Posted in Malayalam Stories, Novella

ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 2

ഒരുപക്ഷേ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമായത് ഉപപാഠപുസ്തകത്തിലെ കഥകൾ പഠിച്ചുതുടങ്ങിയപ്പോളാണ്. ബഷീറും പൊറ്റെക്കാടും എം ടിയും ടി പദ്മനാഭനുമൊക്കെ എന്റെയാ മലയോരഗ്രാമത്തിൽനിന്നും ഇടയ്ക്കിടെ വിദൂരദേശങ്ങളിലേക്കു വിളക്കുതിരിച്ചു.

സ്റ്റാഫ് റൂം.

പത്തടിപ്പൊക്കമെങ്കിലും കാണും അതിന്റെ വാതിലിന് . ഏതോ ബ്രിട്ടീഷ് സായിപ്പ് പണികഴിപ്പിച്ച കെട്ടിടമാണത്രെ. പിന്നീട് സ്കൂളിന് വേണ്ടി കെട്ടിടവും ആ പരിസരം മുഴുവനും വിട്ടുകൊടുത്തു. പിൽക്കാലത്തു പല മാനേജുമെന്റുകൾ വന്നു, പിരിവ്, വികസനം, വിസ്തൃതമാക്കൽ ഒക്കെ നടന്നു. വെള്ളയും ചാരനിറവും പൂശിയ ഭിത്തികൾ, കടും ചാരനിറത്തിലുള്ള ജനാലകളും വാതിലുകളും, വലിയ കരിങ്കൽപാളികൾ ചേർത്തുണ്ടാക്കിയ ചുറ്റുമതിൽ, രണ്ടു വലിയ മൈതാനങ്ങൾ, അങ്ങിനെ ഒരു ചെറിയ കുന്നിൻമടിത്തട്ടിൽ ഏഴെട്ടേക്കറിൽ പടർന്നുകിടക്കുന്ന സ്‌കൂൾ. അവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒത്തിരിയിടങ്ങളുണ്ട്. അതിൽ പക്ഷെ ഈ സ്റ്റാഫ് റൂം പെടില്ല !

ക്ലാസ് ലീഡർ ഓരോ മാസവും മാറും. എന്റെ ഭരണകാലം കഴിഞ്ഞു. അതോടൊപ്പം ഓണപ്പരീക്ഷാസമയവും വന്നു. ടൂഷൻ മാസ്റ്ററിൽ വിശ്വാസമർപ്പിച്ച എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും അതിരാവിലെ വിളിച്ചുണർത്തി. ഞാൻ ഉറക്കം തൂങ്ങിയിരിക്കുമ്പോൾ കാപ്പിയും ചായയും ഒക്കെ തിളച്ചപടിയാ കൊണ്ടു മേശമേൽ വെച്ച്, ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ ഇടയ്ക്കിടെ എത്തിനോക്കും.

ഇത്രയുംനാൾ ഇല്ലാതിരുന്ന ശീലങ്ങൾക്കു തുടക്കമായി. നാട്ടിലുള്ള മറ്റു പത്താംക്‌ളാസ്സ് വിദ്യാർത്ഥികളുമായുള്ള ബാലിശതാരതമ്യം ചെയ്യൽ, ഉണ്ടായിരുന്ന ഈശ്വരഭക്തിയുടെ മുകളിൽ വ്യർത്ഥമായ വഴിപാടുകൾകൊണ്ടുള്ള പ്രസാദം ചാർത്തൽ, മാസികകൾ വായിച്ചും കൂട്ടുകാരികൾ പകുത്തുകൊടുത്തും കിട്ടുന്ന അമ്മയുടെ മുറിവിജ്ഞാനം എന്റെമേൽ പരീക്ഷിക്കൽ, ഇതൊക്കെ മുറപ്പടിയാ ദിവസേന നടന്നുകൊണ്ടിരുന്നു.

പരീക്ഷ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ പോലും സ്‌കൂളിൽ ചില വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസ്സ്, ഒപ്പത്തിനൊപ്പം ടൂഷൻ സാറിന്റെ ഓട്ടം. എല്ലാം കൊണ്ടും മനസ്സുമടുത്ത നാളുകൾ.

അന്നൊരു ദിവസം രാവിലെ തന്നെ ടൂഷന് പോയി. വൈകുന്നേരം അടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം പ്രമാണിച്ചു കുടുംബസമേതം ദീപാരാധന തൊഴലുണ്ട്‌. രാവിലെ ഏഴു മുതൽ ഒൻപതുമണി വരെയാണ് ടൂഷൻ ക്ലാസ്. ഫിസിക്സിന് പകരം കണക്കുപുസ്തകവും ബുക്കും കൊണ്ടുപോയതുകൊണ്ട് രണ്ടു മണിക്കൂർ ദിവാസ്വപ്നം കണ്ടിരുന്നു.

തിരിച്ചു വന്നത് നടന്നാണ്, കുരിശുപള്ളി വഴി. രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ഈ പോക്ക്. ഇതിനിടയിൽ മറ്റു രണ്ടു പേർ, വട്ടയപ്പംകാരി ജാസ്മിൻ പിന്നെ റോയ്, രണ്ടാളുമായി ഞാൻ അത്യാവശ്യം കൂട്ടായിരുന്നു. ജാസ്മിൻ ടൂഷൻ നിർത്തി. സ്വത്തുതർക്കം കാരണം കുടുംബവീട്ടിലോട്ടുള്ള അവളുടെ ശനി ഞായർ പോക്കും നിന്നു. പല ദിവസങ്ങളിലും പലഹാരങ്ങളുടെ പാത്രവുമായി ജാസ്മിൻ എന്റെ ക്‌ളാസ് വരാന്തയിൽ വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ശല്യമായി തോന്നിയെങ്കിലും പിന്നീട് മനസിലായി അതിനു സത്യത്തിൽ ആരും കൂട്ടില്ലായെന്ന്.

” അശ്വതീ… അശ്വതീ…!”

റോയ് ഓടിവരുന്നു, കൈയിൽ രണ്ടു പൊതികൾ.

“രാവിലെയാരുന്നോ ക്‌ളാസ്സ് ?” അണച്ചുകൊണ്ട് ചോദിച്ചു.

ഞാൻ മൂളി.. “എന്തു വാങ്ങാൻ പോയതാ?”

“ഗോതമ്പും പയറും..” ചാക്കുനൂലുകൊണ്ടു വട്ടംചുറ്റിക്കെട്ടിയ പൊതികൾ ഒന്നുകൂടി പിരിച്ചു ഭദ്രമാക്കി അവൻ കൂടെ നടന്നു.

“വീട്ടിൽ അപ്പൂപ്പനും പിന്നെ ആരൊക്കെയാ ഉള്ളത്?”

“അപ്പാപ്പനും ഞാനും മാത്രവേ ഒള്ളു”

എനിക്ക് നാവിൽ രണ്ടുമൂന്നു ചോദ്യങ്ങൾ ഒരുമിച്ചു വന്നു. ജാസ്മിൻ ആരുന്നേൽ എല്ലാംകൂടി അപ്പോത്തന്നെ ചോദിച്ചേനെ, ബാക്കിയുള്ളവർ എവിടെ.. എന്താ നിങ്ങൾ രണ്ടാളും മാത്രം തനിച്ച്‌ എന്നൊക്കെ ..

എന്റെ മൗനത്തിലും റോയ് ചിലപ്പോ അതൊക്കെ കേട്ടുകാണും .

“എനിക്ക് കൊച്ചിലേ അപ്പനില്ലാരുന്നു. അപ്പൻ മമ്മിയേമെന്നേം അപ്പാപ്പന്റെ അടുത്തതാക്കി പോയതാ. മമ്മി ഞാൻ ആറിൽ പഠിക്കുമ്പോ മരിച്ചു”

അന്നുവരെ ആരും അത്രയും വലിയ കാര്യങ്ങൾ എന്നോട് മാത്രമായി പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനോർത്തു. റോയ് രണ്ടുമൂന്നു ചുവടുകൾ മുന്നിലാണ് നടക്കുന്നത്. ലുങ്കിയും പഴയ ഒരു യൂണിഫോം ഷർട്ടും ആണ് വേഷം . താഴോട്ടുനോക്കിയും ഇടയ്ക്കിടെ വഴിയിലെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും അലസമായ നടത്തം.

“അപ്പാപ്പന് എന്താ ജോലി”?

“കവലയിൽ ഒരു കടയുണ്ടാരുന്നു. ഇപ്പൊ അതു പൂട്ടിയിരിക്കുവാ. അപ്പാപ്പൻ പുറകിലത്തെ പറമ്പിൽ പണിയെടുക്കും. കൊറച്ചുനാളായി അതിനും വയ്യ.”

റോയ് എന്നെ നോക്കി. സ്‌കൂൾ ഗ്രൗണ്ടിലും വരാന്തകളിലും ചോറ്റുപാത്രം കഴുകാൻ നേരത്തും കാണുമ്പോൾ ഉള്ള നോട്ടമല്ല. ചിരിയോ മറ്റു പ്രകടനങ്ങളോ ഇല്ലാതെ, ശൂന്യത നിറഞ്ഞ നോട്ടം. പിൽക്കാലത്തു പലതവണ പലരിലും തിരഞ്ഞത് സുതാര്യമായ സമാനമായ നോട്ടങ്ങളാണ്.

“കപ്പ പറിച്ചു വച്ചിട്ടുണ്ട്.”

“ഏഹ് ..” വേറെന്തോ ഓർത്തുനടക്കുവാരുന്നു ഞാൻ.

“ഞങ്ങളുടെ പറമ്പിലെ കപ്പയും കിഴങ്ങുമൊക്കെ ഇന്നെലെ പറിച്ചാരുന്നു. ഒരു പെട്ടിയോട്ടോ വന്നാ എടുത്തോണ്ട് പോയെ. ഞങ്ങൾക്കുള്ളത് ഉണക്കിയും അല്ലാതേം വെച്ചിട്ടുണ്ട് ..” റോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആഹാരത്തെ കുറിച്ച് പറയുമ്പോഴുള്ള തെളിച്ചം !

“അപ്പൂപ്പനാണോ അപ്പോ വീട്ടിൽ വെച്ചുണ്ടാക്കുന്നെ?”

“അപ്പാപ്പന് കിളക്കാനും വളമിടാനുമേ അറിയത്തൊള്ളൂ, ചോറും കറിയും ഞാനാ ഉണ്ടാക്കുന്നെ.”

“സത്യം?” എനിക്ക് വിശ്വാസം വരുന്നില്ല.

“ആന്നു!! അശ്വതിക്ക് എന്നതൊക്കെ ഉണ്ടാക്കാനറിയാം. പറഞ്ഞെ..” റോയ് വഴിയുടെ നടുക്ക്നിന്ന് തിരിഞ്ഞെന്നെ നോക്കി.

“പറ..”

എന്റെ മുഖത്ത് മുട്ടൻ അക്ഷരങ്ങളിൽ എഴുതിവന്നു “ഞാൻ അടുക്കളയിൽ കേറുന്നത് കട്ടുതിന്നാൻ മാത്രമാണ് !”

റോയ് പൊട്ടിച്ചിരിച്ചു.

മുന്നിൽ കയറ്റം.. ഇരുട്ട്..

“ഞാൻ കഞ്ഞിയും പയറുമാ ആദ്യം ഉണ്ടാക്കിയെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോ . മമ്മി പോയിക്കഴിഞ്ഞ് ഒരു ചിന്നമ്മചേട്ടത്തി വരുവാരുന്നു,ഞങ്ങളെ സഹായിക്കാൻ. അകന്നബന്ധുവാ. പിന്നെ അവരെ മക്കൾ എങ്ങോട്ടോ കൊണ്ടുപോയി. ചിന്നമ്മയാ എന്നെ ചോറും കറിയും വെക്കാൻ പഠിപ്പിച്ചെ.”

“എന്തൊക്കെയുണ്ടാക്കും?” എനിക്ക് കൗതുകമായി.

“എന്നാ കിട്ടിയാലും അതീന്ന് കഴിക്കാൻ പറ്റിയ എന്നതേലുമുണ്ടാക്കും. സ്‌കൂളിൽ കൊണ്ടുപോകാൻ ചോറിന്റെ കൂടെ കപ്പയും തേങ്ങായുള്ളപ്പോ ചമ്മന്തി, പറമ്പിന്നുള്ള കപ്പളങ്ങ തോരൻ,കടച്ചക്ക കൊണ്ട് കൊറേ കറികൾ അറിയാം. പുഴുക്ക് വെക്കും ചെലപ്പോ. മാസത്തിൽ രണ്ടു തവണ അപ്പാപ്പൻ മീൻ മേടിക്കും. അല്ലെങ്കിൽ ഉണക്കമീൻ വറക്കും.”

“ശ്ശൊ എനിക്കിതൊന്നും അറിയത്തില്ലല്ലോ ഉണ്ടാക്കാൻ!”

“അതിനിപ്പോ എന്താ.. അമ്മയില്ലേ വീട്ടിൽ.”

റോയ് പറഞ്ഞതേ ഞാൻ കേട്ടൊള്ളൂ. ഇരുണ്ട വഴിയിൽ മുഖം കണ്ടില്ല. ഞാൻ ഉണ്ടെന്നു മൂളി.

“ഞാൻ എന്നാവെച്ചാലും എന്റെ മമ്മിയുണ്ടാക്കുന്ന അതേ രുചിയാന്നാ അപ്പാപ്പൻ പറയുന്നെ.”

“ആണോ, എന്നാൽ ഒരു ദിവസം എനിക്ക് എന്തെങ്കിലും വെച്ചു വിളമ്പു കേട്ടോ, കൊള്ളാവോന്നു നോക്കട്ടേ..” ഞാൻ കളിപറഞ്ഞു.

“അതിനെന്താ. ഒരു ദിവസം ചോറ്റുപാത്രം എടുക്കണ്ടാ. ഒരു പൊതി കൂടുതൽ ഞാൻ എടുത്തോളാം. മതിയോ.”

“അയ്യോ അതൊന്നും വേണ്ട. ഇതിലേ ടൂഷൻ കഴിഞ്ഞു പോകുമ്പോ എന്നതേലും കൊണ്ടുത്തന്നാ മതി.”

“അങ്ങനെയങ്കിയങ്ങനെ..”

“റോയ് ..”

“എന്തോ..”

“തന്റെ മമ്മി എങ്ങനെയാ.. മരിച്ചേ ..” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.

റോയ് മിണ്ടിയില്ല.

“സോറി കേട്ടോ, അറിയാതെ ചോദിച്ചു പോയതാ.”

കയറ്റം കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ കിതച്ചു നിന്നു. റോയ് അപ്പോഴും എന്തോ ഓർത്തു മുന്നോട്ട് നടന്നുകൊണ്ടിരുന്നു. ഇനി ചിലപ്പോ അവനെന്നോട് ഒരിക്കലും മിണ്ടില്ലേ എന്ന് തോന്നി. വീടടുത്തിയപ്പോഴാണ് റോയ് എന്നെ തിരിഞ്ഞു നോക്കിയത്. പൊതി രണ്ടും വരാന്തയിൽ കൊണ്ടു വെച്ചിട്ട് അയാൾ തിരിച്ചു വന്നു. എനിക്കെന്തോ മുഖത്ത് നോക്കി സംസാരിക്കാൻ മടി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“മമ്മിയെങ്ങനെയാ പോയതെന്ന് എന്റെ കൂട്ടുകാരൊന്നും ചോദിച്ചിട്ടില്ല. അതാ ഞാൻ .. ഇവിടെ അടുത്തൊള്ളവർക്കെല്ലാർക്കും അറിയാം.”

“സോറി. പറയണ്ട റോയ് .. അബദ്ധത്തിൽ ചോദിച്ചു പോയതാ”

“ഏയ് എനിക്ക് പറയാൻ മടിയൊന്നുമില്ല. അപ്പൻ ഞങ്ങളെ ഇട്ടേച്ചു പോയത് മുതൽ മമ്മിക്ക് മാനസികരോഗം ഉണ്ടാരുന്നു. ഇവിടുന്നു അപ്പാപ്പൻ മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുവാരുന്നു. എല്ലാം മാറി മമ്മി സുഖപ്പെട്ടു വന്നതാരുന്നു. എന്നേം കൊണ്ട് പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. പെരുന്നാളിന്റന്നു പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റടുത്തുള്ള വീട്ടുകാരെ പള്ളിമുറ്റത്തു വെച്ചു കണ്ടു സംസാരിച്ചാരുന്നു. അങ്ങനാ അപ്പാപ്പൻ പറയുന്നേ. പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത്, മമ്മിയേ മുകളിൽ നിന്ന് കുറേ പേരൊക്കെ ചേർന്ന് അഴിച്ചെടുക്കുന്നത് കണ്ടാ. മമ്മി.. അങ്ങനെ.. അങ്ങനെയാ പോയത്.”

റോയ് ഒരു തവണ കൂടി എന്റെ കണ്ണിൽ നിന്ന് നോട്ടമെടുത്തില്ല. പക്ഷെ എന്നെ അയാള് കണ്ടതുമില്ല. അപ്പോഴേക്കും വരാന്തയിൽ നിന്ന് അപ്പാപ്പന്റെ വിളി വന്നു.

“ഞാനെന്നാ പോട്ടെ റോയ്. സ്‌കൂളിൽ വെച്ചു കാണാം.”

റോയ് തലയാട്ടി.

ഒരുതരത്തിൽ അവിടുന്ന്, അയാളുടെ മുന്നിൽ നിന്ന് ഓടി രക്ഷപെടുവാരുന്നു. എന്നെക്കാൾ ഒരുപാട് പ്രായം തോന്നി അന്ന് റോയിക്ക്. പതിനഞ്ചുകാരന്റെ മുഖമോ വാക്കുകളോ നോട്ടങ്ങളോ ഒന്നുമില്ല. അമ്മ വാങ്ങിത്തരുന്ന പുതിയ ഉടുപ്പുകളും അച്ഛൻ കൊണ്ടുപോയി കാണിക്കുന്ന സിനിമകളും കൂട്ടുകാരികളുടെ പരദൂഷണം പറച്ചിലും അനിയത്തിയുടെ അടിപിടികളും മാത്രമാരുന്നു എന്റെ വല്യ ചിന്തകൾ. പിന്നെ ഒരു പത്താംക്‌ളാസ് പരീക്ഷയും. വേദനയും നെഞ്ചുപിടയുന്ന വാർത്തകളും ഒന്നും എന്നെ തൊട്ടിട്ടില്ല. അന്നുവരെ.

ദീപാരാധന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളെയും കൊണ്ട് ചിന്തിക്കടയിൽ കയറി. അനിയത്തി എന്തൊക്കെയോ വാരിക്കൂട്ടുന്നുണ്ട്. ഒക്കെയും നാളെമുതൽ വീടിന്റെ ഓരോ കോണിൽ ചിതറിക്കിടക്കും.

അമ്മ എന്നോട് വളകളും മാലകളും നോക്കാൻ പറഞ്ഞു. അനിയത്തിക്ക് തലയിൽ വയ്ക്കാനുള്ള ബാൻഡും പ്ലാസ്റ്റിക് ബൊമ്മയുമൊക്കെ എടുക്കുന്നുണ്ട്.

അമ്മയ്ക്ക് പകരം റോയിയുടെ മമ്മി, അനിയത്തിക്ക് പകരം കൊച്ചു റോയ്. പള്ളിമുറ്റം .. ചിന്തിക്കട ..

ഒരു നിമിഷം ഞാൻ കണ്ണിറുക്കിത്തുറന്നു.

Posted in English Poetry, mother, people, poem, poetry, Scribblings, Uncategorized

Last Visitor / Poem

She left a note , a brief one,

Few words hidden in dust and dirt

It must have been in her handbag for years now

Like a souvenir

He knew the lines, once.

He had scribbled them on a birthday

The only day she visits him..

Like an awful ritual

Today she looked different

Her hair unkempt, skin more wrinkled

But, those eyes were not meeting his,

Exactly like a decade ago

“Mother, Forgive me if possible,

Not for the crime I committed

But for the days you visit me”

She walked away slower than ever

And he, now, locked in a piece of paper

Posted in Malayalam Stories, mother, people, Short Stories

മാലാഖമാര്‍

മാലാഖമാര്‍

തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്‌. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.

ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്‍റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.

അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്‍റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന്‍ അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്‍റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത്‌ ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന്‍ വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്‌. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്‍.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.

പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.

ഈയിടെയായി കുനിഞ്ഞുനിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന്‍ വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.

ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്‍റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.

വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്‌. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.

എന്തിന് പരിഭവം തോന്നണം..!

പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ്‌ ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന്‌ പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.

വിയര്‍പ്പു തുടച്ചുനീക്കി മടിച്ചുരുള്‍ അഴിക്കവേ പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ടു.

നോക്കിയപ്പോള്‍ ജോസാണ്.

“നീയെന്താ ഇത്ര നേരത്തേ..”

“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”

“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”

“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”

“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”

“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.

“എന്നതാടാ..”

ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്‍റെ മുകളില്‍ പോയിരുന്നു.

“എന്നെക്കൊണ്ടിങ്ങനെ ആരാന്‍റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ്‌ അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”

കാപ്പിയെടുത്തു കൊടുക്കവേ ചേടത്തി മകന്‍റെ മുഖത്തുനോക്കി.

“അമ്മച്ചി പേടിക്കണ്ടാ.. എന്റെ അമ്മച്ചി ഇങ്ങനെകിടന്നു കഷ്ടപ്പെടാന്‍ ഇനി ഞാന്‍ സമ്മതിക്കത്തില്ല.”

ആറുമാസങ്ങള്‍ കഴിഞ്ഞ് അവര്‍ പോയി. അതിനേക്കാള്‍ വളരെ പതുക്കെ പിന്നാലെയുള്ള ഇരുപത്തിയെട്ടു കൊല്ലങ്ങളും.

പ്ലാവിലകള്‍ കമ്പിയില്‍ കോര്‍ത്ത്‌കോര്‍ത്തിട്ട് മേരിക്കുട്ടിചേടത്തി താഴോട്ടിറങ്ങി. വീടിനു തൊട്ടുമുകളിലെ പറമ്പില്‍ വച്ച് ഒരു റബ്ബര്‍ക്കുരുവിന്റെ പൊട്ടിയ തോട് വിണ്ടുകീറിയ കാലില്‍ തറഞ്ഞുകയറി. അതെടുക്കാന്‍ ചേടത്തി കുനിഞ്ഞു. കയ്യില്‍നിന്നും ഒരുകെട്ട്‌ പ്ലാവിലകളും കമ്പും താഴെവീണു. ചേടത്തി ഒരു കൊച്ചുകുഞ്ഞിനേപ്പോലെ കൊഴിഞ്ഞുകിടക്കുന്ന റബ്ബര്‍ ഇലകള്‍ക്ക് മേലേയ്ക്ക് കുഴഞ്ഞുവീണു.

ആറാംപക്കം അതെ ക്ഷീണിച്ച കണ്ണുകള്‍ തുറക്കപ്പെട്ടു.

വെളുത്ത ചുമരുകളിലേക്ക്.

തലയില്‍ ഒരു വലിയ വിറകുകെട്ടുണ്ടോ.. വലിയ ഭാരം തോന്നി.

തലചെരിച്ചു നോക്കിയപ്പോള്‍ തൊട്ടടുത്ത മേശമേല്‍, കഴുത്തില്‍ കിടന്ന കൊന്ത.

ആരെ വിളിക്കും.. ആരെങ്കിലും അടുത്തുണ്ടാവുമോ. ദാഹിക്കുന്നല്ലോ..

“അമ്മച്ചി..”

വിളി കേട്ട് ചേടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു.. കണ്ണടച്ചുതുറന്നപ്പോള്‍ കുറച്ചുകൂടി വ്യക്തമായി കാണാന്‍പറ്റി. ജോസിനെ.

“ജോസൂട്ടി..”

“ആന്നമ്മച്ചി.. ജോസാണേ..”

“കര്‍ത്താവേ.. എന്റെ പൊന്നു കര്‍ത്താവേ.. ” ചേടത്തി വിങ്ങിക്കരഞ്ഞു

ഒന്ന് സമാധാനമായപ്പോള്‍ ജോസ് അമ്മച്ചിയെ പിടിച്ചെഴുന്നെല്‍പ്പിച്ചു. കൂടെയിരുന്ന് പുറം തലോടിക്കൊടുത്തു

“നീയെപ്പോഴാ വന്നേ”

“ഇന്നലെ”

“എനിക്കെന്നതാ പറ്റിയത്.. ഒന്നും ഓര്‍ക്കുന്നില്ലല്ലോടാ”

“ഒന്നുവില്ലമ്മച്ചി..”

“പിന്നെ.. എന്നെ ഇവിടെ എന്തിനാ കിടത്തിയേക്കുന്നെ..?”

“അത് പിന്നെ ആശുപത്രി അല്ലായോ.. അവര്‍ ചിലപ്പോ കുറച്ചു നാള്‍ കിടത്തും. വീട്ടില്‍ പോയാല്‍ അടങ്ങിയിരിക്കാത്തവരെ പിന്നെ എന്നാ ചെയ്യാനാ.”

ചേടത്തി ഒന്നും പറഞ്ഞില്ല.

“അമ്മച്ചി ഇങ്ങോട്ട് നോക്കിക്കേ.. ഇതാരാന്നു മനസിലായോ..”

ജോസിന്‍റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.

“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന്‍ ലണ്ടന് പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്‍. അതുകൊണ്ട് അവളും വന്നില്ല..”

മകന്‍ പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്‍ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.

കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്‍റ്സും ഷര്‍ട്ടും. അതിന്‍റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള്‍ നിന്നു.

“അമ്മച്ചി പേരു മറന്നു കാണും. ഏയ്‌ജല്‍.”

“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”

“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”

ഏയ്‌ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.

“ആ എന്നാ പറയാനാ അമ്മച്ചി അവിടൊക്കെ പിള്ളാരിപ്പൊ പിരികത്തേലും താടിയേലും ഒക്കെയാ കമ്മലിടുന്നെ..”

“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”

എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.

“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”

ജോസു പോയതും ഏയ്‌ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്‍പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.

ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.

“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്‍റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”

ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്‌.

ഏയ്‌ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്‌. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.

അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.

“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്‍ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”

മാലാഖകൊച്ചു ചിരിച്ചു.

“നോ നോ.. ഐ ആം ഫൈന്‍.  ഞാന്‍ കുറച്ചേ കഴിക്കു.”

ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.

പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള്‍ വീടെത്തി.

ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്‌ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക്‌ വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട്‌ രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.

പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട്‌ നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന്‍ മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.

അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്‌, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്‍റെ മുഖം.. ചിലപ്പോള്‍ അവന്‍ കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.

***

പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.

“എയ്ജല്‍..”

വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.

രണ്ടുപേരും വിളികേള്‍ക്കുന്നില്ല.

മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.

“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.

വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്‍നിന്നും മകളുടെ പ്രതിഷേധത്തിന്‍റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.

ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.

കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്‍റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്‍റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.

***

മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.

oldage2

https://d19tqk5t6qcjac.cloudfront.net/i/412.html

Posted in Malayalam Stories, people, places, Short Stories

അമ്മയിലേയ്ക്ക്

1422970100199

നിമിഷ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടണത്തിന്‍റെ ഒത്ത നടുവില്‍ കലക്ടറെറ്റിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അവളുടെ കുടുംബം താമസം മാറിയെത്തിയത്‌. അച്ഛന്‍ അവിടെയൊരു പൊതുമേഖലാ സ്ഥാപനത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരുന്നു. ആ പട്ടണത്തില്‍ ആദ്യമായി പൊങ്ങിവന്ന ഫ്ലാറ്റ് സമുച്ചയം അതായിരുന്നു. തൊണ്ണൂറ്റിമൂന്നില്‍ പണികഴിപ്പിക്കപ്പെട്ട നാലു നിലകള്‍ മാത്രമുള്ള ആ കെട്ടിടത്തില്‍ ഇന്നത്തെപ്പോലെ ലിഫ്റ്റോ, മുന്നില്‍ പൂന്തോട്ടമോ, വിശാലമായ കാര്‍ പാര്‍ക്കിങ്ങോ കുട്ടികള്‍ക്കായി കളിസ്ഥലമോ ഒന്നുമുണ്ടായിരുന്നില്ല. ഇളം മഞ്ഞ മൊസൈക് പതിച്ച തറകള്‍ അന്നൊക്കെ ആഡംബരത്തിന്റെ ചിഹ്നമായിരുന്നു. രണ്ടു ബ്ലോക്കുകളിലായി മുപ്പത്തിരണ്ടു കുടുംബങ്ങള്‍. നിമിഷയ്ക്കും ചേട്ടന്‍ നിര്‍മ്മലിനും അടുത്തുള്ള പോലിസ് ഗ്രൗണ്ടില്‍ കളിക്കാന്‍ നിറയെ കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാരും ദിവസവും രാവിലെ പല നിറത്തിലുള്ള യൂണിഫോമുകളില്‍ ഓട്ടോകളിലും സ്കൂള്‍ ബസുകളിലുമൊക്കെയായി പരസ്പരം യാത്രപറഞ്ഞു യാത്രയായി.

നാലാം നിലയിലുള്ള 16/B ഫ്ലാറ്റില്‍ ഇന്ന് നിമിഷയുടെയും നിര്‍മ്മലിന്റെയും അമ്മ മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലുകാച്ചിത്തുടങ്ങിയ അതേ അടുക്കളയില്‍ അവരിന്നും പാചകം ചെയ്യുന്നു. ഇളം മഞ്ഞ മൊസൈക്കിന് മങ്ങലേറ്റിട്ടുണ്ട്, ഭിത്തികളിലെ ചായം മാറി. കൊച്ചുബാല്‍ക്കണിയില്‍ നിമിഷയുടെ അച്ഛന്റെ ചാരുകസേരയും കുറച്ചു ചെടികളും മാത്രം. അവരുടെ വൈകുന്നേരങ്ങള്‍ അവിടെയാണ്. വര്‍ഷങ്ങളായി. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും നിമിഷയ്ക്ക് തോന്നും അമ്മയ്ക്കപ്പുറത്തു അച്ഛനും നില്‍ക്കുന്നുണ്ടെന്ന്.

പൂനെയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ജോലി കിട്ടിയപ്പോള്‍ മുതല്‍ അവള്‍ അമ്മയെ നിര്‍ബന്ധിക്കുന്നതാണ് കൂടെ വരാന്‍. ചേട്ടന്‍ ലണ്ടന്‍ സ്വപ്നങ്ങളുമായി പറന്നിട്ടും ഒറ്റപ്പെടലിന്‍റെ ഒരു ലാഞ്ചന പോലും അമ്മയുടെ മുഖത്തു കണ്ടിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ.. വിധവാപെന്‍ഷന്‍ കൈപ്പറ്റി.. എന്നത്തേയും പോലെ ചിലവുകള്‍ ചുരുക്കി അവരിന്നും ജീവിച്ചുപോകുന്നു. അച്ഛന്റെ തറവാട് ഭാഗം ചെയ്തപ്പോള്‍ മുത്തശ്ശിയെയും അച്ഛനെയും അടക്കം ചെയ്ത പറമ്പു മാത്രം ചോദിച്ചുവാങ്ങിയിട്ടു. തറവാടും ബാക്കിയുള്ള സ്ഥലവും വിറ്റുകിട്ടിയത് മറ്റുള്ളവര്‍ ഭാഗിച്ചെടുത്തു.

ഓരോ തവണ അമ്മയെ കാണാന്‍ ചെല്ലുമ്പോഴും ഒരേ നാടകം കളിക്കുന്ന പോലെയാണ് അവള്‍ക്കു തോന്നുക. വെള്ളിയാഴ്ച വൈകുന്നേരം ടാക്സിയില്‍ ചെന്നിറങ്ങുന്നത് മുതല്‍ അങ്ങോട്ടേയ്ക്കെല്ലാം. ഒരിക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിക്കയറിയിരുന്ന പടികള്‍ ഇന്ന് മടുപ്പിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരാള്‍പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ബെല്ലമര്‍ത്താന്‍ ചാടി നോക്കുമായിരുന്നു. ഇന്ന് കിതച്ചുകൊണ്ട് വാതില്‍ക്കലേക്ക് നടന്നുചെല്ലുമ്പോള്‍ വര്‍ഷങ്ങളുടെ കറ കൊണ്ട് മങ്ങിനില്‍ക്കുന്ന സ്വിച്ചാണ് കാണുക.

മാറാത്തത്, മങ്ങാത്തത്.. വാതില്‍ തുറക്കുമ്പോഴുള്ള അമ്മയുടെ ചിരിയാണ്.

എയര്‍കണ്ടീഷനില്‍ ജീവിച്ചും ജോലിചെയ്തും അവിടെയെത്തുമ്പോള്‍ വിയര്‍പ്പു തുടയ്ക്കാനേ നേരമുള്ളൂ. വീട്ടില്‍ കയറുമ്പോഴേ എല്ലാ മുറികളിലും ചെന്ന് ഫാനിടും. എന്നിട്ട് ഫ്രിഡ്ജ് തുറക്കും, കെല്‍വിനേറ്റര്‍, അത്ഭുതം തോന്നില്ലേ..

പണ്ട് ഫ്ലാറ്റു വാങ്ങി അവിടെ താമസിച്ചിരുന്ന ഒരു കുടുംബവും ഇന്നവിടില്ല. ഭൂരിപക്ഷം ഫ്ലാറ്റുകളില്‍ വാടകക്കാരാണ്. തൊട്ടപ്പുറത്തുള്ള ഒരു വീട്ടുകാരെ നിമിഷയ്ക്കറിയാം.. ഏഴെട്ടു വര്‍ഷമായി അവര്‍ അവിടെയാണ്. വാടക കൊടുത്തുകൊടുത്തു ഒരുദിവസം അവരത് വിലയ്ക്കുവാങ്ങി. ലാന്‍ഡ്‌ഫോണ്‍ കേടാവുകയോ മറ്റോ ചെയ്‌താല്‍ അവിടെയുള്ള ബീനയുടെ ഫോണിലേക്ക് വിളിക്കും. അവിടുത്തെ കുട്ടികള്‍ അമ്മയുമായി കൂട്ടാണ്. അവരെ നാമം ചൊല്ലാന്‍ പഠിപ്പിക്കുക, ഗീത വായിച്ചു കൊടുക്കുക.. ഇതൊക്കെയാണ് സന്ധ്യാസമയത്ത് വീട്ടിലെ പരിപാടികള്‍. നിമിഷ വീട്ടില്‍ ചെല്ലുമ്പോഴും ഒന്നിനും മാറ്റമില്ല.

“എന്നെക്കാള്‍ അമ്മയ്ക്ക് ആ പിള്ളേരാണോ വലുത്.. അല്ലാ.. വിളക്കും കത്തിച്ചു നോക്കിയിരിപ്പാണല്ലോ..”

അമ്മ ചിരിക്കും.

പിറ്റേ ദിവസം രാവിലെ അമ്മയും മകളും അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകും. തിരിച്ചുവരും വഴി ചേട്ടന്‍റെ വിശേഷങ്ങള്‍ കൈമാറലാവും പതിവ്. വിവാഹം കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിക്കാറില്ല, കാരണം ഇഷ്ടപുരുഷനെക്കുറിച്ച് നിമിഷ സൂചിപ്പിച്ചിട്ടുണ്ട്. അയാളും പൂനെയില്‍ തന്നെയാണ്. സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കും പിന്നീടു തിരിച്ചും യാത്ര ചെയ്യുന്നവര്‍. അയാളുടെ പേര്‍ പലപ്പോഴും അമ്മ മറക്കും. ഒരിക്കല്‍ ദേഷ്യം വന്ന്‌ അവള്‍ തന്നെ ഒരു പേനയെടുത്ത് കതകിനു മുകളില്‍ ഒട്ടിച്ചിരുന്ന താജ്മഹലിന്‍റെ പോസ്റ്ററിന്മേല്‍ എഴുതിവച്ചു.

നിമിഷയുള്ള ഞായറാഴ്ചകളില്‍ അമ്മ അടുത്തുള്ള ചന്തയില്‍ പോയി കപ്പയും മീനും വാങ്ങി വരും. അന്ന് വൈകുന്നേരം പോകാന്‍ വേണ്ടി അവളിറങ്ങുമ്പോള്‍ ഒരു പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ പലഹാരങ്ങള്‍ കൊടുത്തുവിടും. ഇലയടയോ..ഉണ്ണിയപ്പമോ ഉപ്പേരിയോ ഒക്കെ.

താഴെ വരെ അമ്മ കൂടെവരും. കണ്ണുനിറഞ്ഞു പക്ഷെ ചിരിച്ചു യാത്രയാക്കും മകളെ.

അമ്മയ്ക്കും എയര്‍പോര്‍ട്ടില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന കാമുകനും ചിലപ്പോള്‍ ഒരേ മുഖമാണെന്ന് തോന്നും. ഒന്നിനെയും തളച്ചിടാതെ എന്നാല്‍ സ്നേഹത്തില്‍ എവിടെയോ പിടിച്ചുനിര്‍ത്തുന്ന രണ്ടുപേര്‍.

വിമാനത്തില്‍ ഇരുന്ന് അടുത്ത വരവിനെക്കുറിച്ച് ആലോചിക്കും, രണ്ടു മാസങ്ങള്‍ കഴിഞ്ഞ്.. ചിലപ്പോള്‍ അതിലും നീളും. കുറേക്കാലം കഴിയുമ്പോള്‍ അമ്മയ്ക്ക് വയ്യാതെയാവും. അടുത്തുള്ള ബീനയും കുടുംബവും ഫ്ലാറ്റുവിറ്റ് മറ്റെവിടേയ്ക്കെങ്കിലും മാറാം. അമ്മയുടെ ക്ഷീണിച്ച കാലുകള്‍ കൊണ്ട് നാലു നിലകള്‍ കയറാന്‍ പറ്റാതെവരും.

അപ്പോള്‍?

ഈ ചോദ്യത്തിലാണ് നാടകം അവസാനിക്കുക. തണുത്ത ഒരു കവിള്‍ വെള്ളത്തോടൊപ്പം 16/B  തല്‍ക്കാലം അവളുടെ ഉള്ളിലൂടെ എവിടെയോ പോയ്‌മറയും.

അമ്മയിലേക്ക്‌.. അടുത്ത തവണയെത്തും വരെ.