Posted in Notes, people, places

വിക്ടര്‍ ജോര്‍ജ്

വിക്ടര്‍ ജോര്‍ജ്

ഈ പേരുകേട്ടതെന്നാണെന്ന് ഓര്‍മയില്ല. മനോരമയുടെ താളുകളില്‍ അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളില്‍ കണ്ണുകളുടക്കിയിരുന്ന ഒരു കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു പേരാവാം. ചിലര്‍ വളരെ പെട്ടെന്ന് വളരെ ഭംഗിയായി വല്ലാത്ത തീവ്രതയില്‍ കുറെ കാര്യങ്ങള്‍ ചെയ്തുകടന്നുപോകുന്നു. വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോജേര്‍ണലിസ്റ്റ്‌ എനിക്കതുപോലെയാണ്.

മഴയുടെ സൗന്ദര്യം പൂര്‍ണ്ണമായി പകര്‍ത്താന്‍ ഒരുപക്ഷെ വിക്ടറിനുകൂടി കഴിഞ്ഞിട്ടുണ്ടാവില്ല. ഒരോ മഴയുടെ പിന്നാലെയും അല്ലെങ്കില്‍ മഴയോടോപ്പവും ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന്‍ ഒടുവിലതേ മഴയോട് അലിഞ്ഞുചേര്‍ന്നപ്പോഴാവും ഒരുപക്ഷെ പൂര്‍ണ്ണനായിട്ടുണ്ടാവുക.

2001- ജൂലൈ
പത്താംക്ലാസ്സു കഴിഞ്ഞ്.. പുതിയ സ്കൂളിലേക്ക് മാറി പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന സമയം.
പ്രണയത്തിനു മുന്‍പുള്ള ഒരുതരം സൗഹൃദമില്ലേ.. ഒരുപാടൊന്നും അറിയാത്ത ഒരാളോടുള്ള ഇഷ്ടം. ഞാനും മഴയും തമ്മില്‍ അങ്ങനെയോരിഷ്ടംകൂടി ഉണ്ടായിരുന്നില്ല. ഒരു താല്പര്യവുംതോന്നാത്ത പുത്തന്‍ യൂണിഫോം നനച്ചപ്പഴോ.. ഈര്‍പ്പം മാറാത്ത,വിറയല്‍ മാറാത്ത ശരീരത്തില്‍ ഇടയ്ക്കിടെ കുളിരുകൊരിയിട്ടപ്പോഴോ..ക്ലാസ്സ്‌ റൂം ജനാലയ്ക്കരികില്‍ ഇരിക്കവേ റബ്ബര്‍മരങ്ങള്‍ കാറ്റിലുലഞ്ഞ് മഴത്തുള്ളികള്‍ തെറിപ്പിച്ചപ്പോഴോ ഞാന്‍ മഴയെ അറിഞ്ഞില്ല, മഴയുടെ സൗന്ദര്യമോ സ്നേഹമോ പരിഭവമോ കണ്ടില്ല.

ജൂലൈ ഒന്‍പതാം തീയതി, വിക്ടറിനെ ഒപ്പം കൂട്ടി മഴ പോയപ്പോള്‍ ആദ്യം തോന്നിയത് ഒരു പതിനഞ്ചുവയസ്സുകാരിയുടെ മണ്ടത്തരമാണ്. മഴയുടെ പടമെടുക്കാനാണോ ഉരുള്‍പൊട്ടാനിടയുള്ള സ്ഥലത്തേക്ക് അയാള്‍ പോയത്!!? എന്തിന്!!?

വിക്ടറിനുശേഷം ഒരോ മണ്‍സൂണ്‍ വന്നുപോകുമ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം എഴുതിയും മായ്ചും വീണ്ടുമെഴുതിയും തൃപ്തിവരാതെയിരുന്നു.

മറുപടി തരാന്‍ വിക്ടറില്ല.
പക്ഷെ മഴയുണ്ട്.
മഴയോടൊപ്പം എവിടെയോ വിക്ടറുമുണ്ട്.

ഈ മണ്‍സൂണിലെ ആദ്യമഴ ഒരു കഥ പറഞ്ഞു..

ഒരു പെണ്‍കുട്ടി. ഏറെ ആളുകള്‍ ആരാധിക്കുന്ന, സ്നേഹിക്കുന്ന സുന്ദരിയായ ഒരോ പെണ്‍കുട്ടി. കോളേജ് വരാന്തകളിലും,നടപ്പാതകളിലും,പാടവരമ്പത്തും,കടല്‍പുറത്തും,അമ്പലമുറ്റത്തും.. അങ്ങനെ എവിടെയൊക്കെ അവള്‍ പോകുന്നുവോ എല്ലാവരും അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്നു. പക്ഷെ അവളാരേയും ശ്രദ്ധിച്ചില്ല. അഹംഭാവമോ അറിവില്ലായ്മയോകൊണ്ടല്ല. തിരിച്ചു ശ്രദ്ധിക്കാനും ചിരിക്കാനും സംസാരിക്കാനും തോന്നിയ ഒരാളെ അവള്‍ കണ്ടില്ല..അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞില്ല.

ഒരിക്കല്‍ എവിടെയോവച്ച് ഒരാലവളെത്തന്നെ നോക്കിനില്‍ക്കുന്നതുകണ്ടു. അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരിക്കലും മായാത്ത നിഷ്കളങ്കതയും വിരലുകള്‍ക്കിടയില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന ഒരു മാന്ത്രികദണ്ഡും ആരെയും നിസ്സഹായനാക്കുന്ന നേര്‍ത്ത ഒരു ചിരിയുമുണ്ടായിരുന്നു. പിന്നീട്പലയിടങ്ങളില്‍വച്ച് പലതവണ അവര്‍ പരസ്പരം കണ്ടു.
വര്‍ഷങ്ങള്‍ കടന്നുപോയി..
ഇതിനിടെ അവര്‍ സംസാരിച്ചു.. സുഹൃത്തുക്കളായി..
അവളുടെ എല്ലാ ഭാവചലനങ്ങളും അറിയുന്ന ഏറ്റവുമടുത്ത സുഹൃത്ത്‌.

ഇടയ്ക്കിടെയുള്ള മാത്രമുള്ള കണ്ടുമുട്ടലുകള്‍ക്കും കാത്തിരിപ്പിനുമൊക്കെ വിരാമമിട്ടുകൊണ്ട്.. ഒരു ദിവസം തന്നോടൊപ്പം പോരാന്‍ അയാളോടവള്‍ പറഞ്ഞു.സ്വന്തം ലോകത്തേക്ക്.. ഏറ്റവും മനോഹരമായ സൗഹൃദത്തിന്‍റെ.. ഒരുപക്ഷെ പ്രണയത്തിന്‍റെ ലോകത്തേക്ക്.

വീടിനുപിന്നിലെ കുളത്തിന്‍റെ പടവുകളില്‍..പതിഞ്ഞതാളത്തില്‍ കഥപറഞ്ഞുനിര്‍ത്തിയപ്പോള്‍ മഴയോടൊപ്പം ഞാനും കണ്ടു, അതേ ചിരിയോടെ അങ്ങുദൂരെ നടന്നകലുന്ന ഒരാളെ. . വിക്ടറിനെ.

പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്.. മഴയോടലിഞ്ഞു ചേര്‍ന്ന, മഴയുടെ സ്വന്തം കൂട്ടുകാരന്.  

Author:

Actor:Author:Blogger:TelevisionHost:Woman. ❤

21 thoughts on “വിക്ടര്‍ ജോര്‍ജ്

  1. Beautiful post Kavi… Avide veezhunna oro mazhathulliyudeyum kuliru ivide nangalkum anubavapettu. Avide peythu thorunna oro mazhayum ivideyum peythirangattea, hridhyathe sparshikunna manoharamaya varikalayi….

  2. “ഇടയ്ക്കിടെയുള്ള മാത്രമുള്ള കണ്ടുമുട്ടലുകള്‍ക്കും കാത്തിരിപ്പിനുമൊക്കെ വിരാമമിട്ടുകൊണ്ട്.. ഒരു ദിവസം തന്നോടൊപ്പം പോരാന്‍ അയാളോടവള്‍ പറഞ്ഞു.സ്വന്തം ലോകത്തേക്ക്.. ഏറ്റവും മനോഹരമായ സൗഹൃദത്തിന്‍റെ.. ഒരുപക്ഷെ പ്രണയത്തിന്‍റെ ലോകത്തേക്ക്”

    മനോഹരമായിരിക്കുന്നു ചേച്ചി!

  3. മഴയ്ക്കും ഇന്ന് അവധി ദിവസമാണെന്ന് തോന്നുന്നു..
    ആഴ്ചയില്‍ വരുന്ന വിരുന്നുകാരനായി വിലസുന്നു വെയില്‍..
    പഴുത്തുവീണ ഇലകളും മാമ്പൂവും നിറഞ്ഞ മുറ്റം വെയില്‍
    വന്നതോട് കൂടി ഉണങ്ങി കരിയിലകളുടെ കൂട്ടത്തില്‍ കൂടിയിരിക്കുന്നു
    കാഴ്ച വെയ്ക്കാന്‍ പൂക്കളെ താലത്തിലെന്തി പൂമരങ്ങള്‍
    തല നിവര്‍ത്തി പിടിച്ചു നില്‍ക്കുന്നു..
    കളംകളം ഒഴുകുന്ന നദിയുടെ തീരത്തിരുന്നു ഒളിഞ്ഞു നോക്കുന്ന
    കുഞ്ഞു മീനുകളെ പിടിക്കാന്‍ ഒരു കൌതുകം,.
    വെയിലാറുമെന്നു കരുതി ഉടയാടകള്‍ അലക്കി വെളുപ്പികുന്ന
    തിരക്കില്ലാണ് കുളക്കടവിലെ പെണ്ണുങ്ങള്‍…
    വെയിലുംമഴയും ഒന്നിച്ചു വന്നാല്‍ ഒരു പിടി സന്തോഷം നല്‍കുന്നു
    വെയിലത്തും മഴയത്തും കുടചൂടാതെ നില്‍ക്കാം…
    ഓടി വരമ്പത്ത് കൂടെ കൂട്ടരോടത് കളിയരങ്ങില്‍ അരങ്ങു തകര്‍ക്കാം…….

  4. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന, അതിലേറെ മഴയെ സ്നേഹിക്കുന്നവര്‍ക്ക് വിക്റ്റര്‍ ജോര്‍ജിനെ മറക്കാനാവില്ല. മഴയുടെ സംഗീതത്തെ, പുതുമഴ വീഴുമ്പോള്‍ ഉയരുന്ന മണ്ണിന്‍ ഗന്ധത്തെ തന്റെ ഫ്രേമില്‍ ആവാഹിച്ച പ്രതിഭാധനന്‍. വെന്നയണി മലയിലെ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത് നാം ഇന്നും എന്നെന്നും കണ്ടു കണ്കുളിര്‍ക്കെണ്ടിയിരുന്ന ആയിരമായിരം മഴച്ചിത്രങ്ങള്‍ ആയിരുന്നു.. അവിടെ കവിത പറഞ്ഞത് പ്രസക്തം ആണ്. “ചിലര്‍ വളരെ പെട്ടെന്ന് വളരെ ഭംഗിയായി വല്ലാത്ത തീവ്രതയില്‍ കുറെ കാര്യങ്ങള്‍ ചെയ്തുകടന്നുപോകുന്നു.”

    ഇന്നും ഓരോ വരവിനും അവള്‍ അവനെ തേടുന്നുണ്ടാവും… തന്റെ പ്രിയ കൂട്ടുകാരനെ…

    അനുസ്മരണം നന്നായി.. എഴുത്തും…

    ഭാവുകങ്ങള്‍ 🙂

    (സമയം കിട്ടുമെങ്കില്‍ എന്റെ ഒരു ‘മഴയെഴുത്ത് ‘ വായിക്കുമല്ലോ … 🙂 അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു http://salmavelikara.blogspot.com/2010/06/rain.html )

  5. ഇടവപ്പാതിയിലെ മഴ നനഞ്ഞു ഇടവഴിയിലൂടെ തനിയെ നടക്കുമ്പോള്‍, മഴവെള്ളം ഒഴുക്കിക്കളയുന്ന മിഴിനീരിന് സാക്ഷികളില്ല………..
    താളം കെട്ടി നില്‍ക്കുന്ന വെള്ളം ശക്തിയോടെ തട്ടിത്തെറിപ്പിക്കുമ്പോള്‍….. ബാല്യകാല കുസൃതികള്‍ ഓര്‍മകളില്‍ ഉണരുന്നു…! എല്ലാ വിദ്വേഷങ്ങളും കഴുകിക്കളഞ്ഞു, ഈ ഇടവപ്പാതിക്ക് നിറഞ്ഞൊഴുകുന്ന പുഴയില്‍ മുങ്ങി നിവരാന്‍ ആഗ്രഹം ഉണ്ട്, പക്ഷെ സാഹചര്യം അനുവതികുന്നില.
    മഴ പെയ്യുമ്പോള്‍, മഴ നനഞ്ഞൊരു യാത്ര മോഹിപ്പിക്കുന്ന സ്വപ്നമാണ്. മഴയ്ക്ക് വിവിധ വികാരങ്ങള്‍ നല്‍കാന്‍ കഴിയും…ആഹ്ലാദത്തിന്റെ…വിരഹത്തിന്റെ….ഉന്മേഷത്തിന്റെ…..ഉണര്‍വിന്റെ….അലസതയുടെ….പ്രണയത്തിന്റെ…! മഴത്തുള്ളികിലുക്കം കേള്‍ക്കുമ്പോള്‍,പ്രണയഭാവങ്ങള്‍ ഉണരും…! മഴയെ സ്നേഹിക്കാത്തവര്‍ ആരെങ്കിലുമുണ്ടോ?. ഓര്‍മ്മകള്‍ ഉണരുമ്പോള്‍ ചിലപ്പോള്‍ വിസ്മയിക്കാറുണ്ട്….ചില ബന്ധങ്ങള്‍ പെട്ടെന്ന്,ഓര്‍ക്കാപ്പുറത്ത് അപ്രത്യക്ഷമാകുന്നു. മഴ മുറ്റത്തു താളം നല്‍കുമ്പോള്‍, പ്രിയരേ, ഓര്‍ക്കണം, വിക്ടര്‍ ജോര്‍ജ് നെ …!

  6. marubhoomiyude choodilum nattil mazhakkalam thudangumbol oru sukhamanu….oru santhoshamanu….aa samayangalil manassilevideyo njan victorine orkkarundu…chechi paranjathhu sathyamanu…MAZHAYODALINJA MAZHAYUDE SWANTHAM KOOTTUKARAN…THANKS CHECHEEE

  7. ഒരു നല്ല പ്രകൃതി സ്നേഹിയെ , ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ആ മഹാനായ കലാകാരനെ ഓർമ്മിക്കാൻ ഞങ്ങളെ സഹായിച്ച ചേച്ചിക്ക് ഒരായിരം നന്ദി ………ദൈവത്തിങ്കൽ അത്രയും പ്രിയപ്പെട്ടവരേ ആ കരുണാമയൻ നേരത്തെ അങ്ങ് വിളിക്കും …. തന്റെ തൊട്ടടുത്ത്‌ ഇരുത്താൻ ….. അദ്ധേഹത്തിന്റെ ഓര്മയ്ക്ക് മുന്നില് ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നു…….

Leave a reply to Subhash Cancel reply