ഹിസ്റ്ററി പുസ്തകങ്ങളില്‍ കണ്ടിട്ടുള്ള, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഒരു മേല്‍ക്കൂര എടുത്തുവച്ചാലുള്ള പ്രതീതിയാണ് ഭാനുചിറ്റയുടെ തറവാടിന്. എട്ടുകെട്ടിലും പത്തായപ്പുരയിലും ചെറുതും വലുതുമായ പതിനാറു മുറികളിലും ആഢ്യത്തം നിഴലായ് മാത്രം നിന്നു. മുകളിലേക്കുള്ള ഗോവണിയില്‍ നിന്നും ചെറുതിലെ ഉരുണ്ടുമറിഞ്ഞു വീണിട്ടുണ്ട് ഞാന്‍.
മുകളിലത്തെ മുറികളില്‍ സന്ധ്യയ്ക്കുശേഷം ഉറങ്ങാന്‍ പാടില്ല. ചാത്തന്‍മാര്‍ പിടിച്ചു താഴേക്കെറിയും! കുട്ടിക്കാലത്ത് ചാത്തനെത്തപ്പി ഒളിച്ചും മറഞ്ഞും നടക്കുകയായിരുന്നു പ്രധാനപണി. പകല്‍ ഓരോ മുറിക്കും പുറത്തുചെന്നുനിന്ന്, വാതിലിനിടയിലൂടെ അകത്തേക്ക് നോക്കുമായിരുന്നു. ചാത്തന്‍ മുന്നില്‍ വന്നു പെട്ടാല്‍ ഓടാന്‍ വേണ്ടി ഒരു കാല്‍ ഓങ്ങിനില്‍ക്കും. നട്ടുച്ച സമയത്തും അവിടെ ഒന്നും കണ്ടുകൂടാ. മുകളിലത്തെ ജനലുകള്‍ ചെറുതാണ്.. തുറന്നിടില്ല. ചാത്തന്മാര്‍ പകല്‍ ചിലപ്പോള്‍ പുറത്തുകറക്കമാവും, അല്ലെങ്കില്‍ വല്ല്യച്ചനും മറ്റമ്മാവന്മാരും മുകളില്‍ കൂര്‍ക്കംവലിച്ചുറങ്ങില്ലല്ലോ!!
തറവാടിനോട് ചേര്‍ന്ന് വലിയ കുളവും..കുഞ്ഞമ്പലവും..പിന്നെ കൊട്ടാരക്കെട്ട് എന്ന് വിളിക്കുന്ന ഒരു കൊച്ചു വീടുമുണ്ട്. വെച്ചാരാധനയും അമ്പലവുമുള്ള തറവാടായതുകൊണ്ട് വിളക്കുകളും ഓട്ടുപാത്രങ്ങളും ശുദ്ധിയോടെ സൂക്ഷിക്കുന്ന സ്ഥലമാണത്. ഞാന്‍ അവിടെങ്ങും പോവാറില്ല. ചാത്തന്മാരും അങ്ങോട്ടടുക്കാറില്ല എന്നാണു കേള്‍വി..ഹിഹി!!
ഭാനുചിറ്റയുടെ തറവാട്ടില്‍ നിന്നാണ് ഞങ്ങള്‍ക്ക് പാല്. ആറേഴു കറവപശുക്കളുണ്ട്. ഞാന്‍ വളരെ ചിന്തിച്ചിട്ട പേരുകളൊന്നും ആരും അവറ്റകളെ വിളിക്കില്ലാ. പാലുകറക്കുന്ന ഗോപിയാശാന്‍ ഒന്ന് വിളിക്കും, ഭാനുച്ചിറ്റ വേറൊരു പേര് വിളിക്കും, വല്യമ്മ വേറൊന്ന്, പിന്നെ ഒടുവില്‍ സഹിക്കാന്‍ വയ്യാതെ.. ഉച്ചത്തില്‍.. ഞാനിട്ട പേരും. പാല് കറന്ന് ആദ്യം അമ്പലത്തിലേക്ക് നേദിക്കാന്‍ എടുത്തുവയ്ക്കും. പിന്നീട് ഞാന്‍ കൊണ്ടുപോകുന്ന കുട്ടിമൊന്തയില്‍ നിറയെ പകര്‍ന്നുതരും. രണ്ടുമൂന്നു മണിക്കൂര്‍ അധ്വാനം കഴിഞ്ഞു വന്നാല്‍പ്പിന്നെ ഗോപിയാശാന്‍ രാജാവാണ്. കഴിപ്പോട് കഴിപ്പ്.. പശുക്കള്‍ക്ക് കച്ചിയെടുത്തിടാനോ പിണ്ണാക്ക് കൊടുക്കാനോ കുളിപ്പിക്കാനോ ഒന്നിനും പുള്ളിയെ കിട്ടില്ലാ. പത്തായപ്പുരയുടെ ഒരുവശത്ത് ചെറിയ മുറിയിലാണ് താമസം. റേഡിയോയില്‍ പാട്ടും വാര്‍ത്തകളും കേട്ട് ശാപ്പാടുമടിച്ച് ഗോപിയാശാന്‍ ജീവിച്ചുപോന്നു.
ചിറ്റയ്ക്ക് അഞ്ചു സഹോദരങ്ങളുണ്ട്. മൂത്ത ചേച്ചി വിവാഹം കഴിഞ്ഞു പോയി. ഇളയ ആള്‍ കോളേജില്‍ പഠിക്കുന്നു. തറവാട്ടിലെ മൂന്നാണുങ്ങളും ധൂര്‍ത്തടിച്ച് ഓരോന്നായി വിറ്റുതുലച്ചു കഴിയുന്നു.ഭാനുചിറ്റയുടെ ഇളയ ആളുടെ കല്യാണം പെട്ടെന്നുറച്ചു. കല്യാണത്തിന്‍റെ അന്നാണ് ഒരു കാര്യമറിയുന്നത്.. തറവാട്ടിലെ എല്ലാ ജോലികളുംചെയ്യുന്ന.. ഗോപിയാശാന് കൃത്യമായി ഭക്ഷണം എടുത്തുകൊടുക്കുന്ന..നിറയെ ചിരിക്കുന്ന ഭാനുചിറ്റക്കു ഭ്രാന്താണെന്ന്!!
അമ്മ പറഞ്ഞു “ഭ്രാന്തൊന്നുമില്ല.. ഭാനുന് പക്ഷേ കല്യാണം നടക്കില്ല..അത്രേ ഉള്ളു. നീയിനി ഇതൊന്നും അവളോട് ചോദിക്കാന്‍ നില്ക്കണ്ടാ!”
പിറ്റേദിവസം ഞാന്‍ മറക്കാതെ കൃത്യമായി ചെന്ന് മുഖത്ത് നോക്കി പറഞ്ഞു.
” ഭാനുചിറ്റെ.. എനിക്കറിയാം ചിറ്റ എല്ലാരേം കളിപ്പിക്കുവല്ലേ.. ചിറ്റക്കു ഒരു കൊഴപ്പോമില്ല”.
ചിരി കൂടുതലുമില്ല കുറവുമില്ല..
അന്ന് സ്കൂളിലേക്ക് പോണവഴി ഇതാലോചിച്ചു നടന്നതുകൊണ്ട് ആമ്പല് പറിക്കാന്‍കൂടി മറന്നുപോയി.
ഞാന്‍ ഹൈസ്കൂളിലെത്തി. യൂണിഫോം മാറി. വലിയ പാവാടയും ജാക്കറ്റും. അതിന്‍റെ നീലക്കലര്‍ എനിക്ക് തീരെപ്പിടിച്ചില്ല. ചാക്കുപോലത്തെ തുണിയും തൂക്കിയെടുത്ത് ഒന്നോടാന്‍ കൂടി പറ്റില്ലാ. കശുവണ്ടി മരത്തില്‍ കയറുക..ആമ്പല്‍ പറിക്കുക..സര്‍പ്പക്കാവ് വഴി കറങ്ങുക.. അങ്ങനെ എന്‍റെ പല ദൈനംദിനപരിപാടികളിലും മാറ്റം വന്നു. വലിയ കുട്ടിയായി എന്നും പറഞ്ഞു രാവിലെയുള്ള പാല്‍ വാങ്ങല്‍ അമ്മ സ്നേഹപൂര്‍വ്വം നിര്‍ത്തലാക്കി. പകരംമുന്‍വശത്തെ മുറ്റം അടിച്ചുവാരാന്‍ ഏല്‍പ്പിച്ചു. ആദ്യമൊക്കെ മൊന്തയെടുത്തോടിയെങ്കിലും അമ്മയുടെ സ്വഭാവം മാറിയതോടെ ഞാന്‍ കീഴടങ്ങി.
സ്കൂളും കോളെജുമൊക്കെയായി പിന്നീട് വല്ലപ്പോഴും മാത്രമേ ചിറ്റയുടെ തറവാട്ടിലേക്ക് പോയിരുന്നുള്ളു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഭാനുചിറ്റയുടെ അമ്മ മരിച്ചു. ദഹിപ്പിക്കാന്‍ എടുക്കുന്നത് വരെ ചിറ്റ അമ്മയുടെ മുഖത്ത്ചിരിയോടെ നോക്കിയിരുന്നു. അവിടെ വന്നവരോടൊക്കെ കാപ്പിയെടുക്കട്ടെ.. വിശക്കുന്നുണ്ടോ..എന്നൊക്കെ അന്വേഷിക്കുന്നതും കണ്ടു. ആ രാത്രി പക്ഷെ അയല്പക്കം ഞടുക്കി നിലവിളിയോടെ മുറ്റത്തൂടെ ഓടിയിറങ്ങിയ ചിറ്റയെ ഒരുകണക്കിനാണ് പിടിച്ചുവലിച്ച് അകത്തുകയറ്റി കിടത്തിയത്.
ഭ്രാന്താണത്രേ!!
കുറെനാള് കഴിഞ്ഞ് തറവാട് ഭാഗം ചെയ്തപ്പോള്‍ ഇളയ അമ്മാവന്‍ നോക്കിക്കോളാം എന്നുപറഞ്ഞ്,ഭാനു ചിറ്റയുടെ ഓഹരികൂടി സ്വന്തമാക്കി. അടുക്കളയില്‍ പണിയെടുത്തും,ഭക്ഷണം പാകം ചെയ്തും,പശുക്കളെ നോക്കിയും പിന്നെ തോരാതെ ചിരിച്ചും ഭാനുചിറ്റ.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മവീട്ടില്‍ പോയപ്പോള്‍ അമ്പലത്തില്‍ പോയി വരുംവഴി ചിറ്റയെ കാണാന്‍ കയറി. ഇന്ന് തറവാടില്ല. അത് പൊളിച്ചു വിറ്റു. ഒരു ഭാഗത്ത് ഒരു ചെറിയ വീടുണ്ട്. അമ്പലം ഉണ്ട് എന്ന് പറയാം. പത്തായപ്പുര വീഴാറായിനില്‍ക്കുന്നു.
വീടിനുള്ളില്‍ കയറി അവിടുള്ളവരുമായി സംസാരിച്ചിരുന്നു.
”ചിറ്റ എവിടേ.. അടുക്കളയിലാ..?”
എണീറ്റ് അകത്തെക്ക് പോകാന്‍ തുനിഞ്ഞപ്പോഴെക്കും അമ്മായി പറഞ്ഞു..
”കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. രാത്രി മുഴുവന്‍ കരച്ചിലും ബഹളവും. പകലാണെങ്കില്‍ ഒന്നും മിണ്ടില്ല. പുറത്തുള്ള മുറിയിലാ ഭാനു.”
എവിടെയാണെന്ന് മനസ്സിലറിയാം. അമ്മായി പുറകെ വന്നു.
പത്തായപ്പുരയോടു ചേര്‍ന്നുള്ള ഗോപിയാശാന്‍ താമസിച്ചിരുന്ന മുറി. പതുക്കെ വാതില്‍ തുറന്നു.
ഞാന്‍ പ്രതീക്ഷിക്കുന്നത് ആരെയാണ്!!? നരവീണ്,ക്ഷീണിച്ച്.. അന്‍പതുകളിലേക്ക് കടന്ന.. ഭ്രാന്തന്‍ മുഖവുമായി എന്നെ തുറിച്ചു നോക്കുന്ന ഒരുവളെയോ?!
”നീയിരിക്ക്” അമ്മായി തിരിഞ്ഞു നടന്നു.
എന്‍റെ നിഴല്‍ മാറിയപ്പോള്‍ ഭാനുചിറ്റയുടെ മുഖം കണ്ടു. പലക കട്ടിലിന്‍റെ അറ്റത്ത്,മുണ്ടും നേര്യതും ചുറ്റി ,വെളിച്ചം വീണതിന്‍റെ അസ്വസ്ഥതയില്‍ ചുളുങ്ങിയ മുഖം. ഞാനകത്തു കയറി ഒരു വശത്തുള്ള ജനാല തുറന്നിട്ടു.
”എന്നെ മനസിലായോ”
ചിറ്റ ഒന്നും പറഞ്ഞില്ല. ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു. ഇത്ര നാളും മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് നടന്നതാണ് ഭാനുചിററയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന്. പക്ഷെ ഇന്ന് എന്നെ തിരിച്ചറിയുന്നില്ല..മിണ്ടുന്നില്ല..ചിരിക്കുന്നില്ല. കുറെ നേരം കഴിഞ്ഞ് വാതില്‍ ചാരി ഞാന്‍ പുറത്തിറങ്ങി.
ഭ്രാന്താണ് ഭാനുചിറ്റയ്ക്ക്. ഉറപ്പിച്ചു.
എല്ലാവരോടും യാത്രപറഞ്ഞ്.. പത്തായപ്പുര കടന്നു പടിയിറങ്ങിയപ്പോഴേക്കും.. പൊടുന്നനെ മുറി തുറന്ന് ചിറ്റ പുറത്തു വന്നു. ചെറിയ കൂനോടെ കണ്ണുകള്‍ ചിമ്മിത്തുറന്ന്.. ഞങ്ങളെ നോക്കി വിളിച്ചുപറഞ്ഞു.
”എടാ.. അവളോട് പറ കണ്ടത്തിലിറങ്ങരുതെന്ന്.. ഇങ്ങനൊണ്ടോ ഒരാമ്പല്‍ പ്രേമം..” പിന്നെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി.
അമ്മാവന്‍ നിസംഗനായി നില്‍ക്കുന്നു.
തിരികെ വീട്ടിലേക്കു നടന്നപ്പോള്‍ മനസ്സുതിരുത്തി.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആമ്പലും പറിച്ച്..മരംകേറി നടന്ന എന്നെ ഞാന്‍ മറന്നിട്ടും..ഭാനുചിറ്റ മറന്നിട്ടില്ല.
അതേ ഇരുട്ടുമുറിയില്‍, പ്രജ്ഞയെ ഭേദിച്ച്, തോരാത്ത ചിരിയുടെ ഭാരവും പേറി, ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സുന്ദരിയായ രൂപം ഇന്നും ജീവിച്ചിരിക്കുന്നു.