
മിനുസമുള്ള പ്രതലങ്ങളിൽ പൊടി വന്നടിയുംപോലെയാണ് ചില ദിവസങ്ങൾ. അതിനു മുകളിൽ വരയ്ക്കാം, മായ്ക്കാം.. മറക്കാം.
റോയ് കൂടെ നടക്കുന്നു. എന്നെ നോക്കുന്നുണ്ടാവാം. ഞാനാ മെലിഞ്ഞു നീണ്ട കൊച്ചു പയ്യനെ ഓർത്തെടുത്തു, ചെരുപ്പിടാതെ റബ്ബർ തോട്ടത്തിൽ ഓടിനടന്നിരുന്ന കൊച്ചു റോയ്. കളർ ഡ്രസ്സ് ഇടാവുന്ന ബുധനാഴ്ചയും ചിരി മായാതെ യൂണിഫോമിൽ വരുന്ന കുട്ടി . ഒരു കൈയ്യകലത്തിൽ നടക്കുന്നത് ഒരുപക്ഷെ എന്റെ തോന്നലാവാനും മതി.
“റോയ് “
“അശ്വതി ആർ മേനോൻ , പറയൂ ” റോയ് ചിരിച്ചു നിന്നു .
“പ്രതീക്ഷിക്കാതെ ഇങ്ങനെ കണ്ടപ്പോ .. സോറി ! How are you, how did you find me ?!”
“രണ്ടു ദിവസം മുന്നേ എന്റെ സുഹൃത്തിന്റെ ഫോണിൽ ഇയാളുടെ ഫ്രണ്ടിന്റെ എൻഗേജ്മെന്റ് ഫോട്ടോസ് കണ്ടു. തന്റെ പേരും നാടും ഉറപ്പു വരുത്തിയിട്ട് അയാളുടെ കൂടെ ഞാനിങ്ങു പോന്നു.”
“ഇവിടെ എവിടെയാ താമസിക്കുന്നെ”
“I have a place here”
“You mean a vacation home in Goa”?!
റോയ് ചിരിച്ചു.
“എനിക്കിവിടം ബേസ് ആയിട്ടൊരു ആർക്കിടെക്ചർ ഫേമുണ്ട്. പഴയ ഗോവൻ പോർച്ചുഗീസ് രീതിയിൽ വീടുകളും റിസോർട്സുമൊക്കെ പണിതു കൊടുക്കുന്നു… കുറെ നാള് മുൻപ് ഇവിടെ അസ്സഗാവിൽ താഴെവീഴാറായി നിന്ന ഒരു കൊച്ചു വീടു വാങ്ങി , വൃത്തിയാക്കിയെടുത്തു . ഇവിടെ വരുമ്പോൾ ഞാനാ വീട്ടിലാണ് തങ്ങുക.”
“റോയ് പത്തിലെ പരീക്ഷ കഴിഞ്ഞു പോയത് ഡൽഹിയിലേക്കല്ലേ ?”
“കൊണ്ടുപോയത് .. കൊടുത്തുവിട്ടത് .. അതൊക്കെയാ ശരി. പക്ഷേ അവർ രണ്ടു പേരും ഒരുപാട് സ്‌നേഹിച്ചാ വളർത്തിയത് . ഇപ്പോഴും ചുറ്റിനുമുള്ളവർക്ക് ഞാൻ പെർഫെക്റ്റ് ആണ് . നല്ല തലേവരയുള്ളവൻ !”
കടലിന്റെ ഓരത്ത് നനവില്ലാത്ത മണൽ നോക്കി റോയ് ഇരുന്നു, ഒരടി പിന്നിലായി ഞാനും . സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ മനസ്സിൽ കണ്ട് , ഒഴിഞ്ഞ മുഖത്തിന്റെ മറവിൽ കാരണമില്ലാതെ ഒച്ച വയ്ക്കുന്ന വിചാരങ്ങളും കൂട്ടിപ്പിടിച്ച് ..
കുറെ നേരം കടലു കണ്ട് ..
“ഇത്ര ദൂരം യാത്ര ചെയ്തു വന്നയാൾ എന്നോടൊന്നും ചോദിക്കുന്നില്ലേ ?”
“ജോലി .. വിവാഹം .. കുട്ടികൾ .. ഇതൊക്കെയാണോ ?”
ഞാൻ അതേന്ന് മൂളി .
“എടോ ഇയാളെ കാണണം എന്നതിനപ്പുറം ഒന്നും ചിന്തിച്ചില്ല . പിന്നേ .. ചോദിയ്ക്കാൻ ഉള്ളതൊക്കെ വളരെ സില്ലി ആണ് “
“ചോദിക്കൂ”
റോയ് തിരിഞ്ഞിരുന്നു . പിറകിൽ ദൂരെയുള്ള ഒരു ഷാക്കിൽ നിന്നും വരുന്ന കൊച്ചു വെളിച്ചത്തിൽ അയാളുടെ മുഖം.
“ഇരുട്ടിനെ കൂട്ട് പിടിച്ചോ അതോ ഇപ്പോഴും ..?”
എന്റെ മുഖം വിളറി , ഉള്ളിൽ എന്തോ പോലെ . മുന്നിലിരിക്കുന്ന ആൾക്ക് പതിനഞ്ചു വർഷങ്ങൾക്കിപ്പുറമുള്ള എന്നെയറിയില്ല . കടന്നുവന്ന വഴികളും ഇരുട്ടും തണുപ്പും ചൂടും ഒന്നും ..
“വെറുതെ ചോദിച്ചതാടോ”
“നാട്ടിലോട്ട് പോവാറുണ്ടോ റോയ്” . വിഷയം മാറ്റാതെ തരമില്ലെനിക്ക്.
“പിന്നേ , പറ്റുമ്പോഴൊക്കെ പോകും.”
” അപ്പോൾ എന്നേക്കാൾ ഭേദമാണ് “
റോയ് ചിരിച്ചു.
“കുറച്ചു മണ്ണും മരങ്ങളും, അപ്പാപ്പനേം മമ്മിയെം അടക്കിയ പള്ളി സെമിത്തേരിയും പിന്നെ നമ്മളു പഠിച്ച സ്കൂളുമല്ലാതെ എനിക്കവിടെയൊന്നുമില്ല. ഓടി മടുക്കുമ്പോൾ ചെന്നിരിക്കാൻ ആ കൊച്ചുവീടിന്റെ വരാന്ത കൊള്ളാടോ . അത്രയ്ക്കു തണുപ്പും തണലും ലോകത്തെവിടേം കിട്ടില്ല.”
പിന്നെന്തോ പറയാൻ വന്നിട്ട് മനപ്പൂർവ്വം റോയ് നിശബ്ദനായി . ദൂരേക്ക് നോക്കിയിരുന്നു.
എത്ര നേരം അങ്ങിനെയവിടെ ഇരുന്നു.. ഇടയ്ക്ക് ഞാൻ എഴുന്നേറ്റു തിരകൾക്കടുത്തേക്ക് നടന്നു , പാതിരാകാറ്റും കടലും കൊണ്ട് തിരിച്ചുവന്നിരുന്നു . അയാൾ നോക്കുന്നുണ്ടോയെന്ന് ആദ്യമൊക്കെ ചിന്തിച്ചു . പിന്നെ മറന്നു .. കുറേക്കഴിഞ്ഞു ഞങ്ങൾ നടന്നു, അപ്പോഴും മിണ്ടിയില്ല.
“It’s going to be a long day tomorrow. ഉറങ്ങണ്ടേ.”
“വേണം.” ഒട്ടും മടിക്കാതെ ഞാൻ പറഞ്ഞു.
തിരികെ ഹോട്ടലിലേക്ക് നടന്നു . റിസെപ്ഷനിൽ വരെ റോയ് കൂടെ വന്നു.
“എടോ നാളെ ബ്രേക്ഫാസ്റ് ഒരുമിച്ചായാലോ? എഴുന്നേൽക്കുമ്പോ വിളിച്ചാൽ മതി. Only if you are interested.”
“വിളിക്കാം”
റൂമിലേക്ക് നടക്കുമ്പോൾ പതിവില്ലാതെ ധൃതി. കണ്ണാടി നോക്കാൻ , എന്നെ കാണാൻ , പഴയ പതിനഞ്ചുകാരിയെ.
രാവിലെ ആവണിയുടെ നിർത്താതെയുള്ള ഫോൺ വിളി കേട്ടുണർന്നു . മൈലാഞ്ചി ചടങ്ങിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നേരത്തേയെത്തി അവളുടെ ഒരുക്കങ്ങൾക്കൊക്കെ കൂട്ടു നിൽക്കേണ്ടതാണ്. ഇന്നലെ രാത്രിയിൽ നടന്ന വിശേഷങ്ങൾ അവൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അധികം വൈകാതെയെത്താമെന്നു വാക്കുകൊടുത്തു സംസാരം അവസാനിപ്പിച്ചു . എഴുന്നേറ്റത് മുതൽ ഒരുതരം ബാലിശമായ അസ്വസ്ഥതയുണ്ട് .
റെഡിയായി റോയ്ക്ക് മെസ്സേജ് അയച്ചു . അരമണിക്കൂറിനുള്ളിൽ അയാളെത്തി .
വെയിലിൽ വാടിനിൽക്കുന്ന തളിർമാവിലകളുടെ നിറമാണ് സാരിയ്ക്ക് . ജയ്പൂരിൽ നിന്നും ആവണിയുടെ കൂട്ടുകാരികൾക്കൊക്കെ കസ്റ്റമൈസ് ചെയ്ത് വരുത്തിയ സാരികളിലൊന്ന്. റിസപ്ഷൻ പരിസരത്തു കണ്ണോടിച്ചു നോക്കിയപ്പോൾ ഒരു കോണിൽ ഇന്ത്യ ടുഡേ മറിച്ചു നോക്കിയിരിക്കുന്ന റോയ് . വെള്ള ലിനൻ ഷർട്ടും കോട്ടൺ പാന്റ്സും പാറിപ്പറന്ന മുടിയും റേയ് ബാനും .. പെട്ടെന്നോർത്തു , ശരിയാണല്ലോ .. ആവണിയുടെ കല്യാണത്തിന് വന്നതല്ലല്ലോ റോയ് . മനസ്സിൽ ചിരിച്ചു .
“ഹേയ് “.. എന്നെ കണ്ടതും റോയ് എഴുന്നേറ്റു
“ഹലോ റോയ് , ഞാനിത്തിരി ഓവർ ഡ്രെസ്സ്‌ഡ് ആണ്. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നേരെ ആവണിയുടെ റിസോർട്ടിൽ പോണം, അതാ ഇങ്ങനെ ..”
“Can I call a cab then..?” നടക്കുന്നതിനിടെ പെട്ടെന്നു ചോദ്യം വന്നു .
“എന്താ റോയ് ..”
“അല്ലാ .. ഞാൻ ബൈക്കിലാണ് വന്നത് . ഇയാൾ ഇങ്ങനെ അതിൽ കയറിയാൽ കംഫർട്ടബിൾ ആകുമോ എന്ന് ഡൌട്ട് ..”
ഒരു നിമിഷം ഒന്നാലോചിച്ചു . ഗോവയിൽ വന്നപ്പോഴൊക്കെ ബൈക്കോടിച്ചു കറങ്ങിയിട്ടുണ്ട് , പക്ഷേ സാരിയുടുത്ത് പിന്നിലിരുന്നിട്ടില്ല. ഇനിയിപ്പോ ക്യാബ് വന്ന് പോവാനുള്ള നേരമില്ല . രണ്ടും കൽപ്പിച്ച് ബൈക്കിൽ വരാം എന്ന് പറഞ്ഞു.
അര മണിക്കൂറിൽ കടലിന്റെ ഓരം ചേർന്ന പഴയ ഗോവൻ വഴികളിലൂടെ അര മണിക്കൂർ യാത്ര. ഷിഫോൺ സാരിയും മുടിയും ഇടയ്ക്കിടെ കാറ്റിൽ ഇളകിയാടി . ആദ്യത്തെ പത്തുമിനിട്ടിൽ തോന്നിയ അങ്കലാപ്പും മറ്റും പതിയെ മാറി . മടിയിൽ വച്ച ഹാൻഡ്ബാഗിൽ ഒരു കൈയും റോയ് യുടെ ചുമലിൽ മറു കൈയും. ഇടയ്ക്കെപ്പോഴോ ഓകെ ആണോ എന്ന് റോയ് ചോദിച്ചു , അതല്ലാതെ ഒന്നും മിണ്ടിയില്ല . അസ്സാഗാവിലെ വീതി കുറഞ്ഞ റോഡുകളിലൂടെ .. പാടങ്ങൾക്കും തെങ്ങിൻ തോപ്പുകൾക്കുമിടയിലൂടെ കുറച്ചു ദൂരം കൂടി .
ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ബൈക്ക് ഒരു ഗേറ്റിന്റെ മുന്നിൽ ചെന്നുനിന്നു . എവിടെയോ കണ്ടു മറന്ന വീട് . ചിത്രങ്ങളിലും സ്വപ്നങ്ങളിലുമാവാം. ശരിക്കും പോർച്ചുഗീസ് ആർക്കിടെക്ചർ, എവിടെയൊക്കെയോ നമ്മുടെ രീതികളുമായി ബ്ലെൻഡ് ചെയ്തിരിക്കുന്നു.
“നമുക്ക് ഏതെങ്കിലും കഫെയിൽ പോവാരുന്നല്ലോ” വളരെ ലേറ്റ് ആയിട്ടുള്ള ഒരു ചോദ്യം മടിയോടെ ഞാൻ ചോദിച്ചു.
“അതേ ബ്രേക്ഫാസ്റ്റിവിടേയും കിട്ടും” റോയ് മുന്നോട്ട് നടന്നു .
വലിയ വീതിയുള്ള വരാന്തയിൽ വിന്റെജ് ഫർണീച്ചറുകൾ, പോർച്ചിൽ ഇരുവശത്തായി നിർമ്മിച്ച സെമെന്റഡ് സോപോകൾ (കസേര), കമാനങ്ങൾ ..
“ഇതാണോ ചെറിയ വീട് ” ഞാൻ അദ്‌ഭുതത്തോടെ ചോദിച്ചു .
“രണ്ടു മുറികളേയുള്ളൂ . വീടിനേക്കാൾ വലിയ വരാന്തയാണ് , അതാവും. അകത്തേക്കിരിക്കാം .”
റോയ് വാതിൽ തുറന്നു കയറി .
ഹാളിനിരുവശത്തായി രണ്ടു മുറികൾ . പിറകിൽ അടുക്കള . റോയ് അങ്ങോട്ടേയ്ക്ക് പോയി . പത്തു മിനിറ്റിൽ ഒരു ഡൈനിങ്ങ് ടേബിളിനിരുവശത്തായിരുന്ന് ഒരു കിടിലൻ ഗോവൻ- ഇംഗ്ലീഷ് പ്രാതൽ കഴിച്ചു .
കപ്പയും ചമ്മന്തിയും മീൻ വച്ചതും മുന്നിൽ കൊണ്ടുവന്നു വച്ചിട്ട് അപ്പാപ്പനെ വിളിക്കാൻ റോയ് വീടിനു പിന്നിലെ പറമ്പിലേക്കോടി . ട്യൂഷൻ ബുക്കുകൾ അടുക്കി ഒരു ഭാഗത്തേക്ക് മാറ്റിവച്ച് , ചാണകം മെഴുകിയ തറയിലിട്ട പായയുടെ മേൽ അശ്വതിയിരുന്നു.. ഇരുട്ടു നിറഞ്ഞ അകത്തെ മുറിയിലേക്ക് നോക്കാതെ. അപ്പാപ്പൻ ബാഗിനുള്ളിലേക്ക് പേരക്കയും ചാമ്പങ്ങയും നിറച്ച് തന്നപ്പോൾ കൊച്ചു റോയ് ചിരിച്ചു കൊണ്ടു നിന്നു .
“റോയ് .. നമുക്കിറങ്ങാം”
“ഓക്കെ ..”
സ്‌കൂട്ടറിൽ കയറുന്നതിനു മുന്നേ കൈ നിറയെ കറുത്ത മള്‍ബറികായ്കൾ എന്റെ നേരെ നീട്ടികൊണ്ട് റോയ് പറഞ്ഞു .
“ഇതു നമ്മുടെ നാട്ടിൽ നിന്നു കൊണ്ട് വന്നു നട്ടതാണ് . സാരിയിൽ വീഴണ്ട ..
you look very pretty in this”
അന്നുറങ്ങിയത് അതേ സാരിയിലാണ് . മാറിലും ചുണ്ടിലും സാരിത്തുമ്പിലും മായാത്ത അത്തിപ്പഴച്ചോപ്പും.