Posted in Malayalam Stories, mother, people, Short Stories

മാലാഖമാര്‍

മാലാഖമാര്‍

തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്‌. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.

ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്‍റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.

അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്‍റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന്‍ അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്‍റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത്‌ ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന്‍ വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്‌. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്‍.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.

പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.

ഈയിടെയായി കുനിഞ്ഞുനിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന്‍ വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.

ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്‍റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.

വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്‌. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.

എന്തിന് പരിഭവം തോന്നണം..!

പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ്‌ ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന്‌ പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.

വിയര്‍പ്പു തുടച്ചുനീക്കി മടിച്ചുരുള്‍ അഴിക്കവേ പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ടു.

നോക്കിയപ്പോള്‍ ജോസാണ്.

“നീയെന്താ ഇത്ര നേരത്തേ..”

“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”

“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”

“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”

“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”

“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.

“എന്നതാടാ..”

ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്‍റെ മുകളില്‍ പോയിരുന്നു.

“എന്നെക്കൊണ്ടിങ്ങനെ ആരാന്‍റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ്‌ അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”

കാപ്പിയെടുത്തു കൊടുക്കവേ ചേടത്തി മകന്‍റെ മുഖത്തുനോക്കി.

“അമ്മച്ചി പേടിക്കണ്ടാ.. എന്റെ അമ്മച്ചി ഇങ്ങനെകിടന്നു കഷ്ടപ്പെടാന്‍ ഇനി ഞാന്‍ സമ്മതിക്കത്തില്ല.”

ആറുമാസങ്ങള്‍ കഴിഞ്ഞ് അവര്‍ പോയി. അതിനേക്കാള്‍ വളരെ പതുക്കെ പിന്നാലെയുള്ള ഇരുപത്തിയെട്ടു കൊല്ലങ്ങളും.

പ്ലാവിലകള്‍ കമ്പിയില്‍ കോര്‍ത്ത്‌കോര്‍ത്തിട്ട് മേരിക്കുട്ടിചേടത്തി താഴോട്ടിറങ്ങി. വീടിനു തൊട്ടുമുകളിലെ പറമ്പില്‍ വച്ച് ഒരു റബ്ബര്‍ക്കുരുവിന്റെ പൊട്ടിയ തോട് വിണ്ടുകീറിയ കാലില്‍ തറഞ്ഞുകയറി. അതെടുക്കാന്‍ ചേടത്തി കുനിഞ്ഞു. കയ്യില്‍നിന്നും ഒരുകെട്ട്‌ പ്ലാവിലകളും കമ്പും താഴെവീണു. ചേടത്തി ഒരു കൊച്ചുകുഞ്ഞിനേപ്പോലെ കൊഴിഞ്ഞുകിടക്കുന്ന റബ്ബര്‍ ഇലകള്‍ക്ക് മേലേയ്ക്ക് കുഴഞ്ഞുവീണു.

ആറാംപക്കം അതെ ക്ഷീണിച്ച കണ്ണുകള്‍ തുറക്കപ്പെട്ടു.

വെളുത്ത ചുമരുകളിലേക്ക്.

തലയില്‍ ഒരു വലിയ വിറകുകെട്ടുണ്ടോ.. വലിയ ഭാരം തോന്നി.

തലചെരിച്ചു നോക്കിയപ്പോള്‍ തൊട്ടടുത്ത മേശമേല്‍, കഴുത്തില്‍ കിടന്ന കൊന്ത.

ആരെ വിളിക്കും.. ആരെങ്കിലും അടുത്തുണ്ടാവുമോ. ദാഹിക്കുന്നല്ലോ..

“അമ്മച്ചി..”

വിളി കേട്ട് ചേടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു.. കണ്ണടച്ചുതുറന്നപ്പോള്‍ കുറച്ചുകൂടി വ്യക്തമായി കാണാന്‍പറ്റി. ജോസിനെ.

“ജോസൂട്ടി..”

“ആന്നമ്മച്ചി.. ജോസാണേ..”

“കര്‍ത്താവേ.. എന്റെ പൊന്നു കര്‍ത്താവേ.. ” ചേടത്തി വിങ്ങിക്കരഞ്ഞു

ഒന്ന് സമാധാനമായപ്പോള്‍ ജോസ് അമ്മച്ചിയെ പിടിച്ചെഴുന്നെല്‍പ്പിച്ചു. കൂടെയിരുന്ന് പുറം തലോടിക്കൊടുത്തു

“നീയെപ്പോഴാ വന്നേ”

“ഇന്നലെ”

“എനിക്കെന്നതാ പറ്റിയത്.. ഒന്നും ഓര്‍ക്കുന്നില്ലല്ലോടാ”

“ഒന്നുവില്ലമ്മച്ചി..”

“പിന്നെ.. എന്നെ ഇവിടെ എന്തിനാ കിടത്തിയേക്കുന്നെ..?”

“അത് പിന്നെ ആശുപത്രി അല്ലായോ.. അവര്‍ ചിലപ്പോ കുറച്ചു നാള്‍ കിടത്തും. വീട്ടില്‍ പോയാല്‍ അടങ്ങിയിരിക്കാത്തവരെ പിന്നെ എന്നാ ചെയ്യാനാ.”

ചേടത്തി ഒന്നും പറഞ്ഞില്ല.

“അമ്മച്ചി ഇങ്ങോട്ട് നോക്കിക്കേ.. ഇതാരാന്നു മനസിലായോ..”

ജോസിന്‍റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.

“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന്‍ ലണ്ടന് പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്‍. അതുകൊണ്ട് അവളും വന്നില്ല..”

മകന്‍ പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്‍ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.

കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്‍റ്സും ഷര്‍ട്ടും. അതിന്‍റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള്‍ നിന്നു.

“അമ്മച്ചി പേരു മറന്നു കാണും. ഏയ്‌ജല്‍.”

“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”

“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”

ഏയ്‌ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.

“ആ എന്നാ പറയാനാ അമ്മച്ചി അവിടൊക്കെ പിള്ളാരിപ്പൊ പിരികത്തേലും താടിയേലും ഒക്കെയാ കമ്മലിടുന്നെ..”

“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”

എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.

“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”

ജോസു പോയതും ഏയ്‌ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്‍പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.

ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.

“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്‍റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”

ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്‌.

ഏയ്‌ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്‌. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.

അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.

“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്‍ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”

മാലാഖകൊച്ചു ചിരിച്ചു.

“നോ നോ.. ഐ ആം ഫൈന്‍.  ഞാന്‍ കുറച്ചേ കഴിക്കു.”

ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.

പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള്‍ വീടെത്തി.

ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്‌ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക്‌ വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട്‌ രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.

പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട്‌ നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന്‍ മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.

അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്‌, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്‍റെ മുഖം.. ചിലപ്പോള്‍ അവന്‍ കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.

***

പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.

“എയ്ജല്‍..”

വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.

രണ്ടുപേരും വിളികേള്‍ക്കുന്നില്ല.

മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.

“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.

വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്‍നിന്നും മകളുടെ പ്രതിഷേധത്തിന്‍റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.

ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.

കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്‍റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്‍റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.

***

മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.

oldage2

https://d19tqk5t6qcjac.cloudfront.net/i/412.html