Posted in Notes, people, Scribblings, Uncategorized

കണ്ണാടി

ആദ്യമായി കണ്ണാടിയില്‍ അവളുടെ മുഖം കാണിച്ചുകൊടുത്തത് ഒരുപക്ഷെ അമ്മയാവാം. കണ്ണാടിയും അവളും തമ്മില്‍ ഒരുപാട് ചിരിയുടെയും കണ്ണീരിന്‍റെയും ബന്ധമുണ്ട്. കുഞ്ഞുനാളിലെ അമ്മ തൊട്ടുതന്ന വലിയ പൊട്ടും നീട്ടിയെഴുതിയ കണ്ണുകളും അവള്‍ കണ്ടത് അങ്ങനെയാണ്. അതേ അമ്മ വഴക്കുപറഞ്ഞപ്പോഴൊക്കെ ഓടിവന്നു കരഞ്ഞുതീര്‍ത്തതും അതേ കണ്ണാടിക്കു മുന്നിലിരുന്നാണ്. എങ്ങലടിക്കുമ്പോള്‍ കണ്ണാടിയിലെ അവള്‍ കൂടുതല്‍ സുന്ദരിയാവും.. സങ്കടം കുറയും.. പിന്നീട് കുറേനേരം കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിരിക്കും, പതുക്കെപ്പതുക്കെ മുറിക്കു പുറത്ത് അമ്മയും സന്കടപ്പെടുന്നുണ്ടാവും എന്നോര്‍ക്കും.

സ്കൂളില്‍ പോകുമ്പോള്‍ ധൃതിപിടിച്ചു പലദിവസവും കണ്ണാടിയില്‍ നോക്കാതെ ഇറങ്ങി ഓടിയിട്ടുണ്ട്. പിറന്നാള്‍ ദിവസം പക്ഷെ അമ്പലത്തിലേക്ക് പോകുമ്പോള്‍ കണ്ണാടിയില്‍ നോക്കി ചിരിയോടെ ഉറപ്പുവരുത്തിയേ ഇറങ്ങൂ. പുതിയ പട്ടുപാവാടയും ദാവണിയും മുല്ലപ്പൂവും ചന്ദനവും.. ഒക്കെയും കണ്ണാടിയില്‍ കണ്ടു. ആദ്യമായി ഒരാള്‍ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ കണ്ണാടിയില്‍ പതിഞ്ഞു. ഒരുപക്ഷെ അവള്‍ പ്രണയിച്ചത് കണ്ണാടിയിലെ അവളുടെ ചിരിയേയാവം.. അല്ലെങ്കില്‍ അത് പൊയ്പോയപ്പോള്‍ അതേ കണ്ണാടിയില്‍ അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ലായിരുന്നു. ഓരോ ദിവസവും കണ്ണാടിയിലെ തന്നെ സന്തോഷിപ്പിക്കാന്‍ സ്വയം പ്രയത്നിച്ചു. പുതിയ ജോലി..പുത്തന്‍ വസ്ത്രങ്ങള്‍ .. പുതിയ ബന്ധങ്ങള്‍….

ഓരോ ദിവസവും രാത്രി, ഉറങ്ങുന്നതിനു മുന്‍പ് കണ്ണാടിക്കു മുന്നിലുള്ള അവളുടെ നിമിഷങ്ങള്‍ . വേഷങ്ങള്‍ അഴിച്ചുവച്ച , മുഖംമൂടി ഊരിവച്ച, വിവസ്ത്രയും ദുഖിതയുമായ ഒരാത്മാവ്. തെല്ലും ഭയമില്ലാതെ ചിലപ്പോള്‍ .. അങ്ങേയറ്റം സന്തോഷത്തോടെയും അഹങ്കാരത്തോടെയും ചിലപ്പോള്‍ .. ഒരുപാട് നോവിക്കപ്പെട്ട് മറ്റുചിലപ്പോള്‍ ..

വിവാഹദിവസം ഒരുങ്ങിയിറങ്ങുംമുന്‍പേ അവളുടെ മുഖത്തെ സ്വപ്നങ്ങളും, പിന്നീടൊരു ദിവസം, അവളുടെ ഉള്ളില്‍ വളരുന്ന ജീവന്‍റെ തുടിപ്പും കണ്ണാടി വായിച്ചെടുത്തു.. മാസങ്ങള്‍ക്കുശേഷം കൈയില്‍ അതേ ജീവനെ എടുത്തു കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍……… ..

അമ്മയെ കണ്ടു. അവളുടെ അമ്മയെ.. അവളിലെ അമ്മയെ.

പിന്നീട് പലപ്പോഴും കണ്ണാടിയില്‍ നോക്കാതെ.. ചിരിയും കരച്ചിലും മാറ്റിനിര്‍ത്തി ജീവിച്ചു. ഇടയ്ക്കെപ്പോഴെങ്കിലും ഒന്നോടിവന്നു നോക്കുമ്പോള്‍,  കാണാനോ അറിയാനോ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. നെറ്റിയില്‍ ചുളിവുകള്‍ വീണപ്പോള്‍ …  ആദ്യനര കണ്ടപ്പോള്‍ .. സിന്ദൂരം മാഞ്ഞപ്പോള്‍ .. കണ്ണാടിയിലെ അവള്‍ കൂടുതല്‍ അപരിചിതയായി.

ഒടുവില്‍ ഒരുദിവസം അതേ കണ്ണാടിയില്‍ ഒരുപാട് നേരം നോക്കിയിരുന്നു. ചുളിവുകള്‍ മാഞ്ഞ.. നരയില്ലാത്ത..സുന്ദരിയായ തന്നെ ഓര്‍ത്തെടുത്തു. ഒട്ടിയ കവിളുകളെ തള്ളിനീക്കി ചുണ്ടുകള്‍ ചലിച്ചപ്പോള്‍ കണ്ണാടിയാവും ഒരുപക്ഷെ കൂടുതല്‍ സന്തോഷിച്ചത്.

അതിനുശേഷം അവളെ കണ്ടില്ല. പക്ഷേ, കണ്ണാടിയ്ക്കഭിമുഖമായി അതേ ചിരി ഇന്നുമുണ്ട്. ഒരു പഴയ ഫോട്ടോയില്‍ .. അതില്‍ മാറാലകള്‍ വന്നു മറയ്ക്കരുതേ എന്നുമാത്രം കണ്ണാടിയുടെ പ്രാര്‍ത്ഥന!