ടാവാനും മതി. എന്തുതന്നെയാണെങ്കിലും സ്വതവേ ഇത്തിരി ആത്മാഭിമാനം കൂടുതലുള്ളതിനാല്‍ ഇനിയങ്ങോട്ട് ഒരു സംഭാഷണത്തിനും മുന്‍കൈയെടുക്കാതിരിക്കാനുള്ള തീരുമാനവുമെടുത്ത്‌ അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറി. എന്തോ ഓര്‍ത്തു തിരിച്ചുവന്ന് ബൊഗെന്‍വില്ലയുടെ ചുവട്ടില്‍ നിന്നും സ്കൂട്ടര്‍ തള്ളിനീക്കി സ്റ്റെയര്‍കേസിന് കീഴിലായി കൊണ്ടുവച്ചു.

അടുത്ത ദിവസം അയാള്‍ മുറ്റത്തുകൂടെ സ്കൂട്ടെറുമെടുത്തു വേഗം സ്ഥലം വിട്ടു. ഗേറ്റു തുറന്നുകിടന്നിരുന്നു, അയാള്‍ അതൊട്ടടയ്ക്കാനും പോയില്ല. ഒഴിവുള്ള പിരീഡുകളില്‍ ഒന്നുരണ്ടു തവണ വളരെ വ്യക്തമായിത്തന്നെ ആ സ്ത്രീയുടെ മുഖം അയാളോര്‍ത്തു. ബൊഗേന്‍വില്ലയുടെ ചുവട്ടില്‍ ഇളം നിറമുള്ള ഖാദിസാരിയില്‍.. ഭസ്മക്കുറിയില്‍.. അവരുടെ കഴുത്തില്‍ നേര്‍ത്ത ഒരു കരിമണിമാല ഉണ്ടായിരുന്നോ.. കൈയില്‍ വളകള്‍ കണ്ടില്ലല്ലോ. അസാധാരണത്വം നിറഞ്ഞ ആ രൂപത്തില്‍ നിന്നും തനിക്കുച്ചുറ്റിനും ഇരിക്കുന്ന അധ്യാപികമാരുടെ ആടയാഭരണങ്ങളിലേയ്ക്ക് അയാളുടെ കണ്ണുകള്‍ പരതിമാറി.

അന്നുവൈകുന്നേരവും അവരെ കണ്ടില്ല. സന്ധ്യാനേരത്ത് ഹാളിനു പുറത്ത് ടെറസ്സില്‍ ഒരു കാപ്പിയും പുസ്തകവുമായി നിന്നു.. ഒരു മണിക്കൂറോളം ഏതോ ഒരു താളില്‍ കണ്ണുറപ്പിച്ച് ബൊഗെന്‍വില്ലയുടെ തഴച്ചുപടര്‍ന്നുപിടിച്ച ശിഖരങ്ങള്‍ക്കിടയിലൂടെ കാണാന്‍ പറ്റുന്ന, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മുറ്റത്തേയ്ക്ക് ഒരിക്കലെങ്കിലും അവരിറങ്ങി വന്നാലോ എന്നാലോചിച്ച്. അത്താഴമുണ്ടാക്കിയിട്ടില്ല, മനു അകത്തേയ്ക്ക് കയറി. സാധാരണ ഗോതമ്പോ മൈദയോ കൊണ്ടുള്ള രണ്ടു മൂന്ന്‍ ദോശയാണ് പതിവ്.. മുളക് ചമ്മന്തിയും. ചരുവത്തിലേയ്ക്ക് ഒരു കപ്പ് പൊടി പകര്‍ന്നതും മുന്‍വശത്തെ വാതിലില്‍ ആരോ തട്ടിവിളിക്കുന്നത് കേട്ടു.

കതക് തുറന്നതും അയാളുടെ ഹൃദയമിടിപ്പ്‌ കൂടി..

“താഴെ ഉച്ച മുതല്‍ കറന്റില്ല.. കുറച്ചു മുന്നേ നോക്കിയപ്പോള്‍ ഇവിടെ ലൈറ്റിട്ടിരിക്കുന്നത് കണ്ടു. മെയിന്‍സ്വിച്ച് താഴയല്ലേ.. ഒന്ന് വന്നു നോക്കാമോ..” അവര്‍ മടിയോടെ പറഞ്ഞു തീര്‍ത്തു.

“അതിനെന്താ.. ഇപ്പോള്തന്നെ വരാം..”

വാതില്‍ ചാരി മനു അവരുടെ പിന്നാലെ പടികളിറങ്ങി.

മുടി വൃത്തിയായി മെടഞ്ഞിട്ടിരിക്കുന്നു. കറുപ്പില്‍ ചാരനിറത്തിലുള്ള പുള്ളികളുള്ള ഉടഞ്ഞ സാരി. ഇരുമ്പുതകിടില്‍ പൊതിഞ്ഞ കൈവരിയില്‍ അവരുടെ കൈ വളരെ മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. അതെ.. വളകളില്ല. നീണ്ട വിരലുകളില്‍ ചായം പൂശിയിട്ടുമില്ല. പടികള്‍ കഴിയുന്നതിനു മുന്നേ അവര്‍ തിരിഞ്ഞു നോക്കി, മനുവിനെയല്ല.. അയാളുടെ പ്രിയപ്പെട്ട ബോഗേന്‍വില്ലയെ..

ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു..

വരാന്തയില്‍ നിന്നും വാതില്‍ തുറന്ന് അവര്‍ അകത്തുകയറി. അയാള്‍ ആദ്യമായിട്ടാണ് താഴത്തെ വീടിനുള്ളിലേയ്ക്ക് കയറുന്നത്.. എങ്ങോട്ട് നീങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ ഒരു ടോര്‍ച്ചുമായി വന്നു.

“വരൂ..” വെളിച്ചം കാണിച്ചുകൊടുത്ത് അവര്‍ മുന്നേ നടന്നു.

കിഴക്ക് ഭാഗത്തുള്ള, ഒരു കൊച്ചുമുറിയില്‍ നിലയലമാരയ്ക്ക് വലതുവശത്തായി മാറാല പറ്റിച്ചേര്‍ന്നുകിടക്കുന്ന പഴയ ഇളംപച്ച മെയിന്‍സ്വിച്ച് ബോക്സ്‌. മുണ്ട് മടക്കിക്കുത്തി അയാള്‍ ബോക്സ്‌ തുറന്നു.. തനിക്ക് പുറകില്‍ നില്‍ക്കുന്ന ആളിന്‍റെ നിശ്വാസം മനുവിന് നന്നായി കേള്‍ക്കാം. ഫ്യുസുകള്‍ ഓരോന്നായി ഇളക്കിയെടുത്ത് ടോര്‍ച്ചിന്റെ വെട്ടത്തിലേയ്ക്ക് പിടിച്ച് നോക്കി.. ചിലതിനകത്ത് പ്രാണികള്‍ കൂടുകൂട്ടിയിരിക്കുന്നു.

“മുകളില്‍ വേറെ ലൈനാണോ കൊടുത്തിരിക്കുന്നത്?” നിശബ്ദദ ഭേദിച്ചുകൊണ്ട് അവര്‍ ചോദിച്ചു

“മീറ്ററും മെയിന്‍ സ്വിച്ചും വേറെയാണ്.. ഇതിപ്പോള്‍ കുറച്ചുനാള്‍ ഉപയോഗിക്കാതെ കിടന്നതല്ലേ, അതാവും.”

“ഉച്ചയ്ക്ക് മിക്സി ഉപയോഗിക്കാന്‍ തുടങ്ങിയതും കറന്റ് പോയി..”

“നോക്കാം..”

അയഞ്ഞു കിടക്കുന്ന എല്ലാ കോപ്പര്‍ നാടകളും കൃത്യമായി ഇറുക്കിക്കെട്ടി അയാള്‍ ബോക്സ്‌ അടച്ചുപൂട്ടി. പുറത്തെ ഹാന്‍ഡില്‍ ശക്തിയില്‍ താഴോട്ടുവലിച്ച് ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ വെട്ടം വീണു.

“താങ്ക്സ്..”

ആ മുറിയുടെ ഒരു കോണില്‍ നില്‍ക്കുന്ന അവരുടെ മുഖത്ത് മഞ്ഞ വെളിച്ചം പകര്‍ന്ന എന്തോ ഒരു പ്രത്യേകതയില്‍ അയാള്‍ ഒരുനിമിഷം പെട്ടുപോയി.

“സോറി.. എനിക്ക് നിങ്ങള്‍ രണ്ടുപേരുടെയും പേരറിയില്ല”

“ഉമ.. അദ്ദേഹത്തിന്‍റെ പേര് അലക്സ്‌”

“പ്രണയവിവാഹം..” മനു ചിരിച്ചുകൊണ്ട് ചോദിച്ചു.

“എത്ര പെട്ടെന്ന് കണ്ടുപിടിക്കാം അല്ലേ..” മനുവിന്റെ ചിരി മെല്ലെ മാഞ്ഞു.

“ഉമയെ കണ്ടാല്‍ പെട്ടെന്ന് മനസിലാകും”

“അറിയാം”

“അലക്സ് എന്തു ചെയ്യുന്നു..”

“ബിസിനസ്..”

“എവിടെ..”

“സിറ്റിയില്‍ ഒരു ഷോപ്പിംഗ് കോംപ്ലെക്സ് പണിതീരുന്നു.. അവിടെ അലക്സിനു ഒരു ട്രാവല്‍ ഏജന്സിയുമുണ്ട്.”

“ആഹാ..”

“ഉമയുടെ നാട്..?”

“തൃശൂര്‍”

“ഞാന്‍ പാലക്കാട്..”

നിന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല എന്നാ ബോധം വന്നതോടെ അയാള്‍ ചെറുതായൊന്നു പരുങ്ങി.

“ഞാനെന്നാ..”

“ഉം..” പെട്ടെന്ന് അയാളുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ അവര്‍ ശ്രദ്ധിച്ചു.

“കുടിക്കാന്‍ എന്തെങ്കിലും ? ചായ..? ഇരിക്കൂ.. ഞാനിപ്പൊ വരാം” അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഉമ അടുക്കളയിലേയ്ക്ക് പോയി.

മനു വരാന്തയില്‍ ഇറങ്ങിയിരുന്നു.

പ്രണയവിവാഹം കഴിഞ്ഞിട്ടും നിറപ്പകര്‍ച്ചയില്ലാത്ത ഒരു സ്ത്രീ.. ചിലപ്പോള്‍ തനിയെ തിരക്കുപിടിച്ച ഈ പുതിയ ജീവിതം അവര്‍ പ്രതീക്ഷിച്ചുകാണില്ല.

ചായയുമായി വന്നപ്പോള്‍ ഉമയാണ് സംസാരിച്ചുതുടങ്ങിയത്.

“കുറെ നാളായോ ഇവിടെ ..?”

“ഒരു വര്‍ഷം”

“ഞങ്ങള്‍ കുറച്ചു മാസങ്ങള്‍ മാത്രമേ ഇവിടെ കാണുള്ളൂ.”

“അതെന്തേ..”

“പുതിയ ഫ്ലാറ്റു ബുക്ക് ചെയ്തിട്ടുണ്ട്.. ആറു മാസം കൂടിയെടുക്കുമത്രേ. അതുവരെ ഇവിടെ.” ഉമ എന്തോ ആലോചിച്ചു നിന്നു.

“നല്ലതല്ലേ.. അല്ലെങ്കില്‍ തന്നെ നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് ഇവിടെ പറ്റിയെന്നു വരില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന എന്നെപ്പോലെയുള്ള ചില മനോരോഗികള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരും. അതും ഉറപ്പില്ല.”

ഉമ ചിരിച്ചെന്നു വരുത്തി.

“എനിക്ക് വീട് ഒരുപാടിഷ്ടായീട്ടോ.. പ്രത്യേകിച്ച് മുകളിലത്തെ ഭാഗം.”

“ആഹാ.. പക്ഷേ മുകളില്‍ ഇത്ര സൗകര്യമില്ല കേട്ടോ..”

“പുറത്തേക്കുള്ള വരാന്ത എത്ര ഭംഗിയാണ്.. നല്ല തണുപ്പും തണലുമില്ലേ അവിടെ..”

“ഉം..” അയാള്‍ക്ക് പിന്നീടൊന്നും വിശദീകരിക്കാന്‍ തോന്നിയില്ല.

ചായ കുടിച്ചു.. ഇഞ്ചിചതച്ചിട്ട് മധുരം പാകത്തിനിട്ട, കടുപ്പമുള്ള ചായ. അമ്മയെ ഓര്‍ത്തു.

തിരിച്ചു പടികള്‍ കയറുമ്പോള്‍.. ഉമ അകത്തുകയറി വാതില്‍ കുറ്റിയിടുന്നത് തുറന്നുകിടന്നിരുന്ന ജനാലയ്ക്കിടയിലൂടെ അയാള്‍ കണ്ടു. ചായക്കപ്പില്‍ ഇനിയും ചൂട് ബാക്കിയുണ്ടോ.. അയാളുടെ കാഴ്ച്ചക്കപ്പുറത്തേക്ക് ഒരു കുസൃതിച്ചിന്ത പോയി.. ഒരുപക്ഷേ അവരുടെ ചൂടുകയറിയ വലതുകൈപത്തി കരിമണിമാലയൊട്ടിക്കിടക്കുന്ന കഴുത്തില്‍ ഒരു നിമിഷം ചേര്‍ത്തുവച്ചിട്ടുണ്ടാവാം.

മനുവിന്‍റെ മടുപ്പിക്കുന്ന ദോശയും മുളക് ചമ്മന്തിയും അന്ന് കൂടുതല്‍ രുചിയുള്ളതായി. ഒരു വര്‍ഷമായി താഴെയുള്ള മുറികളെപ്പറ്റി അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തിട്ടില്ല. ഇപ്പോള്‍ അയാള്‍ക്ക് ചുറ്റിനും താഴത്തെ മുറികളാണ്. തന്നെപ്പോലെ നിശബ്ദദയില്‍ ജീവിക്കുന്ന ഒരാള്‍ അവിടെ. വെറുതേ ഓര്‍ക്കാന്‍ .. ഒരു കൂട്ടുപോലെ.

രാത്രിയില്‍ എപ്പോഴോ ഒരു കാര്‍ വന്നു പാര്‍ക്കുചെയ്യുന്നത് അയാള്‍ കേട്ടു. കുറച്ചുകഴിഞ്ഞ് വാക്കുതര്‍ക്കവും വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദവും മറ്റും..

നിറങ്ങളില്ലാത്ത കുരുക്കില്‍പ്പെട്ട ഒരു പെണ്‍ജീവിതം മനുവിന്‍റെ ഉറക്കംകെടുത്തി.

ഓരോ ദിവസവും രാവിലെയും വൈകിട്ടും അവര്‍ തമ്മില്‍ കാണും.. ആദ്യമൊക്കെ യാദൃശ്ചികമായി.. പിന്നീട് അറിഞ്ഞും അറിയാതെയും.. രണ്ടോ മൂന്നോ നിമിഷങ്ങള്‍ എങ്കിലും, ഏറ്റവുമടുത്ത് ഉമയെ കാണുന്ന ദിവസം അയാളില്‍ ഉടനീളം പുഞ്ചിരി സമ്മാനിക്കും. രാത്രിയില്‍ താഴെ നിന്ന് കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ അയാള്‍ക്ക്‌ പ്രത്യേകതരത്തിലുള്ള ഒരു സന്തോഷം കൊടുത്തുതുടങ്ങി. നിറങ്ങളില്ലാത്ത ആ സ്ത്രീയ്ക്ക് ചുറ്റിനും കടുംനിറത്തില്‍ മനോഹരമായ കടലാസ്സുപൂക്കള്‍ അടര്‍ന്നുവീണുകഴിഞ്ഞു, അനുമതിയില്ലാതെ.

ഒരു വൈകുന്നേരം അവരെ കണ്ടില്ല.. അന്നുരാത്രി താഴെ വെട്ടവും കണ്ടില്ല. അവര്‍ എവിടെയ്ക്കോ പോയിരിക്കുന്നു. അത്താഴം കഴിക്കാതെ ധാരാളമായി പുകവലിച്ചുകൊണ്ടിരുന്നു മനു.. അസ്വസ്ഥനായി.. ഉമയെ അടുത്ത രണ്ടുദിവസങ്ങളില്‍ അയാളുടെ കണ്ണുകള്‍ തേടിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ മുറ്റത്തിറങ്ങി ഉലാത്തിയും, രാത്രികളില്‍ ഉറങ്ങാതെ വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദത്തിനായും അയാള്‍ കാത്തിരുന്നു.

അവരോടുള്ള ദേഷ്യവും സങ്കടവും ക്ലാസ്സില്‍ തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെ അയാള്‍ തീര്‍ത്തു. താനൊരു വിഡ്ഢിയാണെന്ന് സ്വയം പറഞ്ഞു ധരിപ്പിച്ചു. അല്ലെങ്കില്‍ത്തന്നെ വിവാഹിതയായ ആ സ്ത്രീയില്‍ എന്തു പ്രതീക്ഷിച്ചാണ് ഇത്രയും സമയം കളയുന്നത്! ഈ പാഴ്ചിന്തകള്‍ തന്നെപ്പോലെ കുടുംബത്തില്‍പിറന്ന ഒരാണിനു ചേര്‍ന്നതല്ല. ആ സ്ത്രീയെ ഇനി കാണേണ്ടതില്ല.. അവരറിയാതെ അവരെ നോക്കേണ്ടതില്ല.. അവരുടെ വസ്ത്രവും മുഖഭാവവും തന്‍റെ ഒരു ദിവസത്തെ ബാധിക്കാനേ പാടില്ല !

അന്ന് രാത്രി അയാളില്‍ പതിവില്ലാതെ ഒരൂര്‍ജ്ജം കാണപ്പെട്ടു. അത്താഴം നേരത്തെ കഴിച്ചു കിടക്കണം. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ താഴെ ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം. മനു ജോലി തുടര്‍ന്നു. പത്തുമിനുട്ട് കഴിഞ്ഞ് വാതിലില്‍ ആരോ തട്ടി. പുറത്ത് മഴ പെയ്യുന്നതുകൊണ്ട് വളരെ താമസിച്ചാണ് മനു അതുകേട്ടത്.

ഉമ !

വാതില്‍ തുറന്നതും അയാളെ നോക്കാതെ അവര്‍ അകത്തേയ്ക്കുകയറി. മനു അതിശയത്തോടെ അവരെ നോക്കിനിന്നു. ഉമ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു. ആ മുറിയിലെ അരണ്ടവെളിച്ചത്തില്‍ മനു എന്തുചെയ്യണമെന്നറിയാതെ നിന്നു.

“എന്തുപറ്റി”

കേട്ടതും ഉമ തിരിച്ചുവന്ന് വാതിലടച്ചു. എന്നിട്ട് തിരിഞ്ഞുനിന്നു മനുവിനോട് ചോദിച്ചു..

“കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം തരുമോ”

മനു വേഗം പോയി വെള്ളവുമായി വന്നു.

“ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..”

“ഏയ്‌ ഇല്ലാ… പറയൂ എന്ത് പറ്റി, രണ്ടുദിവസമായി ഉമയെ കണ്ടില്ലാ..” അയാള്‍ അവരില്‍നിന്നും നോട്ടം മാറ്റി.

“ഞാന്‍ താഴെത്തന്നെ ഉണ്ടായിരുന്നു.. ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയി.”

“ഓഹ്..ഞാന്‍ വിചാരിച്ചൂ..”

“പറയാതെ എങ്ങോ പോയീന്ന്.. അല്ലേ..”

തമ്മില്‍ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

“അലക്സ്?”

“അറിയില്ലാ..”

“മനസിലായില്ല..” മനു ചോദിച്ചു.

“എനിക്കും ഒന്നും മനസിലായില്ല മനൂ.. രണ്ടു ദിവസമായി വന്നിട്ടില്ല. ഒരു രാത്രി എന്നോട് വഴക്കിട്ടു പോയതാണ്. എന്നോട് തിരികെ വീട്ടിലേയ്ക്ക് പോയ്ക്കോളാന്‍ പറഞ്ഞു.”

ഉമ അയാളുടെ അടുത്തേയ്ക്ക് വന്നു..

“എത്ര കനിവോടെയാണ് നിങ്ങള്‍ എന്നെ നോക്കുന്നത്.. കള്ളിയെപ്പോലെ രണ്ടു ദിവസം ഇതേ നോട്ടങ്ങളില്‍നിന്നും ഒളിച്ചിരുന്നു ഞാന്‍. വന്നു പറയണം എന്ന് തോന്നി. മനൂ, ഞാനൊരു പരാജയമാണ്. ഒരിക്കല്‍ ചെയ്ത തെറ്റില്‍ ജീവപര്യന്തം ശിക്ഷ വാങ്ങുന്നവള്‍. ഈ ജയില്‍വാസം എന്നെയും കൊണ്ടേ പോകൂ. പരോളിലിറങ്ങി ദിവസങ്ങളുടെ മാത്രം സന്തോഷം എനിക്ക് വേണ്ട. ഇനി മറിച്ചു തോന്നുന്ന പക്ഷം ഞാന്‍ ഈ വീടും കടലാസ്സുപൂക്കളും പിന്നെ അതിനു ചുവട്ടില്‍ സ്കൂട്ടര്‍ പൂട്ടിവയ്ക്കുന്ന ഈ ആളിനെയും തേടി വരാം.”

ഉമ തിരികെ നടന്നു.. വാതില്‍ തുറന്ന് പടികളിറങ്ങി.. വളകളില്ലാത്ത വലതുകൈ ഇരുമ്പു റെയിലില്‍ പിടിച്ചു താഴോട്ട്..

മനു നിശ്ചലനായി നിന്നു. തിരികെ വിളിക്കാന്‍ തോന്നിയില്ല.. അവകാശവുമില്ല. ഒരുപക്ഷെ ആ സ്ത്രീയോട് അയാള്‍ക്ക്‌ ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയത് അപ്പോഴാണ്.

അലക്സും ഉമയും മാസങ്ങള്‍ക്ക് ശേഷം വീടുമാറി. നഗരമധ്യത്തില്‍ ഏതോ ഒരു ഫ്ലാറ്റുസമുച്ചയത്തിന്‍റെ ഒരു കോണില്‍ പുസ്തകവും പിടിച്ചിരിക്കുന്ന ഉമയെപ്പറ്റി മനു ഓര്‍ക്കാറില്ല. അതേസമയം ഓരോദിവസവും കോളജുവിട്ടു വന്നുകയറുമ്പോള്‍.. ബോഗേന്‍വില്ലയ്ക്കു കീഴെ അയാള്‍ ഒരുനിമിഷം തന്‍റെയാ പ്രിയപ്പെട്ട സ്ത്രീയെ സങ്കല്‍പ്പിക്കും.

നിറങ്ങളില്ലാത്ത ഖാദിസാരിയില്‍.. കറുത്ത വട്ടപ്പൊട്ടില്‍.. ഭസ്മക്കുറിയില്‍.

Posted in Malayalam Stories, Short Stories

എത്രയും പ്രിയപ്പെട്ട ഉണ്ണിയേട്ടന്..

housewife

എത്രയും പ്രിയപ്പെട്ട ഉണ്ണിയേട്ടന്,

ഇന്നലെ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു. ഈയിടെയായി ലേശം കൂടെ ഉറങ്ങാറില്ല. ഉറക്കം നടിച്ചു കിടക്കും. കാലത്ത് നാലോ അഞ്ചോ മണിയാവുമ്പോള്‍ ഒന്ന് കണ്ണടയ്ക്കും. ക്ഷീണം കൊണ്ട്. ഉടനെതന്നെ മുറ തെറ്റിക്കാതെ കയറി വരും സ്വപ്നങ്ങള്‍.

ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം ഉണ്ണിയേട്ടന്‍ തന്നെ. ഇടയ്ക്ക് അമ്മയെയും മൂത്ത അമ്മാവനെയും ഒക്കെ കണ്ടിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ അവര്‍ രണ്ടുപേരും ഉണ്ണിയേട്ടനും മാത്രേ എനിക്കുള്ളൂ. അമ്മ വളര്‍ത്തി, അമ്മാവന്‍ വിവാഹം ചെയ്തയച്ചു. കടമകള്‍ തീര്‍ത്ത്, അവര്‍ പോയി.

നമ്മുടെ കല്യാണം ഓര്‍ക്കുന്നുണ്ടോ..

അന്ന് ഞാനുടുത്തിരുന്ന മുണ്ടും നേര്യതും ചുവന്ന ജാക്കറ്റും ഇന്നും എന്‍റെ അലമാരയിലുണ്ട്. ചെറുതായി കരിമ്പനടിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ ഇടയ്ക്ക് അതെടുത്തുടുക്കും. വിവാഹത്തിന് രണ്ടുദിവസം മുന്‍പ് അമ്മാവന്‍ എന്നെയും അമ്മയെയും കൊണ്ടുപോയി തട്ടാന്‍റെ വീട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണങ്ങള്‍.. വെള്ളക്കല്ലില്‍ പണിത ചുട്ടിയും ചെയിനും, നീണ്ട മാലയിലെ വലിയ ഗുരുവായൂരപ്പന്‍റെ ലോക്കറ്റും വളകളും ജിമുക്കിയും..

കല്യാണപ്പിറ്റെന്ന്‍ രാവിലെ എടുത്തു കൊണ്ട് വന്ന ചായയുടെ അതേ ചൂടിലും മധുരത്തിലും സ്നേഹബഹുമാനങ്ങളിലും എന്‍റെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പോയി.  ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയായും ആരോഗ്യത്തോടെയും ജീവിച്ചുവന്നു. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാതെ ഇരുന്നാല്‍ എനിക്ക് വലിയ സമാധാനമാണ്. ഇരുണ്ട് മെലിഞ്ഞ കഴുത്തും മുഖത്തെ കറുത്ത പാടുകളും ശോഷിച്ച കൈകളും, പിന്നെ കുഴിഞ്ഞ കണ്ണുകളും. ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ ഇതിലും സുന്ദരിയായിരുന്നു. ഒരു കടും നിറത്തിലുള്ള കോട്ടന്‍ സാരിയില്‍, പുട്ടപ്പ് ചെയ്തു വച്ച തഴച്ചുനിന്നിരുന്ന മുടിയില്‍, ഗോപിപ്പൊട്ടില്‍.. എനിക്ക് ഇതിലും ഭംഗിയുണ്ടായിരുന്നു.

പക്ഷെ ഉണ്ണിയേട്ടന്‍..

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇന്നും ഫ്രെയിം ചെയ്തുവച്ച ആ ഫോട്ടോ ഒരുപക്ഷെ ഉണ്ടായേക്കും. ആരും നോക്കി നിന്ന് പോകുന്ന ആള്‍രൂപം. എന്‍റെ കൂട്ടുകാരികള്‍ക്ക് അദ്ഭുതം തന്നെയായിരുന്നു നമ്മുടെ വിവാഹം. കൂട്ടത്തില്‍ ഏറ്റവും മുഖശ്രീയുള്ള ലക്ഷ്മിക്കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ആകുലതയോടെ അടിച്ചുവാരാന്‍ നിന്നിരുന്ന നാരായണിയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്..

“ ചേരേണ്ടതല്ലേ ചേരാവൂ എന്‍റെ നാരായണി.. ഇതിപ്പോ.. ആ..   കണ്ടറിയാം ”

കാഴ്ചയിലും മനസ്സ്കൊണ്ടും ഒന്നും ചേര്‍ന്നില്ല.

പക്ഷേ എനിക്ക് ജീവനാണ് ഉണ്ണിയേട്ടനെ. ഒരു വീട്ടില്‍ ഒരു മുറിയില്‍ ഒരു കിടക്കയില്‍ ഒരിഞ്ചകലത്തില്‍ എന്‍റെ ജീവന്‍ മുഴുവന്‍ തുടിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടിയാണ്.

എന്‍റെയൊ മറ്റാരുടെയുമോ വസ്ത്രങ്ങളുടെയൊപ്പം ഉണ്ണിയേട്ടന്‍റെ തുണികള്‍ നനയ്ക്കാറില്ല. ഓരോ ഷര്‍ട്ടിന്‍റെയും കോളറുകള്‍, ബട്ടണുകള്‍ എല്ലാം സൂക്ഷിച്ചു തന്നെ കഴുകിയിടും. ഓരോ ദിവസവും പോകുമ്പോള്‍ കൃത്യമായി അലമാരയില്‍ നിന്നെടുക്കുന്ന കര്‍ചീഫുവരെ ഞാന്‍ സ്നേഹത്തോടെ തേച്ചുമടക്കിവയ്ക്കുന്നതാണ്. അവിയലും സാമ്പാറും കാളനുമൊക്കെ മടുപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ടീവിയില്‍ കാണുന്ന പാചകപരിപാടികളിലെ വിഭവങ്ങള്‍ കുറിച്ചെടുത്ത് അത് രണ്ടുമൂന്നു തവണയെങ്കിലും സുഹൃത്തുക്കള്‍ക്ക് പാചകം ചെയ്തുകൊടുത്തു ഉറപ്പുവരുത്തിയതിനു ശേഷമേ ഞാന്‍ ഉണ്ണിയേട്ടന് വേണ്ടി തയ്യാറാക്കിയിട്ടുള്ളൂ. അങ്ങെന്‍റെ ഏറ്റവും വിലപ്പെട്ട ആളാണ്‌.. അതേ കാരണത്താല്‍ പഠനശേഷം ഒരു ജോലിയും കണ്ടുപിടിക്കാതെ വീടും അടുക്കളയും അങ്ങേയും നോക്കി ജീവിച്ചു.

ഒഴിവാക്കാനാവാത്ത ചില കല്യാണങ്ങള്‍ക്കല്ലാതെ നമ്മള്‍ എവിടെയും ഒരുമിച്ചു പോവാറില്ല. ഏട്ടന്‍റെ അമ്മയുണ്ടായിരുന്നപ്പോള്‍ രണ്ടു തവണ നിര്‍ബന്ധിച്ചു സിനിമാകൊട്ടകയിലേക്കയച്ചിട്ടുണ്ട്. ബന്ധുക്കള്‍ അവധിക്കാലത്ത്‌ വരുമ്പോള്‍ എല്ലാവരെയും കൂട്ടി പുറത്തേക്കു പോകുമ്പോള്‍ എന്നോട് ഒരിക്കല്‍പ്പോലും ചോദിച്ചില്ല.. വീട്ടുകാരിക്ക്‌ വീടുതന്നെ പ്രപഞ്ചം.

വെള്ളിയാഴ്ചകള്‍..

നമ്മളുടെ ജീവിതത്തില്‍ ഏറ്റവും വിചിത്രമായത് വെള്ളിയാഴ്ചകളല്ലേ..

അന്നത്തെ ദിവസം രാത്രിയില്‍ ഓഫീസില്‍നിന്നും വരുന്ന അങ്ങേയ്ക്ക്‌ ഒരാഴ്ചത്തെ ക്ഷീണവും ദേഷ്യവും എല്ലാമെല്ലാം തീര്‍ക്കാന്‍, ഒരിഞ്ചകലത്തില്‍, സൗന്ദര്യമോ സ്നേഹമോ ഒട്ടും തോന്നിപ്പിക്കാത്ത എന്‍റെയീ ഇരുണ്ടു ക്ഷീണിച്ച ശരീരം കാത്തുകിടന്നിരുന്നതായി അങ്ങേയ്ക്കറിയുമോ.. തലേദിവസം വരെ പുസ്തകങ്ങളിലും കണക്കുബുക്കുകളിലും രാത്രികള്‍ ചിലവഴിക്കുന്ന അങ്ങ്, ഒരു പകല്‍ വ്യത്യാസത്തില്‍ ഒരിക്കല്‍ കൂടി പതിവ് തെറ്റിക്കാതെ, ചിരിയോ ഒരു വാക്കോ.. ഒന്നുമില്ലാതെ ഈ ശരീരത്തെ വലിച്ചടുപ്പിക്കുമായിരുന്നു.

എന്‍റെ കഴുത്തില്‍ മുറുക്കെപിടിക്കുമ്പോള്‍ വേദനിച്ചിരുന്നു, എന്‍റെ കാലുകള്‍ പിറ്റേ ദിവസം വീങ്ങിനിന്നിരുന്നു. രക്തം കട്ടപിടിച്ചു, അങ്ങിങ്ങായി നീലിച്ചു കിടന്നിരുന്നു. എനിക്ക് കിട്ടുന്നത് ഈ നിമിഷങ്ങളാണ്. പേടിച്ചെങ്കിലും ഞാന്‍ ഏറെ പ്രണയിച്ചിരുന്ന എന്‍റെ വെള്ളിയാഴ്ചകള്‍.

എന്നെപ്പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ദൈവം യജമാനനെ മാത്രം നല്‍കും.. കുഞ്ഞുങ്ങളെ കൊടുക്കില്ല.

പക്ഷേ എനിക്ക് സങ്കടമില്ല ഏട്ടാ. കാരണം എനിക്ക് ഉണ്ണിയേട്ടന്‍ മതി. ഇത്രനാളും എന്നെ നോക്കിയല്ലോ. വസ്ത്രങ്ങള്‍, വീട്, ആഹാരം.. ആഭരണങ്ങള്‍.. എല്ലാം തന്നുവല്ലോ..

ഏട്ടന്‍റെയൊപ്പം ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന വലിയ വട്ടപ്പൊട്ട് തൊട്ട, ഒരു സ്ത്രീ ഒരു ദിവസം എന്നെ കാണാന്‍ ഇവിടെ വന്നിരുന്നു. ഈ ഒരു ദിവസം നാലുവര്‍ഷങ്ങള്‍ക്കു മുന്നേയാണ്. കറുത്ത ഫ്രെയിം കണ്ണടയും സില്‍ക്ക് സാരിയും സുഗന്ധലേപനവും ഒക്കെയായി വളരെ വേഗത്തില്‍ വീട്ടിലേക്കു കയറി വന്ന ആ സ്ത്രീ അവരുടെ അനിയത്തിക്കുവേണ്ടിയാണ് സംസാരിച്ചത്.

ഈ വീടിന്‍റെ പുറമേ എനിക്ക് മനസിലാവാത്ത എത്രയോ കാര്യങ്ങള്‍ ഉണ്ടെന്ന് അന്ന് മനസിലായി. എന്‍റെ വെള്ളിയാഴ്ചകള്‍ മറ്റേതോ സ്ത്രീയുടെ ദാനമായിരുന്നുവത്രേ.

അടുത്ത ആഴ്ചയും അതിനു പിന്നാലെ വന്ന ഓരോ ദിവസങ്ങളും.. ഞാന്‍ അവരുടെ അനിയത്തിയെപ്പറ്റി മാത്രം ചിന്തിച്ചു. അവരില്‍ എന്‍റെ ഉണ്ണിയേട്ടന് ജനിച്ചേക്കാവുന്ന കുഞ്ഞിനെപ്പറ്റി ഓര്‍ത്തു. പക്ഷെ എനിക്ക് തിരിച്ചു പോകാന്‍ ഒരു വീടില്ല. പ്രതീക്ഷ വളര്‍ത്താന്‍ ഒരു കുട്ടിയില്ല. ഗതികേടുകള്‍ക്ക് മീതേനിന്ന് ഞാന്‍ കണ്ണടച്ചു.

എവിടെനിന്നോടിയൊളിക്കുന്നോ അവിടേയ്ക്കുതന്നെ ഒളിഞ്ഞുംപാത്തും ചിന്തകള്‍ ചെല്ലും. എത്രമാത്രം തിരക്കുഭാവിച്ചാലും ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നുപിടിക്കും. ഞാനിപ്പോള്‍ ഉറങ്ങാന്‍ ഭയക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ മയങ്ങിപ്പോവും.. പിന്നീട് സ്വപ്നങ്ങള്‍. അതിലൊന്നിലും ഞാനില്ല. പക്ഷെ വെള്ളിയാഴ്ച ഒഴികെ ആറുദിവസങ്ങള്‍ കൃത്യമായിട്ടു തെളിഞ്ഞു വരും. അതിലൊന്നിലും എന്‍റെ വീടില്ല, പക്ഷെ ഞാന്‍ കാണാത്ത മറ്റൊരു വീടും മുറികളും.

എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ണിയേട്ടന്‍ നിറയെ ചിരിക്കുന്നു.

എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ണിയേട്ടന്‍ കൂടുതല്‍ സുമുഖനാണ്‌.

അമ്മയെയും അമ്മാവനെയും ഒന്ന് കണ്ടാല്‍ ചിലപ്പോള്‍ എനിക്ക് ആശ്വാസമായേനെ. അവര്‍ ചിലപ്പോള്‍ എന്നോട് പറയുമായിരിക്കും, ഇതൊക്കെ എന്‍റെ തോന്നലാണ് എന്ന്. അല്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ പറഞ്ഞേക്കാം, ഇതൊക്കെ സാധാരണമാണ് കണ്ടില്ലെന്നുനടിക്കാന്‍. ഇനി ഞാന്‍ കരഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ എന്നെ അവരോടൊപ്പം വീട്ടിലേക്കു കൊണ്ടുപോകും. കുറെ ദിവസം വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങ് വരും. അപ്പോള്‍ ഞാന്‍ എന്‍റെ വിഷമങ്ങള്‍ പറയും. എല്ലാം സാധാരണ പോലെയാവും.

ഇന്നലെ അവര്‍ വന്നിരുന്നു. ഇന്നിനി സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കുന്നില്ല. എന്നെ തിരികെ വിളിക്കാന്‍ അങ്ങ് വരും എന്ന പ്രതീക്ഷയോടെ..

ശ്രീദേവി.

വെള്ളിയാഴ്ച രാത്രി ഉണ്ണികൃഷ്ണന്‍ വീടിന്‍റെ ഗേറ്റ് തുറന്നു വന്നു. അതേസമയം അലമാരയുടെ ഉള്ളില്‍ അയാള്‍ വിവാഹ ദിവസം ധരിച്ചിരുന്ന, കറുത്ത കുത്തുപാടുകള്‍ വീണ ചന്ദനനിറത്തിലുള്ള ഷര്‍ട്ടും മുണ്ടും, രണ്ടു പഴയ സിനിമാ ടിക്കറ്റുകളും കോട്ടന്‍ സാരികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു.

അല്‍പ്പം ദൂരെയായി അയാള്‍ കിടക്കുന്നതിന് ഒരിഞ്ചകലത്തില്‍, ശ്വാസമെടുക്കാതെ, അയാളെയും കാത്ത്, കറുത്തിരുണ്ട അതേ ശരീരവും.

https://d19tqk5t6qcjac.cloudfront.net/i/412.html