She is lying there On a soft silver silk, slightly wrinkled Eyes opened to the sky Lips colder than yesterday’s rain
I can picture her getting up and walking towards me Unhurried and delicate She looks exquisite as always I continued to stand in bewilderment
I want to ask her about yesterday About the meal she cooked, The basil tea she made, The painting she completed I have hundred other things to know about yesterday
She came a lot closer or I went to her ?! I could now see her eyelashes glued in hurt Still smiling ?
I left her on the same silver silk robe Eyes still opened to the sky Still..? Yes! Yesterday she had painted this very moment, Me walking away with the canvas
“Your good name mam”? റിസെപ്ഷനിസ്റ് പുഞ്ചിരിയോടെ ചോദിച്ചു.
“അശ്വതി ആർ മേനോൻ”
“Alright mam, for four nights right? Please fill this up, room is ready for you”
“താങ്ക്സ്”.
മുറിയിലെത്തി പെട്ടിയും ഹാൻഡ്ബാഗും മേശമേൽ വച്ച് , കൈയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് റൂംബോയ്ക്കു കൊടുത്തു വിട്ടു. ഒരു മുപ്പതുകാരിയുടെ ബ്രീഫ്കേസ് എന്ന് തോന്നില്ല, മറിച്ച് ഏതോ തീർത്ഥാടനത്തിനിറങ്ങിയ ആളുടെ സാമഗ്രികളേപ്പോലെയേ തോന്നുള്ളൂ. പക്ഷെ എത്തിയിരിക്കുന്ന സ്ഥലം ഗോവയാണ്. ഒരു ഡെസ്റ്റിനേഷൻ കല്യാണം, കൂടെ ജോലി ചെയ്യുന്ന രണ്ടു പേരുടെ. അഞ്ചു കൊല്ലമായുള്ള ഓഫിസ് സൗഹൃദം. അവരുടെ പ്രണയത്തിന്റെ ആദ്യകാല സാക്ഷി. അതുകൊണ്ടുതന്നെ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. ബോംബെയിൽ നിന്ന് ഇടയ്ക്കിടെ ഓഫീസ് പാർട്ടികൾക്ക് വന്നിട്ടുള്ള സ്ഥലമായതുകൊണ്ട് അപരിചിതത്വം തീരെയില്ല. പല ബീച്ചുകളും, ഹോട്ടലുകളും പരിചിതം. അവർ താമസിക്കുന്ന നക്ഷത്രഹോട്ടലിൽ റൂം വേണ്ടായെന്നു പറഞ്ഞു കുറച്ചിപ്പുറം ചെറിയ ഒരു ബുട്ടീക് ഹോട്ടലിൽ താമസിക്കാം എന്ന് കരുതി. രണ്ടു പുസ്തകങ്ങളും നാലു ജോഡി ഡ്രെസ്സും അടിവസ്ത്രങ്ങളും നൈറ്റ് ഗൗണും. കൂടെ ജോലി ചെയ്യുന്ന പലരും എത്തുമെന്നുള്ളത് കൊണ്ട് വിവാഹചടങ്ങുകൾ ഏറെക്കുറെ ഓഫീസ് പാർട്ടികൾ പോലെയാവാനും സാധ്യതയുണ്ട്.
മൂന്നോ നാലോ ചടങ്ങുകളുടെ കാർഡുകൾ ഫോണിലും ബാഗിലുമുണ്ട്. ഓരോന്നിനും ഓരോ കളർ വേഷം വേണമത്രേ.
ആവണിയും അജിത്തും. ഏറെക്കുറെ ഒരേപോലെയുള്ള രണ്ടുപേർ. ഇഷ്ടങ്ങളും അനിഷ്ടങ്ങളും.. എന്തിന് കാണാൻ തന്നെ രൂപസാദൃശ്യമുള്ള വരനും വധുവും. ഇന്ന് വൈകുന്നേരം അവരുടെ ഹോട്ടൽ ലോണിൽ വച്ച് ബാച്ലർ പാർട്ടി. നാളെ മൈലാഞ്ചി , പിറ്റേന്ന് കല്യാണം അതു കഴിഞ്ഞ് ഒരു ദിവസം പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടും, സുഹൃത്തുക്കളുടെ കൂടെ ഒരു ഡിന്നറും. ആവണിക്ക് ഇത് വര്‍ഷങ്ങളുടെ പ്ലാനിംഗാണ്. അവരുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുക ശീലമായിപ്പോയി. സിനിമകളും ഗെറ്റവേകളും ഷോപ്പിംഗ് സ്പോട്ടുകളുമൊക്കെ അവരാണ് തെരഞ്ഞെടുക്കുക. കൂടെപ്പോയാൽ മാത്രം മതി.. ഇനിയങ്ങോട്ട് കണ്ടറിയണം. നാലു ജോഡി ഡ്രെസ്സുകളും പുറത്തെടുത്തു വച്ച് , നീളൻ ജനാലയ്ക്കു പുറത്തേക്കു നോക്കി. കുറച്ചുദൂരെ കടൽ ഉച്ചവെയിൽതട്ടിത്തിളങ്ങികിടക്കുന്നു. ആദ്യമായി ആ കടൽ കണ്ടതും ഇതുപോലൊരു നട്ടുച്ച നേരത്താരുന്നു.
തൂവെള്ള ഷിഫോൺ സാരിയിൽ തിളങ്ങുന്ന കല്ലുകൾ! ചില നേരങ്ങളിൽ ഇടുന്ന ഉടുപ്പുകളും മനസ്സും തമ്മിൽ ഒരു ചേർച്ചയും കാണില്ല. ചെറിയൊരു പൊട്ടും തൊട്ടു മുടി ചീകിയൊതുക്കി ഞാൻ കണ്ണാടിക്കു മുന്നിൽ നിന്നു. അച്ഛനും അമ്മയും ഇന്നലെയും വിളിച്ചു.. അമ്മാളു ന്യൂസിലാൻഡിൽ പഠിക്കുന്നു.. പലപ്പോഴും സംസാരിക്കുമ്പോൾ അങ്ങോട്ടേക്ക് ഒരു ജോലി ശരിപ്പെടുത്തി ചെല്ലാൻ അവളു പറയും.
പക്ഷേ..
ചില തീരുമാനങ്ങൾ.
ഒരു ടാക്സിയിൽ ചെന്നിറങ്ങുമ്പോൾ വളരെ ശാന്തമായി തോന്നിയ അന്തരീക്ഷം പാർട്ടി നടക്കുന്ന സ്ഥലമെത്തിയപ്പോൾ പാടേ മാറി. റീമിക്സ് പാട്ടുകളും ആളുകളും.. പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക്. സന്ധ്യ കഴിഞ്ഞതേയുള്ളൂ. അവിടെത്തന്നെയുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് എല്ലാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. തോരണങ്ങളും തൂക്കുവിളക്കുകളുമൊക്കെയായി ഭംഗിയാക്കിയിരിക്കുന്നു അവിടമൊക്കെ. അജിത്തും കുറെ കൂട്ടുകാരും കഴിഞ്ഞ മാസം തായ്ലാൻഡിൽ പോയി ഒരു ബാച്ലർ പാർട്ടി ആഘോഷിച്ചതാണ്. ഇതിപ്പോൾ ഇങ്ങനൊരു പാർട്ടിയിലും അതേ ആളുകളൊക്കെ ബഹളം വയ്ക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ജോൺ, കഴിഞ്ഞ വർഷം പുതുവർഷദിനത്തിൽ എന്റെ കൈയിൽ നിന്ന് ഒരടി ചോദിച്ചു വാങ്ങിയിട്ടുമുണ്ട്.
പരിചിതരാണ് ഏറെക്കുറെ എല്ലാവരും. അവരുടെ അടുത്ത കുടുംബക്കാരെ നിശ്ചയദിവസം കണ്ടിരുന്നു. ആവണിയുടെ അമ്മ അടുത്തേക്കോടി വന്നു.
“എന്റെ മോളെ എന്തിനാ വേറെ ഹോട്ടലിൽ പോയി താമസിക്കുന്നെ. മോളുണ്ടാരുന്നെങ്കിൽ ഇന്നു രാവിലെ മുതൽ അവളും ഞാനും തമ്മിലുള്ള പത്തു വഴക്കെങ്കിലും ഒഴിവാകുമാരുന്നു” രോഹിണിയാന്റി പതുങ്ങി ചിരിച്ചു.
“ആ ഹോട്ടൽ പരിചയമുള്ളതാ ആന്റി. പിന്നെ ഇത്തവണയെങ്കിലും അവളെ കസിൻസിന് വിട്ടുകൊടുക്കണ്ടേ. ഞാനിങ്ങനെ ചുറ്റിപ്പറ്റി നിന്നാൽ അവളെന്നോടെ എല്ലാം പറയൂ. മറ്റുള്ളവർക്ക് പരിഭവമാകും.”
ആവണിയും അജിത്തും ദൂരെ മാറി നിന്ന് വർത്തമാനം പറയുന്നു.
“ആന്റി ഞാനെന്നാ അവരുടെ അടുത്തോട്ട് ചെല്ലട്ടെ..”
“ചെല്ല് ..ചെല്ല് ..”
ഒരു പത്തന്പതു ചിരികൾ കടന്ന് അവരുടെ അടുത്തെത്തി. ആവണിയുടെ മുഖം കടന്നൽ കുത്തിയത് പോലെ. അജിത്ത് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു.
“അച്ചു (അവളെന്നെ അങ്ങനെയാ വിളിക്കുന്നെ) നാളെ കഴിഞ്ഞു ഇയാളെ ഞാൻ കെട്ടുവല്ലേ. റെഡിയായി ഞാൻ വന്ന് കേറിയതും he commented on my hairstyle. എനിക്ക് ചേരുന്നില്ലത്രേ. ഓരോ ഇവെന്റിന്റേയും കമ്പ്ലീറ്റ് ലൂക്സ് ഞാൻ അയച്ചു കൊടുത്തതല്ലേ. Then why this drama now!? Ask him.”
ഞാൻ അജിത്തിനെ നോക്കി.
“സോറി..!! ഞാനൊരു നൂറു തവണ പറഞ്ഞു അശ്വതി. ഇപ്പോഴും അതിൽ തന്നെ പിടിച്ചുനിൽക്കുവാ. ശ്ശെടാ !”
” ഈ ഹെയർസ്റ്റൈലിന് ഒരു കുഴപ്പവും ഇല്ല. Looks very pretty on you. പിന്നെ.. ഈ നാലു ദിവസങ്ങൾ പിന്നെ കിട്ടില്ല കേട്ടോ. അതുകൊണ്ട് നിസ്സാര കാര്യങ്ങൾക്കു വഴക്കിടാതെ സന്തോഷമായിട്ടു നിൽക്കൂ.”
രണ്ടു പേരും പരസ്പരം നോക്കി. ആരോ ഒരാൾ ചിരിച്ചു. തീർന്നു പിണക്കം.
ഞാനൊരു കോണിൽ സ്ഥാനം പിടിച്ചു. ഈ പാർട്ടി പാതിരാ വരെ പോകും. അതിനു മുൻപ് എനിക്ക് തിരിച്ചു പോണം. ഡ്രൈവറെ പത്തു മിനിറ്റു മുൻപേ വിളിച്ചാൽ മതിയെന്നാ പറഞ്ഞത്. കുറേ നേരം ഓഫീസ് സുഹൃത്തുക്കളോട് വർത്തമാനം പറഞ്ഞിരുന്നു. പാട്ടുകൾക്ക് വേഗവും താളവും കൂടിക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് അന്ന് അടി വാങ്ങിയ ജോൺ മദ്യത്തിന്റെ ആലസ്യവുമായി വീണ്ടും വന്നു. ആരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റി കൊണ്ടുപോയി.
ചുറ്റിനും ചിരികളും ബഹളങ്ങളും. ഒന്നിനും വ്യക്തതയില്ല. പക്ഷെ എല്ലാവരും ഹാപ്പിയാണ്! സ്വന്തം ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾ മറന്ന്, കുറച്ചു നേരം. കാറ്റിലകപ്പെട്ട മരങ്ങൾ പോലെ. ആടിയാടി.
ഡിജെ ഡാൻസ് പാർട്ടി തുടങ്ങിയതും പകുതി ആളുകൾ കഴിച്ചതും കുടിച്ചതുമൊക്കെ മേശമേൽ വച്ച് ആ ഭാഗത്തേക്കു പോയിത്തുടങ്ങി . എത്തി നോക്കിയപ്പോൾ കുറെ ക്യാമറകൾക്ക് നടുവിൽ ആവണിയും അജിത്തും, അവർക്കു ചുറ്റിനും കുറെയാളുകൾ ചടുലമായി നൃത്തം കളിക്കുന്നു. ഏതോ സിനിമ അവാർഡ് ചടങ്ങിനെ ഓർമിപ്പിക്കുന്നു. ഞാൻ പതുക്കെയാ പരിസരം വിട്ടു പുറത്തേക്കു നടന്നു.
“മോളെ..” ആവണിയുടെ അമ്മയാണ്.
“ബാത്റൂമിൽ പോണോ. അതോ ഡ്രസ്സ് ശരിയാക്കാനും വല്ലതും..”
“അതേ ആന്റി”. രക്ഷപെടാൻ അതേ നിവൃത്തിയുള്ളൂ.
“എന്നാൽ മോള് ഈ റൂം കീ കൊണ്ടു പോകൂ. അവിടെ ഇപ്പൊ ആരുമില്ല. എന്റെ പൊന്നാങ്ങള കല്യാണത്തിന്റെ അന്നു രാവിലെയേ എത്തൂ. റൂം ഇന്ന് മുതലുണ്ട്. തിരിച്ചു വരുമ്പോ റിസപ്ഷനിൽ ഏല്പിച്ചെര് കേട്ടോ.” ഹാൻഡ്ബാഗിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി ആന്റി പറഞ്ഞു.
ഞാനതും വാങ്ങി തിരിഞ്ഞു നടന്നു.
പുറകിൽ നിന്നും ആന്റി വിളിച്ചു പറയുന്നു. ” കടലു കാണാം. പ്രൈവറ്റ് ബീച്ചാണ്. മോൾക്ക് പറ്റിയ റൂമാണ് സത്യത്തിൽ.”
ആഹാ. ഇന്ന് വന്നിട്ട് കടൽക്കരയിൽ പോയിട്ടില്ല. എന്നാൽപ്പിന്നെ പാതിരാക്കടൽ കാണാം, മനസ്സു പറഞ്ഞു.
ചെറിയ ഒരു കോട്ടജ് ആണ്. കുറെയെണ്ണം അടുത്തടുത്തുണ്ട്. ഞാൻ റൂം തുറന്നില്ല. പാർട്ടി നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരമുണ്ട് ഇങ്ങോട്ടേക്കു. ഏറ്റവും മുന്നിൽ വലത്തേയറ്റത്ത്. ചെരുപ്പൂരി വരാന്തയിൽ വച്ച് ഞാൻ പുത്തേയ്ക്കിറങ്ങി.
പൂഴിമണ്ണ്.
നിലാവുണ്ട്. കടൽ മുന്നിൽ കടുംനീലക്കറുപ്പിൽ പടർന്നു കിടക്കുന്നു.
അടുത്ത് ചെല്ലുംതോറും അകന്നു പോകുന്ന കടൽ. പിന്നെയും കൈനീട്ടി വിളിക്കുന്ന കടൽ. അവിടെ താമസിക്കുന്ന കുറച്ചു വിദേശികൾ അവിടവിടെയായി ഇരിക്കുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു. രണ്ടുപേർ ദൂരെനിന്നും കടലോരത്തുകൂടെ നടന്നു വരുന്നു.
നനവില്ലാത്തയിടം നോക്കി ഞാനിരുന്നു. എത്ര നേരം വേണമെങ്കിലും, പുലരും വരെ ഇവിടിരിക്കാം. പക്ഷെ വേണ്ട. സ്വന്തം റൂമിൽ പോയി കിടന്നാലേ ഉറക്കം വരൂ.
റിസപ്ഷനിൽ കീ കൊടുത്തിട്ടു ഞാൻ ഡ്രൈവറെ വിളിച്ചു. ഇനി പാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്കില്ല. ഞാൻ ലോബ്ബിയിൽ ഒരിടത്തിരുന്നു. നിശബ്ദത ഭേദിച്ച് കുറേയാളുകൾ കടന്നുപോയി. കൂടെ അജിത്തിനെയും കണ്ടു. അയാളുടെ ബന്ധുക്കളാവും.
അവരെ ലിഫ്റ്റിൽ കയറ്റി വിട്ടിട്ടു അയാൾ തിരിച്ചു വന്നു.
“അച്ചൂ.. (കള്ളകത്തു ചെന്നാൽ മാത്രം അജിത്ത് അങ്ങനെയാ വിളിക്കുക) “
ഞാൻ നോക്കി
“എന്റെ കസിൻ ഉണ്ണീടെ ഒരു ഫ്രണ്ട് ഇയാളെവിടെന്ന് ചോദിച്ചു പാർട്ടിയിൽ. തന്റെ കൂടെ പഠിച്ചതാണെന്ന്.”
“ആണോ പെണ്ണോ”
“Seriously?” അജിത് ചിരിച്ചു.
“It does matter at this hour. Can’t deal anymore Johns tonight”.
“അതു ശരിയാ. താനെന്നാ വിട്ടോ. ആരേലും കൂടെ പറഞ്ഞു വിടണോ ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യാൻ”
“വേണ്ടെടോ . എനിക്ക് പരിചയമുള്ള ആളാ ഡ്രൈവർ. You go, enjoy the party.”
“goodnight then.”
“Goodnight”
അജിത് ആടിയാടി നടന്നു.
ഡ്രൈവർ വിളിച്ചു. തിരിച്ചു ഹോട്ടൽ എത്തുന്നത് വരെ അയാൾ കുടുബവിശേഷങ്ങൾ പറഞ്ഞു. മകളുടെ കല്യാണവും ജോലിക്കാര്യവും ഒക്കെ. അയാളുടെ പേര് റൂമി എന്നാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. കൂടെയൊരാളേപ്പോലെ നിൽക്കുന്ന മനുഷ്യൻ. ഗോവൻ ചരിത്രം അരച്ച്കലക്കി കുടിച്ച ആൾ. കിഷോർ കുമാർ പാട്ടുകൾ പാടുന്ന പഴഞ്ചൻ റൊമാന്റിക് . നാലു ദിവസം കഴിയുമ്പോൾ എയർപോർട്ടിൽ വച്ച് കൈയിൽ നോട്ടുകൾ മടക്കിയേൽപ്പിക്കുമ്പോൾ അതിലേക്കു നോക്കാതെ, കണ്ണു നിറഞ്ഞു നിൽക്കുന്ന പാവം റുമി.
ഹോട്ടലിൽ ചെന്നു കീ വാങ്ങുമ്പോൾ ഫോൺ റിങ്ങ് കേട്ടു. പേഴ്സിൽ നിന്നെടുത്തു നോക്കുമ്പോൾ അറിയാത്ത നമ്പർ. ആദ്യം എടുത്തില്ല. ജോൺ ആവും, വേറെ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുന്നതാവും.
പിന്നെയും റിങ്ങടിക്കുന്നു.
“ഹലോ”
“അശ്വതി?” ജോണിന്റെ ശബ്ദമല്ല.
“Yes. Who is this?”
“Hai..”
“Hmm?”
“I said hai..”
“Ok. Who is this” എനിക്ക് ദേഷ്യം വന്നു തുടങ്ങി.
“Then you have to turn and see.” ചെവിയോട് ചേർന്ന് ആരോ വന്നു പറഞ്ഞു. മറ്റൊരു ശരീരത്തിന്റെ ഇളം ചൂട് തട്ടിയതും ദേഷ്യത്തോടെ ഞാൻ തിരിഞ്ഞുനോക്കി.
ഒരു ചുവട് പുറകോട്ടു മാറേണ്ടി വന്നു.
ഓഫ് വൈറ്റ് ലിനൻ ഷർട്ടും ട്രൗസേഴ്സും. താടി, നീണ്ടചുരുണ്ട മുടി. ആറടിപ്പൊക്കം. കണ്ണുകൾ അതേപോലെ. സുതാര്യം.
പലതിനും മീതെയുള്ള പലകൂട്ടം പ്രിയങ്ങളിൽ ഒന്നാണ് പാതിരാത്തണുപ്പ് . എന്റെ ശരീരത്തിൽ തുളച്ചുകയറുന്നത് തണുപ്പോ അതോ ചുറ്റിനുമുള്ള ഇരുട്ടും നിലാവുമോ , എന്തായാലും പുലർച്ചെയെഴുന്നേൽക്കുമ്പോൾ തൊലിപ്പുറത്ത് പടർന്നുകിടക്കുന്ന രക്തത്തുടിപ്പുണ്ടാവും , ഉള്ളിൽ അവ്യക്തമായ ചിന്തകളും .
നല്ല മഴപെയ്ത ഒരു സന്ധ്യയ്ക്ക് ആദ്യമായി ഒരാളെ പരിചയപ്പെട്ടു . ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ , നിറയെ നിശബ്ദതയിൽ. നോട്ടങ്ങളിൽ നെഞ്ചിലെ നോവുമാത്രമേ കാണാൻ പറ്റിയുള്ളൂ . ചിരിയിൽ അന്നുവരെയുള്ള ഒറ്റപ്പെടലും. കൂടെയുള്ളത് മറുപാതിയെന്ന് തിരിച്ചറിയാൻ അധികനേരമെടുത്തില്ല . കഥകൾ പറഞ്ഞത് ചുറ്റിനും പെയ്തിറങ്ങിയ മഴത്തുള്ളികളാവും . കുറേനേരം കഴിഞ്ഞ് , തണുപ്പു വന്നു. ഇടതുകയ്യിലെ മോതിരവിരലിൽ തൊട്ടതും ഞാനോർത്തത് പമ്പാനദിയിൽ മുങ്ങിയതാണ് .
പന്ത്രണ്ട് വയസ്സുകാരി മലകയറുന്നതിനു മുന്നേ അച്ഛനൊപ്പം പമ്പയിലിറങ്ങി രാത്രി..
“മോളു പേടിക്കണ്ടാട്ടോ .. മൂക്കുപൊത്തിപ്പിടിച്ചോ , കണ്ണടച്ച് ദാ .. ഇങ്ങനെ ഒറ്റമുങ്ങൽ ..” അച്ഛൻ ശരണം വിളിച്ചുകൊണ്ട് അരയൊപ്പം വെള്ളത്തിൽ മുങ്ങി . ചുറ്റിനും അയ്യപ്പന്മാർ . സമയം പുലർച്ചെ ഒന്നരയായിട്ടുണ്ടാവും .
കറുത്ത പാവാടയും ജാക്കറ്റും അതിനുള്ളിലെ കൊച്ചുശരീരവും പതുക്കെ തയ്യാറെടുത്തു .
ഒഴുക്കുകുറഞ്ഞ ഭാഗത്തേയ്ക്ക് അച്ഛൻ എന്നെ മാറ്റിനിർത്തി . വഴുക്കില്ലാത്ത ഉരുളൻ കല്ലുകൾക്കിടയിൽ എന്റെ കുഞ്ഞുകാലുകൾ തടഞ്ഞുനിന്നു . നീണ്ടശ്വാസമെടുത്ത് മൂക്കുപൊത്തി , കണ്ണടച്ചു . അച്ഛന്റെ കൈ തോളത്തുണ്ടെന്നു തോന്നി . മുങ്ങാൻ തുടങ്ങി താണതും ശരണം വിളിയോർത്തു . പക്ഷെ ശരീരം കേട്ടില്ല . തല മുങ്ങുന്നതിനു തൊട്ടുമുന്നെ ഞാൻ ശരണം വിളിച്ചു . പകുതി വെള്ളത്തിനു മീതെയും ബാക്കിപകുതി വെള്ളത്തിലുമായി . ഇതിനിടയിൽ കണ്ണുതുറന്നു , മൂക്കിൽ നിന്നും കൈ മാറി .
രണ്ടുനിമിഷം ..
അയാളുടെ വിരലുകൾക്ക് പമ്പയിലെ അതേ തണുപ്പായിരുന്നു . കണ്ണടച്ചു തുറന്നതും , പാതിരാക്കാറ്റ് വന്നു . പന്ത്രണ്ട് വയസ്സുകാരി കൊണ്ട ആദ്യത്തെ പാതിരാക്കാറ്റ് .
സന്നിധാനത്തിൽ, തത്വമസിയ്ക്കുമുകളിൽ, മേഘങ്ങൾക്കിടയിൽ .. അന്നു ഞാൻ കണ്ടുമടങ്ങിയ ആരോ , ഒരു വ്യാഴവട്ടം കഴിഞ്ഞ് അതേ തണുപ്പിൽ , അതേ നേരത്ത് കണ്ടപോലെ. എനിക്കു കാണാനോ സ്വന്തമാക്കാനോ പറ്റില്ല . അതറിഞ്ഞുകൊണ്ടുതന്നെയാണ് അന്നു പുലർച്ചെ യാത്രയാക്കിയത് .
മഴ തോരാത്ത രാത്രിയില്‍ അമ്മയെ സ്വപ്നം കണ്ട് അരണ്ട വെളിച്ചത്തിലൊളിച്ചിരുന്ന പാതിരാത്തണുപ്പിലേയ്ക്കും, ആ പഴകിയ വീടിന്റെ തുരുമ്പുപിടിച്ച ജനാലയില്‍നിന്നും സദാ പുറത്തുവന്നുകൊണ്ടിരിക്കുന്ന, അധികമാര്‍ക്കും കുറേനേരം സഹിക്കാനാവാത്ത പ്രത്യേകഗന്ധത്തിലേയ്ക്കും അയാള്‍ കണ്ണു തുറന്നു. വളരെവേഗം വന്ന കാറ്റില്‍ ഒരു കൈക്കുമ്പിള്‍ വെള്ളം അയാളുടെ മുഖത്തും കഴുത്തിലുമായി കുടഞ്ഞുവീഴ്ത്തിയിട്ട് മഴ അടുത്ത ജനാല വഴി വേറെയെങ്ങോ പോയി.
തലയണയുടെ കീഴില്‍ നിന്നും സിഗരറ്റും ലൈറ്ററും തപ്പിയെടുത്ത് എഴുന്നേറ്റു.
നശിച്ച മഴ !
കര്‍ക്കിടകം..
മഴയൊന്നു പതുങ്ങിയപ്പോള്‍ താഴെനിന്ന് തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്ക് ഉറക്കവുമില്ലേ !! പിറുപിറുത്തുകൊണ്ട് അയാള്‍ അടുക്കള ഭാഗത്തേക്ക് നീങ്ങി. ഉറങ്ങുന്നതിനു മുന്നേ കുടിച്ചിട്ട് ബാക്കി വന്ന കട്ടന്‍കാപ്പി ഗ്യാസ്സടുപ്പിനു മുകളില്‍ വച്ചു ചൂടാക്കി. അയാള്‍ ആ പഴയ വീടിന്റെ മുകളിലത്തെ നിലയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ താഴെ രണ്ടു വീട്ടുകാര്‍ വന്നു പോയി. അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി നോക്കിയിരുന്ന രണ്ടു പേര് താമസത്തിനു വരുമെന്ന് വീട്ടുടമസ്ഥന് പറഞ്ഞിരുന്നു. ഇപ്പറഞ്ഞ ഉടമസ്ഥന്, മാത്യു ജോസഫ് കൈതേനിയില്‍ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുടുംബസമേതം ജീവിക്കുന്നു എന്നാണ് അറിവ്. ആ മനുഷ്യനെ ഇതേവരെ നേരിട്ട് കണ്ടിട്ടില്ല. മാസാമാസം രണ്ടാം തീയതി ബാങ്കില്‍ വാടക എത്തിയില്ലെങ്കില്‍ വിളി വരും. ഇത്തവണ വിളിച്ചപ്പോള്‍ മുകളിലത്തെ നില പെയിന്ട് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. ഉടനെതന്നെ അങ്ങേരു അടവ് മാറ്റി. മൂന്നു മാസം കഴിഞ്ഞാല്‍ വീട് മുഴുവന്‍ ചായം പൂശാനാണത്രേ പരിപാടി !
മുകളില്‍ ഒരു കിടപ്പുറിയും ഒരു ഹാളും പിന്നെ അയാള്‍ അടുക്കളയാക്കി മാറ്റിയ മറ്റൊരു ചെറിയ മുറിയും മാത്രേ ഉള്ളൂ. വിശാലമായ കുളിമുറിയില്‍ പഴയ മൊസൈക്കും ചുവരുകളില്‍ മഞ്ഞയും വെള്ളയും പൂശി വേര്‍തിരിച്ചിരിക്കുന്നു. എല്ലാ ദിവസവും അവിടേക്ക് കയറുമ്പോള്‍ വല്ലാത്ത തണുപ്പാണ്. കുളിക്കുമ്പോള്‍ അയാള്‍ക്ക് മൈതാനത്ത് നില്ക്കുന്ന പോലെയാണ് തോന്നുക. എത്ര വൃത്തിയാക്കിയാലും പോകാത്ത പൊടിയും പഴയ മണവും ഒക്കെയുണ്ടെങ്കിലും അയാള്‍ അവിടവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേയ്ക്ക് അഞ്ചു മിനുട്ട് നടക്കാനേയുള്ളൂ, പക്ഷെ അയല്ക്കാരില്ല. മുന്‍വശത്ത് പൂട്ടിപ്പോയ ഒരു കമ്പനി കെട്ടിടവും പിറകില്‍ ഒരു അഴുക്കുചാലിനോട് ചേര്‍ന്ന് കുറെ സ്ഥലവും കിടപ്പുണ്ട്. ഇതേ വരിയില്‍ നില്ക്കുന്ന മറ്റു മൂന്നു വീടുകള്‍ ഇപ്പൊ ചെറിയ ഓഫീസുകളായി വര്‍ത്തിക്കുന്നു.
അടുത്തു തന്നെയുള്ള പ്രൈവറ്റ് ആര്‍ട്സ് കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനയില്‍നിന്നും, രാഷ്ട്രീയവും സിനിമയും പിന്നെ കുടുംബപുരാണവും ഉള്‍പ്പെട്ട സ്റ്റാഫ് റൂമിലെ ചര്‍ച്ചകളില്‍ നിന്നും അയാള്‍ ദിവസേന ഓടിയൊളിക്കുന്നത് ഇവിടേക്കാണ്. വൈകുന്നേരങ്ങളില്‍ തിരികെവന്ന് സ്കൂട്ടറില്‍ നിന്നിറങ്ങി ഗേറ്റുതുറക്കുമ്പോള്‍ മുകളിലത്തെ ഹാളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നിര്‍മ്മിച്ച ടെറസ്സില്‍ പടര്‍ന്നു പന്തലിച്ചുനില്ക്കുന്ന ബോഗേന്‍വില്ല അയാളെ നോക്കി ചിരിക്കും. ഒരുപക്ഷെ ആ വീട്ടില്‍ ഏറ്റവും സുന്ദരമായി അയാള്‍ക്ക് തോന്നുന്നത് ആ പൂക്കളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള, ഭീമന് വേരുകളുള്ള അതിന്റെ തണലില്‍ ഭിത്തിയോട് ചേര്‍ത്താണ് അയാള്‍ സ്കൂട്ടര്‍ വയ്ക്കുന്നത്.
നാളെ മുതല്‍ ഇനിയിപ്പോള്‍ ഗേറ്റു പൂട്ടിയിട്ടു പോവണ്ട ആവശ്യമില്ല.. ആഴ്ചതോറും തൂത്തു വരാന്‍ വരുന്ന സ്ത്രീയ്ക്ക് ഒരു പണിയും കൂടെ കിട്ടും. മൂന്നു മാസം കഴിയുമ്പോള്‍ ആ വീടിന്റെ നിറവും മാറും.. അയാള്‍ ഹാളിലിരുന്നു മനസ്സില്‍ കണ്ടു. ഉടമസ്ഥന് അറുപിശുക്കനായതുകൊണ്ട് വെള്ളപൂശി നിര്‍ത്താനും മതി. ഇനി അയാള്‍ പൈസ തന്നില്ലെങ്കിലും കുളിമുറിയില്‍ തനിക്കിഷ്ടമുള്ള നിറം മതി. അയാള്‍ തീരുമാനിച്ചു.
താഴെ നിന്നുമുള്ള ശബ്ദങ്ങള്‍ നിന്നു. രാവിലെ കോളേജിലേയ്ക്ക് ഇറങ്ങുമ്പോള്‍ അവര്‍ അവിടുണ്ടെങ്കില്‍ പരിചയപ്പെടാം. അയാള്‍ കിടന്നു.
രാവിലെ ആരെയും കണ്ടില്ല.. പക്ഷെ മുറ്റം നന്നായി തൂത്തു വൃത്തിയാക്കിയിരിക്കുന്നു.
സന്ധ്യയോടെ കോളേജ് വിട്ടെത്തി. മഴ ചെറുതായി ചാറാന്‍ തുടങ്ങിയിരിക്കുന്നു. ഗേറ്റ് തള്ളിത്തുറന്ന് ഹെല്‍മെറ്റഴിച്ച് പതുക്കെ സ്കൂട്ടര്‍ മുന്നോട്ടെടുത്തു. ബോഗേന്‍വില്ലയുടെ ചുവട്ടില്‍ ചിത്രങ്ങളിലൊക്കെ കാണുംവിധം മനോഹരിയായ ഒരു സ്ത്രീ വായനയില്‍ മുഴുകിയിരിക്കുന്നു.
താമസക്കാരായി പ്രതീക്ഷിച്ചത് രണ്ടു ചെറുപ്പക്കാരെയാണ്. ചിലപ്പോള്‍ കൂടുതല്‍ വാടകയ്ക്ക് ഈ കുടുംബത്തെ കിട്ടിക്കാണും. അയാള്‍ സ്കൂട്ടെറില്‍ നിന്നിറങ്ങി.
“നമസ്കാരം”
ഒരു ചെറിയ കാറ്റു വീശി. അവര്‍ തിരിഞ്ഞു നോക്കിയപാടെ നീണ്ട മുടിയിഴകള്‍ രണ്ടു വശങ്ങളിലേയ്ക്കും മാറി, ആ മുഖം നന്നായി കാണാനായി.
ആദ്യമേ കണ്ണില്‍ പെട്ടത് വലിയ കറുത്ത പൊട്ടും അതിനു മേലെയുള്ള ഭസ്മക്കുറിയുമാണ്. സിന്ദൂരരേഖയില്‍ രാസ്നാദിചൂര്‍ണ്ണവും കുങ്കുമവും കൂടിക്കലര്ന്നുകിടക്കുന്നു. കണ്മഷി പടര്‍ന്ന കണ്തടങ്ങളില് നനുത്ത എണ്ണമയം. മുഖത്ത് പക്ഷെ സന്യാസിനിയുടെ നിര്‍വ്വികാരത.
“ആരാ” ശബ്ദമിടറിക്കൊണ്ട് അവര്‍ ചോദിച്ചു.
“എന്റെ പേര് മനു.. മുകളിലത്തെ നിലയില്‍ ഞാനാണ് താമസിക്കുന്നത്”
“അദ്ദേഹം വരാറായി, ചെല്ലട്ടേ..” സൗമ്യമായ ചിരിയില്‍ അവര്‍ വീടിനുള്ളിലേയ്ക്ക് നടന്നു.
ആ സ്ത്രീയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ അഭിപ്രായം പെട്ടെന്ന് തന്നെ മാറി. ഒന്നുകില്‍ വീടിനു മുകളില്‍ ഒരാളു താമസിക്കുന്നു എന്നതില്‍ അത്ര താല്പര്യമില്ല. അല്ലെങ്കില്‍ ഭര്‍ത്താവ് വന്നുകയറുമ്പോള്‍ അന്യപുരുഷനുമായി സംസാരിച്ചുനില്‍ക്കണ്ട എന്ന് കരുതിയിട്ടാവാനും മതി. എന്തുതന്നെയാണെങ്കിലും സ്വതവേ ഇത്തിരി ആത്മാഭിമാനം കൂടുതലുള്ളതിനാല്‍ ഇനിയങ്ങോട്ട് ഒരു സംഭാഷണത്തിനും മുന്‍കൈയെടുക്കാതിരിക്കാനുള്ള തീരുമാനവുമെടുത്ത് അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറി. എന്തോ ഓര്‍ത്തു തിരിച്ചുവന്ന് ബൊഗെന്‍വില്ലയുടെ ചുവട്ടില്‍ നിന്നും സ്കൂട്ടര്‍ തള്ളിനീക്കി സ്റ്റെയര്‍കേസിന് കീഴിലായി കൊണ്ടുവച്ചു.
അടുത്ത ദിവസം അയാള്‍ മുറ്റത്തുകൂടെ സ്കൂട്ടെറുമെടുത്തു വേഗം സ്ഥലം വിട്ടു. ഗേറ്റു തുറന്നുകിടന്നിരുന്നു, അയാള്‍ അതൊട്ടടയ്ക്കാനും പോയില്ല. ഒഴിവുള്ള പിരീഡുകളില്‍ ഒന്നുരണ്ടു തവണ വളരെ വ്യക്തമായിത്തന്നെ ആ സ്ത്രീയുടെ മുഖം അയാളോര്‍ത്തു. ബൊഗേന്‍വില്ലയുടെ ചുവട്ടില്‍ ഇളം നിറമുള്ള ഖാദിസാരിയില്‍.. ഭസ്മക്കുറിയില്‍.. അവരുടെ കഴുത്തില്‍ നേര്‍ത്ത ഒരു കരിമണിമാല ഉണ്ടായിരുന്നോ.. കൈയില്‍ വളകള്‍ കണ്ടില്ലല്ലോ. അസാധാരണത്വം നിറഞ്ഞ ആ രൂപത്തില്‍ നിന്നും തനിക്കുച്ചുറ്റിനും ഇരിക്കുന്ന അധ്യാപികമാരുടെ ആടയാഭരണങ്ങളിലേയ്ക്ക് അയാളുടെ കണ്ണുകള്‍ പരതിമാറി.
അന്നുവൈകുന്നേരവും അവരെ കണ്ടില്ല. സന്ധ്യാനേരത്ത് ഹാളിനു പുറത്ത് ടെറസ്സില്‍ ഒരു കാപ്പിയും പുസ്തകവുമായി നിന്നു.. ഒരു മണിക്കൂറോളം ഏതോ ഒരു താളില്‍ കണ്ണുറപ്പിച്ച് ബൊഗെന്‍വില്ലയുടെ തഴച്ചുപടര്‍ന്നുപിടിച്ച ശിഖരങ്ങള്‍ക്കിടയിലൂടെ കാണാന്‍ പറ്റുന്ന, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മുറ്റത്തേയ്ക്ക് ഒരിക്കലെങ്കിലും അവരിറങ്ങി വന്നാലോ എന്നാലോചിച്ച്. അത്താഴമുണ്ടാക്കിയിട്ടില്ല, മനു അകത്തേയ്ക്ക് കയറി. സാധാരണ ഗോതമ്പോ മൈദയോ കൊണ്ടുള്ള രണ്ടു മൂന്ന് ദോശയാണ് പതിവ്.. മുളക് ചമ്മന്തിയും. ചരുവത്തിലേയ്ക്ക് ഒരു കപ്പ് പൊടി പകര്‍ന്നതും മുന്‍വശത്തെ വാതിലില്‍ ആരോ തട്ടിവിളിക്കുന്നത് കേട്ടു.
കതക് തുറന്നതും അയാളുടെ ഹൃദയമിടിപ്പ് കൂടി..
“താഴെ ഉച്ച മുതല്‍ കറന്റില്ല.. കുറച്ചു മുന്നേ നോക്കിയപ്പോള്‍ ഇവിടെ ലൈറ്റിട്ടിരിക്കുന്നത് കണ്ടു. മെയിന്‍സ്വിച്ച് താഴയല്ലേ.. ഒന്ന് വന്നു നോക്കാമോ..” അവര്‍ മടിയോടെ പറഞ്ഞു തീര്‍ത്തു.
“അതിനെന്താ.. ഇപ്പോള്‍തന്നെ വരാം..”
വാതില്‍ ചാരി മനു അവരുടെ പിന്നാലെ പടികളിറങ്ങി.
മുടി വൃത്തിയായി മെടഞ്ഞിട്ടിരിക്കുന്നു. കറുപ്പില്‍ ചാരനിറത്തിലുള്ള പുള്ളികളുള്ള ഉടഞ്ഞ സാരി. ഇരുമ്പുതകിടില്‍ പൊതിഞ്ഞ കൈവരിയില്‍ അവരുടെ കൈ വളരെ മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. അതെ.. വളകളില്ല. നീണ്ട വിരലുകളില്‍ ചായം പൂശിയിട്ടുമില്ല. പടികള്‍ കഴിയുന്നതിനു മുന്നേ അവര്‍ തിരിഞ്ഞു നോക്കി, മനുവിനെയല്ല.. അയാളുടെ പ്രിയപ്പെട്ട ബോഗേന്‍വില്ലയെ..
ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു..
വരാന്തയില്‍ നിന്നും വാതില്‍ തുറന്ന് അവര്‍ അകത്തുകയറി. അയാള്‍ ആദ്യമായിട്ടാണ് താഴത്തെ വീടിനുള്ളിലേയ്ക്ക് കയറുന്നത്.. എങ്ങോട്ട് നീങ്ങണം എന്നറിയാതെ നില്ക്കുമ്പോള് അവര്‍ ഒരു ടോര്‍ച്ചുമായി വന്നു.
“വരൂ..” വെളിച്ചം കാണിച്ചുകൊടുത്ത് അവര്‍ മുന്നേ നടന്നു.
കിഴക്ക് ഭാഗത്തുള്ള, ഒരു കൊച്ചുമുറിയില്‍ നിലയലമാരയ്ക്ക് വലതുവശത്തായി മാറാല പറ്റിച്ചേര്‍ന്നുകിടക്കുന്ന പഴയ ഇളംപച്ച മെയിന്‍സ്വിച്ച് ബോക്സ്. മുണ്ട് മടക്കിക്കുത്തി അയാള്‍ ബോക്സ് തുറന്നു.. തനിക്ക് പുറകില്‍ നില്ക്കുന്ന ആളിന്റെ നിശ്വാസം മനുവിന് നന്നായി കേള്‍ക്കാം. ഫ്യുസുകള്‍ ഓരോന്നായി ഇളക്കിയെടുത്ത് ടോര്‍ച്ചിന്റെ വെട്ടത്തിലേയ്ക്ക് പിടിച്ച് നോക്കി.. ചിലതിനകത്ത് പ്രാണികള്‍ കൂടുകൂട്ടിയിരിക്കുന്നു.
“മുകളില്‍ വേറെ ലൈനാണോ കൊടുത്തിരിക്കുന്നത്?” നിശബ്ദദ ഭേദിച്ചുകൊണ്ട് അവര്‍ ചോദിച്ചു
“ഉച്ചയ്ക്ക് മിക്സി ഉപയോഗിക്കാന്‍ തുടങ്ങിയതും കറന്റ് പോയി..”
“നോക്കാം..”
അയഞ്ഞു കിടക്കുന്ന എല്ലാ കോപ്പര്‍ നാടകളും കൃത്യമായി ഇറുക്കിക്കെട്ടി അയാള്‍ ബോക്സ് അടച്ചുപൂട്ടി. പുറത്തെ ഹാന്‍ഡില്‍ ശക്തിയില്‍ താഴോട്ടുവലിച്ച് ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ വെട്ടം വീണു.
“താങ്ക്സ്..”
ആ മുറിയുടെ ഒരു കോണില്‍ നില്ക്കുന്ന അവരുടെ മുഖത്ത് മഞ്ഞ വെളിച്ചം പകര്‍ന്ന എന്തോ ഒരു പ്രത്യേകതയില്‍ അയാള്‍ ഒരുനിമിഷം പെട്ടുപോയി.
“സോറി.. എനിക്ക് നിങ്ങള്‍ രണ്ടുപേരുടെയും പേരറിയില്ല”
“ഉമ.. അദ്ദേഹത്തിന്റെ പേര് അലക്സ്”
“പ്രണയവിവാഹം..” മനു ചിരിച്ചുകൊണ്ട് ചോദിച്ചു.
“എത്ര പെട്ടെന്ന് കണ്ടുപിടിക്കാം അല്ലേ..” മനുവിന്റെ ചിരി മെല്ലെ മാഞ്ഞു.
“ഉമയെ കണ്ടാല്‍ പെട്ടെന്ന് മനസിലാകും”
“അറിയാം”
“അലക്സ് എന്തു ചെയ്യുന്നു..”
“ബിസിനസ്..”
“എവിടെ..”
“സിറ്റിയില്‍ ഒരു ഷോപ്പിംഗ് കോംപ്ലെക്സ് പണിതീരുന്നു.. അവിടെ അലക്സിനു ഒരു ട്രാവല്‍ ഏജന്സിയുമുണ്ട്.”
“ആഹാ..”
“ഉമയുടെ നാട്..?”
“തൃശൂര്‍”
“ഞാന്‍ പാലക്കാട്..”
നിന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല എന്നാ ബോധം വന്നതോടെ അയാള്‍ ചെറുതായൊന്നു പരുങ്ങി.
“ഞാനെന്നാ..”
“ഉം..” പെട്ടെന്ന് അയാളുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ അവര്‍ ശ്രദ്ധിച്ചു.
“കുടിക്കാന്‍ എന്തെങ്കിലും ? ചായ..? ഇരിക്കൂ.. ഞാനിപ്പൊ വരാം” അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഉമ അടുക്കളയിലേയ്ക്ക് പോയി.
മനു വരാന്തയില്‍ ഇറങ്ങിയിരുന്നു.
പ്രണയവിവാഹം കഴിഞ്ഞിട്ടും നിറപ്പകര്‍ച്ചയില്ലാത്ത ഒരു സ്ത്രീ.. ചിലപ്പോള്‍ തനിയെ തിരക്കുപിടിച്ച ഈ പുതിയ ജീവിതം അവര്‍ പ്രതീക്ഷിച്ചുകാണില്ല.
“ഞങ്ങള്‍ കുറച്ചു മാസങ്ങള്‍ മാത്രമേ ഇവിടെ കാണുള്ളൂ.”
“അതെന്തേ..”
“പുതിയ ഫ്ലാറ്റു ബുക്ക് ചെയ്തിട്ടുണ്ട്.. ആറു മാസം കൂടിയെടുക്കുമത്രേ. അതുവരെ ഇവിടെ.” ഉമ എന്തോ ആലോചിച്ചു നിന്നു.
“നല്ലതല്ലേ.. അല്ലെങ്കില്‍ തന്നെ നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് ഇവിടെ പറ്റിയെന്നു വരില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന എന്നെപ്പോലെയുള്ള ചില മനോരോഗികള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരും. അതും ഉറപ്പില്ല.”
ഉമ ചിരിച്ചെന്നു വരുത്തി.
“എനിക്ക് വീട് ഒരുപാടിഷ്ടായീട്ടോ.. പ്രത്യേകിച്ച് മുകളിലത്തെ ഭാഗം.”
“ആഹാ.. പക്ഷേ മുകളില്‍ ഇത്ര സൗകര്യമില്ല കേട്ടോ..”
“പുറത്തേക്കുള്ള വരാന്ത എത്ര ഭംഗിയാണ്.. നല്ല തണുപ്പും തണലുമില്ലേ അവിടെ..”
ചായ കുടിച്ചു.. ഇഞ്ചിചതച്ചിട്ട് മധുരം പാകത്തിനിട്ട, കടുപ്പമുള്ള ചായ. അമ്മയെ ഓര്‍ത്തു.
തിരിച്ചു പടികള്‍ കയറുമ്പോള്‍.. ഉമ അകത്തുകയറി വാതില്‍ കുറ്റിയിടുന്നത് തുറന്നുകിടന്നിരുന്ന ജനാലയ്ക്കിടയിലൂടെ അയാള്‍ കണ്ടു. ചായക്കപ്പില്‍ ഇനിയും ചൂട് ബാക്കിയുണ്ടോ.. അയാളുടെ കാഴ്ച്ചക്കപ്പുറത്തേക്ക് ഒരു കുസൃതിച്ചിന്ത പോയി.. ഒരുപക്ഷേ അവരുടെ ചൂടുകയറിയ വലതുകൈപത്തി കരിമണിമാലയൊട്ടിക്കിടക്കുന്ന കഴുത്തില്‍ ഒരു നിമിഷം ചേര്‍ത്തുവച്ചിട്ടുണ്ടാവാം.
മനുവിന്റെ മടുപ്പിക്കുന്ന ദോശയും മുളക് ചമ്മന്തിയും അന്ന് കൂടുതല്‍ രുചിയുള്ളതായി. ഒരു വര്‍ഷമായി താഴെയുള്ള മുറികളെപ്പറ്റി അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തിട്ടില്ല. ഇപ്പോള്‍ അയാള്‍ക്ക് ചുറ്റിനും താഴത്തെ മുറികളാണ്. തന്നെപ്പോലെ നിശബ്ദദയില് ജീവിക്കുന്ന ഒരാള്‍ അവിടെ. വെറുതേ ഓര്‍ക്കാന്‍ .. ഒരു കൂട്ടുപോലെ.
രാത്രിയില്‍ എപ്പോഴോ ഒരു കാര്‍ വന്നു പാര്‍ക്കുചെയ്യുന്നത് അയാള്‍ കേട്ടു. കുറച്ചുകഴിഞ്ഞ് വാക്കുതര്‍ക്കവും വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദവും മറ്റും..
നിറങ്ങളില്ലാത്ത കുരുക്കില്‍പ്പെട്ട ഒരു പെണ്‍ജീവിതം മനുവിന്റെ ഉറക്കംകെടുത്തി.
ഓരോ ദിവസവും രാവിലെയും വൈകിട്ടും അവര്‍ തമ്മില്‍ കാണും.. ആദ്യമൊക്കെ യാദൃശ്ചികമായി.. പിന്നീട് അറിഞ്ഞും അറിയാതെയും.. രണ്ടോ മൂന്നോ നിമിഷങ്ങള്‍ എങ്കിലും, ഏറ്റവുമടുത്ത് ഉമയെ കാണുന്ന ദിവസം അയാളില്‍ ഉടനീളം പുഞ്ചിരി സമ്മാനിക്കും. രാത്രിയില്‍ താഴെ നിന്ന് കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ അയാള്‍ക്ക് പ്രത്യേകതരത്തിലുള്ള ഒരു സന്തോഷം കൊടുത്തുതുടങ്ങി. നിറങ്ങളില്ലാത്ത ആ സ്ത്രീയ്ക്ക് ചുറ്റിനും കടുംനിറത്തില്‍ മനോഹരമായ കടലാസ്സുപൂക്കള്‍ അടര്‍ന്നുവീണുകഴിഞ്ഞു, അനുമതിയില്ലാതെ.
ഒരു വൈകുന്നേരം അവരെ കണ്ടില്ല.. അന്നുരാത്രി താഴെ വെട്ടവും കണ്ടില്ല. അവര്‍ എവിടെയ്ക്കോ പോയിരിക്കുന്നു. അത്താഴം കഴിക്കാതെ ധാരാളമായി പുകവലിച്ചുകൊണ്ടിരുന്നു മനു.. അസ്വസ്ഥനായി.. ഉമയെ അടുത്ത രണ്ടുദിവസങ്ങളില്‍ അയാളുടെ കണ്ണുകള്‍ തേടിക്കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ മുറ്റത്തിറങ്ങി ഉലാത്തിയും, രാത്രികളില്‍ ഉറങ്ങാതെ വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദത്തിനായും അയാള്‍ കാത്തിരുന്നു.
അവരോടുള്ള ദേഷ്യവും സങ്കടവും ക്ലാസ്സില്‍ തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരെ അയാള്‍ തീര്‍ത്തു. താനൊരു വിഡ്ഢിയാണെന്ന് സ്വയം പറഞ്ഞു ധരിപ്പിച്ചു. അല്ലെങ്കില്‍ത്തന്നെ വിവാഹിതയായ ആ സ്ത്രീയില്‍ എന്തു പ്രതീക്ഷിച്ചാണ് ഇത്രയും സമയം കളയുന്നത്! ഈ പാഴ്ചിന്തകള്‍ തന്നെപ്പോലെ കുടുംബത്തില്‍പിറന്ന ഒരാണിനു ചേര്‍ന്നതല്ല. ആ സ്ത്രീയെ ഇനി കാണേണ്ടതില്ല.. അവരറിയാതെ അവരെ നോക്കേണ്ടതില്ല.. അവരുടെ വസ്ത്രവും മുഖഭാവവും തന്റെ ഒരു ദിവസത്തെ ബാധിക്കാനേ പാടില്ല !
അന്ന് രാത്രി അയാളില്‍ പതിവില്ലാതെ ഒരൂര്‍ജ്ജം കാണപ്പെട്ടു. അത്താഴം നേരത്തെ കഴിച്ചു കിടക്കണം. അടുക്കളയില്‍ നില്ക്കുമ്പോള് താഴെ ഓട്ടോ വന്നു നില്ക്കുന്ന ശബ്ദം. മനു ജോലി തുടര്‍ന്നു. പത്തുമിനുട്ട് കഴിഞ്ഞ് വാതിലില്‍ ആരോ തട്ടി. പുറത്ത് മഴ പെയ്യുന്നതുകൊണ്ട് വളരെ താമസിച്ചാണ് മനു അതുകേട്ടത്.
ഉമ !
വാതില്‍ തുറന്നതും അയാളെ നോക്കാതെ അവര്‍ അകത്തേയ്ക്കുകയറി. മനു അതിശയത്തോടെ അവരെ നോക്കിനിന്നു. ഉമ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു. ആ മുറിയിലെ അരണ്ടവെളിച്ചത്തില്‍ മനു എന്തുചെയ്യണമെന്നറിയാതെ നിന്നു.
“എന്തുപറ്റി”
കേട്ടതും ഉമ തിരിച്ചുവന്ന് വാതിലടച്ചു. എന്നിട്ട് തിരിഞ്ഞുനിന്നു മനുവിനോട് ചോദിച്ചു..
“കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം തരുമോ”
മനു വേഗം പോയി വെള്ളവുമായി വന്നു.
“ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..”
“ഏയ് ഇല്ലാ… പറയൂ എന്ത് പറ്റി, രണ്ടുദിവസമായി ഉമയെ കണ്ടില്ലാ..” അയാള്‍ അവരില്‍നിന്നും നോട്ടം മാറ്റി.
“ഞാന്‍ താഴെത്തന്നെ ഉണ്ടായിരുന്നു.. ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയി.”
“ഓഹ്..ഞാന്‍ വിചാരിച്ചൂ..”
“പറയാതെ എങ്ങോ പോയീന്ന്.. അല്ലേ..”
തമ്മില്‍ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
“അലക്സ്?”
“അറിയില്ലാ..”
“മനസിലായില്ല..” മനു ചോദിച്ചു.
“എനിക്കും ഒന്നും മനസിലായില്ല മനൂ.. രണ്ടു ദിവസമായി വന്നിട്ടില്ല. ഒരു രാത്രി എന്നോട് വഴക്കിട്ടു പോയതാണ്. എന്നോട് തിരികെ വീട്ടിലേയ്ക്ക് പോയ്ക്കോളാന്‍ പറഞ്ഞു.”
ഉമ അയാളുടെ അടുത്തേയ്ക്ക് വന്നു..
“എത്ര കനിവോടെയാണ് നിങ്ങള്‍ എന്നെ നോക്കുന്നത്.. കള്ളിയെപ്പോലെ രണ്ടു ദിവസം ഇതേ നോട്ടങ്ങളില്‍നിന്നും ഒളിച്ചിരുന്നു ഞാന്‍. വന്നു പറയണം എന്ന് തോന്നി. മനൂ, ഞാനൊരു പരാജയമാണ്. ഒരിക്കല്‍ ചെയ്ത തെറ്റില്‍ ജീവപര്യന്തം ശിക്ഷ വാങ്ങുന്നവള്. ഈ ജയില്‍വാസം എന്നെയും കൊണ്ടേ പോകൂ. പരോളിലിറങ്ങി ദിവസങ്ങളുടെ മാത്രം സന്തോഷം എനിക്ക് വേണ്ട. ഇനി മറിച്ചു തോന്നുന്ന പക്ഷം ഞാന്‍ ഈ വീടും കടലാസ്സുപൂക്കളും പിന്നെ അതിനു ചുവട്ടില്‍ സ്കൂട്ടര്‍ പൂട്ടിവയ്ക്കുന്ന ഈ ആളിനെയും തേടി വരാം.”
ഉമ തിരികെ നടന്നു.. വാതില്‍ തുറന്ന് പടികളിറങ്ങി.. വളകളില്ലാത്ത വലതുകൈ ഇരുമ്പു റെയിലില്‍ പിടിച്ചു താഴോട്ട്..
മനു നിശ്ചലനായി നിന്നു. തിരികെ വിളിക്കാന്‍ തോന്നിയില്ല.. അവകാശവുമില്ല. ഒരുപക്ഷെ ആ സ്ത്രീയോട് അയാള്‍ക്ക് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയത് അപ്പോഴാണ്.
അലക്സും ഉമയും മാസങ്ങള്‍ക്ക് ശേഷം വീടുമാറി. നഗരമധ്യത്തില്‍ ഏതോ ഒരു ഫ്ലാറ്റുസമുച്ചയത്തിന്റെ ഒരു കോണില്‍ പുസ്തകവും പിടിച്ചിരിക്കുന്ന ഉമയെപ്പറ്റി മനു ഓര്‍ക്കാറില്ല. അതേസമയം ഓരോദിവസവും കോളജുവിട്ടു വന്നുകയറുമ്പോള്‍.. ബോഗേന്‍വില്ലയ്ക്കു കീഴെ അയാള്‍ ഒരുനിമിഷം തന്റെയാ പ്രിയപ്പെട്ട സ്ത്രീയെ സങ്കല്‍പ്പിക്കും.
നിറങ്ങളില്ലാത്ത ഖാദിസാരിയില്‍.. കറുത്ത വട്ടപ്പൊട്ടില്‍.. ഭസ്മക്കുറിയില്‍.
ഡയറിയില്‍ 2010 ഏപ്രില്‍ 24 തീയതിയിലെ പേജ് എടുക്കുമ്പോള്‍ എന്തെഴുതണം എന്ന് തെല്ലും അറിയില്ലായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചെറു
കവിതകളല്ലാതെ മലയാളത്തില്‍ എന്തെങ്കിലും ഡയറിയില്‍ കുത്തിക്കുറിക്കാന്‍ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.ചെറുതിലെ, തലേനാള്‍ കണ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുത്തു നോട്ട്ബുക്കുകളുടെ കോണില്‍ കുറിച്ചിട്ടിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കടലാസുകളില്‍ വിശ്വസിക്കുന്നില്ല. പക്ഷെ ചില സ്വപ്നങ്ങള്‍ തിരികെ വിളിക്കും. ചിലത് ആട്ടിയകറ്റും ചിലപ്പോള്‍ കൂടെയിരുന്ന് സല്ലപിക്കും.
ഇന്നലെ അമ്മയോടൊപ്പം കോട്ടയം നഗരം ചുറ്റിയപ്പോള്‍ വാങ്ങിയ ‘വനിത’ യിലെ മൂന്നു പേജുകള്‍ . അമ്മ വായന കഴിഞ്ഞ് എന്റെ കിടക്കമേല്‍ ഇട്ടു പോയി. അസൈന്മെന്റ്സ് കിടക്കമേല്‍ ഇരുന്നും കിടന്നും പിന്നീട് നിലത്തിരുന്നും ഒക്കെയാണ് എഴുതാറ്. ബോറടിച്ചപ്പോള്‍ വനിത വായിച്ചു. മൂന്നാമത്തെ ലേഖനം വായിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി .
ജി.എ ലാല്‍
ഞാന്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ വര്‍ഷം മരണം കൊണ്ടുപോയ തിരക്കഥാകൃത്ത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത , സംസാരിച്ചിട്ടില്ലാത്ത , പക്ഷെ എന്റെ എത്രയോ കണ്നീര്‍ത്തുള്ളികളുടെ അവകാശി. അദ്ദേഹത്തിന്റെ വിധവ അജിതചേച്ചിയെപറ്റിയുള്ള ഒരു ലേഖനമായിരുന്നു അത്. എനിക്കവരെയും പരിചയമില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകസ്മിതയ്ക്കും വിങ്ങലിനും ഒപ്പം മൂന്ന് പേജുകളില്‍ അങ്ങിങ്ങായി കണ്ട ഒരു മുഖം.. ആദ്യമായി അതേ പേര് കാണുന്നതിനു മുന്‍പ് നെഞ്ചിലുണ്ടായ ഞെട്ടല്‍ ഇന്നുമോര്‍ക്കുന്നു.
പ്ലസ് ടുവിനു പഠിക്കുന്ന കാലം. ഒരു ഡിസംബര്‍.. എന്റെ പ്രിയപ്പെട്ട മാസം..
തണുത്ത ഒരു വൈകുന്നേരം മുറ്റമടിച്ചുകൊണ്ടിരുന്ന ഞാന്‍ ടീവിയില്‍ നിന്ന് കേട്ട കവിതയിലെ വരികള്‍ കേട്ട് നിന്നു. എനിക്ക് മാത്രം പ്രിയപ്പെട്ടതെന്നു കരുതിയ അതേ നാല് വരികള്‍ .. ഇത്ര കൃത്യമായെങ്ങനെ ഒരാള്‍..? അകത്തേക്കോടി ടിവിക്ക് മുന്നിലിരുന്നു. അതൊരു ടെലിഫിലിമായിരുന്നു. പേര് ‘ഡിസംബര്‍ മിസ്റ്റ്’.
നായകന് കവിതയിലെ നാല് വരികള്‍ ഉരുവിട്ടു ആര്‍ട്സ് കോളേജിലെ ക്ലാസ് റൂമില്‍ സുഹൃത്തുക്കളോടൊപ്പം നില്ക്കുന്നു. തുടക്കം കാണാനായില്ലെങ്കിലും പിന്നീടു കണ്ട ഓരോ രംഗങ്ങളും ഞാനങ്ങേയറ്റം ഇഷ്ടപ്പെട്ടു. വിളക്ക് വയ്ക്കാന്‍ അമ്മ വിളിച്ചുപറഞ്ഞിട്ടും എഴുന്നേല്‍ക്കാതെ ഞാന്‍ ടൈറ്റിലുകള്‍ക്കായി കാത്തിരുന്നു. കഥ,സംഭാഷണം : ജി.എ ലാല്‍
സംവിധാനം: സജി സുരേന്ദ്രന്.
എന്റെ പ്രിയവരികള്‍ പാടിയ നായകന്റെ പേരും ശ്രദ്ധിച്ചു.. അനൂപ് മേനോന്.
എന്തുകൊണ്ടതേ വരകള്‍ എന്ന് ചോദിക്കുവാന്‍ അദ്ദേഹമിന്നില്ല.
പിന്നീടു പലരില്‍ നിന്നായി അദ്ദേഹത്തെകുറിച്ചു കേട്ടു. ഒരുപാട് സ്നേഹത്തോടെ, അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള അകമഴിഞ്ഞ ബഹുമാനത്തോടെ ചിലര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നല്ല സുഹൃത്തിനേക്കൂടി അദ്ദേഹം തന്നു. സജി സുരേന്ദ്രന്. ഞങ്ങള്‍ പരിചയപ്പെടാനുള്ള ആകെയൊരു കാരണം ആ നാല് വരികളായിരുന്നു.. പിന്നീടു പലപ്പോഴായി സംസാരങ്ങളില്‍ കടന്നു വന്ന ആ പേരും.
ഡിസംബര്‍ മിസ്റ്റിന്റെ ഒരു കോപ്പി എന്റെ കൈയിലുണ്ട് ഇപ്പോള്‍. ജീവിതത്തില്‍ ഇനിയും വരാനുള്ള ആകസ്മികതകളുടെ തുടക്കത്തിന്റെ ഓര്‍മയ്ക്ക്.
ഓരോ ഡിസംബര്‍ വരുമ്പോഴും .. നനുത്ത സായാഹ്നങ്ങളില്‍ മുറ്റത്തു നില്‍ക്കുമ്പോഴും മനസിലേക്കോടിയെത്തുന്ന ആ നാല് വരികള്‍.
മാസങ്ങളുടെ നിശബ്ദതയില്‍ ഇനി ചിലപ്പോള്‍ ഒരിക്കലും ഉയര്ന്നുകേള്ക്കില്ലാ എന്ന് ഞാന്‍ കരുതിയ ഒരു ശബ്ദമുണ്ട്. എന്റെതു തന്നെ.
ഈ ഭൂമുഖത്ത് കോടിക്കണക്കിന് ജീവികള്‍ ജനിച്ചുമരിച്ചു പോകുന്നു..
ചിലര്‍ സന്തോഷിച്ചു കഴിയുന്നു, ചിലര്‍ അല്ലാതെയും. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൃത്യമായ സന്തുലനം ആഘോഷിക്കുന്ന ഒരാളാണ് ഞാന്‍. ചിലപ്പോഴൊക്കെ അതോര്‍ത്ത് അത്ഭുതപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഇനിമേല്‍ എനിക്ക് വിധിച്ചിട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ എന്തൊക്കെയാവും ചെയ്യുക എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പറ്റുമോ?
അനിശ്ചിതത്വം. അതല്ലേ ഈ ജീവിതത്തിന്റെ ഏറ്റവും വലിയ മനോഹാരിത..!
സ്വപ്നങ്ങളില്‍ ജീവിക്കുന്ന ചിലര്‍.. സത്യങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന മറ്റുചിലര്‍. അവര്‍ക്കിടയില്‍ ചിരിച്ചുതള്ളാവുന്ന അന്തരമേയുള്ളൂ. ആത്യന്തികമായ സത്യം.. അങ്ങനെയൊന്നുണ്ടോ? ബുദ്ധനു തോന്നിയത്. അങ്ങനെയെങ്കില്‍ ലോകത്തില്‍ രണ്ടു ഗണങ്ങളല്ലേ ഉണ്ടാവൂ.. ആസക്തിയും വിരക്തിയും. ഒന്നിന്റെ പാരമ്യതയില്‍ അടുത്തതിനെ കാണാം. മറിച്ചും.
ജീവിതം, നീര്‍ക്കുമിള പോലെ.. അപ്പൂപ്പന്താടി പോലെ.. പനിനീര്‍പ്പൂവുപോലെ.. മെഴുകുതിരി പോലെ .. അങ്ങനെയെന്തിന്!!?
ഇരുട്ടോ വെളിച്ചമോ എന്തുകൊണ്ടല്ല!!?
അജ്ഞാതം,അനിര്‍വചനീയം.
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പേജിലേക്ക്..
അപ്രതീക്ഷിതം എന്നുകൂടെ എഴുതേണ്ടിയിരുന്നു. ഡയറി തീര്‍ന്നു. പുറത്തു മഴ പെയ്യുന്നതിന്റെ ശബ്ദം പതിയെ കേള്‍ക്കാന്‍ തുടങ്ങി. പേനയെടുക്കുമ്പോള്‍ ചെവിയടയും. പണ്ടുമുതലേ അങ്ങിനെയാണ് കേട്ടോ. മഴക്കാലത്തും മഞ്ഞുകാലത്തും പിടിപെടുന്ന പ്രത്യേകതരം ഒരു രോഗവും പേറി നമ്മുടെ ഈ കഥാനായകന് ഇങ്ങനെ ജീവിച്ചുപോകുന്നു. ഇപ്പോള്‍ തീര്‍ന്നത് 2003ല്‍ പിറന്നാള്‍ സമ്മാനമായി കിട്ടിയ ചുവന്ന പുറംചട്ടയുള്ള ഡയറിയാണ്. നാലുവര്‍ഷത്തെ മഴയും മഞ്ഞും ഭദ്രമായടച്ചു. ഇനിയിത്..വില്‍പത്രങ്ങള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ക്കും മീതെ അയാള്‍ മാത്രം തുറക്കുന്ന വലിയ ലോക്കറില്‍
ഇളംനീല പജാമയും കുര്‍ത്തയും അതിനുള്ളിലെ കഥാനായകനും അരണ്ട വെളിച്ചത്തിലൂടെ നീങ്ങി. ലോക്കര്‍ മുറിയില്‍ തെല്ലൊന്നു ശ്വാസംമുട്ടിനിന്നു. പഴയ ലോക്കര്‍ തുറന്നു. പഴയ മണം. പഴയത്..
ചെറുതും വലുതുമായ കുറെ ഫയലുകള്‍.. അവയ്ക്കൊപ്പം ഡയറികള്‍..
ഏറ്റവും മുകളിലായി ചുവന്ന 2003നെ വച്ചു. ലോക്കര്‍ അടച്ചുപൂട്ടി തിരികെ നടന്നു. കിടപ്പുമുറിയില്‍ എത്തുന്നത് വരെ മനസ്സില്‍ മുഴുവന്‍ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ എന്തോ ഒന്ന്. ലോക്കറിന്റെ ഒരു മൂലയില്‍ ഫയലുകള്‍ക്കിടയില്‍ കണ്ടത്. ആദ്യമോര്‍ത്തു ഭാര്യയുടെ എന്തെങ്കിലും സ്വര്‍ണ്ണാഭരണം.. പക്ഷെ അതൊന്നും അവിടെ സൂക്ഷിക്കാറില്ലല്ലോ. താന്‍ തന്നെ പൊതിഞ്ഞു വച്ചതല്ലേ.. നാല്പത്തേഴുകഴിഞ്ഞ ഓര്മ്മക്കൂമ്പാരം പതിയെ നിന്നു. തിരികെ വേഗം നടന്നു ലോക്കര്‍ തുറന്നു. ഇപ്പോഴും ഓര്‍മ്മകളുമായി തമ്മില്‍തല്ലുകയാണ്. ഇല്ല.. തോറ്റു. ഓര്‍മ്മയില്ല. ലേശം നാണമില്ലല്ലോ തനിക്ക് ഹേ!! സ്വന്തം ലോക്കറില്‍ ഇരിക്കുന്ന ഏറ്റവും വിലപ്പെട്ട, അതും പൊതിഞ്ഞു സൂക്ഷിച്ചു വയ്ക്കപ്പെട്ട ഈ അമൂല്യ വസ്തു, അതെന്തുതന്നെയായാലും, താങ്കളുടെ സ്വബോധത്തിനും ഇത്ര നാളത്തെ അസൂയാവഹമായ ഉദ്യോഗജീവിതത്തിനും ഒരു ചോദ്യച്ചിഹ്നമാവാന് സാധ്യതയുണ്ട്.
വെള്ളത്തുണി രണ്ടുകൈകൊണ്ട് പതുക്കെ വലിച്ചെടുത്തു. ക്ഷമയില്ല.. ഒരുനിമിഷം കൊണ്ട് തുറന്നു. ഒരു കൊച്ചു ബൈബിള്‍ പോലെ തോന്നിക്കുന്ന ഡയറി. തവിട്ടു നിറം.. മുകളിലായി സ്വര്ണ്ണനിറംകൊണ്ട് 1991.
ഇമകള്‍ കൂട്ടിമുട്ടിയകലുന്ന വേഗത്തില്‍ ഡയറി തുറക്കപ്പെട്ടു. ഇപ്പോള്‍ അയാള്‍ക്കറിയാം. ഒരു പേജില്‍ മാത്രേ എഴുതപ്പെട്ടിട്ടുള്ളൂ. ഏതെന്നറിയില്ല. കണ്ണട ഒന്നുകൂടി ശരിയാക്കിവച്ചു. ഇടതുചെവിയോടു ചേര്‍ന്ന് നരകയറിയ മുടികള്ക്കടുത്തുനിന്ന് പതുക്കെയാരോ പറഞ്ഞു.
“ ഇതിന്റെയൊരുതാളില് എന്നെ എഴുതിപ്പൂട്ടി വയ്ക്കണം. പിന്നെ ഇയാള്‍ പോലും തുറക്കരുത്. എനിക്ക് അവിടിരുന്നാല്‍ മതി.”
മെലിഞ്ഞു നീണ്ട ശരീരവും കള്ളിഷര്‍ട്ടും പാന്റ്സും നീണ്ട മുടിയും പിന്നെ അതിനുള്ളിലെ നിയമ വിദ്യാര്‍ത്ഥിയെയും കാണാന്‍ പറ്റുന്നുണ്ട്. തണുത്ത യൂണിവേര്സിറ്റി വരാന്തകളും അതിനേക്കാള്‍ തണുത്ത രാത്രികാലങ്ങളും നിശ്വാസത്തില്‍ വമിക്കുന്ന സിഗരറ്റിന്റെ മണവും..
അവരെവിടെ?!
ഡയറിയുടെ ഏതോ ഒരു താളില്‍!
കാണാന്‍ എങ്ങനെയിരുന്നു?
ഓര്‍മ്മയില്ല..
എന്നാലും..?
അത്ര സങ്കടം നിറച്ചുള്ള ചിരി ഞാന്‍ കണ്ടിട്ടില്ല.
ഇതുമാത്രേ ഓര്‍ക്കുന്നുള്ളൂ?
അതെ.
പിന്നെന്തിനാ ഇത് പൊതിഞ്ഞുകെട്ടി ലോക്കറില്‍ വച്ചിരിക്കുന്നെ?
അറിയില്ല.
ഓഹോ.. അപ്പോള്‍ ശരിക്കും നിങ്ങള്‍ക്ക് ഭാര്യ പറയുന്നത് പോലെ എന്തോ കുഴപ്പമുണ്ട്.
കഥാനായകന് ശേഷം ഒന്നും മിണ്ടിയില്ല. ജനാലയോട് ചേര്‍ന്നുള്ള കസേരയില്‍ പോയിരുന്നു. പുറത്തു വരാന്തയില്‍ വെളുവെളുത്ത മാര്ബിളിന് മുകളില്‍ മഴത്തുള്ളികള്‍ വീണുകൊണ്ടേയിരുന്നു. ഡയറി ഇരിപ്പുണ്ട്.. തൊട്ടടുത്തു മേശമേല്‍. കാറ്റത്തു താളുകള്‍ പലതാളങ്ങളില്‍ മറിഞ്ഞും തിരിഞ്ഞും കളിച്ചു.
ഒരു ദിവസം കണ്ണടച്ചുറങ്ങിയാല്‍ പിന്നെ ഞാന്‍ ഉണരില്ല. ശ്വസിക്കാത്ത എന്റെ ദേഹം തണുത്തുവിറങ്ങലിച്ചങ്ങനെ കിടക്കും. ഏറെ കൌതുകത്തോടെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാനതാളുകള്‍ ചുളുങ്ങാതെ, വിയര്പ്പുപുരളാതെ വൃത്തിയോടെയിരിക്കും. യൂറോപ്യന്‍ പര്യടനത്തിനിടെ വാങ്ങിയ മദ്യക്കുപ്പികള്‍ ചരിത്രവും പേറി മിനിബാറിലെ കണ്ണാടിച്ചില്ലുകള്‍ക്ക് പിന്നില്ഞെളിഞ്ഞിരുന്ന് എന്നെ നോക്കുന്നുണ്ടാവും. കുറച്ചകലെയായി.. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ ആറടിപ്പൊക്കത്തില് ഒരെണ്ണച്ഛായച്ചിത്രം. കുറച്ചുനാള്‍ കിടക്കപങ്കിട്ട ദല്ഹിക്കാരിയുടെ സ്നേഹോപഹാരം.
ഈ വീടിനുള്ളിലെ ഓരോന്നും , ചിത്രങ്ങളാവട്ടെ, ഫര്ണീച്ചറകളാവട്ടെ, പാത്രങ്ങളും ചെടികളും അലങ്കാരവസ്തുക്കളും എന്തിന് ഭിത്തികളിലെ ചായം പോലും എന്റെ തീരുമാനങ്ങളാണ്.
തീരുമാനങ്ങള്‍.
ഇന്നലകളെ മറന്ന് ഒരു മുഖംമൂടിയുമായി ജീവിച്ച കുറെ വര്‍ഷങ്ങളില്‍, എന്നിലെ മകനും സുഹൃത്തും കാമുകനും എത്രയോ തവണ മരിച്ചിരിക്കുന്നു. മൃതസഞ്ജീവനിപോലെ എന്നെ ഉയിര്‍പ്പിച്ചത് മദ്യവും പണവുമാണ്. എല്ലായിടത്തും അഭിനയിച്ച്, ഇപ്പോള്‍ എനിക്ക് തന്നെ സത്യമേതാണ് നാടകമേതാണ് എന്നറിയാതായിരിക്കുന്നു. ഒരുവേള എന്നെ പൂര്‍ണ്ണമായും ഞാനാര്‍ക്കോ കടം കൊടുത്തിരിക്കുകയാണ്. എന്നെക്കാള്‍ മിടുക്കനും സ്വാര്‍ത്ഥനും ജീവിതം കൊണ്ടാടുന്നവനുമാണ് അയാള്‍. ഒട്ടും കൂസലില്ലാതെ നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ച് , താനൊരു പ്രത്യേക ജന്മമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു.
അയാളെന്നുവന്നുവോ അന്ന് ഞാന്‍ പിന്‍വാങ്ങി.
എനിക്കിന്നും ഓര്‍മ്മയുണ്ട്. അയാള്‍ വന്ന ദിവസം ഞാന്‍ പട്ടിണിയായിരുന്നു. ചെന്നൈയില്‍ ഒരു തെരുവോരത്ത്, നട്ടുച്ചവെയിലില്‍ കാറ്റാടിപോലെ ഞാന്‍ നിന്നു. വിശന്നപ്പോള്‍ തുന്നലിളകിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈതൊട്ടു.
പത്തുരൂപ.
അച്ഛന് തന്നുവിട്ടതില് ഇത് മാത്രം ഞാന്‍ പേഴ്സില്‍ വെച്ചിരുന്നു. വെള്ളഭാഗത്ത് അച്ഛന്റെ പേരുമെഴുതി. അനിയത്തിയുടെ ദീനം മാറ്റാന്‍ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സ നടത്തി. അവള് ഒരു ദിവസം തോറ്റുമടങ്ങി. ബാക്കിയുള്ള നാലാളുടെ വയറുനിറയ്ക്കാനും കടങ്ങള്‍ വീട്ടാനും നാട്ടിലെ ജോലി പോരായിരുന്നു. ഇവിടേയ്ക്ക് വന്നിട്ട് എഴുമാസങ്ങള് കഴിഞ്ഞു. രണ്ടിടത്ത് ജോലി നോക്കി. ഒന്നും സ്ഥിരമായില്ല.
പട്ടിണി ശീലമായിത്തുടങ്ങിയിരുന്നു. പകലുകള്‍ ഉറങ്ങിയും രാത്രികളില്‍ അലഞ്ഞുതിരിഞ്ഞും ദിവസങ്ങള്‍ മുന്നോട്ട്. ചിലപ്പോഴൊക്കെ നാട്ടിലേക്ക് വണ്ടികയറിയാലോ എന്നാലോചിച്ചു. ഓരോ തവണയും ചര്‍ദ്ദിച്ചു വഴിയില്‍ വീഴുമ്പോള്‍ പോക്കറ്റിലെ പത്തുരൂപയില്‍ മുറുകെപ്പിടിച്ച് കണ്ണടച്ചു.
മുഴുപ്പട്ടിണിയുടെ പതിനാറാം ദിവസം ബോധോദയം.
സ്വാഭിമാനത്തിന്റെ കള്ളിഷര്‍ട്ടും നരച്ചപാന്ട്സും അവിടെ ഊരിയെറിഞ്ഞു. കൈയ്യില്‍ സൂക്ഷിച്ചിരുന്ന സര്ട്ടിഫിക്കട്ടുകളുടെ കെട്ട് അഴുക്കുചാലിലൂടെ ഒഴുകിയകലുന്നത് നോക്കിനിന്നു ചിരിച്ചു. ഉറക്കെ. നിമിഷം പോകെ , അതേ അഴുക്കുചാലില്‍ നിന്നു മറ്റൊരാള്‍ നടന്നുകയറി. സ്വാഭിമാനം ലേശമില്ലാത്ത , പട്ടിണി തീണ്ടുതൊടാത്ത, ശക്തനും ചതിയനുമായ ഒരുത്തന്.
പിന്നീടുള്ള വര്‍ഷങ്ങളില്‍.. എനിക്ക് പട്ടിണിയില്ല.. ഞാന്‍ നാട്ടിലേക്ക് പോയില്ല. പകരം പണം, അത് കൃത്യമായി..പതിയെപ്പതിയെ ധാരാളമായി അയച്ചു. നാലു ജീവിതങ്ങള്‍ നിറയെ സന്തോഷിച്ച് , അതിലുമേറെ ആശ്വസിച്ചു ജീവിച്ചുകാണും. അറിയില്ല. പലപ്പോഴും ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തത ഉണ്ടായിരുന്നുള്ളൂ. അനിയത്തിയുടെ വിളറിക്കിടന്ന മുഖത്തിനും.. പിന്നെയാ പത്തുരൂപയുടെ മുകളിലെ നീലമഷിക്കും.