പലതിനും മീതെയുള്ള പലകൂട്ടം പ്രിയങ്ങളിൽ ഒന്നാണ് പാതിരാത്തണുപ്പ് . എന്റെ ശരീരത്തിൽ തുളച്ചുകയറുന്നത് തണുപ്പോ അതോ ചുറ്റിനുമുള്ള ഇരുട്ടും നിലാവുമോ , എന്തായാലും പുലർച്ചെയെഴുന്നേൽക്കുമ്പോൾ തൊലിപ്പുറത്ത് പടർന്നുകിടക്കുന്ന രക്തത്തുടിപ്പുണ്ടാവും , ഉള്ളിൽ അവ്യക്തമായ ചിന്തകളും .
നല്ല മഴപെയ്ത ഒരു സന്ധ്യയ്ക്ക് ആദ്യമായി ഒരാളെ പരിചയപ്പെട്ടു . ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ , നിറയെ നിശബ്ദതയിൽ. നോട്ടങ്ങളിൽ നെഞ്ചിലെ നോവുമാത്രമേ കാണാൻ പറ്റിയുള്ളൂ . ചിരിയിൽ അന്നുവരെയുള്ള ഒറ്റപ്പെടലും. കൂടെയുള്ളത് മറുപാതിയെന്ന് തിരിച്ചറിയാൻ അധികനേരമെടുത്തില്ല . കഥകൾ പറഞ്ഞത് ചുറ്റിനും പെയ്തിറങ്ങിയ മഴത്തുള്ളികളാവും . കുറേനേരം കഴിഞ്ഞ് , തണുപ്പു വന്നു. ഇടതുകയ്യിലെ മോതിരവിരലിൽ തൊട്ടതും ഞാനോർത്തത് പമ്പാനദിയിൽ മുങ്ങിയതാണ് .
പന്ത്രണ്ട് വയസ്സുകാരി മലകയറുന്നതിനു മുന്നേ അച്ഛനൊപ്പം പമ്പയിലിറങ്ങി രാത്രി..
“മോളു പേടിക്കണ്ടാട്ടോ .. മൂക്കുപൊത്തിപ്പിടിച്ചോ , കണ്ണടച്ച് ദാ .. ഇങ്ങനെ ഒറ്റമുങ്ങൽ ..” അച്ഛൻ ശരണം വിളിച്ചുകൊണ്ട് അരയൊപ്പം വെള്ളത്തിൽ മുങ്ങി . ചുറ്റിനും അയ്യപ്പന്മാർ . സമയം പുലർച്ചെ ഒന്നരയായിട്ടുണ്ടാവും .
കറുത്ത പാവാടയും ജാക്കറ്റും അതിനുള്ളിലെ കൊച്ചുശരീരവും പതുക്കെ തയ്യാറെടുത്തു .
ഒഴുക്കുകുറഞ്ഞ ഭാഗത്തേയ്ക്ക് അച്ഛൻ എന്നെ മാറ്റിനിർത്തി . വഴുക്കില്ലാത്ത ഉരുളൻ കല്ലുകൾക്കിടയിൽ എന്റെ കുഞ്ഞുകാലുകൾ തടഞ്ഞുനിന്നു . നീണ്ടശ്വാസമെടുത്ത് മൂക്കുപൊത്തി , കണ്ണടച്ചു . അച്ഛന്റെ കൈ തോളത്തുണ്ടെന്നു തോന്നി . മുങ്ങാൻ തുടങ്ങി താണതും ശരണം വിളിയോർത്തു . പക്ഷെ ശരീരം കേട്ടില്ല . തല മുങ്ങുന്നതിനു തൊട്ടുമുന്നെ ഞാൻ ശരണം വിളിച്ചു . പകുതി വെള്ളത്തിനു മീതെയും ബാക്കിപകുതി വെള്ളത്തിലുമായി . ഇതിനിടയിൽ കണ്ണുതുറന്നു , മൂക്കിൽ നിന്നും കൈ മാറി .
രണ്ടുനിമിഷം ..
അയാളുടെ വിരലുകൾക്ക് പമ്പയിലെ അതേ തണുപ്പായിരുന്നു . കണ്ണടച്ചു തുറന്നതും , പാതിരാക്കാറ്റ് വന്നു . പന്ത്രണ്ട് വയസ്സുകാരി കൊണ്ട ആദ്യത്തെ പാതിരാക്കാറ്റ് .
സന്നിധാനത്തിൽ, തത്വമസിയ്ക്കുമുകളിൽ, മേഘങ്ങൾക്കിടയിൽ .. അന്നു ഞാൻ കണ്ടുമടങ്ങിയ ആരോ , ഒരു വ്യാഴവട്ടം കഴിഞ്ഞ് അതേ തണുപ്പിൽ , അതേ നേരത്ത് കണ്ടപോലെ. എനിക്കു കാണാനോ സ്വന്തമാക്കാനോ പറ്റില്ല . അതറിഞ്ഞുകൊണ്ടുതന്നെയാണ് അന്നു പുലർച്ചെ യാത്രയാക്കിയത് .