She is lying there On a soft silver silk, slightly wrinkled Eyes opened to the sky Lips colder than yesterday’s rain
I can picture her getting up and walking towards me Unhurried and delicate She looks exquisite as always I continued to stand in bewilderment
I want to ask her about yesterday About the meal she cooked, The basil tea she made, The painting she completed I have hundred other things to know about yesterday
She came a lot closer or I went to her ?! I could now see her eyelashes glued in hurt Still smiling ?
I left her on the same silver silk robe Eyes still opened to the sky Still..? Yes! Yesterday she had painted this very moment, Me walking away with the canvas
റബ്ബർതോട്ടത്തിലൂടെ വേനൽകാലത്തുള്ള നടത്തം ഒന്നു വേറെതന്നെയാണ്. കരിയിലകൾക്കിടയിൽ റബ്ബർ കായ്കൾ പൊട്ടിപ്പിളർന്നു കിടക്കും. ചെരുപ്പിട്ടില്ലായെങ്കിൽ തോടുകൾ ആഴത്തിൽ തുളഞ്ഞുകയറും. ഒന്നുരണ്ടു തവണ അനുഭവമുണ്ട്. പിന്നെ ശാന്തമായി അവിടെവിടേലും പോയി ഇരിക്കുവാണെങ്കിൽ ഇടയ്ക്ക് നല്ല ഉച്ചത്തിൽ റബ്ബർക്കായ പൊട്ടുന്ന ശബ്ദം കേൾക്കാം.
ഏക്കറുകൾ പടർന്നു കിടക്കുന്ന റബ്ബർതോട്ടങ്ങൾക്കിയിടയിലൂടെ ഭംഗിയായി ഒരുപാട് വളവുകളൊക്കെയായി വെട്ടിയുണ്ടാക്കിയ റോഡുകളുണ്ട് നാട്ടിൽ.
പത്താം ക്ലാസ്സ് കാലം.
ആവശ്യമില്ലെങ്കിലും എന്നെ വെറുതേ ഒരു ട്യൂഷൻ ക്ലാസിൽ കൊണ്ടു ചേർത്തു, കുറച്ചുകൂടി മാർക്ക് കിട്ടിയെങ്കിലോ എന്നുള്ള അച്ഛന്റേം അമ്മേടേം അത്യാഗ്രഹം. ടൂഷൻ സർ റിട്ടയേർഡ് കണക്ക് മാഷ്. ഫിസിക്സും പഠിപ്പിക്കും. പരിസരപ്രദേശങ്ങളിൽനിന്നായി പത്തു മുപ്പതു കുട്ടികളുണ്ട്. പല ബാച്ചുകളിലായി അതിരാവിലെകളിലും വെകുന്നേരങ്ങളിലും എല്ലാവരും അങ്ങോട്ടെത്തും. എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ.. മൂന്നു ബസ് സ്റ്റോപ്പുകൾ കഴിഞ്ഞ് വണ്ടിയിറങ്ങിയാൽ മുന്നിൽ തന്നെയുള്ള പകുതി ഓടും പകുതി വാർത്തതുമായ ഒരു നല്ല കെട്ടിടം.
രണ്ടാഴ്ച കഴിഞ്ഞതോടെ എനിക്ക് അങ്ങോട്ടേയ്ക്ക് പോകാൻ മടിയായി. ക്ളാസുകൾ ഞാൻ ശനി ഞായർ ദിവസങ്ങളിലേക്കു മാറ്റി. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ പഠിക്കാനിരിക്കണം. നാട്ടിൻപുറമായതുകൊണ്ട് ബസിലും ആളുകൾ അവധിദിവസങ്ങളിൽ കുറവാണ്. ഒരു ദിവസം എന്റെ കൂടെ ക്ലാസിൽ ഇരുന്ന ഒരു കുട്ടി മിണ്ടിയുംപറഞ്ഞും വന്നു. മുന്നോട്ടുള്ള സൗഹൃദത്തിന്റെ ഭാഗമായി ചോറ്റുപാത്രത്തിൽ നിന്നും കള്ളപ്പം എടുത്തുനീട്ടി. എനിക്ക് കള്ളപ്പം ഇഷ്ടമാണ്, പ്രത്യേകിച്ചും നല്ല അച്ചായത്തി അമ്മമാർ ഉണ്ടാക്കിത്തരുന്ന കള്ളപ്പം. ചോറ്റുപാത്രത്തിൽ ത്രികോണാകൃതിയിൽ നാലഞ്ച് വട്ടയപ്പക്കഷണങ്ങൾ എന്നെ നോക്കി.
“ഇന്ന് ഞാൻ അപ്പന്റെ വീട്ടിലേക്കാ പോകുന്നെ . കുരിശിങ്കൽ വീട് അറിയത്തില്ലേ.. കൊച്ചിന്റെ വീടിന്റടുത്താണല്ലോ.”
“അറിയത്തില്ലല്ലോ.. ഏതു ഭാഗത്തായിട്ടാ..”? കള്ളപ്പം ഒരു കഷണം കഴിച്ചോണ്ട് ഞാൻ ചോദിച്ചു.
“കൊച്ചിന്റെ ബസ് സ്റ്റോപ്പില്ലേ.. അവിടുന്ന് താഴോട്ട് ഒരു മണ്ണിട്ട റോഡില്ലേ, കൈതത്തോട്ടത്തിന്റെ വക്കത്തൂടെ..? അതു നേരേ ചെല്ലുന്നതു അപ്പന്റെ കുടുംബത്തോട്ടാ. കൊച്ചപ്പോഴും നിക്കുന്ന ആ കടയില്ലേ ജോയിച്ചായന്റെ, അവിടെ നിന്നാ ഞങ്ങടെ മുറ്റം കാണാല്ലോ “
“ഓ.. ആ വീടെനിക്കറിയാം. അവിടുത്തെ ലിനിയാന്റി എന്റെ അമ്മേടെ കൂടെ പഠിച്ചതാ.”
“ആന്നോ! എന്റെ അപ്പന്റെ രണ്ടാമത്തെ പെങ്ങളാ.” പെൺകുട്ടി ആവേശത്തോടെ പറഞ്ഞു.
“സെന്റ് ജൂഡ് വരാൻ വൈകും, ഇന്നലെയും ലേറ്റ് ആരുന്നേ”. ഞാൻ പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“എന്നാപ്പിന്നെ നമുക്ക് ഇതിലേ പോകാം.” പുറകിൽ നിന്നുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി പുള്ളിക്കാരി പറഞ്ഞു
“അയ്യോ ഞാനില്ല, ഇതുവരെ ഞാൻ ബസിൽ മാത്രേ പോയിട്ടൊള്ളു. അമ്മ വഴക്കു പറയും .”
“ബസ് റൂട്ടിൽ കൂടെയല്ലന്ന്. ദേ ഇപ്പറത്തുകൂടിയുള്ള വഴീക്കൂടെ പോയാ പെട്ടെന്നെത്തും.” ആ കൊച്ചു തിരിഞ്ഞു നിന്ന് ഒരു ചെറിയ ടാറിട്ട റോഡ് കാണിച്ചു തന്നു .
“ഈ വഴിയോ?! “
“ആന്നു. അപ്പനും ഞങ്ങളും ഒക്കെ വല്യ പള്ളീലെ പെരുന്നാള്‍ കൂടാൻ ഈ വഴിയാ പോകുന്നെ. ഈ വളവു കഴിഞ്ഞാൽ ഒരു കുഞ്ഞു കുരിശുപള്ളിയുണ്ട് അവിടുന്ന് ഒരിറക്കം പിന്നെ ഒരു വളവ്, ഒരു കേറ്റം. നേരെ ചെല്ലുന്നത് കൊച്ചിന്റെ വീടിരിക്കുന്ന പറമ്പിന്റെ മുകളിലൂടെ പോകുന്ന ആ റോഡില്ലേ അങ്ങോട്ടാ.” ഒറ്റ ശ്വാസത്തിൽ റൂട്ട് മാപ്പ് തന്നിട്ട് പുള്ളിക്കാരി ചിരിച്ചു.
“എന്നിട്ട് എന്റെ വീട്ടീന്നാരും ഈ വഴി പോവാറേയില്ലല്ലോ. അച്ഛനാണെങ്കിൽ സ്കൂട്ടറെടുത്ത് മെയിൻ റോഡിക്കൂടെയാ എന്നും ഓഫീസിൽ പോകുന്നെ, എത്ര താമസിച്ചാലും.”
“ചെലപ്പോ അവർക്കറിയത്തില്ലാരിക്കും.”
എന്റെ അമ്മ ജനിച്ചു വളർന്ന വീടിന്റെ ചുറ്റോടുചുറ്റിനും കിടക്കുന്ന വഴികൾ അമ്മക്കറിയാം, ഏതൊക്കെ എങ്ങോട്ടൊക്കെയാണ് പോകുന്നെന്ന്. എന്തോ കാരണം ഉണ്ട്, അതാ ഈ വഴി എന്നോട് പറയാതെ വച്ചത്. ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് വൈകിയാലും വേണ്ടില്ല, ഞാനീ വഴി പോയി വീടിന്റെ പുറകുവശത്തെ തോട്ടത്തിക്കൂടെ താഴോട്ട് ഇറങ്ങുന്നത് കണ്ടാൽ അമ്മ പിന്നെ വെറുതേ വിടില്ല.
“വാ പോവാം!” ആ കൊച്ചു നടന്നു തുടങ്ങി.
“അതേ.. ഞാനില്ല കേട്ടോ”. ഞാൻ നിന്നു പരുങ്ങി.
“അയ്യേ ഇത്രേം പേടിയാന്നോ. ഞാൻ നടന്നു വീട്ടിച്ചെന്നാലും കൊച്ചിന്റെ സെൻറ് ജൂഡ് വരത്തില്ല കേട്ടോ.” എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അതു നടന്നു. അതിന്റെ കൂടെ ഞാൻ കഴിക്കാൻ കൊതിച്ച കള്ളപ്പവും പോയി.
ഞാനന്ന് ബസ് കാത്തിരുന്നത് മുക്കാൽ മണിക്കൂർ. വീട്ടിൽ ചെന്നപ്പോ അമ്മയുടെ വക ചീത്തപറച്ചിൽ വേറെ. ഞാൻ മാനത്തു നോക്കി നിന്നപ്പോ സെന്റ് ജൂഡ് എന്റെ മുന്നിക്കൂടെ പോയിക്കാണും എന്ന് !!
ആ കൊച്ചിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. പുതിയ വഴിയുടെ കാര്യവും .
പിറ്റേ ദിവസം സ്കൂളിലേക്ക് പോകുന്ന വഴി ആ പെൺകൊച്ചു പുറകെ കൂടി. അപ്പന്റെ തറവാട്ടീന്നു വന്നതുകൊണ്ടാവും സോക്സിന്റെ കളർ വേറേ, റിബ്ബണും വേറെ കളർ.
“ഇന്നലെ എപ്പോ ചെന്നു വീട്ടിൽ?” കളിയാക്കുന്ന സ്വരത്തിൽ അവള് ചോദിച്ചു
“ഒത്തിരി വൈകി.”
“ആ.. ഞാൻ അപ്പഴേ പറഞ്ഞതല്ലാരുന്നോ. ഞാനാണെങ്കിൽ ഒറ്റ ഓട്ടത്തിൽ തറവാട്ടിലെത്തി. സെന്റ് ജൂഡ് വന്നത് കണ്ടാരുന്നു. ഒരു മണിക്കൂർ ആ ഷെഡിൽ ഇരുന്നു കാണും അല്ലേ”.
“സാരമില്ല. വീട്ടിൽ വഴക്കു പറയും അതാ” ചിരിച്ചെന്നു വരുത്തി ഞാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച ടൂഷൻ ക്ലാസിൽ ആ കൊച്ചിനെ കണ്ടില്ല. കൂടിയിരിക്കുന്ന മൂന്നു ബഞ്ചിലെ കുട്ടികളിൽ ഒരാൾ മാത്രമാണ് എന്റെ സ്കൂളിൽനിന്നുള്ളത്. ഒരുകണക്കിന് അതു നല്ലതാണ്. രണ്ടും രണ്ടു ലോകം പോലെയാണ്. രണ്ടിടത്തേക്കുമുള്ള പോക്കും വരവും പോലും..
ഞാൻ ബസ്റ്റോപ്പിൽ മുന്നിൽകൂടെ പോകുന്ന ആളുകളെയും ഇടയ്ക്കിടെ പോകുന്ന വണ്ടികളെയും നോക്കി നിന്നു. സെന്റ് ജൂഡ് വരുന്നില്ല. ഞാൻ മാത്രമായി അവിടെ നിക്കുന്നത് കണ്ടിട്ട് ടൂഷൻ സാറിന്റെ ഭാര്യ ഗേറ്റ് കടന്ന് വന്നു.
“മോളെ സെന്റ് ജൂഡ് പണിക്കു കേറ്റിയിരിക്കുവാ. ആരും പറഞ്ഞില്ലാരുന്നോ”
“ഇല്ല.”
“അടുത്ത ബസ് ഇനി അഞ്ചരക്കല്ലേ ഉള്ളൂ, കൊച്ചു വീട്ടിൽ കേറിയിരിക്ക്.”
“സാരമില്ല ആന്റി, ഞാൻ നടന്നു പൊയ്ക്കോളാം”.
“കുരിശു പള്ളി വഴിയാന്നോ.”
“അതേ”
“ആ എന്നാ കൊച്ചു വീട്ടിച്ചെന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞേക്കു കേട്ടോ.”
“ശരി”.
പിന്നെയവിടെ നിന്നില്ല , ഞാൻ തിരിഞ്ഞു നടന്നു. മുന്നിൽ ഇതുവരെയും പോകാത്ത റോഡ്. ആ വീട്ടിൽ കയറി ഇരുന്നാൽ മതിയാരുന്നു. മനസ്സിൽ എന്തോ ഒരു പേടി. ആ കൊച്ച് അന്നു പറഞ്ഞു തന്നതു മാത്രമേ ഓർമ്മയുള്ളൂ. കേട്ടത് തെറ്റിയാണെങ്കിൽ വഴിതെറ്റി എവിടെങ്കിലും ചെല്ലും. ആ.. സാരമില്ല, ബസ്റ്റോപ്പിലും വീട്ടിലും ഇരുന്നു രണ്ടു മണിക്കൂർ കളയുന്നതിലും ഭേദം വഴിചോദിച്ചു വീട്ടിൽ എത്തുന്നതാ. ധൈര്യം സംഭരിച്ച് ഞാൻ നടന്നു.
ജങ്ഷന് സമീപം കുറെ വീടുകൾ ഉണ്ട്. ഉള്ളിലേക്ക് പോകുമ്പോൾ ഒന്നോ രണ്ടോ വീടുകൾ അവിടവിടായി മാത്രം കണ്ടു. വലിയ ഒരു വളവു വന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, ഇടതൂർന്നും ഇടയ്ക്ക് ഇലകൾ പൊഴിഞ്ഞുമൊക്കെ പല ഉയരങ്ങളിൽ പല ഉടമസ്ഥരുടെ തോട്ടങ്ങൾ. ഓരോന്നിലും ഷീറ്റടിക്കുന്ന ഷെഡുകൾ കാണാം. റബ്ബർമരങ്ങൾ വെട്ടി മാറ്റിയ പറമ്പുകളിൽ കപ്പയും മറ്റും നട്ടിരിക്കുന്നു. ഇടയ്ക്കിടെ നല്ല ചൂട് കാറ്റ് വരുന്നുണ്ട്.
ആ റോഡ് മൂന്നു ചെറിയ റോഡുകൾ ചേരുന്ന ഒരിടത്തെത്തി. കടകളോ വീടുകളോ അവിടെങ്ങുമില്ല. ഒരു ചെറിയ കുരിശുപള്ളി മാത്രമുണ്ട്. അതിനോട് ചേർന്ന് താഴോട്ട് ഒരു റോഡ് പോകുന്നുണ്ട്. ആ കൊച്ചു പറഞ്ഞത് വച്ച് അതിലെയാണ് പോകേണ്ടത്. ഇത്ര നേരം നല്ല വെയിലാരുന്നു, മുന്നോട്ട് നോക്കുമ്പോൾ റബ്ബർ മരങ്ങൾ റോഡിലേക്ക് അങ്ങോട്ടുമിങ്ങോട്ടും കുമ്പിട്ടു നിൽക്കുന്നു. ഇരുണ്ട വഴിയും റോഡിനു നടുവിൽ ഞാനും! ഇതുവരെ ബാഗൊക്കെ അലസമായി ആട്ടി നടന്നിരുന്ന ഞാൻ അതെടുത്തു തോളത്ത് തൂക്കി. “ഒരിറക്കം പിന്നെ ഒരു കയറ്റം.. പിന്നെ വീടെത്താറായി !” മനസ്സിൽ മുന്നോട്ടുള്ള യാത്ര പറ്റാവുന്നത്ര ലഘൂകരിച്ചു. ചുറ്റിനും ഒന്നുകൂടെ നോക്കി. ഒരൊറ്റ മനുഷ്യക്കുഞ്ഞില്ല, ഒരു പൂച്ചയോ പട്ടിയോ പശുവോ ആടോ ഇല്ല.
ഒറ്റയോട്ടം.
എനിക്കറിയില്ല, റോഡിൽ നോക്കി ഓടണോ.. മുന്നോട്ടു നോക്കണോ ചുറ്റിനും നോക്കണോ.. ഇറക്കം പകുതി ഓടിയപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. പിന്നെയൊരു നിമിഷം ഞാൻ നിന്നു.
എന്തൊരു മണ്ടിയാണ്, ശ്ശെ.. തനിയെ ഒരു കൂട്ടുമില്ലാതെ ഇതുപോലുള്ള വഴികളിൽക്കൂടെ അമ്പലത്തിലും കാവിലും സ്കൂളിലും ഗീതാക്ലാസിലും പോവാറുണ്ട്. എവിടെയും ഇങ്ങനെ ഓടാറില്ല. പകരം ഞാൻ വളരെ ആസ്വദിച്ചാണ് നടന്നു പോവുക. വഴികളിൽ ഇരുവശവും നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും അതിന്മേൽ ഒട്ടിച്ചുവയ്ക്കുന്ന പോസ്റ്ററുകൾ വരെ എനിക്ക് മനഃപാഠമാണ്. ഒക്കെ പോട്ടെ.. ഒരു ദിവസം അനിയത്തിയോട് ബെറ്റ് വച്ച്, സ്കൂളിൽ പോണ വഴിയുള്ള പാടം, അമ്പലമുറ്റം , കവലവരെയുള്ള അടുത്ത വഴി പിന്നെ അവിടുന്ന് എന്റെ ക്ലാസിൽ പഠിക്കുന്ന അനു ജോർജിന്റെ വീടുവരെയുള്ള വഴികൾ കണ്ണടച്ച് നടന്നിട്ടുണ്ട്. ഇതേ വഴികളിൽ കൂടെ അച്ഛന്റെ സ്കൂട്ടറിൽ പോയാലും കണ്ണടച്ചിരുന്നാൽ എനിക്ക് കൃത്യമായി പറയാൻ പറ്റും ഏതു വീടാണ് ഇടതു വശത്തു, ഏതു വളവാണ് അപ്പോൾ കഴിഞ്ഞത് എന്നൊക്കെ.
ഇങ്ങനുള്ള എന്റെ ധൈര്യം എവിടെപ്പോയി ! “ഓടരുത്. പതുക്കെ നടക്ക് !” സ്വയം ശാസിച്ചു.
സമയം രാത്രിയായ പോലെ. മുന്നോട്ട് നോക്കിയാൽ ഒരുവലിയ കയറ്റം കാണാം. കയറ്റം കഴിഞ്ഞപ്പോൾ തുറസ്സായ പ്രദേശത്തെത്തി, കുറേ സ്ഥലത്തു കൈതത്തോട്ടം. അവിടെ രണ്ടു പേർ നിന്നു പണിയെടുക്കുന്നു. എന്റെ സ്ഥിരം വേഗത്തിൽത്തന്നെ ഞാൻ മുന്നോട്ട് നടന്നു.
വലതുവശത്തായി ഒരു ചെറിയ വീടു കാണാം. കുറച്ചു ഭാഗം മാത്രം ഓട്, മുന്നോട്ടു ഷീറ്റ്, പിൻഭാഗത്ത് ഓല മേഞ്ഞിരിക്കുന്നു. മുൻവശത്തെ വരാന്തയിൽ വളരെ പ്രായമുള്ള ഒരപ്പൂപ്പൻ തോർത്തുമുണ്ടുകൊണ്ടു വീശിക്കൊണ്ടിരിക്കുന്നു. അപ്പൂപ്പനേപ്പോലെ തന്നെ ആ വീടും തനിച്ചാണ്. അടുത്തെങ്ങും ആരുമില്ല. ബസ് പോകാത്ത വഴിയായതുകൊണ്ട് ഞാൻ നടന്നു വന്ന ദൂരമത്രയും പോണം വണ്ടി കിട്ടാൻ. വീടിനോടടുത്തു ചെന്നപ്പോൾ അതിന്റെ ഒരു വശത്തുനിന്ന് ഒരാൾ ആവിപറക്കുന്ന ചെമ്പിൽ എന്തോ വരാന്തയുടെ താഴെയുള്ള പടിയിൽ കൊണ്ടുവച്ചു. മകനായിരിക്കും. ഞാൻ അവരെത്തന്നെ നോക്കി നടന്നു.
അപ്പൂപ്പനെ കുറച്ചുകൂടെ മുന്നിലേക്കിരുത്തി അയാൾ വരാന്തയിലേക്ക് കയറി, ഉത്തരത്തിൽ എന്തോ കൈകൊണ്ടു തപ്പുന്നു. ഞാനപ്പോൾ വീടിനു മുന്നിലെത്തി, കൈലിയും മുഷിഞ്ഞ ബനിയനും ഇട്ട ആളെ അപ്പോഴാണ് ശരിക്കും കണ്ടത്.
പൊക്കമുണ്ടെന്നേയുള്ളൂ,പൊടിമീശക്കാരൻ. ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നു.
മലയാളം സെക്കൻഡ് ക്ലാസിൽ രണ്ടു ഡിവിഷനിലുള്ള കുട്ടികൾ ഒരുമിച്ചാണ് ഇരിക്കുക. ഞങ്ങളുടെ ക്ലാസിലേക്കു മൂന്നു ബെഞ്ചുകളിലായി പത്തുകുട്ടികൾ വരും, ആഴ്ചയിൽ രണ്ടു പീരീഡുകൾ.
റോയ്. അയാളുടെ പേരതാണ്. അറ്റൻഡൻസ് എടുക്കുമ്പോൾ ശ്രീദേവി ടീച്ചർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഫസ്റ്റ് ബെഞ്ചിൽ ഒരറ്റത്താണ് എന്റെ സ്ഥിരം സീറ്റ്. ദേവി ടീച്ചറാണ് ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തിയിരുന്നത്. എങ്കിലും നാട്ടുമ്പുറത്തുള്ള പെൺകുട്ടികൾക്ക് അനാവശ്യമായ ചമ്മലാണ് എന്തിനും ഏതിനും.
റോയ് എന്നെ കണ്ടു. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്നതുകൊണ്ടോ എന്തോ, അയാളുടെ മുഖത്ത് വല്ലായ്മ്മ. പുറത്തേക്കു വരാനിരുന്ന ചിരി ഞാൻ പതുക്കെ നിയന്ത്രിച്ചു. നിൽക്കാനോ മിണ്ടാനോ ഒന്നും തോന്നിയില്ല. വീടു കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോൾ റോയ് മുട്ടുകുത്തിയിരുന്ന് അപ്പൂപ്പന്റെ കാലിനു ചൂട് പിടിച്ചു കൊടുക്കുന്നത് കണ്ടു.
“വീട്ടിക്കൊള്ളാവുന്ന നല്ല കൊച്ച് !” അമ്മ കൂടൊണ്ടാരുന്നെങ്കിൽ പറഞ്ഞേനെ.
രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ മറ്റു വീടുകൾ കാണാനായി. മുന്നോട്ട് പോകുന്തോറും കണ്ടുപരിചയമുള്ള രണ്ടു പേർ എതിരേ വന്നു.
“മോളെന്താ തനിച്ചു വരുന്നേ. ഇതിലേ എവിടെ പോയിട്ട് വരുവാ.” അതിലൊരാൾ ചോദിച്ചു.
“കുരിശുപള്ളിടെ അടുത്താ ടൂഷൻ ക്ലാസ്സ്.” ഞാൻ ധൃതികൂട്ടി നടന്നു.
പിന്നെയങ്ങോട്ട് താഴേക്കു നോക്കിയപ്പോൾ പരിചയമുള്ള വീടുകൾ കണ്ടു. അമ്മ തിരുവാതിര പഠിക്കാൻ പോകുന്ന ലീലാമണിയമ്മയുടെ വീട്, ശങ്കരൻ വല്യച്ഛന്റെ വീട്, കുട്ടിയമ്മാവന്റെ പറമ്പ്, അടുത്തത് അമ്മവീട്.. അതായത് ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട്.
ഞാൻ തിരിഞ്ഞു നിന്നു ഇത്രയും നടന്ന വഴിയെ നോക്കി ചിരിച്ചു. അടുത്ത പ്രശ്നം അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്തു കൂടെ ഇറങ്ങി വീട്ടിൽ കയറണം. ഏഴോ എട്ടോ തൊടികളുണ്ട്, അടുക്കടുക്കായി ഞാൻ നിൽക്കുന്ന റോഡ് വരെ. റബ്ബർ വെട്ടുന്ന ജോയിച്ചനും ചിന്നമ്മയും ഓരോ കയ്യാലയിൽ നിന്ന് പുറത്തേക്കു നിൽക്കുന്ന കരിങ്കൽ പടികളിൽ ചവിട്ടി ചാടിയാണ് താഴോട്ടിറങ്ങുന്നത്. ഞാൻ അമ്മാവന്റെ കൂടെ ഒന്നുരണ്ടു തവണ കുരുമുളക് പറിക്കുന്നത് കാണാൻ മുകളിലേക്ക് വന്നതല്ലാതെ പടികൾ എവിടെയാണെന്നോ ഏതെങ്കിലും കല്ല് ഇളകി നിക്കുന്നുണ്ടെന്നോ ഒന്നുമറിയില്ല.
കാലിലും കൈയിലുമൊക്കെ ചില പോറലുകൾ ഒക്കെ വരുത്തി ഒരുവിധം താഴെയെത്തി. ഭാഗ്യത്തിന് അമ്മ അനിയത്തിയുടെ പിറകേ ഒരു പ്ളേറ്റിൽ ദോശയും ചമ്മന്തിയുമായി ഓട്ടമാണ്. വീടിന്റെ ഒരു വശത്തുപോയി ഒളിഞ്ഞുനോക്കിയപ്പോൾ മറുവശത്തൂന്ന് അമ്മാളു (അനിയത്തി) കലപില ശബ്ദം വരുത്തിക്കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. അവളെ ചീത്ത പറഞ്ഞോണ്ട് അമ്മ പുറകെയും.
തക്കം നോക്കി ഞാൻ പതുക്കെ വീട്ടിനകത്തോട്ട്!
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പല കാര്യങ്ങൾ മനസ്സിൽ വന്നു. എന്റെ പേടി. ഓട്ടം. വെളിച്ചം. റോയ്. അപ്പൂപ്പൻ. പുതിയ വഴി.
തട്ടുതട്ടായുള്ള ഏഴു കയ്യാലകള്‍ മേരിക്കുട്ടിച്ചേടത്തിയുടെ മുന്നില്‍ പര്‍വ്വതംപോലെ നിന്നു. ഇന്നലെ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റതും വല്ലാത്ത ദാഹം തുടങ്ങിയതാണ്. കുറച്ചുമുമ്പേ വീട്ടില്‍ നിന്നെറങ്ങിയപ്പോഴും ഒരു കൂജ നെറയെ കിണറ്റുവെള്ളം മടമടാ കുടിച്ചു. വേനലു കടുക്കുന്നു.. റബ്ബര്‍മരങ്ങള്‍ക്ക് കീഴെ പൊട്ടിക്കഷണങ്ങളായിക്കിടക്കുന്ന കുരുകളും ഇടയ്ക്കൊക്കെ കാലില്‍ തറഞ്ഞു കയറുന്ന വരണ്ട തോടുകളും. പ്ലാവില കുത്തിയെടുക്കാനുള്ള കമ്പും കോര്‍ത്തിടാനുള്ള കമ്പിയും വലത്തെകൈയ്യില്‍ പിടിച്ച് ചേടത്തി പതുക്കെ ആദ്യത്തെ കയ്യാല കയറി.
ചുറ്റിനും വല്ലാത്ത വെളിച്ചവും ചൂടും. നട്ടുച്ചസൂര്യന്‍ ലേശംപോലും മടിയില്ലാതെ ചേടത്തിയുമായി കുറെ നേരമായി ഒളിച്ചേകണ്ടേ കളിക്കുന്നു. പഴയകയ്യാല കെട്ടലായതുകൊണ്ട് പടികള്‍ ഇല്ല.. പകരം പാറക്കല്ല് പൊട്ടിച്ചത് കയ്യാലയില്‍ പിടിപ്പിച്ചിരിക്കുവാണ്. കഴിഞ്ഞ മഴക്കാലത്ത് പലതും ഇളകിത്തുടങ്ങി. റബ്ബര്‍ വെട്ടുന്ന ജോര്‍ജ്ജ് ഒരു ദിവസം വീഴുവേം ചെയ്തു. അവന്റെ പൊണ്ണത്തടി താങ്ങിക്കാണത്തില്ല. ചേടത്തി ഓര്‍ത്തു ചിരിച്ചു. എല്ലാ ദിവസവും മൂന്നാലുപ്രാവശം ഇതിലെ കേറിയിറങ്ങുന്നതാണ്. ഇതേവരെ തനിക്കൊന്നും പറ്റിയില്ല. നാലാമത്തെ പറമ്പില്‍ കയറിനിന്നിട്ട് ചേടത്തി ദീര്‍ഘശ്വാസമെടുത്തു.
അങ്ങുതാഴെ സ്വന്തം വീട്ടിലേക്കു നോക്കി. കൃത്യമായിപ്പറഞ്ഞാല്‍ ഓടിട്ടിരിക്കുന്ന രണ്ടുമുറി വീടിന്റെ ചുറ്റിനും ആറുവര്‍ഷം മുന്നേ മകന് അമേരിക്കയില്‍ നിന്നും ആരോടോ പറഞ്ഞു പണിയിപ്പിച്ച വാര്‍ക്കവീടിന്റെ വെളുത്തപുറംഭിത്തികള്‍ ഒഴികെ ബാക്കിയുള്ള ഭാഗം. ഓടിട്ടിരിക്കുന്ന ഭാഗത്ത് ഒരു വശത്തായി പണ്ടുമുതലേയുള്ള ഒരു കണ്ണാടിക്കഷണം ഉണ്ട്. അതിനു കീഴെയാണ് ചേടത്തിയുടെ മുറി. കെട്ടിയോന് വര്‍ഗ്ഗീസ്മാപ്പിള ചോര നീരാക്കി പണിതത്. ചിലദിവസങ്ങളില്‍ അങ്ങുമുകളില്‍നിന്ന് പുല്ലും വിറകുകൊള്ളികളും റബ്ബര്‍പാലുമൊക്കെ എടുത്തുകൊണ്ടു താഴോട്ടിറങ്ങുമ്പോള്‍ ചേടത്തി അവരെ കാണാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് മുറ്റത്തുകൂടെ ഓടിക്കളിക്കുന്ന മകന്.. അടുക്കളയിലേക്ക് വേണ്ട വിറകൊക്കെ കൃത്യമായ വലുപ്പത്തില്‍ വെട്ടിയെടുത്ത് കയറുകൊണ്ട് കെട്ടി ഭദ്രമായി വയ്ക്കുന്ന ഭര്‍ത്താവ്.
പെട്ടെന്ന് മടിക്കുത്ത് തിരയും.. ശ്വാസം മുട്ടും. വല്ലാത്ത വിഷമം.
ഈയിടെയായി കുനിഞ്ഞുനിന്ന് എഴുന്നേല്ക്കുമ്പോള് തലയോട്ടി പിളരുന്ന വേദന വരും. അതുകൊണ്ട് വിറകുകൊള്ളി പെറുക്കുന്ന പരിപാടി നിര്‍ത്തി. രണ്ടാട്ടിന്‍കുട്ടികള്‍കൊടുക്കാന്‍ കുറച്ചു പ്ലാവില കുത്തിയെടുത്തുകൊണ്ടുപോകും. മേരിക്കുട്ടിചേടത്തിയുടെ ഈ മലയോര ജീവിതത്തിന് അമേരിക്കയിലുള്ള മകനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍ പ്രായമുണ്ട്. അന്ന് കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥലമൊക്കെ പാട്ടത്തിനെടുത്തു വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ്. ഇന്ന് അതേ സ്ഥലം മകന് വിലയ്ക്ക് വാങ്ങിയിട്ടും ചേടത്തിക്ക് അത് പഴയ പാട്ടത്തിനെടുത്ത പറമ്പു തന്നെയാണ്. യജമാനത്തിയേപ്പോലെ അവിടെ നിന്ന് പണിയെടുപ്പിക്കാറില്ല. പഴയപോലെ പുല്ലു പറിക്കുകയും തടമിടുകയും ഒക്കെ ചെയ്യും.
ജോസ് അന്യനാട്ടിലേക്ക് പോയിട്ട് ഇരുപത്തിയെട്ടു വര്‍ഷങ്ങളായി. ഇളയകുഞ്ഞിന്റെ മാമ്മോദീസയ്ക്കാണ് ചേടത്തി അവരെ അവസാനമായി ഒരുമിച്ചു കണ്ടത്. അതിനുശേഷം ജോസ് കുറേത്തവണ തനിച്ചു വന്നിട്ടുണ്ട്. കെട്ടിയോളുമായി ഒന്ന് രണ്ടു തവണയും.
വീട്ടില്‍ പുതുതായി പണിതുചേര്‍ത്ത മുറികളില്‍ ഒന്ന് വളരെ വലുതാണ്. അതില്‍ അമ്മച്ചിക്ക് കാണുവാനായി കൊണ്ടുവന്ന ആല്‍ബങ്ങളും അമേരിക്കന്‍ വസ്ത്രങ്ങളും. പഴയ മുറിയില്‍തന്നെയാണ് കിടപ്പെങ്കിലും, ചേടത്തി ഇടയ്ക്കിടെ ആ മുറിയില്‍ കയറി അവരുടെ ചിത്രങ്ങള്‍ കാണും. അവരെയോര്‍ത്ത് സന്തോഷിക്കും. കുറെക്കാലമായി വന്നു കാണാത്തതിലോ ഒന്നും പരിഭവമേ തോന്നാറില്ല.
എന്തിന് പരിഭവം തോന്നണം..!
പണ്ടൊരുദിവസം വൈകുന്നേരം ഇതേപോലെ, പക്ഷെ ഇതിനേക്കാള്‍ മൂന്നുമടങ്ങ് ഭാരമുള്ള വലിയൊരു വിറകുകെട്ടെടുത്തുകൊണ്ടുവന്ന് പിന്‍വശത്തെ മുറ്റത്തിട്ടിട്ട് ചേടത്തി നിവര്‍ന്നു നിന്നു.
“അമ്മച്ചിയോട് ഞാന്‍ എത്ര തവണ പറഞ്ഞതാ ഇങ്ങനെ പണിയെടുക്കരുതെന്ന്.. അനുസരണ ഒണ്ടായിട്ടുവേണ്ടേ ..”
“അതിനിപ്പോ ഇതൊക്കെ ഒരു പണിയാണോടാ കൊച്ചനേ”
“അമ്മച്ചി ആരോഗ്യം സൂക്ഷിക്കണം..”
“എന്റെ ആരോഗ്യത്തിന് ഒരു കൊറവും ഇല്ലാ.. നീയിരിക്ക് ഞാന്‍ കാപ്പിയിടട്ടേ..”
“അമ്മച്ചി..” ജോസ് മടിയോടെ വിളിച്ചു.
“എന്നതാടാ..”
ജോസ് നിന്നിടത്തുനിന്ന് നടന്ന് തുണികുത്തിപ്പിഴിയുന്ന കല്ലിന്റെ മുകളില്‍ പോയിരുന്നു.
“എന്നെക്കൊണ്ടിങ്ങനെ ആരാന്റെ കടയില്‍ കണക്കെഴുതി ജീവിതം കളയാന്‍ മേല. റോസമ്മയുടെ പാപ്പന്റെ കെയറോഫില്‍ അവള്‍ക്കു അവിടുത്തെ ഒരാശുപത്രിയില്‍ ജോലി ശെരിയായിട്ടുണ്ട്. എനിക്കും കൂടി ഒന്ന് തരപ്പെട്ടാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റും.. അമ്മച്ചി കുറച്ചുനാള്‍ ഒറ്റയ്ക്കാകും, പക്ഷെ കര്‍ത്താവ് അനുഗ്രഹിച്ചാല്‍ പെട്ടെന്ന് തന്നെ അമ്മച്ചിയേം ഞങ്ങള്‍ കൊണ്ടുപോകും..”
ജോസിന്റെ മറവില്‍ നിന്നും മാലാഖ കണക്കെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നുനിന്നു.
“ഇത്തവണ ഇവളെ എന്റെ കൂടെ കൊണ്ടുപോന്നു. നാടും അമ്മച്ചിയേം ഒക്കെ ഒന്ന് കാണിച്ചേച്ച് കൊണ്ടുപോകാമെന്ന് കരുതി. മൂത്തവന് ലണ്ടന്‍ പോയി. അവിടാ ജോലി. റോസമ്മയുടെ ഇളയ അനിയത്തിക്ക് ഒരു ഓപ്പറേഷന്. അതുകൊണ്ട് അവളും വന്നില്ല..”
മകന് പറയുന്നതൊന്നിലും ശ്രദ്ധ കൊടുക്കാതെ ചേടത്തി മുന്നില്‍ നില്ക്കുന്ന മാലാഖക്കൊച്ചിനെ നോക്കി.
കഴുത്തറ്റം വരെ മുടി. നന്നായിചീവിയൊതുക്കാത്ത കുറെ മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു. മുട്ടറ്റം വരെയുള്ള പാന്റ്സും ഷര്‍ട്ടും. അതിന്റെ രണ്ടു പോക്കറ്റിലും കൈയിട്ടു ചേടത്തിയെ നോക്കിയും ചിരിച്ചെന്നു വരുത്തിയും അവള് നിന്നു.
“അമ്മച്ചി പേരു മറന്നു കാണും. ഏയ്ജല്‍.”
“ആ.. എനിക്കോര്‍മ്മയൊണ്ട് ജോസേ”
“എന്റെ കൊച്ചിങ്ങടുത്തു വന്നേ..”
ഏയ്ജല്‍ അടുത്തുചെന്നിരുന്നു. മേരിക്കുട്ടിചേടത്തി വാത്സല്യത്തോടെ അവളുടെ മുഖത്തു തൊട്ടു. നെറ്റി മറഞ്ഞുകിടക്കുന്ന മുടിയിഴകള്‍ പതുക്കെ നീക്കി ചെവികള്‍ക്ക്പിന്നിലോട്ടു വച്ചു. അവളുടെ ഇടത്തെ പുരികത്തിനു മുകളില്‍ മൂന്നു ലോഹത്തണ്ടുകള്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവ തുളച്ചുകയറ്റി കമ്മലുകണക്കെ ഇട്ടിരിക്കുന്നു.
“അതുപിന്നെ അന്യനാടല്ലിയോടാ. ചട്ടേം മുണ്ടും വെന്തീഞ്ഞേമൊക്കെ അവിടെ പറ്റുവോടാ”
എന്നിട്ടു മാലാഖക്കൊച്ചിനെ നോക്കി ചിരിച്ചു.
“അമ്മച്ചി ഞാനെന്നാ ഡോക്ടറെ വിളിച്ചോണ്ട് വരാം.”
ജോസു പോയതും ഏയ്ജല്‍ എഴുന്നേറ്റ് ജനാലക്കരികിലേക്ക് പോയി പുറത്തേക്കും നോക്കി നിന്നു. മേരിക്കുട്ടി മാലാഖക്കൊച്ചിനെ ഇമചിമ്മാതെ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ചായയും പലഹാരങ്ങളുമായി അയല്പക്കത്തെ ഷെര്‍ലിയും ഭര്‍ത്താവും മുറിയിലേക്ക് വന്നുകയറി. ചേടത്തി പള്ളിയിലും ചന്തയ്ക്കും ഒക്കെ പോകുന്നത് ഷേര്‍ലിയുടെ കൂടെയാണ്.
ചേടത്തി എഴുന്നേറ്റിരിക്കുന്നത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ ഓടിവന്നു.
“ഞങ്ങളെ വല്ലാണ്ട് പേടിപ്പിച്ചല്ലോ എന്റെ പൊന്നു ചേടത്തി.. ഞാനന്ന് വെറുതേ മിണ്ടാനും പറയാനും വന്നതാ. താഴെ മുറ്റത്തൂന്നു നോക്കിയപ്പോ.. ശ്ശോ.. നിലവിളിച്ചു ആളെക്കൂട്ടി ഒരുവഴിക്കാ ഇവിടെ എത്തിച്ചേ. ഡോക്ടര്‍മാര്‍ എല്ലാരേം അറിയിച്ചോളാനൊക്കെ പറഞ്ഞു. വീട് തുറന്ന് ഇച്ചായനാ നമ്പരെടുത്ത് ജോസൂട്ടിച്ചായനെ വിളിച്ചെ. രണ്ടുദിവസം കഴിഞ്ഞു ബോധം വീണു. നേഴ്സ് പറഞ്ഞു ഇടയ്ക്ക് എന്റെ പേരൊക്കെ വിളിക്കുന്നുണ്ടാരുന്നു എന്ന്. ഇന്നും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടാ ഞങ്ങള്‍ പോന്നെ.”
ചേടത്തി ചിരിച്ചു.. കണ്ണുനിറഞ്ഞ്.
ഏയ്ജല്‍ ഇതൊന്നും കാണാതെ മൊബൈലില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ചേട്ടത്തി ഹോസ്പിറ്റല്‍ വിട്ടു. വീട്ടിലെത്തിയതും കിടക്കാന്‍ കൂട്ടാക്കാതെ ഓരോ പണികളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഇപ്പോള്‍ പറമ്പിലൊന്നും ഇറങ്ങിനടക്കാന്‍ സമയമില്ല. ജോസിനിഷ്ടപ്പെട്ട ആഹാരമൊക്കെ ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മാത്രമേ അവര്‍ക്ക് സമയം തികയൂ. ഷേര്‍ലി ഇടക്കൊക്കെ അടുക്കള ഭാഗത്തുള്ള തിണ്ണയില്‍ വന്നിരിക്കും. വര്‍ത്തമാനം പറയുമ്പോഴും ചേട്ടത്തിയുടെ ചിന്ത മുഴുവനും അന്നത്തെ അത്താഴത്തെ കുറിച്ചാവും. മാലാഖകുട്ടി ആഹാരം നന്നേ കുറച്ചാണ് കഴിക്കുന്നത്. ആ കൊച്ച് കഴിച്ചു ശീലമുള്ളതൊന്നും തന്നെക്കൊണ്ട് പാകം ചെയ്യാന്‍ പറ്റില്ലാന്നു ചേടത്തിക്കറിയാം.
അന്ന് അത്താഴം കഴിഞ്ഞു മുറിയിലേക്ക് പോകാന്‍ തുടങ്ങിയ മാലാഖക്കൊച്ചിനെ ചേടത്തി അടുക്കളയിലോട്ടു വിളിച്ചു.
“കുഞ്ഞിനു ഞാനീ വച്ചുതരുന്നതൊക്കെ ഇഷ്ടപ്പെടുന്നില്ല അല്ലെ.. ഞാന്‍ ഷേര്ലിയോട് പറഞ്ഞ് ഒരാളെ വരുത്തിക്കാം. അവളുടെ വകേലൊള്ള ഒരാളാ. അവര്‍ക്ക് കേറ്ററിംഗ് ബിസിനസൊക്കെയൊണ്ട്. കുഞ്ഞിനു ഇഷ്ടം എന്താന്നുവച്ചാ അങ്ങ് പറഞ്ഞാ മതി. കേട്ടോ..”
മാലാഖകൊച്ചു ചിരിച്ചു.
“നോ നോ.. ഐ ആം ഫൈന്‍. ഞാന്‍ കുറച്ചേ കഴിക്കു.”
ചേടത്തി എന്തോ പറയുന്നതിന് മുന്നേ കൊച്ച് ഗുഡ്നൈറ്റും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി.
പിറ്റേ ഞായറാഴ്ച ചേടത്തി പള്ളിയിലേക്ക് ഏയ്ജലിനെ കൂടെകൊണ്ടുപോയി. തിരികെ വരുമ്പോള്‍ നിര്‍ത്താതെ അതുമിതും സംസാരിച്ചുകൊണ്ടേയിരുന്നു. ചിലതിനൊക്കെ തലയാട്ടിയും കൂടുതല്‍ നേരം കൈയിലുള്ള മൊബൈല്‍ നോക്കിനടന്നും അവള് വീടെത്തി.
ആദ്യമൊക്കെ അകല്‍ച്ച കാട്ടിയെങ്കിലും ഏയ്ജല്‍ ഇടയ്ക്കിടെ അടുക്കള ഭാഗത്തേക്ക് വന്നു നോക്കാനും ആവശ്യമുള്ള സാധനങ്ങള്‍ ചേടത്തിയോട് ചോദിക്കാനുമൊക്കെ തുടങ്ങി. പക്ഷെ, ഒരു ദിവസം രാവിലെ ഒരു ഭാവമാറ്റവും ഇല്ലാതെ ജോസുകുട്ടി അമ്മച്ചിയോട് രണ്ടു ദിവസം കഴിഞ്ഞു തിരികെ പോകുന്ന കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചതാണ്. പതിവുപോലെ.. ചേടത്തി ഒന്നും മിണ്ടിയില്ല. മൂളിയിരുന്നു കേട്ടു. വന്നത് മുതല്‍.. ബാങ്കുകളിലും മറ്റുമായി ഓടിനടന്നതുകൊണ്ട് മകനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലല്ലോ എന്ന് ചേടത്തിയോര്‍ത്തു. പക്ഷേ അവന് മാലാഖക്കൊച്ചിനെ കൊണ്ടുവന്നു കാണിച്ചല്ലോ. അത് തന്നെ വല്യ കാര്യം.
അടുത്ത രണ്ടു ദിവസവും ചേടത്തി ഉറങ്ങിയില്ല. കണ്ണുതുറന്നു മുകളിലേക്ക് നോക്കി കിടന്നു. ഒറ്റക്കണ്ണാടിക്കിടയിലൂടെ നിലാവെളിച്ചം അവരുടെ മുഖത്തേക്ക് വീണു. ഇത് വരേയ്ക്കും മകനോട്, തന്നെയും കൂടി അവര്‍ക്കൊപ്പം കൊണ്ടുപോകണം എന്ന് പറഞ്ഞിട്ടില്ല. പണ്ട് ജോലികിട്ടി പോകുമ്പോള്‍ അമ്മച്ചിയെ എത്രയും പെട്ടെന്ന് കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞ ജോസിന്റെ മുഖം.. ചിലപ്പോള്‍ അവന് കരുതുന്നുണ്ടാകും അവിടെച്ചെന്നാല്‍ അമ്മച്ചിയുടെ ജീവിതം മടുപ്പിക്കുന്നതാവും എന്ന്. ഇവിടെ പള്ളിയും പറമ്പും ഒക്കെയായി കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന്.. അന്യരാജ്യത്ത് വീടിനു പുറത്തിറങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദം ഇവിടെത്തന്നെയല്ലേ.
***
പെട്ടികളെല്ലാം എടുപ്പിച്ചു വച്ച്, ജോസുകുട്ടി മകളെ വിളിച്ചു.
“എയ്ജല്‍..”
വരാന്‍ വൈകിയപ്പോള്‍ അമ്മച്ചിയെയും വിളിച്ചു.
രണ്ടുപേരും വിളികേള്‍ക്കുന്നില്ല.
മുറികളില്‍ എല്ലാം നോക്കി ജോസ് പുറകുവശത്തേക്കിറങ്ങി.
“എയ്ജല്‍..!” അയാളുടെ ശബ്ദത്തിനു കനം കൂടി.
വീടിനു പിന്നിലെ കിണറിന്റെ ഭിത്തിയ്ക്കു പുറകില്നിന്നും മകളുടെ പ്രതിഷേധത്തിന്റെ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊങ്ങുന്നത് കണ്ടു. ചുറ്റിനുമുള്ള പറമ്പില്‍ ആരെങ്കിലും നിന്നിതുകണ്ടോ എന്നാണയാള്‍ ആദ്യം നോക്കിയത്. അമ്മച്ചി കാണരുത് ! ഇതിനാണോ ഈ നശിച്ച ജന്മത്തെയും കൊണ്ട് ഇങ്ങോട്ട് വന്നതെന്ന് ദേഷ്യത്തോടെ അയാള്‍ ഓര്‍ത്തുപോയി.
ധൃതിയില്‍ മകളുടെ അടുത്തേയ്ക്ക് അയാള്‍ ചെന്നു.
കിണറിന്റെ ഭിത്തിക്കപ്പുറം മകളോളം പ്രായമുള്ള ഒറ്റപ്പെടലിന്റെ ശരീരത്തെ അയാള്‍ കണ്ടു. വെളുത്ത മുണ്ടിലും ജാക്കറ്റിലും. തെറുപ്പുബീഡിയില്‍ സങ്കടവും ദേഷ്യവും നിസ്സഹായതയും പുകച്ചുതള്ളി കമ്പിയില്‍ നിന്നും പ്ലാവിന്റെ ഇലകള്‍ ഊരിയെടുക്കുന്ന പെറ്റമ്മയെ.
***
മാലാഖക്കുട്ടി അങ്ങ് നാലാമത്തെ കയ്യാലമേല്‍ നിന്ന് അമ്മച്ചിയേയും ആ പഴയ വള്ളിനിക്കറിട്ട ജോസുകുട്ടിയെയും കണ്ടു.
പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ട്രെയിന്‍ മെല്ലെ ഓടിത്തുടങ്ങിയിരുന്നു. രാവിലേമുതല് കാര്യങ്ങള്‍ ഒന്നും കൃത്യമായി നടക്കുന്നില്ല. ജോലിയില്‍ വലുതായി ശ്രദ്ധിച്ചില്ല.. പ്രാതല്‍ കഴിച്ചില്ല.. ദാ.. ഒരു കണക്കിന് ജീവന്മരണ പോരാട്ടത്തിലൂടെയാണ് തിരിച്ചുള്ള ട്രെയിന്‍ കിട്ടിയത്. ആകെയുള്ള ഒരേയൊരു എ.സി കോച്ചില്‍ ഒരു സീറ്റുപോലും ഒഴിവില്ല. ടി.ടി.ഐ അദ്ദേഹത്തിന്റെ സീറ്റുവരെ ദാനം നല്കിനില്ക്കുന്നു!
പട്ടിണിയും ചൂടും വല്യ ചേര്‍ച്ചയാണ്. തൊട്ടപ്പുറത്ത് വനിതകള്‍ക്കുള്ള കമ്പാര്‍ട്ടുമെന്റില്‍ ഇത്തിരി സ്ഥലം കിട്ടി. ഉച്ചതിരിഞ്ഞ് വീശുന്ന കാറ്റില്‍ ഉറക്കഗുളിക ചേര്‍ത്തിട്ടുണ്ടാവും… അവനവന്റെ ബാഗും സഞ്ചിയും ചേര്‍ത്തുപിടിച്ചു..മനസില്ലാമനസ്സോടെ പലരും മയങ്ങിതുടങ്ങി.
കണ്ണോടിച്ചു നോക്കിയാല്‍ പലനിറങ്ങളില്‍ ജീവിതം കാണാം. പ്രസരിപ്പ് നിറഞ്ഞ കവിളുകളില്‍.. കാച്ചെണ്ണ തിളക്കം കൂട്ടുന്ന നെറ്റിയില്‍.. ശോഷിച്ച കൈകളില്‍.. വിണ്ടുകീറിയ പാദങ്ങളില്‍.. ഒരേപേരുകൊണ്ട് കോര്‍ത്തിണക്കിയ പ്രകൃതിയുടെ മറ്റൊരു പതിപ്പ്!
പ്രകൃതി!
എന്റെ മുന്നിലിരിക്കുന്നു.
അടുത്ത ഒരു മണിക്കൂറില്‍ ഞാനത് തിരിച്ചറിഞ്ഞു.
ചുരുണ്ടിരുണ്ട മുടിയാണവള്ക്ക്. കണ്‍പീലികള്‍ക്കിടയിലെ വേദന ഞാന്‍ കണ്ടു. ചൂടുകാറ്റ് മുഖത്തേക്ക് വീശിയിട്ട് അവള്‍ക്ക് തെല്ലും ബുദ്ധിമുട്ടില്ല. സൂര്യനെ എത്ര ലാഘവത്തോടെ നോക്കുന്നു! ഒരു കുഞ്ഞു കരിമണിമാലയില്‍ താലിയുണ്ട്.. സിന്ദൂരമില്ല.. മറന്നതാവും. നാട്ടിലെ ഏതോ സ്വര്‍ണ്ണക്കടയില്‍നിന്നും കിട്ടിയ ഒരു പേഴ്സും ഒരു സ്കൂള്‍ ബാഗും ഒരുവശത്തുണ്ട്. ബാഗിനവകാശിയെവിടെ?? ചുറ്റിനും നോക്കി.. എവിടെയും കണ്ടില്ല.
പശ്ചാത്തലസംഗീതം പോലെ എന്റെ ഫോണില്‍നിന്നും ”നേനാ നീര് ബഹായെ” .. അമ്മയാണ് വിളിക്കുന്നത്. ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ സംസാരിക്കാം എന്നുകരുതിയപ്പോള്‍.. അങ്ങേത്തലക്കല്‍ നിന്നും അമ്മയുടെ വെപ്രാളം.
”നീയെന്താ ഇങ്ങനെ.. എന്താ പറ്റിയെ.. എവിടാ..”
ട്രെയിന്‍ വിവരങ്ങളും എത്തുന്ന സമയവും ഒക്കെ പറഞ്ഞുകൊടുത്ത് അമ്മയോട് തല്ക്കാലം വിടപറഞ്ഞു. കുറേക്കഴിഞ്ഞപ്പോള്‍ വേഗം കുറച്ച് വണ്ടി നിന്നു. ഒരു സ്ത്രീ എഴുന്നേറ്റുപോയപ്പോഴാണ് ഒരാളെ കണ്ടുകിട്ടിയത്..നേരത്തെ അന്വേഷിച്ച ബാഗിന്റെ അവകാശിയെ!കുട്ടിനിക്കറും ഷര്‍ട്ടും സോക്സും. അവന് സീറ്റിന്റെ ഓരംപറ്റി ഉറങ്ങുവാണ്. മുന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നത് കൊണ്ട് അവനെക്കണ്ടതെയില്ല! അമ്മയുടെ ഒരുകൈ കുഞ്ഞുനെറ്റിയില് തൊട്ടിരിപ്പുണ്ട്. തലോടാതെ.
പ്രകൃതി ഇപ്പോഴും സൂര്യനുമായി യുദ്ധത്തില്‍ത്തന്നെ!!
എനിക്ക് മടുത്തു. ഒരുകാറ്റിനൊപ്പം ഞാന്‍ ഉറക്കത്തിലേക്ക് വീണു.
അച്ഛന്റെ നാട്ടില്‍ പഞ്ചസാരമണലാണ്. കുളത്തില്‍ മുങ്ങിത്താഴുമ്പോള്‍ നേരിയ ശ്വാസംമുട്ടലുണ്ടാവും.. വെള്ളത്തിനടിയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍പറ്റില്ല.. കാലുകള്‍ മണലില്‍ ആഴ്ന്നിറങ്ങുമ്പോള് നെഞ്ചില്‍ ഒരു വിറയല്‍ കയറും. ആരോ പിടിച്ചു താഴേക്ക് വലിക്കുംപോലെ. വൈകുന്നേരങ്ങളില്‍ പേരമ്മ തരുന്ന നീണ്ട തോര്‍ത്തുമുണ്ട് ചുറ്റി ഉത്സാഹത്തോടെയുള്ള ഓട്ടം കുളത്തിന്റെ കരയില്‍ നില്ക്കുന്ന മഞ്ചാടിമരച്ചോട്ടില്‍ തീരും. ഒരൊറ്റ ചില്ലപോലും കരയിലേക്കില്ല. കുളത്തിലേക്ക് കുമ്പിട്ടാണ് നില്‍പ്പ്. ആവുന്നത്ര ശക്തിയെടുത്തു മഞ്ചാടി പിടിച്ചു കുലുക്കും. ഉണങ്ങിവീഴാറായതൊക്കെ കുളത്തിലേക്ക്..
നീന്താന്‍ വലിയ കേമിയല്ല ഞാന്‍. കുളത്തിന് ആഴവും ഇല്ല… പേരമ്മ വരുന്നതിനു മുന്നേ കൈയില്‍കിട്ടുന്ന കമ്പൊക്കെയിട്ട് പായല്‍ വലിച്ചുനീക്കി കുറേ മഞ്ചാടിമണികള്‍ സ്വന്തമാക്കും. അപ്പുമ്മാവനോട് പറഞ്ഞാല്‍ ആ മരത്തിലുള്ളത് മുഴുവന്‍ പറിച്ചു തരും. പക്ഷേ എനിക്കിങ്ങനെ എണ്ണിപ്പെറുക്കി അവധികഴിഞ്ഞു വീട്ടില്‍ പോവുമ്പോള്‍ മേശപ്പുറത്ത് കുപ്പിയില്‍ ഇട്ടുവയ്ക്കണം. എന്റെ ചിന്തകള്‍ അവിടം വരെയുള്ളൂ. ഇങ്ങനെ കൂട്ടിവയ്ക്കുന്ന മഞ്ചാടിമണികള്‍ ഇഷ്ടമുള്ള ദൈവത്തിനു കൊടുത്തു പ്രാര്‍ഥിച്ചാല്‍ അത് നടക്കുമെന്നാണ്.
കുറച്ചുനേരമായി ഞാനൊരു നീളന്‍ മരചില്ലയുമായി പായല്‍ വലിച്ചടുപ്പിക്കുന്നു. കുഞ്ഞുകൈക്കുതാങ്ങാവുന്നതിലും കൂടുതല്‍ ഭാരമുണ്ട്. ഒരുനിമിഷം എന്റെ കൈയില്‍ നിന്നും അത് വെള്ളത്തില്‍ വീണ് താണുപോയി.
”മോളേ മതി മതി.. ഇനി കയറിപ്പോരെ.. സന്ധ്യയായി”. പേരമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
”വരുന്നൂ”. എന്റെ കണ്ണുകള്‍ പായലിന് മുകളില്‍ കിടക്കുന്ന ഒരു വലിയ തണ്ടുനിറയെയുള്ള മഞ്ചാടിയിലാണ്.
”ഞാനെടുത്ത് തരട്ടേ”.
ഞെട്ടി.
തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ചെക്കന് . എന്റെ പ്രായം കാണും.
”അപ്പുറത്തുള്ളതാ.. നിക്ക് നീന്താനറിയാം”.
”ആ പായല്‍ അടുപ്പിച്ചാ മതീ” . തെല്ല് ഗൌരവത്തോടെ ഞാന്‍ പറഞ്ഞു.
അവന് അങ്ങ് മുകളില്‍ നിന്നൊരു ചാട്ടം!!
മുഖം പൊത്തിപ്പോയി ഞാന്‍. … നോക്കിയപ്പോള്‍.. ആ കൊച്ചുകുളം നന്നായി ഇളകി മറിഞ്ഞിരിക്കുന്നു. പായല്‍ എന്റെയടുത്തേക്ക് ഒഴുകിവരുന്നുണ്ട്. സൂക്ഷിച്ച് അതിനുമുകളില്‍ കിടന്നതെല്ലാം ഞാന്‍ തോര്‍ത്തില്‍ പൊതിഞ്ഞെടുത്തു. കുറെയൊക്കെ വെള്ളത്തിലും പോയി.
ചെക്കനെ കാണാനില്ല. ചുറ്റിനും നോക്കി. മുങ്ങിത്താണതും ഞാന്‍ കണ്ടതാണ്. പക്ഷെ തിരിച്ചു കയറുന്നത് കണ്ടില്ല. പന്ത്രണ്ടു വയസ്സിന്റെ ബുദ്ധിയില്‍ പെട്ടെന്ന് വന്നത് അപ്പുമ്മാവനെ വിളിക്കാനാണ്. പേടിച്ചുവിറച്ച് ഞാന്‍ വീട്ടിലേക്കോടി.
”അപ്പുമ്മാവാ.. വാ.. ഒരു കുട്ടി കുളത്തില്‍ വീണു.. ” കൈപിടിച്ച് വലിച്ചോണ്ട് വന്നപ്പോള്‍ കുളത്തില്‍ പായലോക്കെ വീണ്ടും ഒട്ടിയടുത്തു നിശ്ചലമായികിടന്നു.
എന്റെ പേടിച്ചുവിറച്ച രൂപം കണ്ടിട്ടാവണം അപ്പുമ്മാവന്‍ കുളത്തിലിറങ്ങി മുങ്ങിത്തപ്പി.
ചെക്കനില്ല അവിടെങ്ങും.. എന്റെ പേടി കൂടി. ഇനി അതെങ്ങാനും മുങ്ങിമരിച്ചുപോയോ.. എനിക്ക് നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല. ഇരുട്ടിത്തുടങ്ങി എന്നുംപറഞ്ഞ് അപ്പുമാവന്‍ എന്നെയുംകൊണ്ട് വീട്ടിലേക്കു പോന്നു.
അത്താഴം കഴിക്കാതെ ഞാന്‍ മുറിയിലിരുന്നു. അപ്പുമ്മാവന്‍ എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസമില്ല. എവിടെയോ ഒരു ഭയം. ആ കുളത്തിന്റെ ഇരുട്ടില്‍…ഏതോ ഒരു കോണില്‍.. ഒരു മെലിഞ്ഞ രൂപം. പായല്‍ വന്നു ചുറ്റി.. വളരെപ്പെട്ടന്ന് എന്റെ കൊച്ചുമനസ്സു കൊലപാതകം കണ്ടു.. അത് ശരിവച്ചു കീഴടങ്ങി. ഉറങ്ങാതെ ഭയന്നും വിഷമിച്ചും ഞാനിരുന്നു.
പനിവന്നു ഞാന്‍ കിടപ്പിലായി. അവധി തീരുന്നതിന് ഒരു ദിവസം മുന്‍പ്, കിട്ടിയ മഞ്ചാടിക്കുരുവെല്ലാം ഒരു വലിയ കുപ്പിയിലാക്കി എന്റെ ബാഗില്‍ വച്ചു. അച്ഛനൊപ്പം പോകാനിറങ്ങി. വീടിന്റെ ഗേറ്റിനു മുന്പില് ബസ് നിര്‍ത്തും. അങ്ങ് ദൂരെ പറമ്പിന്റെ ഒരു ഭാഗത്ത് കുളം. ഞാന്‍ നോക്കിയില്ല.
”ബസിപ്പോ വരും.. മോള്‍ക്കെന്താ ഒരു സങ്കടം?” അച്ഛന് തിരക്കി.
ഞാന്‍ നിന്നു വിയര്‍ത്തു.
എനിക്കെന്താ ചെയ്യേണ്ടത് എന്നറിയില്ല. ഇപ്പൊ വരാമെന്നും പറഞ്ഞു ബാഗുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചോടി. പൂജാമുറിയില്‍ കയറി ബാഗ് തുറന്നു. ഇത്രനാളും കൂട്ടിവെച്ച മഞ്ചാടിമണികള്‍ ഭഗവാന്റെ മുന്നില്‍ വെച്ച് തൊഴുതു.
”അതിനു ജീവന് കൊടുത്താ മതി”
പിന്നെയുള്ള ഓരോ രാത്രികളും എനിക്ക് ഭയം തന്നുകൊണ്ടേയിരുന്നു. സ്കൂളില്‍ പോവുമ്പോള്‍ മറക്കുമെങ്കിലും ഇടയ്ക്കിടെ കുളത്തില്‍നിന്നും ആ കുട്ടിയിലേക്ക് ഞാന്‍ പതറിവീഴും. ഞെട്ടി എഴുന്നേല്ക്കുമ്പോള് അമ്മ തലയില്‍ തലോടി ഉറക്കാന്‍ ശ്രമിക്കും. ആരോടും പറയാതെ മഞ്ചാടി മണികളില്‍ ഞാനെന്റെ കുറ്റബോധം പൂഴ്ത്തിവച്ചു.
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പട്ടാപ്പകല്‍ രണ്ടുമണിക്ക് ഓടുന്ന ആ ട്രെയിനിലിരുന്ന് ഞാനാ ചെക്കനെ വീണ്ടും കണ്ടു. പായലില്‍ കുരുങ്ങിയ ദേഹം നിറയെ മഞ്ചാടിമണികള്‍! കുളത്തിലെ ഇരുട്ടില്‍ നിന്നും ഞാന്‍ ആയാസപ്പെട്ട് പുറത്തേക്കുവന്നു. കണ്ണുതുറന്നത് മഞ്ഞവെളിച്ചത്തിലേക്ക്.
മുന്നില്‍ പ്രകൃതിയെ കാണ്മാനില്ല. കുഞ്ഞുമില്ല.
അലസമായി പുറത്തേക്ക് നോക്കുന്നവഴി സീറ്റിനരികില്‍ അവളുടെ പേഴ്സു കണ്ടു. ഭയം ചിലപ്പോള്‍ ഭാഗ്യമാണ്. ഞാന്‍ എഴുന്നേറ്റ് കമ്പാര്‍ട്ട്മെന്റിന്റെ പുറത്തു വന്നു. മരണം നെയ്തുകൂട്ടി ശീലമുള്ളത്കൊണ്ട് ഞാന്‍ പതറിയില്ല.
പ്രകൃതി സംഹാരത്തിനൊരുങ്ങുന്നു. കൈയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ്. കണ്ണുനീരും തലോടലുമായി അവള് വാതിലിനോടു ചേര്‍ന്ന് കാത്തുനിന്നു.. കായലടുക്കാനായി. നന്നായി വീശിയടിച്ചാല്‍, ഒരു കാറ്റ് മതി.
പ്രകൃതിക്ക് കൊടുത്തില്ല അവരെ. പായലും വെള്ളവും കടന്നുപോയി.
ഒരു സ്വപ്നവും രണ്ടു ജീവനും ഇങ്ങനെയാണ് കണ്ടുമുട്ടിയത്. അവളിപ്പോള്‍ സുഹൃത്താണ്. അവളുടെ മകന് എന്റെ ജീവനും. പിന്നേ.. അച്ഛന്റെ വീട്ടിലെ പൂജാമുറിയില്‍ ഒരു കുപ്പി നിറയെ പ്രാര്‍ത്ഥനകളുണ്ട്.. ഇന്നും.