Posted in Malayalam Stories, people, places, Short Stories

പ്രകൃതി

പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ട്രെയിന്‍ മെല്ലെ ഓടിത്തുടങ്ങിയിരുന്നു.  രാവിലേമുതല്‍ കാര്യങ്ങള്‍ ഒന്നും കൃത്യമായി നടക്കുന്നില്ല.  ജോലിയില്‍ വലുതായി ശ്രദ്ധിച്ചില്ല.. പ്രാതല്‍ കഴിച്ചില്ല.. ദാ.. ഒരു കണക്കിന് ജീവന്മരണ പോരാട്ടത്തിലൂടെയാണ് തിരിച്ചുള്ള ട്രെയിന്‍ കിട്ടിയത്. ആകെയുള്ള ഒരേയൊരു എ.സി കോച്ചില്‍ ഒരു സീറ്റുപോലും ഒഴിവില്ല. ടി.ടി.ഐ അദ്ദേഹത്തിന്‍റെ സീറ്റുവരെ ദാനം നല്കിനില്‍ക്കുന്നു!

  പട്ടിണിയും ചൂടും വല്യ ചേര്‍ച്ചയാണ്.  തൊട്ടപ്പുറത്ത് വനിതകള്‍ക്കുള്ള കമ്പാര്‍ട്ടുമെന്റില്‍ ഇത്തിരി സ്ഥലം കിട്ടി.  ഉച്ചതിരിഞ്ഞ് വീശുന്ന കാറ്റില്‍ ഉറക്കഗുളിക ചേര്‍ത്തിട്ടുണ്ടാവും… അവനവന്‍റെ ബാഗും സഞ്ചിയും ചേര്‍ത്തുപിടിച്ചു..മനസില്ലാമനസ്സോടെ പലരും മയങ്ങിതുടങ്ങി.

 കണ്ണോടിച്ചു നോക്കിയാല്‍ പലനിറങ്ങളില്‍ ജീവിതം കാണാം.  പ്രസരിപ്പ് നിറഞ്ഞ കവിളുകളില്‍.. കാച്ചെണ്ണ തിളക്കം കൂട്ടുന്ന നെറ്റിയില്‍.. ശോഷിച്ച കൈകളില്‍.. വിണ്ടുകീറിയ പാദങ്ങളില്‍.. ഒരേപേരുകൊണ്ട് കോര്‍ത്തിണക്കിയ പ്രകൃതിയുടെ മറ്റൊരു പതിപ്പ്!

  പ്രകൃതി!

 എന്‍റെ മുന്നിലിരിക്കുന്നു.

 അടുത്ത ഒരു മണിക്കൂറില്‍ ഞാനത് തിരിച്ചറിഞ്ഞു.

 ചുരുണ്ടിരുണ്ട മുടിയാണവള്‍ക്ക്. കണ്‍പീലികള്‍ക്കിടയിലെ വേദന ഞാന്‍ കണ്ടു. ചൂടുകാറ്റ് മുഖത്തേക്ക് വീശിയിട്ട് അവള്‍ക്ക് തെല്ലും ബുദ്ധിമുട്ടില്ല. സൂര്യനെ എത്ര ലാഘവത്തോടെ നോക്കുന്നു!  ഒരു കുഞ്ഞു കരിമണിമാലയില്‍ താലിയുണ്ട്.. സിന്ദൂരമില്ല.. മറന്നതാവും.  നാട്ടിലെ ഏതോ സ്വര്‍ണ്ണക്കടയില്‍നിന്നും കിട്ടിയ ഒരു പേഴ്സും ഒരു സ്കൂള്‍ ബാഗും ഒരുവശത്തുണ്ട്. ബാഗിനവകാശിയെവിടെ??  ചുറ്റിനും നോക്കി..  എവിടെയും കണ്ടില്ല.

  പശ്ചാത്തലസംഗീതം പോലെ എന്‍റെ ഫോണില്‍നിന്നും ”നേനാ നീര്‍ ബഹായെ” ..  അമ്മയാണ് വിളിക്കുന്നത്‌.  ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ സംസാരിക്കാം എന്നുകരുതിയപ്പോള്‍.. അങ്ങേത്തലക്കല്‍ നിന്നും അമ്മയുടെ വെപ്രാളം. 

 ”നീയെന്താ ഇങ്ങനെ.. എന്താ പറ്റിയെ.. എവിടാ..”

 ട്രെയിന്‍ വിവരങ്ങളും എത്തുന്ന സമയവും ഒക്കെ പറഞ്ഞുകൊടുത്ത് അമ്മയോട് തല്ക്കാലം വിടപറഞ്ഞു. കുറേക്കഴിഞ്ഞപ്പോള്‍ വേഗം കുറച്ച് വണ്ടി നിന്നു. ഒരു സ്ത്രീ എഴുന്നേറ്റുപോയപ്പോഴാണ് ഒരാളെ കണ്ടുകിട്ടിയത്..നേരത്തെ അന്വേഷിച്ച ബാഗിന്റെ അവകാശിയെ!കുട്ടിനിക്കറും ഷര്‍ട്ടും സോക്സും. അവന്‍ സീറ്റിന്‍റെ ഓരംപറ്റി ഉറങ്ങുവാണ്. മുന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നത് കൊണ്ട് അവനെക്കണ്ടതെയില്ല!  അമ്മയുടെ ഒരുകൈ കുഞ്ഞുനെറ്റിയില്‍ തൊട്ടിരിപ്പുണ്ട്. തലോടാതെ.

 പ്രകൃതി ഇപ്പോഴും സൂര്യനുമായി യുദ്ധത്തില്‍ത്തന്നെ!!

 എനിക്ക് മടുത്തു.  ഒരുകാറ്റിനൊപ്പം ഞാന്‍ ഉറക്കത്തിലേക്ക് വീണു. 

പിന്നെക്കാണുന്നത് വെള്ളമാണ്. പായലും അസഹ്യമായ ദുര്‍ഗന്ധവും. ഓലചീഞ്ഞ മണം.  

അച്ഛന്‍റെ നാട്ടില്‍ പഞ്ചസാരമണലാണ്. കുളത്തില്‍ മുങ്ങിത്താഴുമ്പോള്‍ നേരിയ ശ്വാസംമുട്ടലുണ്ടാവും.. വെള്ളത്തിനടിയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍പറ്റില്ല.. കാലുകള്‍ മണലില്‍ ആഴ്ന്നിറങ്ങുമ്പോള്‍ നെഞ്ചില്‍ ഒരു വിറയല്‍ കയറും. ആരോ പിടിച്ചു താഴേക്ക് വലിക്കുംപോലെ. വൈകുന്നേരങ്ങളില്‍ പേരമ്മ തരുന്ന നീണ്ട തോര്‍ത്തുമുണ്ട് ചുറ്റി ഉത്സാഹത്തോടെയുള്ള ഓട്ടം കുളത്തിന്റെ കരയില്‍ നില്‍ക്കുന്ന മഞ്ചാടിമരച്ചോട്ടില്‍ തീരും. ഒരൊറ്റ ചില്ലപോലും കരയിലേക്കില്ല. കുളത്തിലേക്ക്‌ കുമ്പിട്ടാണ് നില്‍പ്പ്.  ആവുന്നത്ര ശക്തിയെടുത്തു മഞ്ചാടി പിടിച്ചു കുലുക്കും.  ഉണങ്ങിവീഴാറായതൊക്കെ കുളത്തിലേക്ക്‌..  

 നീന്താന്‍ വലിയ കേമിയല്ല ഞാന്‍. കുളത്തിന് ആഴവും ഇല്ല…  പേരമ്മ വരുന്നതിനു മുന്നേ കൈയില്‍കിട്ടുന്ന കമ്പൊക്കെയിട്ട് പായല്‍ വലിച്ചുനീക്കി കുറേ മഞ്ചാടിമണികള്‍ സ്വന്തമാക്കും. അപ്പുമ്മാവനോട് പറഞ്ഞാല്‍ ആ മരത്തിലുള്ളത് മുഴുവന്‍ പറിച്ചു തരും. പക്ഷേ എനിക്കിങ്ങനെ എണ്ണിപ്പെറുക്കി അവധികഴിഞ്ഞു വീട്ടില്‍ പോവുമ്പോള്‍ മേശപ്പുറത്ത്‌ കുപ്പിയില്‍ ഇട്ടുവയ്ക്കണം.  എന്‍റെ ചിന്തകള്‍ അവിടം വരെയുള്ളൂ.  ഇങ്ങനെ കൂട്ടിവയ്ക്കുന്ന മഞ്ചാടിമണികള്‍ ഇഷ്ടമുള്ള ദൈവത്തിനു കൊടുത്തു പ്രാര്‍ഥിച്ചാല്‍ അത് നടക്കുമെന്നാണ്. 

 കുറച്ചുനേരമായി ഞാനൊരു നീളന്‍ മരചില്ലയുമായി പായല്‍ വലിച്ചടുപ്പിക്കുന്നു.  കുഞ്ഞുകൈക്കുതാങ്ങാവുന്നതിലും കൂടുതല്‍ ഭാരമുണ്ട്. ഒരുനിമിഷം എന്റെ കൈയില്‍ നിന്നും അത് വെള്ളത്തില്‍ വീണ്‌ താണുപോയി. 

 ”മോളേ മതി മതി.. ഇനി കയറിപ്പോരെ.. സന്ധ്യയായി”.  പേരമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.

 ”വരുന്നൂ”. എന്റെ കണ്ണുകള്‍ പായലിന് മുകളില്‍ കിടക്കുന്ന ഒരു വലിയ തണ്ടുനിറയെയുള്ള മഞ്ചാടിയിലാണ്.

 ”ഞാനെടുത്ത് തരട്ടേ”.

 ഞെട്ടി.

 തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ചെക്കന്‍ . എന്റെ പ്രായം കാണും. 

 ”അപ്പുറത്തുള്ളതാ.. നിക്ക് നീന്താനറിയാം”. 

 ”ആ പായല്‍ അടുപ്പിച്ചാ മതീ” . തെല്ല് ഗൌരവത്തോടെ ഞാന്‍ പറഞ്ഞു. 

 അവന്‍ അങ്ങ് മുകളില്‍ നിന്നൊരു ചാട്ടം!!

 മുഖം പൊത്തിപ്പോയി ഞാന്‍. … നോക്കിയപ്പോള്‍.. ആ കൊച്ചുകുളം നന്നായി ഇളകി മറിഞ്ഞിരിക്കുന്നു.  പായല്‍ എന്റെയടുത്തേക്ക് ഒഴുകിവരുന്നുണ്ട്. സൂക്ഷിച്ച് അതിനുമുകളില്‍ കിടന്നതെല്ലാം ഞാന്‍ തോര്‍ത്തില്‍ പൊതിഞ്ഞെടുത്തു. കുറെയൊക്കെ വെള്ളത്തിലും പോയി. 

 ചെക്കനെ കാണാനില്ല. ചുറ്റിനും നോക്കി.  മുങ്ങിത്താണതും ഞാന്‍ കണ്ടതാണ്. പക്ഷെ തിരിച്ചു കയറുന്നത് കണ്ടില്ല. പന്ത്രണ്ടു വയസ്സിന്റെ ബുദ്ധിയില്‍ പെട്ടെന്ന് വന്നത് അപ്പുമ്മാവനെ വിളിക്കാനാണ്. പേടിച്ചുവിറച്ച് ഞാന്‍ വീട്ടിലേക്കോടി. 

 ”അപ്പുമ്മാവാ.. വാ.. ഒരു കുട്ടി കുളത്തില് വീണു.. ” കൈപിടിച്ച് വലിച്ചോണ്ട് വന്നപ്പോള്‍ കുളത്തില്‍ പായലോക്കെ വീണ്ടും ഒട്ടിയടുത്തു നിശ്ചലമായികിടന്നു.

 എന്‍റെ പേടിച്ചുവിറച്ച രൂപം കണ്ടിട്ടാവണം അപ്പുമ്മാവന്‍ കുളത്തിലിറങ്ങി മുങ്ങിത്തപ്പി.

 ചെക്കനില്ല അവിടെങ്ങും..  എന്‍റെ പേടി കൂടി. ഇനി അതെങ്ങാനും മുങ്ങിമരിച്ചുപോയോ..  എനിക്ക് നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല.  ഇരുട്ടിത്തുടങ്ങി എന്നുംപറഞ്ഞ് അപ്പുമാവന്‍ എന്നെയുംകൊണ്ട് വീട്ടിലേക്കു പോന്നു. 

 അത്താഴം കഴിക്കാതെ ഞാന്‍ മുറിയിലിരുന്നു. അപ്പുമ്മാവന്‍ എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസമില്ല.  എവിടെയോ ഒരു ഭയം. ആ കുളത്തിന്റെ ഇരുട്ടില്‍…ഏതോ ഒരു കോണില്‍.. ഒരു മെലിഞ്ഞ രൂപം.  പായല്‍ വന്നു ചുറ്റി.. വളരെപ്പെട്ടന്ന് എന്റെ കൊച്ചുമനസ്സു കൊലപാതകം കണ്ടു.. അത് ശരിവച്ചു കീഴടങ്ങി. ഉറങ്ങാതെ ഭയന്നും വിഷമിച്ചും ഞാനിരുന്നു. 

 പനിവന്നു ഞാന്‍ കിടപ്പിലായി.  അവധി തീരുന്നതിന് ഒരു ദിവസം മുന്‍പ്, കിട്ടിയ മഞ്ചാടിക്കുരുവെല്ലാം ഒരു വലിയ കുപ്പിയിലാക്കി എന്റെ ബാഗില്‍ വച്ചു.  അച്ഛനൊപ്പം പോകാനിറങ്ങി. വീടിന്‍റെ ഗേറ്റിനു മുന്‍പില്‍ ബസ്‌ നിര്‍ത്തും. അങ്ങ് ദൂരെ പറമ്പിന്‍റെ ഒരു ഭാഗത്ത്‌ കുളം. ഞാന്‍ നോക്കിയില്ല.  

 ”ബസിപ്പോ വരും.. മോള്‍ക്കെന്താ ഒരു സങ്കടം?”  അച്ഛന്‍ തിരക്കി.

 ഞാന്‍ നിന്നു വിയര്‍ത്തു.

 എനിക്കെന്താ ചെയ്യേണ്ടത് എന്നറിയില്ല. ഇപ്പൊ വരാമെന്നും പറഞ്ഞു ബാഗുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചോടി.  പൂജാമുറിയില്‍ കയറി ബാഗ് തുറന്നു. ഇത്രനാളും കൂട്ടിവെച്ച മഞ്ചാടിമണികള്‍ ഭഗവാന്‍റെ മുന്നില്‍ വെച്ച് തൊഴുതു. 

 ”അതിനു ജീവന്‍ കൊടുത്താ മതി”

  പിന്നെയുള്ള ഓരോ രാത്രികളും എനിക്ക് ഭയം തന്നുകൊണ്ടേയിരുന്നു. സ്കൂളില്‍ പോവുമ്പോള്‍ മറക്കുമെങ്കിലും ഇടയ്ക്കിടെ കുളത്തില്‍നിന്നും ആ കുട്ടിയിലേക്ക് ഞാന്‍ പതറിവീഴും.  ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ അമ്മ തലയില്‍ തലോടി ഉറക്കാന്‍ ശ്രമിക്കും. ആരോടും പറയാതെ മഞ്ചാടി മണികളില്‍ ഞാനെന്‍റെ കുറ്റബോധം പൂഴ്ത്തിവച്ചു. 

 പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പട്ടാപ്പകല്‍ രണ്ടുമണിക്ക് ഓടുന്ന ആ ട്രെയിനിലിരുന്ന് ഞാനാ ചെക്കനെ വീണ്ടും കണ്ടു.  പായലില്‍ കുരുങ്ങിയ ദേഹം നിറയെ മഞ്ചാടിമണികള്‍!  കുളത്തിലെ ഇരുട്ടില്‍ നിന്നും ഞാന്‍ ആയാസപ്പെട്ട് പുറത്തേക്കുവന്നു. കണ്ണുതുറന്നത് മഞ്ഞവെളിച്ചത്തിലേക്ക്. 

 മുന്നില്‍ പ്രകൃതിയെ കാണ്മാനില്ല. കുഞ്ഞുമില്ല.

 അലസമായി പുറത്തേക്ക്‌ നോക്കുന്നവഴി സീറ്റിനരികില്‍ അവളുടെ പേഴ്സു കണ്ടു.  ഭയം ചിലപ്പോള്‍ ഭാഗ്യമാണ്.  ഞാന്‍ എഴുന്നേറ്റ്‌ കമ്പാര്‍ട്ട്മെന്റിന്‍റെ പുറത്തു വന്നു.  മരണം നെയ്തുകൂട്ടി ശീലമുള്ളത്കൊണ്ട് ഞാന്‍ പതറിയില്ല.

  പ്രകൃതി സംഹാരത്തിനൊരുങ്ങുന്നു. കൈയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ്.  കണ്ണുനീരും തലോടലുമായി അവള്‍ വാതിലിനോടു ചേര്‍ന്ന് കാത്തുനിന്നു.. കായലടുക്കാനായി.  നന്നായി വീശിയടിച്ചാല്‍, ഒരു കാറ്റ് മതി.  

 പ്രകൃതിക്ക് കൊടുത്തില്ല അവരെ.  പായലും വെള്ളവും കടന്നുപോയി.

 ഒരു സ്വപ്നവും രണ്ടു ജീവനും ഇങ്ങനെയാണ് കണ്ടുമുട്ടിയത്. അവളിപ്പോള്‍ സുഹൃത്താണ്. അവളുടെ മകന്‍ എന്‍റെ ജീവനും.  പിന്നേ.. അച്ഛന്റെ വീട്ടിലെ പൂജാമുറിയില്‍ ഒരു കുപ്പി നിറയെ പ്രാര്‍ത്ഥനകളുണ്ട്.. ഇന്നും.

 പ്രകൃതിയില്‍ തുടങ്ങി..പ്രകൃതിയിലൂടെ..പ്രകൃതിയിലേക്ക്.